ഓര്‍മ്മച്ചാവ് സ്മൃതി-മൃതികളുടെ മനഃശാസ്ത്ര വായന – ഡോ. ഐശ്വര്യ പി.

ശിവപ്രസാദ് പി.യുടെ “ഓർമ്മച്ചാവ്” എന്ന നോവൽ മനഃശാസ്ത്രപരമായ ഉൾക്കാഴ്ചകളാൽ സമ്പന്നമാണ്. ഫ്രോയിഡിയൻ ചിന്തകളുടെ സ്വാധീനം കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിലും, അവരുടെ ഓർമ്മകളിലും പ്രകടമാണ്. ഈ നോവൽ മനഃശാസ്ത്രപരമായ വിശകലനത്തിന് വളരെയധികം സാധ്യതകൾ നൽകുന്നു.
മനുഷ്യമനസ്സിന്റെ വ്യത്യസ്ത അടരുകളിൽ സ്ഥിതിചെയ്യുന്ന തീവ്രമായ കാമത്തിന്റെയും കുറ്റബോധത്തിന്റെയും അടിച്ചമര്‍ത്തപ്പെടുന്ന വികാരങ്ങളുടെയും ബാല്യകാല നിസ്സഹായാവസ്ഥകളുടെയും കെട്ടുപിണഞ്ഞ ഇഴകളെ സുക്ഷ്മമായി അനാവരണം ചെയ്യുന്ന നോവലാണ് ശിവപ്രസാദ് പി.യുടെ ‘ഓര്‍മ്മച്ചാവ്’. വളരെ സൂക്ഷ്മമായ താക്കോല്‍പദങ്ങളിലൂടെ, ചെറിയ ചില മെറ്റഫറുകളിലൂടെ മനുഷ്യരുടെ അടിസ്ഥാനപരമായ ആവശ്യകതകളിലേക്ക് തുറക്കുന്ന മനഃശാസ്ത്രപരമായ ഒരു ഭൂമിക ഈ നോവലിലുണ്ട്.
മണിയൻ എന്ന ഓര്‍മ്മകൾ ക്രമംതെറ്റിയ കഥാപാത്രത്തെയും അയാളെ ചികിത്സിക്കുന്ന മുഖര്‍ജി എന്ന ഡോക്ടറുടെയും ആശുപത്രിയിലെ പരിചാരികയായ അള്‍ത്താര എന്ന യുവതിയുടെയും അവർ സ്ഥിതിചെയ്യുന്ന മനോരോഗകേന്ദ്രത്തിന്റെയും പശ്ചാത്തലമാണ് കഥയിൽ സമകാലീനമായുള്ളത്. അള്‍ത്താര എന്ന 23 വയസ്സുകാരിയായ യുവതിയും നോവലിസ്റ്റുമാണ് നോവലിന്റെ ആഖ്യാതാക്കൾ. മണിയന്റെ ക്രമംതെറ്റിയ ചിന്തകളിലൂടെയാണ്, ഓര്‍മ്മയിലൂടെയാണ് നോവലിന്റെയും ക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ബാല്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാലും അനാവശ്യമായ അമിതവാത്സല്യങ്ങളാലും മാതൃത്വനിഷേധത്താലും തെറ്റായ രീതിയിൽ ചിതറിപ്പോയ രണ്ടു ബാല്യങ്ങളുടെ മുതിര്‍ച്ചയാണ് യഥാര്‍ഥത്തിൽ നോവലിന്റെ കേന്ദ്രപ്രമേയം. ഗ്രീക്ക് ദുരന്തനാടകത്തിൽ എന്നവണ്ണം നായകനോ വില്ലനോ എന്നു തിരിച്ചറിയാൻ കഴിയാത്തവിധം ഗ്രേ ഷേഡുകളിൽ പ്രത്യക്ഷപ്പെട്ടന്ന രണ്ടു പച്ച മനുഷ്യരാണ് മണിയനും രാമനും. രതി എന്ന അടിസ്ഥാന വാഞ്ഛയും കുറ്റബോധങ്ങളും സ്വാര്‍ഥതയും ആണഹന്തകളും നിറഞ്ഞ രണ്ടു പുരുഷന്മാരും അവരുടെ ട്രോമകളും അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും കഥയിലുടനീളം കാണാം. കഥാപാത്രങ്ങളുടെ ആന്തരികമനഃസ്ഥിതി വ്യക്തമാക്കാൻ രതിയെ ഉപകരണം ആക്കിയിരിക്കുന്നു. അടങ്ങാത്ത ആഗ്രഹങ്ങൾ, ജീവിതത്തിൽ തുടര്‍ന്നുപോരുന്ന അരക്ഷിതാവസ്ഥ, ജാതീയവും കാലികവുമായ ഘടകങ്ങളാൽ പുരുഷനുകിട്ടുന്ന അധികാരം എന്നിവ ഈ രണ്ടു കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു.
മനഃശാസ്ത്രത്തിന്റെ ടൂളുകൾ പ്രത്യകിച്ച്, ഫ്രോയിഡിയൻ ചിന്തകൾ കൃത്യമായി പ്രയോജനപ്പെടുത്തിയാണ് ഈ നോവൽ പണിതെടുത്തിരിക്കുന്നത്. ഓര്‍മ്മച്ചാവ് എന്ന നോവലിന്റെ താക്കോൽപദങ്ങളായി രണ്ടു തെറി വാക്കുകൾ നില്‍ക്കുന്നു. “തായോളിയും കുരുപ്പും” ആണ് ആ വാക്കുകൾ. നോവലിന്റെ തുടക്കത്തിൽ മണിയൻ ഉച്ചരിച്ച അള്‍ത്താര മനസ്സിലാക്കാതിരുന്ന ഈ രണ്ടുപദങ്ങൾതന്നെയാണ് കഥയുടെ കാതൽ. മണിയൻ, രാമൻ അഥവാ മുഖര്‍ജി, വത്സല എന്നീ ത്രിത്വത്തിലേക്ക് ഈ രണ്ടുപദങ്ങളുടെ സന്നിവേശം കൃത്യമായി നടത്തുന്നു. വാല്‍സല്യം എന്ന അര്‍ഥത്തിലുള്ള നാമം പേറുന്ന വത്സല മാതൃരൂപമായിത്തന്നെയാണ് കടന്നുവരുന്നത്. മണിയൻ എന്ന നാമമാകട്ടെ തദ്വത്തദ്ധിതത്തെ ചേര്‍ത്ത് ഫാലിക്ക് ചിഹ്നത്തോട് ബന്ധിപ്പിച്ച നാമവും ആവുന്നു. വത്സലയുമായി സംഭവിച്ച അഗമ്യഗമനത്തിൽ മണിയനിൽ രൂപപ്പെടുന്ന ഈഡിപ്പസ് കോംപ്ലക്സ് ചിന്തയിൽ അയാൾ സ്വയം വിളിക്കുന്ന തെറിയായി ആദ്യ കീവേഡ് കൃത്യമായി അവതരിപ്പിക്കപ്പെടുന്നു.
കൃതിയിലൂടനീളം ഫ്രോയിഡിയൻ മനഃശാസ്ത്രബിംബങ്ങളെ തെളിഞ്ഞുകാണാം. പുരുഷത്വത്തിന്റെയും രതിയുടെയും ജനിയുടെയും ബിംബങ്ങൾ കൃത്യമായി അവതരിപ്പിക്കപ്പെടുന്നു. മണിയന്റെ രതിദാഹത്തെ പ്രദര്‍ശിപ്പിക്കുന്നിടത്തെല്ലാം സര്‍പ്പങ്ങളുണ്ട്. സര്‍പ്പവിരലുകളുള്ള അമ്മിണി, നീലിയെ കുളക്കടവിൽ കാണുന്നതിനു മുന്‍പ് മണിയൻ കാണുന്ന സ്വപ്നത്തിൽ ഇഴഞ്ഞെത്തുന്ന സര്‍പ്പക്കാവിലെ നാഗങ്ങൾ, നാഗക്കളത്തിൽ പുള്ളോര്‍ക്കുടത്തിന്റെ താളത്തിൽ ഹിപ്നോട്ടൈസ് ആയ വത്സലയിലും സര്‍പ്പബിംബങ്ങൾ കാണാം. അമ്മുക്കുട്ടിയുടെ മണത്തെ പറയുമ്പോൾ ‘ഇങ്ങളെന്താ പാമ്പാ” എന്ന ചോദ്യത്തിന് “ചെറൂതൊരെണ്ണം ഇണ്ടേനീം* എന്നു ഉത്തരം പറയുന്ന ഭാസ്കരൻ നായർ, നോവലിന്റെ കവർചിത്രത്തിൽ നല്‍കിയിരിക്കുന്ന സര്‍പ്പസാന്നിധ്യം. പാമ്പിനെ ഫാലിക് സൂചകമായും രതിബിംബമായും വ്യാഖ്യാനിക്കുന്നുണ്ട് ഫ്രോയിഡ്.
ജലത്തെ മാതൃഭാവത്തോട് സങ്കല്പിക്കുന്നുണ്ട് ഫ്രോയിഡ്. തണുത്ത, ഇരുണ്ട, ഈറനണിഞ്ഞ അംനിയോട്ടിക് ഫ്ലൂയിഡിന്റെ സ്പര്‍ശമായി ജലം മാറുന്നു. ഇവിടെ ഹൈഡ്രോഫോബിയയുള്ള വത്സല ഒരുപക്ഷേ, മാതൃത്വത്തെക്കൂടി ആവാം ഭയപ്പെടുന്നത് എന്ന സാധ്യത ഉടലെടുക്കുന്നു. തന്റെ പ്രണയം പുരുഷനോടല്ലെന്നു തിരിച്ചറിഞ്ഞ അവർ ആ ഭയത്തിൽനിന്നുള്ള മോചനംകൂടെ സ്വവര്‍ഗാനുരാഗത്തിൽ തേടിയിരിക്കും. വത്സലയുടെ മരണത്തെ അവരുടെ ഭയത്തിലേക്കുള്ള അഭയമാക്കി മാറ്റുന്ന വൈരുധ്യാത്മകത ശ്രദ്ധേയമാണ്. വത്സലയുടെ മരണത്തിന് ഒരു ഗര്‍ഭചിന്തയുടെ സാധ്യതകൂടി ചിന്തിക്കാനുള്ള ഇടം നോവലിൽ ഒതുക്കിവച്ചിരിക്കുന്നു. തന്നാരം പാട്ടിന്റെ ചട്ടങ്ങളിലാണ് കുരുപ്പ് എന്ന പ്രയോഗത്തെ പ്രത്യക്ഷത്തിൽ കാണാനാവുക. ഭൈരവൻ നക്കി തുടച്ചെടുക്കുന്ന വസൂരിമുത്തുകൾ ഈ കഥയുടെ രണ്ടാമത്തെ താക്കോൽ പദത്തെയും അനാവൃതമാക്കുന്നു.
നോവലിലെ സ്ത്രൈണബിംബങ്ങൾ ഏറെ പ്രസക്തമാണ്. സന്തോഷമില്ലാത്ത സ്ത്രീകളുടെ കഥയാണിത് എന്നു നോവലിസ്റ്റുതന്നെ പറഞ്ഞുവയ്ക്കുന്നു. നിറഞ്ഞുനില്‍ക്കുന്ന മാതൃസങ്കല്പത്തിന്റെ, അമ്മബിംബങ്ങളുടെ, ഉര്‍വരതാസങ്കല്പങ്ങളുടെ നിരകളെ നോവലിൽ കാണാം. നാലിരങ്കാവ് എന്ന ഭൂമിക തന്നെ നിറവയറുമായി നില്‍ക്കുന്ന ഒരു അമ്മയാണ്. നാട്ടുകാരുടെ മുഴുവൻ അമ്മയായ ഭഗവതി ഇവിടെ രതിയും മാതൃത്വവും കൊതിക്കുന്ന ഒരു പെണ്ണായി അവതരിപ്പിക്കപ്പെടുന്നു.
പെണ്ണിന്റെ തീണ്ടാരിച്ചോരയിൽ കലങ്ങിയ പുഴ, അവിടെ ഭയന്നു അവസാനിച്ച ലഹളകൾ, ഓരോരുത്തര്‍ക്കും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും എങ്കിലും, ആര്‍ത്തവത്തെ ഇത്രത്തോളം യഥാര്‍ഥ്യത്തോടെ ആവിഷ്കരിച്ചിരിക്കുന്നത് ഈ കൃതിയെ അനന്യമാക്കുന്നു. ആര്‍ത്തവം എത്തുന്നതിന് തൊട്ടു മുന്‍പ് കാണുന്ന ചുവന്ന സ്വപ്നത്തെക്കുറിച്ച് മറ്റാരും എഴുതിക്കണ്ടിട്ടില്ല. അമ്മയാവാൻ പിറന്ന അണ്ഡം നിരാശപ്പെട്ട് വീര്‍പ്പുമുട്ടി അടിവയറ്റിൽ സൃഷ്ടിക്കുന്ന സംഘര്‍ഷാവസ്ഥ ഇത്രയും കൃത്യമായി എവിടെയും എഴുതിക്കണ്ടിട്ടില്ല. ആര്‍ത്തവപൂര്‍വദിനങ്ങളിൽ പ്രകടമാകുന്ന ചൂടിന്റെയും തണുപ്പിന്റെയും ഒളിച്ചുകളികൾ അത്രത്തോളം കൃത്യം. അകാരണവിഷാദത്താൽ എന്തിനെയും തള്ളിപ്പറയാൻ തോന്നിപ്പിക്കുന്ന, സര്‍വതിനോടും ദേഷ്യവും സങ്കടവുമായി ഓരോ മാസവും ഒരു സ്ത്രീ അനുഭവിക്കുന്ന തണുത്തവിഷാദം ഇവിടെ കൃത്യമായി പകര്‍ത്തപ്പെടുന്നു. ആര്‍ത്തവത്തിന്റെ ആദ്യദിനത്തിൽ ഒഴുക്കുകാത്തു ചെരിഞ്ഞിരിക്കുന്ന പെണ്ണിനെ നമ്മുടെ വായനകളിൽ അത്ര എളുപ്പം കണ്ടുമുട്ടാൻ ഇടയില്ല.
ഇ.എം.എസ് അധികാരത്തിൽ വന്ന വര്‍ഷം ജനിച്ച മണിയന്റെ പ്രായം കണക്കാക്കിയാൽ കഥ നടക്കുന്ന കാലവും ചരിത്രവും അക്കാലത്തെ സാമൂഹികജീവിതവും വ്യക്തമാവുന്നു. ഒടിമറയലിന്റെയും യജമാനന്മാരുടെയും പുഴക്കക്കരെയുള്ള സംബന്ധക്കാരന്റെയും തലയാനിപ്പറമ്പിന്റെയും മാപ്പിളലഹളയുടെയും അടിയന്തരാവസ്ഥയുടെയും നക്സിലിസന്റെയും സാമൂഹികപശ്ചാത്തലം കഥയുടെ ഊടുകളിൽ ചില വര്‍ണ്ണങ്ങൾ നെയ്തെടുക്കുന്നുണ്ട്. തമ്പുരാന്റെ ആൺനീരിനൊപ്പം ചോരയുടെ ചിത്രപ്പണികൾ പെയ്ത് ഒലിച്ചിറങ്ങിയ അമ്മിണിയുടെ കന്യകാത്വം, തീണ്ടാരിയായ നീലിയുടെ കണ്ണുകളിൽ നിസ്സഹായത കുഴിച്ച കുളം തുടങ്ങിയവയെല്ലാം ഒരു കാലഘട്ടത്തെയും സ്ത്രീജീവിതത്തെയും കീഴാളസ്ത്രീയുടെ ദുരിതങ്ങളെയും അടയാളപ്പെടുത്തുന്നു. നാലിരങ്കാവ് എന്ന പ്രദേശമാണ് നോവലിന്റെ പ്രധാന ഇടം. ഭൂമിശാസ്ത്രപരമായി ഊര്‍വരതയുള്ള കുന്നും പുഴയും കാവും കുളങ്ങളും നിറഞ്ഞ ഒരിടമാണ് നാലിരങ്കാവ്. അടിയന്തരാവസ്ഥ കാലത്ത് യൗവനയുക്തനായിരുന്ന മണിയന്റെ പില്‍ക്കാലജീവിതംകൂടി ഉള്‍ക്കൊള്ളുന്നു നോവലിന്റെ കാലിക പശ്ചാത്തലം. മൊബൈൽഫോൺ ഉപയോഗിച്ചുതുടങ്ങിയ, സോഷ്യൽമീഡിയയുടെ അതിപ്രസരമില്ലാത്ത 2000-മാണ്ടിന്റെ തുടക്കത്തെ, കഥയുടെ കാലമായി കാണാവുന്നതാണ്. നോവലിന്റെ കേന്ദ്രപ്രമേയത്തിന് ഉപരിയായി ചരിത്രപരവും സാമൂഹികവുമായ തലങ്ങൾ ഉള്‍ക്കൊള്ളുന്ന ക്രാഫ്റ്റ് സൃഷ്ടിക്കുന്നതിൽ സ്ഥലകാലങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
നാലീരൻ, നാലീരമ്മ, തലയാനിപ്പറമ്പിൽ ഉരുണ്ടുവീണ കീഴ്ജാതിക്കാരുടെ (ഒരു മേൽ ജാതിക്കാരന്റെയും) തലകൾ, യജമാനന്മാർ, വലിയരാമൻ, കുട്ടിരാമൻ തുടങ്ങിയവ നോവലിന് സംസ്കാരവും മിത്തും ചേര്‍ന്ന മറ്റൊരു തലം സൃഷ്ടിക്കുന്നു. മനഃശാസ്ത്രപരമായ വായനകള്‍ക്ക് ഈന്നൽ കൊടുക്കുന്ന ഈ കൃതിയിൽ സാമൂഹികവും സാംസ്‌കാരികവുമായ പ്രമേയങ്ങൾ കൂടുതൽ കൃത്യത നല്‍കുന്നതിൽ സ്ഥലകാലങ്ങളുടെ പ്ലേസിംഗിന് വളരെ വളരെ വലിയ പങ്കുണ്ട്.
കഥാപാത്രങ്ങളുടെ നിര്‍മിതിയിലും വത്സല, മുഖര്‍ജി, മണിയൻ, അള്‍ത്താര, എന്നീ പ്രധാന കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിയും കഥാപാത്രങ്ങളുടെ വളര്‍ച്ചയും നോവലിനെ അനന്യമാക്കുന്നുണ്ട്. അതിൽ ഏറ്റവും മികച്ച വ്യക്തിയായി അനുഭവപ്പെട്ടത് വത്സലയാണ്. ജീവിതത്തിൽ ദുരന്തംമാത്രം സംഭവിക്കുന്ന ഒരാളാണ് വത്സല. ജലത്തെ ഭയന്ന വത്സല തന്റെ ജീവിതത്തിന് ജലസമാധി തിരഞ്ഞെടുക്കുന്നതിലെ ഐറണി, ശക്തവും വൈരുധ്യാത്മകവുമാണ്. റഹ്മത്തുമായുള്ള പ്രണയത്തിലടക്കം എല്ലാത്തിലും തോറ്റുപോയ ഒരാളെന്ന നിലയിൽ വത്സലയുടെ മരണം അവരുടെ ഭയത്തോടുള്ള ആത്യന്തികവിജയമായും വായിക്കാവുന്നതാണ്. മറ്റൊരു പ്രധാന സ്ത്രീകഥാപാത്രം അള്‍ത്താരയാണ്. എങ്കിലും വത്സലയോളം മികച്ചതും മൗലികവുമായ ഒരു പാത്രസൃഷ്ടിയല്ല അള്‍ത്താരയുടേത്. തന്റെ അസ്തിത്വത്തിൽ ബോധ്യമുള്ള തന്റേടമുള്ള പുതുതലമുറയെ പ്രതിനിധീകരിക്കുന്ന അള്‍ത്താരയെ നമുക്ക് ആധുനികാനന്തരകാലത്തെ സാഹിത്യഭൂമികയിൽ കണ്ടുപരിചയുമുണ്ട്. അള്‍ത്താരയെന്ന നാമം വിശുദ്ധബലിപീഠത്തെ പ്രതീകവത്കരിക്കുന്ന ഇടമാണ്. നോവലിലെല്ലായിടത്തെയും കൂട്ടിയിണക്കുന്ന കണ്ണിയായി വര്‍ത്തിക്കുകയും അതിന്റെ സംഘര്‍ഷാവസ്ഥകളെ മുഴുവൻ ഏറ്റെടുത്തുകൊണ്ടുപോകുകയും ചെയ്യുന്ന അള്‍ത്താര കഥാന്ത്യത്തിൽ എല്ലാ സംഘര്‍ഷങ്ങളുമവസാനിച്ച് ഓര്‍മ്മകളറ്റുതുടങ്ങിയ അപ്പച്ചനിലേക്ക് അപ്പച്ചന്റെ പുസ്തകങ്ങള്‍ക്കിടയിലേക്ക് ആ ഓര്‍മ്മകള്‍ക്കുള്ളിലേക്ക് പിന്‍മടങ്ങുന്നിടത്ത് മകൾ അച്ഛനിലേക്ക് തിരിച്ചുനടക്കുന്ന ഇലക്ട്രാ കോംപ്ലക്സും വായിച്ചെടുക്കാം.