ഫോസെ നാടകങ്ങൾക്കൊരു മുഖവുര – കെ. ബാബു ജോസഫ്

ഫോസെ നാടകങ്ങൾക്കൊരു മുഖവുര  – കെ. ബാബു ജോസഫ്

ഫോസെ നാടകങ്ങളിലെ സംഭാഷണം കവിതയോ, കാവ്യാത്മക ഗദ്യമോ ആണെന്ന വസ്തുത നിഷേധിക്കാനാവില്ല.


2023-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച യോൻ ഫോസെയുടെ എഴുത്തിന്റെ തുടക്കം കവിതയിലും ഫിക്ഷനിലും ആയിരുന്നു. അദ്ദേഹം ഒരു പ്രമുഖ നാടകകർത്താവാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. നാടകരചനയിൽ കൈവയ്ക്കുന്നതിനുമുമ്പ്, നിരവധി നാടകങ്ങളും സിദ്ധാന്തഗ്രന്ഥങ്ങളും അദ്ദേഹം പഠിച്ചു. എന്നിട്ടും, നാടകം തനിക്കന്യമല്ലേയെന്ന സന്ദേഹം കുറേക്കാലം അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നു.


1985-ൽ, നാടകരചനയിൽ ഒരു ദശദിന കോഴ്‌സിന് ഫോസെ ചേർന്നു. ഈ പരിശീലനത്തിന്റെ ബലത്തിൽ, അദ്ദേഹമെഴുതിയ ചില പരീക്ഷണ കൃതികൾ ദുർഗ്രാഹ്യമെന്ന പഴി കേൾപ്പിച്ചു. അവയെ എങ്ങനെ രംഗവേദിയിൽ ആവിഷ്‌കരിക്കുമെന്നതും പ്രശ്‌നമായിരുന്നു. സാമ്പ്രദായികരീതിയിലുള്ള കഥാപാത്രങ്ങളേ അല്ലായിരുന്നു അവയിൽ പ്രത്യക്ഷപ്പെട്ടത്. രംഗാവിഷ്‌കാരം നടത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി ‘നമ്മളൊരിക്കലും വേർപിരിക്കപ്പെടില്ല’ (And We’ll Never Be Parted) എന്ന ചെറുനാടകമാണ്. 1994-ലാണ് സംഭവം. രണ്ടാമത്തെ ‘ആരോ ഒരാൾ വരാനിരിക്കുന്നു’ (Someone is Going to Come) വേദിയിലെത്തിയത് 1996-ൽ. ആദ്യനാടകത്തിൽ, ഭർത്താവിനെ പ്രതീക്ഷിച്ച് വീട്ടിൽ ചടഞ്ഞിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് വരയുന്നത്. വിവാഹം, സ്വകാര്യജീവിതം, വിശ്വസ്തത തുടങ്ങിയവയെപ്പറ്റി അവർക്കുള്ള വിഹ്വലതകളാണ് പ്രമേയം. ഏറെ വിമർശനത്തിനിടയാക്കിയ ഒരു രംഗാവിഷ്‌കാരമായിരുന്നു അത്. മനസ്സിലാക്കാൻ പ്രയാസമുള്ള ഭാഷയാണ് ഉപയോഗിച്ചിരുന്നതെന്നാണ് മുഖ്യ ആവലാതി. തുടർന്നുള്ള എഴുത്തിൽ ഇതിനു പരിഹാരമുണ്ടായി പ്രണയം, വിരഹം, എതിർപ്പ്, ധനമോഹം, അധികാരമോഹം തുടങ്ങിയ സാർവത്രിക വിഷയങ്ങളല്ല അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്നും നോർവീജിയൻ ജീവിതപരിസരങ്ങളുടെ അതിപ്രസരം അദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നുവെന്നുമാണ് മറ്റൊരു പരാതി. എന്നാൽ, സമകാലിക ലോകസാഹിത്യത്തിന്റെ സവിശേഷതകളാണിതൊക്കെ.


അദ്ദേഹത്തിന്റെ താരോദയം സംഭവിക്കുന്നത് ബെറിറ്റ് ഗുൽബെർഗ് (Beriet Gulberg) എന്ന സ്വീഡിഷ് സംവിധായിക അദ്ദേഹത്തിന്റെ നാടകങ്ങളിൽ ജീനിയസിന്റെ കനലാട്ടം കണ്ടതോടെയാണ്. തുടർന്ന്, സീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ, അദ്ദേഹത്തിന്റെ നാടകങ്ങൾ ഓരോന്നായി അവതരിപ്പിക്കപ്പെട്ടു. അഭിനന്ദനങ്ങളുടെയും, ആശംസകളുടെയും പെരുമഴ. 1999-ൽ ഫ്രഞ്ച് സംവിധായകൻ ക്ലൗദെ രെജി (Claude Regy) ‘ആരോ ഒരാൾ വരാനിരിക്കുന്നു’ എന്ന ഫോസെ നാടകത്തിന്റെ ഫ്രഞ്ച് പരിഭാഷ, മൂലകൃതിക്കാവശ്യമായതിന്റെ ഇരട്ടിസമയമെടുത്താണ് രംഗാവതരണം നടത്തിയത്. നാടകത്തിലെ നിരവധി വിരാമങ്ങളും മൗനങ്ങളും ഒക്കെ ചിന്തയിലൂടെ സ്വാംശീകരിക്കുന്നതിന് പ്രേക്ഷകർക്ക് അവസരം കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. ഫോസെ നാടകങ്ങൾക്ക് ജർമനിയിലും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ‘ശരത്കാല സ്വപ്‌നം’ (Dream of Autumn) എന്ന നാടകം അവിടെ കളിച്ചപ്പോൾ, രംഗവേദിയിൽ മണൽ വിരിച്ചിരുന്നുപോലും. കടലും തീരവും അദ്ദേഹത്തിന് പ്രിയപ്പെട്ട പരിസരങ്ങളാണ്. ജർമനിയിൽ അദ്ദേഹത്തിന്റെ നാടകങ്ങൾ ഉണർത്തിയ ആവേശത്തെ ‘ഫോസെപ്പനി’ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. യൂറോപ്പിനുപുറമേ, ജപ്പാൻ, തെക്കൻ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ഫോസെപ്പനി പടർന്നു പിടിച്ചു.


നാല് നാടകങ്ങൾ


ഫോസെ നാടകങ്ങൾ മൊത്തം നാല്പതെണ്ണം. ഈ സംഖ്യ ഇനിയും വർധിച്ചേക്കാം. വാസ്തവത്തിൽ, സര്‍ഗാത്മകസാഹിത്യത്തെ കവിത, നാടകം, ഫിക്ഷൻ തുടങ്ങിയ കള്ളികളിലാക്കുന്നത് കൃത്രിമമായ നടപടിയാണ്. നാടകവും കവിതയും തമ്മിൽ ഒരു സ്വാഭാവികബന്ധമുണ്ടെന്നുവേണം ‘നാടകാന്തം കവിത്വം’ എന്ന ചൊല്ലിനെ വ്യാഖ്യാനിക്കാൻ. നാടകീയതയുള്ള വിവരണങ്ങളാണ് കവിതയിൽ വേണ്ടതെന്നത്രേ ഇതിന്റെ മൂലാർത്ഥം. മറിച്ചും ആയിക്കൂടെ? കവിതയുള്ള നാടകങ്ങളും വേണം. നാടകത്തിലൂടെ കവിതയിലേക്കും, കവിതയിൽനിന്ന് നാടകത്തിലേയ്ക്കും പാലങ്ങൾ ആവശ്യമാണ്. സത്യത്തിൽ, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലമാണുള്ളത്. അതിലൂടെ ഇരുദിശകളിലും സഞ്ചരിക്കാവുന്നതാണ്. കവിതയുടെ തട്ടകത്തിൽനിന്നാണ് ഫോസെ നാടകത്തിലേക്കും, ഒരുപക്ഷേ, ഫിക്ഷനിലേക്കും പ്രവേശിച്ചത്. അദ്ദേഹത്തിന്റെ നാല് നാടകങ്ങളെ ഒരു സമാഹാരത്തിന്റെ ഒന്നാം വാല്യത്തിൽ ഉൾപ്പെടുത്തി 2011-ൽ പ്രസിദ്ധപ്പെടുത്തിയതിനെ ആധാരമാക്കി ചില നിരീക്ഷണങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.


ആരോ ഒരാൾ വരാനിരിക്കുന്നു‘ (Someone is Going to Come )


അവൾ (She), അവൻ (He), ഇവരുടെ ഇടയിലേക്ക് ശല്യക്കാരനായി കയറിച്ചെല്ലുന്ന പുരുഷൻ (Man) എന്നിങ്ങനെ മൂന്ന് കഥാപത്രങ്ങളും, പിന്നെ, അഞ്ച് രംഗങ്ങളും. ഒരുമിച്ച് ജീവിക്കാനുറച്ച് ഇറങ്ങിപ്പുറപ്പെട്ട അവനും അവളും ഒരു പഴയ വീട് വാങ്ങി അവിടെ പാർക്കാനായി എത്തുന്നു. അവർ വീട് ആദ്യമായി കാണുകയാണ്. വീട്ടിൽ പ്രവേശിക്കുന്നതിനുമുമ്പ് അവർ നടത്തുന്ന ആശയവിനിമയം രസകരമാണ്:


അവൾ: ( ഉത്സാഹത്തിൽ) ഉടനെതന്നെ നമ്മൾ നമ്മുടെ വീട്ടിൽ കയറുമല്ലോ.

അവൻ: നമ്മുടെ സ്വന്തം വീട്.

അവൾ: മനോഹരമായ ഒരു പഴയ വീട്. മറ്റു വീടുകളിൽ നിന്നും മറ്റുള്ളോരിൽ നിന്നും അകന്നുമാറി.

അവൻ: നീയും ഞാനും തനിച്ച്.

അവൾ: തനിച്ചുമാത്രമല്ല. തനിച്ചെങ്കിലും ഒരുമിച്ച്

(അവന്റെ മുഖത്ത് നോക്കി) നമ്മുടെ സ്വന്തം വീട്. ഇവിടെ നമ്മളൊരുമിച്ച് നിങ്ങളും ഞാനും തനിച്ചൊരുമിച്ച്

അവൻ: ആരും വരാൻ പോകുന്നില്ല


ഒരുമിച്ചാണെങ്കിലും, ഓരോരുത്തർക്കും സ്വന്തം ഏകാന്തതകൾ, അല്ലെങ്കിൽ സ്വകാര്യതകൾ ഉണ്ട്. അവളുടെ വിശ്വസ്തതയിൽ അവന് നേരിയ സംശയം ഉള്ളതുപോലെയാണ് നാടകം പുരോഗമിക്കുമ്പോൾ കിട്ടുന്ന സൂചന. ഫോസെയുടെ പല പുരുഷകഥാപാത്രങ്ങളും സംശയരോഗികളോ, നിശ്ശബ്ദ കാമുകരോ ആണ്. ജീവിതപങ്കാളികൾ തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ടെങ്കിൽ തീർച്ച. പ്രസ്തുത നാടകത്തിൽ, അവന് അമ്പതിനുമേൽ പ്രായം. ചോരത്തിളപ്പുള്ള അവൾ മുപ്പതുകളിൽ പാറിനടക്കുന്നു. പുരുഷൻ എന്നു വ്യവഹരിക്കപ്പെടുന്ന കഥാപാത്രം വീടിന്റെ മുന്നടമയും  യുവതിയുടെ സമപ്രായക്കാരനും അല്പം ലമ്പടത്വമുള്ളവനും ആണ്. താൽക്കാലികമായിട്ടാണെങ്കിലും, അവൻ രംഗത്തുനിന്ന് മാറുമ്പോൾ, അവൾക്ക് പുരുഷൻ തന്റെ  ഫോൺ നമ്പറെഴുതിയ കുറിപ്പു കൊടുക്കുന്നു. ഒറ്റയ്ക്കിരുന്നു മുഷിയുമ്പോൾ, തന്നെ വിളിക്കണമെന്ന് നിർദേശിച്ചിട്ടാണ് അയാൾ പിരിയുന്നത്. മൂന്നാമതൊരാൾ തങ്ങൾക്കിടയിൽ പാടില്ലെന്ന് പ്രഖ്യാപിച്ച അവൾ ആ കടലാസുകഷണം ഒളിച്ചുവയ്ക്കുന്നു.


ആരോ ഒരാൾകൂടി വരുമെന്ന ഭീതിയാണ് അവനെങ്കിൽ, പ്രതീക്ഷയാണ്  അവളുടെ ഉപബോധത്തിലുള്ളതെന്ന് തോന്നാം. എന്നാൽ മനഃപൂർവം തെറ്റിൽ വീഴുന്നവളല്ലെന്നും തോന്നും. കൃത്യമായൊരുത്തരം കൃതി തരുന്നില്ല.


കഥാപാത്രങ്ങളുടെ സംഭാഷണം കവിതപോലെ ചടുലവും, സുന്ദരവും, മൂർച്ചയുള്ളതമാണ്. സംഭാഷണത്തിലെ താത്കാലിക വിരാമങ്ങളും മൗനങ്ങളും അർത്ഥസമ്പുഷ്ടമാണ്. സമകാലിക കവിതയിലുള്ളപോലെ, ഫോസെ നാടകങ്ങളിലെ ‘ചിഹ്നദാരിദ്ര്യം’ ശ്രദ്ധേയമാണ്. അർദ്ധവിരാമങ്ങൾ അപൂർവം; പൂർണവിരാമങ്ങൾ ഇല്ലേയില്ല.


പേര് (The Name)


(പൂർണഗർഭിണിയായ) പെൺകുട്ടി, സഹോദരി, അമ്മ, അച്ഛൻ, പങ്കാളി, ബ്യൂനെ (Bjarne) എന്ന പെൺകുട്ടിയുടെ പൂർവകാല സുഹൃത്ത് അല്ലെങ്കിൽ കാമുകൻ എന്നിവരാണ് നാടകത്തിൽ പ്രത്യക്ഷപ്പെടുന്നത്. അവളുടെയോ, പങ്കാളിയുടെയോ പക്കൽ ഒട്ടും പണമില്ല. പ്രസവമടുത്തുവരുന്നതിനാൽ, അവളുടെ മാതാപിതാക്കളുടെ കൂടെ, അവരെ ആശ്രയിച്ച്, താമസിക്കാൻ വന്നതാണ്.


ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്തു പേരിടണമെന്നതിനെ ചൊല്ലി പെൺകുട്ടിയും പങ്കാളിയും തമ്മിൽ തർക്കിക്കുന്നതിനിടയിൽ, അവളുടെ ഒരു പൂർവകാല സുഹൃത്ത്, ബ്യൂനെ, അവിടെയെത്തുന്നു. വെറും സുഹൃത്തല്ലായിരുന്നു അയാളെന്ന് സന്ദർഭത്തിൽനിന്നു മനസ്സിലാക്കാം. പങ്കാളി അകത്തേക്ക് പോയതക്കം നോക്കി, ബ്യൂനെ അവളുടെ മാറിൽ വയ്ക്കുന്ന കൈ അവൾ തട്ടിമാറ്റുന്നുണ്ട്. എന്നാൽ, ഇപ്പോഴത്തെ പങ്കാളി തന്നെ വിട്ടുപോകുന്നെങ്കിൽ, തന്റെ കുഞ്ഞിന് ബ്യൂനെ എന്ന് പേരിടാമെന്ന് അവൾ അയാളോട് വാഗ്ദാനം ചെയ്യുന്നു. അവളുടെ സംഭാഷണത്തിൽനിന്ന് കുഞ്ഞിന്റെ യഥാർഥ പിതാവാരെന്ന് പ്രേക്ഷകർക്കൊപ്പം അവൾക്കും സംശയമില്ലേയെന്ന് തോന്നിപ്പോകും. കുഞ്ഞിനിടാനുള്ള പേര് തീരുമാനിക്കപ്പെടാതെ, നാടകം അവസാനിക്കുന്നു. ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിച്ച വിശ്വമഹാകവിയെ സ്മരിക്കാം.


ഗിത്താർ വായനക്കാരൻ (The Guitar Man)


ഗിത്താർ വായിച്ച് ഭിക്ഷ തേടുന്ന ഒരു വഴിയോര യാചകന്റെ ആത്മഭാഷണം (Monologue) ആണീ കൃതി. ഒരേയൊരു കഥാപാത്രം മാത്രമുള്ള ഏകപാത്ര നാടകം (Solo drama).  രണ്ട് സംഭാഷണഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു.


ഗിത്താർ വായനക്കാരൻ : നിങ്ങൾ കാണുന്നതിനപ്പുറം ഒന്നുമില്ലെനിക്ക്.

എനിക്കു ചില പാട്ടുകളറിയാം.

പക്ഷേ, ഒത്തിരിയെണ്ണമില്ല.

അറിയാവുന്നതിൽ മിക്കതും ഞാൻ മറന്നുപോയി.

നിങ്ങൾ കാണുന്നതിനപ്പുറം ഒന്നുമല്ല ഞാൻ.

നിങ്ങൾ കാണുന്നതു തന്നെയാണു ഞാൻ.

ചെറുചലനങ്ങളാണു ഞാൻ, കാറ്റും മഴയുമാണു ഞാൻ,

കടുത്ത നിരാശയാണു ഞാൻ….


വരികൾ ഇവിടെ മുറിയുന്നു. ‘ഉള്ളിലിരിപ്പ്’ എന്താണെന്ന് വ്യക്തമാക്കാതെ, സ്വന്തം ഗിത്താറിന്റെ കമ്പികൾ ഓരോന്നായി അയാൾ വേർപെടുത്തിക്കളയുന്നു. വീണ്ടും പാടുന്നു:

എനിക്കൊന്നും കളയാനില്ല, എനിക്കൊന്നും നേടാനില്ല.

എനിക്കുതന്ന ഭാവിയുടെ, ബാക്കിയൊന്നുമില്ല.

ഞാനൊരു ഭാഷയാണ്, മറ്റാർക്കും തിരിയാത്ത ഭാഷ,

എനിക്കുമാത്രം തിരിയുന്ന ഭാഷ.

ഒരു സിനിക്കായി ജീവിച്ച്, ഒടുവിൽ സ്വന്തം ഗിത്താറും, പെട്ടിയും ഉപേക്ഷിച്ച്, പോക്കറ്റിൽ ഒരു ബിയറിനുള്ള നാണയവുമായി നടന്നകലുന്നു, ഈശ്വരനെന്നയാൾ നിർവചിക്കുന്ന അജ്ഞാതത്തിലേക്ക്, ഭാവിയിലേക്ക്…


കുഞ്ഞ് (The Child)


ഈ സമാഹാരത്തിലെ അവസാനത്തെയും ഏറ്റവും ഹൃദയസ്പർശിയുമാണ് കുഞ്ഞെന്ന നാടകം. ഫ്രെഡ്രിക്ക്, അർവിദ്, ഡോക്ടർ എന്ന മൂന്നു പുരുഷന്മാരും, ആഗ്നസ്, അമ്മ എവ്‌ലിൻ, നഴ്‌സ് എന്ന മൂന്നു സ്ത്രീകളുമാണ് വേദിയിൽ വരുന്നത്. ആഗ്നസും ഫ്രെഡ്രിക്കും മുപ്പതുകളിൽ അടിച്ചുപൊളിക്കുന്ന യുവതീയുവാക്കൾ. അർവിദിന് അൻപതിനുമേൽ പ്രായം. മൊത്തം നാല് അങ്ക (Act) ങ്ങളുള്ള ഉജ്ജ്വലനാടക ശില്പം.


ബിയർകുപ്പികൾ നിറച്ച ഒരു ബാഗുമായി, മഴനനഞ്ഞ്, ഫ്രെഡ്രിക്ക് ഒരു ബസ്‌ഷെൽട്ടറിലേക്കു കയറുന്നു. അവിടെ അർവിദ് ഇരിപ്പുണ്ട്, കാലിയായ ബിയർകുപ്പികൾ നിറച്ച ഒരു ബാഗുമായി. ഒരു സിഗററ്റ് ലൈറ്ററുണ്ടോ എന്നു തിരക്കി, ഫ്രെഡ്രിക്ക് അർവിദുമായി സംസാരിക്കുന്നു. പുകവലിക്കാത്ത അയാളുടെ പക്കൽ ലൈറ്ററില്ല.


ബാഗിൽനിന്നൊരു കാലിക്കുപ്പിയെടുത്ത് അർവിദിന് കൊടുക്കുന്ന ഫ്രെഡ്രിക്ക് ഒരു പുതിയ കുപ്പി പൊട്ടിച്ച് ബിയർ കുടിക്കുന്നു. ഫ്രെഡ്രിക്കിനോട് ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോയെന്ന് അർവിദ് പൊടുന്നനെ ചോദിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടി നല്കുന്നില്ലയാൾ. ഫ്രെഡ്രിക്ക് സമ്മാനിക്കുന്ന അവസാനത്തെ കാലിക്കുപ്പിയുമായി അർവിദ് സ്ഥലം വിടുന്നതോടെ, ഫ്രെഡ്രിക്കും ആഗ്നസും – യുവമിഥുനങ്ങൾ – തനിച്ചാകുന്നു. മുൻപെടുത്ത സിഗററ്റ് കത്തിക്കാനാവാതെ മഴയിലേക്ക് വലിച്ചെറിഞ്ഞത് മറന്ന ഫ്രെഡ്രിക്ക്, വീണ്ടുമൊരു സിഗററ്റെടുത്ത്, ലൈറ്ററിനായി പോക്കറ്റിൽ തപ്പുന്നു. അയാൾക്ക് രണ്ടാമത്തെ സിഗററ്റും വലിക്കാതെ ഉപേക്ഷിക്കേണ്ടിവരുന്നത് ആഗ്നസിന്റെ കൈയിലും ലൈറ്റർ ഇല്ലാതിരുന്നതുകൊണ്ടാണ്. അവൾ സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെ: