ദിനവൃത്താന്തം വായനശാലയിൽ ചെല്ലുമ്പോൾ
Where is the life we have lost in living?
Where is the wisdom we have lost in knowledge?
Where is the knowledge we have lost in information?
T.S. Eliot
ചില വാക്കുകൾക്ക് സാങ്കേതിക അർഥങ്ങളുണ്ട്. മതങ്ങളും രാഷ്ട്രീയപാർട്ടികളും ശാസ്ത്രപ്രതിഭകളും പല വാക്കുകളും ഉപയോഗിക്കുന്നത് സാങ്കേതിക അർഥത്തിലാണ്. അതു മനസ്സിലാകാത്തവർക്ക് അർഥബോധം ജനിക്കില്ല. സാഹിത്യരചനയിൽ എഴുത്തുകാർക്ക് ലഭ്യമായ സ്വാതന്ത്ര്യം മറ്റുമേഖലകളിൽ പ്രവർത്തിക്കുന്നവർക്കില്ല. സാഹിത്യഭാഷയുടെ ആവൃത്തി മറ്റൊരു വിതാനമാണ്.
സത്യം എന്നവാക്ക് ഇന്ത്യൻ തത്ത്വചിന്തകർ ഉപയോഗിക്കുന്നത് വസ്തുത എന്ന അർഥത്തിലല്ല. എല്ലാക്കാലത്തും എല്ലാദേശത്തും ശരിയായിരിക്കുന്നതെന്തോ അതു സത്യം. എങ്കിലും സാധാരണക്കാർ വസ്തുത എന്ന വാക്കിന് പകരമായാണ് സത്യം എന്ന വാക്ക് ഉപയോഗിക്കുന്നത്.
ടി.എസ്.എലിയറ്റിന്റെ ‘ദ റോക്ക്’ എന്ന കവിതയിലെ, മുകളിൽ ഉദ്ധരിച്ച വരികൾ വായിക്കുമ്പോഴും നമുക്ക് അർഥബോധം ഉണ്ടാകണം. ജീവിക്കുന്നതിനിടയിൽ നമ്മൾ ജീവിക്കാതെ പോകുന്ന ജീവിതവും പരമമായ അറിവിന്റെ തലത്തിൽനിന്നു വെറും വിവരമെന്ന നിലവാരത്തിലേക്കുള്ള നമ്മുടെ പതനവും കവിത സൂചിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ എഴുതിയ കവിതയാണെങ്കിലും ഈനൂറ്റാണ്ടിലെ ‘ഇൻഫർമേഷൻ ഏജി’ൽ കവിത കൂടുതൽ പ്രസക്തമാകും.
അറിവിന്റെ പടവുകളുടെ താഴത്തെ പടികൾ കയറാൻ ലൈബ്രറികളിൽ പോകേണ്ടത് അനിവാര്യമാണ്. മുകളിലെ പടവുകൾ കയറാൻ ലൈബ്രറിയിൽ പോകണമെന്നില്ല. അതു മഹത്തുക്കൾക്കുള്ള പടവുകളാണ്. അതുകൊണ്ട് ഒരിക്കലും ലൈബ്രറിയിൽ പ്രവേശിച്ചിട്ടില്ലാത്ത ഒരാളും കേരളത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അസംഖ്യം ഗ്രാമീണ വായനശാലകൾ, ജില്ലാ – താലൂക്ക് ലൈബ്രറികൾ, സ്കൂൾ – കോളെജ് ലൈബ്രറികൾ, യൂണിവേഴ്സിറ്റി ലൈബ്രറികൾ, മത സംഘടനകളും സമുദായ സംഘടനകളും നടത്തുന്ന ലൈബ്രറികൾ, പാർട്ടികളും തൊഴിലാളി സംഘടനകളും തൊഴിൽ സ്ഥാപനങ്ങളും നടത്തുന്ന ലൈബ്രറികൾ, തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുംകൂടി ഉൾപ്പെടുത്തിയാലും കേരളത്തിലെ ലൈബ്രറികളുടെ ചിത്രം പൂർണമാകില്ല. സംസ്ഥാനത്ത് ലൈബ്രറി സയൻസ് പഠിപ്പിക്കാൻ യൂണിവേഴ്സിറ്റികളും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും ലൈബ്രറി കൗൺസിലും ഉണ്ട്. ബ്രിട്ടീഷ് ലൈബ്രറി ഉൾപ്പെടെയുള്ള യൂറോപ്പിലെ പ്രമുഖ ലൈബ്രറികളിലെ ഗ്രന്ഥശേഖരം കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.
നമുക്ക് കേരളത്തിലെ ലൈബ്രറികളിലേക്ക് തിരിച്ചുവരാം. മഹാത്മാഗാന്ധി എഴുതിയതുമുഴുവൻ സമാഹരിച്ച നൂറുവാല്യങ്ങൾ ഇവിടെ കാണാം. ഇ.എം.എസ് എഴുതിയ നൂറുവാല്യങ്ങളും ഇവിടുണ്ട്. വിചാരധാര എഴുതിയ ആർ.എസ്.എസ് നേതാവ് ഗോൾവാൽക്കർ ആണെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ താത്ത്വികാചാര്യൻ മൗദൂദിയാണെങ്കിലും അടിസ്ഥാനപരമായി അവരെല്ലാം എഴുത്തുകാർ ആയിരുന്നു. അവർ എഴുത്തിലൂടെ സൃഷ്ടിച്ച ആശയലോകമാണ് അവരുടെ അനുയായികളുടെ ഊര്‍ജസ്രോതസ്. അതിലേക്കുള്ള കവാടങ്ങളാണ് ലൈബ്രറികൾ. സാഹിത്യമുൾപ്പെടെ മറ്റുമേഖലകളുടെ കാര്യം പറയാനുമില്ല. എങ്കിലും കേരളത്തിലെ ലൈബ്രറികളിലും ചില കൗതുകങ്ങൾ ഉണ്ട്.
മഹാത്മാഗാന്ധിയും ഇ.എം.എസും മൗദൂദിയും ഗോൾവാൽക്കറും ഉൾപ്പെടെ വിഭിന്നമായ ആശയലോകം സൃഷ്ടിച്ച എഴുത്തുകാർ മുഴുവൻ ഒരേ പ്രാധാന്യത്തോടെ അണിനിരക്കുന്ന ലൈബ്രറികൾ കേരളത്തിൽ കാണാൻ വിഷമമാണ്. ഗാന്ധിജിയുടെ സമ്പൂര്‍ണ കൃതികൾ ഉള്ളിടത്ത് ഇ.എം.എസിന്റെ സമ്പൂര്‍ണ കൃതികൾ കാണില്ല. മൗദൂദി ഉള്ളിടത്ത് ഗോൾവാൽക്കറെ കാണില്ല, തിരിച്ചും. അറിഞ്ഞുകൊണ്ടല്ലെങ്കിലും ഈ അനഭിലഷണീയ പ്രവണതകൾ നമ്മുടെ ലൈബ്രറികളിൽ പ്രകടമാണ്. എല്ലാം വാങ്ങാൻ പണം വേണ്ടേ എന്നു നിങ്ങൾ ചോദിക്കുമായിരിക്കും. അനുപാതക്രമം ദീക്ഷിച്ചാൽ മതിയല്ലോ എന്നു നമുക്ക് മറുപടിയും പറയാം.
ഇന്ത്യൻ ഗ്രന്ഥാലയശാസ്ത്രത്തിന്റെ പിതാവാണ് ഡോ. എസ്. ആർ. രംഗനാഥൻ. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ത്യയിൽ ലൈബ്രേറിയൻ ദിനം. പുസ്തകങ്ങൾ എങ്ങനെയെല്ലാമാണ് ലൈബ്രറികളിൽ ശാസ്ത്രീയമായി ക്രമീകരിക്കേണ്ടതെന്ന് അദ്ദേഹം ഇന്ത്യാക്കാരെ പഠിപ്പിച്ചു. ഗ്രന്ഥാലയശാസ്ത്രം സംബന്ധിച്ച് അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ എഴുതി. ഗണിതശാസ്ത്ര പണ്ഡിതനായിരുന്ന അദ്ദേഹമാണ് ഇന്ത്യൻ ഗ്രന്ഥാലയശാസ്ത്രത്തിന് ബലിഷ്ടമായ അസ്ഥിവാരമുറപ്പിച്ചത്. അദ്ദേഹം നിർദേശിച്ച പഞ്ചതത്ത്വങ്ങളാണ് ഇന്നും ഗ്രന്ഥാലയശാസ്ത്രത്തിന്റെ ആധാരശില. കേൾക്കുമ്പോൾ ലളിതമെന്ന് തോന്നാവുന്ന ഈ അഞ്ചുതത്ത്വങ്ങളും ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ ഒരു ജനാധിപത്യ സമൂഹത്തിന് ആവശ്യമായ ആദർശാത്മക ലൈബ്രറി രൂപപ്പെടും.
‘ഗ്രന്ഥാലയ പഞ്ചസൂത്രം’ എന്നു വിശേഷിപ്പിക്കുന്ന ആ തത്ത്വങ്ങൾ ഇവയാണ്: ‘പുസ്തകങ്ങൾ ഉപയോഗിക്കാൻ ഉള്ളതാണ്, ഏത് വായനക്കാരനും/വായനക്കാരിക്കും വായിക്കാൻ പുസ്തകങ്ങളുണ്ട്, എല്ലാ പുസ്തകങ്ങൾക്കും വായനക്കാരുണ്ട്, വായനക്കാരുടെ സമയം നഷ്ടപ്പെടുത്തരുത്, ലൈബ്രറി വളരുന്ന ഒരു പ്രതിഭാസമാണ്’. ഒരു ജനാധിപത്യസമൂഹത്തിൽ ഡോ.എസ്.ആർ. രംഗനാഥൻ നിർദേശിച്ച ഈ പഞ്ചതത്ത്വങ്ങളാണ് ലൈബ്രറികളുടെ പ്രവർത്തനമർമം, ലൈബ്രറികൾ കേന്ദ്രം നടത്തിയാലും സംസ്ഥാനം നടത്തിയാലും. പക്ഷേ, കേന്ദ്രസർക്കാർ സംസ്ഥാനങ്ങളിലും ലൈബ്രറികൾ തുടങ്ങിയേക്കും എന്ന ആശങ്കയിലാണ് ഇപ്പോൾ കേരളത്തിലെ ഗ്രന്ഥശാലകൾ. കേന്ദ്രംഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ ആശയ അജണ്ടകൾ ലൈബ്രറികളിലൂടെ കേരളത്തിലും എത്തുമെന്ന് അവർ ഭയപ്പെടുന്നു. കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തകർക്ക് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ അജണ്ടകളോട് യോജിക്കാനും കഴിയില്ല. അതിന്റെ പിരിമുറുക്കമാണ് ഇപ്പോൾ ഗ്രന്ഥശാലകളിൽ.
മത്സരമില്ലാത്ത ലോകം സ്വപ്നംകാണാൻപോലും കഴിയുന്ന കാലമല്ല ഇത്. രണ്ടുകൂട്ടരും ഡോ. എസ്. ആർ. രംഗനാഥന്റെ പഞ്ചതത്ത്വങ്ങൾ അടിസ്ഥാനമാക്കി പ്രഫഷണലായി പ്രവർത്തിച്ചാൽ ദേശാന്തര പ്രശസ്തിയുള്ള ലൈബ്രറികൾ കേരളത്തിലും ഉണ്ടാകും.
നടയ്ക്കൽ പരമേശ്വരൻപിള്ള എഴുതിയ ‘കോഫീ ഹൗസിന്റെ കഥ’ വായിച്ചിട്ടുണ്ടോ? വഴിയാധാരമായിപ്പോയ ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികൾ നടത്തിയ ഗുണപരമായ ഒരു ചെറുത്തുനില്പിന്റെ ചരിത്രം ആ പുസ്തകം പറയും. അന്നത്തെ അവരുടെ യൂണിയൻ സെക്രട്ടറിയായിരുന്നു ഗ്രന്ഥകാരൻ. അതെ, ലൈബ്രറികളുടെ കാര്യത്തിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഗുണപരമായ മത്സരമാണ് ഉണ്ടാകേണ്ടത്.
ചെരുപ്പ്
തകഴിയെ പലതവണ കണ്ടിട്ടുണ്ട്. എഴുത്തുകാർക്ക് താരപരിവേഷം ഉണ്ടായിരുന്ന കാലമായിരുന്നു അത്. ശരിയെന്ന് തോന്നുന്ന അഭിപ്രായം അവർ ആരുടെ മുന്നിലും തുറന്നുപറഞ്ഞു. ഇത്രയും അധികാരപൂജ അക്കാലത്ത് ഉണ്ടായിരുന്നില്ല. കാണുമ്പോഴൊന്നും തകഴിയുടെ കാലിൽ ചെരുപ്പ് ഉണ്ടായിരുന്നില്ല. ഉടനീളം പച്ചമണ്ണിൽ ചവിട്ടിനടന്ന എഴുത്തുകാരനായിരുന്നു തകഴി.
കസാൻദ്സാക്കീസിന്റെ വിഖ്യാതമായ ‘God’s pauper’ നോവലിൽ ഇങ്ങനെയൊരു വാചകമുണ്ട്, ‘മനുഷ്യന് വഴിതെറ്റാൻ തുടങ്ങുന്നത് അവർ ചെരുപ്പ് ധരിക്കാൻ തുടങ്ങുമ്പോഴാണ്’ നോവലിന്റെ ബാക്കിഭാഗം വായിച്ചുതീരുംവരെ ഞാനും ചെരുപ്പ് ധരിച്ചില്ല.
വയനാട്ടിൽ സി.പി.എം ജില്ലാസെക്രട്ടറിയും എം.എൽ.ഏയും ആയിരുന്ന പ്രമുഖനേതാവ് സി. കെ. ശശീന്ദ്രൻ ഇപ്പോഴും ചെരിപ്പ് ധരിക്കുന്നില്ല. ലളിതജീവിതം. രാഹുൽ ഗാന്ധി നയിച്ച ‘ഭാരത് ജോഡോ’ യാത്രയിൽ പങ്കെടുത്ത പണ്ഡിറ്റ് ദിനേശ് ശര്‍മയും ചാണ്ടി ഉമ്മനും ചെരുപ്പ് ധരിച്ചിരുന്നില്ല എന്നും പത്രങ്ങളിൽ വായിച്ചിരുന്നു. തണുപ്പ് രാജ്യങ്ങളിലൊഴികെ ആരാധനാലയങ്ങളിൽ ആരും ചെരുപ്പ് ധരിക്കാറില്ല. പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉള്ളതുപോലെ ചെരുപ്പ് ധരിക്കാനും ധരിക്കാതിരിക്കാനും ഓരോരുത്തർക്കും അവരുടേതായ കാരണങ്ങൾ ഉണ്ട്.
അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തെ ഫോർട്ട് റോക്ക് ഗുഹയിൽനിന്ന് കണ്ടെടുത്ത ചെരുപ്പിന് പതിനായിരം വർഷമെങ്കിലും പഴക്കമുണ്ടാകും. അത്രയും കാലമായി ചെരുപ്പ് നമ്മളോടൊപ്പം കൂടിയിട്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ചെരുപ്പ് ഒഴിവാക്കിയതും ശ്രദ്ധിക്കുക.ആരാധനാലയങ്ങളിൽ പോകുംപോലെ തിരഞ്ഞെടുപ്പ് രംഗത്തും ചെരുപ്പില്ലാതെയായിരുന്നു ചാണ്ടി ഉമ്മൻ. ദൈവശാസ്ത്ര പണ്ഡിതന്മാർ ഉപയോഗിക്കുന്ന ഒരു ലാറ്റിൻ വാക്യമുണ്ട്, Vox Populi, Vox Dei. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. വിവേകരഹിതമായി ജനങ്ങൾ വോട്ടുചെയ്തപ്പോഴാണ് ഹിറ്റ്ലർ അധികാരത്തിലേറിയത്. ക്രിസ്തുവിനെ വെറുതെ വിടണോ ബറാബാസിനെ വെറുതെ വിടണോ എന്നപ്രശ്നം വന്നപ്പോഴും ജനങ്ങൾ ബറാബാസിനെയാണ് പിന്തുണച്ചത്. ജനങ്ങൾ വിവേകത്തോടെ ചെയ്യുന്ന വോട്ട് ദൈവത്തിന്റെ ശബ്ദമായി പരിണമിക്കുമെന്നാണ് വിശ്വാസം. ചെരുപ്പ് ഒഴിവാക്കി ആരാധനാലയങ്ങളിൽ പ്രവേശിക്കുന്ന വോട്ടർമാർക്ക്, ചെരുപ്പ് ഒഴിവാക്കിയ സ്ഥാനാർത്ഥി വിനിമയംചെയ്ത ആശയം മനസ്സിലായി. അദ്ദേഹം വോട്ടല്ല, പ്രാർഥനാസഹായമാണ് ചോദിച്ചിരുന്നത് എന്നും പത്രങ്ങളിൽ വായിച്ചിരുന്നു. ഒരിക്കലും ആരാധനാലയങ്ങളിൽ പോയിട്ടില്ലാത്തവർക്ക് ഇതൊന്നും മനസ്സിലായതുമില്ല.
സനാതനധർമം
‘നിത്യതയുടെ ചരിത്രം’ എന്നൊരു നോവൽ ബോർഹേസ് എഴുതിയിട്ടുണ്ട്. ‘നാഗരികതയുടെ കഥ’ എന്ന ചരിത്രഗ്രന്ഥത്തിൽ അനശ്വരത എന്തെന്ന് നിർവചിക്കാൻ വാൻലൂൺ ശ്രമിച്ചിട്ടുമുണ്ട്. അതൊന്നും ഇതുപോലൊരു ചെറുകുറിപ്പിൽ വിശദീകരിക്കാവുന്ന കാര്യങ്ങളല്ല. സ്ഥലകാലങ്ങളിൽ ബന്ധിതരായ മനുഷ്യർക്ക് അനശ്വരത, അപാരത, അനന്തത, നിത്യത, സനാതനം, നിത്യജീവൻ, പരലോകം തുടങ്ങി പല വാക്കുകളും ഉണ്ട്. ‘വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടുവാനിൽ പറന്നു നടക്കട്ടെ’ എന്ന ബാലാമണിയമ്മയുടെ കവിതാശകലം കേരളം മുഴുവൻ മുഴങ്ങിയിരുന്നതും ഓര്‍മയുണ്ടാകും. ദുസ്സഹമായ ഇഹലോകവാസവും മോഹനമായ പരലോകജീവിതവും മതങ്ങൾ സങ്കല്പിക്കുന്നുണ്ട്. മതങ്ങൾ വ്യക്തിപരമായ മോക്ഷമാർഗം സ്വപ്നം കാണുമ്പോൾ ഞങ്ങൾ സാമൂഹികമായ മോചനമാർഗം സ്വപ്നംകാണുന്നുവെന്ന് രാഷ്ട്രീയ നേതാക്കളും പറയും.
മതങ്ങൾക്ക് സനാതനമായ നിർദേശങ്ങളും കാലികമായ നിർദേശങ്ങളും ഉണ്ട്, ശ്രുതിയും സ്മൃതിയും പോലെ. സനാതനധർമം സംബന്ധിച്ച് ഹിന്ദുധർമം പിന്തുടർന്നുപോരുന്ന പരമ്പരാഗത കാഴ്ച്ചപ്പാടിനോട് തമിഴ്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനം ഒരുകാലത്തും യോജിച്ചിട്ടില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, സനാതനധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ടതോടെ ഇന്ത്യൻ രാഷ്ട്രീയം ഇളകിമറിഞ്ഞത്. ഉദയനിധിയെ വധിക്കാൻ 10 കോടിയും, വധിക്കാൻ പത്തുകോടി മുടക്കുന്നവരെ വധിക്കാൻ നൂറുകോടിയുമാണ്, ഒടുവിൽ കേട്ട വിലനിലവാരം.
ഉന്മൂലന സിദ്ധാന്തം പണ്ട് നക്സലൈറ്റുകളെ ആശയമായിരുന്നു. ഒടുവിൽ അവർ ഉന്മൂലനം ചെയ്യപ്പെട്ടതല്ലാതെ അവരുടെ വർഗശത്രുക്കൾ ഉന്മൂലനം ചെയ്യപ്പെട്ടില്ല. സനാതനധർമം രക്ഷിക്കാനാണെങ്കിലും തകർക്കാനാണെങ്കിലും വധശിക്ഷയല്ല തർക്കശാസ്ത്രമാണ് അവലംബിക്കേണ്ടത്. തർക്കത്തിൽ വിജയിച്ചാണ് മലയാളിയായ ശങ്കരാചാര്യർ സർവ്വജ്ഞപീഠം കയറിയത്. ഉദ്ദണ്ഡശാസ്ത്രിയെ തർക്കത്തിൽ തോല്പിച്ച കാക്കശ്ശേരി ഭട്ടതിരിയും മലയാളിയായിരുന്നു. തർക്കശാസ്ത്രം പഠിച്ചതുകൊണ്ട് ഇ.എം.എസ്സും തർക്കത്തിൽ തോറ്റില്ല. ശബ്ദവും തെറിവിളിയുമല്ല തർക്കം. വെസ്റ്റേൺ ലോജിക്കിനേക്കാൾ കടുകട്ടിയാണ് ഇന്ത്യൻ തർക്കശാസ്ത്രം. അതിൽ പ്രാഗത്ഭ്യമില്ലാതെ വരുമ്പോഴാണ് ആളുകൾ പരസ്പരം വധശിക്ഷ വിധിക്കുന്നത്.
പ്രത്യാശയുടെ പാഠം
എം.ടി. വാസുദേവൻ നായർ ഒരു പ്രസംഗത്തിലാണ് ആ അത്ഭുതകഥ പറഞ്ഞത്. സംഗീതത്തിൽ യേശുദാസും സാഹിത്യത്തിൽ എം.ടിയുമാണ് മലയാളികളുടെ രണ്ട് അഭിമാനമുദ്രകൾ. രണ്ടുപേരും അവരവരുടെ മേഖലകളിൽ പ്രാമാണികർ. എം.ടിയുടെ ഭാഷയിൽ കഥപറയുന്നതു കേൾക്കാൻ സുഖമുണ്ട്, മനസ്സിൽ മായാതെ കിടക്കും. എം.ടിയുടെ പ്രസംഗത്തിൽ, ‘ദ ഡൈവിങ് ബെൽ ആൻഡ് ദ ബട്ടർഫ്ലൈ’ എന്ന പുസ്തകവും പരാമർശിച്ചിരുന്നു. പ്രശസ്തമായ ഫ്രഞ്ച് ഫാഷൻ മാഗസിന്റെ എഡിറ്ററായിരുന്ന ഴാ-ഡൊമിനിക് ബോബിയെ സുഹൃത്തുക്കൾ ഴാ ഡു എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന് പക്ഷാഘാതം വരുകയും കോമയിൽ ആകുകയും ചെയ്തു. പിന്നീട് കോമയിൽനിന്ന്‍ ഉണർന്ന അദ്ദേഹത്തിന്റെ ഓര്‍മകൾക്ക് കുഴപ്പമുണ്ടായില്ല. പക്ഷേ, ഇടതുകണ്ണ് ഒഴികെ ശരീരത്തിന്റെ ഒരുഭാഗവും ചലിക്കില്ല. ശബ്ദിക്കാനും കഴിയില്ല. ജീവനുള്ള മൃതദേഹം.
അപൂർവങ്ങളിൽ അത്യഅപൂർവമായ ലോക്ക്ഡ്-ഇൻ-സിൻഡ്രോമാണ് അസുഖമെന്ന് ഡോക്റ്റർമാർ സ്ഥിരീകരിച്ചു. ജീവിതം നഷ്ടപ്പെട്ട ആൾ എന്തുചെയ്യാനാണ്. ഒട്ടും എളുപ്പമായിരുന്നില്ലെങ്കിലും എഴുത്തിലേക്ക് മടങ്ങിവരാൻ അദ്ദേഹം ആഗ്രഹിച്ചു. സ്പീച്ച് ആൻഡ് ലാങ്ഗ്വേജ് തെറാപ്പിസ്റ്റിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ കണ്ണുചിമ്മൽ അവർ മനസ്സിലാക്കാൻ ശ്രമിച്ചു. കട്ടിലിൽ കിടക്കുന്ന രോഗി ഒരുതവണ കണ്ണുചിമ്മിയാൽ യെസ്, രണ്ടുതവണ കണ്ണുചിമ്മിയാൽ നോ. ലിപി വായിച്ച് കണ്ണുചിമ്മി അദ്ദേഹം വാക്കുകൾ സൃഷ്ടിച്ചു.
കണ്ണുകൊണ്ട് അദ്ദേഹം എഴുതിയ ആത്മകഥ പ്രശസ്തമായി. അതേ പേരിൽ സിനിമയുമായി. 2016-ൽ ബി.ബി.സിയുടെ പോളിൽ സഹസ്രാബ്ദത്തിലെ ഏറ്റവും മികച്ച നൂറുചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനംപിടിക്കുകയും പുരസ്കാരങ്ങൾക്ക് അർഹമാകുകയും ചെയ്തു. സിനിമയാകും മുമ്പായിരുന്നു എം.ടിയുടെ പ്രസംഗം. പ്രത്യാശയുടെ കൊടിയടയാളമായി ആ പ്രസംഗം ഇപ്പോഴും മനസ്സിൽ പച്ചപിടിച്ചു നില്ക്കുന്നു.