തീവണ്ടിയാത്രയിലെ പുസ്തകവായന – എൻ. ഇ. സുധീർ
ഒരിക്കൽ കെ.ആർ.നാരായണൻ (മുൻ രാഷ്ട്രപതി) മദ്രാസിൽനിന്ന് ഡൽഹിയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയിൽ സോമർസെറ്റ് മോമിന്റെ ‘പെയിന്റഡ് വെയിൽ’ (Painted Veil) എന്ന നോവൽ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. കഥാനായികയുടെ ഒരു മാദകരൂപമാണ് പുസ്തകത്തിന്റെ കവർചിത്രമായി കൊടുത്തിരുന്നത്. അദ്ദേഹമതു വായിക്കാനെടുത്തു. ഇനി ആ തീവണ്ടിയാത്രയിൽ നടന്നത് അദ്ദേഹം വിവരിക്കുന്നത് വായിക്കാം.
“ഞാൻ പുസ്തകം തുറന്നു വായിക്കാൻ തുടങ്ങുന്നതിനു മുമ്പ് എനിക്കെതിരെ ഇരുന്നിരുന്ന, മൈസൂർകാരനായ, തലനരച്ച, ഒരു ഇക്കണോമിക്സ് പ്രഫസർ, പുസ്തകം ഒരു നോക്കു കാണട്ടെ എന്നു വിനീതനായി ചോദിച്ചു. പുസ്തകം അദ്ദേഹത്തിനു കൊടുത്തിട്ട് അതു തിരിച്ചുകിട്ടുന്നതും കാത്തു ഞാൻ ക്ഷമയോടെയിരുന്നു. പക്ഷേ, പ്രഫസറാകട്ടെ, ഞാൻ മുന്നിലിരിക്കുന്ന കാര്യംപോലും മറന്ന്, പുസ്തകത്തിൽനിന്നു കണ്ണെടുക്കാതെ അതിന്റെ വായനയിൽ മുഴുകി. എന്റെ സഹയാത്രക്കാർ മോമിന്റെ ഭാവനാസൃഷ്ടിയെ രഹസ്യമായി ആസ്വദിക്കുന്ന പ്രഫസറെ അസൂയയോടെ, ആർത്തിയോടെ ഒളികണ്ണിട്ടു നോക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ആസ്വാദനത്തിനു തടസ്സംസൃഷ്ടിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട് അടുത്ത സ്റ്റേഷനിൽനിന്നു മറ്റൊരു ‘പേപ്പർ ബായ്ക്ക്’ പുസ്തകം വാങ്ങി ഞാൻ വായിച്ചു. രാത്രി ഞാൻ മുകളിലത്തെ ബർത്തിൽ ഉറങ്ങാൻ കിടന്നപ്പോഴാണ് പ്രഫസർ പുസ്തകം വായിച്ചു തീർത്തു തിരിച്ചേല്പിച്ചത്. അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിച്ചാലെന്നതുപോലെ ഞാൻ ആഹ്ലാദിച്ചു. വീണ്ടും ‘പെയിന്റഡ് വെയിൽ ‘ വായിക്കാനാരംഭിച്ചപ്പോൾ അടുത്തുള്ള അപ്പർബെർത്തിൽ ചാരിക്കിടന്നിരുന്ന സ്നേഹസമ്പന്നനായൊരു സഹയാത്രികൻ പുസ്തകത്തിനു കൈ നീട്ടി. എന്റെ ക്ഷമ നശിച്ചു. തീവണ്ടിയാത്രയ്ക്കിടയിൽ വായിക്കാൻ വേണ്ടി വാങ്ങിയതാണീ പുസ്തകമെന്നു ഞാൻ പറഞ്ഞു. പുസ്തകം എന്റെ സ്വന്തമാണോ എന്നയാൾ അതിസൗമ്യമായി ആരാഞ്ഞു. ആണെന്നു ഞാൻ പറഞ്ഞപ്പോൾ ഉടൻ മറുപടി വന്നു. “എങ്കിലീ ധൃതിയെന്തിന്? ഡൽഹിയിലെത്തിയിട്ടു നിങ്ങൾക്കു വായിക്കാമല്ലോ.”എനിക്കു ദേഷ്യം വന്നു. അയാളോടു വെറുപ്പു തോന്നി. എങ്കിലും, അയാൾ പറഞ്ഞതിലെ യുക്തി അധികംവൈകാതെ എനിക്കു ബോധ്യമായി. നോവൽ അയാൾക്കു കൊടുത്തു. സോഷ്യലിസത്തിന്റെ സമ്മോഹനരൂപം സ്വപ്നംകണ്ടു ഞാൻ ഉറങ്ങി. ” (കെ.ആർ. നാരായണന്റെ ‘ഉൾക്കാഴ്ചകൾ’ എന്ന പുസ്തകത്തിലെ ‘ഒരു തീവണ്ടിയാത്ര’ എന്ന ലേഖനം – ഡി.സി ബുക്സ് പ്രസാധനം).
മുമ്പൊക്കെ പലരും തീവണ്ടിയാത്രയിലാണ് ദീർഘനേരം പുസ്തകങ്ങൾ വായിച്ചിരുന്നത്. ഞാനും പല പ്രധാനപ്പെട്ട പുസ്തകങ്ങളും വായിച്ചത് ട്രെയിൻ യാത്രയിലാണ്. ഇപ്പോഴും അതു തുടരുന്നുണ്ട്. വായനയ്ക്ക് ഇത്രയും സുഖകരമായ മറ്റൊരിടം വേറെയില്ല. നിർഭാഗ്യവശാൽ ഇന്നിപ്പോൾ വായനക്കാരെ അധികമൊന്നും തീവണ്ടികളിൽ കാണാറില്ല. യാദൃച്ഛികമായാണ് കെ.ആർ.നാരായണന്റെ മുകളിൽ സൂചിപ്പിച്ച ലേഖനം കാണാനിടയായത്. കെ.ആർ. നാരായണനെന്ന വായനക്കാരനെ മലയാളി അറിഞ്ഞിട്ടേയില്ല. എന്തിനധികം, മഹാനായ ആ മലയാളിക്ക് മികച്ചൊരു ജീവചരിത്രംപോലും ഇതുവരെ ഉണ്ടായില്ല.
പുസ്തക ഭ്രാന്ത്
പുസ്തകഭ്രാന്ത് എന്നൊന്നുണ്ട്. അതിന്റെ ഇരകളായിരുന്നു കെ.ആർ. നാരായണനോടൊപ്പം അന്നു തീവണ്ടിയിൽ യാത്ര ചെയ്തവർ. ഇഷ്ടപ്പെട്ട പുസ്തകം കൈക്കലാക്കുവാനായി അവർ മര്യാദയില്ലാതെ, ഒട്ടും ഔചിത്യംകാണിക്കാതെ പെരുമാറിയെന്നു വരാം. ലോകത്ത് ഇത്തരം വായനക്കാർ ധാരാളമുണ്ട്. ഇത് സ്വയം തിരിച്ചറിഞ്ഞ ഒരു വായനഭ്രാന്തനായിരുന്നു ഗുരു നിത്യചൈതന്യയതി. അദ്ദേഹം തന്റെ പുസ്തകഭ്രാന്തിനെപ്പറ്റി ‘ദൈവമേ ഈ പുസ്തകങ്ങൾ’ എന്ന പേരിൽ ഒരു ലേഖനവുമെഴുതിയിട്ടുണ്ട്. അതിലദ്ദേഹം എഴുതി:”പുസ്തകഭ്രാന്തന്മാരെ മറ്റു പുസ്തകഭ്രാന്തന്മാർ അറിയാതെപോലും വീട്ടിലേക്കു ക്ഷണിക്കുകയില്ല. സത്യംപറഞ്ഞാൽ ഞാൻ ഇതുവരെ മൂന്നു പുസ്തകങ്ങളേ മോഷ്ടിച്ചിട്ടുള്ളൂ. രണ്ടെണ്ണം ഹവായ് യൂണിവേഴിസിറ്റിയിൽനിന്നും ഒരെണ്ണം സിഡ്നി യൂണിവേഴ്സിറ്റിയിൽനിന്നും. മൂന്നും ഇന്ത്യൻ പുസ്തകങ്ങളായിരുന്നു എന്നതാണ് അത്ഭുതം. ഒരുവർഷം ഞാൻ ഇതിന്റെ കുറ്റബോധവുമായി നടന്നു. പിന്നെ, രണ്ടു പുസ്തകങ്ങൾ മാപ്പു ചോദിക്കാതെ തിരിച്ചുകൊടുത്തു. കിട്ടാത്ത പുസ്തകങ്ങളുടെ ഫോട്ടോകോപ്പി എടുക്കുവാൻ ഇപ്പോൾ നിഷ്പ്രയാസം കഴിയുന്നതുകൊണ്ട് പുസ്തകമോഷണം എന്ന കല വളർത്തേണ്ടെന്നു ഞാൻ തീരുമാനിച്ചു. അന്ത്യനാളുകളിൽ ദൈവം എന്നോട്, നീ മോഷ്ടിച്ചിട്ടുണ്ടാ? എന്നു ചോദിച്ചാൽ, ഒന്നു വിക്കിയിട്ട്, ഇല്ല തമ്പുരാനെ എന്നു ഞാൻ ധൈര്യമായി പറയും.”
അതേ ലേഖനത്തിൽ മറ്റൊരിടത്ത് നിത്യചൈതന്യയതി ഇത്രയുംകൂടി എഴുതി: “ഞാൻ ഊട്ടിയിൽവച്ചു മരിച്ചാൽ പഠനമുറിയിൽനിന്നു വളരെ ദൂരെ കുഴിച്ചിടരുതെന്ന് പ്രിയ സ്നേഹിതർ ജോസ് ആന്റണിയെയും വിനോദിനെയും ഞാൻ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ആരെയും ഭയപ്പെടുത്താതെ ലൈബ്രറിയിൽവന്നു പോകുവാൻ ശവക്കല്ലറയിൽനിന്ന് പഠിപ്പുമുറിയിലേക്ക് ഒരു ചെറിയ ദ്വാരം ഇട്ടു വയ്ക്കുവാനും പറഞ്ഞുവച്ചിരിക്കുകയാണ്. അത്രയ്ക്കു പ്രേമമാണ് എനിക്ക് ഈ പുസ്തകങ്ങളോട്. അവയുടെ മുമ്പിലിരിക്കുമ്പോഴാണ്, മനുഷ്യായുസ്സ് കൂടിപ്പോയാൽ എൺപതോ, നൂറോ മതിയെന്നു തീരുമാനിച്ച ദൈവത്തിന്റെ ലുബ്ധിൽ കടുത്ത അസംതൃപ്തി തോന്നുന്നത്.” (യതിസാരസർവസ്വം – സാമൂഹികദർശനം – നിത്യചൈതന്യയതി, വോള്യം 3,ഡി.സി. ബുക്സ് – കോട്ടയം)
ജന്റിൽ മാഡ്നസ്‘
പുസ്തകഭ്രാന്തിനെപ്പറ്റിയുള്ള ഒരു പുസ്തകവും ഇംഗ്ലീഷിൽ പുറത്തുവന്നിട്ടുണ്ട്. നിക്കളസ് എ. ബാസ്ബേൻസ് രചിച്ച ‘എ ജന്റിൽ മാഡ്നസ്’ ( A Gentle Madness – Bibliophiles, Bibliomanes, and the Eternal Passion for Books- Nicholas A. Basbanes) എന്ന മനോഹരമായ പുസ്തകം. പുസ്തകങ്ങൾ സ്വന്തമാക്കാനുള്ള ഉൽക്കടമായ ആഗ്രഹംകൊണ്ട് ലോകത്തെവിടെയെല്ലാമോ ഉള്ള പല വായനക്കാർ ചെയ്തുകൂട്ടിയ ഭ്രാന്തമായ പ്രവർത്തനങ്ങളെ വിശദമാക്കുകയാണ് ഗ്രന്ഥകാരൻ. ഇരുനൂറ്റി എൺപത്താറു ലൈബ്രറികളിൽനിന്ന്, പത്തൊൻപതു ടൺ ഭാരം വരുന്ന പുസ്തകങ്ങൾ മോഷ്ടിച്ച സ്റ്റീഫൻ ബ്ലുംബർഗ് എന്ന പുസ്തകഭ്രാന്തനെ നമുക്കീപുസ്തകത്തിൽ പരിചയപ്പെടാം. അവയത്രയും മോഷ്ടിച്ച് ഭദ്രമായി അയാൾ സംരക്ഷിച്ചു വയ്ക്കുകയായിരുന്നു. പക്ഷേ, ഒടുക്കം പിടിക്കപ്പെട്ട് ജയിലിലായി.
എന്തുവില കൊടുത്തും ഗ്രന്ഥങ്ങളുടെ ആദ്യപ്രതി കൈക്കലാക്കുന്ന ധാരാളം പേരുണ്ട്. മിൽട്ടന്റെ പാരഡൈസ് ലോസ്റ്റിന്റെ കൈയെഴുത്ത് പ്രതി കൈക്കലാക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ഒരാൾ കൊടുത്തത്. മരിക്കുമ്പോൾ തങ്ങളോടൊപ്പം പ്രിയപ്പെട്ട പുസ്തകവും അടക്കം ചെയ്യണം എന്ന് വാശിപിടിച്ച കുറെ പുസ്തകപ്രേമികൾ. സ്വന്തം ജീവനേക്കാൾ പുസ്തകങ്ങളെ സ്നേഹിച്ച മറ്റൊരു കൂട്ടം. തന്റെ ലൈബ്രറിയുടെ മുകളിൽ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി പുസ്തകം തിരയുമ്പോൾ മെഴുകുതിരിയിൽനിന്ന് ഉടുത്ത വസ്ത്രത്തിനു തീപിടിച്ച് മരിച്ചുപോയ തിയോഡർ മോംസൻ എന്ന സാഹിത്യ നൊബേൽ സമ്മാനജേതാവിന്റെ കഥ. ഇതൊക്കെ ചേർന്നതാണ് ‘ജന്റിൽ മാഡ്നസ്’ എന്ന പുസ്തകം. പുസ്തകപ്രേമത്തിന്റെ വിചിത്രകഥകൾകൊണ്ട് ഓരോ വായനക്കാരനെയും കൊതിപ്പിക്കുന്ന ഒന്നാണ് ഈ ബൃഹദ്ഗ്രന്ഥം.
അശ്വത്ഥാമാവും വ്യാജവാർത്തയും.
മഹാഭാരതയുദ്ധത്തിൽ ദ്രോണാചാര്യരുടെ ആത്മവീര്യം കുറയ്ക്കുവാനായി കൃഷ്ണൻ കണ്ടെത്തിയ മാർഗമാണ് വ്യാജവാർത്തയുണ്ടാക്കുക എന്നത്. ദ്രോണരുടെ ശക്തനായ മകൻ അശ്വത്ഥാമാവ് യുദ്ധത്തിൽ മരിച്ചു എന്ന വ്യാജവാർത്ത ദ്രോണരെ അറിയിച്ച് അദ്ദേഹത്തിന്റെ വീര്യം നശിപ്പിച്ച കഥ പ്രസിദ്ധമാണല്ലോ. അതിനെ നീതിമത്കരിക്കുവാൻ അശ്വത്ഥാമാവ് എന്ന പേരുള്ള ഒരാനയെ ഭീമൻ ശ്രീകൃഷ്ണന്റെ പദ്ധതിപ്രകാരം കൊല്ലുന്നു. എന്നിട്ട് അശ്വത്ഥാമാവിനെ കൊന്നു എന്നു ഭീമൻ പ്രഖ്യാപിക്കുന്നു. മകന്റെ ശക്തിയിൽ ഉറച്ച വിശ്വാസമുണ്ടായിരുന്ന ദ്രോണർ ആദ്യമിതു വിശ്വസിക്കുന്നില്ല. സംശയം തീർക്കാൻ ദ്രോണർ ഇക്കാര്യം യുധിഷ്ഠിരനോട് തിരക്കുന്നു. സത്യത്തിന്റെ പക്ഷം മാത്രം നില്ക്കുന്ന യുധിഷ്ഠിരൻ അശ്വത്ഥാമാവ് മരിച്ചു എന്നു വ്യക്തമായും അതു താങ്കളുടെ മകനല്ല, ആ പേരിലുള്ള ഒരാനയായിരുന്നു എന്നു ദ്രോണർ കേൾക്കാതെയും പറയുന്നു. അങ്ങനെ കൃഷ്ണന്റെ ചതി പ്രയോഗം ലക്ഷ്യംകാണുന്നു. മാനസികമായി തളർന്ന ദ്രോണാചാര്യരെ പാണ്ഡവസൈന്യത്തിന്റെ നായകനായ ദൃഷ്ട്യധുമ്നൻ തലയറത്തു കൊല്ലുന്നു. ഇതാണ് പുരാണകഥ.
വ്യാജവാർത്തയുടെ പ്രയോഗം മനസ്സിലാക്കാൻ ഇതിലും നല്ലൊരുദാഹരണമില്ല. സത്യത്തിൽ വ്യാജവാർത്തയുടെ വേരുകൾ പുരാണത്തിലാണ് കണ്ടെത്തേണ്ടത് എന്നും ഇതു വ്യക്തമാക്കുന്നു. ഗൗരവ് സൂദിന്റെ ‘Fake News Spot It, Stop It’ എന്ന പുസ്തകം തുടങ്ങുന്നത് ഈ കഥ പറഞ്ഞുകൊണ്ടാണ്. വ്യാജവാർത്ത നിർമിതി ഇന്നൊരു വ്യവസായമാണ്. ലോകത്തിന്റെ ഗതി മാറ്റാനുള്ള കരുത്തു നേടിക്കഴിഞ്ഞ ഒരു വ്യവസായം. അതിന്റെ ആഴങ്ങളിലേക്കുള്ള അന്വേഷണമാണ് ഈ പുസ്തകം. (Fake News- Spot It- Stop It- Gaurav Sood- Penguin Random House).
കസാൻദ്സാക്കിസെന്ന പ്രഹേളിക
“ഞാനൊന്നും ആഗ്രഹിക്കുന്നില്ല, ഒന്നിനെയും ഞാൻ ഭയപ്പെടുന്നില്ല. ഞാൻ സ്വതന്ത്രനാണ് ” എന്നു പറയുകയും അങ്ങനെ ജീവിക്കുകയുംചെയ്ത വലിയ എഴുത്തുകാരനാണ് കസാൻദ്സാക്കിസ്. ഇതിഹാസതുല്യമായ നോവലുകൾകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ശബ്ദമായി മാറിയ മഹാനായ ഗ്രീക്ക് എഴുത്തുകാരൻ. അതിസങ്കീർണമായ ആ ജീവിതത്തെ അടയാളപ്പെടുത്താൻ അദ്ദേഹത്തിന്റെ രചനകളോളം മറ്റൊന്നിനും കഴിയുകയില്ല. ജീവിതത്തിന്റെ അര്ഥംതേടിയുള്ള ഒരു ആത്മീയസഞ്ചാരമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം കവിയായിരുന്നു, നോവലിസ്റ്റായിരുന്നു. അദ്ദേഹം ദാർശനികനായിരുന്നു, സഞ്ചാരിയായിരുന്നു. രാഷ്ട്രീയത്തിലും മാധ്യമപ്രവർത്തനത്തിലും അദ്ദേഹം വ്യാപരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേറിട്ട ക്രിസ്തുദർശനം ഇന്നും ലോകത്തിന് പ്രിയപ്പെട്ടതായി നിലകൊള്ളുന്നു. ആത്മീയപരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിന്റെ നോവലുകൾ. ഇവയൊക്കെ വായിച്ചാലും യഥാർഥത്തിൽ ഈ കസാൻദ്സാക്കിസ് ആരാണെന്ന ചോദ്യം വായനക്കാരുടെ മനസ്സിൽ ബാക്കി നില്ക്കും. കാരണം, ആ ജീവിതം എല്ലാ അർഥത്തിലും ഒരു പ്രഹേളികയായിരുന്നു. ആ ജീവിതത്തെ അടുത്തറിയാൻ സഹായിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ കത്തുകളുടെ സമാഹാരം. പീറ്റർ ബെയിൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ‘The Selected Letters of Nikos Kazantzakis’ എന്ന പുസ്തകം. (‘The Selected Letters of Nikos Kazantzakis’ – Edited and translated by Peter Bien (Princeton University Press). ആ മനസ്സിന്റെ ആഴവും ധിഷണയുടെ ഊർജവും ഈ പുസ്തകത്തിലെ വരികളിലുണ്ട്. ഞാനതു വായിച്ചുകൊണ്ടിരിക്കുകയാണ്. അല്ല, അതിൽ മുങ്ങിത്താഴുകയാണ്. അതൊരു നിലയില്ലാകടലാണ്.
കസാൻദ്സാക്കിസ് തന്റെ കാലത്തെയും താൻ ജീവിച്ച ലോകത്തെയും ആഴത്തിൽ അറിയാൻശ്രമിച്ച ഒരു മനുഷ്യനാണ്. പല ലോകസംഭവങ്ങളെപ്പറ്റിയുമുള്ള ആശങ്കകളും അഭിപ്രായങ്ങളും ഈ കത്തുകളിലുണ്ട്. 1948-ൽ അദ്ദേഹമെഴുതിയ ഒരു കത്തിൽ ഗാന്ധിജി കൊല്ലപ്പെട്ടതിനെപ്പറ്റിയാണ് എഴുതിയിരിക്കുന്നത് : “… And the other day came the murder of Gandhi, filling my heart and mind with bitterness. A few days ago the world shrank; four bullets deeply wounded the whole world’s conscience. It was very natural in a world as materialistic, grasping, and immoral as is our contemporary world- natural for the hero of nonviolence to be killed by violence.” അസാധാരണമായ നിരീക്ഷണങ്ങളും ജീവിത വീക്ഷണങ്ങളുംകൊണ്ട് നിറഞ്ഞ ഈ കത്തുകൾ ആ മനുഷ്യനിലേക്ക് വായനക്കാരെ ചേർത്തു നിർത്തുന്നു. ആ ജീവിതത്തിന്റെ ഓരോ കോണിലേക്കും വെളിച്ചം വീശുന്ന ഒരമൂല്യനിധി.
പ്രകാശംപരത്തിയ നിരൂപകൻ.
കെ.പി.അപ്പനെ എനിക്ക് നേരിൽ കാണാൻ സാധിച്ചിട്ടില്ല. പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ സംസാരിച്ചത് മിക്കപ്പോഴും പുസ്തകങ്ങളെക്കുറിച്ചായിരുന്നു. അദ്ദേഹവും ഒരു പുസ്തകഭ്രാന്തനായിരുന്നല്ലോ. മലയാളിയുടെ സാഹിത്യാനുഭവത്തെ ആഴത്തിൽ സ്പർശിച്ച ആ നിരൂപകനെപ്പറ്റി ഒരു ജീവചരിത്രം പുറത്തു വന്നിരിക്കുന്നു. പ്രസന്നരാജൻ എഴുതിയ – ‘കെ.പി. അപ്പൻ – നിഷേധിയും മഹർഷിയും’ എന്ന പുസ്തകം.
അപ്പന്റെ എഴുത്തിനെയും ജീവിതത്തെയും അടയാളപ്പെടുത്തുവാനുള്ള ഒരു ശ്രമമാണ് പ്രസന്നരാജൻ ഈ കൃതിയിലൂടെ നടത്തുന്നത്. മലയാളത്തിലെ സാഹിത്യ വിമർശനകലയ്ക്ക് എങ്ങനെയാണ് കെ.പി.അപ്പൻ പുതിയൊരു ഊർജപ്രവാഹമായത് എന്നു ഗ്രന്ഥകാരൻ ഭംഗിയായി അടയാളപ്പെടുത്തുന്നുണ്ട്. തന്റെ കാലത്തെയും തനിക്കു ചുറ്റുമുള്ള ലോകത്തെയും മഹത്തായ സാഹിത്യാനുഭവത്തെയും മനസ്സിലാക്കാൻ അപ്പൻ നടത്തിയ ശ്രമങ്ങളും ഈ പുസ്തകത്തിൽനിന്നു വായിച്ചെടുക്കാൻ കഴിയും.
സാഹിത്യകൃതികളിൽ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറത്തെ സത്യം തേടിപ്പോയ ഒരാളാണ് കെ.പി.അപ്പൻ എന്നാണ് പൊതുവിൽ വിലയിരുത്താറ്. അതിലദ്ദേഹം വിജയിച്ചില്ല എന്നാണ് ഞാൻ കരുതുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ വിമർശനങ്ങൾ തന്റെ ഇഷ്ടാനിഷ്ടങ്ങളിൽ കുരുങ്ങിപ്പോയി എന്ന് ആ രചനകളെ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കിയാൽ ആർക്കും ബോധ്യപ്പെടും. എന്നാലും മലയാളവിമർശനത്തിൽ പുതിയൊരുൾക്കാഴ്ച നല്കാൻ അദ്ദേഹത്തിനു സാധിച്ചു. സാഹിത്യത്തെ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കിയാൽ മാത്രമേ അതിലെ യഥാർഥ സൗന്ദര്യത്തെ കണ്ടെത്താനാവൂ എന്ന് അപ്പൻ ശഠിച്ചു. മലയാളിവായനക്കാർക്ക് അതു പുതിയൊരറിവായിരുന്നു. നിരൂപണത്തിനെ സൃഷ്ടിപരമായി സൗന്ദര്യവത്കരിക്കാൻ അപ്പനു സാധിച്ചു. അദ്ദേഹത്തിന്റെ വിമർശനഭാഷ ഏറെ സ്വീകരിക്കപ്പെട്ടു. അതിനു ധാരാളം വായനക്കാരുണ്ടായി.
അപ്പന്റെ സാഹിത്യപ്രേമം ഈ ജീവചരിത്രകാരൻ നല്ലതുപോലെ ഒപ്പിയെടുത്തിട്ടുണ്ട്. അപ്പനിലെ വിമർശനധിഷണയെ അത്രത്തോളം വിശദീകരിക്കാൻ അദ്ദേഹം ശ്രമിച്ചു കാണുന്നില്ല. തീർച്ചയായും പുതിയ തലമുറ വായനക്കാർക്ക് ക്ഷോഭിച്ചിരുന്ന ഒരു മനസ്സിനെ പരിചയപ്പെടാൻ ഈ കൃതി സഹായിക്കും. അതിലൂടെ ഒരു കാലഘട്ടത്തിന്റെ സാഹിത്യ സൗന്ദര്യത്തെയും. (കെ.പി. അപ്പൻ – നിഷേധിയും മഹർഷിയും. പ്രസന്നരാജൻ – മാതൃഭൂമി ബുക്സ്.)