മായാത്ത വരകൾ – ഭാഗ്യനാഥ് സി.

ചിത്രകാരൻ നമ്പൂതിരിയുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പ്, ഫൈനാർട്‌സ് കോളെജിൽ എന്റെ സീനിയറായി പഠിച്ചിരുന്ന ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയിൽ നമ്പൂതിരി ചിത്രങ്ങൾ കയറിവന്നു. ആ ചിത്രങ്ങളെകുറിച്ച് ചില വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു. ചിത്രകലയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നങ്ങളെയും ഇല്ലസ്‌ട്രേഷൻസ് അഭിമുഖീകരിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിമർശനം.


താങ്കളുടെ ബാല്യ-കൗമാര കാലങ്ങളിൽ നമ്പൂതിരി ചിത്രങ്ങൾ പകർത്തി വരയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് ഞാൻ മറുചോദ്യം ചോദിച്ചു.


തീർച്ചയായും ഉണ്ട്. നമ്പൂതിരിയുടെ ചിത്രങ്ങൾ പകർത്തി വരയ്ക്കാൻ ശ്രമിക്കാത്തവരായ ചിത്രകലയിൽ താത്പര്യമുണ്ടായിരുന്ന ഞങ്ങളുടെ തലമുറയിലെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് സംശയമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെയാണ് നമ്പൂതിരി ചിത്രങ്ങളുടെ ഒരു പ്രാധാന്യം. എം.എൻ. വിജയൻ മാസ്റ്റർ സൂചിപ്പിച്ചതുപോലെ ‘യേശുദാസ് സംഗീതത്തിൽ എന്നപോലെ നമ്പൂതിരിയും കേരളത്തിന്റെ ഒരു കാലാവസ്ഥയായിരുന്നു.’ മാറി മറഞ്ഞുവന്ന ഈ കാലാവസ്ഥയിലെ ചൂടും തണുപ്പും മഞ്ഞും മഴയും ഏറ്റുവാങ്ങി ഞങ്ങളുടെ തലമുറയിലെ ഞാനുൾപ്പെടെ പലരെയും ചിത്രകലാ വിദ്യാലയങ്ങളിലേക്ക് നമ്പൂതിരി വരച്ച കഥാപാത്രങ്ങൾ പറഞ്ഞയക്കുകയായിരുന്നു.


സാഹിത്യവുമായി താരതമ്യം ചെയ്യുമ്പോൾ 50-കളിലൊക്കെ കേരളത്തിലെ ചിത്ര-ശില്പകലാരംഗം അതിന്റെ ബാലാരിഷ്ടതകളിലായിരുന്നു. രവിവർമയ്ക്കുശേഷമുള്ള കേരളീയചിത്രകലയുടെ അടുത്ത ഘട്ടം ദുർബലമായിരുന്നു. ഈ കാലം സാഹിത്യത്തിൽ നോവൽ – കഥാപ്രസ്ഥാനങ്ങളുടെ സമ്പന്ന കാലഘട്ടമായിരുന്നു.


കേരളത്തിൽ ശില്പകലകൾ പലപ്പോഴും സാഹിതീയം എന്ന നിലയിലാണ് ശ്രദ്ധിച്ചിരുന്നത്. വാക്കുകളുടെ അംശങ്ങൾ ഒന്നാമതായിത്തീരുകയും ദൃശ്യപരമായ അംശങ്ങൾ രണ്ടാമതായിത്തീരുകയും ചെയ്യുന്ന ഒരു പാരമ്പര്യം നമുക്കുണ്ട്.


തെയ്യം, കൂടിയാട്ടം, കഥകളി പോലുള്ള കലാരൂപങ്ങളിൽ സാഹിത്യത്തിന്റെ ഉപാംഗംപോലെയാണ് ചിത്രകല നിലനിന്നിരുന്നത്. തെയ്യത്തിന്റെ തോറ്റംപാട്ടുകളെക്കുറിച്ച് ധാരാളം പഠനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മെയ്യെഴുത്തിനെക്കുറിച്ചോ, മുഖത്തെഴുത്തിനെക്കുറിച്ചോ ഉള്ള പഠനങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടായിട്ടുള്ളൂ.


രാജാരവിവർമയ്ക്കുശേഷം കേരളീയ ചിത്രകലയിൽ കാര്യമായി ഒന്നുമില്ല എന്ന തോന്നലുള്ള ഒരുകാലത്താണ് നമ്പൂതിരി ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രത്യക്ഷപ്പെടുന്നത്. എം.വി. ദേവൻ, എ.എസ്. നായർ തുടങ്ങിയവരിലൂടെ രേഖാചിത്രരംഗത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് പുതിയ ശൈലികൾക്ക് തുടക്കമിട്ടിരുന്നു.ജയകേരളത്തിൽ കെ.സി.എസ്. പണിക്കർ വരച്ച ചിത്രങ്ങൾ മനസ്സിലേറ്റി നടന്ന  നമ്പൂതിരി, 1953-ൽ മദിരാശിയിൽ പഠിക്കാനെത്തുന്നു.


പരമ്പരാഗതമായ ഇന്ത്യൻ രചനാസമ്പ്രദായങ്ങളിൽ രേഖകൾക്കുള്ള പ്രാധാന്യം വീണ്ടെടുത്തു എന്നത് മദ്രാസ് സ്‌കൂളിന്റെ മുഖ്യസംഭാവനയായിരുന്നു എന്ന് കലാനിരൂപകൻ വിജയകുമാർ മേനോൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.


കെ.സി.എസ്. പണിക്കരിൽനിന്നും ഡി.പി.റോയി ചൗധരിയിൽനിന്നും കൈമാറിക്കിട്ടിയ രേഖകളെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങൾവഴി ലഭിച്ച സംവേദനക്ഷമത നമ്പൂതിരിയുടെ ചിത്രങ്ങളിൽ ദർശിക്കാം.


ചിത്രങ്ങൾ വാങ്ങി സൂക്ഷിക്കുന്ന കലാസ്വാദകരോ പ്രദർശിപ്പിക്കാൻ ശരിയായ ഗാലറി സംവിധാനങ്ങളോ നിലനില്ക്കാതിരുന്ന ഒരു സമയത്ത് ചിത്രംവരച്ച് മാത്രം ജീവിക്കാനാവില്ല എന്നത് ഒരു യാഥാർത്ഥ്യമായിരുന്നു.


കലാകാരന്മാരുടെ സഹകരണ കൂട്ടായ്മയിലൂടെ പ്രായോഗിക അതിജീവന സാധ്യതയുള്ള അന്വേഷണമായാണ് ചോളമണ്ഡലം കമ്മ്യൂണിന്റെ രൂപപ്പെടലിനു പിന്നിലെ പ്രചോദനം.


മാതൃഭൂമിയിൽ ജോലി ചെയ്യുന്ന കാര്യം കെ.സി.എസിനോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹം അതിനെ ഒട്ടും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് ഒരു അഭിമുഖത്തിൽ നമ്പൂതിരി ഓർക്കുന്നുണ്ട്.


അദ്ദേഹം വരച്ചുതുടങ്ങിയകാലം ഒരുപക്ഷേ, മലയാള സാഹിത്യത്തിന്റെ സമ്പന്നമായ കാലംകൂടി ആയിരുന്നു. തകഴി, ഉറൂബ്, എംടി, കോവിലൻ, മാധവിക്കുട്ടി, മുകുന്ദൻ, ഒ.വി. വിജയൻ, വി.കെ.എൻ. തുടങ്ങിയവരുടെ, മലയാളി മനസ്സിൽ കുടിയേറിയ കഥാപാത്രങ്ങൾക്ക് രൂപം നല്കി, രേഖാചിത്രങ്ങളുടെ മൂല്യം സാഹിത്യത്തിനൊപ്പം പങ്കുവയ്ക്കപ്പെട്ടു.


ഇവിടെ സാഹിത്യവും ചിത്രവും പരസ്പരം കൈകോർത്ത് സഞ്ചരിച്ചു. കഥയും ചിത്രീകരണവും ചേർന്നുനില്ക്കുമ്പോൾ മാത്രമേ മലയാളകഥ പൂർണമാകൂ എന്ന അവസ്ഥ ആസ്വാദകർക്കിടയിൽ ഉണ്ടായി.


20-ാം നൂറ്റാണ്ടിലെ മലയാളി ഭാവനയിൽ അപൂർവമായി സംഭവിച്ച വി.കെ.എന്നിന്റെ മനുഷ്യർ ആധുനികതയുടെ വിചാരവേദികളിൽ നമ്പൂതിരി ചിത്രങ്ങളോടൊപ്പം മലയാളികളോട് സംവദിച്ചുകൊണ്ടിരുന്നപ്പോൾ ഇന്ത്യയിൽ മറ്റൊരു സ്ഥലത്തുമില്ലാത്ത രീതിയിൽ, കേരളത്തിൽ ആസ്വാദകർക്കിടയിൽ ഒരു പുതിയ ദൃശ്യസംസ്‌കാരത്തിന്റെ പള്ളിക്കൂടത്തിന് വാതിൽ തുറക്കപ്പെടുകയായിരുന്നു.


നമ്പൂതിരിയുടെ ആദ്യകാല ചിത്രങ്ങളിൽ റൊണാൾഡ് സിയറിൾ(Ronald Searle) എന്ന ചിത്രകാരനും സ്വാധീനം കാണാമെന്ന് നേരത്തെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.പിന്നീട് മദ്രാസ് സ്‌കൂളിലെ പ്രധാന കലാകാരൻമാരുടെ സ്വാധീനവും ദർശിക്കാനാവും.


കെ.സി.എസ്. പണിക്കറിൽനിന്നും വ്യത്യസ്ഥമായി എനിക്ക് വേറെ ചിത്രഭാഷ ഉണ്ടാക്കണമെന്ന നിർബന്ധത്തിൽനിന്നാണ് ശൈലീമാറ്റമുണ്ടാകുന്നതെന്ന് നമ്പൂതിരി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ചോളമണ്ഡലം കലാകാരന്മാർ അഭിമുഖീകരിച്ച ഒരു പ്രധാന പ്രശ്‌നം ഭാരതീയത എന്ന കാര്യമാണ്. വിദേശ ചിത്രകലയിൽനിന്ന് വ്യത്യസ്തമായി നമ്മുടേതായ ഒരു കല എന്തുകൊണ്ട് ഉണ്ടായിക്കൂടാ എന്നതായിരുന്നു ഈ അന്വേഷണത്തിന്റെ കാതൽ.


നമ്പൂതിരി ചിത്രങ്ങളിലും ഇത്തരം ശൈലീമാറ്റങ്ങൾ കാണാം. പല ചിത്രങ്ങളിലും പല്ലവ – ചോള ശില്പങ്ങളിൽനിന്നും മഹാബലിപുരത്തെ ശില്പമാതൃകകളിൽ നിന്നും ഊർജം ഉൾക്കൊള്ളുന്നതായി അനുഭവപ്പെടുന്നുണ്ട്. ഇവിടെ കേരളീയമായ ബിംബങ്ങൾ ധാരാളമായി കാണാം.


കഥകളി പഠിച്ചിട്ടൊന്നുമില്ലെങ്കിലും കഥകളി കണ്ടതിന്റെ അനുഭവങ്ങളും, കഥകളിയോടുള്ള ഭ്രമവും, അവരുടെ നിൽപ്പ്, ശരീരഭാഷകൾ, ചലനങ്ങൾ, തോഴിമാർ, ചില കാര്യസ്ഥന്മാരുടെ ഒക്കെ നിൽപ്പ് ഓച്ചാനിച്ച് നിൽപ്പ് തുടങ്ങിയവയും മറ്റ് സാങ്കേതിക സാധ്യതകളും നേരിട്ടും അല്ലാതെയും നമ്പൂതിരി സമൃദ്ധമായി തന്റെ വരകളിൽ ഉപയോഗിച്ചിട്ടുണ്ട്.


ചില പ്രത്യേകതരം നോട്ടങ്ങൾ, പലതരം മനുഷ്യാവസ്ഥകൾ, പ്രണയ, വൈകാരിക മുഹൂർത്തങ്ങൾ തുടങ്ങിയവ വ്യത്യസ്ഥമായ ശരീരഭാഷകളിലൂടെ രേഖകളിലാക്കുകയായിരുന്നു ഈ ചിത്രകാരൻ. കേരളത്തിൽ രാജാരവിവർമയ്ക്കുശേഷം ഒരുപാടാളുകൾ ശ്രദ്ധിച്ചുകൊണ്ടേയിരുന്ന അപൂർവം കലാകാരന്മാരിൽ ഒരാളായിരുന്നു നമ്പൂതിരി.


സാഹിത്യം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന ഒരു സമയത്ത് കേരളീയ ചിത്രകലാരംഗത്ത് ജനപ്രിയത എന്ന പ്രദേശത്ത് എത്തിച്ചേരുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരു കലാകാരൻ നമ്മെ വിട്ടുപോകുമ്പോൾ അദ്ദേഹത്തിന്റെ ഭൗതികശരീരം ഇവിടംവിട്ട് പോകുമെങ്കിലും, അദ്ദേഹം രേഖയിലൂടെ സൃഷ്ടിച്ച കഥാപാത്രങ്ങൾ നമുക്കിടയിൽ പലരീതിയിൽ ജീവിച്ചുകൊണ്ടിരിക്കുകതന്നെ ചെയ്യും.