ടെക്നോളജി നമ്മെ കൊല്ലുമോ? – ജീവൻ ജോബ് തോമസ്

ടെക്നോളജി നമ്മെ കൊല്ലുമോ?  –  ജീവൻ ജോബ് തോമസ്

അൾട്രാഇന്റലിജൻസ് മെഷീനുകളുടെ ആവിർഭാവത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുന്ന ഒരു ലേഖനം ബ്രിട്ടീഷ് ഗണിതജ്ഞനും ക്രിപ്റ്റോളജിസ്റ്റുമായ ഐ.ജെ.ഗുഡ്, “സ്പെക്യുലേഷൻസ് കൺസേണിങ്ങ് ദ ഫസ്റ്റ് അൾട്രാഇന്റലിജന്റ് മെഷീൻ” 1965-ൽ എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നത്, ഭൂമിയിലെ ആദ്യത്തെ അൾട്രാഇന്റലിജന്റ് മെഷീൻ ആയിരിക്കും മനുഷ്യന്റെ അവസാനത്തെ കണ്ടുപിടിത്തം എന്നാണ്. കാരണം, പിന്നീടു കണ്ടുപിടിത്തങ്ങൾ നടത്താൻപാകത്തിനു മനുഷ്യരാശിക്ക് നിലനില്ക്കാൻ ബുദ്ധിമുട്ടായിരിക്കും. അൾട്രാഇന്റലിജൻസ് മെഷീനുകൾ മനുഷ്യനുമേൽ അധികാരം ഏറ്റെടുക്കുന്ന സാഹചര്യമാവും പിന്നീടുണ്ടാവുക. അവ മനുഷ്യനെ ഇല്ലാതാക്കുകയോ മനുഷ്യന്റെ സൃഷ്ടിപരമായ ശേഷിയെ തടങ്കലിലാക്കി പൂർണമായ അടിമത്തത്തിലേക്ക് തള്ളിവിടുകയോ ചെയ്യാം. ഈ അവസ്ഥയെ “സിംഗുലാരിറ്റി” എന്ന വാക്കുകൊണ്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.


ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള മനുഷ്യരാശി അനുഭവിക്കുന്ന ഏറ്റവും വലിയ ഭയം “സിംഗുലാരിറ്റി” എന്ന ആശയത്തിലേക്ക് ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യബുദ്ധിയെക്കാൾ കൂടിയ ബുദ്ധിശേഷി പ്രകടമാക്കുന്ന നമ്മുടെ മസ്തിഷ്കത്തിന്റെ ശേഷിയെ മറികടന്ന സങ്കീർണത ആർജിച്ച സൂപ്പർഇന്റലിജന്റ് മെഷീനുകളെ നമുക്ക് സൃഷ്ടിച്ചെടുക്കാനായി എന്നു വിചാരിക്കുക. സ്വയം ഓർഗനൈസ് ചെയ്ത് കൂടുതൽ സൃഷ്ടിപരമായി പണിയെടുക്കുക എന്നതുകൂടിയാണ് ഇന്റലിജൻസിന്റെ പ്രധാന സ്വഭാവം. സ്വാഭാവികമായും തങ്ങളുടെ ഇന്റലിജൻസിനെക്കാൾ ഒരുപടികൂടി മുകളിൽ നില്ക്കുന്ന അൾട്രാഇന്റലിജൻസ് മെഷീനുകളെ, ‘സൂപ്പർഇന്റലിജൻസ് മെഷീനുകൾ’ നിർമിച്ചെടുക്കാനുള്ള സാധ്യതകൾ നിലനില്ക്കുന്നുണ്ട്. അതുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആത്യന്തികമായി അൾട്രാഇന്റലിജന്റ് മെഷീനുകളിലേക്കും അതുവഴി സിംഗുലാരിറ്റിയിലേക്കും മാനവരാശിയെ നയിച്ചേക്കാം.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർന്നു മനുഷ്യനെക്കാൾ വലുതാകുമോ, അതു മനുഷ്യസംസ്കാരത്തിന്റെ അവസാനത്തിനു കാരണമാകുമോ എന്ന ചിന്ത വളരെക്കാലങ്ങളായി നിലനില്ക്കുന്നതാണ്. സാങ്കേതികവിദ്യയെ സംബന്ധിക്കുന്ന ഏറ്റവും വലിയ ഭയംതന്നെ മാനവരാശിയുടെ വിനാശം സാങ്കേതികവിദ്യയുടെ കൈകാര്യം ചെയ്യലിന്റെ പരിണിതിയിലൂടെയാകുമോ എന്നതാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ മനുഷ്യനിർമിത ദുരന്തമായിട്ടുതന്നെ കാണാൻ തുടങ്ങിയിട്ടും കാലങ്ങളായി. കാർബൺ ഡൈഓക്സൈഡിന്റെ അമിതമായ ബഹിർസ്ഫുരണംകൊണ്ട് രൂപപ്പെട്ട കാലാവസ്ഥാവ്യതിയാനം രൂപപ്പെടുത്തിയ ഭയാനകമായ അവസ്ഥാവിശേഷങ്ങൾ നമ്മൾ വർത്തമാനകാലത്ത് അനുഭവിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഉയർന്നുകൊണ്ടിരിക്കുന്ന ആഗോളതാപനിലയെ രണ്ടു ഡിഗ്രിയെങ്കിലുമായി പിടിച്ചുനിർത്തിയില്ലെങ്കിൽ അമ്പതുവർഷം കഴിയുമ്പോഴേക്കും ഭൂമിയിൽനിന്നു കോടിക്കണക്കിനു മനുഷ്യർ തൂത്തു തുടച്ചുമാറ്റപ്പെടും എന്ന പ്രവചനങ്ങൾ യാഥാർഥ്യത്തോടടുക്കുന്നതിന്റെ സൂചനകൾ ഓരോ വർഷം കഴിയുന്തോറും നമുക്കുമുന്നിൽ പ്രളയങ്ങളുടെയും കൊടുങ്കാറ്റുകളുടെയും രൂക്ഷമായ വേനലിന്റെയും രൂപത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. നമ്മൾ ജീവിക്കുന്നത് ആന്ത്രോപ്പോസീൻ യുഗത്തിലാണ് എന്നു ശാസ്ത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു. മനുഷ്യർ ഭൂമിയുടെ പ്രകൃതിയിൽ ഇടപെടുന്നതിന്റെ പാരമ്യം ആയിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രശ്നംകൂടി ഉയർന്നുവരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും കൂടുതൽ പക്വമായ ഒരു നിലവാരത്തിലേക്ക് എത്തിച്ചേർന്ന സാഹചര്യത്തിൽ മനുഷ്യന്റെ ഭാവിയെക്കുറിച്ചുള്ള ഭയാശങ്കകൾ കൂടുതൽ വിപുലീകരിക്കപ്പെടുകയാണ്.


മനുഷ്യന്‍ അത്ര കേമനൊന്നുമല്ല


ഭൂമിയിൽ മറ്റുള്ള ജീവജാലങ്ങളെപ്പോലെത്തന്നെ കേവലം ഒരു ജീവിയുടെ സ്ഥാനം മാത്രമാണ് മനുഷ്യനും ഉള്ളത്. ഈ വസ്തുത തിരിച്ചറിയണമെന്നുണ്ടെങ്കിൽ ഡാർവിൻസിദ്ധാന്തത്തെക്കുറിച്ച് അറിയണമെന്നുപോലുമില്ല. ചുറ്റുപുറവുമുള്ള പ്രകൃതിയെയും ജീവജാലങ്ങളെയും അവനവനെത്തന്നെയും സൂക്ഷിച്ചു നിരീക്ഷിച്ചാൽ മാത്രം മതി. ഡാർവിൻ ജൈവപരിണാമത്തിന്റെ ഈ ആശയത്തെ സയന്റിഫിക്ക് പദ്ധതിയുടെ ഭാഗമാക്കി അവതരിപ്പിക്കുന്നതിനൊക്കെ അനേകായിരം വർഷങ്ങൾക്കു മുൻപേതന്നെ ഭൂമിയിൽ ജീവിച്ചിരുന്ന വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട മനുഷ്യർ ഈ കാര്യം മനസ്സിലാക്കിയിരുന്നു. പക്ഷേ, പൂച്ചയും പുൽച്ചാടിയും കുരങ്ങും പുലിയും കാട്ടുപോത്തും തേളും തേരട്ടയും പഴുതാരയും പാറ്റയും പല്ലിയുംപോലെ മറ്റൊരു ജീവിമാത്രമാണ് തങ്ങൾ എന്നു വിശ്വസിക്കാൻ പൊതുവേ മനുഷ്യർക്ക് വലിയ പ്രയാസമാണ്.  അതുകൊണ്ടുതന്നെ മനുഷ്യർ പ്രകൃതിയിൽ സവിശേഷമായ ഒരു സ്ഥാനം അലങ്കരിക്കുന്നുണ്ട് എന്ന വിശ്വാസം വലിയൊരു വിശ്വാസധാരയായി നമുക്കൊപ്പമുണ്ട്. മനുഷ്യജീവിതത്തിന് അർഥം സങ്കല്പിച്ചെടുക്കാനുള്ള തീവ്രവ്യഗ്രതയുടെ ഭാഗമായി വ്യത്യസ്ത ചിന്താപദ്ധതികളും മതങ്ങളും എല്ലാം ആ ആശയത്തെ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്.


എ.ഡി. 1600-ൽ ഭൂമിയിൽ ആകെയുണ്ടായിരുന്നത് 50 കോടി മനുഷ്യർ മാത്രമാണ്. 1800 ആയപ്പോൾ, ഇരുന്നൂറ് വർഷം കൊണ്ടാണ് അത് 100 കോടിയായത്. പിന്നീടത് 200 കോടിയായത്, 127 വർഷമെടുത്ത് 1927-ലാണ്. പക്ഷേ, പിന്നീടുള്ള മനുഷ്യ ജനസംഖ്യയുടെ പെരുപ്പം ഗണിതത്തിൽ എക്സ്‌പൊണൻഷ്യൽ എന്നു പറയുന്ന വിധത്തിലായിരുന്നു. നൂറുവർഷത്തിനിപ്പുറം ഇന്ന് 800 കോടിയിൽ അധികം മനുഷ്യർ ഇവിടെ ജീവിക്കുന്നു. ജനസംഖ്യാപഠനങ്ങൾ പ്രവചിക്കുന്നത് 2037 ആകുമ്പോഴേക്കും 900 കോടിയും 2088 ആകുമ്പോഴേക്കും 1100 കോടിയും ആയി മനുഷ്യജനസംഖ്യ പെരുക്കും എന്നാണ്. പക്ഷേ, അങ്ങനെ പെരുക്കണമെങ്കിൽ, ഇന്നു ഭൂമിയിൽ നിലനില്ക്കുന്ന കാലാവസ്ഥാസാഹചര്യങ്ങൾ വലിയ മാറ്റമില്ലാതെതന്നെ നിലനിന്നുപോകണം. പക്ഷേ, കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ നമുക്കു പറഞ്ഞുതരുന്നത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്.


ഭൂമിയുടെ അന്തരീക്ഷത്തിന്റെ ചൂടിന്റെ ശരാശരി ഇപ്പോഴുള്ളതിൽനിന്നു നാലു ഡിഗ്രിവരെ കൂടുകയാണെങ്കിൽ ഇവിടെയുള്ള തൊണ്ണൂറുശതമാനം മനുഷ്യരും തൂത്തു തുടച്ചെറിയപ്പെടുന്ന മട്ടിലായിരിക്കും സമുദ്രങ്ങളുടെ കരയിലേയ്ക്കുള്ള കടന്നുകയറ്റം നടക്കുക എന്നാണ് ശാസ്ത്രീയ പ്രവചനങ്ങൾ പറയുന്നത്. ഭൂമിയിൽ മനുഷ്യർക്ക് ജീവിക്കാൻ പറ്റുന്ന സാഹചര്യങ്ങൾ നിലനില്ക്കുക ധ്രുവപ്രദേശങ്ങൾക്കടുത്തുള്ള  സ്ഥലങ്ങൾ മാത്രമായി ചുരുങ്ങിവരും. വിഖ്യാത ജൈവശാസ്ത്രജ്ഞനും ജൈവലോകത്തിന്റെ സ്വഭാവത്തെ നിർണയിക്കുന്ന ആശയങ്ങളിൽ ഒന്നായ ഗായാ തിയറിയുടെ ഉപജ്ഞാതാക്കളിൽ പ്രധാനിയുമായ ജെയിംസ് ലവ്‌ലോക്ക് അദ്ദേഹത്തിന്റെ “റിവഞ്ച് ഓഫ് ഗായാ” എന്ന പുസ്തകത്തിൽ പറയുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കഴിയുമ്പോഴേക്കും ഭൂമിയിലെ മനുഷ്യരുടെ എണ്ണം നൂറുകോടിയായി ചുരുങ്ങും എന്നാണ്.


ഭൂമിയുടെ പ്രതലത്തിലെ ശരാശരി താപനില നാലു ഡിഗ്രിയോളം ഉയർന്നുകഴിഞ്ഞാൽ പിന്നീട് മനുഷ്യർ അവരുടെ അതിജീവനത്തിനായി സ്വയം വ്യത്യസ്തമായ തന്ത്രങ്ങൾ രൂപപ്പെടുത്തേണ്ടിവരും. ആയിരം കോടിയിലധികം മനുഷ്യർ അധിവസിക്കുന്ന ഒരു പ്രദേശത്ത് ആകെ നൂറുകോടിക്ക് ജീവിക്കാനുള്ള സാഹചര്യങ്ങളേ ബാക്കിയുള്ളൂ എന്ന സാഹചര്യം രൂപപ്പെട്ടാൽ ആ സമയത്ത് അതിജീവനത്തിനായി നമ്മൾതന്നെ സ്വീകരിച്ചേക്കാവുന്ന തന്ത്രങ്ങൾ എന്തെല്ലാമാകും എന്ന് സുരക്ഷിതമായി ചാരുകസേരയിലിരുന്ന് പ്രവചിക്കുക അത്ര എളുപ്പമുള്ള കാര്യമാണെന്ന് കരുതുക വയ്യ. നിലവിൽ ലഭ്യമാകുന്ന വിഭവങ്ങളെ ഏതു വിധത്തിലാകും ഉപയോഗിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മനുഷ്യന്റെ ആത്യന്തികമായ നിലനില്പിന്റെ സാധ്യതകൾ നിർണയിക്കപ്പെടുക. നിലനില്പിന്റെ സാധ്യതകളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ സംവിധാനങ്ങളാകും രൂപപ്പെട്ടുവരിക.


വളർച്ച ദുരന്തത്തിലേക്കോ?


സാങ്കേതികവിദ്യ ഭാവിയിലെ മനുഷ്യനെ എങ്ങനെ രൂപപ്പെടുത്തും എന്ന കാര്യം സത്യസന്ധമായി മനസ്സിലാകണമെങ്കിൽ സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്ന രാഷ്ട്രീയം ഏതുവിധത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നു മനസ്സിലാകണം. തൊള്ളായിരംകോടി ജനങ്ങളെ ഭൂമിയിൽനിന്ന്‍ ഒഴിവാക്കി നൂറുകോടി ജനങ്ങൾക്ക് അതിജീവിക്കാൻ സാധിക്കുന്ന സാഹചര്യം രൂപപ്പെടുത്താവുന്ന വിധത്തിലുള്ള രാഷ്ട്രീയം സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിച്ചുവരുമോ, അതോ, ജനസംഖ്യാ പ്രവചനത്തിൽ പറയുന്ന പ്രകാരം 2088-നപ്പുറം ഭൂമിയിൽ ഉണ്ടായേക്കാവുന്ന ആയിരത്തി ഒരുന്നൂറു മനുഷ്യർക്കും തിന്നു കുടിച്ചു ജീവിക്കാൻ പാകത്തിനുള്ള സാഹചര്യങ്ങളെ മനുഷ്യന്റെ സാങ്കേതികവിദ്യയ്ക്ക് നിർമിച്ചെടുക്കാനാകുമോ?


സയൻസും സാങ്കേതികവിദ്യയും ഭാവിയിലെ മനുഷ്യനെ എങ്ങനെ സഹായിക്കാൻ പോകുന്നു എന്നു ചോദിക്കുന്നതുപോലെത്തന്നെ പ്രധാനമാണ് അവ ഭാവിയിലെ മനുഷ്യനെ എങ്ങനെ ശിക്ഷിക്കാൻ പോകുന്നു എന്ന ചോദ്യവും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യകളായ ജനിറ്റിക്സും നാനോടെക്നോളജിയും റോബോട്ടിക്സും എല്ലാം ഇതുവരെയുണ്ടാകാത്ത വിധത്തിലുള്ള വ്യത്യസ്തങ്ങളായ ദുരന്തങ്ങളെയും ദുരുപയോഗങ്ങളെയും സാധ്യമാക്കുന്നവയാണ്. വ്യാപകമായി വ്യക്തികൾക്കോ ചെറുസംഘങ്ങൾക്കോതന്നെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ദൂരത്തേക്ക് അപകടങ്ങളെയും ദുരുപയോഗങ്ങളെയും കൊണ്ടുവന്നെത്തിക്കുന്നതിൽ പുതിയ സാങ്കേതികവിദ്യ വിജയിച്ചു എന്നതാണ് സത്യം. വൻ സൗകര്യങ്ങളോ അത്യപൂർവമായ അസംസ്കൃതവസ്തുക്കളോ ആവശ്യമില്ലാതെ, വൻദുരന്തങ്ങൾതന്നെ സാധ്യമാക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ വളർന്നുവന്നിരിക്കുന്നു. അതിനെല്ലാമുള്ള അറിവു മാത്രമാണ് ആവശ്യം. ആ അറിവുകളിലേക്ക് നിങ്ങൾക്ക് സഞ്ചരിച്ചെത്താൻ പുതിയ കാലത്ത് വളരെ എളുപ്പമാണ്. കുറച്ചുകാലം മുൻപ് മനുഷ്യർ “വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ” എന്ന ആശയത്തെക്കുറിച്ചു സംസാരിച്ചിരുന്നുവെങ്കിൽ പുതിയ ലോകം “നോളജ് എനേബിൾഡ് മാസ് ഡിസ്ട്രക്ഷൻ” എന്ന ആശയത്തെക്കുറിച്ചു ഭയപ്പെടുന്ന കാലത്തെത്തിയിരിക്കുന്നു.


അറിവും അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാങ്കേതികവിദ്യയും ഇരുതലമൂർച്ചയുള്ള വാളാണ്. ഇരുന്നൂറുവർഷങ്ങൾകൊണ്ട്  നൂറുകോടിയുണ്ടായിരുന്ന ജനസംഖ്യയെ എണ്ണൂറുകോടിയിലെത്തിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് അറിവിന്റെയും സാങ്കേതികവിദ്യയുടെയും വിസ്ഫോടനമാണ്. പക്ഷേ, അതുതന്നെയാണ് ഭാവിയിൽ മാനവരാശിക്കുണ്ടായേക്കാവുന്ന ഭീതിജനകമായ ദുരന്താവസ്ഥയ്ക്കിടയാക്കാവുന്ന സാഹചര്യങ്ങളെയും നിർമിച്ചുകൊണ്ടിരിക്കുന്നത്.


നമുക്കു ഗുണകരമാകുന്നവിധത്തിൽ സാങ്കേതികവിദ്യയെ നിയന്ത്രിച്ചുനിർത്താൻ കഴിയുമോ എന്നതാണ് ആത്യന്തികമായ ചോദ്യം. മനുഷ്യന്റെ ബോധപൂർവമുള്ള നിയന്ത്രണത്തിനു വിധേയമായിട്ടാണോ ഈ സാങ്കേതികവിദ്യയൊക്കെ ഇങ്ങനെ വികസിച്ചുവന്നത് എന്നാലോചിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമാണല്ലോ ഭാവിയിൽ നമുക്ക് സാങ്കേതികവിദ്യയെ നിയന്ത്രിച്ച് മനുഷ്യരാശിക്ക് സംഭവിക്കാനിരിക്കുന്ന ഭീകരദുരന്തത്തെ തടയാനും പറ്റൂ.


നിറുത്താതെ ഓടാം


പൊതുവേ വിചാരിക്കപ്പെടുന്നത്, മനുഷ്യനാണ് അവൻ നിർമിച്ചിരിക്കുന്ന സാങ്കേതികവിദ്യയുടെ മാസ്റ്റർ എന്നാണ്. പക്ഷേ, ബയോളജിയുടെ തത്ത്വശാസ്ത്രം നമ്മെ ആ ചിന്തയിൽനിന്നു പുറത്താക്കുന്നു. “റെഡ് ക്വീൻ ഹൈപ്പോതെസിസ്” എന്ന പേരിൽ അറിയപ്പെടുന്ന ഒരാശയമുണ്ട്, എവല്യൂഷ്ണറി ബയോളജിയിൽ. 1973-ൽ അമേരിക്കൻ ജീവശാസ്ത്രജ്ഞൻ ലിയേ വാൻ വാലൻ (Leigh Van Valen) മുന്നോട്ടുവച്ച ഈ ആശയം മനുഷ്യർക്കിടയിൽ സാങ്കേതികവിദ്യകൾ പരിണമിച്ചതിന്റെ പരിണാമപര ദർശനം രൂപപ്പെടുത്തുന്നതിൽ സഹായിക്കുന്നതാണ്. ലൂയിസ് കാരളിന്റെ വിഖ്യാതനോവലായ ആലീസ് ഇൻ വണ്ടർലാന്റിന്റെ രണ്ടാം ഭാഗമായ ‘ത്രൂ ദ ലുക്കിങ്ങ് ഗ്ലാസി’ൽ ഉള്ള ഒരു രംഗത്തെ മുൻനിർത്തിയാണ് ഈ ആശയം വികസിപ്പിച്ചിട്ടുള്ളത്. കഥയിൽ ആലീസ് റെഡ് ക്വീനിന്റെ മുന്നിൽ ചെല്ലുന്നു. റെഡ് ക്വീൻ പക്ഷേ, നല്ല ഓട്ടത്തിലാണ്. ഓട്ടത്തിലുള്ള ക്വീൻ ആലീസിന്റെ കൈയിൽപ്പിടിച്ചു കൂടെ കൊണ്ടുപോകുന്നു. എന്തിനാണ് ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നത് എന്ന് ആലീസ് ചോദിച്ചപ്പോൾ ക്വീൻ അതിനു മറുപടിയായി ആലീസിനോടു നിങ്ങളുടെ നാട്ടിലൊന്നും ആരും ഇങ്ങനെ ഓടുന്നതു കണ്ടിട്ടില്ലേ എന്നു ചോദിച്ചു. ഞങ്ങളുടെ നാട്ടിലൊക്കെ ഒരു സ്ഥലത്തുനിന്നു വേറെയൊരു സ്ഥലത്തേക്ക് പോകണമെങ്കിൽ ഓടണം, ആലീസ് പറഞ്ഞു. പക്ഷേ, ഞങ്ങളുടെ നാട്ടിൽ അങ്ങനെയല്ല, റെഡ് ക്വീൻ പറഞ്ഞു. നമ്മൾ നില്ക്കുന്ന സ്ഥലത്തുതന്നെ തുടർന്നു നില്ക്കണമെങ്കിൽ നമ്മൾ ഓടിക്കൊണ്ടിരിക്കണം. ആലീസിനോട് ക്വീൻ ചുറ്റും നോക്കാൻ പറഞ്ഞു. ചുറ്റുപുറവുമുള്ള ലോകം വലിയവേഗത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം നമ്മൾനിന്ന സ്ഥലത്തുതന്നെ നില്ക്കണമെങ്കിൽ, ചുറ്റുപുറം ഓടുന്ന വേഗത്തിലെങ്കിലും ഓടണം. അല്ലെങ്കിൽ നമ്മൾ പിന്നിലായിപ്പോകും. ഇനി ഒരു സ്ഥലത്തുനിന്നു വേറെയൊരു സ്ഥലത്തെത്തണമെങ്കിലോ? ചുറ്റുപുറം ഓടുന്നതിനെക്കാൾ കൂടിയവേഗത്തിൽ നാം ഓടേണ്ടിവരും. ജീവശാസ്ത്രത്തിൽ പരിസ്ഥിതി മാറിക്കൊണ്ടിരിക്കുന്നതിനെ ഈ കഥയുമായി കൂട്ടിയിണക്കി ആലോചിക്കാം എന്നാണ് വാൻ വാലനെപ്പോലുള്ള ശാസ്ത്രകാരന്മാർ പറയുന്നത്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയിലാണ് ഓരോ ജീവിവർഗവും നിലനില്ക്കുന്നത്. ആ മാറ്റത്തിനൊപ്പം നിന്ന സ്ഥലത്തുതന്നെ നില്ക്കണമെങ്കിൽ മാറുന്ന പരിസ്ഥിതിയുടെ വേഗത്തിൽത്തന്നെ നമ്മളും മാറണം. മനുഷ്യർ നിരന്തരമായി സാങ്കേതികവിദ്യകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ ഓട്ടത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് റെഡ് ക്വീൻ ഹൈപ്പോത്തെസിസിന്റെ വായനകൾ നമുക്കു പറഞ്ഞു തരുന്നത്.


അതായത്, ഒരിക്കൽ നമ്മൾ ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചു എങ്കിൽപ്പിന്നെ നമുക്ക് അതിന്റെ ഉപയോഗമെല്ലാം നിയന്ത്രിച്ച് പിറകോട്ട് സഞ്ചരിക്കാം എന്ന തോന്നൽ വ്യർഥമാണ്. ഒരിക്കൽ ഒരു സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞാൽ അത് ആത്യന്തികമായി നമ്മുടെ ജീവിതത്തെ പരിഷ്കരിച്ചുകഴിഞ്ഞു. ശാസ്ത്രീയപുരോഗതിയുടെ ഒപ്പം ധാർമികതയുടെയോ നൈതികതയുടെയോ ഒക്കെ പുരോഗതി ഉണ്ടാകുന്നില്ല, അവ ഇടിഞ്ഞുകൊണ്ടിരിക്കുന്നു എന്നു വിലപിക്കുമ്പോൾ തിരിച്ചറിയേണ്ട ഒരു വസ്തുത, പരിണാമപരമായിത്തന്നെ കൂടുതൽ ബുദ്ധിയുള്ളവരും ധാർമികതയുള്ളവരുമായി നമ്മൾ പരിണമിച്ചാലേ, സാങ്കേതികവിദ്യയെ മനുഷ്യരുടെ ആത്യന്തികദുരന്തത്തിന് വഴിയൊരുക്കാതെ സൂക്ഷിച്ചുപയോഗിക്കാനാകൂ.


അടിസ്ഥാനപ്രശ്നം നിലനില്ക്കുന്നത് സാങ്കേതികവിദ്യയിലല്ല, മനുഷ്യന്റെയുള്ളിൽത്തന്നെയാണ്. ജീവിച്ചിരിക്കുന്ന പ്രകൃതിയുടെ ഭാഗമായിട്ടുള്ള നമ്മുടെ നിലനില്പിൽത്തന്നെയാണ്. ഒരർഥത്തിൽ പറഞ്ഞാൽ സാങ്കേതികപുരോഗതി നമ്മുടെ ദൗർബല്യത്തെ ഇല്ലാതാക്കുന്നില്ല. അത് നിലനില്ക്കുക തന്നെ ചെയ്യും. മനുഷ്യൻ എന്ന ജീവജാതിയുടെ അവസാനം വരെയും.