രാഷ്ട്രീയത്തിലെ ബിംബവത്കരണത്തിനെതിരെ ഒരു വാദം – കരുണാകരൻ

രാഷ്ട്രീയത്തിലെ ബിംബവത്കരണത്തിനെതിരെ ഒരു വാദം   – കരുണാകരൻ

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ‘നവ കേരള യാത്ര’യുടെ അംഗീകരിക്കപ്പെട്ട ഒരു രീതി അദ്ദേഹവും മന്ത്രിമാരും എത്തുന്ന വാഹനത്തിന് (അതൊരു ആഡംബര ബസ്സായിരുന്നു, ഇനി ആ ബസ്സ്‌ മ്യൂസിയത്തിലേക്ക് മാറ്റും, പിന്നീട്  ആഡംബരയാത്രകള്‍ക്കും ആഡംബര വിരുന്നുകള്‍ക്കും ആഡംബരവാടകയ്ക്ക് ഇതേ ബസ്സ്‌ എടുക്കാനുമാകും.) പ്രവേശിക്കാൻ സമ്മേളനനഗരിയിലെ മതിലുകൾ പൊളിക്കുക എന്നായിരുന്നു. അതിൽ വിദ്യാലയങ്ങൾ, പൊതുസ്ഥലങ്ങൾ എല്ലാം പെട്ടു. ‘മുഖ്യമന്ത്രിക്ക് പ്രവേശിക്കാനാണ്’.  മറ്റൊന്ന്,  മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച പ്രതിപക്ഷകക്ഷികളിലെ യുവാക്കളെ കരുതൽ തടങ്കലിലാക്കുകയോ മര്‍ദിച്ച് അവശരാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നു..


 കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂർ സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ടു സംഭവങ്ങൾ  ശ്രദ്ധയിൽപ്പെട്ടിരുന്നു. ഒന്ന്, നഗരത്തിലെ പ്രധാന ആകര്‍ഷണമായ ‘റൗണ്ടിൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതാന്യാഹുവിനൊപ്പം നില്ക്കുന്ന ഒരു വലിയ കട്ടൗട്ട്‌ ഈ സന്ദര്‍ശനത്തിനു മുമ്പേ വെച്ചിരുന്നു –  ഇതിനകം ഗാസയിൽ മാത്രം  ഇരുപതിനായിരത്തിലധികം  ആളുകളെ – അവരിൽ കുട്ടികളും സ്ത്രീകളും ഏറെയാണ്‌ – നെതാന്യാഹുവിന്റെ ഭരണകൂടം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ബോംബിട്ട്‌ കൊന്നിരുന്നു. തൃശൂരിൽ ഈ രണ്ടു ഭരണാധികാരികളുടെ ഫോട്ടോ  ഇപ്പോൾ എന്തുകൊണ്ടു വന്നു എന്ന്  ആലോചിക്കാവുന്നതേയുള്ളൂ.   വലിയൊരു പങ്ക് ക്രിസ്ത്യൻ സമൂഹം ജീവിക്കുന്ന ജില്ലയിൽ, അല്ലെങ്കിൽ ആ പോസ്റ്റർ,  മറ്റെന്തോ ‘പ്രലോഭനം’പോലുമായിരുന്നു.രണ്ടാമത്തേത്, വടക്കുംനാഥക്ഷേത്രത്തിനു മുമ്പിലെ വലിയ ആല്‍മരങ്ങളുടെ കൊമ്പുകൾ പ്രധാനമന്ത്രിയുടെ പ്രസംഗവേദിക്കുവേണ്ടി മുറിച്ചുമാറ്റിയതായിരുന്നു. പ്രസംഗവേദിക്ക്  വേറെയും സ്ഥലം അതേ മൈതാനിയിൽ ഉണ്ടായിരുന്നുവെങ്കിലും. ഭക്തർ അവിടത്തെ വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ഭഗവാൻ  ശിവന്റെതന്നെ പവിത്രമായ സാന്നിധ്യത്തിന്റെ ഭാഗമായി കാണുമ്പോഴായിരുന്നു ഈ മുറിച്ചുമാറ്റൽ, പരിസ്ഥിതിപ്രവര്‍ത്തകർ പ്രതിഷേധിക്കുന്നുമുണ്ടായിരുന്നു.  പക്ഷെ, “ഒന്നും റിപ്പോര്‍ട്ട് ചെയ്യാൻ പാടില്ല” എന്ന മുന്നറിയിപ്പുണ്ടായിരുന്നുവത്രെ. ഇതിപ്പോൾ കോടതിയിലുള്ള കേസാണ്.


ആധിപത്യ രാഷ്ട്രീയത്തിന്റെ ദിവസങ്ങളിൽ  ഭരണകൂടം അതിന്റെ അപ്രമാദിത്വം അവതരിപ്പിക്കുന്ന ഒരു രീതി അതേ ഭരണകൂടത്തിന്റെ വിലപ്പെട്ട ഒരു പ്രതിനിധിയെ കണ്ടെത്തിക്കൊണ്ടാണ്. അത് “ശക്തനായ” ഒരു നേതാവിന്റെ അവതരണമാണ്. അയാള്‍ക്ക് നല്കുന്ന പ്രാധാന്യം, ഒരു ജനാധിപത്യസമൂഹത്തിലാണെങ്കിൽ, സമൂഹത്തിന്റെ സാധാരണജീവിതത്തിൽനിന്നു കൃത്യം അകലം പാലിച്ചുകൊണ്ട്, നിങ്ങൾക്കു തൊടാൻപറ്റാത്ത, എന്നാൽ നിങ്ങൾ ആരാധിക്കേണ്ട ഒരാൾ എന്ന നിലയ്ക്കാണ് – കേരളത്തിന്റെയും ഇന്ത്യയുടെയും കാര്യത്തിൽ ഇന്നത്  ശക്തനായ ആണിന്റെ  രക്ഷാകര്‍തൃത്വമാണ്. ഇങ്ങനെയൊരു  ‘ബിംബവത്കരണം’ സാധിക്കുക എന്നത് ഇതേ “ആണ്‍”  നയിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാവുകയാണ്. അത് പിന്നീട് ഒരു ‘മെഷിൻ’ന്റെ ഭാഗമാണ് ; കലയും സാഹിത്യവും രാഷ്ട്രീയവും മാധ്യമങ്ങളും എല്ലാം അടങ്ങുന്ന ഒരു സ്ഥാപനം (apparatus) ഈ ബിംബവത്കരണത്തിന്റെ ഭാഗമാവുന്നു.   


തങ്ങളുടെ  സ്വന്തം താത്പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും പ്രാഥമിക പരിഗണനകൾ നല്കുന്നവർ എന്ന നിലയിലാണ്,  പാര്‍ലിമെന്ററി ജനാധിപത്യത്തിനകത്തും, സ്വേച്ഛാധിപതികളായ (Autocrats) ഭരണകർത്താക്കളെ നാം കണ്ടു തുടങ്ങുന്നത്.  ജനാധിപത്യസ്ഥാപനങ്ങളെ, ജനാധിപത്യവാഴ്ച്ചയെ ഉറപ്പുവരുത്തുന്ന മണ്ഡലങ്ങളെ, ഉദാഹരണത്തിന് മാധ്യമപ്രവര്‍ത്തനം, മനുഷ്യാവകാശപ്രവര്‍ത്തനം തുടങ്ങിയവയെ, തങ്ങളുടെ അധികാരപർവത്തിൽ അപ്രസക്തവും അധീരവുമായ ഒരു തലത്തിലേക്ക് തള്ളി നിറുത്തിക്കൊണ്ടുകൂടിയാണ്   ഇത്തരം  സ്വേച്ഛാധിപതികൾ  ഉയര്‍ന്നുവരുന്നത്.     ആ അർഥത്തിൽ, ഇന്ത്യ ഇന്ന് ലോകത്തിന്റെ ശ്രദ്ധ നേടുകയുമാണ് – ജനാധിപത്യജീവിതത്തിന്റെ നാനാമേഖലകളിൽനിന്നും അതിവേഗം പിറകോട്ടു പോകുന്ന ‘ജനാധിപത്യ ഇന്ത്യ’യെ ഇതിനകം പല പഠനങ്ങളിലും  നമ്മൾ കാണുന്നുമുണ്ട്.  ആർ. എസ്. എസിന്റെയും സംഘപരിവാറിന്റെയും അഭീഷ്ടങ്ങള്‍ക്കകത്ത്, അല്ലെങ്കിൽ ഇതുവരെയും  ഊർജ്വസ്വലമായ (vibrant) ഒരു ജനാധിപത്യം, ഇന്ത്യയിൽ അതിവേഗം പിന്മടങ്ങുന്നു എന്നാണ് ആ വിലയിരുത്തൽ.


 ഈ രാഷ്ട്രീയ കാലാവസ്ഥയെ എങ്ങനെ പ്രതിരോധിക്കും എന്ന ആലോചനകളിലേക്ക് കടന്നുവരുന്ന പല ആശയങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് ഇതാണ് : ഏതുതരം അധികാര കേന്ദ്രീകരണത്തോടും വിസമ്മതിക്കുംവിധം മുഖ്യമായ    ആവശ്യമായി ‘ഫെഡറലിസ’ത്തെ പൊതുരാഷ്ട്രീയത്തിലും പുറത്തും അവതരിപ്പിയ്ക്കുക,  ഭാഷാ ദേശീയതകൾ എന്ന നിലയ്ക്ക്  സംസ്ഥാനങ്ങൾ  സ്വാത്മാഭിമാനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധിക്കുക,  ആധുനികവും ചലനാത്മകവുമായ ‘ലിബറലിസ’ത്തിന്റെ  പ്രായോഗിക രാഷ്ട്രീയംകൊണ്ട് പാര്‍ലിമെന്ററി രാഷ്ട്രീയത്തെ കൂടുതൽ മെച്ചപ്പെട്ട ഘട്ടത്തിലേക്ക് നയിക്കുക. എന്നാൽ, ഈ  രാഷ്ട്രീയപ്രക്രിയകളിൽ ഒന്നിലും   ഊഴങ്ങൾ ഒന്നുമില്ലാതെ പിന്‍വാങ്ങുന്ന ഒരു കേരളത്തെയാണ്‌ ഇന്ന് പിണറായി വിജയന്റെ ‘ഇടതുപക്ഷ സര്‍ക്കാർ’ പ്രതിനിധീകരിക്കുന്നത്. പ്രത്യേകിച്ചും ഇപ്പോഴത്തെ രണ്ടാമൂഴം.  അതുമാത്രമല്ല,  ‘ഹിന്ദുത്വ’ രാഷ്ട്രീയത്തിന്റെ പല ചേരുവകളും തന്ത്രങ്ങളും സമീപനങ്ങളും തങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകകൂടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ   സി.പി.എം.  ചെയ്തത് എന്നു നാം കാണുകയും ചെയ്യുന്നു. അതിലൊന്നായിരുന്നു,  “ക്യാപ്റ്റൻ’ എന്ന ബിംബവത്കരണം. ഈ ‘ബിംബവത്കരണ’ത്തിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷിയായ സി. പി. എംന്റെ കൂടെ കേരളത്തിലെ വലിയൊരു വിഭാഗം എഴുത്തുകാരും സാംസ്കാരികസ്ഥാപനങ്ങളും പങ്കെടുക്കുകയുമാണ്‌ – അതായത്, പ്രതിപക്ഷ ജീവിതമോ വിമതസ്വരമോ അടിച്ചമര്‍ത്തപ്പെടുന്നതും വീട്ടുതടങ്കലിൽ  ആവുന്നതും “വളരെ സ്വാഭാവികമായ നീതി’യാവുന്നത്, കേരളത്തിന്റെ കാര്യത്തിൽ മറ്റൊരു ബിംബവത്കരണത്തിലൂടെയാണ് –  “ഇടതുപക്ഷ പാര്‍ട്ടി – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി – ഒരു പുരോഗമന സംഘടനയാണ്”. ഈ ബിംബവത്കരണം സാധ്യമാവുന്നത്, പ്രധാനമായും നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളിലൂടെയുമാണ്‌;  എഴുത്തുകാർ, ബുദ്ധിജീവികൾ, കലാപ്രവര്‍ത്തകർ, എന്നിവരിലൂടെയും  അക്കാദമികൾ, സാഹിത്യോത്സവങ്ങൾ  എന്നിവയിലൂടെയും..


ജനാധിപത്യ സമൂഹത്തിലെ സംവാദശീലങ്ങളെ അനർഥകരമായ പ്രവൃത്തി എന്നു വരുത്തിക്കൊണ്ട്, പ്രതിപക്ഷ ജീവിതത്തെ  ശിഥിലീകരിച്ചുകൊണ്ട്, നയപരമായ തീരുമാനങ്ങളിൽനിന്നു സിവിൽസമൂഹത്തെ മുഴുവനായും ഒഴിവാക്കിക്കൊണ്ട് –  ഇങ്ങനെയെല്ലാമാണ് ഈ ‘ബിംബവത്കരണം’ നടക്കുന്നത്.  മാത്രമല്ല, ആർ.എസ്.എസ് രാഷ്ട്രീയത്തിന്റെ ആധിപത്യപ്രത്യയശാസ്ത്രംതന്നെയായ ബ്രാഹ്മണിക് ആശയങ്ങളെ തങ്ങളുടെ തിരഞ്ഞെടുപ്പ് ബലത്തിലേക്ക്  ഇതേ സി.പി.എം  നേതാക്കളും അതിന്റെ ആരാധകരും ആനയിക്കുകകൂടി ചെയ്യുന്ന കാഴ്ച്ചകളും കേരളത്തിൽ ഈ കാലത്ത് കാണുകയുണ്ടായി.  ഹൈന്ദവദേവതകളുടെ രൂപങ്ങളിലേക്കും സന്ദേശങ്ങളിലേക്കും തങ്ങളുടെ “മതേതര  നേതാക്കളെ” ശരീരമാറ്റം ചെയ്തുള്ള കട്ടൗട്ടുകൾ പ്രദര്‍ശിപ്പിച്ചുകൊണ്ടും മുന്നോക്ക സംവരണത്തെ നിയമപരമായി സാധുകരിച്ചുകൊണ്ടും മറ്റുമായിരുന്നു അത്. മറ്റൊന്ന്, മുസ്ലീം മത വിഭാഗങ്ങളോടുള്ള ഈ സര്‍ക്കാരിന്റെ പൊതുസമീപനമായിരുന്നു.  സംഘപരിവാർ രാഷ്ട്രീയത്തോട്, കേരളത്തിലെങ്കിലും, അടുക്കുന്ന കൃസ്ത്യൻ പൗരോഹിത്യത്തെയും അതിന്റെ സംഘടനാനേതാക്കളെയും തങ്ങളുടെ ചേരിയിലേക്ക് തന്ത്രപരമായി  മാറ്റിക്കൊണ്ടായിരുന്നു സി. പി. എം. ഈ മുസ്ലീം (ലീഗ്) വിരുദ്ധത പരീക്ഷിച്ചത്. 


 “ഹിന്ദുത്വ ഇന്ത്യ” എന്ന ആശയം ഇന്ന് ഒരു തീവ്ര  വലതുപക്ഷ ആവശ്യം മാത്രമല്ല,  ഫെഡറൽ ഇന്ത്യയെ വെറുക്കാനുള്ള അവസരംകൂടി അത് അതിന്റെ അണികള്‍ക്ക് ‘വാഗ്ദാനം’ നല്കുന്നു.  ചിലപ്പോൾ “ഇടതി”നും അത്‌ സ്വീകാര്യമാകുന്നുവെന്നാണ്, ഈ “ബിംബവത്കരണ”വും കാണിക്കുക . എങ്കിൽ, ഈ ‘ഇടതും’   സംശയിക്കുന്നത്   “ ജനാധിപത്യ ഇന്ത്യ”യെത്തന്നെ എന്നും വരുന്നു.   ജനാധിപത്യരാഷ്ട്രീയത്തിൽ എന്നതിനെക്കാൾ സ്വേച്ഛാധിപത്യത്തിന്റെ  രാഷ്ട്രീയത്തിൽ തങ്ങളുടെ പ്രത്യയശാസ്ത്രം ‘പക്വമാവുന്ന’ ഒരു രാഷ്ട്രീയസ്വപ്നത്തിലേക്ക് സി.പി.എം എന്ന രാഷ്ട്രീയകക്ഷിയും അതിന്റെ ‘ക്യാപ്ടൻ’ എന്ന നിലയ്ക്ക് പിണറായി വിജയനും പ്രവേശിച്ചിരിക്കുന്നു എന്നാണ്  അതിന്റെ ഏറ്റവും ലളിതമായ  അര്‍ഥം.   


കേരളത്തിൽ മാധ്യമപ്രവർത്തകരും എഴുത്തുകാരും ബുദ്ധിജീവികളും തങ്ങളുടെ എഴുത്തിലും നിരീക്ഷണങ്ങളിലും ധാരാളമായി ഉപയോഗിക്കുന്ന ഒരു പദാവലിയാണ്, “കേരളത്തിന്റെ ഇടതുബോധം” എന്നത്.   അങ്ങനെ വിശേഷിപ്പിക്കുന്നത്  “പുരോഗമനപരമായ സാമൂഹികബോധ”ത്തെയാണ് എന്നാണ് വിവക്ഷ. എന്നാൽ, കേരളത്തിന്റെ ഇടതുബോധം എന്നത് അരനൂറ്റാണ്ടിലധികം പഴക്കമുള്ള  ഏകപാർട്ടി സ്വേഛാധിപത്യ രാഷ്ട്രീയത്തിന്റെ ലെനിനിസ്റ്റ്   (സ്റ്റാലിനിസ്റ്റ്) ഭരണകൂട സങ്കല്പമാണെന്നും,’ ലോകമെങ്ങുമുള്ള ബൗദ്ധികവ്യവഹാരത്തിൽ ഈ സങ്കല്പത്തെ അന്നുതന്നെ വിമർശിച്ചിട്ടുണ്ടെന്നും   അതിലെ ജനാധിപത്യവിരുദ്ധത തുറന്നു കാണിച്ചതാണെന്നും നമ്മുടെ ഉത്പതിഷ്ണുക്കൾ മറച്ചുവയ്ക്കുന്നു; അവരുടെ സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി.   ഇന്ന് കേരളത്തിൽ ആ പദത്തിന്റെ ഉപയോഗം അറിയിക്കുന്നത് നമ്മുക്കിടയിൽ പ്രബലമായ    “സാംസ്കാരിക പ്രഭുത്വ”(Cultural oligarchy)ത്തെയാണ്. സാഹിത്യത്തിലൂടെയും    പ്രസാധനത്തിലൂടെയും    അക്കാദമികളിലൂടെയും  സർവകലാശാലകളിലൂടെയും മറ്റും രൂപപ്പെട്ട ഈ സാംസ്കാരിക മെഷിനറി (“ഇടത് ബോധം”)യുടെ പറ്റിത്തീനികളാണ് നമ്മുടെ ബൗദ്ധികരംഗത്തെ ഭൂരിപക്ഷവും.  അതുകൊണ്ടുതന്നെ,   ജനാധിപത്യത്തെ ഒരാശയം എന്ന നിലയ്ക്കും ജീവിത സങ്കല്പം എന്ന നിലയ്ക്കും മനസ്സിലാക്കാൻ “കേരളത്തിന്റെ ഇടതുബോധം” തടസ്സമാവുന്നതിനെപ്പറ്റി ഒരു ചർച്ചയും സാധ്യമാക്കാത്ത വിധം ഈ സാംസ്കാരികപ്രഭുത്വം നമുക്കിടയിൽ ഹിംസാത്മകമായിത്തന്നെ ഇടപെടുന്നുമുണ്ട്. എങ്കിൽ, ‘ബിംബവത്കരണ’ ങ്ങളുടെ   ബൗദ്ധിക പരിസരവും മറ്റൊന്നല്ല.  


വാസ്തവത്തിൽ, ഇന്ന് നമുക്ക് കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും നാം നമുക്കുവേണ്ടി ഒരിക്കൽ ഉറപ്പുവരുത്തിയതാണ്.  അധികാരനിര്‍വഹണത്തെ, ലളിതമായി പറഞ്ഞാൽ, അങ്ങനെയാണ് കാണേണ്ടത്. നാം ഉറപ്പുവരുത്തിയ ഒന്നിനെ നമ്മുക്ക് നിഷേധിക്കുന്നതും നമുക്ക് നല്കുന്നതും നമ്മള്‍തന്നെ തിരഞ്ഞെടുത്ത സര്‍ക്കാറാണ് എന്നു മനസ്സിലാക്കുമ്പോള്‍ത്തന്നെ നമ്മൾ ജനാധിപത്യത്തിന്റെ കാതലായ പ്രശ്നങ്ങളെ തൊടാൻ തുടങ്ങുന്നു. ജനങ്ങളാണ് ‘അധികാരികൾ’ എന്ന  ആത്മബോധം തന്നെ  ജനാധിപത്യത്തിന്റെ കാതലാണ്. ഇതു മനുഷ്യവംശം പോരാടി നേടിയെടുത്തതാണ്. നിര്‍ഭാഗ്യവശാൽ, ജനാധിപത്യത്തെ, കമ്മ്യുണിസ്റ്റ് മനോഘടനയിൽ മനസ്സിലാക്കിയതിന്റെ   ഒരു നീണ്ട പാരമ്പര്യം മലയാളികൾക്കുള്ളതുകൊണ്ടാകും,  ഈ കാര്യങ്ങൾ ചര്‍ച്ചചെയ്യാൻ തന്നെ കേരളത്തിൽ  ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ അതിന്റെ അളവ് (level) നമ്മുടെ ഇടയിലെങ്കിലും  പുലഭ്യം പറച്ചിലിന്റെ തലത്തിൽ നടക്കുന്നു.  കേരളത്തിൽ   ജനാധിപത്യ/മനുഷ്യാവകാശ  പ്രസ്ഥാനങ്ങൾ ‘നിഷ്ക്രിയമാക്ക’പ്പെടുന്നതും  വെറുതെയല്ല.


ജനാധിപത്യത്തെ രാഷ്ട്രീയപാർട്ടികളുടെ നരേറ്റീവിൽനിന്നു മോചിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ ശ്രുതിബദ്ധമായ  ജീവിതവുമായി ബന്ധിപ്പിക്കുക എന്ന വലിയ  രാഷ്ട്രീയ ആവശ്യമാണ് ഇന്ന് രാഷ്ട്രീയത്തിലെ  ഈ ബിംബവത്കരണത്തെ പ്രതിരോധിക്കാനുള്ള ഒരു വഴി.  “നമ്മിൽനിന്ന് വ്യത്യസ്‌തരായവർക്കിടയിലെ  ഒന്നിച്ചുള്ള അനുഭവമാണ് യഥാർഥ പൊതുസമൂഹത്തെയും അതിലൂടെ ജനാധിപത്യബോധത്തെയും സൃഷ്ടിക്കുന്നത്” എന്നാണ് ഇങ്ങനെയൊരു  രാഷ്ട്രീയപ്രവൃത്തിയെ  സുന്ദർ സരുക്കായി തന്റെ ഒരു പുസ്തകത്തിൽ (The Social Life of Democracy) വിശേഷിപ്പിച്ചിട്ടുള്ളത്. “സമൂഹങ്ങൾ സ്വാഭാവികമായും ഒരു പൊതുബോധവുമായി   (public)  ബന്ധപ്പെടുന്നില്ല. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും മറ്റും അടിസ്ഥാനത്തിൽ സമൂഹങ്ങൾ രൂപീകരിക്കാമെങ്കിലും അവയിലൊന്നിലും പൊതുബോധം ആവശ്യമില്ല. അതിനാൽ,  ജനാധിപത്യപ്രവർത്തനത്തിലൂടെ പൊതുബോധവും “ജനങ്ങൾ” എന്ന ബോധവും ആദ്യം സൃഷ്ടിക്കേണ്ടതുണ്ട്” എന്നും അദ്ദേഹം വാദിക്കുന്നു.


 ഒരു ഭരണകൂടം   വികാരരഹിതമായ ഒരു  യന്ത്രസമൂച്ചയമായി മാറുന്നു എന്നാണ് ജനാധിപത്യത്തിനകത്ത് സ്വേച്ഛാധിപത്യം വളരുന്നു എന്നു കാണിക്കുന്നതിന്റെ  ആദ്യലക്ഷണങ്ങൾ.  വെറുപ്പും പകയും പരാജയഭീതിയും അത്തരമൊരു ഭരണകൂടത്തെ അതിന്റെ എല്ലാ ‘മനുഷ്യ ഗുണങ്ങളിൽ’നിന്നും  അകറ്റി  നിര്‍ത്തുന്നു. ഏതുതരം ആധിപത്യവാസനകളും ഹിംസാസ്മരണകളും മായ്ക്കാൻ തക്കവിധം അതു ശക്തമാവുന്നു. പൊതുബോധത്തിൽ, ഇത്തരം രാഷ്ട്രീയ ബിംബവത്കരണങ്ങൾ ഇടപെടുന്നതും അങ്ങനെയാണ്.  സ്പര്‍ശബോധമറ്റ (insensitive) ഒരു ഭരണകൂടമാവാൻ, അതിന്റെ പ്രതിനിധിയാവാൻ, ഈ ബിംബവത്കരണം “നേതാവിനെ” സഹായിക്കുന്നു.   


ജനാധിപത്യത്തിന്റെ   ധർമവും ആത്യന്തികലക്ഷ്യവും  സമൂഹത്തിന്റെ അധികാരാവകാശങ്ങളിലൂടെ   “പതുക്കെ നിർവീര്യമാകുന്ന ഭരണകൂടം”  തന്നെയാണ് എന്നു മനസ്സിലാക്കുകയാണ് ഒരു വഴി.  അല്ലെങ്കിൽ, അതിന് മറ്റൊരു വഴി ഇല്ല എന്നുമാണ്.