കേരളം-സാമ്പത്തിക പ്രതിസന്ധിയും പ്രതിവിധികളും – ഡോ.വിക്ടർ ജോർജ്

കേരളം-സാമ്പത്തിക പ്രതിസന്ധിയും പ്രതിവിധികളും  – ഡോ.വിക്ടർ ജോർജ്

 അടിസ്ഥാന സാമ്പത്തിക തത്ത്വമനുസരിച്ച് ചെലവിനേക്കാൾ വരുമാനം വർധിപ്പിക്കുകയോ വരുമാനത്തിനനുസരിച്ച് ചെലവ് നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിൽ അത് ധനപ്രതിസന്ധിയിലേക്ക് നയിക്കും.1956 നവംബർ ഒന്നാം തീയതിയിലെ കേരള സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം ഇന്നു കടന്നുപോകുന്നത്. ഔദ്യോഗികമായി, ഇത് അടിവരയിടുന്ന സത്യവാങ്മൂലമാണ് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ KTDFC/ KSRTC കേസുകളിൽ സമർപ്പിച്ചിട്ടുള്ളത്. ഈ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തു സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കു ലഭിച്ച നിവേദനത്തിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരിക്കുന്നതും സംസ്ഥാനത്തു നിലനില്ക്കുന്ന സാമ്പത്തിക ഗുരുതരാവസ്ഥ വെളിവാക്കുന്നതാണ്.


ഇന്ത്യയിൽത്തന്നെ 12-ഓളം സംസ്ഥാനങ്ങൾ റവന്യൂ മിച്ച സംസ്ഥാനങ്ങളായി, സാമ്പത്തിക അടിസ്ഥാന ഭദ്രമാക്കി, മുന്നോട്ടുപോകുമ്പോൾ കേരളത്തിന്റെ 2021-2022ലെ കമ്മി 31915 കോടിയാണ്. ആ കാലയളവിൽ മൊത്തം ചെലവഴിച്ച ഒരു ലക്ഷത്തി അറുപത്തിനാലായിരത്തി മുന്നൂറ്റി ഇരുപത്തിനാല് കോടി രൂപയിൽ 46395 കോടി വായ്പയെടുത്തു ചെലവഴിച്ചതാണ്.ഏകദേശം 28 ശതമാനം.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ച് ഇപ്പോൾ കേരളത്തിന്റെ കടം 3,90,859 രൂപ കോടി രൂപയാണ്. എന്നാൽ ഇതിൽ 69% തുകയും അനുദിന ചെലവുകൾക്കായാണ് ചെലവഴിച്ചിട്ടുള്ളത്. ആസ്ഥിവികസനത്തിനായി ബാക്കി 31 ശതമാനം മാത്രം. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ ആകെ കടം 4.29,000 കോടി രൂപയാകും എന്നും ഇത് അപകടകരമായ കടഭാരപ്പട്ടികയിൽ കേരളത്തെ രാജ്യത്ത് പത്താം സ്ഥാനത്ത് എത്തിക്കുമെന്ന് ആർ.ബി.ഐ കണക്കുകൾ പറയുന്നു.


സംസ്ഥാനത്തിന്റെ ആകെ കടം ഭദ്രമായ നിലയിലാണോ എന്നു വിലയിരുത്തുന്നത്, കടം സംസ്ഥാന മൊത്ത ആഭ്യന്തര വരുമാനത്തിന്റെ  (ജി.എസ്.ഡി.പി ) നിശ്ചിത ശതമാനം കടന്നോ  എന്നു നോക്കിയാണ്. കേരളത്തിന്റെ കടം ജി.എസ്.ഡി.പിയുടെ 36.5 ശതമാനം ആയി ഉയരും എന്നാണ് ആർ.ബി.ഐയുടെ വിലയിരുത്തൽ.


കെ.എസ്.ആർ.ടി.സി പോലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പളം – പെൻഷൻ ചെലവുകളും വായ്പയെടുത്താണ് നിറവേറ്റുന്നത്. അതുപോലെത്തന്നെ  അഞ്ചുവർഷം കൂടുമ്പോൾ വരുന്ന ശമ്പളപരിഷ്കരണത്തിന്റെ കുടിശ്ശിക പി.എഫിൽ ലയിപ്പിക്കുന്നതുമൂലം അതിനും പലിശ നല്കേണ്ടതായി വരുന്നു. ഈ കടക്കണിയാണ് സംസ്ഥാന സർക്കാരിനെ ധനപ്രതിസന്ധിയിലേക്ക് നയിക്കുന്നത്. നിയന്ത്രണങ്ങളും അച്ചടക്കവും ഇല്ലാത്ത,സാമ്പത്തിക ധൂർത്ത് ഈ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. അതോടൊപ്പംതന്നെ സംസ്ഥാനത്തിന്റെ തനതു വരുമാനം വർധിപ്പിക്കുന്നതിനുള്ള വിഫലമായ ശ്രമങ്ങളും അർഹമായ കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനുവേണ്ടി സമർപ്പിക്കേണ്ട അപേക്ഷകളും, യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി നല്കാത്തതും, സംസ്ഥാനത്ത് പിരിച്ചെടുക്കേണ്ട റവന്യൂ തുക പിരിച്ചെടുക്കുന്നതിനുള്ള വൈമുഖ്യവും തടസ്സങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ തീവ്രത വർധിപ്പിക്കുന്നു.


 തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഖജനാവിൽനിന്നുള്ള സഹായം സർക്കാർ കടം വാങ്ങി വായ്പ നല്കുന്ന രീതി ധനധൂർത്തു സ്വഭാവത്തിലുള്ള സർക്കാരിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ചെലവുകൾ, പി.എസ്,സിപോലുള്ള സ്ഥാപനങ്ങളുടെ അംഗക്കൂടുതൽ,അവരുടെ ശമ്പളവർധന,മന്ത്രിമാരുടെ പേഴ്സണൽസ്റ്റാഫിന്റെ ചുരുങ്ങിയ കാലസേവനത്തിനുള്ള പെൻഷൻ, എം.എൽ.എമാർ, മുൻ എം.എൽ.എമാർ എന്നിവർക്കുള്ള പരിധിയില്ലാത്ത മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റ്, സർക്കാർ ഉദ്യോഗസ്ഥതലത്തിൽ അനർഹമായ സ്ഥാനക്കയറ്റം നല്കാൻ പുതിയ തസ്തിക സൃഷ്ടിക്കൽ, മേലുദ്യോഗസ്ഥൻ ഡെപ്യൂട്ടേഷനിൽപ്പോയി കീഴുദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്കൽ, എന്നിവയെല്ലാം എല്ലാ മാസവും ആവർത്തിച്ചുവരുന്ന ചെലവുകളായി മാറുമ്പോൾ ധനപ്രതിസന്ധിയുടെ ആഴം വർധിക്കുന്നു.


യാതൊരുവിധ സാമ്പത്തിക ആസൂത്രണവും ഇല്ലാതെ സമസ്ത മേഖലകളിലും നികുതിഭാരം വർധിപ്പിച്ച് വരുമാന വർധനയ്ക്കായി ശ്രമിച്ചപ്പോൾ പലതും തിരിച്ചടിയായി. ഉദാഹരണത്തിന്, ഡീസലിനും പെട്രോളിനും ഏർപ്പെടുത്തിയ രണ്ട് രൂപ സെസ്സ്, അതിർത്തി ജില്ലകളിൽ എല്ലാംതന്നെ ഡീസൽ,പെട്രോൾ വില്പനയിൽ കാര്യമായ കുറവുണ്ടാകുകയും അയൽ സംസ്ഥാനങ്ങൾക്ക് നേട്ടം ഉണ്ടാവുകയും ചെയ്തു.


സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണം ഇല്ലാത്ത ധനനയങ്ങൾ, യഥാർഥ വിഭവസമാഹരണമില്ലാതെ ഊതിവീർപ്പിച്ച കണക്കുകൾ, ധനകാര്യ മിസ് മാനേജ്മെന്റ്, ശമ്പളം,പെൻഷൻ വായ്പ തിരിച്ചടവ് എന്നിവയിലെ വർധന,നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിലെ അഴിമതികൾ, നിയമനടപടികളിലെ കാലതാമസം എന്നിവയാണ് ധനകാര്യ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ.


സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ടതായിട്ടുള്ള ഐ.ജി.എസ്‌.ടി, യു.ജി.സി വിഹിതങ്ങൾ കൃത്യതയോടെ നേടിയെടുക്കുവാൻ സാധിക്കാത്തതും ഭരണനിർവഹണ പരാജയമാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം സംസ്ഥാനത്തിന്റെ അവകാശമാണെന്നതിൽ തർക്കമില്ല. എന്നാൽ, അതു ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമാനുസൃതമായി സമർപ്പിക്കേണ്ട അപേക്ഷകൾ സമയബന്ധിതമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ അംഗീകാരത്തോടെ സമർപ്പിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. ഐ.ജി.എസ്.ടി വിഹിതമായി സംസ്ഥാനത്തിന് ₹25000 കോടി  ലഭിക്കാനുള്ളതിനുള്ള നടപടിക്രമങ്ങളുടെ വീഴ്ചയെക്കുറിച്ച് സംസ്ഥാന സർക്കാർ തന്നെ നിയോഗിച്ച പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി തന്നെ ചൂണ്ടിക്കാണിക്കുകയുണ്ടായി. സംസ്ഥാന ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചിട്ടുള്ള 332 കോടിയുടെ ജി.എസ്.ടി കുടിശ്ശിക എന്തുകൊണ്ടാണ് ലഭിക്കാത്തതെന്നും കേന്ദ്ര ധനകാര്യ മന്ത്രി മറുപടി നല്കിയിട്ടുണ്ട്.


സാമ്പത്തികപ്രതിസന്ധിക്കുള്ള പരിഹാരങ്ങളുടെ ആദ്യപടിയായി ലഭ്യമാകേണ്ട കുടിശ്ശികകൾ നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയാണ് ചെയ്യേണ്ടത്. ഘട്ടംഘട്ടമായുള്ള  അതിജീവനത്തിനും, സാമ്പത്തിക സുരക്ഷിതത്വത്തിനുമായി ധനസ്ഥിതി മെച്ചമാക്കുവാൻ പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂകമ്മിറ്റി, സംസ്ഥാന ധനകാര്യ കമ്മീഷൻ, ശമ്പളപരിഷ്കരണ കമ്മീഷൻ, സി.എ.ജി, ആർ.ബി.ഐ  തുടങ്ങിയവ നല്കുന്ന ശുപാർശകളും നിബന്ധനകളും അനുസരിച്ചുള്ള ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കുകയും, ധനനയം രൂപീകരിക്കേണ്ടതും ധനഭരണം നടത്തുന്നതും വിദഗ്ധസമിതികളുടെ നിർദേശങ്ങൾ പരിഗണിച്ച് ധനഭരണത്തിൽ അടിസ്ഥാന  മാറ്റമാണ് ഉണ്ടാക്കേണ്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളപരിഷ്‌ക്കരണം, കേന്ദ്രസർക്കാർ നടത്തുന്നതുപോലെ പത്തുവർഷത്തിലൊരിക്കൽ നടത്തിയാൽ, തീർച്ചയായും ധനക്കമ്മിയിൽനിന്ന് കരകയറുന്നതിനുള്ള സുപ്രധാന തീരുമാനമായിരിക്കും. അതുപോലെതന്നെ, വ്യക്തികളുടെ ആയുർദൈർഘ്യം വർധിക്കുകയും, യുവതലമുറ വിദേശങ്ങളിലേക്ക് ചേക്കേറുകയും ചെയ്യുന്ന കാലഘട്ടത്തിൽ, പെൻഷൻ പ്രായം വർധിപ്പിക്കുന്നതുകൂടി ചെയ്യുകയാണെങ്കിൽ ശമ്പള – പെൻഷൻ ബാധ്യതകൾക്കു കടിഞ്ഞാണിടുവാൻ സാധിക്കും.


ജനാധിപത്യവ്യവസ്ഥിതിയിൽ ഏതു പൗരനും ജനപ്രതിനിധി ആകാനും ഏതു ജനപ്രതിനിധിക്കും മന്ത്രിയാകുവാനും സാധിക്കും. എന്നാൽ, ലോകത്താകമാനം ആഗോളമാന്ദ്യം ആഞ്ഞടിച്ചപ്പോൾ ഇന്ത്യയുടെ സാമ്പത്തികവിദഗ്ധനായ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗിന് ഇന്ത്യൻ സമ്പദ്ഘടനയെ ഭദ്രമായി പിടിച്ചുനിർത്തുവാൻ സാധിച്ചു. സാമ്പത്തിക മേഖലയെക്കുറിച്ച് അവഗാഹമുള്ള ഒരു വ്യക്തിയാണ് ആ വകുപ്പിനെ നയിക്കുന്നതെങ്കിൽ ആ വ്യത്യാസം നമുക്ക് തിരിച്ചറിയാനാകും. അടുത്ത തലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസമേഖലയിലും രാജ്യത്തിന്റെ നട്ടെല്ലായ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നതിനും അതാതുമേഖലകളിൽ അറിവും പ്രാവീണ്യവുമുള്ള വ്യക്തികളായിരിക്കണം എന്ന ഒരു ഭേദഗതി നിയമവ്യവസ്ഥയിൽ ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും സ്വാഗതാർഹമായിരിക്കും.


(ലേഖകൻ, കളമശ്ശേരി സെന്റ് പോൾസ് കോളേജിലെ കോമേഴ്‌സ് വിഭാഗം മുൻ അധ്യാപകനും ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ മുൻ രജിസ്ട്രാറും, ഇപ്പോൾ കേരള ഹൈക്കോടതിയിലെ അഭിഭാഷകനുമാണ്)