കടൽഖനനം കേരളതീരത്ത് വിനാശത്തിന്റെ കാറ്റ് വീശുമോ? – ചാള്‍സ് ജോര്‍ജ്

കടൽഖനനം  കേരളതീരത്ത്  വിനാശത്തിന്റെ കാറ്റ് വീശുമോ? – ചാള്‍സ് ജോര്‍ജ്

കേരളത്തിന്റെ തീരദേശ മേഖലയെയും മത്സ്യബന്ധനത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. ഗുജറാത്ത്, കേരളം, ആൻഡമാൻ എന്നിവിടങ്ങളിലെ കടലിൽ ഖനനം നടത്താനുള്ള അനുമതി സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള തീരുമാനം, രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളെ കോർപ്പറേറ്റുകൾക്ക് യഥേഷ്ടം ചൂഷണം ചെയ്യാൻ അവസരം നൽകുന്ന ഭരണകൂടനയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന ഈ നീക്കത്തിന്റെ അപകടങ്ങളെയും, ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെയും ഈ ലേഖനം ചർച്ച ചെയ്യുന്നു.


കോർപ്പറേറ്റുകൾക്ക് പ്രകൃതിവിഭവങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്യാൻ അവസരം നൽകുന്ന ഒരു നയമാണ് ഭരണകൂടങ്ങൾ തുടർച്ചയായി സ്വീകരിക്കുന്നത്. കേരളതീരത്ത് കടലിൽ ഖനനം നടത്തി മണലെടുക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്രസർക്കാർ അവസരമൊരുക്കുന്നതും ഈ നയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. കേരളത്തിലെ മത്സ്യബന്ധനമേഖലയ്ക്ക്‌ അപരിഹാര്യമായ ദോഷങ്ങളുണ്ടാക്കുന്നതാണ് ഈ നീക്കം. സമുദ്രത്തെയും അതിലെ സങ്കീർണ്ണമായ ആവാസവ്യവസ്ഥയെയും കുറിച്ചുള്ള നമ്മുടെ പരിമിതമായ അറിവ് കണക്കിലെടുക്കുമ്പോൾ, കടൽഖനനം വരുത്തിവയ്ക്കാവുന്ന വിനാശകരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് നാം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.  ഖനനാനുമതി ലഭിച്ച കമ്പനികൾതന്നെ പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം, താൽപ്പര്യവൈരുധ്യത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.


ഗുജറാത്തിലെ പോർബന്തറിൽ മൂന്നു ബ്ലോക്കുകളിൽനിന്ന് ചുണ്ണാമ്പു ചെളിയും കേരളത്തിൽ കൊല്ലത്തെ മൂന്നു ബ്ലോക്കുകളിൽനിന്ന് നിർമ്മാണാവശ്യങ്ങൾക്കുള്ള കടൽമണലും ആൻഡമാനിലെ ഏഴു ബ്ലോക്കുകളിൽനിന്ന്‍ പോളിമെറ്റാലിക് നൊഡ്യൂൾസ് എന്നറിയപ്പെടുന്ന ധാതുവിഭവങ്ങളും, കൊബാൾട്ടും ഖനനം ചെയ്തെടുക്കാനാണ് കേന്ദ്രപദ്ധതി. ഖനനത്തിന്റെ പൊതു അവകാശം പൊതുമേഖലയ്ക്കായിരിക്കണമെന്ന 2002-ലെ ഖനനനിയമം 2023-ൽ കേന്ദ്രസർക്കാർ ഭേദഗതിചെയ്തു. മണിപ്പൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച സമയത്താണ് ഈ നിർണായക തീരുമാനം സർക്കാർ തിടുക്കത്തിൽ പാസാക്കിയത് എന്നത് ശ്രദ്ധേയമാണ്. ഈ നിയമഭേദഗതിയിലൂടെ തീരദേശത്തെ കരിമണൽ ഖനനത്തിൽ സംസ്ഥാന സർക്കാരിനും പൊതുമേഖലയ്ക്കും ഉണ്ടായിരുന്ന അധികാരം കേന്ദ്രം ഏറ്റെടുത്തു. ഇനി ഖനനം, സംസ്കരണം, വിപണനം തുടങ്ങിയ എല്ലാ കാര്യങ്ങളിലും സ്വകാര്യമേഖലയ്ക്കും പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണം, കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട് മൂന്നു റൂളുകൾകൂടി പുറത്തിറക്കി. പോർബന്തറിലെയും കൊച്ചിയിലെയും ശില്പശാലകളും അതിലെടുത്ത തീരുമാനങ്ങളും ഈ നീക്കങ്ങളുടെ ഭാഗമാണ്


കേരളത്തിലെ അഞ്ച് സെക്ടറുകളിലായി ഏകദേശം 745 ദശലക്ഷം ടൺ കടൽ മണൽ നിക്ഷേപം ഉണ്ടെന്ന് ശൈലേഷ് നായിക് കമ്മിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളുടെ ചുവടുപിടിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി തയ്യാറാക്കിയ “ബ്ലൂ ഇക്കോണമി” പുസ്തകത്തിലാണ് ഈ നിക്ഷേപങ്ങളുടെ സ്വകാര്യവൽക്കരണ നയം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങൾക്ക് സാധ്യത കുറവായിരുന്ന കോവിഡ് മഹാമാരിക്കാലത്ത് ഈ സുപ്രധാന തീരുമാനം പുറത്തുവന്നത് എന്നും  ശ്രദ്ധേയമാണ്.


ആവശ്യമേറുന്ന മണലൂറ്റ്


ലോകമാസകലം മണലിന്റെ ആവശ്യം വർധിച്ചുവരികയാണ്. ലോക ജനസംഖ്യയുടെ 68 ശതമാനവും 2030 ആകുമ്പോഴേക്കും നഗരങ്ങളിൽ അധിവസിക്കും എന്നതാണ് കണക്ക്. ഭൂമധ്യരേഖയിൽ ഭൂമിക്കുചുറ്റുമായി 27 മീറ്റർ വീതിയിലും 27 മീറ്റർ ഉയരത്തിലുമായി ഒരു മതിൽ പണിയാനാവശ്യമായ 50 ബില്യൺ ടൺ മണൽ പ്രതിവർഷം ആവശ്യമുണ്ട്. ഇതിൽ 5-8 ബില്യൺ ടണ്ണും കടലിൽനിന്നാണെടുക്കുന്നത്. സുസ്ഥിരത നിലനിർത്തണമെങ്കിൽ 16 ബില്യൺടൺ മണലെങ്കിലും കടലിലെത്തണം എന്നതാണ് കണക്ക്.


കേരളത്തിൽ ചാവക്കാട്, പൊന്നാനി, ആലപ്പുഴ, കൊല്ലം തെക്ക്, കൊല്ലം വടക്ക് എന്നീ മേഖലകളിലാണ് വെള്ളമണൽ നിക്ഷേപമുള്ളത്. ഇതിൽ കൊല്ലംസെക്ടറിൽനിന്നാണ് ഇപ്പോൾ ഖനനം നടത്തുക. തീരത്തുനിന്നും 33 കിലോമീറ്റർ അകലെയുള്ള 1-ാം ബ്ലോക്കിൽ 23 മിനറൽ ബ്ലോക്കുകളുണ്ട്. ഇവിടെനിന്ന്‍ 100.33 ദശലക്ഷം ടൺമണലാണ് ഊറ്റുക. രണ്ടാം സെക്ടർ 30 കിലോമീറ്റർ അകലെയാണ് അവിടെനിന്ന് 100.64 ദശലക്ഷം ടൺ മണലും 27 കിലോമീറ്റർ അകലെയുള്ള മൂന്നാം സെക്ടറിൽ നിന്ന്‍ 101.45 ദശലക്ഷം ടൺ മണലും ഖനനം ചെയ്യും. മൊത്തത്തിൽ 242 ചതുരശ്ര കിലോമീറ്ററിലായി 302.5 ദശലക്ഷം ടൺ മണലൂറ്റുന്നതിനാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. ഗൗതം അദാനിയുടെ കമ്പനികളുടെ സക്ഷൻ ഹോപ്പർ, റോട്ടറികട്ടർ, ബക്കറ്റ് ഡ്രഡ്ജർ തുടങ്ങിയ സംവിധാനങ്ങളും കപ്പലുകളും ഉപയോഗിച്ചാണ് ഡ്രഡ്ജിംഗ് നടത്തുക.


വർക്കലമുതൽ അമ്പലപ്പുഴവരെ 85 കിലോമീറ്ററിലായും 3300 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലും പരന്നുകിടക്കുന്ന കൊല്ലംപരപ്പ് എന്ന ക്വയിലോൺ ബാങ്കിൽനിന്നാണ് ഖനനം നടക്കുക. 1961 മുതൽ 1965 വരെ ഇന്ത്യയിൽ പര്യവേക്ഷണം നടത്തിയ ഇൻഡോ-നോർവീജിയൻ സംഘത്തിലെ കെയർ ലാർസണാണ് കൊല്ലം പരപ്പിന്റെ സവിശേഷത ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. ഇന്ത്യയിലെ 22 മത്സ്യസങ്കേതങ്ങളിൽ ഏറ്റവും ഉല്പാദനക്ഷമതയുള്ള പ്രദേശമാണ് കൊല്ലംപരപ്പ്. സാന്റ് ലോബ്സ്റ്റർ,കരിക്കാടി,പൂവാലൻ,കലവ,പല്ലിക്കോര, കിളിമീൻ,ചാള,അയില,നത്തോലി,വേളക്കാര- തുടങ്ങി കേരളത്തിലെ കയറ്റുമതി പ്രധാനവും, ആഭ്യന്തര ഉപഭോഗത്തിൽ പ്രധാനവുമായ മത്സ്യങ്ങൾ ധാരാളമായി ഇവിടെനിന്നു ലഭിക്കുന്നു. ആയിരത്തോളം ട്രോൾ ബോട്ടുകളും, അഞ്ഞൂറോളം ഫൈബർവള്ളങ്ങളും നൂറോളം ഇൻ-ബോർഡ് വള്ളങ്ങളും ഇവിടെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. കേരളത്തിലെ രണ്ടുലക്ഷത്തോളം സജീവ മത്സ്യത്തൊഴിലാളികളിൽ നാലിലൊന്നും ഇവിടെയാണ് കേന്ദ്രീകരിക്കുന്നത്. വാടി, ശക്തികുളങ്ങര, ചെറിയഴീക്കൽ, വലിയഴീക്കൽ, തോട്ടപ്പള്ളി, പുന്നപ്ര തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങളുടെ വരുമാനത്തിന്റെ പ്രധാന ഉറവിടവും കൊല്ലം ബാങ്ക് തന്നെയാണ്. ഇന്ത്യക്ക് 2022-23-ൽ കയറ്റുമതിയിലൂടെ ലഭ്യമായ 63,969 കോടി രൂപയിൽ കേരളത്തിന്റെ വിഹിതം 8285 കോടിയാണ്. ഇതിൽ സിംഹഭാഗവും കൊല്ലത്തിന്റെ സംഭാവനയാണ്.


1-2 മീറ്റർ കനത്തിലുള്ള ചെളിയും, അവശിഷ്ടങ്ങളുമടങ്ങുന്ന മേൽമണ്ണു നീക്കിയാണ് വെളുത്തമണൽ പുറത്തെടുക്കുക. ഇതു സൃഷ്ടിക്കുന്ന കലക്കൽ, പുറത്തുവരുന്ന വിഷവാതകങ്ങൾ, ഖനലോഹങ്ങൾ ഇതെല്ലാം മത്സ്യമേഖലയെയാണ് പ്രതികൂലമായി ബാധിക്കുക. ഇവിടെ ജീവിക്കുന്ന നങ്ക്, കരിക്കാടി, തിരണ്ടി, കരിക്കാടി ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളുടെ സങ്കേതങ്ങൾ തകർക്കപ്പെടും. കണവ-കൂന്തൽ തുടങ്ങിയ മത്സ്യങ്ങൾ മുട്ടയിട്ടുപാർക്കുന്ന ഇടങ്ങളും നഷ്ടപ്പെടും. പന്ത്രണ്ടുവർഷത്തിനുശേഷം തിരിച്ചുവരുന്ന മത്തി വളർച്ച മുരടിച്ചുപോയതിന്റെ പ്രധാന പ്രശ്നം അതിന്റെ ഭക്ഷണത്തിന്റെ അഭാവമാണ്. ഈ ഭക്ഷണം രൂപപ്പെടുന്ന പ്രക്രിയ കലക്കൽമൂലം പൂർണ്ണമായും തകർക്കപ്പെടും. കരയിൽ കൊണ്ടുപോയി ഇടുന്ന മണ്ണ് കഴുകുമ്പോഴുണ്ടാകുന്ന ലവണങ്ങൾ തീരദേശത്തേയും തകർക്കും. ഇതു കഴുകുന്നതിന് ശുദ്ധജലവും ലഭ്യമാക്കണം. കടലിലെ മത്സ്യങ്ങളുടെ പ്രജനനവും വളർച്ചയും തടസ്സപ്പെടും. മത്സ്യത്തൊഴിലാളികൾ മാത്രമല്ല, കേരളത്തിലെ ഗണ്യമായ വിഭാഗം ഗവേഷകരും, സ്ഥാപനങ്ങളും ഇതുകൊണ്ടുതന്നെയാണ് ഈ നടപടിക്കെതിരേ രംഗത്തുവന്നിട്ടുള്ളത്.


കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി കടൽ നിരപ്പുയർന്നുകൊണ്ടിരിക്കുകയാണ്. കേരള തീരത്തിന്റെ ദുർബലാവസ്ഥ എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഓഖിയും, പ്രളയവും, ഗജ, വായു, ക്യാർ, ഉംഫൻ, നിസർഗ്ഗ, ടൗട്ടേ തുടങ്ങി തുടർച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റുകളും അവ സൃഷ്ടിക്കുന്ന തീരശോഷണവും തെളിയിച്ചിരിക്കുന്നു. 2050-ാടെ ജലനിരപ്പുയരുന്നതുമൂലം മുങ്ങിപ്പോവുമെന്നു കരുതുന്ന കൊൽക്കത്തയ്ക്കും, മുംബെയ്ക്കും മുന്നേ അപകടഭീഷണി നമ്മെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു.


ഭരണഘടനാലംഘനം


ഭരണഘടനയുടെ 246-ാം ആർട്ടിക്കിൾ ഷെഡ്യൂൾ 2 ലിസ്റ്റ് 21 പ്രകാരം 12 നോട്ടിക്കൽ മൈൽവരെയുള്ള തീരദേശത്തിന്റെ പരിപാലന അവകാശം സംസ്ഥാന സർക്കാരിനാണ്. തീരദേശപരിപാലന വിജ്ഞാപനം 2011-ൽ പുതുക്കിയപ്പോൾ ഈ മേഖലയുടെകൂടി അവകാശം കേന്ദ്രം ഏറ്റെടുത്തു. പുറംകടൽ ധാതുഖനനവുമായി ബന്ധപ്പെട്ട 2002-ലെ നിയമം 2023-ൽ കേന്ദ്രം ഭേദഗതി ചെയ്തതിനെത്തുടർന്നാണ് നേരിട്ട് മണൽവിൽപ്പനയ്ക്ക് അവസരമൊരുങ്ങിയത്. 26 മൂലകങ്ങളുൾപ്പെടുന്ന കരിമണലിലെ ടൈറ്റാനിയം, സിർക്കോണിയം തുടങ്ങിയ ആറു മൂലകങ്ങളുടെ അവകാശവും ഏറ്റെടുത്തു സ്വകാര്യശക്തികൾക്ക് കൈമാറി. കേരളത്തിൽ ചവറയിലും തിരുവനന്തപുരത്തുമുള്ള ടൈറ്റാനിയം ഫാക്ടറികള്‍ക്ക് സ്വകാര്യവൽക്കരണത്തിന്റെ മരണമണി മുഴങ്ങിയിരിക്കുകയാണ്.


സാർവദേശീയ അനുഭവങ്ങൾ


തുടർച്ചയായ മണലെടുപ്പുമൂലം ദ്വീപ് രാഷ്ട്രങ്ങളൊക്കെ പ്രതിസന്ധിയിലാണ്. നുവാരു, ടുവാലു, സോളമൻ ഐലന്റ്, കിരിബാറ്റി, ജർമ്മനിയുടെ ഹോൾസ്റ്റീൻ, ഹംഗറി, നോർവേ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളെ പ്രതിസന്ധി ബാധിച്ചുകഴിഞ്ഞിരിക്കുന്നു. സിംഗപ്പൂർ തുറമുഖ വികസനത്തിനുവേണ്ടി മണ്ണെടുത്തതോടെ ഇന്തോനേഷ്യയുടെ 24 ദ്വീപുകളാണ് നഷ്ടപ്പെട്ടത്. ലോകത്തെ 141 രാജ്യങ്ങളിലെ അറുന്നൂറിലധികം ഗവേഷകർ ഈ വിഷയം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു.


സമ്പദ്ഘടനയെ വെറും വിഭവമായി മാത്രം കാണുന്ന ഭരണാധികാരികൾ ഇതൊക്കെ അവഗണിക്കുകയാണ്. ലോകത്ത് പല രാജ്യങ്ങളും മണ്ണെടുപ്പിന്റെ ഭാഗമായി തീരം തകർന്ന്, ബീച്ചുകൾ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നുണ്ട്. വിവിധ കാലാവസ്ഥാസമ്മേളനങ്ങളിൽ അവർ ഒറ്റക്കെട്ടായി ഈ വിഷയങ്ങളുന്നയിക്കുന്നുമുണ്ട്. ലോകത്തെ പ്രധാനപ്പെട്ട മത്സ്യസങ്കേത(ഫിഷിംഗ് ഗ്രൗണ്ട്)ങ്ങളൊക്കെത്തന്നെ തകർന്നിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തുന്നു. ഐക്യരാഷ്ട്രസംഘടനയുടെ ഐ.യു.സി.എന്നും, യു.എൻ.ഇ.പി.യും, സംയുക്തമായി ഈയിടെ സംഘടിപ്പിച്ച യു.എൻ. എൻവയേൺമെന്റ് അസംബ്ലിയും ഭീഷണമായ ഈ അവസ്ഥയിലേക്ക് ശ്രദ്ധക്ഷണിച്ചിരിക്കുകയാണ്. ഈജിപ്തിലെ ഷറം-ഇൻ-ഷെയ്ക്കിൽ ചേർന്ന കാലാവസ്ഥ ഉച്ചകോടിയും കഴിഞ്ഞ മാസം ബാകുവിൽ ചേർന്ന സമ്മേളനവും ഉൽക്കണ്ഠാകുലമായ ഈ വിഷയത്തിലേക്ക് ലോകജനതയുടെ ശ്രദ്ധക്ഷണിച്ചു. ടുവാലുവിന്റെ പ്രധാനമന്ത്രി കൗനിയ നറ്റാനോ പറഞ്ഞു, “കാലാവസ്ഥ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരും, കുത്തിക്കവർച്ച നടത്തുന്നവരും പിഴയൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങൾ വീട് എന്ന് വിളിക്കുന്ന ഇടം ഒരു ദിവസം കടലെടുക്കും. ആ ദിവസംവരെ ഞങ്ങൾ പോരാടിക്കൊണ്ടേയിരിക്കും.” ഒരു ദ്വീപ് രാഷ്ട്ര പ്രതിനിധി പറഞ്ഞു. “മത്സ്യങ്ങൾക്ക് സംസാരിക്കാനാവില്ല. അവർക്കു വേണ്ടി നാം തന്നെ സംസാരിക്കേണ്ടതുണ്ട്.”


കേരളത്തിന്റെ തീരദേശ സമ്പദ്‌വ്യവസ്ഥയുടെയും ഭക്ഷ്യസുരക്ഷയുടെയും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന്റെയും അടിത്തറയായ മത്സ്യമേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മണൽഖനനത്തിന്റെ മറവിൽ, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ശേഷിക്കുന്ന മത്സ്യസമ്പത്തിനെക്കൂടി ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിനെതിരെ കേരളം ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മത്സ്യങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും നമ്മുടെ തീരദേശത്തിനുംവേണ്ടി ഒരേ മനസ്സോടെ പോരാടേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്.


(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)യുടെ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)