ബിംബവൽക്കരണത്തിന്റെ പ്രത്യയശാസ്ത്രവിചാരം – ബാലചന്ദ്രൻ വടക്കേടത്ത്

ബിംബവൽക്കരണത്തിന്റെ പ്രത്യയശാസ്ത്രവിചാരം – ബാലചന്ദ്രൻ വടക്കേടത്ത്

സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപപ്പെടുത്തിയ പദമാണ് ഇടതുപക്ഷം. അതിനു വർഷങ്ങളുടെ ചരിത്രമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുകയും ഇടതുപക്ഷം എന്ന സംജ്ഞ വ്യാപകമാവുകയും ചെയ്തതോടെ സാമൂഹികമായ ചില നിലപാടുകൾ രൂപപ്പെട്ടുവന്നു. ആദർശമനസ്സിനോടുള്ള കമ്പം അതിന്റെ ഭാഗമായിരുന്നു. മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രം മുന്നോട്ടുവച്ച ആശയങ്ങളും വിചാരങ്ങളും സവിശേഷമായ ഒരു സാമൂഹികക്രമത്തിനു രൂപം നല്കി. വ്യക്തിപൂജ വശമില്ലാതിരുന്ന കെ.ദാമോദരനും ഏ.കെ.ജിയും എം.ഗോവിന്ദനുമെല്ലാം ആ കാലത്തിന്റെ സംഭാവനയാണ്. ഇതിനു മാറ്റം വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഇന്ന് ഇടതുപക്ഷ പ്രത്യയശാസ്ത്രം ശിഥിലമാവുകയും ആശയപരമായ ബിംബവൽക്കരണം ഇടതുപക്ഷത്തിന്റെ പ്രചാരകാലത്ത് നടന്നിരുന്നതായി കാണാം. കഥാകാരനായ എം.ടി.വാസുദേവൻ നായർ ഇ.എം.എസ്സിനെ ഉദ്ധരിച്ചുകൊണ്ട് ഇടതുപക്ഷമരണത്തെ വ്യാഖ്യാനിക്കുകയുണ്ടായല്ലോ. ഇ.എം.എസ്സിൽ എത്രമാത്രം ആദർശാത്മകത നിലനിന്നിരുന്നു? ആശയപരമായ ബിംബവൽക്കരണം സൃഷ്ടിച്ച നേതാവാണ് ഇ.എം.എസ്. ആകാശത്തിനു കീഴെയുള്ള എല്ലാം തന്റെ രാഷ്ട്രീയദർശനത്തിലൊതുക്കാൻ പാടുപെട്ട വ്യക്തി. ഉപസ്ഥിതിയില്ലാതെ കലയെയും സാഹിത്യത്തെയും കുറിച്ച് പറയരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ച സുകുമാർ അഴീക്കോടിനെ ഞാനോർക്കുന്നു. പ്രതിഭ, സംഘടനയുടെ സൃഷ്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആ കാലത്തു നടന്ന പ്രതിഭാവിശകലനങ്ങൾ കുറെയൊക്കെ വ്യക്തിനിഷ്ഠമായിപ്പോയില്ലേ എന്നു നമുക്കു കാണാം.


അതിലും രൂക്ഷമായിരിക്കുന്നു ഇടതുപക്ഷത്തിന്റെ തകർച്ച. എം.ടി. ചൂണ്ടിക്കാണിച്ചത് പിണറായി വിജയനെ ആണ് എന്നു വ്യക്തം. കത്തുന്ന സൂര്യൻ തുടങ്ങി നിരവധി വിശേഷണങ്ങൾ നമ്മുടെ ബുദ്ധിജീവികൾ പിണറായിക്കു നല്കുമ്പോൾ, പിണറായി വിജയൻ സമകാലികബിംബവൽക്കരണത്തിന്റെ ഭാഗമായി എന്നു തെളിയുന്നു. ബിംബവൽക്കരണം കമ്മ്യൂണിസ്റ്റുപാർട്ടിയുടെ അടിസ്ഥാന ഭാവമല്ല. ഇടതുപക്ഷ ആദർശാത്മകത ചോർന്നുപോകുന്നുവെന്ന് നമ്മുടെ സമൂഹം വിളിച്ചുപറയുന്നു.


ഇടതുപക്ഷത്തെ വ്യക്തിപൂജയെയും ബിംബവൽക്കരണത്തെയും ആസ്പദമാക്കി ഈ ലേഖനം തുടങ്ങിയത് പ്രത്യയശാസ്ത്രപരമായ ഒരു പ്രതിസന്ധി കമ്മ്യൂണിസ്റ്റുപാർട്ടി അനുഭവിക്കുന്നു എന്നു ചൂണ്ടിക്കാണിക്കാനാണ്. ഇടതുപക്ഷ ചിന്ത ഇടതുപക്ഷ പച്ച പ്രത്യയശാസ്ത്രസമീപനം എന്നിങ്ങനെ അനവധി കാര്യങ്ങളിൽ ഒരു തളർച്ച നേരിടുകയാണ്. ഇത് ഇടതുപക്ഷത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് ഞാൻ കരുതുന്നില്ല. സാഹിത്യം, കല, സംസ്‌കാരം, മതം എന്നീ വിഭാഗങ്ങളിലെല്ലാം ബിംബവൽക്കരണം നടക്കുന്നു. നാളിതുവരെ നാം കൊടുത്തിരുന്ന മൂല്യബോധം ശിഥിലമാക്കിയിരിക്കുന്നു. ബിംബവൽക്കരണത്തിലൂടെ സാമൂഹികവും സാംസ്‌കാരികവുമായ സമൂഹമനസ്സിനെ തങ്ങളുടേതായ ആശയപരമായ കീഴിൽ കൊണ്ടുനിർത്താനുള്ള ശ്രമമാണു നടക്കുന്നത്. ഇത് രാഷ്ട്രീയ ജനാധിപത്യപരമായ നീതികേടാണ്. ഈ അടുത്തകാലത്ത് നാം കേട്ട ചില പദപ്രയോഗങ്ങൾ ഇവിടെ ഉദാഹരിക്കാം. ‘മോദി ഗ്യാരന്റി’, ‘ക്യാപ്റ്റൻ’, ‘ആദർശപുരുഷൻ’ എന്നീ പദങ്ങൾ ചരിത്രപരമായ സാമൂഹികഭാവനയെ വ്യക്തികളിലേക്കു ചുരുക്കുന്നു. അതുവഴി, ദുരന്തത്തിലേക്കു പോകുന്ന പ്രസ്ഥാന പ്രവർത്തനങ്ങളെ നാം സാമൂഹികദർശനമായി നാം വിലയിരുത്തുന്നു. എന്തൊരു അപകടാവസ്ഥയാണിത്. ഈ വ്യവസ്ഥയെ വിശദമായി ചർച്ചചെയ്യാതെ എഴുത്തുകാർ രാഷ്ട്രീയക്കാരുടെ ഭാഗമാകുന്നത് മൂല്യശോഷണംതന്നെയാണ്.


ഇന്ത്യയിൽ ബിംബവൽക്കരണം കൊണ്ടുവരുന്ന ഏറ്റവും വലിയ രാഷ്ട്രീയപാർട്ടി ബി.ജെ.പിയാണ്. ഇടതുപക്ഷം അതിന്റെ ചുവടുപിടിക്കേണ്ടതില്ല എന്നാണ് എന്റെ കാഴ്ചപ്പാട്.  ബിംബവൽക്കരണത്തെക്കുറിച്ച് നമ്മുടെ രാഷ്ട്രീയചരിത്രത്തിൽ പലതും പറയാനുണ്ടാകും. ഇന്ദിരാഗാന്ധിയും നെഹ്‌റുവുമൊക്കെ ബിംബവൽക്കരണത്തിനു വിധേയരായില്ല. പുകഴ്ത്തലുകളും വ്യക്തിപൂജയം അനുഭവിക്കേണ്ടിവന്നപ്പോൾ ബിംബവൽക്കരണത്തെ സ്വയം നിഷേധിച്ചവരായിരുന്നു ഈ നേതാക്കൾ. നരേന്ദ്രമോദിയാകട്ടെ, രാജ്യത്തിന്റെ അധികാരത്തിലെത്താൻ ബിംബവൽക്കരണം സ്വീകരിക്കുന്നു. സംഘപരിവാർ പ്രത്യയശാസ്ത്രമായി ബിംബവൽക്കരണം മാറുന്നതാണ് വർത്തമാനകാല അവസ്ഥ.


അയോധ്യ പുതിയ പ്രശ്‌നമാണല്ലോ. രാമനെയും അയോധ്യയെയും ബിംബവൽക്കരിക്കുന്ന ശൈലി സജീവമാണ്. രാഷ്ട്രീയ നേതാക്കൾ, പ്രാണപ്രതിഷ്ഠയ്ക്കു തയാറെടുക്കുമ്പോൾ മതം ബിംബവൽക്കരിക്കുകയല്ലേ ചെയ്യുന്നത്? പ്രതിഷ്ഠാസമയത്ത് വീടുകളിൽ വിളക്കുകൊളുത്തണമെന്നും രാമനാമം ജപിക്കണമെന്നും ഒരു പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു. ഇന്ത്യൻ സന്ന്യാസിമാർ എവിടെ? അവരുടെ കാഴ്ചപ്പാടുകളും ഭക്തിയും പ്രാർഥനയും രാഷ്ട്രീയത്തിനു തീറെഴുതുക എന്നതു ശരിയല്ല. എന്തുകൊണ്ട് മിക്കവാറും രാഷ്ട്രീയപ്പാർട്ടികൾ ഇതിനെ പ്രതിരോധിക്കുന്നില്ല?


ദേശീയതയും സോഷ്യലിസവും മതാത്മകബിംബവൽക്കരണത്തിന് വിധേയമായിക്കഴിഞ്ഞു. വിയോജിപ്പുകൾ അപ്രസക്തമാകുന്നു. അധികാരം ഒരു ഭാഗത്തു നില്ക്കുമ്പോൾ ആ ബിംബവൽക്കരണത്തെ എതിർക്കാൻ ചിലർ ഭയപ്പെടുന്നു. പൊതുസമൂഹം നേരിടുന്ന ഒരു പ്രതിസന്ധിയിലേക്കാണു നാം വരുന്നത്.


മതങ്ങളും അധികാരസ്ഥാപനങ്ങളും മാത്രമല്ല, സാഹിത്യംപോലും ബിംബവൽക്കരണത്തിനു വിധേയമായിക്കഴിഞ്ഞിരിക്കുന്നു. ഫണ്ടമെന്റലിസ്റ്റുകളുടെ കൂടെയിരിക്കാൻ എഴുത്തുകാരും കലാകാരന്മാരും പ്രകടിപ്പിക്കുന്ന ‘ജാഗ്രത’ പ്രതിഷേധാർഹമാണ്. നിയമനിർമാണങ്ങളുടെ പേരിൽ ഫാസിസ്റ്റുവൽക്കരണം നടക്കുന്നു. സാഹിത്യത്തിൽ വർഗീയഫാസിസ്റ്റുകൾ കടന്നുവരുന്നു. വൈജ്ഞാനികമണ്ഡലത്തിലുണ്ടായ വികാസം ദലിതരെയും അതിരുവൽക്കരിക്കപ്പെട്ടവരെയും പുതിയ ദൃശ്യങ്ങളിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. അവരുടെ ചെയ്തികളെ മുതലെടുക്കാൻ ബിംബവൽക്കൃതസമൂഹം ശ്രമിക്കുന്നു. ഇതിനൊക്കെ പ്രാധാന്യം നല്കുന്നതു മാധ്യമങ്ങളാണോ? ആ രീതിയിലുള്ള സംവാദങ്ങൾ നടക്കുന്നുണ്ട്.


ഒരുദാഹരണം പറയാം. മലയാളസാഹിത്യത്തിൽ എം.ടിയെപ്പോലെ ബിംബവൽക്കരിക്കപ്പെട്ട മറ്റൊരു എഴുത്തുകാരനില്ല. ചലച്ചിത്രവും കഥകളും അവയുടെ വിലയിരുത്തലുകളും സമൂഹത്തിന്റെ പൊതുമണ്ഡലത്തിനപ്പുറത്തേക്ക് കൊണ്ടുനിർത്തി. എഴുത്തുകാർ ബിംബവൽക്കരണത്തിന്റെ ഭാഗമായിത്തീരരുതെന്ന വിശ്വാസമാണ് എനിക്കുള്ളത്. പിറന്നാൾദിവസം പത്രങ്ങൾ എം.ടിക്കുവേണ്ടി എത്ര പേജുകളാണ് നീക്കിവച്ചത് എന്നോർക്കുക.


ഏതാണ്ട് ഈ ലേഖനത്തിൽനിന്ന് ബിംബവൽക്കരണത്തിന്റെ സൂചനകൾ നിങ്ങൾക്കു ലഭിച്ചിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എഴുത്തുകാരും ബുദ്ധിജീവികളും മനസ്സിലാക്കേണ്ട പ്രധാന കാര്യങ്ങളാണിതെല്ലാം. സമൂഹം ക്രിയാത്മകമായിരിക്കണം എന്നു ഞാൻ വിചാരിക്കുന്നു. സമൂഹത്തിലെ ദുഷിപ്പുകൾ തുറന്നു കാണിക്കാൻ കഴിയണം. ബിംബവൽക്കരണത്തിന്റെ പേരിൽ നീചമായി രൂപപ്പെടുന്ന പ്രത്യയശാസ്ത്ര കാഴ്ചകൾ തുറന്നെതിർക്കാൻ ആരെ നാം ഭയക്കണം?


അധികാരം നമ്മുടെ മുൻപിലുണ്ട്. അധികാരത്തിലെത്താനുള്ള ബിംബമായി ബിംബവൽക്കരണത്തെ കാണുകയാണു ചിലർ.  സമൂഹത്തെ ശുദ്ധീകരിക്കേണ്ടത് ബിംബവൽക്കരണ നിരാകരണത്തിലൂടെയാണ്.