ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് വേണം/വേണ്ട ?- അനില്‍ ആര്‍. നായര്‍
ഇന്ത്യയ്ക്ക് ഒരു ഏകീകൃത സിവിൽ കോഡ് (Uniform Civil Code) ആവശ്യമായി വരുന്നതെന്തുകൊണ്ടാണെന്നതുമായി ബന്ധപ്പെട്ട മൂന്ന് പോയിന്റുകൾ ഇവയൊക്കെയാണ് : ഒന്ന്, സംസ്ഥാനനയത്തിന്റെ നിര്‍ദ്ദേശക തത്ത്വങ്ങള്‍ക്ക് കീഴിലുള്ള ഭരണഘടനാപരമായ ഉത്തരവ് എല്ലാ ഇന്ത്യക്കാരെയും ഒരു യു.സി.സിയുടെ കീഴിൽ കൊണ്ടുവരിക എന്നതാണ്. രണ്ട്, ഇന്ത്യ ഒരു മതേതര രാഷ്ട്രമെന്നനിലയിൽ എല്ലാ മതനിരപേക്ഷകാര്യങ്ങളിലും മതങ്ങളുടെ ഇടപെടലുകൾ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നുയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, പരിപാലനം, പിന്തുടര്‍ച്ചാവകാശം എന്നിവ ഇവയിലുള്‍പ്പെടുന്നു. ചടങ്ങുകൾ നടത്തുന്നത് ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ചാകാം. എന്നാൽ നിയമപരമായ ബന്ധം ഇന്ത്യൻ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കനുസൃതമായിരിക്കണം. മൂന്ന്, ഏതെങ്കിലും മൗലികാവകാശം (ലിംഗസമത്വം പോലെയുള്ളത്) ലംഘിക്കുന്ന ഒരാചാരവും ഒരു നിയമത്തിനും ഉയര്‍ത്തിപ്പിടിക്കാൻ കഴിയില്ല. കാരണം, ഭരണഘടന അതിനെ നിരോധിക്കുന്നു. അതിനാൽ, അത്തരം ആചാരനിയമങ്ങളും അത് വ്യവസ്ഥചെയ്യുന്ന നിയമങ്ങളും ഭരണഘടനാവിരുദ്ധമാകും. മൗലികാവകാശങ്ങൾ (ലിംഗസമത്വം പോലെയുള്ളത്) ലംഘിക്കുന്ന അത്തരം ആചാരങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ ഭരണഘടനാസാധുത അവകാശപ്പെടുന്ന ഏതൊരു വാദവും ഇന്ത്യൻ ഭരണഘടനാ മേല്‍ക്കോയ്മയുടെയും നിയമവാഴ്ചയുടെയും അടിസ്ഥാനതത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്.
യു സി സിയ്ക്കെതിരായ രാഷ്ട്രീയവാദവുമായി (നിയമപരമല്ലാത്ത) ബന്ധപ്പെട്ട ഒരു പ്രധാനകാര്യം യു സി സി പ്രാബല്യത്തിൽ വന്നാൽ ഒരു സമുദായത്തിന്റെയും നിയമം ആര്‍ക്കും അടിച്ചേല്‍പ്പിക്കാ൯ കഴിയില്ല എന്നതാണ്. ഈ ഭയം കേവലം ആലങ്കാരികമായൊരു രാഷ്ട്രീയവാദം മാത്രമാണ്. കാരണം, അഭിപ്രായം പറയാനൊരു ഡ്രാഫ്റ്റ് യു സി സി തല്ക്കാലം നമ്മുടെ മുന്‍പിലില്ല.
ഭരണഘടന നിര്‍ദേശകതത്വം നടപ്പിലാക്കാൻ ഇന്ത്യയിലെ സാമൂഹിക – രാഷ്ട്രീയ സാഹചര്യം പാകപ്പെട്ടിട്ടുണ്ടോ? രാജ്യത്തെ സങ്കീര്‍ണമായ സാമൂഹികഘടനയിൽ ഇത് നടപ്പിലാക്കുക പ്രായോഗികമാണോ ?
ലിംഗസമത്വം നിഷേധിക്കുന്നതിനുള്ള ഒരു അടിസ്ഥാനമായി പ്രായോഗികതയുടെ സ്വീകാര്യതയെ കാണുന്നത് നിയമവ്യവസ്ഥിതിയിൽ അധിഷ്ഠിതമായ നമ്മുടെ ജനാധിപത്യത്തിൽ നീതിയുക്തമായൊരു രാഷ്ട്രിയതത്ത്വമായി അംഗീകരിക്കാൻ കഴിയില്ല. മതാടിസ്ഥാനത്തിൽ ലിംഗനീതി നിഷേധിക്കുന്നതിന് പ്രായോഗികത നിയമപരമായി ഉപയോഗിക്കാമെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. പിന്തിരിപ്പൻ മതശക്തികളുടെ എതിര്‍പ്പിനെ മറികടന്ന് ജനങ്ങളുടെ മൗലികാവകാശങ്ങൾ സുനിശ്ചിതമായി ഉറപ്പാക്കാൻ ഇന്ത്യയുടെ ആധുനിക രാഷ്ട്രീയവ്യവസ്ഥക്ക് കഴിയുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
ലോകം ബഹുസ്വരതയെ സ്വീകരിക്കുന്ന കാലത്ത് സകലതും കൂട്ടിച്ചേര്‍ത്ത് ഒന്നാകുക എന്ന ആശയത്തിന്റെ പ്രസക്തി ? ഏകതയോ അതോ സഹകരണവും യോജിപ്പുമാണോ വേണ്ടത് ?
ഒരു യുസിസി ആചാരങ്ങളുടെയോ സംസ്കാരത്തിന്റെയോ നാശത്തെയല്ല സൂചിപ്പിക്കുന്നത്. അതുപോലെത്തന്നെ പ്രത്യാഗമനപരമായ ആചാരങ്ങളും സംസ്‌കാരങ്ങളും സംരക്ഷിക്കാനും യു സി സിക്കു കഴിയില്ല. സതി, മുത്തലാഖ്, ബഹുഭാര്യത്വം, ശൈശവവിവാഹം, അടിമത്തം, അയിത്തം, ദേവദാസി സമ്പ്രദായം എന്നിവ നിയമപരവും നീതിന്യായപരവുമായ ഇടപെടലുകളിലൂടെ നമുക്കു നിരോധിക്കാൻ കഴിഞ്ഞിട്ടുള്ളതാണ്. രാഷ്ട്രപുരോഗതിക്ക് തടസ്സംനില്ക്കുന്ന അപരിഷ്കൃതമായ ആചാരങ്ങളും മതാനുഷ്ഠാനങ്ങളും നയതന്ത്രപരമായി നിര്‍ത്തലാക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യയിലെ സാമാന്യബോധമുള്ള ജനങ്ങൾ ഉള്‍ക്കൊള്ളേണ്ടതാണ്. ലിംഗനീതി നിഷേധിക്കുന്നതിനായി ഫ്യൂഡൽ അല്ലെങ്കിൽ പുരുഷാധിപത്യ സ്വഭാവമുള്ള നിക്ഷിപ്ത താത്പര്യ ഗ്രൂപ്പുകളുമായി നിയമപരമായി സഹകരിക്കാനോ വിട്ടുവീഴ്ച ചെയ്യാനോ ഒരു ആധുനിക ഭരണകൂടത്തിനും കഴിയില്ല. ആധുനികലോകം ആഗ്രഹിക്കുന്ന നാനാത്വമല്ലത്.
ഗോത്ര വ്യക്തിനിയമങ്ങളെ യു.സി.സി എങ്ങനെ ബാധിക്കും? ആദിവാസികള്‍ക്ക് ഭൂമിയിലുള്ള അവകാശം നഷ്ടമാകുമോ ? യു.സി.സി , ഭരണഘടന അനുച്ഛേദം 371 –ന് വിരുദ്ധമല്ലേ ? കരട് ഉണ്ടാക്കി അടിച്ചേല്‍പ്പിച്ചാൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര ജീവിതത്തെ അസ്വസ്ഥമാക്കുമോ ?
വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, സംരക്ഷണം, പിന്തുടര്‍ച്ചാവകാശംതുടങ്ങിയ മതേതരവശങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു യു സി സി ഗോത്രവര്‍ഗക്കാരായതുകൊണ്ടുമാത്രം നിഷേധിക്കപ്പെടുന്നത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ആദിവാസികള്‍ക്ക് അത്തരം അവകാശങ്ങൾ ലഭിക്കുന്നതിനെതിരെ വാദിക്കുന്നവര്‍ക്ക് ആദിവാസി സമൂഹങ്ങളുടെ ഉന്നമനമെന്ന താത്പര്യം യഥാര്‍ത്ഥത്തിൽ ഹൃദയത്തിൽ ഉണ്ടായിരിക്കാൻ വഴിയില്ല. സമുദായത്തിനുള്ളിൽ തങ്ങളുടെ ആധിപത്യമുറപ്പു വരുത്താൻ അത്തരം സ്ഥിതി നിലനിറുത്തുകയെന്നത് അവരുടെ നിക്ഷിപ്ത താത്പര്യമായിരിക്കാം. ഇന്ത്യൻ ഭരണഘടനയിലെ എല്ലാ അനുച്ഛേദങ്ങളും മൗലികാവകാശങ്ങൾ ഉറപ്പാക്കാൻ യോജിച്ചരീതിയിൽ വ്യാഖ്യാനിക്കേണ്ടതാണ്. ആര്‍ട്ടിക്കിൾ 371 ലിംഗസമത്വമെന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്ത്വത്തിനു വിധേയമായി മാത്രമേ വ്യാഖ്യാനിക്കാൻ സാധിക്കൂ. മറ്റേതൊരു വ്യാഖ്യാനവും ഒരു ദൂര്‍വ്യാഖ്യാനമായിമാത്രം വേണം കരുതാൻ.
ഏക സിവിൽ കോഡോ, അതോ നിലവിലെ വ്യക്തിനിയമങ്ങള്‍ക്കുള്ളിലെ വിവേചനവും അസമത്വവും പരിഹരിക്കുന്ന ഭേദഗതിയും പരിഷ്കരണവുമാണോ അഭികാമ്യം?
ഇന്ത്യയിലെ വ്യക്തിനിയമങ്ങളിലുള്ള ലിംഗ അസമത്വവും അസമാനതകളും പരിഹരിച്ചാൽ, അത് സ്വയമേവ ഒരു ഏകീകൃത സിവിൽ കോഡിന്റെ സൃഷ്ടിയായി മാറും. മറിച്ചുള്ള നടപടികൾ സാമുദായിക ധ്രുവീകരണത്തിനിടവരുത്തും. യു.സി.സിയുടെ അഭാവം സ്ത്രീശാക്തീകരണവും മിശ്രവിവാഹവുമൊക്കെ നിരുത്സാഹപ്പെടുത്തുകയേയുള്ളൂ.
തുല്യതയുടെ പേരിൽ ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങൾ ന്യൂനപക്ഷങ്ങളുടെ മേൽ അടിച്ചേല്‍പ്പിക്കുമോ ?
ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. ആത്യന്തികമായി ഇവിടെ തീരുമാനമെടുക്കുന്നത് ഭൂരിപക്ഷ വോട്ടിലൂടെയാണ്. ഭൂരിപക്ഷ രാഷ്ട്രിയബ്ലോക്കിന് ഹിന്ദു ഐഡന്റിറ്റി മാത്രമേയുള്ളൂവെന്ന് അവകാശപ്പെടുന്നത് മതാധിഷ്ഠിത സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രതിപക്ഷ ഏകീകരണത്തിനെ ന്യായീകരിക്കാനുള്ള രാഷ്ട്രീയവാദമാണ്.
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് നിയമകമ്മീഷനും സര്‍ക്കാരും നേരിടാവുന്ന വെല്ലുവിളികൾ ?
ഏക സിവിൽ കോഡ് എന്നത് കേവലമൊരു നിയമപ്രശ്‌നം മാത്രമല്ല. ഏതൊരു ഗവണ്‍മെന്റിനും ഫലപ്രദമായി കൈകാര്യംചെയ്യേണ്ട രാഷ്ട്രിയനൈതികതയുടെ ഒരു ചോദ്യംകൂടിയാണ്. യു.സി.സിയുടെ ആവശ്യകതയെക്കുറിച്ച് ഇന്ത്യയുടെ സുപ്രീംകോടതി വിവിധ അവസരങ്ങളിൽ അഭിപ്രായപ്പെടിട്ടുള്ളതിനാൽ, നിലവിൽ സര്‍ക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ രാഷ്ട്രീയ സ്വഭാവമുള്ളതാണ്.
വ്യക്തിസ്വാതന്ത്ര്യവും ‘ജനാധിപത്യത്തിന്റെയും വൈവിധ്യത്തിന്റെയും ആരോഗ്യവും‘ സംരക്ഷിച്ചുകൊണ്ട് കാലോചിതമായ ക്രിയാത്മ തിരുത്തലുകളും പരിഷ്കരണവും എങ്ങനെ സാധ്യമാകും ?
ജനാധിപത്യത്തിൽ ന്യായാനുസൃതവും വിപ്ലവകരവുമായ മാറ്റങ്ങൾ സാധ്യമാവുന്നത് ചര്‍ച്ചകളിലൂടെയാണ്. യു.സി.സിക്കുമാത്രം കൊണ്ടുവരാൻ സാധിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകുമ്പോൾ, പരിവര്‍ത്തനം മികച്ചതും സുഗമവുമായിരിക്കും. ഹിന്ദുക്കളുടെ വ്യക്തിനിയമങ്ങളുടെ ക്രോഡീകരണത്തിൽ കണ്ടതുപോലെ, ഭരണകൂടത്തിനു രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ, ഇവിടെ ഏക സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയും. ഏത് യു.സി.സിയിലും അന്തര്‍ലീനമായ ലിംഗസമത്വത്തിന്റെ ആനുകൂല്യങ്ങൾ പൊതുസമൂഹത്തിനു ലഭിക്കാൻ തുടങ്ങുമ്പോൾ എതിര്‍പ്പുകൾ സ്വാഭാവികമായും ഇല്ലാതാകും.
(അനിൽ ആർ.നായർ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ലോ റിഫോംസിൽ (സിപിഎസ്എൽആർ) അസോസിയേറ്റ് പ്രഫസ്സറാണ്.)