അരിയാഹാരം കഴിക്കുന്നവർ – എം.വി.ബെന്നി

അരിയാഹാരം കഴിക്കുന്നവർ  – എം.വി.ബെന്നി

ദിനവൃത്താന്തം


വിശ്വാസം കടുകിട മാറിയിട്ടില്ല എന്നഭിമാനിക്കുന്ന മതങ്ങളായാലും പാർട്ടികളായാലും തിരിഞ്ഞുനോക്കുമ്പോൾ, അവരും ഒരുപാട് മാറിയിട്ടുണ്ടെന്ന് അവർക്കുതന്നെ മനസ്സിലാകും. അടിസ്ഥാന ആശയങ്ങൾ പഴയതുപോലെ നിലനില്ക്കുന്നുണ്ടാകാമെങ്കിലും അവർ രൂപകല്പന ചെയ്ത ധാര്‍മിക പശ്ചാത്തലം മിക്കവാറും നഷ്ടമായിട്ടുണ്ടാകും.


രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ച തുല്യനീതിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ അവർപോലും കൈയൊഴിയുന്നത് എത്രയോ തവണ നിങ്ങളും കണ്ടിരിക്കും. ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വന്നവർ ശരവേഗതയിൽ ശതകോടീശ്വരന്മാരാകുന്നതും അചിന്ത്യമായ കാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ട നേതാവിനുമുന്നിൽ വോട്ടുചെയ്തവർ ഓച്ഛാനിച്ച് നില്ക്കുന്നതും പതിവു കാഴ്ചയാണ്. എന്നിട്ടും നേതാക്കൾക്ക് നിഷ്കളങ്കരായ അനുയായികൾ വേണ്ടുവോളം ഉണ്ടെന്നുള്ളതും വാസ്തവമാണ്. വിചിത്രമാണ് നമ്മുടെ ജനാധിപത്യം. പക്ഷേ, ഇത്തരം അനുയായികളുടെ കൈയിലല്ല ഒരു പാർട്ടിയുടെയും നേതൃത്വം. ഏതു പാർട്ടിയിലും നേതാക്കൾ ഒരു പ്രത്യക ജനുസ്സാണ്. മാറിയകാലം അടയാളപ്പെടുത്തുന്നത് അനുയായികളല്ല, നേതാക്കളാണ്.


സമൂഹത്തിൽ മതങ്ങൾ വിനിമയംചെയ്യാൻ ശ്രമിച്ച ആശയങ്ങളായിരുന്നു പാപവും പുണ്യവും സംബന്ധിച്ച സങ്കല്പനങ്ങൾ. സൽക്കർമങ്ങൾ ചെയ്താൽ പുണ്യം, ദുഷ്ക്കർമങ്ങൾ ചെയ്താൽ പാപം എന്നു മതങ്ങൾ ലോകത്തെ പഠിപ്പിച്ചു. ആർക്കും അക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്നത്തെ ലോകം പ്രവർത്തിക്കുന്നത് പാപവും പുണ്യവും സംബന്ധിച്ച പഴയ മൂല്യബോധത്തിലല്ല, ലാഭവും നഷ്ടവും അടിസ്ഥാനമാക്കിയ പുതിയ മൂല്യബോധത്തിലാണ്. പാപവും പുണ്യവും, ലാഭവും നഷ്ടവും റീപ്ലേസ് ചെയ്തിരിക്കുന്നു. പുണ്യപാപങ്ങളെക്കാൾ പ്രധാനം ഇന്ന് പണമാണ്. ലാഭത്തിലോടുന്ന സ്കൂളുകളും ലാഭത്തിലോടുന്ന ആശുപത്രികളും ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. ആശുപത്രികളുടെ ഓഹരി മൂല്യംനോക്കി പ്രവർത്തനം വിലയിരുത്തുന്നതുപോലുള്ള ഒരസംബന്ധം ഇതിലുമുണ്ട്. സ്വാഭാവികമായും ദരിദ്രർ മുൻഗണനാപട്ടികയുടെ പുറത്താകുകയും ചെയ്യൂന്നു. മതങ്ങളും പാർട്ടികളും സമൂഹത്തിൽ വിനിമയംചെയ്യാൻ ശ്രമിച്ച മൂല്യബോധം പിന്തുടരുന്ന നല്ല മനുഷ്യർ ഇപ്പോഴുമുണ്ട്. പക്ഷേ, അവർ ചെറിയൊരു ന്യൂനപക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്നു. വംശനാശം സംഭവിക്കുന്ന ജീവിവർഗങ്ങൾക്കിടയിലാണ് അവരുടെ സ്ഥാനം. ലാഭനഷ്ടക്കണക്കുകളിൽ ചുറ്റിത്തിരിയുകയാണ് ലോകം.


പഴയ ‘നാടോടിക്കാറ്റ്’ സിനിമ കണ്ടിട്ടുണ്ടാകുമല്ലോ. അതിലെ മോഹൻലാലിനെപ്പോലെ, പച്ചക്കറികൾ ഉന്തുവണ്ടിയിൽ കൊണ്ടുനടന്നു വില്ക്കുന്ന ഒരു കഥാപാത്രത്തെ എനിക്കും പരിചയമുണ്ട്. ‘അടിമക്കണ്ണ്’ എന്ന വാക്ക് എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. മൂന്നുസിനിമകളിൽ ചലച്ചിത്രനടൻ ‘ജയൻ’ അടിമക്കണ്ണായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അതിൽ ഒരുസിനിമയുടെ പേരുതന്നെ ‘അടിമക്കണ്ണ്’ എന്നാണെന്നും അദ്ദേഹം പറയുന്നു. എനിക്ക് പരിചിതമല്ലാത്ത മേഖലയാണ്.


അടിമക്കണ്ണ് എന്നുപറയുമ്പോൾ ദൈവത്തിന്റെ അടിമ എന്നാണർത്ഥം.എല്ലാ മതങ്ങളും ഈശ്വരനു കീഴ്പ്പെടാനാണല്ലോ മനുഷ്യരെ ഉപദേശിക്കുന്നത്. അതുകൊണ്ട്, ഏതെങ്കിലും മതത്തിൽ അടിമക്കണ്ണെന്ന് പേരുള്ളവരും ഉണ്ടായേക്കാം. എങ്കിലും ആ അർഥത്തിലല്ല നമ്മുടെ ഉന്തുവണ്ടിക്കാരൻ അടിമക്കണ്ണ് എന്ന വാക്ക് ഉപയോഗിക്കുന്നത്. നേതാവിന്റെ അടിമയായി പ്രവർത്തിക്കുന്ന അനുയായിയാണ് അദ്ദേഹത്തിന്റെ അടിമക്കണ്ണ്.


പാപപുണ്യങ്ങൾ ലാഭനഷ്ടങ്ങൾക്ക് വഴിമാറുകയും നേതാവിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ധൈര്യം കാണിച്ചിരുന്ന പഴയ അനുയായികളുടെ സ്ഥാനത്ത് നേതാവിന്റെ അടിമകളായി പരിവർത്തനപ്പെട്ട പുതിയ അനുയായികളും ചേർന്നാണ് പുതിയലോകം സൃഷ്ടിച്ചിരിക്കുന്നത്.


ദരിദ്രകുടുംബങ്ങളിൽനിന്ന് ഉയർന്നുവന്ന നേതാക്കൾപോലും ഫ്യൂഡൽ ശകാരപദങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളും കേട്ടുകാണും. ചെറ്റ, നാറി, പെറുക്കി, അരിയാഹാരം കഴിക്കുന്നവർ തുടങ്ങി എന്തെല്ലാം വാക്കുകളാണ് അവരുടെ നിഘണ്ടുവിൽ. ചെറ്റപ്പുരയിൽ കഴിഞ്ഞവർ ചെറ്റയും, പണിയെടുത്ത് വിയർപ്പ് നാറിയവർ നാറിയും, കടപ്പുറത്ത് മീൻപെറുക്കി നടന്നവർ പെറുക്കിയും ആണെന്ന് അറിയാതെയാണ് അവരുടെ പരിഹാസം. അരിയാഹാരം കഴിക്കുന്നവരുടെ കഥ കുറച്ചുകൂടി ചരിത്രപരമാണ്. സർ ടി. മാധവറാവു ദിവാനായിരുന്ന കാലത്താണ് തിരുവിതാംകൂറിൽ ആദ്യമായി അരി ഇറക്കുമതി ചെയ്യേണ്ടിവന്നത്. അരിവാങ്ങാൻ പണമില്ലാത്ത പ്രജകൾ എന്തെങ്കിലും പുഴുങ്ങിത്തിന്ന് വിശപ്പടക്കുകയായിരുന്നു പതിവ്. ദിവാൻ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി എല്ലാവർക്കും അരിയാഹാരം കഴിക്കുവാനുള്ള അവസ്ഥയുണ്ടായി. അരിയാഹാരം കഴിക്കാൻ ഭാഗ്യമുള്ളവർ, അതിനുള്ള അവസ്ഥയില്ലാത്തവരെ അപഹസിക്കാനാണ് ഞങ്ങൾ അരിയാഹാരം കഴിക്കുന്നവരാണെന്ന് പറഞ്ഞിരുന്നത്. ഞങ്ങൾക്ക് ബുദ്ധികൂടും എന്ന് ധ്വനി. അന്നത്തെ അരി ഇറക്കുമതി കേരളത്തിൽ ഇപ്പോഴും തുടരുന്നു.


എന്റെ ബുക്ക് ഷെൽഫുകൾ  ‍പരതിയാൽ റോബിൻ‍ ജെഫ്രി രചിച്ച, ‘The Decline of Nair Dominance’ എന്ന പുസ്തകത്തിന്റെ ആദ്യപ്രതി കണ്ടുകിട്ടിയേക്കും. ‘നായർ‍ മേധാവിത്വത്തിന്റെ പതനം’ എന്ന ശീർ‍ഷകത്തിൽ‍ അതിനൊരു മലയാള പരിഭാഷയുമുണ്ട്. പതനം എന്ന വാക്ക് അല്പം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതുകൊണ്ട്, ഇംഗ്ലീഷ് വായിക്കുന്നതായിരിക്കും നല്ലത്. ഗവേഷകൻ‍ വിദേശിയും ആണല്ലോ. ജപ്പാൻകാരനായ കോജി കവാഷിമ (Koji Kawashima) രചിച്ച ഗവേഷണ ഗ്രന്ഥം, ‘Missonaries and a Hindu State – Travancore 1858 – 1936’  എന്ന പുസ്തകവും വായിക്കണം. രണ്ടു ഗവേഷകരും വിദേശികൾ‍ ആയതുകൊണ്ടും നമ്മൾ‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവിഗ്രഹങ്ങൾ അത്ര വലുതല്ലാത്തതുകൊണ്ടും യാഥാർഥ്യബോധം ഉണ്ടാകാൻ‍ അത്തരം വായനകൾ പ്രയോജനപ്പെടും. സവര്‍ണ ഹിന്ദുക്കൾ‍ ഒരുഭാഗത്തും ക്രിസ്ത്യൻ‍ മിഷണറിമാര്‍ മറുഭാഗത്തും അണിനിരന്ന്‍ തിരുവിതാംകൂറിനെ‍ കൈപ്പിടിയിൽ ഒതുക്കാൻ‍ പരിശ്രമിച്ചപ്പോൾ‍ അതിനെ തന്ത്രപൂർവം പ്രതിരോധിച്ച‍‍ ദിവാൻ‍ ആയിരുന്നു സർ ടി. മാധവറാവു. എല്ലാ ജാതിമതസ്ഥർക്കും കളിക്കാൻ കഴിയുന്ന ഒരു കളിത്തട്ടായി കേരളം മാറുന്നത് അവിടം മുതൽക്കാണ്.


മാറുന്ന മൂല്യബോധവും വിധേയരായ അനുയായികളും കൂട്ടിനുള്ളതുകൊണ്ട് പണിയെടുക്കാത്ത നേതാക്കളും അരിയാഹാരം കഴിക്കുന്നുണ്ടെന്ന് നമ്മളെ ഓര്‍മിപ്പിക്കുന്നു.


ഭയപ്പെടുത്തിയ കളമശ്ശേരി


യഹോവാ സാക്ഷികളുടെ പ്രാർഥനായോഗത്തിൽ സംഭവിച്ച ബോംബ് സ്ഫോടനവും മരണവും നാശനഷ്ടവും അക്ഷരാർഥത്തിൽ കേരളത്തെ നടുക്കിക്കളഞ്ഞു. ഇതെഴുതുമ്പോഴും ജനങ്ങൾ ഭയവിമുക്തരായിട്ടില്ല.


യഹോവ സാക്ഷികളും ജൂതന്മാരും മുസ്ലീങ്ങളും, യേശുവിനെ ദൈവമായി കരുതുന്ന വിഭാഗങ്ങളല്ല. എങ്കിലും അവർക്കും അവരവരുടേതായ നിഷ്ഠകളുണ്ട്. യഹോവാ സാക്ഷികൾ കവുങ്ങ് കൃഷിചെയ്യില്ല, ദേശീയഗാനം ആലപിക്കില്ല, പട്ടാളത്തിൽ ചേരില്ല, യുദ്ധത്തിൽ പങ്കെടുക്കില്ല, ദൈവവിരുദ്ധവും മനുഷ്യവിരുദ്ധവുമെന്ന് അവർ കരുതുന്ന പ്രവൃത്തികളൊന്നും അവർ ചെയ്യില്ല. പതിനഞ്ചുവർഷം അമേരിക്ക വിയറ്റ്നാമുമായി യുദ്ധത്തിൽ ഏർപ്പെട്ടകാലത്ത്, പൗരന്മാർക്ക് നിർബന്ധിത സൈനികസേവനം ഏർപ്പെടുത്തിയ കാലത്തും, അവർ പട്ടാളത്തിൽ ചേർന്നില്ല. പാട്ടും പ്രാർഥനയുമായി അവർ അമേരിക്കൻ ജയിലുകളിൽ കഴിഞ്ഞു. കമ്യൂണിസ്റ്റുകൾ അല്ലാതിരുന്നിട്ടും അവർ ഹോചിമിനെതിരെ യുദ്ധംചെയ്യാൻ പോയില്ല.


വിവിധമതങ്ങളിലെ സെക്ടുകളെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് യഹോവാ സാക്ഷികളും നല്ലൊരു പഠന ശാഖയാണ്. എങ്കിലും അതല്ല നമ്മുടെ വിഷയം.


സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും കളമശ്ശേരിക്കേസിലെ നിഗൂഢതകൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അതുംകഴിഞ്ഞ്, കോടതികളുടെ വിധിപ്രസ്താവവുംകൂടി വായിച്ചിട്ടുവേണം ഈ വിഷയത്തിൽ നമുക്കൊരു വ്യക്തത കൈവരാൻ. അതുവരെ, ഒരാൾ എന്റെപിഴപറഞ്ഞ് പ്രതിസ്ഥാനം അവകാശപ്പെട്ടാലും നമ്മൾ അതു വിശ്വസിക്കണമെന്നില്ല. അന്വേഷണം കഴിഞ്ഞ് കോടതിവിധി വരട്ടെ.


പക്ഷേ, ഇത്തരം ഇടവേളകൾ ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ (Conspiracy Theories) ചാകരക്കാലമാണ്. മൂന്നു തരത്തിലാണ് പൊതുവിൽ ഗൂഢാലോചനാസിദ്ധാന്തങ്ങൾ. ഒന്ന്, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരണം ലഭിച്ചവ. രണ്ട്, ഗൂഢാലോചനകൾ സ്ഥാപിക്കാനുള്ള തെളിവുകൾ ഉണ്ടാകില്ല, അതേസമയം സർക്കാരിന്റെ വാദമുഖങ്ങൾ ദുർബലമാണെന്ന് തോന്നുകയും ചെയ്യും. മൂന്ന്, യുക്തിസഹമല്ലെങ്കിലും പുതുമാധ്യമങ്ങൾ വഴിയും സംഘടിതമായ ആശയപ്രചരണം വഴിയും പ്രചണ്ഡപ്രചാരണങ്ങൾ വഴിയും സമൂഹത്തിൽ ആധിപത്യം നേടുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങൾ. ഇതിൽ, ഏത് കാറ്റഗറിയിൽപ്പെട്ട  ഗൂഢാലോചനാസിദ്ധാന്തമാണ് നിങ്ങൾ ഇതുവരെ കേട്ടതെന്ന് നിങ്ങൾക്കും ആലോചിച്ചുനോക്കാവുന്നതാണ്.


ഏതിനും അന്വേഷണം കഴിഞ്ഞ് കോടതിവിധി വരട്ടെ. ഇപ്പോൾ പരേതർക്ക് ആദരാഞ്ജലികൾ അർപ്പിക്കുക, തകർന്ന മനുഷ്യർക്ക് സഹായങ്ങളും. 


ഭരണഘടനയും കവിതയും


ഭരണഘടന എന്ന വാക്ക് കവിതയിൽ വരുന്നത് എനിക്ക് ചിന്തിക്കാൻപോലും കഴിയില്ലെന്ന് സി. ജെ. തോമസ് പണ്ടു പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഭരണഘടനാവിരുദ്ധനായതുകൊണ്ടോ കവിതാവിരുദ്ധനായതുകൊണ്ടോ പറഞ്ഞതല്ല. മലയാള കവിതയുടെ അടിസ്ഥാനസ്വഭാവം അങ്ങനെയാണെന്ന് നാടകകാരനും ചിത്രകാരനും ഉപന്യാസകാരനുമായിരുന്ന സി. ജെ. തോമസ് മനസ്സിലാക്കിയിരുന്നു. അതിഭാവുകത്വംനിറഞ്ഞ വാക്കുകളുടെ ഘോഷയാത്രയാണ് നമുക്ക് കവിത. ഏഴകൾ സംസാരിക്കുന്ന കാവ്യഭാഷ നമുക്ക് അപരിചിതമാണ്. വൃത്തത്തിൽ എഴുതുന്നതു മാത്രമാണ് കവിതയെന്ന് പണ്ട് തെറ്റിദ്ധരിച്ചിരുന്നതുപോലെ, അതിഭാവുകത്വംനിറഞ്ഞ വാക്കുകളുടെ ഘോഷയാത്രയാണ് കവിതയെന്ന് ഇക്കാലത്തും ആളുകൾ ധരിച്ചുവശായിരിക്കുന്നു. വാക്കുകൾക്ക് വഴിനടക്കാൻ കവിതയിലും വൈക്കം സത്യാഗ്രഹം വേണ്ടിവരുന്ന കാലമാണ്.


ഭരണഘടന എന്ന വാക്കിന് കവിതയിൽ പിന്നീട് പ്രവേശനം കിട്ടിയോ എന്ന് ഖണ്ഡിതമായി പറയാൻ ഞാൻ ആളല്ലെങ്കിലും അയിത്തം കല്പിച്ചിരുന്ന പല വാക്കുകൾക്കും ആധുനികതയുടെ കാലത്ത് കവിതയിൽ കുറച്ചെങ്കിലും ഇടംകിട്ടിയിരുന്നു. കുറച്ചെങ്കിലും എന്ന വാക്ക് നിങ്ങൾ അടിവരയിട്ട് വായിക്കണം.


കഴിഞ്ഞമാസം, ബാലചന്ദ്രൻ ചുള്ളിക്കാട് മാതൃഭൂമിയിൽ ‘തോട്ടി’ എന്ന ശീർഷകത്തിൽ ഒരു കവിതയെഴുതിയിരുന്നു. സമൂഹം പരിപൂർണമായും വിസ്മരിച്ച തോട്ടിപ്പണിക്കാരുടെ ജീവിതമാണ് കവിതയുടെ പ്രമേയം. കവിതയിൽ പരാമർശിക്കപ്പെട്ട എം. എം. ലോറൻസ് കൊച്ചിയുടെ ഓർമകളിൽ തോട്ടിപ്പണിക്കാരുടെ ആദ്യകാല നേതാവാണ്. പരിശോധിക്കുമ്പോൾ, കേരളത്തിലും കേരളത്തിനുപുറത്തും തോട്ടികൾക്ക് അതിനുമുമ്പും നേതാവുണ്ടായിരുന്നു. അതൊന്നും ലോറൻസിന്റെ ത്യാഗത്തിന്റെ നിറംകെടുത്തുകയോ തോട്ടികളെ കവിതയിൽ പ്രവേശിപ്പിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രാധാന്യം ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. എങ്കിലും സാഹിത്യവിമർശനങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. സ്വർണത്തിന്റെ കലർപ്പും ശുദ്ധിയും അഗ്നിയിൽ തെളിയുന്നതുപോലെ രചനയുടെ ഗുണദോഷ വിചാരങ്ങൾ നിരൂപണത്തിൽ തെളിയുമെന്ന് കാളിദാസൻ രഘുവംശത്തിൽ പറഞ്ഞിട്ടുണ്ട്.


1954-ൽ, നാഗവള്ളി ആർ. എസ്. കുറുപ്പ് ‘തോട്ടി’യും, തകഴി ‘തോട്ടിയുടെ മകനും’ പ്രസിദ്ധീകരിച്ചു. തോട്ടികൾ മലയാള നോവലിൽ സ്ഥാനപ്പെട്ടെങ്കിലും കവിതയിൽ അവർക്ക് വാതിൽ തുറക്കുന്നത് ഇപ്പോഴാണ്.


മുഴങ്ങുന്ന ബംഗാൾ    


ഇന്ത്യൻ ചിത്രകലയെ ആധുനികതയിലേക്ക് പരിവർത്തിപ്പിച്ചവരിൽ പ്രമുഖനാണ് പത്മവിഭൂഷൺ നന്ദാലാൽ ബോസ്. അടിമഭാരതത്തിന്റെ ജ്വലിക്കുന്ന കണ്ണുകൾ എന്നാണ് ടാഗോറിനെയും ഗാന്ധിയെയും അദ്ദേഹം വിശേഷിപ്പിച്ചത്. ലോകം കാണാൻ നമുക്ക് ഗാന്ധിയുടെ കണ്ണുകളും വേണം ടാഗോറിന്റെ കണ്ണുകളും വേണം, സംസ്കാരം തുളുമ്പുന്ന വാക്കുകളും മൂല്യം പ്രസരിപ്പിക്കുന്ന രാഷ്ട്രീയവും.


രണ്ടുപേരുടെയും ചിന്തകൾ വ്യത്യസ്തമായിരുന്നു. ആശയപരമായി അവർ തമ്മിൽ വിയോജിപ്പുകളും ഉണ്ടായിരുന്നു. അപ്പോഴും ഗാന്ധിജി ടാഗോറിനെ ഗുരുദേവ് എന്നും ടാഗോർ ഗാന്ധിജിയെ മഹാത്മാ എന്നും സംബോധന ചെയ്തു. എതിർപ്പുകൾ വ്യക്തിപരമായിരുന്നില്ല, ആശയപരമായിരുന്നു. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാഗോർ ഇന്ത്യയിൽ കൊണ്ടുവന്നു. ഗാന്ധിജിയുടെ നാട്ടുകാർ എന്നുപറഞ്ഞാൽ ലോകംമുഴുവൻ ഇന്ത്യാക്കാർ മാനിക്കപ്പെടുകയും ചെയ്യും.


ഓർക്കുന്നുണ്ടാകുമല്ലോ, സാംസ്കാരികഭാരതത്തിന് വീര്യംപകർന്ന ടാഗോറിനെ അയർലണ്ടിലെ ചെറുത്തുനില്പിന്റെ തീപ്പന്തമായിരുന്ന യേറ്റ്സ് അവിടംമുഴുവൻ കൊണ്ടുനടന്നുകാണിച്ചതും ഗീതാഞ്ജലിക്ക് അവതാരിക എഴുതിക്കൊടുത്തതും. പഴയമട്ടിൽ ശ്ലോകങ്ങൾ കുറിച്ചിരുന്ന വെണ്മണി മഹൻ, ഗാന്ധിജിയെക്കുറിച്ചുള്ള കവിതയിൽ ഒരേ പാരതന്ത്ര്യത്തിന്റെ തുടലിൽ കിടക്കുന്ന മൂന്ന് സഹോദരിമാരായി ഇന്ത്യയെയും അയർലണ്ടിനെയും ഗ്രീസിനെയും രേഖപ്പെടുത്തിയിട്ടുണ്ട്. 1936 -ൽ ഒരു സംഗീതകൃതിക്ക് യേറ്റ്സ് എഴുതിയ അവതാരികയിൽ വള്ളത്തോളിന്റെ ‘ബധിരവിലാപം’ പരാമർശിക്കപ്പെടുന്നുണ്ട്.


മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു, ബംഗാളിലെ ചില ചെറുകവികൾ ടാഗോറിന്റെ പ്രാധാന്യം മനസ്സിലാക്കാതെ വിമർശിക്കാൻ തുടങ്ങിയപ്പോൾ, നിയമസഭ നിറുത്തിവച്ചാണ് ലോകത്തോട് പരസ്യമായി മാപ്പപേക്ഷിച്ചത്. സംസ്ഥാനഭൂരിപക്ഷം പിടിച്ചെടുത്ത ആദ്യതിരഞ്ഞെടുപ്പിൽ, വോട്ടെണ്ണൽ കഴിഞ്ഞ് വിജയിയായ മമത ബാനര്‍ജി ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സി.പി.എമ്മിനെ തറപറ്റിച്ച ആവേശത്തിൽ ഇന്നുരാത്രി സുഖമായി ഉറങ്ങുമല്ലേ എന്ന ചാനൽ ചോദ്യത്തിന് മറുപടിയായി, ഇല്ല ഉറങ്ങുംമുമ്പ് പതിവുപോലെ എനിക്ക് ഗീതാഞ്ജലി വായിക്കാനുണ്ട് എന്നായിരുന്നു മമതയുടെ മറുപടി. മമത ഓർമയിൽനിന്ന് ഗീതാഞ്ജലി ചൊല്ലുന്ന ഷോട്ടോടെയാണ് ഇന്റർവ്യൂ അവസാനിക്കുന്നത്. NDTV യിൽ ആയിരുന്നുവെന്നാണ് എന്റെ ഓർമ. 


അപ്പോഴാണ് യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ സ്ഥാനംപിടിച്ച വിശ്വഭാരതി സർവകലാശാലയുടെ ബോർഡിൽ വിശ്വമഹാകവിയുടെ പേരില്ലാതെ വരുന്നത്. സഹിക്കുമോ ബംഗാളികളും ലോകമെമ്പാടുമുള്ള കാവ്യാസ്വാദകരും.   


ഓർമകൾ ഉണ്ടായിരിക്കണം


സ്ത്രീവിഷയം ഒരു രാഷ്ട്രീയവിവാദമായി കേരളത്തിൽ വികസിക്കുന്നത് പി. ടി. ചാക്കോ മന്ത്രിയായിരുന്ന കാലത്താണ്. അതിനുമുമ്പും അതിനുശേഷവും, മന്ത്രിമാരെക്കുറിച്ചും മന്ത്രിമാരല്ലാത്ത നേതാക്കളെക്കുറിച്ചും പത്രങ്ങളിൽ കഥകൾ പ്രചരിച്ചിട്ടുണ്ടെങ്കിലും അതൊന്നും സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കാൻ പര്യാപ്തമായിരുന്നില്ല. പക്ഷേ, സത്യമായാലും അസത്യമായാലും പി. ടി. ചാക്കോയെക്കുറിച്ചുള്ള ആരോപണങ്ങൾ കേരളരാഷ്ട്രീയത്തെ വല്ലാതെ പിടിച്ചുകുലുക്കി. കാര്യങ്ങൾ, അദ്ദേഹത്തിന്റെ രാജിയിലേക്കും മരണത്തിലേക്കും അവസാനം കേരളാകോൺഗ്രസ്സിന്റെ ജനനത്തിലേക്കും വഴിമാറി. അതിനുശേഷവും എത്രയോ നേതാക്കൾ സ്ത്രീവിഷയം സംബന്ധിച്ച ആരോപണങ്ങളിൽ കുടുങ്ങുകയോ കുടുക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ആരെയും കോടതി ശിക്ഷിച്ചതായി കേട്ടിട്ടില്ല.


എല്ലാ അപവാദകഥകളും വാസ്തവമല്ലാത്തതുപോലെ, എല്ലാ അപവാദകഥകളും അവാസ്തവമാകണമെന്നുമില്ല. ഓർക്കുക, മറ്റുമാർഗങ്ങളിലൂടെ തുടരുന്ന യുദ്ധം എന്നാണ് പണ്ഡിതന്മാർ തിരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കുന്നത്. മതം, ജാതി, ഉപജാതി, പണം, പാർട്ടി, വ്യക്തിബന്ധങ്ങൾ, ആൺ / പെൺ വ്യത്യാസങ്ങൾ, രാജ്യത്ത് നിലവിലുള്ള നിയമങ്ങളും അതു മറികടക്കാനുള്ള പഴുതുകളും തുടങ്ങി എല്ലാം സമ്മർദശക്തികളും തിരഞ്ഞെടുപ്പുകാലത്ത് കളത്തിലിറങ്ങും. അതുകൊണ്ട്, സ്ഥാനാർത്ഥികളെ സംബന്ധിച്ച് നമ്മൾ കേൾക്കുന്ന അപവാദകഥകൾ മുഴുവൻ വാസ്തവമാകണമെന്നില്ല, എന്നുവച്ച് അവരെല്ലാം വിശുദ്ധരാണെന്ന് നമ്മൾ ധരിക്കുകയും വേണ്ട. സത്യം തേടാനുള്ള ബാധ്യത വോട്ടർക്കാണ്.


സമൂഹത്തിന്റെയും കോടതികളുടെയും മനോഭാവത്തിൽ വന്ന മാറ്റവും ശ്രദ്ധിക്കണം. നിയമങ്ങളും നിയമവ്യാഖ്യാനങ്ങളും ഒരുപാട് മാറിയിട്ടുണ്ട്. അതുകൊണ്ട്, സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തക നല്കിയ പരാതിയുടെ വാർത്തകൾ വായിച്ചപ്പോൾ പലതും ഓർത്തു. 


ഇനി രണ്ടുകൂട്ടരും ഒരുകാര്യം സ്വയം പരിശോധിക്കണം. പ്രേംനസീർ, സത്യൻ, മധു തുടങ്ങിയ നടന്മാർ സുരേഷ് ഗോപിയടെ സ്ഥാനത്തായിരുന്നെങ്കിലും, സ്വന്തം തൊഴിലിൽ ആത്മവിശ്വാസമുള്ള ഒരു വനിതാജേർണലിസ്റ്റ് പരാതിക്കാരിയുടെ സ്ഥാനത്തായിരുന്നെങ്കിലും ഇങ്ങനെയാകണമെന്നില്ല കഥാന്ത്യം.  കുറച്ചുകൂടി മെച്ചപ്പെട്ട നിലവാരം രണ്ടുകൂട്ടരിൽനിന്നു സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.