വേണം, നീതിയുടെ തുല്യവത്കരണം – ഹമീദ് ചേന്നമംഗലൂർ

ഇന്ത്യയിലെ വിവിധ സമുദായങ്ങൾക്ക് അവയുടേതായ കുടുംബനിയമങ്ങൾ (വ്യക്തിനിയമങ്ങൾ) ഉണ്ട്. അവയെല്ലാം ലിംഗനീതിപരമായിരുന്നെങ്കിൽ നമ്മുടെ ഭരണഘടനാ നിർമാതാക്കൾക്കോ ഇപ്പോൾ ജീവിക്കുന്ന നമുക്കോ ഏകീകൃത പൗരനിയമത്തെക്കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യേണ്ടിവരുമായിരുന്നില്ല. നിർഭാഗ്യവശാൽ രാജ്യത്ത് നിലവിലുള്ളതും വ്യത്യസ്ത സമുദായങ്ങൾക്ക് ബാധകമായതുമായ കുടുംബനിയമങ്ങളൊന്നും പൂർണാർഥത്തിൽ ലിംഗനീതിപരമല്ല. കൂടിയോ കുറഞ്ഞോ ഉള്ള അളവിൽ അവയിലെല്ലാം സ്ത്രീവിരുദ്ധമായ അംശങ്ങൾ കാണാം. അതുകൊണ്ടത്രേ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും നമുക്ക് പൊതുകുടുംബ (പൗര) നിയമങ്ങളെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നത്. ഹിന്ദു-അഹിന്ദു വ്യത്യാസമോ ഗോത്ര-അഗോത്ര വ്യത്യാസമോ ഇല്ലാതെ കുടുംബനിയമങ്ങളെല്ലാം ലിംഗ സമത്വാധിഷ്ഠിതവും ലിംഗനീതിപരവുമായിത്തീരുമ്പോൾ നമുക്ക് കൈവരുന്നത് ഒരു മതേതര ഇന്ത്യൻ കുടുംബനിയമമായിരിക്കും. അത് ആർക്കെങ്കിലും എതിരായിരിക്കുമോ എന്നു ചോദിച്ചാൽ ഉത്തരം അത് പിതൃമേധാവിത്വമൂല്യങ്ങളുടെ കാവൽഭടന്മാർക്ക് മാത്രം എതിരായിരിക്കും എന്നാണ്. പിതൃമേധാവിത്വമൂല്യങ്ങളുടെ സംരക്ഷണമല്ലല്ലോ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ ജോലി.


ഹിന്ദു നിയമമനുസരിച്ചോ മുസ്ലീം നിയമമനുസരിച്ചോ ആചാരനിയമമനുസരിച്ചോ ഉള്ള ക്രിമിനൽ നിയമങ്ങളാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യംവരെ ഇന്ത്യയിലുണ്ടായിരുന്നത്. അവയുടെ സ്ഥാനത്ത് ഇന്ത്യൻ ശിക്ഷാനിയമവും പൊതു ക്രിമിനൽ നടപടിക്രമവും 1860-61 കാലത്ത് നടപ്പാക്കിയപ്പോൾ ഇവിടെ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. അത്തരം മാറ്റത്തിന് സമൂഹം പാകപ്പെട്ടില്ല എന്ന ആശങ്കയുമുണ്ടായിരുന്നില്ല അക്കാലത്ത്. ഒരേ കുറ്റത്തിന് ജാതിമതാടിസ്ഥാനത്തിൽ വ്യത്യസ്തതരം ശിക്ഷ എന്നത് തെറ്റാണെന്ന് അന്നത്തെ സമൂഹത്തിന് ബോധ്യപ്പെട്ടു എന്നതുതന്നെ കാരണം. ഇപ്പോൾ പൊതു സിവിൽ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഇന്ത്യൻ സമൂഹം അതിന് പാകപ്പെട്ടിട്ടില്ല എന്ന ആശങ്ക തീർത്തും അടിസ്ഥാനരഹിതമാണ്. വിവാഹപ്രായം ഉയർത്തൽ, വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമാക്കൽ തുടങ്ങിയ പരിഷ്‌ക്കരണങ്ങൾ സമീപകാലത്ത് പ്രശ്‌നമേതുമില്ലാതെ നടപ്പാക്കാൻ നമുക്ക് സാധിച്ചു എന്നോർക്കണം. ഭരണകൂടത്തിന് ഇച്ഛാശക്തി ഉണ്ടായിരുന്നുവെങ്കിൽ പതിറ്റാണ്ടുകൾക്കു മുൻപേ പൊതുസിവിൽകോഡ് ആവിഷ്‌കരിക്കാനും നടപ്പാക്കാനും നമുക്ക് സാധിക്കുമായിരുന്നു. ഇച്ഛാശക്തിയുടെ അഭാവമാണ് വിഷയത്തിലെ വില്ലൻ.


യൂണിഫോം സിവിൽ കോഡ് ബഹുസ്വരതയ്ക്ക് എതിരാണെന്ന വാദം മുമ്പെന്നപോലെ ഇപ്പോഴും ചിലർ ഉന്നയിക്കുന്നുണ്ട്. അതിൽ പക്ഷേ, കഴമ്പില്ല. യൂണിഫോം ക്രിമിനൽ കോഡ് രാജ്യത്തിന്റെ ബഹുസ്വരത തകർന്നിട്ടില്ലെങ്കിൽ, യൂണിഫോം സിവിൽ കോഡും ഇന്ത്യയുടെ ബഹുസ്വരത തകർക്കാൻ പോകുന്നില്ല. നിർദേശകതത്ത്വങ്ങളിൽ പറയുന്ന ഏകീകൃത പൗരനിയമം ലക്ഷ്യമിടുന്നത് ആചാരങ്ങളുടെയോ അനുഷ്ഠാനങ്ങളുടെയോ മതപ്രമാണങ്ങളുടെയോ ഏകീകരണമല്ല. യൂണിഫോം റിലീജിയസ് റിച്ച്വൽസ് നടപ്പിൽ വരുത്തുകയല്ല യു.സി.സിയുടെ ഉദ്ദേശ്യം. വിവാഹം, വിവാഹമോചനം, ദായം, ദത്ത്, കുട്ടികളുടെ പരിരക്ഷാവകാശം തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനം ഇല്ലാതാക്കുന്നതിനുള്ള നൈയാമിക ഉപകരണമാണ് യു.സി.സി. എന്ന ഏകീകൃത കുടുംബനിയമം. അത് ഉന്നമിടുന്നത് നീതിയുടെ ഏകീകരണമാണ്. അഥവാ നീതിയുടെ തുല്യവത്കരണമാണ്. വ്യക്തിനിയമങ്ങളിൽ ലിംഗാടിസ്ഥാനത്തിൽ നിലനില്ക്കുന്ന അനീതിയുടെ നിർമാർജനത്തിലേക്കുള്ള നിയമപരമായ പാതയായി വേണം പൊതുസിവിൽ കോഡിനെ കാണാൻ. രാജ്യത്ത് വിവാഹപ്രായം ഉയർത്തിയപ്പോഴും വിവാഹ രജിസ്‌ട്രേഷൻ നിലവിൽ വരുത്തിയപ്പോഴും വിവാഹത്തോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങൾ സ്പർശിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത വിസ്മരിച്ചുകൂടാ. യൂണിഫോം സിവിൽകോഡ് എന്നത് യൂണിഫോം ജസ്റ്റീസ് കോഡിന്റെ പര്യായമാണ്.


ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാകാത്തവിധം ഏത് വകുപ്പും ഭേദഗതി ചെയ്യാമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പറയട്ടെ, ഞാൻ നിയമവിദഗ്ധനല്ല. ആദിവാസികൾക്കും ഗോത്രവിഭാഗങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ബാധകമായ ആറാം ഷെഡ്യൂൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പ്രതിപാദിക്കുന്ന നിയമങ്ങൾ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ലിംഗസമത്വം എന്ന മൗലികാവകാശവുമായി ഏറ്റുമുട്ടുന്നുവെങ്കിൽ അവയിൽ കലോചിതഭേദഗതി വരുത്താവുന്നതല്ലേ? ബന്ധപ്പെട്ട വിഭാഗങ്ങളെ ഈദൃശ വിഷയങ്ങളിൽ കാര്യക്ഷമമായി ബോധവത്കരിക്കാൻ ഭരണകൂടവും പാർട്ടികളും നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. പാർട്ടികളുടെ അക്ഷന്തവ്യമായ അനാസ്ഥ കാരണം അത് നടക്കാതെ പോയി.


ഏക സിവിൽ കോഡ് വേണ്ട, നിലവിലെ വ്യത്യസ്ത വ്യക്തിനിയമങ്ങളിലെ ലിംഗാധിഷ്ഠിത വിവേചനവും അസമത്വവും പരിഹരിക്കുംവിധം വിവിധ വ്യക്തിനിയമങ്ങൾ പരിഷ്‌കരിച്ചാൽ മതി എന്ന് അഭിപ്രായപ്പെടുന്നവരുന്നുണ്ട്. ഇത്തരക്കാർ പറയുന്നതുപോലെ പ്രതിസമുദായഭിന്നമായ വ്യക്തിനിയമങ്ങളിൽ ഉൾച്ചേർന്ന അസമത്വവും വിവേചനവും നിഷ്‌ക്കാസനം ചെയ്യുമ്പോൾ എന്താണ് സംഭവിക്കുക? ഫലത്തിൽ എല്ലാ വ്യക്തിനിയമങ്ങളും ലിംഗസമത്വാധിഷ്ഠിതവും ലിംഗനീതിപരവുമായിത്തീരും. ഈവിധം ഐകരൂപ്യം കൈവരുമ്പോൾ ലഭിക്കുന്നതെന്തോ അതുതന്നെയാണ് കോമൺ സിവിൽ കോഡ്.


ഹിന്ദുകോഡ് അഹിന്ദു ന്യൂനപക്ഷങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള കുറുക്കുവഴിയാണ് യൂണിഫോം സിവിൽ കോഡെന്ന് ചിലർ ആശങ്കിച്ചുപോന്നിട്ടുണ്ട്. വസ്തുതാപരമായി നിലനില്പില്ലാത്ത ആശങ്കയാണത്. ഇന്ത്യയിലെ എല്ലാ പൗരർക്കും ഹിന്ദുവ്യക്തിനിയമം ബാധകമാക്കണമെന്നു വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടുപോന്നിട്ടുണ്ടെങ്കിലും, പിതൃമേധാവിത്വപരവും ലിംഗനീതി നിഷേധപരവുമാണ് ഹിന്ദുവ്യക്തിനിയമവും എന്ന യാഥാർത്ഥ്യം അപ്പുറത്ത് കിടക്കുന്നു. അത് പൊതു പൗരനിയമമായി മാറുന്നത് അഹിന്ദു സ്ത്രീകൾക്കു മാത്രമല്ല, ഹിന്ദുസ്ത്രീകൾക്കും ഒട്ടും സ്വീകാര്യമാവില്ല. ലിംഗനീതിപരമല്ലാത്ത ഏത് കുടുംബനിയമസംഹിതയും ജുഡീഷ്യൽ റെവ്യൂവിന് വിധേയമാക്കാമെന്ന വസ്തുതയും കാണാതിരിക്കരുത്.


ഏകീകൃത പൗരനിയമം വന്നാൽ ഒറ്റയടിക്ക് ലിംഗസമത്വവും നീതിയുടെ തുല്യവത്കരണവും നടപ്പിൽവരുമെന്നല്ല പറയുന്നത്. പക്ഷേ, ആ ലക്ഷ്യത്തിലേക്കുള്ള പ്രഥമ കാൽവയ്പാകും യു.സി.സി. രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടതുപോലെ, ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിയമങ്ങളെ ആധാരമാക്കിയല്ല, വ്യക്തിയുടെ അന്തസ്സ്, ലിംഗതുല്യത എന്നീ മതേതരതത്ത്വങ്ങൾ ആധാരമാക്കിവേണം ഏകീകൃത കുടുംബനിയമം (ഇന്ത്യൻ കുടുംബനിയമം) രൂപപ്പെടുത്താൻ. നീതിയുടെ തുല്യവത്കരണമാകണം അതിന്റെ പരമലക്ഷ്യം..