കോശങ്ങളിൽ കവിതനിറച്ച റോബർട്ടോ ബൊലാനോ – മധുസൂദൻ വി.

കോശങ്ങളിൽ കവിതനിറച്ച റോബർട്ടോ ബൊലാനോ  – മധുസൂദൻ വി.

വിശ്വവിഖ്യാതനായ കവി, നോബൽ ജേതാവ് പാബ്ലോനെരൂദ മലയാളിക്കു സുപരിചിതനാണ്. വിവർത്തനങ്ങളായി നെരൂദ മലയാളത്തിൽ നിറഞ്ഞുനില്ക്കുന്നുണ്ട്. കോശങ്ങളിൽ കവിതനിറച്ച, അകാലത്തിൽ പൊലിഞ്ഞ മറ്റൊരു ചിലിയൻ കവിയുണ്ട്, റോബർട്ടോ ബൊലാനോ. ഒരോ നൂറു അടിയിലും ലോകം മാറുന്നു എന്നു കുറിച്ചിട്ടു കടന്നുപോയ റോബർട്ടോ ബൊലാനോ. വാക്കുകളുടെ ധാര്‍മികബാധ്യത മാത്രമല്ല, നമുക്കു മൗനത്തിന്റെ ധാര്‍മികബാധ്യതകൂടിയുണ്ടെന്നു ലോകത്തെ ഓര്‍മിപ്പിച്ച കവി.


സത്യമായും ചിന്തിക്കുന്നതു വിളിച്ചുപറയുകയാണെങ്കിൽ ഒന്നുകിൽ ഞാൻ തടവറയിൽ അല്ലെങ്കിൽ മാനസികാരോഗ്യകേന്ദ്രത്തിലെത്തും, തന്റെ മാത്രമല്ല, എല്ലാവരുടെ കാര്യവും അങ്ങനെയാണെന്നു സത്യസന്ധമായി പറഞ്ഞ ബൊലാനോ 1970-കളിൽ മെക്‌സിക്കോ സിറ്റിയിൽ  ഇൻഫ്രാറിയലിസ്റ്റ് പോയറ്റിക് മൂവ്‌മെന്റ് എന്നൊരു  കാവ്യസരണിക്കു രൂപംകൊടുത്തതിൽ പ്രധാനിയായിരുന്നു.


ബൊലാനോയുടെ ആരാധകർ കൊണ്ടാടിയ കവിതയാണ് ‘എഡ്നാ ലൈബർമാന്റെ ആത്മാവ്’ എന്നു പറയാം. എഡ്നായുടെ മരണമില്ലാത്ത മിഴികളിലൂടെ കവി ഇരുളും വെളിച്ചവും ഭ്രാന്തും പ്രണയവും നാഗരികജീവിതവും കവിതയും സ്വപ്നങ്ങളും മൗനവും കൈയേറിയ ഗതകാലഓര്‍മകളെ തിരിച്ചുപിടിച്ചു വായനക്കാരനുമുന്നിൽ കെട്ടഴിച്ചുവിടുകയാണ്. ഒരുപക്ഷേ, തന്റെ പ്രണയിനിയെ കവി വരികളിലേയ്ക്ക് ആവാഹിക്കുകയാവാം ‘എഡ്നാ ലൈബർമാന്റെ ആത്മാവിൽ ‘.


ഇരുൾ മൂടിയ നിമിഷങ്ങളിലാവും,

അവർ നിങ്ങളെ തേടിയെത്തുക;

നഷ്ടപ്രണയങ്ങളിലെ നായികമാർ

ഭ്രാന്താലയത്തിലേയ്ക്കുള്ള മലിനമായ വഴികൾ

ഓര്‍മകളിൽ വീണ്ടും തെളിയുകയാണ്,

എഡ്നായുടെ കണ്ണുകൾ പോലെ,

നഗരത്തിന്റെ ഉച്ചിയിലേയ്ക്ക്

ഉദിച്ചുയർന്നു ജ്വലിക്കാർ കഴിയുന്ന

ഏക കണ്ണുകൾ അവളുടേതായിരുന്നല്ലോ.

നിനയ്ക്കായി ഒരിക്കൽക്കൂടി

എഡ്നായുടെ മിഴികൾ തെളിയുകയാണ്

ഒന്നുകിൽ അവളെ, അല്ലെങ്കിൽ

നിന്റെ നിഴലിനെ തിരഞ്ഞ്

ആ തീയെരിയുന്ന വളയത്തിനു പിന്നിലായി

രാത്രികളിൽ നീ ചുറ്റിയടിച്ചിരുന്ന

മലിനമായ പാതയിൽ.

നീ ശാന്തമായി ഉണരുക

എഡ്നായുടെ കണ്ണുകൾ അവിടെയുണ്ട്,

നിലാവിനും തീയെരിയുന്നയാ വളയത്തിനുമിടയിൽ.

ആ കണ്ണുകൾ വായിക്കുന്നുണ്ടാവണം

അവളുടെ മെക്സിക്കൻ ഇഷ്ട കവികളെ

ഗിൽബർട്ടോ ഓവൻ?

വായിച്ചിട്ടുണ്ടോ നിങ്ങളയാളെ?

ശബ്ദമില്ലാതെ മൊഴിയിയുന്നു ചുണ്ടുകൾ, ശ്വാസവും,

പ്രകാശഗോപുരത്തിൽനിന്നൊഴുകുന്ന

കിരണങ്ങൾപോലെ

നിന്റെ സിരകളിലൊഴുകുന്ന രക്തവും.

അവളുടെ കണ്ണുകൾ,

നിന്റെ മൗനത്തെ തുളച്ചുപോവുന്ന

ദീപസ്തംഭങ്ങൾ.

അവളുടെ കണ്ണുകൾ,

നല്ലൊരു ഭൂമിശാസ്ത്രഗ്രന്ഥംപോൽ

ദുസ്സ്വപ്നങ്ങളുടെ ഭൂപടങ്ങൾ.

പുസ്തകങ്ങൾ നിറഞ്ഞ അലമാരകളെ,

പുസ്തകങ്ങൾ നിറഞ്ഞ കസാരകളെ,

പുസ്തകങ്ങൾ കൂട്ടിയിട്ട തറയെ

പ്രകാശമാനമാക്കുകയാണ്

നിന്റെ രക്തം.

എഡ്നായുടെ കണ്ണുകൾ, പക്ഷേ

നിന്നിൽ ആഴ്ന്നുകിടക്കുകയാണ്.

വൈകിപ്പോയെങ്കിലും, നിനക്കറിയാം

ആവശ്യക്കാരേറെയുള്ള പുസ്തകമാണ്

എഡ്നായുടെ കണ്ണുകൾ.

സാരമില്ല..

സ്വപ്നത്തിൽ നീ മടങ്ങുക

അവളിലേയ്ക്ക്,

ആ കൈകൾ പുണരുക

മറ്റൊന്നിനും ചോദിക്കാതിരിക്കുക.