ഏതു നിയമമാണ് സർക്കാർ നടപ്പിലാക്കുക? – ചിത്ര നിലമ്പൂര്‍

ഇന്ത്യയിൽ വിവിധ മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിയും ജീവിച്ചുവരുന്നു. എന്നാല്‍, ഏകീകൃത സിവിൽകോഡിലൂടെ എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ പൊതു വ്യക്തിനിയമസംഹിത ഉണ്ടാക്കാനാണ് നരേന്ദ്രമോദി സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ യൂണിഫോം സിവിൽകോഡ് നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഗോത്രവിഭാഗക്കാരായവർക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയത്തിൽ ഒരു പൊതുനിയമം കൊണ്ടുവരുമ്പോൾ പ്രത്യേക ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും പ്രത്യേക സംസ്‌കാരവുമുള്ള ആദിമനിവാസികൾ എങ്ങനെയാണ് ഈ നിയമം ഉൾക്കൊള്ളുക?


പട്ടികവർഗക്കാർക്ക് മതമില്ല. മുസ്ലീം, ക്രിസ്ത്യൻ,ഹിന്ദു, ബുദ്ധ തുടങ്ങിയ വിവിധ മതങ്ങളിൽ അവർ ജീവിക്കുന്നു. ക്രിമിനൽനിയമങ്ങളിൽ ജാതിമത വ്യത്യാസമില്ലാതെ ഏകീകൃത നിയമം നടപ്പിലുണ്ട്. എന്നാല്‍, സിവിൽ നിയമത്തിൽ വിവാഹം, വിവാഹമോചനം, സ്വത്ത് എന്നിവയിൽ വ്യക്തിനിയമം ഏകീകൃതമല്ല. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നത് എങ്കിൽ അത് നമ്മുടെ ബഹസ്വരതയെ ഇല്ലാതാക്കും.


ഗോത്രാചാരപ്രകാരം മാത്രം ജീവിക്കുന്ന പ്രാക്തന ഗോത്രവിഭാഗങ്ങളിൽ ഈ  പറയുന്ന വിവാഹം, വിവാഹമോചനം തുടങ്ങിയവ എല്ലാം തനതുരീതിയിലാണ് നടന്നു വരുന്നത്. താലിയോ മാലയോ മറ്റു മതകർമങ്ങളോ വിവാഹത്തിലില്ല. ഊരുമൂപ്പന്റെ സാന്നിധ്യത്തിലാണ് എല്ലാ ആഘോഷങ്ങളും നടത്തുക. ഇവിടെ അലിഖിതങ്ങളായ ഗോത്രനിയമങ്ങളാണുള്ളത്.


സ്വത്തുതർക്കമോ, ജീവനാംശ പ്രശ്‌നങ്ങളോ ഗോത്രവര്‍ഗക്കാര്‍ക്കിടയിൽ ഇല്ല. ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് വരുമ്പോൾ ഏത് നിയമമാണ് സർക്കാർ നടപ്പിലാക്കുക എന്ന ആശങ്കയുണ്ട്. വിവാഹമായാലും, വിവാഹമോചനമായാലും, ഒരു മതത്തിന്റെ ചട്ടക്കൂടനുസരിച്ചാണ് നിയമം നടപ്പിലാക്കുന്നത്. അപ്പോൾ പിന്നെ വ്യക്തിനിയമം ഏതു മതത്തിന്റെ ചട്ടക്കൂടായിരിക്കും?


എല്ലാവരും ഒരു യൂണിഫോമിൽ അണിനിരക്കുമ്പോൾ നഷ്ടപ്പെടുന്നത് തനത് ആചാരങ്ങളും വിശ്വാസങ്ങളുമല്ലേ? എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊണ്ടുകൊണ്ടുള്ള ഇന്ത്യ ഏകീകൃത സിവിൽകോഡിലൂടെ ഒറ്റ മതത്തിന്റെ കീഴിൽ വരില്ലേ?അതുകൊണ്ടുതന്നെ  ഇന്ത്യ ഒരു ഹിന്ദുരാജ്യമാക്കിമാറ്റാനുള്ള ശ്രമമല്ലേ എന്ന് ചിന്തിക്കേണ്ടിവരും.


ഗോത്രവിഭാഗങ്ങൾക്ക് മരണാനന്തരകർമം, വിവാഹങ്ങൾ, പെണ്‍കുട്ടികൾ ഋതുമതിയാകുന്നത് തുടങ്ങിയവയ്ക്കൊക്കെ പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. ഒരു മൂപ്പന്റെ അധീനതയിൽ വരുന്ന ജന്മം (പ്രദേശം) എന്ന ഒരു പരമ്പരാഗത വിശ്വാസം  നഷ്ടപ്പെടുത്താൻ അവർ തയാറാവില്ല. ഇത് നഷ്ടപ്പെട്ടാൽ ഗോത്രവിഭാഗക്കാർ എന്നു പറയുന്നതിൽ അർഥമില്ല. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കിയാൽ തീർച്ചയായും ഗോത്രസംസ്‌കാരംതന്നെ ഇല്ലാതാകും.