വൈറസ് നിർമിച്ച ചലച്ചിത്ര ഭൂപടം -ഡോ.സെബാസ്റ്റ്യൻ ജോസഫ്

വൈറസ് നിർമിച്ച ചലച്ചിത്ര ഭൂപടം -ഡോ.സെബാസ്റ്റ്യൻ ജോസഫ്

കാഴ്ച, ആരോഗ്യം, ചരിത്രം

“Somewhere in the world, the wrong pig met up with the wrong bat.”Kate Winslet as Dr. Erin Mears in Contagion, 2011.


“നമ്മൾ പേരാമ്പ്ര ഭാഗത്തുനിന്നും പരിശോധിച്ച 20 ശതമാനം ഫ്രൂട്ട് ഈറ്റിങ് വവ്വാലുകളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തി….. സഖറിയായ്ക്ക് എക്സ്പോഷർ ഉണ്ടായത് എങ്ങനെയെന്ന് സയന്റിഫിക്കലി ഏറ്റവും അടുത്തുനില്ക്കുന്ന എക്സ്പ്ലനേഷൻ ഇതു തന്നെയാണ്”. ഡോ.സുരേഷ് രാജനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ, വൈറസ്, 2019.


അപകടസമയങ്ങളിൽ കൈയെത്തിപ്പിടിക്കേണ്ട മിന്നിക്കൊണ്ടിരിക്കുന്ന ഓർമകളാണ് ചരിത്രമെന്ന്, വാൾട്ടർ ബന്യാമിൻ തന്റെ‘ചരിത്രത്തിന്റെ ആശയ’മെന്ന (On the Concept of History,1948)വളരെ പ്രസിദ്ധമായ നീണ്ട ഉപന്യാസത്തിൽ എഴുതിയിട്ടുണ്ട്. കോവിഡ് കാലത്ത് മരണത്തെ മുന്നിൽക്കണ്ടു ജീവിച്ചപ്പോൾ, കഴിഞ്ഞകാല മഹാമാരികളായ പ്ലേഗും, മലേറിയയും, സ്പാനിഷ് ഫ്ളൂവുമൊക്കെ മനുഷ്യരാശിയുടെ നിലനില്പിനാധാരമായ പ്രതിരോധത്തിന്റെ ചരിത്രത്തെ നമ്മുടെ മുന്നിൽ തെളിയിച്ചിട്ടുണ്ട്. കേരളമെന്ന ഈ വളരെ ചെറിയ ഭൂപ്രദേശത്തെ, കോവിഡിനു മുമ്പേ വിറപ്പിച്ച്, ഒരു മഹാമാരി കാലത്തിലെ സാമൂഹികഭയത്തെയും, അതിനെ അതിജീവിച്ച മനുഷ്യന്റെ കൂട്ടായ പ്രതിരോധ ചരിത്രത്തെയും വ്യക്തമാക്കിയ 2018-ലെ ആരോഗ്യ ചരിത്രപാഠമായിരുന്നു നിപ എന്ന സാംക്രമിക രോഗബാധ. വാൾട്ടർ ബന്യാമന്റെ വാക്കുകളെ അധികരിച്ചു നോക്കിയാൽ ചരിത്രമെന്ന ആ പഴയ മിന്നൽപ്പിണർ നമുക്കു തൊട്ടടുത്തുതന്നെയുണ്ട്. പക്ഷേ, അതിനെക്കുറിച്ച് പഠിക്കാൻ, ആർക്കൈവുകളിലോ, ആരോഗ്യവിഭാഗത്തിന്റെ പഴയ ഫയലുകളിലോ ഉള്ളതിലും ശക്തമായ മിന്നൽപ്പിണരായി ഒരു മലയാള ചലച്ചിത്രവും നമുക്കൊപ്പമുണ്ട്; ‘വൈറസ്’. ഓരോ ചലച്ചിത്രവും അതു നിർമിക്കുന്ന കാലഘട്ടത്തിന്റെ ചരിത്രാംശം പേറുന്നവയാണ്. ചിലത്, അതിൽത്തന്നെ, കൃത്യമായ ഗവേഷണത്തിലൂടെയും,ചരിത്ര രീതിശാസ്ത്രത്തിലൂടെയും വസ്തുനിഷ്ഠത പുലർത്തുന്നവയുമാണ്. ഈ വീക്ഷണകോണിലൂടെ, എല്ലാക്കാലത്തും കേരളീയർക്കും, മററു പ്രദേശങ്ങളിലെ ജനങ്ങൾക്കും ഒരു ചരിത്രപാഠമായി നിലകൊള്ളുന്ന ചലച്ചിത്രമാണ് ‘വൈറസ്’. അതിനുമപ്പുറം, അടുത്തകാലത്തെ ശാസ്ത്രീയഗവേഷണങ്ങൾ സൂചിപ്പിക്കുന്നതുപോലെ രോഗാതുരമായ ജിജ്ഞാസയെ(morbid curiosity) സൃഷ്ടിച്ച്, വീണ്ടുംവീണ്ടും ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന മഹാമാരികളെ നേരിടുവാനുള്ള മനഃശക്തിയും നമുക്കു സമ്മാനിക്കുന്ന ദൃശ്യവിസ്മയമായി ‘വൈറസ്’ കാഴ്ചയുടെ ആരോഗ്യശാസ്ത്രത്തെയും, ആരോഗ്യശാസ്ത്രത്തിന്റെ കാഴ്ചയെയും മിന്നിത്തെളിയിച്ചു കൊണ്ടേയിരിക്കും.


കേരളത്തിലെ  സിനിമകളുടെ ചരിത്രമെടുത്താൽ എന്തുകൊണ്ടും സവിശേഷത നിലനിറുത്തുന്നതും, നിരന്തരമായി പഠിക്കേണ്ടതുമായ ഒരു ചലിച്ചിത്രമാണ് 2019 ജൂൺ 7ന് റിലീസ് ചെയ്ത ആഷിഖ് അബുവിന്റെ‘വൈറസ്’.  മറ്റു ചരിത്രസിനിമകളിൽനിന്നു തികച്ചും വ്യത്യസ്ത പുലർത്തുന്ന ‘വൈറസ്’, മലയാളികളുടെ ആരോഗ്യ – രോഗപ്രതിരോധ ചരിത്രത്തിലെ ഭൂതകാലത്തിൽനിന്നു വർത്തമാന ലോകത്തേക്കും, ഭാവിയിലേക്കും ആർക്കൈവ് ചെയ്യപ്പെടേണ്ട മെഡിക്കൽത്രില്ലറാണിത്. 2018-ൽ സൂപ്പിക്കടയിൽനിന്നു തുടങ്ങി, പേരാമ്പ്രയിലെയും, കോഴിക്കോട് ജില്ലയിലെയും ജനങ്ങളെ അന്നേവരെ അവരനുഭവിച്ചിട്ടില്ലാത്ത ഭയത്തിന് അടിമപ്പെടുത്തിയ നിപ എന്ന പകർച്ചവ്യാധിയും, അതിനെ പ്രതിരോധിച്ച കേരളത്തിന്റെ ആരോഗ്യപരിപാലന സംവിധാനത്തിന്റെ കെട്ടുറപ്പും ഒരു ഡോക്യുമെന്ററിയുടെ ശാസ്ത്രീയ പരികല്പനകൾ പാലിച്ചും, എന്നാൽ തികച്ചും ഉദ്വേഗപരമായ സിനിമാറ്റിക്ക് കഥ പറച്ചിലിലൂടെയും ദൃശ്യവത്കരിച്ചിരിക്കുകയാണ് ഈ ചലച്ചിത്രത്തിൽ.  ഈ ചലച്ചിത്രം മെഡിക്കൽ ത്രില്ലർ എന്ന സിനിമാ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ലോകത്തിൽ ഇന്നേവരെ ഇറങ്ങിയ മഹാമാരി സിനിമകളിൽനിന്നു സവിശേഷകരമായ വ്യതിരക്തത പുലർത്തുന്ന ‘വൈറസ്’, കേരളത്തിന്റെ ആരോഗ്യചരിത്രത്തിലെ സുപ്രധാന വിജയത്തിന്റെ സിനിമാറ്റിക് ആർക്കൈവായി മാറിയിരിക്കുന്നു. വീണ്ടുംവീണ്ടും(2018,2019,2021,2023)കോഴിക്കോടും, പരിസര പ്രദേശങ്ങളിലും തലപൊക്കുന്ന നിപ എന്ന വൈറസ് ഈ ചലച്ചിത്രത്തിന്റെ സാമൂഹികപ്രസക്തി നിരന്തരമായി ഊട്ടിയുറപ്പിക്കുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യചരിത്രത്തിലേക്ക് വെളിച്ചംതരുന്ന മെഡിക്കൽ റിക്കോർഡുകളും, വിദഗ്ധ റിപ്പോർട്ടുകളും ധാരാളമുണ്ടെങ്കിലും, ഏതൊരാൾക്കും ഒറ്റ കാഴ്ചയിൽത്തന്നെ മനസ്സിലാക്കാവുന്ന ആരോഗ്യ ശാസ്ത്രത്തിലേക്കും, പ്രതിരോധ പ്രവർത്തനങ്ങളിലേക്കും ഒരു ശാസ്ത്രീയയാത്രയാണ് ഈ ചലച്ചിത്രം സാധ്യമാക്കുന്നത്.


‘വൈറസി’നു മുമ്പ്, കേരളത്തിന്റെ ആരോഗ്യചരിത്രത്തെക്കുറിച്ചോ, സംഭവങ്ങളെക്കുറിച്ചോ ഒരു മുഴുനീള ചലച്ചിത്രം നിർമിക്കപ്പെട്ടിട്ടില്ല. ഇതിനു കാരണങ്ങൾ പ്രധാനമായും രണ്ടാണ്. പ്രാഥമികമായി, ഇങ്ങനെയൊരു പകർച്ചവ്യാധിയുടെ പിടിയിൽ വർത്തമാനകേരളം വന്നിട്ടില്ല, രണ്ടാമത്, ഇത്രമാത്രം സംഘാടനമികവിലൂടെ ഒരു മഹാരോഗത്തെയും ദുരന്തത്തെയും കേരളം അതിജീവിച്ച ചരിത്രവും ഉണ്ടായിട്ടില്ല. വാക്സിനോ, കൃത്യമായ മരുന്നുകളോ, ട്രീറ്റ്മെന്റ് പ്രോട്ടോക്കോളോ ഇല്ലാത്ത ഒരു പകർച്ചവ്യാധിയെ, ഒരു വൈറസിനെ നേരിട്ട കേരള സമൂഹം, വ്യത്യസ്ത സാമൂഹികശ്രേണികളിലുള്ള മനുഷ്യരുടെ ഒത്തൊരുമയെ അനുഭവിച്ച ചരിത്രസന്ദർഭം കൂടിയായിരുന്ന നിപാ പ്രതിരോധ കാലഘട്ടം. ചലച്ചിത്രത്തിന്റെ ഭാവനകൾക്കപ്പുറത്തുള്ള സാമൂഹികലോകത്തെ സ്യഷ്ടിച്ച നിപ, വ്യത്യസ്തമായ ഒരു സിനിമാറ്റിക് ഇക്കോളജിയെയാണ് ‘വൈറസി’ലൂടെ സാധ്യമാക്കിയത്.


മഹാമാരിസിനിമകളിലെ വില്ലൻ സാധാരണയായി വൈറസോ, ബാക്ടീരിയയോ, അതുമല്ലെങ്കിൽ ബയോ തീവ്രവാദികളോ ആയിരിക്കും. മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ട വില്ലനാണെങ്കിൽ, സിനിമയിൽ വില്ലൻ ദൃശ്യനായിത്തന്നെ അവതരിക്കപ്പെടും. ആദ്യ രണ്ടു വിഭാഗത്തിൽപ്പെട്ട വില്ലന്മാർ, വൈറസ് / ബാക്ടീരിയ സൂക്ഷ്മാണുക്കളും, മനുഷ്യനേത്രങ്ങൾക്ക് നേരിട്ടുകാണാൻ പറ്റാത്തതുമായതിനാൽ, സിനിമയിൽ ആദ്യാവസാനം അദൃശ്യമായിത്തന്നെ നിലനില്ക്കും. ഇതുതന്നെയാണ് ഈ ഗണത്തിൽപ്പെട്ട ചലച്ചിത്രങ്ങളുടെ പരിമിതിയും, സാധ്യതയും. ഒരു കുറ്റാന്വേഷണ ചലച്ചിത്രത്തിന്റെ കഥ പറച്ചിൽ രീതിയിലേക്ക് ‘വൈറസ്’ മാറിയതും ഇതേ കാരണങ്ങൾ കൊണ്ടാണ്. ചലച്ചിത്രത്തിലെ പതിനേഴാം മിനിറ്റു മുതൽ പ്രേക്ഷകർ ഒന്നടങ്കം വൈറസിൽനിന്നു രക്ഷ നേടുവാൻ തീവ്രശ്രമം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെയും, വൈറസിനെ പേടിച്ചു കഴിയുന്ന ജനങ്ങൾക്കുമൊപ്പമാണ്.


മാറിയ ലോകം, മാറിയ കാഴ്ചാനുഭവം


2019-ൽ ഇറങ്ങിയ ‘വൈറസ്’ കാണുന്ന പ്രേക്ഷകനെ കോവിഡ് ലോകത്തുനിന്നു നോക്കുമ്പോൾ ചലച്ചിത്രത്തിന്റെ അനുഭവതലത്തിൽ വലിയ മാറ്റമുണ്ടായതായിത്തോന്നുന്നു. മഹാമാരികളുടെ ചരിത്രവും, പ്രതിരോധ പ്രവർത്തനങ്ങളും  അറിവുള്ളവരിൽപ്പോലും, കോവിഡ് കാലഘട്ടം പരിഭ്രാന്തിയും, ഭയവും സൃഷ്ടിച്ചതായി കാണാം. 2020-ന് മുമ്പ് കണ്ട ‘വൈറസ്’ എന്ന ചലച്ചിത്രം സൃഷ്ടിച്ച അനുഭവതലത്തിൽനിന്നു വളരെ വ്യത്യസ്തമായ അനുഭവ ലോകത്തിലേക്കാണ് ‘വൈറസ്’ കോവിഡ് കാലത്തിൽ പ്രേക്ഷകരെ കൊണ്ടെത്തിച്ചത്.2020-ന് മുമ്പ് കണ്ട ‘വൈറസ്’ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം, മലപ്പുറത്തും, കോഴിക്കോട്ടും പടർന്നുപിടിച്ച ഒരു പകർച്ചവ്യാധി മാത്രമാണ്. ഒരു വൈറസ് വില്ലനെ സർവ്വശക്തിയുമുപയോഗിച്ച് പ്രതിരോധിച്ച മലബാറിലെ ജനങ്ങൾക്കും, ആരോഗ്യ പ്രവർത്തകർക്കും, രാഷ്ട്രീയ നേതാക്കൾക്കുമൊപ്പം നില്ക്കുക എന്ന നിലപാടിലായിരുന്നു അന്നത്തെ മറ്റു മലയാളികളും പ്രേക്ഷകരും. നിപ സൃഷ്ടിച്ച ഭീതിയും, ദുരന്താനുഭവവും തികച്ചും പ്രാദേശികമായ ഒരനുഭവമായി തീർന്നേക്കാവുന്ന സാഹചര്യത്തെ മറികടന്ന ‘വൈറസ്’, കോവിഡ് കാലത്ത് എല്ലാ മലയാളികൾക്കും, മറ്റു ദേശവാസികൾക്കും പഠിക്കാനും പരിശീലിക്കുവാനും ഉതകുന്ന ചലച്ചിത്രാവിഷ്ക്കാരമായി മാറി. കോവിഡ് സ്യഷ്ടിച്ച അടച്ചിരിപ്പുകാലത്ത് ഒ.ടി.ടിയിൽ ‘വൈറസ്’ കണ്ടപ്രേക്ഷകർക്ക് ഇതിന്റെ അനുഭവതീവ്രത പതിന്മടങ്ങു വർധിച്ചതായി കാണാം. ‘വൈറസി’നൊപ്പം, മറ്റു മഹാമാരി ചലച്ചിത്രങ്ങളായ ‘കണ്ടേജിയനും’, ‘ഫ്ളൂ’വും, ‘ഔട്ട് ബ്രേക്കു’മൊക്കെ ജനങ്ങൾ തിരഞ്ഞുപിടിച്ചു കാണുവാൻ തുടങ്ങിയിരുന്നു.


വൈറസ്: മെഡിക്കൽ ത്രില്ലറിന്റെ സവിശേഷതകൾ


വൈറസിലെ അത്യാഹിത വിഭാഗം


സാമൂഹികജീവിതത്തിൽ പൊടുന്നനെ സംഭവിക്കുന്ന ചില സംഭവങ്ങൾ, അസുഖം, മരണം, ആപത്ത് / അപകടം എന്നിവ വ്യക്തികളുടെയും കൂട്ടങ്ങളുടെയും ജീവിതക്രമത്തെ തകിടംമറിക്കുകയും, ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ജീവിതരീതികളെ ആശ്രയിക്കേണ്ട നിലയിലേക്കവരെ എത്തിക്കുകയും ചെയ്യുന്നു. പൊടുന്നനെ സംഭവിക്കുന്ന അപകടം, അസുഖം, ദുരന്തങ്ങൾ സാധാരണയായി നമ്മെ എത്തിക്കുന്ന ഒരു സ്ഥലമാണ് ആശുപത്രിയിലെ അത്യാഹിത (casualty) വിഭാഗം. മലയാളസിനിമയിൽ ആശുപത്രിയിലെ അത്യാഹിതവിഭാഗങ്ങൾ സിനിമയുടെ കഥയ്ക്ക് അനുസൃതമായി വന്നുപോയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ അത്യാഹിതവിഭാഗത്തിലേക്ക് കൊണ്ടുവരുന്ന ആംബുലൻസും, കാഷ്വാലിറ്റി എന്ന ബോർഡ് ഫോക്കസ് ചെയ്യുന്ന സീനുകളും, ദുഃഖാർത്തരായ മനുഷ്യർ അത്യാഹിതവിഭാഗത്തിനു മുമ്പിൽ തളർന്നിരിക്കുന്നതും, ഡോക്ടർമാരും മറ്റു ആശുപത്രി ജീവനക്കാരും ജീവൻ നിലനിറുത്തുവാൻ വേണ്ടി കഠിനപ്രയത്നം നടത്തുന്നതുമൊക്കെ സിനിമയിൽ നാം ധാരാളം കണ്ടിട്ടുണ്ട്. ഇതേ സമയം,നായകനോ, നായികയോ, ജീവിതത്തിലേക്ക് തിരിച്ചുവരണേ എന്ന് ഉള്ളുരുകി പ്രാർഥിക്കുന്നവരായി മാറുകയാണ് സിനിമാശാലയിലെ പ്രേക്ഷകകൂട്ടങ്ങൾ. തങ്ങൾ കാണുന്നത് സിനിമയാണെന്നും, ഈ അത്യാഹിതരംഗം വെറും ഭാവനയാണെന്നുമൊക്കെ ചിന്തിച്ച് യുക്തിഭദ്രമായ രീതിയിൽ കരയാതെയോ, കരളലിയാതെയോ ഇരിക്കുന്ന പ്രേക്ഷകൻ ജീവിതത്തിലും ഇതേ നിർവികാരജീവികളായിരിക്കും. അത്യാഹിതം സംഭവിച്ചത് തനിക്കുതന്നെയാണെന്ന വിഭ്രാന്തിയിലാണ് സിനിമാശാലയിലെ ഇരുട്ടിനുള്ളിൽ പ്രേക്ഷകർ ഇരിക്കുന്നത്. മെഡിക്കൽകോളെജിലെ അത്യാഹിതവിഭാഗത്തിൽപ്പെട്ട അനുഭവലോകത്തായിരിക്കും പ്രേക്ഷകരപ്പോൾ. സിനിമയിൽ അത്യാഹിതവിഭാഗത്തിലെ രംഗങ്ങൾ വരുന്നത് കഥ പറച്ചിലിന്റെ തീവ്രത കൂട്ടുവാനും, കഥയിലെന്നപോലെ സിനിമാശാലയ്ക്കുള്ളിലെ പ്രേക്ഷകരേയും അതേ തീവ്ര ദുഃഖലോകത്തെത്തിക്കുവാനും കൂടിയാണ്.


സാധാരണ സന്ദർഭങ്ങളിൽ സംഘട്ടനത്തിലോ, അപകടത്തിലോ സാരമായി പരിക്കുപറ്റിയ നായകനോ/ നായികയോ / അവരുടെ ബന്ധുമിത്രാധികളോ ഒക്കെ ആയിരിക്കും സിനിമയിലെ അത്യാഹിതവിഭാഗത്തിൽ വരാറുള്ളത്. നായികയെ വകവരുത്താൻ  കരുതിക്കൂട്ടി വാഹനം ഓടിച്ച, അല്ലെങ്കിൽ നായകനെ വകവരുത്താൻ ശ്രമിച്ച വില്ലനോ മറ്റോ ആയിരിക്കും ഈ അത്യാഹിതത്തിനുത്തരവാദി. ചിലപ്പോൾ വില്ലൻതന്നെ അത്യാഹിത സിനിമാസന്ദർഭത്തിലെ രക്ഷകനായി വരാറുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് നായകന് അപകടം പറ്റിയതിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് ചില ബലമായ സംശയങ്ങൾ ഉണ്ടായിരിക്കും, ചിലപ്പോൾ കൃത്യമായ ധാരണയുമാവാം. ‘വൈറസി’ലെ അത്യാഹിതവിഭാഗവും രംഗങ്ങളും സിനിമയുടെ തുടക്കത്തിൽത്തന്നെ സംഭവിക്കുന്ന ആകസ്മികതയാണ്. സിനിമതന്നെ ആരുമറിയാത്ത അത്യാഹിതത്തിന്റെ ചുരുൾ അയിക്കുന്ന ചലച്ചിത്രവൈറസ്തന്ത്രമാണ് ‘വൈറസി’ൽ പ്രയോഗിച്ചിരിക്കുന്നത്. നായകനോ, പ്രതിനായകനോ, നായികയോ ഒന്നുമില്ലാതെ തുടക്കത്തിൽത്തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇരമ്പിക്കയറി വരുന്ന ആംബുലൻസായി മാറുകയാണ് ‘വൈറസി’ലെ കാഷ്വാലിറ്റി. ‘വൈറസ്’ അന്നേ വരെ കേരളസമൂഹം അനുഭവിക്കാത്ത കാഷ്വാലിറ്റിയുടെ ചരിത്രമാണ് മുന്നോട്ട് വയ്ക്കുന്നത്. അപകടത്തിൽപ്പെട്ടവരെയും, ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവരെയും അത്യാഹിതവിഭാഗത്തിലേക്ക് കൊണ്ടുവരുന്നതിനൊപ്പം, അദൃശ്യനായി വരുന്ന വില്ലനാണ് നിപ വൈറസ്.


മെഡിക്കൽകോളെജിലെ ഹൗസ്സർജൻമാർ രാത്രിയിൽ ടർഫ്കോർട്ടിൽ ഫുട്ബോൾ കളിക്കുന്നതാണ് ‘വൈറസി’ലെ അത്യാഹിതവിഭാഗത്തിലെ സീനുകൾക്കു മുന്നോടിയായി വരുന്നത്. കളിക്കിടയിൽ ഒരു ഫൗളിനെച്ചൊല്ലി ചില വഴക്ക് നടക്കുന്നതും, ഫ്രീകിക്ക് ഗോളാക്കി മാറ്റുന്നതുമൊക്കെയാണ് ഫുട്ബോൾ കളിയിലെ പ്രധാന സീനുകൾ. ശരീരത്തെയും , പോസ്റ്റ്മോർട്ടത്തെയും കുറിച്ച് സംസാരിച്ചുപോകുന്ന മെഡിക്കൽവിദ്യാർഥികളുടെ സംഭാഷണത്തിൽ അടുത്തദിവസം അവരെ കാത്തിരിക്കുന്ന ദുരന്തങ്ങളിലേക്കുള്ള സൂചനകൾ ചിലതു കാണാം. പിറ്റേന്ന് അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയുള്ള യുവഡോക്ടർ ഞെട്ടി എഴുന്നേല്ക്കുന്നത് ഫോണിൽ വന്ന കാമുകിയുടെ ‘ഞാൻ വിവാഹിതയാകാൻ പോകുന്നു’ (I am getting married) എന്ന സന്ദേശം വായിച്ചു കൊണ്ടാണ്. ഈ വാർത്ത യുവ ഡോക്ടറുടെ കണ്ണു തള്ളിക്കുമ്പോൾ തെളിയുന്നത് ജീവിതത്തിൽ എന്തോ അത്യാഹിതം സംഭവിക്കാൻ പോകുന്നു എന്ന അയാളുടെ ചിന്ത തന്നെയാണ്. തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഈ സന്ദേശം വായിച്ച് ആശുപത്രിയിലേക്ക് പോകുമ്പോൾ അയാൾ സുഹൃത്തിനോട് കുറച്ചുസമയത്തേക്ക് ഡ്യൂട്ടിയിൽനിന്നു ഒഴിവാക്കിത്തരണമെന്ന് അഭ്യർഥിക്കുന്നുണ്ട്. അത്യാഹിതവിഭാഗത്തിലെത്തുന്ന ഡോക്ടർ, തന്റെ പ്രശ്നങ്ങളെല്ലാം ഉള്ളിലൊതുക്കി അപകടത്തിൽപ്പെട്ടവരുടെയും ഗുരുതരമായ രോഗം ബാധിച്ചവരെയും രക്ഷപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നതാണ് പിന്നീട് പ്രേക്ഷകർ കാണുന്നത്. ദൈനംദിന സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങൾ തന്റെ ഡ്യൂട്ടിക്കിടയിൽ അയാളെ അലട്ടുന്നുണ്ടെങ്കിലും, അത്യാഹിതവിഭാഗത്തിലെ അന്തരീക്ഷം അയാളെ തന്റെ സ്വകാര്യ ദുഃഖങ്ങൾ മറക്കുവാൻ പ്രേരിപ്പിച്ച് മനുഷ്യജീവൻ നിലനിറുത്തുന്ന പോരാളിയാക്കി മാറ്റുകയാണ്. അവരുടെ പ്രണയബന്ധം തകരുമോ എന്ന ചിന്ത പ്രേക്ഷകർക്കുണ്ടെങ്കിലും, അത്യാഹിതവിഭാഗത്തിലെ രംഗങ്ങൾ അവരെയും തൽക്കാലത്തേക്ക് അപകടത്തിൽപ്പെട്ട് മരണാസന്ന നിലയിൽ വരുന്ന രോഗികൾക്കൊപ്പം സിനിമ നിറുത്തുന്നു. വ്യക്തി ജീവിതത്തിലുണ്ടാകുന്ന അത്യാഹിതങ്ങൾ, ഒരു ഡോക്ടർ എങ്ങനെ മറികടക്കുന്നു എന്ന പാഠമാണ് പ്രേക്ഷകർ ഇതിൽനിന്നു പഠിക്കുന്നത്. അത്യാഹിതവിഭാഗത്തിൽനിന്നു താത്കാലിക വിടുതൽ കിട്ടിയ ഡോക്ടർ തന്റെ മനസ്സിലെ സ്വകാര്യ കാഷ്വാലിറ്റി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രേക്ഷകർ പിന്നീട് സിനിമയിൽ കാണുന്നത്, അതുതന്നെ ഒരു കാഷ്വാലിറ്റി ആയി മാറുന്നുണ്ടെങ്കിലും.


അത്യാഹിതവിഭാഗത്തിലെ മരണവെപ്രാളങ്ങൾക്കും, തീവ്രപരിചരണങ്ങൾക്കിടയിലേക്ക് ആരോരുമറിയാതെ നുഴഞ്ഞു കയറുകയാണ് നിപ വൈറസ്. കേരളത്തിനോ, ഇന്ത്യയിൽ മറ്റ് പ്രദേശത്തോ അത്ര പരിചിതനല്ലാത്ത വൈറസ് വില്ലൻ ആശുപത്രി അത്യാഹിതവിഭാഗത്തിൽ കയറിക്കൂടുന്നതിന്റെ രഹസ്യസ്വഭാവം തികച്ചും സ്വാഭാവികമായിത്തന്നെയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. മരണത്തിനും ജീവിതത്തിനുമിടയിൽപ്പെട്ടു നട്ടം തിരിയുന്ന മനുഷ്യർക്കിടയിൽ, അതീവ അപകടകാരിയായ വൈറസ് എത്തുന്നത് ഇവരോ വൈദ്യശാസ്ത്ര വിദഗ്ധരോ അറിയുന്നില്ല. ശ്വാസം നിലച്ച നിലയിൽ അവിടെയെത്തുന്ന രോഗിയെ കൃത്രിമ ശ്വാസോച്ഛ്വാസത്തിലൂടെ രക്ഷിച്ചെടുക്കുവാനുള്ള ഡോക്ടർമാരുടെ ശ്രമം അവസാനം വിജയിക്കുമ്പോൾ, അവരുടെ സന്തോഷവും ആശ്വാസവും ഡോക്ടറുടെ ചെറുപുഞ്ചിരിയിലൂടെ സിനിമ പ്രേക്ഷകരിലെത്തിക്കുമ്പോൾ, സിനിമയിലെ താരങ്ങൾക്കൊപ്പം പ്രേക്ഷകരും ആശ്വസിക്കുകയാണ്. ഹൃദയമിടിപ്പിന്റെ താളവ്യത്യാസം കമ്പ്യൂട്ടർമോണിറ്ററിൽ തെളിയുന്നതിനൊപ്പം തീയേറ്ററിനകത്തും ശുഭപ്രതീക്ഷകൾ ഇതൾവിരിയുന്നു. കൈവിരലറ്റും, മറ്റു രോഗങ്ങൾ മൂർച്ഛിച്ചും, പക്ഷാഘാതം ബാധിച്ചും വരുന്ന രോഗികളെ ശുശ്രൂശിക്കുന്ന ആര്യോഗ്യപ്രവർത്തകരിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയാണ് വൈറസ് സിനിമ.


മരണത്തിന്റെ ടാഗ്


ഏതൊരു ആശുപത്രി അത്യാഹിതവിഭാഗത്തിലും മരണവുമായി മല്ലിടുന്ന രോഗികളെയും ഭിഷഗ്വരൻമാരെയും നമുക്കു കാണുവാൻ സാധിക്കും. കണ്ടുനില്ക്കുന്നവർപോലും മോഹാല്യസപ്പെട്ടു പോകുന്ന രംഗങ്ങൾ അവിടെ സംഭവിക്കാറുണ്ട്. ഏതോ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ‘വൈറസി’ലെ അത്യാഹിതവിഭാഗത്തിൽ എത്തിക്കുമ്പോൾ പ്രേക്ഷകർ ഒന്നാകെ ഞടുങ്ങുന്നുണ്ട്. ശരീരത്തിൽ മുഴുവൻ വലിയ പരിക്കുകളോടെ, കഴുത്തിലൂടെയും, മുഖത്തിലൂടെയും രക്തം വാർന്നൊഴുകുന്ന രീതിയിൽ കൊണ്ടുവരുന്ന യുവാവിന്റെ കണ്ണുകളിലേക്ക് ടോർച്ചടിച്ച് നോക്കുന്ന സീൻ, മരണത്തെ സ്പഷ്ടീകരിക്കുന്നതിനെയാണ് വളരെ സൂക്ഷ്മമായി ദൃശ്യവത്കരിച്ചിരിക്കുന്നത്. ഇ.സി.ജി മോണിറ്ററിൽ തെളിഞ്ഞു കാണുന്ന നേർരേഖകൾ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷയും തകർത്തുകളയുകയാണ് അക്ഷരാർഥത്തിൽ നിറവേറ്റിയിരിക്കുന്നത്. പിന്നീട്, ശവമായി ആ യുവാവിനെ സ്ട്രെച്ചറിൽ കൊണ്ടുപോകുമ്പോൾ കാലുകളിൽ കാണുവാൻ സാധിക്കുന്ന തിരിച്ചറിയൽ ടാഗുമാത്രമാണ് അയാളെക്കുറിച്ചുള്ള വിവരം. വീട്ടിൽനിന്നു ജോലിക്കോ മറ്റാവശ്യങ്ങൾക്കോ പുറത്തുപോയ യുവാവ് നമ്പറിട്ട ശവമായി മെഡിക്കൽകോളെജിലെ മോർച്ചറിയിലേക്ക് നീക്കപ്പെടുന്നത് കരളലിയിപ്പിക്കുന്ന രംഗമാണ്. മരണത്തെ മുഖാമുഖം കാണുന്ന ഡോക്ടർമാരുടെയും മറ്റു ആരോഗ്യപ്രവർത്തകരുടേയും അനുഭവലോകത്തിന്റെ ശാസ്ത്രീയവും, കൃത്യവുമായ രംഗസംവിധാനമാണ് ‘വൈറസി’ലെ അത്യാഹിതവിഭാഗത്തിന്റെ പ്രത്യേകത. സിനിമയിൽ  അത്യാഹിതവിഭാഗത്തിലെ ഡോക്ടർമാരുടെ കൂട്ടായപ്രവർത്തനത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്.


അത്യാഹിതത്തിലെ ആകസ്മികത – വൈറസിന്റെ നുഴഞ്ഞുകയറ്റം


കടുത്ത പനിയും ഛർദ്ദിയുമായി ചുരുളൻമുടിയും താടിയുമുള്ള ഒരു യുവാവിനെ വൈറസിലെ അത്യാഹിതവിഭാഗത്തിലേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നത് പ്രേക്ഷകർ വെറും സാധാരണ കാഴ്ചയായി മാത്രം കണ്ടിരിക്കാനാണ് സാധ്യത. സാധാരണരീതിയിൽ കടുത്ത പനി ബാധിച്ചവനെന്ന പ്രതീതി മാത്രമാണ് അവിടെ സിനിമ ജനിപ്പിക്കുന്നത്. അവസാനം മരണപ്പെട്ട് അവിടെനിന്നു മാറ്റപ്പെടുമ്പോഴും, ആ മരണത്തിൽ പ്രേക്ഷകർക്കു പ്രത്യേക സംശയങ്ങളൊന്നും ഉണ്ടാകുന്നില്ല. ഇവിടെയാണ് അദൃശ്യനായ വില്ലൻ വൈറസിന്റെ വരവ് സിനിമ വളരെ സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നത്. ഒരു മെഡിക്കൽത്രില്ലറെന്നു വിശേഷിപ്പിക്കാവുന്ന ‘വൈറസി’ൽ അദൃശ്യനായ വില്ലൻ നിപ വൈറസിന്റെ ആഗമനം ഒരു മഹാമാരിസിനിമയുടെ സവിശേഷ തിരക്കഥാരീതിശാസ്ത്രമാണ്. അത്യാഹിതത്തിലെ ആകസ്മികതയെന്നോ, മഹാമാരിസിനിമയിലെ നിഗൂഢതയെന്നോ നമുക്കിതിനെ വിശേഷിപ്പിക്കാം. നമ്മുടെയൊക്കെ സാമൂഹിക / വ്യക്തി ജീവിതങ്ങളിലേക്ക് നാമറിയാതെ നുഴഞ്ഞുകയറിവന്ന കൊറോണവൈറസും ഒരു സിനിമാറ്റിക് ആകസ്മികതപോലെ അനുഭവപ്പെട്ടിരുന്നത് മുൻകൂട്ടി പ്രവചിച്ച ചലച്ചിത്രമായി ‘വൈറസ്’ മാറുകയാണ്.


സിനിമയ്ക്ക് പുതിയ പദാവലി


ഒരു മെഡിക്കൽത്രില്ലറിനു യോജിച്ച ആരോഗ്യശാസ്ത്ര പദാവലിതന്നെ നിർമിച്ചുകൊണ്ടാണ് ‘വൈറസ്’ കഥാവത്കരിച്ചിരിക്കുന്നത്‌. കൃത്യമായ ആരോഗ്യശാസ്ത്ര പദങ്ങൾ തിരക്കഥയിൽ ഉപയോഗിച്ചത് പ്രേക്ഷകർക്ക് ഈ ചലച്ചിത്രത്തിലുള്ള വിശ്വാസം കൂട്ടുവാനും, കൈകാര്യംചെയ്യുന്ന വിഷയത്തിന്റെ ആധികാരികതയും, ശാസ്ത്രീയതയും ഉറപ്പിക്കുവാനും വേണ്ടിയാണ്. അതിതീവ്ര രോഗപ്രതിരോധത്തിനുപയോഗിക്കുന്ന വെന്റിലേറ്ററുകൾ കോഴിക്കോട് മെഡിക്കൽകോളജിൽ ഇനി ബാക്കിയില്ല എന്ന കളക്ടർക്കു ലഭിക്കുന്ന സന്ദേശത്തിലൂടെയാണ് ‘വൈറസ്’ ടേക്ക് ഓഫ് ചെയ്യുന്നത്. ഒരു മനുഷ്യജീവനെ രക്ഷിക്കുവാനുള്ള അവസാന രക്ഷാപ്രവർത്തനം തന്നെയാണ് വെന്റിലേറ്ററിന്റെ സഹായത്തോടുകൂടി ജീവൻ നിലനിറുത്തുക എന്നത്. ചലച്ചിത്രത്തിൽ വെന്റിലേറ്റർ എന്ന വാക്ക് ഒരു താക്കോൽ വാക്കായി (Keyword) ഇതിന്റെ പ്രമേയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്കെത്തിക്കുന്നതിനാണ് പ്രയോഗിച്ചിരിക്കുന്നത്. പിന്നീടങ്ങോട്ട്, ചലച്ചിത്രത്തിൽ, അത്യാഹിതവിഭാഗത്തിലും, പ്രധാന മീറ്റിംഗുകളിലും, വാർത്താപ്രചരണത്തിലും, സ്വകാര്യ സംഭാഷണങ്ങളിലുമെല്ലാം ഇത്തരത്തിലുള്ള മഹാമാരിക്കാലത്തിന്റെ സവിശേഷ മെഡിക്കൽ പദങ്ങളുടെ ഉപയോഗമാണ് കാണുന്നത്.


ഇൻട്യൂബേഷൻ, ഐസോലേഷൻ, സാച്ചുറേഷൻ ലെവൽ, ഓക്സിമീറ്റർ, WHO പ്രോട്ടോകോൾ, ആൾട്ടേർഡ് സെൻസോറിയം, ബയോ വെപ്പൺ, എൻസെഫലൈറ്റിസ്, സിൻഡ്രോം,ബറിയൽ രീതികൾ (ഡീപ്പ് ബറിയിൽ), പി.പി.ഇ.കിറ്റ്, N95 മാസ്ക്, ശാരീരിക അകലം, ക്വാറന്റൈൻ, കണ്ടേയ്ൻമെന്റ് സോൺ, ലോക്ക് ഡൗൺ, കോൺടാക്ട് ട്രേസിംഗ്, പ്രൈമറി /സെക്കൻഡറി കോൺടാക്ട്, കൺട്രോൾറൂം, ഡ്രോപ്പ്ലെറ്റസ് റിസർവയർ എന്നിങ്ങനെ പല വാക്കുകളുടെ പ്രയോഗമാണ് ‘വൈറസി’ലുടനീളം കാണുവാൻ കഴിയുന്നത്. ഇതിൽ ചില വാക്കുകളെക്കുറിച്ച് അറിയാമെങ്കിലും, ഇതിലെ മിക്ക പദങ്ങളുടെയും അര്‍ഥം കൃത്യമായി മലയാളി പ്രേക്ഷകർ അറിയുന്നത് ‘വൈറസി’ലൂടെയാണ്. പിന്നീട് കോവിഡ് കാലത്ത് നാം കേട്ടു പരിചയപ്പെടുന്ന ശാസ്ത്രീയ / സാമൂഹിക ശാസ്ത്രീയ വാക്കുകൾ നാം ‘വൈറസി’ൽ മുൻപേതന്നെ പരിചയപ്പെടുകയാണ്. ഡിക്ഷ്ണറിയിൽനിന്നു ഒരു ശാസ്ത്രീയപദത്തിന്റെഅര്‍ഥം പഠിക്കാമെങ്കിലും, ചലച്ചിത്രത്തിലൂടെ ഇത്തരത്തിലുള്ള പദങ്ങളുടെ അര്‍ഥങ്ങൾ നാം പഠിക്കുന്നത് അനുഭവതലത്തിലാണ്. മഹാമാരിക്കാലങ്ങളിൽ, നാമതേവരെ അനുഭവിക്കാത്ത സാമൂഹികതയ്ക്കൊപ്പം, പുതിയ പദപ്രയോഗങ്ങളും വന്നു ചേരുന്നതായി നാം കോവിഡ്കാലത്ത് കണ്ടു. വൈറസുകൾ സാധാരണജീവിതത്തെ അസാധാരണമാക്കുന്നതുപോലെ, ദൈനംദിന സംഭാഷങ്ങളെയും മാറ്റിമറിക്കുന്നു. ഈ വാക്കുകളുടെ പ്രയോഗം അതിന്റെ സാങ്കേതികതയെ സൂചിപ്പിക്കുമ്പോഴും, ‘വൈറസ്’ എന്ന ചലച്ചിത്രം സാങ്കേതികതയ്ക്കപ്പുറമുള്ള ഒരു വികാരലോകത്തിലൂടെ ഈ വാക്കുകളുടെ സാമൂഹികതയെ വെളിവാക്കുകയാണ്. ആരോഗ്യരംഗത്തെ വിദഗ്ധർക്കും മറ്റു സഹായികൾക്കുമൊപ്പം മഹാമാരി കാലഘട്ടത്തിന്റെ ശാസ്ത്രീയതയെ സാധാരണമനുഷ്യർക്കും മനസ്സിലാക്കി കൊടുക്കുന്ന ചലച്ചിത്രമാണ് ‘വൈറസ്’.


‘വൈറസി’ലെ ഡോക്ടർമാരുടെ സംഭാഷണത്തിലൂടെ വിവിധതരം സാംക്രമികരോഗങ്ങളെക്കുറിച്ച് പ്രേക്ഷകർ മനസ്സിലാക്കുന്നുണ്ട്. നിപ വൈറസിന്റെ ആക്രമണത്തെക്കുറിച്ച് ‘വൈറസി’ലെ മെഡിക്കൽ ലോകമെത്തുന്നത് ഒരു കുറ്റാന്വേഷണ കഥപറച്ചിലിലൂടെ തന്നെയാണ്. രോഗപ്രതിരോധചികിത്സാ രീതികളിലേക്ക്, ചലച്ചിത്രം തിരിയുന്നത് ഇതിനിടയാക്കുന്ന മറ്റു രോഗങ്ങളെ / വൈറസുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ്. മെഡിക്കൽവിദഗ്ധരുടെ തുടക്കചർച്ചയിൽ രോഗിയായ റസാഖിനെ പരിശോധിച്ച ഡോക്ടർ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിഷം ഉള്ളിൽച്ചെന്നിരിക്കാം എന്ന കാര്യം തള്ളിക്കളയുന്നത്, കുടുംബത്തിലെ മറ്റുള്ളവർക്കും ഇതേ രോഗലക്ഷണങ്ങൾ കണ്ടതിനാലാണ്. ക്ലസ്റ്ററിംഗ് ഓഫ് കേസസ് എന്നാണ് സ്പഷ്ടമായി ഡോക്ടർ നിരീക്ഷിക്കുന്നത്. തുടർന്ന് ഹെർപിസ്, ജാപ്പനീസ് സിംപ്ലക്‌സ്, വെസ്റ്റ് നൈൽ എൻസഫലൈറ്റിസ് സാധ്യതകളെയെല്ലാം തള്ളിക്കളഞ്ഞാണ് നിപാവൈറസിലെത്തുന്നത്. ‘വൈറസി’ന്റെ ഇരുപിത്തിയാറാം മിനിറ്റിലാണ്  നിപയെന്ന വില്ലനിലേക്ക് സൂചന വയ്ക്കുന്നത്. ഒരും കൊടുംവില്ലന്റെ വരവിനെ ചിത്രീകരിക്കുവാൻ അദൃശ്യനായ വൈറസിന്റെ കാര്യത്തിൽ സാധ്യമല്ലാത്തതുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ശബ്ദസംവിധാനത്തിലൂടെയാണ് വൈറസിനെ അവതരിപ്പിക്കുന്നത്. ചലച്ചിത്രത്തിന്റെ ടൈറ്റിൽ എഴുതി കാണിക്കുമ്പോഴും, ലബോറട്ടറിയിൽ മൈക്രോസ്കോപ്പിലൂടെ തെളിയുന്ന വൈറസ് ഘടനയെത്തന്നെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്.


തന്റെ കൈവശമുള്ള ഫോണെടുത്ത് ഉടനെത്തന്നെ നിപ വൈറസിനെ തിരഞ്ഞ പ്രേക്ഷകർ തീയേറ്ററുകളിൽ ഉണ്ടായിരിക്കാം എന്നത് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. വൈറസിൽ യുവ ഡോക്ടർമാർ എല്ലാവരുംതന്നെ നിപായെക്കുറിച്ച് ഇന്റർനെറ്റിൽ തിരയുന്നത് നമുക്കു കാണാം. തങ്ങൾക്ക് സുപരിചിതമല്ലാത്ത വൈറസിനെപ്പറ്റി മനസ്സിലാക്കുന്ന ജിജ്ഞാസയാണ് സ്ക്രീനിലും, സിനിമാശാലയിലും നാം കാണുന്നത്. സുരേഷ് രാജൻ എന്ന ഡോക്ടർ കഥാപാത്രത്തിലൂടെ നിപ വൈറസിന്റെ ചരിത്രവും, പ്രത്യേക കണക്കുകളും ‘വൈറസി’ൽ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ അതിതീവ്ര മഹാമാരികളുടെ പട്ടികയിൽ ഏറ്റവും ഗുരുതര സ്വഭാവമുള്ള ആദ്യപത്തിൽപ്പെട്ട നിപ ഒരു സൂനോട്ടിക്ക് (മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പകരുന്ന) രോഗമാണെന്നും, സിങ്കപ്പൂർ, മലേഷ്യ, ബംഗ്ളാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഈ രോഗം പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്നും, രോഗംബാധിച്ച് മരണപ്പെട്ടവരെക്കുറിച്ചുള്ള കണക്കുകളും കൃത്യമായിത്തന്നെ ചലച്ചിത്രത്തിൽ വിശദീകരിക്കുന്നുണ്ട്. സിനിമയുടെ ശാസ്ത്രീയതതന്നെ നിരവധിപ്പേരെ നിപാവൈറസിന്റെ അന്വേഷകരാക്കി മാറ്റി എന്നുള്ളത് വൈറസിന്റെ വർത്തമാനകാലത്തിലെ മൂല്യം വർധിപ്പിക്കുന്നു. ചലച്ചിത്രാസ്വാദനം, ഒരു രോഗത്തെക്കുറിച്ചുള്ള വിജ്ഞാനസമ്പാദനമായി മാറുന്നത് ചലച്ചിത്രം തന്നെ ആധികാരികപാഠമാകുമ്പോഴാണ്. സാധാരണ ജനങ്ങളെ ബോധവാന്മാരക്കുന്നതിനൊപ്പം, പലരിലും മെഡിക്കൽസേവനരംഗത്ത് പ്രവർത്തിക്കുവാനുള്ള ആവേശവും, താത്പര്യവും വർധിപ്പിച്ചതായി ‘വൈറസി’ന്റെ യൂട്യൂബ് ക്ലിപ്പുകൾക്ക് താഴെക്കാണുന്ന കമന്റുകള്‍ തെളിവാണ്. ഹൃദയത്തിന്റെ പ്രവർത്തനം സി.പി.ആറിലൂടെ വീണ്ടെടുക്കുമ്പോൾ ഡോക്ടറുടെ മുഖത്തു പടരുന്ന പുഞ്ചിരിപലരും തങ്ങളുടെ ജീവിതത്തിലും സംഭവിച്ചതായി കമന്റ് ചെയ്യുന്നുണ്ട്. അത്യാഹിതവിഭാഗത്തിന്റെ ദൃശ്യാവിഷ്ക്കാരം ഏററവും റിയലിസ്റ്റിക്കും, മെഡിക്കൽവിദ്യാർഥികൾക്കുപോലും പ്രചോദനം നല്കുന്നതാണെന്നും കമന്റുകളിൽ കാണാം. നീററ് പരീക്ഷയ്ക്ക് തയാറെടുക്കുവാൻ ‘വൈറസി’ലെ അത്യാഹിതവിഭാഗത്തിലെ രംഗങ്ങളും, പശ്ചാത്തലസംഗീതവും പ്രചോദനമായതായി ഒരു വിദ്യാർഥി കുറിച്ചിരിക്കുന്നു. ഇങ്ങനെ നിരവധി കമന്റുകളിലൂടെ പൊതുവായും, മെഡിക്കൽവിദ്യാർഥികൾക്കു പ്രത്യേകിച്ചും വലിയ തിരിച്ചറിവു നല്കുന്ന ചലച്ചിത്രമായി ‘വൈറസ്’ മാറിയിരിക്കുന്നു. ആരോഗ്യപഠനരംഗത്ത് ഇതുപോലെയുള്ള ചലച്ചിത്രങ്ങൾ വലിയ സാമൂഹിക അനുഭവപാഠങ്ങളായി മാറുമെന്നത് പാശ്ചാത്യരാജ്യങ്ങളിലെ വിദ്യാഭ്യാസചിന്തകർ നിരീക്ഷിച്ചിട്ടുണ്ട്. ഒരു രോഗി അസുഖത്തിന്റെ വെറുമൊരു പ്രദേശമല്ലെന്ന തിരിച്ചറിവ് വൈദ്യശാസ്ത്രവിദ്യാർഥികളിൽ ഉണ്ടാകുന്നത് രോഗത്തിന്റെയും രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും, രോഗിയുടെയും ജീവപരിസരങ്ങളെ തിരിച്ചറിയുമ്പോഴാണെന്ന് ‘വൈറസ്’ നമ്മെ പഠിപ്പിക്കുന്നു. സ്വന്തം വാപ്പയുടെ ബയോപ്സി റിസൾട്ടിനാണ് താൻ വന്നതെന്ന സംഭാഷണത്തിൽ, മണിപ്പാലിലെ ഡോക്ടറുടെ മനസ്സലിയുന്നത് ചലച്ചിത്രം വ്യക്തമാക്കിത്തരുന്നതും ഇതു തന്നെയാണ്. തൊഴിൽ സ്ഥിരമായി ലഭിക്കുമെന്ന ആഗ്രഹത്തിൽ നിപാപ്രതിരോധത്തിനും, നിപ വന്നു മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ റാപ്പ് ചെയ്യുന്നതിനും വന്ന കാഷ്വൽ ജീവനക്കാരന്റെ ദുഖം കൂടി ചേർത്തുവേണം ആരോഗ്യപരിപാലകരെക്കുറിച്ച് ചിന്തിക്കാനെന്നും ‘വൈറസ്’ നമ്മെ ഉത്ബോധിപ്പിക്കുന്നുണ്ട്. മെഡിക്കൽപദാവലികൾക്കൊപ്പം ദാരിദ്ര്യത്തെയും പാഠമാക്കുകയാണ് ചലച്ചിത്രമിവിടെ.