ഏക സിവിൽകോഡ്‌ തുല്യതയും ക്ഷേമവും ഉറപ്പാക്കണം – അഡ്വ.എ.ജയശങ്കര്‍

ഏക സിവിൽകോഡ്‌ നടപ്പിലാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഭരണഘടനയുടെ അനുച്ഛേദം 44 പ്രകാരം ഏകീകൃത സിവിൽ നിയമസംഹിത രൂപീകരിക്കേണ്ടത്‌ ഭരണകൂടത്തിന്റെ ചുമതലയും ഉത്തരവാദിത്വവുമാണ്‌. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങൾക്കുശേഷവും ഭരണഘടനാപരമായ ഈ ചുമതല നിറവേറ്റാൻ കേന്ദ്രസര്‍ക്കാർ മടിച്ചുനില്ക്കേണ്ടതില്ല.


അനുച്ഛേദം 44 പ്രകാരം ഏകസിവിൽകോഡ്‌ നടപ്പാക്കാൻ പാകത്തിന്‌ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ പരുവപ്പെട്ടിട്ടുണ്ട്‌. 1955-ൽ ഹിന്ദു വ്യക്തിനിയമം സമൂലം ഉടച്ചു വാര്‍ത്തപ്പോഴും 1978-ൽ ജാതിമത ഭേദമെന്ന്യേ വിവാഹപ്രായം ഉയർത്തിയപ്പോഴും 1986-ൽ മേരി റോയ്‌ കേസിലെ വിധിപ്രകാരം ക്രിസ്ത്യൻ വനിതകള്‍ക്ക്‌ പിതൃസ്വത്തിൽ തുല്യ അവകാശം നല്കിയപ്പോഴും സമീപകാലത്തു മുത്തലാഖ്‌ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കിയപ്പോഴും തത്പരകക്ഷികൾ എതിര്‍ത്തിരുന്നു. എന്നാൽ, പൊതുസമൂഹം അവയൊക്കെ സ്വീകരിച്ചു. ഏക സിവിൽകോഡ്‌ നടപ്പാക്കിയാലും അതുതന്നയെ ഉണ്ടാകാൻ പോകുന്നുള്ളൂ.


ഏക സിവിൽകോഡ്‌ ബഹുസ്വരതയെ ബാധിക്കുന്ന വിഷയമേയല്ല. ഉദാഹരണത്തിന്‌ വിവാഹസംബന്ധമായ നിയമങ്ങള്‍ ഏകീകരിച്ചാലും പള്ളിയിലോ അമ്പലത്തിലോ നടക്കുന്ന വിവാഹങ്ങള്‍ക്ക്‌ സാധുത ഉണ്ടാകും. അവ സിവിൽ നിയമം അനുസരിച്ചു രജിസ്റ്റർ ചെയ്യണം എന്നുമാത്രം. ഏക സിവിൽകോഡ്‌ നടപ്പായാൽ നിക്കാഹ്‌ രൂപത്തിലുള്ള വിവാഹം അസാധ്യമാകും, മൃതദേഹം പള്ളിപ്പറമ്പിലോ സെമിത്തേരിയിലോ അടക്കാൻ കഴിയില്ല, നിര്‍ബന്ധമായും ദഹിപ്പിക്കേണ്ടിവരും എന്നൊക്കെയുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. ഗാഡ്ഗിൽ റിപ്പോര്‍ട്ട്‌ നടപ്പാക്കിയാൽ മലമ്പ്രദേശത്തു വാഴവയ്ക്കാനോ കോഴിയെ വളര്‍ത്താനോ പറ്റില്ല എന്ന പ്രചാരണങ്ങൾ പോലെ. ഏക സിവിൽകോഡ്‌ നടപ്പാകുന്നപക്ഷം വിവാഹബന്ധം ഏകപക്ഷീയമായി റദ്ദാക്കാനോ ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കും സ്വത്തിൽ തുല്യ അവകാശം നല്കാതിരിക്കാനോ കഴിയില്ല എന്നിടത്താണ്‌ യാഥാസ്ഥിതികരുടെ യഥാർഥത്തിലുള്ള എതിര്‍പ്പ്‌. ബഹുസ്വരതയും വൈവിധ്യവുമൊക്കെ തത്പരകക്ഷികള്‍ സന്ദര്‍ഭോചിതമായി ദുരുപയോഗിക്കുന്നു എന്നുമാത്രം.


ഗോത്ര വൃക്തിനിയമങ്ങള്‍ക്ക്‌, സാധ്യമാകുന്നിടത്തോളം ഭരണഘടനാപരമായ സംരക്ഷണം തുടരാവുന്നതാണ്‌. അവര്‍ക്ക്‌ ഭൂമിയിലുള്ള അവകാശം ഏക സിവിൽകോഡിന്റെ പരിധിയിൽവരുന്ന കാര്യമല്ല. ബഹുസ്വരതപോലെ തത്പരകക്ഷികൾ ഇതും ദുഷ്പ്രചാരണത്തിനു ഉപയോഗിക്കുന്നു എന്നുമാത്രം.


നിലവിലെ വൃക്തിനിയമങ്ങളിൽ വിവേചനവും അസമത്വവും നിലനില്ക്കുന്നു എന്നകാര്യം നിസ്തർക്കമാണ്‌. അധികമാരും ശ്രദ്ധിക്കാത്ത ഒരുദാഹരണം ചൂണ്ടിക്കാണിക്കാം. നിലവിൽ ക്രിസ്ത്യാകള്‍ക്ക്‌ മാത്രം ബാധകമായിരിക്കുന്ന 1869-ലെ വിവാഹമോചന നിയമത്തിലെ 58, 59 വകുപ്പുകള്‍ പ്രകാരം വിവാഹമോചിതനായ വ്യക്തിയുടെ പുനര്‍വിവാഹം ചില പ്രത്യക സാഹചര്യങ്ങളിൽ നടത്തികൊടുക്കാതിരിക്കാൻ പള്ളിവികാരിക്ക്‌ അധികാരമുണ്ട്‌. പക്ഷേ, അത്‌ കത്തോലിക്ക/ഓർത്തഡോക്സ്‌ വൈദികര്‍ക്ക്‌ സാധ്യമല്ല. ഈ ആനുകൂല്യം ആംഗ്ലിക്കൻ സഭക്കാര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 1869-ൽ നിലനിന്ന സാമൂഹിക സാഹചര്യമോ രാഷ്ട്രീയ പരിതഃസ്ഥിതിയോ അല്ല ഇപ്പോൾ നിലവിലുള്ളത്‌. അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും ബംഗ്ളാദേശിലും മുസ്ലിം വ്യക്തിനിയമംതന്നെ വലിയ ഭേദഗതികള്‍ക്ക്‌ വിധേയമായി. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മാറിമാറിവന്ന സര്‍ക്കാരുകൾ വ്യക്തിനിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന്‌ യാതൊരു ശ്രമവും നടത്തിയിട്ടില്ല. യാഥാസ്ഥിതിക മത നേതൃത്വങ്ങള്‍ അതിനു അനുവദിക്കുകയുമില്ല. അതുകൊണ്ടുതന്നെ ഏക സിവിൽ നിയമം അനിവാര്യമാണ്‌.


തുല്യതയുടെ പേരിൽ ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങൾ ന്യൂനപക്ഷത്തിനുമേൽ അടിച്ചേല്പിക്കും എന്ന ഭയം അസ്ഥാനത്താണ്‌. ഏക സിവിൽകോഡിന്റെ കരടുപോലും പുറത്തുവരുന്നതിനു മുന്‍പ്‌ ഇത്തരം സംശയം ഉയര്‍ത്തുന്നതുതന്നെ ദുഷ്ടലാക്കോടെയാണ്‌. വിശദമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ശേഷം നിർദിഷ്ട സിവിൽകോഡ്‌ നടപ്പാക്കുന്നതാണ്‌ ഉചിതം.


ഏക സിവിൽകോഡിനെതിരെ എതിര്‍പ്പും വിമര്‍ശനവും ഉണ്ടാകും എന്നുറപ്പാണ്‌. പക്ഷേ, പാര്‍ലമെന്റ് പാസാക്കുകയും സര്‍ക്കാർ നടപ്പാക്കുകയും ചെയ്താൽ മുന്‍പ്‌ ഹിന്ദു വിവാഹനിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, മേരി റോയ്‌ കേസിലെയും മുത്തലാഖ്‌ നിരോധന കേസിലെയും വിധികൾ എന്നിവപോലെ ഏക സിവിൽകോഡും നടപ്പിലാകും. മറിച്ചുള്ള സംശയം അസ്ഥാനത്താണ്‌.


നിർദിഷ്ട ഏക സിവിൽകോഡ്‌ വ്യക്തി സ്വാതന്ത്ര്യത്തിന്‌ വിഘാതമാകേണ്ടതില്ല. മറിച്ച് തുല്യതയും ക്ഷേമവും ഉറപ്പാക്കുകയും അതുവഴി ജനാധിപത്യ സംവിധാനത്തെ ശാക്തീകരിക്കുന്നതും ആകണം.