പെണ്ണുടൽ വെന്ത ചിത – ബിന്ദു നന്ദന
കഥ
ഉച്ചയൂണും കഴിഞ്ഞ് പതിവുള്ള ഉറക്കത്തിനാണ് നീലിമ അറയ്ക്കുള്ളിലേക്ക് കടന്നത്. ഉറക്കം അപ്പോഴും അറയ്ക്ക് ഉള്ളിലേക്ക് കടക്കാൻ മടിച്ച് പതിവില്ലാത്ത ദുശാഠ്യത്തിലും. പുരുഷപ്രജകൾ ആദ്യവും സ്ത്രീ പ്രജകൾ പിന്നീടുമായി രാവിലെ മുതൽ ചവച്ചു തുപ്പിയ ന്യൂസ് പേപ്പറിന്റെ ക്രമംതെറ്റിയ താളുകൾ വാരിവലിച്ച് അറയിലേക്ക് കൊണ്ടുവന്നതിലേയ്ക്ക് നീലിമ വീണ്ടും അലസമായി നിരങ്ങി നീങ്ങി.
” നുണകൾ ക്രമമായി അടുക്കി വച്ച് വായിച്ചാൽ സത്യമായി മാറില്ലല്ലോ ” നീലിമ പിറുപിറുത്തു.
എത്ര ക്രമമായി അടുക്കാൻ ശ്രമിച്ചാലും അവയിൽ ചില നുണകൾ നീലിമയ്ക്ക് മുമ്പിൽ പിടിക്കപ്പെട്ട അപരാധികളെപ്പോലെ തല താഴ്ത്തി നില്ക്കും. ഓരോ പത്രക്കുറിപ്പിനു പിന്നിലും വിദഗ്ധനായ ഒരു നുണയൻ ശില്പി ഒളിഞ്ഞിരിപ്പുണ്ട്.
“ഭർത്തൃ മരണമറിഞ്ഞ നിമിഷം ഭാര്യയും കുഴഞ്ഞുവീണുമരിച്ചു.” മരണത്തെ തോല്പിച്ച ദമ്പതികളുടെ അതിശയോക്തി വിവരണങ്ങളിലേക്ക് പോകാനവൾക്ക് തീരെ ആഗ്രഹുണ്ടായിരുന്നില്ല.
ഇത്തരം വാർത്തകൾ നീലിമ ഇതിനു മുൻപും വായിച്ചിട്ടുണ്ട്. പക്ഷേ,, അന്നവൾ ഭർത്തൃമതിയോ ഭർത്തൃ പരിത്യക്തയോ അല്ലായിരുന്നു. അതിനാൽ അത്തരം വാർത്തകൾ അവളുടെ മിഴിനോട്ടങ്ങളെ കീറിമുറിച്ചിരുന്നുമില്ല.എന്നാൽ, ഇന്ന് അവൾക്കതിനുള്ള യോഗ്യതയുണ്ട്. തലച്ചോറിനെ മയക്കാതിരിക്കുമ്പോൾ അവൾ അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷേ, മരണത്തിൽ ഐക്യം പ്രഖ്യാപിച്ച ദമ്പതിമാരിലൊരാളിൽനിന്നു നുണയുടെ പുളിച്ച ഗന്ധം അവളുടെ മൂക്കിനെ വന്നു തൊട്ടു.
അവൾക്കാകപ്പാടെ ഒരു കലിപ്പ് തോന്നി. ദുസ്സഹഗന്ധം സഹിച്ച് ഉറങ്ങാനാവില്ല. പുറത്തിറങ്ങി രണ്ടുചാൽ നടക്കാമെന്ന് വച്ചാൽ “കറുത്തവാവടുത്തതുകൊണ്ട് ലേശം കൂടു”മെന്ന് ഇവിടുള്ളവർ അടക്കം പറയും. ഉറക്കത്തെ തന്റടുത്തേക്ക് പറഞ്ഞയക്കാൻ തടസ്സമായി നില്ക്കുന്ന ദമ്പതികളോട് അവൾക്ക് വല്ലാത്ത ഈർഷ്യ തോന്നി.
താനുറങ്ങിയിട്ടു വേണം അബോധത്തിന്റെ ചെതുമ്പലരിച്ച ഭിത്തികളിൽ മുരണ്ട്തുളയ്ക്കുന്ന കിറുക്കൻ കടന്നൽക്കൂട്ടങ്ങളെ തുറന്നുവിടാൻ.അവ അടക്കി നിർത്താനാകാത്തവിധം തിക്കും തിരക്കും തുടങ്ങിയിരിക്കുന്നു. ഒരു ഗുളികകൂടി വിഴുങ്ങിയവൾ നിദ്രയെ ബലമായി ആലിംഗനം ചെയ്ത് പകൽ കിനാക്കളെ, അല്ല ഉച്ചകിറുക്കിനെ മോചിപ്പിച്ചു. അവ ഉത്സാസാഹിച്ചോടിപ്പോയി.
അലാവുദ്ദീന്റെ അത്ഭുതവിളക്കു പോലെയാണവർ. തനിക്ക് വേണ്ടത് അറിഞ്ഞ് തിരഞ്ഞ് മുൻപിലെത്തിക്കും. ഇന്നവർ രണ്ട് ആത്മാക്കളെ കൈയോടെ പിടികൂടിക്കൊണ്ടു വന്നിരിക്കുന്നു. അവൾക്ക് ആശ്ചര്യം തോന്നി. കുറ്റവാളിയെപ്പോലെ തല താഴ്ത്തി പത്രത്താളുകളിൽ ഇപ്പോൾ പരിചയപ്പെട്ട അതേ പെണ്ണാത്മാവ്. പത്രത്താളുകളിലെ അക്ഷരക്കള്ളികളിൽ മുഖമൊളിപ്പിച്ച ആ ആത്മാക്കൾ തന്നെ. നഗ്നത പുതച്ചു നില്ക്കുകയാണ്.
“നാണമില്ലാത്തവർഗം.” നീലിമ അവജ്ഞയോടെ മുഖം തിരിച്ചു.
“അവനവനോട് നീതിപുലർത്തി ജീവിക്കാനവസരം കിട്ടിയിട്ടും ഭർത്തൃമരണത്തിനു കൂട്ടുപോയ പമ്പരവിഡ്ഢി.”നീലിമ ചുണ്ടോളം തുള്ളിയുറഞ്ഞു വന്ന അമർഷത്തെ പെണ്ണാത്മാവിനു നേർക്ക്ചവച്ചു തുപ്പി.
‘അല്ലെങ്കിലും എന്താണ് ഇവളെക്കുറിച്ച് കൂടുതൽ അറിയാൻ ഉള്ളത്. പെണ്ണുടൽ സ്വന്തമാക്കിയവൾ. എല്ലാ പെണ്ണുടലിന്റെയും ഉള്ളിലടക്കംചെയ്ത ചത്ത ആത്മാവിന്റെ നോവനുഭവങ്ങളിൽ എന്തു വ്യത്യാസമുണ്ടാകാനാണ്. ആത്മാവിൽ ദാരിദ്ര്യം വിളയിക്കാത്ത ഏത് പെണ്ണുടലാണ് വിവാഹിതയായി ജീവിച്ചു മണ്ണടിഞ്ഞിട്ടുണ്ടാകുക?
എതിരെ ഉറപ്പിച്ചിരുന്ന നിലക്കണ്ണാടിയിൽ നീലിമ പെണ്ണാത്മാവിന്റെ ആകൃതി നഷ്ടപ്പെട്ട രൂപം അവ്യക്തമായി പതിഞ്ഞു കണ്ടു.അതിനു പിറകിലായി എണ്ണമറ്റ അവ്യക്ത നിഴൽ രൂപങ്ങൾ അനങ്ങുന്നത് നീലിമ കാണാതിരുന്നില്ല. ഈർഷ്യ മറച്ചുവയ്ക്കാതെ തന്നെ നീലിമ പെണ്ണാത്മാവിന് നേർക്ക് ഒരു ചോദ്യം വലിച്ചെറിഞ്ഞു.
“എന്തിനാണ് നീയിങ്ങനെ അപരാധിയെപ്പോലെ തലകുനിച്ചുപിടിച്ചിരിക്കുന്നത് ?”
ഒരു വാദപ്രതിവാദത്തിനുള്ള ഇടമവൾ സ്വയം പതിച്ചെടുത്തു. പരേതാത്മാക്കളുടെ ലോകത്തെ കോടതിയിൽ ഇവർക്കായി തീർച്ചയായും വിചാരണയുണ്ടാകുമെന്ന് നീലിമ ഉറപ്പിച്ചു. പുറത്ത് ചില ആത്മാക്കൾ തന്റെ പിറുപിറുക്കലുകൾക്ക് ചെവി വട്ടംപിടിച്ച് ചുറ്റി നടക്കുന്നത് അവളറിയുന്നുണ്ട്.
തലയുയർത്തി ധാർഷ്ട്യത്തോടെ നില്ക്കുന്ന പുരുഷാത്മാവ് അവളെ വീണ്ടും ചൊടിപ്പിച്ചു. പുരുഷാത്മഹത്യകൾ നിഗൂഢമായ ഒരാനന്ദം അവളിൽ ഉണ്ടാക്കാറുണ്ട്. ആത്മഹത്യാമുനമ്പിൽ ചെന്നു നില്ക്കുന്ന നിസ്സഹായ പുരുഷ ഗതികേടുകൾ വിജയിച്ച സ്ത്രീ സമര ചരിത്രങ്ങളുടെ അടയാളപ്പെടുത്തലുകളാണവൾക്ക്. സ്ത്രീ സഹനങ്ങൾക്കുമേൽ അവസാന ആണിക്കല്ല് തറയ്ക്കാൻ വെമ്പുന്ന പുരുഷമേധാവിത്വത്തിന്റെ ദശാംശങ്ങൾപോലും ഉൾക്കൊള്ളാത്ത നിർഗുണ പരബ്രഹ്മപുരുഷാകാരങ്ങളെ കുറിച്ച് ഓർത്തിട്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്നവൾ ചിന്തിച്ചു. പരേതാത്മാക്കൾക്കൊപ്പം പരലോകത്തേക്ക് എത്രയുംവേഗം എത്താനവൾ തിടുക്കം കൊണ്ടു.
ഇഹലോക പരലോക പ്രവേശങ്ങൾക്ക് ആവശ്യമെങ്കിൽ ആരുമറിയാതെ കടക്കാനും മടങ്ങി വരാനും ഒരു കിളിവാതിൽ വേണ്ടതാണ് എന്നവൾക്ക് പണ്ടേ തോന്നിയിട്ടുള്ളതാണ്. നീലിമയുടെ അറയിൽ അത്തരത്തിലൊന്ന് ഉണ്ട്.അത് മറ്റാരും കാണാതിരിക്കാനാണ് അറയിലേക്കവൾ അന്യർക്ക് പ്രവേശനം അനുവദിക്കാത്തത്. ആത്മാക്കളെയുംകൂട്ടി ശബ്ദമുണ്ടാക്കാതെ കിളിവാതിൽ തുറന്ന് ആശാരിപ്പറമ്പും ചുടലമാടൻ കാവും കടന്ന് പരലോകത്തേക്ക് കടക്കാൻ ഒരു കുറുക്കുവഴി നീലിമ പണ്ടേ കണ്ടു വച്ചിട്ടുള്ളതാണ്. പല വഴികൾ അറയിൽത്തന്നെ പതുങ്ങിയിരിക്കുന്നതവൾ കാണാതെയല്ല. മരിക്കാനവൾക്ക് തീരെ താത്പര്യമില്ല. ചില കാര്യങ്ങളിൽ തീർപ്പുണ്ടാകാതെ, ഉറപ്പുകിട്ടാതെ അത്തരമൊരു സാഹസം വിഡ്ഢിത്തമാണെന്ന് അവൾ കരുതി. മനയ്ക്കലെ മൂസ്സ് ചെയ്യാറുള്ളപോലെ ദേഹത്തിൽനിന്നു ദേഹിയെ മോചിപ്പിച്ച് ഒന്നു പരീക്ഷിക്കാനവൾ തീരുമാനിച്ചു. പണ്ടൊക്കെ പേരപ്പനിൽനിന്നു മൂസ്സിന്റെ മാന്ത്രിക കഥകൾ കേൾക്കാത്ത രാത്രികളിൽ അവൾക്ക് ഉറങ്ങാനേ കഴിയുമായിരുന്നില്ല. മൂസ്സിനെക്കൊണ്ട് സാധിക്കാത്തതൊന്നുമില്ലത്രേ. എന്നാലൊരിക്കൽ മൂസ്സ് അsപടലേ കണക്കുപിഴച്ചു വീണു. എവിടെയോ കൊടിയ ബാധയൊഴിപ്പിക്കാൻ പോയതാണത്രേ.മൂസ്സിന്റെ മാന്ത്രികപ്രയോഗങ്ങളിൽ അടിപതറിയ യക്ഷി ഒഴിഞ്ഞു പൊയ്ക്കൊള്ളാമെന്ന് സമ്മതിച്ചു. ഒപ്പുവയ്ക്കാത്ത ഒരു വ്യവസ്ഥ മൂസ്സിനും യക്ഷിക്കും ഇടയിലുണ്ടായിരുന്നു.
” ഒഴിഞ്ഞു പോയതിന് തെളിവുകാട്ടിപ്പോണം” മൂസ്സ് തറപ്പിച്ചു പറഞ്ഞു.
“മുറ്റത്തു നില്ക്കുന്ന ചമ്പകം മുറിച്ചിട്ട് അടയാളം തന്നു പൊയ്ക്കൊള്ളാം”
യക്ഷി മൂസ്സിനു മുൻപിൽ കുടിയൊഴിയൽ കരാർ ഒപ്പുവച്ചു.
അതുപ്രകാരം സംഭവിച്ചു. വിജയശ്രീലാളിതനായി ഇല്ലത്തെത്തിയ മൂസ്സിനെ കാത്ത് ഒരു ദുർമരണം കുളപ്പടി വാതില്ക്കൽ നില്പുണ്ടായിരുന്നു. ഇല്ലത്തെ കുളപ്പടവിൽ കൈയുയർത്തി മേൽപ്പടവിൽ പിടിച്ച നിലയിൽ ഒൻപത് മാസം പൂർത്തിയായ നിറവയറോടെ മൂസ്സിന്റെ പത്നി മരിച്ചു കിടക്കുന്നു. ചില ചോദ്യങ്ങൾ സംശയനിവൃത്തിയ്ക്കായി ചോദിക്കണമെന്നുണ്ടെങ്കിലും കഥയ്ക്കിടയിൽ സംശയനിവാരണം നടത്തുന്നത് കഥയുടെ രസച്ചരട് പൊട്ടിക്കുമെന്നറിയാവുന്നതിനാൽ നീലിമ മിണ്ടാറേയില്ല. മൂസ്സ് മനയ്ക്കലാർക്കും വേണ്ടത്ര സുരക്ഷബന്ധിക്കാത്തതിനാൽ യക്ഷി പണി കൊടുത്തതാണെന്ന് നാട്ടിൽ രഹസ്യസംസാരം ഉണ്ടായതോടെ മൂസ്സിന് തൊഴിലിലും സഹമാന്ത്രിക കർക്കിടയിലും ചില്ലറ ഇടിവ് സംഭവിച്ചുവത്രേ.
അതെന്തായാലും ദേഹിയിൽനിന്നു ആത്മാവിനെ മോചിപ്പിച്ച് സവാരിക്കയയ്ക്കാൻ നീലിമയ്ക്കറിയാം. പരീക്ഷിച്ചു നോക്കാനവസരം ഒത്തുവന്നതിലും ആദ്യപരീക്ഷണം വിജയിച്ചതിലും അവളതിയായി സന്തോഷിച്ചു.
നീലിമ ആത്മാവിനെ മാറിനിന്ന് സാകൂതം വീക്ഷിച്ചു. എല്ലാ ആത്മാക്കളും നഗ്നമാണെന്ന കണ്ടെത്തൽ അവൾക്ക് ആശ്വാസമായി.
“തന്റെ ദേഹം ചെറുതായി വിറയ്ക്കുന്നുണ്ടോ? തോന്നലാണോ? ആത്മാവ് വേർപ്പെട്ടാൽ ദേഹം പിന്നെ ചലിക്കില്ലെന്നാണല്ലോ പേരപ്പനിൽനിന്നു കേട്ടിരിക്കുന്നത്.”
കട്ടിലിന്റെ ക്രാസിൽ മടക്കിയിട്ടിരിക്കുന്ന പുതപ്പ് വലിച്ചെടുത്ത് ആത്മാവ് നീലിമയുടെ ശരീരത്തെ പുതപ്പിച്ചു.
“ഇനി അമാന്തം പാടില്ല.” പിറുപിറുത്തുകൊണ്ട് നീലിമയുടെ ആത്മാവ് പരലോക പ്രയാണത്തിന് തയാറെടുത്തു.
ഭൂമിയിലെ ചിതാവെളിച്ചത്തിൽ ആത്മാക്കളുടെ ലോകത്ത് ഒരു കോടതിമുറിയൊരുങ്ങുകയാണ്. ന്യായാധിപൻ പരലോകത്തെ ആത്മാക്കൾക്കായുള്ള കോടതിമുറിയിൽ ഹാജരാണ്. ന്യായാധിപന്റെ പുരുഷാകാരം സ്ത്രീ നീതിയുമായി സന്ധി ചെയ്യുമോയെന്ന് ഒരുനിമിഷം നീലിമ ആശങ്കപ്പെട്ടു. നീലിമ എല്ലാവരെയും വീക്ഷിക്കാൻ കഴിയുന്ന ഒരിടം തിരഞ്ഞ് കണ്ടെത്തി ഇരിപ്പുറപ്പിച്ചു. ആരോപണ പ്രത്യാരോപണങ്ങൾ തമ്മിൽ കൊമ്പുകോർക്കേണ്ടതുണ്ട്. സഹായത്തിന് നിയമം കരണ്ടുതിന്ന കറുത്ത കുപ്പായക്കാരില്ല. ആശ്വാസംതോന്നി നീലിമയ്ക്ക്.
ആത്മാക്കൾക്ക് ബുദ്ധിയുള്ള കള്ളങ്ങളെ ഓർമയിൽ തപ്പിത്തടയേണ്ടതില്ല. തെറ്റുതിരുത്തി സമരസപ്പെടാൻ ജീവിതം ബാക്കിയില്ലല്ലോ. “ദാമ്പത്യംതന്നെ ശിക്ഷയാണെന്നിരിക്കെ ശിക്ഷയ്ക്കുമേൽ ശിക്ഷ ആവശ്യമില്ല” നീലിമതന്നെത്തന്നെ ശാസിച്ച്ബോധ്യപ്പെടുത്തി. “ശിക്ഷിക്കാൻ തുടങ്ങിയാൽ പുരുഷാത്മാക്കളുടെ തടവറയാൽ പരലോകം ശവംനാറി പൂക്കൾ നിറഞ്ഞ് കാടുപിടിച്ച ആശാരിപ്പറമ്പുപോലായി മാറിയേനെ”. ചെറുതല്ലാത്ത ഒരു നിരാശ നീലിമയിൽ വിഷാദഛവി പടർത്തി.
“ഭർത്തൃമരണമറിഞ്ഞ നിമിഷം തന്നെ മരണപ്പെടാനായതിൽ നീ സന്തുഷ്ടയാണോ?” പെണ്ണാത്മാവിനോടായിരുന്നു ആദ്യ ചോദ്യം?
അവിടെയും ലേഡീസ് ഫസ്റ്റ് ആണെന്നറിഞ്ഞതിൽ നീലിമ ഉഷാറായി. കാറ്റിൽ നീതിയുടെ മണമുണ്ടോയെന്നവൾ ഒരുവേള മണത്തു നോക്കി. അറിയാനാകുന്നില്ല.
“സന്തോഷമാണ്.” പെണ്ണാത്മാവ് ദുർബലശബ്ദത്തിൽ പ്രതിവചിച്ചു. നേരത്തെ അനുഭവപ്പെട്ട നുണയുടെ ദുർഗന്ധത്തിന്റെ ഉറവിടം നീലിമ തിരിച്ചറിഞ്ഞിരിക്കുന്നു.
“എന്തുകൊണ്ടെന്ന് വ്യക്തമാക്കൂ” ? ലേഡീസ് സെക്കന്റും സംഭവിക്കുകയാണ്.
“ഭൂമിയിൽ എനിക്കു മറുപടി പറയാൻ അവസരമുണ്ടായിരുന്നില്ല.”
പെണ്ണാത്മാവ് വാക്യം പൂർത്തിയാക്കിയപ്പോൾ പുരുഷാത്മാവ് വിടർന്നകണ്ണുകൾകൊണ്ട് അവിശ്വസനീയമാംവിധം അവളെ ചുഴിഞ്ഞു നോക്കി. അവളിൽനിന്നു പൂർണവാക്യം കേൾക്കുന്നത് നടാടെയാണ്. ചതരഞ്ഞരഞ്ഞ മൂളലുകൾക്കും ഒറ്റപ്പെട്ട വാക്കുകൾക്കും മാത്രം അവകാശിയായിരുന്നവൾ .പ്രതിഷേധത്തിന്റെ ഒളിപ്പിച്ചുവച്ച താക്കോൽ കടത്തി ഒട്ടും ദയയില്ലാതെ കവാടം മലർക്കെ തുറന്ന് ഉറച്ച കാലടിയോടെ ഓടി നടക്കുന്നു. അവളുടെ പതിഞ്ഞ കാലൊച്ചകൾമാത്രം കേട്ടുശീലിച്ച അയാൾക്കത് വല്ലാതെ അരോചകമായി തോന്നി. അവൾ പതറാത്ത നോട്ടം അയാൾക്ക് നേരെ നേർരേഖയിൽ നിർത്തിയിരിക്കുന്നു. അയാൾക്കതിനെ നേരിടാൻ തെല്ലും താത്പര്യം തോന്നിയില്ല. അതുവരെയില്ലാത്ത ചില തിരിച്ചറിവുകൾ അയാളെ കൂട്ടമായി നേരിട്ടു. അയാളിൽനിന്ന് നോട്ടം പിൻവലിച്ചവൾ പൂർണവാക്യങ്ങളിൽ മുങ്ങാംകുഴിയിട്ടു.