കേരളം വിഭവസമാഹരണ സംസ്കാരം വളർത്തിയെടുത്തിരുന്നുവെങ്കിൽ കടമെടുപ്പ് കുറയ്ക്കാമായിരുന്നു- ജോസ് സെബാസ്റ്റ്യൻ/എഴുത്ത് ഡെസ്ക്

കേരളം വിഭവസമാഹരണ സംസ്കാരം  വളർത്തിയെടുത്തിരുന്നുവെങ്കിൽ  കടമെടുപ്പ് കുറയ്ക്കാമായിരുന്നു- ജോസ് സെബാസ്റ്റ്യൻ/എഴുത്ത് ഡെസ്ക്

സംഭാഷണം


കേരളത്തെ ദുരിതത്തിലാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ വികസനപദ്ധതികളെ മാത്രമല്ല ക്ഷേമപ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം എവിടെ നിന്നാണ്? ഇപ്പോൾ സംഭവിച്ചിരിക്കുന്ന തീവ്രമായ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്?


ഇതിന്റെ തുടക്കം 1980-കളുടെ ഏകദേശം മധ്യംമുതലാണ്. 1983-84 മുതൽ കേരളം തുടർച്ചയായി റവന്യൂകമ്മിയിലാണ്. എന്നുപറഞ്ഞാൽ റവന്യൂവരുമാനം ശമ്പളം, പെൻഷൻ, പലിശ, കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയവയുടെ കാലാകാലങ്ങളിലുള്ള കേടുപാടുകൾ തീർക്കുക തുടങ്ങിയ ചെലവുകൾക്ക് തികയുന്നില്ലതായി എന്നർത്ഥം. റവന്യൂ ചെലവുകൾ കുറച്ചു കൊണ്ടോ വരുമാനം കൂട്ടിക്കൊണ്ടോ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കുന്നതിനുപകരം പലിശയ്ക്ക് കടമെടുത്ത് ഈ ചെലവുകൾ ചെയ്തുപോന്നു. റവന്യൂകമ്മി എന്ന ഈ വിടവ് വർഷംതോറും കൂടിക്കൂടിവന്നു.


ഇവിടെ ഉയരാവുന്ന ഒരു ചോദ്യം ജനങ്ങൾക്ക് വേണ്ട സേവനങ്ങൾ പ്രദാനംചെയ്യാനല്ലേ കടമെടുക്കുന്നത് എന്നതാണ്. കടം എടുക്കുന്നതിൽ തെറ്റില്ല. അത് നിത്യനിദാന ചെലവുകൾ നടത്താൻ ആയിരിക്കരുത്. ക്യാപിറ്റൽ ചെലവുകൾ അഥവാ മൂലധന ചെലവുകൾക്ക് ആയിരിക്കണമെന്നാണ് ധനകാര്യത്തെ സംബന്ധിച്ച ധനശാസ്ത്രം പറയുന്നത്. പക്ഷേ,കേരളം കടമെടുക്കുന്ന തുകയിൽനിന്ന് ഒരു ഭാഗം റവന്യൂചെലവുകൾക്ക് മാറ്റിവച്ചുതുടങ്ങി. റവന്യൂ ചെലവുകൾ വർധിക്കുംതോറും കടമെടുത്തതിൽ കൂടുതൽ ഭാഗം ഇക്കാര്യത്തിനായി മാറ്റിവയ്ക്കേണ്ട സ്ഥിതിയിലേക്ക് എത്തി.


നികുതി പിരിവിനുള്ള ക്ഷമത (taxable capacity) ഇല്ലാത്ത ഒരു സംസ്ഥാനത്താണ് ഇതു സംഭവിച്ചത് എങ്കിൽ മനസ്സിലാക്കാമായിരുന്നു. സംഗതി അതല്ല.1972-73-ൽ കേരളം ആളോഹരി ഉപഭോഗത്തിൽ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ എട്ടാം സ്ഥാനത്ത് ആയിരുന്നു. 1970 -കളുടെ മധ്യംമുതൽ കേരളത്തിലേക്ക് ഗൾഫ് പണത്തിന്റെ ഒഴുക്കു തുടങ്ങി. അതിന്റെ ഭാഗമായി ഉപഭോഗത്തിൽ വലിയ കുതിപ്പുണ്ടായി. ആളോഹരി ഉപഭോഗം 1983-ൽ മൂന്നാം സ്ഥാനത്തേക്കും 1999-2000-ൽ ഒന്നാം സ്ഥാനത്തേക്കും ഉയർന്നു. 2011-12-ൽ നടന്ന അവസാനത്തെ സർവേയിലും കേരളം ഒന്നാം സ്ഥാനത്തായിരുന്നു. ഇതൊന്നും പക്ഷേ, നികുതിപിരിവിൽ പ്രതിഫലിച്ചില്ല.1957 -58 മുതൽ 1966 -67 വരെയുള്ള 10 വർഷം ഇന്ത്യയിലെ സംസ്ഥാനങ്ങൾ സമാഹരിച്ച തനതുവരുമാനത്തിൽ കേരളത്തിന് 4.45 % ഓഹരി ഉണ്ടായിരുന്നു. 2021- 22 ആകുമ്പോൾ കേരളത്തിലെ ഓഹരി 3.87%  ആയി കുറഞ്ഞിരിക്കുകയാണ്.


ചുരുക്കത്തിൽ പിരിക്കാമായിരുന്നതും പിരിക്കേണ്ടതുമായ നികുതിപിരിവിനു പകരം കടമെടുപ്പിനെ ആശ്രയിച്ചതാണ് ഇന്നത്തെ പ്രതിസന്ധിയുടെ മൂലകാരണം.


2003- മുതൽ കേന്ദ്രസർക്കാർ കടമെടുത്ത് കാര്യങ്ങൾ നടത്തുന്നതിന് കടിഞ്ഞാൺ ഇടുന്നുണ്ട്. കടമെടുക്കലിന്റെ പരിധി കുറയ്ക്കാനുള്ള ഇപ്പോഴത്തെ കേന്ദ്രസർക്കാർ തീരുമാനം കേരളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്ന  സംസ്ഥാന സർക്കാരിന്റെ വാദം ശരിയാണോ


2003-ൽ Fiscal Responsibility and Budget Management Act (FRBM Act) കൊണ്ടുവന്ന് കടമെടുപ്പിനുമേൽ കർശനനിയന്ത്രണം കൊണ്ടുവന്നില്ലായിരുന്നു എങ്കിൽ ഉണ്ടാകുമായിരുന്ന കടം ഓർത്താൽ കിടിലം കൊണ്ടുപോകും. എന്നിട്ടും മൊത്തം ബാധ്യത ഇന്ന് നാലുലക്ഷം കോടിയോട് അടുത്തിരിക്കുന്നു.  കേന്ദ്രസർക്കാർ കടമെടുക്കാനുള്ള പരിധി കുറയ്ക്കുകയല്ല ചെയ്തത്. കടമെടുക്കാനുള്ള പരിധി സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 3% ആണ്. അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഈ പരിധി മറികടന്നുകൊണ്ട് കിഫ്ബിയും പെൻഷൻ കമ്പനിയും വഴി എടുത്ത കടംകൂടി മൊത്തം കടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ കുറേക്കൂടി കടമെടുക്കാമായിരുന്നു എന്നതാണ് കേരളത്തിന്റെ പരിഭവം. ഇതു കേരളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നത് ശരിയാണ്. അതിനുപക്ഷേ, കേന്ദ്രത്തെ പഴിചാരുന്നതിൽ വലിയ അർഥം ഉണ്ടെന്നു തോന്നുന്നില്ല.


കേന്ദ്രസർക്കാരിന്റെ സമീപനങ്ങളിൽ വന്ന മാറ്റങ്ങൾ വിമർശിക്കപ്പെടേണ്ടതല്ലേ? കേരളത്തോട് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്ന വിമർശനത്തിൽ വസ്തുതകൾ ഉണ്ടോ? കേന്ദ്രത്തിനു മുൻപിൽ പ്രശ്നങ്ങൾ ശക്തമായി അവതരിപ്പിക്കാനും സമ്മർദം ചെലുത്താനും കേരളത്തിലെ ഭരണ-പ്രതിപക്ഷകക്ഷികൾ തമ്മിലുള്ള സമന്വയം ആവശ്യമല്ലേ ?


കേന്ദ്രസർക്കാർ മനപ്പൂർവം കേരളത്തോട് വിവേചനം കാണിക്കുന്നു എന്നതിന് തെളിവില്ല. ഇനി ധനകാര്യ കമ്മീഷനുകളുടെ തീരുമാനങ്ങൾ ആണെങ്കിൽ അത് തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഏറ്റവും കൂടുതൽ റവന്യൂകമ്മി ഗ്രാന്റ്  നൽകിയ സംസ്ഥാനം കേരളമാണെന്ന് ഓർക്കേണ്ടതുണ്ട്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.9 %  ആയിരുന്ന കേരളത്തിന്റെ ഓഹരി 15-ാം ധനകാര്യ കമ്മീഷൻ ആകുമ്പോൾ 1.9% ആയി കുറഞ്ഞു എന്നതിനെ അതിശയോക്തിപരമായി പലപ്പോഴും എടുത്തു കാണിക്കാറുണ്ട്. ഫെഡറലിസത്തിന്റെ യുക്തി മനസ്സിലാക്കാത്തതു കൊണ്ടാണിത്. ധനകാര്യ കമ്മീഷനുകൾ വഴിയായി സംസ്ഥാനങ്ങൾക്കു ലഭ്യമാക്കുന്ന വിഭവങ്ങളുടെ മുഖ്യലക്ഷ്യം അടിസ്ഥാനസൗകര്യങ്ങളിലും മാനവശേഷി വികസനത്തിലും സംസ്ഥാനങ്ങൾ തമ്മിലുള്ള വിടവ് കുറച്ചു കൊണ്ടുവരിക എന്നതാണ്. കേരളം ഭൗതികജീവിത ഗുണനിലവാര സൂചികയിലും (Physical Quality of Life Index) മാനവശേഷി വികസനസൂചികയിലും (Human Development Index) ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെന്നു മാത്രമല്ല വികസിത രാജ്യങ്ങളോടുപോലും കിടപിടിക്കുന്നതാണ്. അങ്ങനെ വരുമ്പോൾ ഇവയുടെ വികസനവുമായി ബന്ധപ്പെട്ട വകയിരുത്തലുകൾക്കൊന്നും കേരളം അർഹമാവുകയില്ല. പിന്നാക്കം നില്ക്കുന്ന വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിനിന്നു ധാരാളം തൊഴിലാളികൾ താരതമ്യേന വികസിതമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണ്. അവർ കൂടുതൽ സാക്ഷരരും ആരോഗ്യമുള്ളവരും ആയിരിക്കേണ്ടത് ഈ സംസ്ഥാനങ്ങളുടെ താത്പര്യത്തിൽക്കൂടി പെട്ടതാണ്. ജനസംഖ്യാവർധനവിൽ ഉണ്ടായിട്ടുള്ള കുറവ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവേയും കേരളത്തെ പ്രത്യേകിച്ചും ബാധിച്ചിട്ടുണ്ട്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഈ കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ഉണ്ടാകുന്ന നഷ്ടം ഒരുപരിധിവരെ കുറയ്ക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട് ചുരുക്കത്തിൽ രാഷ്ട്രീയലക്ഷ്യങ്ങൾ മുൻനിർത്തി കേരളത്തോട് വിവേചനം കാണിക്കുന്നു എന്നത് അത്രമാത്രം ശരിയല്ല. അതേസമയം, ധനകാര്യകമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല കേന്ദ്രത്തിൽനിന്ന് സംസ്ഥാനങ്ങളിലേക്ക് വിഭവങ്ങൾ ഒഴുകുന്നത്. കേന്ദ്രത്തിൽ ഭരിക്കുന്ന പാർട്ടിതന്നെ സംസ്ഥാനവും ഭരിക്കുന്ന സമയത്ത് കേന്ദ്രത്തിലെ പല വൻകിട പദ്ധതികളും അത്തരം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതിന്റെ പല ഉദാഹരണങ്ങളും ഉണ്ട്. ഇതൊക്കെ ഏറിയും കുറഞ്ഞും എല്ലാ ഫെഡറൽ രാജ്യങ്ങളിലുമുള്ള പ്രശ്നങ്ങളാണ്.


കേരളംപോലെ വെറും 20 എം.പിമാരെ മാത്രം സംഭാവനചെയ്യുന്ന ഒരു സംസ്ഥാനത്തിനു ദീർഘകാലം കേന്ദ്രവിരുദ്ധ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. സമാനമനസ്കരായ സംസ്ഥാനങ്ങളുമായി ഒരു മുന്നണി ഉണ്ടാക്കാൻ കഴിയാത്തിടത്തോളം ഇത് പരാജയത്തിലേ അവസാനിക്കൂ.  നേരെമറിച്ച്, പ്രതിപക്ഷവുമായി സഹകരിച്ച് നന്നായി പഠിച്ചു വസ്തുതകൾ കേന്ദ്രത്തിനുമുൻപിൽ അവതരിപ്പിച്ചു പരമാവധി നേട്ടമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. പ്രത്യേകിച്ച് കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ഊഷ്മളമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതുപോലും കേരളത്തിന് കൂടുതൽ നേട്ടം ഉണ്ടാക്കുന്നതിന് സഹായിക്കും.


നികുതി പിരിച്ചുള്ള വിഭവസമാഹരണത്തിന് പകരം കടമെടുപ്പിനെ ആശ്രയിക്കുകയാണ് കേരളത്തിൽ മാറിമാറി വരുന്ന സർക്കാരുകൾ. നികുതി നല്കുന്ന സംസ്കാരം വേണ്ടത്ര കേരളത്തിൽ വളരാതിരിക്കാൻ കാരണമെന്ത്‌ഓരോ വർഷവും കടത്തിന്റെ കണ്ണികൾ വർധിപ്പിച്ച് കേരളം വലിയൊരു ചതിക്കുഴിയിലേക്ക് വീഴുകയാണ് എന്ന വിമർശനത്തോടുള്ള പ്രതികരണമെന്ത് ?


ജനപ്രിയതയ്ക്കുവേണ്ടി അന്യോന്യം മത്സരിക്കുന്ന രാഷ്ട്രീയപാർട്ടികളും മുന്നണികളും ഉള്ള ഒരു സമൂഹത്തിൽ നികുതിപിരിവ് എക്കാലവും ബുദ്ധിമുട്ടുള്ള കാര്യമാണ്. നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ നികുതിക്ഷമതയിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയ കേരളം എന്തുകൊണ്ട് തനതു വരുമാന സമാഹരണത്തിൽ പുറകോട്ട് പോയി എന്നതിന്റെ ഉത്തരമാണിത്. കേരളത്തിൽ എല്ലാകാലത്തും മുന്നണി ഭരണമായിരുന്നല്ലോ നിലവിലിരുന്നത്. കൂടുതൽ ജനപ്രിയമാകാനുള്ള എളുപ്പവഴി നികുതി ഇളവുകളും സൗജന്യങ്ങളും നല്കുകയാണ്. കാർഷികാദായ നികുതിപോലുള്ള നികുതികളിൽനിന്നുള്ള വരുമാനം അങ്ങേയറ്റം കുറഞ്ഞു. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളായ വില്പനനികുതി, ചരക്കുസേവന നികുതി, സംസ്ഥാന എക്സൈസ് തുടങ്ങിയവയിൽ നികുതിപിരിവിൽ കാര്യക്ഷമത കുറഞ്ഞു.


ജനപ്രിയതയ്ക്കുവേണ്ടി അന്യോന്യം മത്സരിച്ചതിന്റെ മറ്റൊരു ഫലമാണ് സർക്കാർ സേവനങ്ങളുടെമേൽ യുക്തിസഹമായ ഫീസുകൾ ചുമത്താതിരുന്നത്. സംസ്ഥാനത്തിന്റെ റവന്യൂചെലവുകളുടെ സിംഹഭാഗവും വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലാണ്. സർക്കാർ-എയ്ഡഡ് മേഖലകളിലെ എൻജിനീയറിങ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, പോളിടെക്നിക്കുകൾ, കാർഷിക സർവകലാശാലയുടെ ബിരുദ കോഴ്സുകൾ, ഹോമിയോ കോളേജുകൾ എന്നിവയിൽ പഠിക്കുന്ന വിദ്യാർഥികൾ ബഹുഭൂരിപക്ഷവും സാമ്പത്തികമായി മെച്ചപ്പെട്ട വിഭാഗങ്ങളിൽനിന്നാണ്. ഇതുതന്നെയാണ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർഥികളുടെ കാര്യവും. സർക്കാർവക ആശുപത്രികളിലെയും മെഡിക്കൽ കോളജുകളിലെയും സേവനങ്ങൾക്ക് യുക്തിസഹമായ ഫീസുകൾ ഏർപ്പെടുത്താവുന്നതാണ്.


1972 -73-ൽ ഈ മേഖലയിലെ റെവന്യൂ ചെലവിന്റെ 5.55% ഫീസുകളായി സമാഹരിച്ചിരിക്കുന്നു. 2022-23-ലെ പുതുക്കിയ കണക്കുകൾ കാണിക്കുന്നത് ഇത് 1.62% ആയി കുറഞ്ഞു എന്നാണ്. അതായത് 48,902 കോടി  ഈ മേഖലയിൽ ചെലവാക്കുമ്പോൾ ഫീസുകളായി ലഭിക്കുന്നത് 795.38 കോടി മാത്രം. 1972-23-ലെ നിരക്കുകൾ എങ്കിലും 2022-23 ചുമത്തിയിരുന്നുവെങ്കിൽ 2714.06 കോടി രൂപ സമാഹരിക്കാമായിരുന്നു. ഘട്ടംഘട്ടമായി ഫീസുകൾ വർധിപ്പിച്ച് 2022-23 10% ആക്കിയിരുന്നെങ്കിൽ 4890.2 കോടി രൂപ സമാഹരിക്കാമായിരുന്നു.


ഇങ്ങനെ ഫീസുകൾ വർധിപ്പിച്ചാൽ അത് പാവപ്പെട്ടവരെയും പുറമ്പോക്കിൽ കിടക്കുന്നവരെയും ദോഷകരമായി ബാധിക്കുകയില്ലേ എന്നു ചോദിക്കാം. ഒരിക്കലുമില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ പൂർണമായും ഒഴിവാക്കണം. ഉയർന്ന വരുമാനക്കാരിൽനിന്നു ഈ സേവനങ്ങൾ നല്കുന്നതിന് സർക്കാരിനുണ്ടാക്കുന്ന ചെലവ് പൂർണമായും വസൂലാക്കാം. മധ്യവർഗത്തിൽനിന്ന് 70% ഈടാക്കുന്നു എന്നിരിക്കട്ടെ. താഴ്ന്നവരുമാനക്കാരായവരിൽനിന്ന് 30% എങ്കിലും ഈടാക്കാം. ഇതൊക്കെ ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിനു  ചെയ്യാവുന്നതേയുള്ളൂ. പക്ഷേ, വിദ്യാർഥി സംഘടനകളുടെയും മറ്റു സമ്മർദഗ്രൂപ്പുകളുടെയും സമ്മർദത്തിൽനിന്ന്  സ്വതന്ത്രമാകണം എന്നുമാത്രം. കഴിഞ്ഞ 50 വർഷത്തിനിടെ എത്ര ആയിരം കോടി നഷ്ടപ്പെട്ടു. അല്ലെങ്കിൽ എത്ര ആയിരം കോടിയായി കടം വർധിച്ചു.


നികുതി നല്കുന്ന സംസ്കാരത്തെക്കുറിച്ച് പറയുകയാണെങ്കിൽ അത് ഒരു സമൂഹം വർഷങ്ങൾകൊണ്ട് വളർത്തിയെടുക്കുന്നതാണ്. നികുതി കൊടുക്കുന്ന സമൂഹം അത് എങ്ങനെ ചെലവഴിക്കുന്നു എന്ന കാര്യത്തിൽ നിതാന്തം ജാഗരൂകരാണ്.  വിദേശ പരിഷ്കൃതസമൂഹങ്ങളിലൊക്കെ ദേശീയവരുമാനത്തിന്റെ 40% വരെയൊക്കെ നികുതിയായി പിരിക്കുന്നു. അവിടെ അതിനെതിരായി സമരം പോയിട്ട് മുറുമുറുപ്പുപോലുമില്ല. തൊട്ടിൽമുതൽ ചുടലവരെ (cradle to grave) സാമൂഹികസുരക്ഷിതത്വം പൗരനു നല്കുന്ന ഒരു സാമൂഹികവ്യവസ്ഥയിൽ നികുതി കൊടുക്കുന്നത് തങ്ങളുടെ കടമയായി പൗരജനങ്ങൾ കരുതുന്നു. ഇന്ത്യപോലുള്ള വികസ്വരസമൂഹങ്ങളിൽ സർക്കാർ എന്നത് പൊതുസേവനങ്ങൾ സൗജന്യമായാണ് നല്കുന്നത് എന്ന തെറ്റിദ്ധാരണ നിലനില്ക്കുന്നുണ്ട്. ഈ സൗജന്യങ്ങൾ എത്തിച്ചുതരുന്ന ദൈവങ്ങൾ ആയാണ് ജനങ്ങൾ രാഷ്ട്രീയക്കാരെ കാണുന്നത്. പരോക്ഷ നികുതികൾ വഴി തങ്ങളിൽനിന്ന് ഊറ്റിയെടുക്കുന്ന നികുതികളെക്കുറിച്ച് ജനങ്ങൾ അശേഷം ബോധവാന്മാരല്ല. ധനശാസ്ത്രത്തിൽ ‘ധനമിഥ്യ’( fiscal illusion) എന്നറിയപ്പെടുന്ന സ്ഥിതിവിശേഷമാണിത്.


പിരിക്കാമായിരുന്ന, പിരിക്കേണ്ടിയിരുന്ന നികുതിക്കുപകരം കടംകൊള്ളുന്നതിനെക്കുറിച്ച് സമൂഹത്തിനു ശരിയായ തിരിച്ചറിവില്ല. കടമെടുപ്പും നികുതിപിരിവും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. കടമെടുക്കുന്നത് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നതും പലിശയടക്കം തിരികെ നല്കേണ്ടതുമാണ്. നേരെമറിച്ച്, വില്പനനികുതി, സംസ്ഥാന എക്സൈസ് തുടങ്ങിയ പരോക്ഷനികുതികൾ പിരിക്കേണ്ട സമയത്ത് പിരിച്ചില്ലെങ്കിൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്. ഇപ്പറഞ്ഞ പരോക്ഷനികുതികളാണ് സംസ്ഥാനത്തിന്റെ മുഖ്യ വരുമാനസ്രോതസ്സുകൾ എന്നോർക്കണം.


ഇങ്ങനെ കടമെടുക്കുന്നതിന്റെ പ്രയോജനം ആർക്കാണ് പോകുന്നത്? കടമെടുത്ത തുകകൊണ്ടുകൂടിയാണ് ശമ്പളം, പെൻഷൻ തുടങ്ങിയ റവന്യൂചെലവുകൾ നടത്തുന്നത്. ഇവയുടെ പ്രയോജനം മുഖ്യമായും സമൂഹത്തിലെ മധ്യവർഗത്തിനും സമ്പന്നർക്കുമാണ് പോകുന്നത്. ഇവരാകട്ടെ നികുതിയിൽനിന്ന് നിയമാനുസൃതമായോ അല്ലാതെയോ മാറി നില്ക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ്. നേരെമറിച്ച്, സമാഹരിക്കുന്ന പൊതുവിഭവങ്ങളുടെ സിംഹഭാഗവും പാവപ്പെട്ടവരിൽനിന്നും പുറമ്പോക്കിൽ കിടക്കുന്നവരിൽനിന്നും ആണ്. ‘അടികിട്ടുന്നത് ചെണ്ടയ്ക്കും കാശുകിട്ടുന്നത് മാരാർക്കും’  എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന കലാപരിപാടിയാണിത്.


കടത്തിന്റെ പലിശ കൊടുക്കേണ്ടത് തനതുവർഷങ്ങളിലെ വരുമാനത്തിൽനിന്നാണ്. കടം കൂടുമ്പോഴും പലിശയും കൂടും. പലിശ ശമ്പളവും പെൻഷനുംപോലെ  ‘ഏറ്റുപോയ’ (committed) ചെലവാണല്ലോ. ഏറ്റുപോയ ഈ മൂന്നു ചെലവിനങ്ങൾക്കുശേഷം ‘ഏറ്റുപോകാത്ത’ (non-committed) ചെലവുകൾക്കു ലഭ്യമാകുന്ന പൊതുവിഭവങ്ങൾ കുറഞ്ഞുകുറഞ്ഞുവരും. ഉദാഹരണമായി 2021- 22-ലെ കണക്കുകൾ പ്രകാരം മൊത്തം വരുമാനത്തിന്റെ 83.16% ശമ്പളം, പെൻഷൻ, പലിശ എന്നീ മൂന്നിനങ്ങൾക്കായി മാറ്റിവയ്ക്കുകയാണ്. എന്നുപറഞ്ഞാൽ 16.84% മാത്രമേ സാധാരണജനങ്ങളുടെ ആവശ്യത്തിനായി ലഭ്യമാകുന്നുള്ളൂ എന്നാണ്. ഈ കുറവ് ഒരു പരിധിവരെ പരിഹരിച്ചു വന്നിരുന്നത് കടമെടുത്താണ്. കടമെടുപ്പിനു പരിധി വന്നതോടെ ഏറ്റുപോയ ചെലവുകൾക്ക് യാതൊരു കുറവുമില്ല. നേരെമറിച്ച്, ഏറ്റുപോകാത്ത ചെലവുകൾക്ക് വലിയ കുറവു വന്നിരിക്കുന്നു. അത് കേരളത്തിലൊട്ടാകെ ഇന്ന് ദൃശ്യമാണ്.