ബഗെയ്ച പ്രസ്ഥാനം തുടർച്ചയും മാറ്റവും – ടോണി ആന്റണി

മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും, പ്രത്യേകിച്ച് ആദിവാസികളും പ്രാന്തവത്കരിക്കപ്പെട്ടവരുമായവരുടെ വിഭവശേഷിയും സംസ്‌കാരവും സംരക്ഷിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും അവരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയും ജീവിതം സമർപ്പിച്ചിരുന്ന ഫാ. സ്റ്റാൻ സ്വാമിയാണ്, ബഗെയ്ച പ്രസ്ഥാനം ആരംഭിച്ചത്. ബഗെയ്ച എന്ന ആശയം ഉരുത്തിരിഞ്ഞത് ബാംഗ്ലൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫാ. സ്റ്റാൻ സ്വാമി ജാർഖണ്ഡിൽ തിരിച്ചെത്തിയശേഷമാണ്. കാലം 1990-കളാണ്. ആദിവാസി നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളുമായി അദ്ദേഹം ബന്ധപ്പെടുകയും ശക്തമായ ഒരു കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ജലവും വനഭൂമിയും, കൃഷിഭൂമിയും (ജൽ, ജംഗിൾ, ജമീൻ) സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആദിവാസികളും മൂലവാസികളും ബ്രിട്ടീഷ് കോളനിഭരണകാലത്ത് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി നേടിയ സവിശേഷമായ അവകാശങ്ങളും നിയമത്തിലെ വ്യവസ്ഥകളും ഇപ്പോഴത്തെ സർക്കാർ നടപ്പിലാക്കിത്തരണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കുകയുണ്ടായി. അഞ്ചാം പട്ടിക പ്രദേശത്ത് (Fifth Schedule Areas)  പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം നടക്കുന്നുണ്ടെന്ന് കാര്യം വളരെ കുറച്ച് ആളുകളുടെ ശ്രദ്ധയിൽ മാത്രമാണ് ഉണ്ടായത്. ഏറെ ധാതുസമ്പന്നമായ ഈ പ്രദേശങ്ങളിലെ ഖനനംമൂലം ആദിവാസികൾ ഏറ്റവും ദരിദ്രരായി മാറുകയും മറ്റിടങ്ങളിലെ ആളുകൾ അതിസമ്പന്നരാവുകയും ചെയ്തു. ഛോട്ടാനാഗ്പൂർ പീഠഭൂമി ഘോരവനഭൂമി ഉൾപ്പെടുന്ന മലമ്പ്രദേശമത്രേ. ഭൂമിക്കടിയിൽ വലിയ അളവിലുള്ള ധാതുസമ്പത്തുമുണ്ട്. ആ പ്രദേശം ചരിത്രപരമായി ആദിവാസികളുടെ അഭയകേന്ദ്രമായിരുന്നു. ഗംഗാസമതലം ഉപേക്ഷിച്ച് അവർ അകലെ ജീവിച്ചുവരുകയായിരുന്നു. ഗംഗാസമതലപ്രദേശത്തെ ജാതികേന്ദ്രിത പശ്ചാത്തലമാണ് അവരെ പ്രധാനമായും ഈ തീരുമാനത്തിനു പ്രേരിപ്പിച്ചത്. സർക്കാർ നടപ്പിലാക്കിക്കൊണ്ടിരുന്ന നവീനസംരംഭങ്ങളിലെല്ലാം ഈ വിവേചനം പ്രകടമായിരുന്നുതാനും.


1950-കളിൽ, ഭാഷയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനർസംഘടനയിലൂടെ ആദിവാസികളെയും അവരുടെ ജന്മസ്ഥലത്തെയും വിഭജിക്കുന്നതിനിടയായി. അവിഭക്ത ബീഹാർ, മധ്യപ്രദേശ്, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലായി ആദിവാസികൾ ചിതറിക്കപ്പെട്ടു. ഈ സംസ്ഥാനങ്ങളിലൊന്നും ആദിവാസികൾ പ്രബലമായ ഒരു വിഭാഗമല്ല. ഒരു സമ്മർദഗണമായി അവർക്ക് സ്വാധീനം ചെലുത്താനുമായില്ല. ധാതുസമ്പത്തിന്റെ ഗുണമുണ്ടായത് സംസ്ഥാനങ്ങൾക്കാണ്. ഇതിന്റെ ഫലം ആദിവാസികൾക്കു ലഭിച്ചില്ല. കൂടാതെ, അക്കാലത്ത്, അക്കാദമിക ചർച്ചകളിലെല്ലാം ആദിവാസി വികസനമെന്നാൽ അവരെ സമൂഹജീവിത്തിന്റെ മുഖ്യധാരയിലേക്കാനയിക്കുകയെന്നതായിരുന്നു. അതനുസരിച്ച് ‘ആദിവാസി വികസന’ത്തിനുവേണ്ടി ധാരാളം ഫണ്ടനുവദിക്കുകയും ചെയ്തു. എന്നാൽ, മറ്റിടങ്ങളിൽ കേന്ദ്ര സർക്കാരും വിവിധ പ്രാദേശിക സർക്കാരുകളും ഖനനം, അണക്കെട്ടു നിർമാണം, വൈദ്യുതി ഉത്പാദനം, ജലസേചനം എന്നിവയ്ക്കായി ബജറ്റിന്റെ സിംഹഭാവം നീക്കിവയ്ക്കുകയും ചെയ്തു. വനഭൂമിയെ അങ്ങനെ ലാഭമുണ്ടാക്കാൻ മാത്രമുള്ള ഒരു ഉപാധിയായി മാറ്റിത്തീർത്തു. സ്വന്തം നാട്ടിൽനിന്ന് ആദിവാസികൾ കുടിയിറക്കപ്പെട്ടു. മരങ്ങളുടെ വ്യാപകമായ വെട്ടിനിരത്തൽമൂലം വനഭൂമിയില്ലാതാവുകയും ഫലഭൂയിഷ്ഠമായ മേൽമണ്ണിന് വ്യാപകമായ നാശം സംഭവിക്കുകയും ചെയ്തു. വാർഷികമഴയുടെ ലഭ്യത സാരമായി കുറഞ്ഞു. ആദിവാസികളുടെ ജീവനോപാധിയായ കാർഷികവൃത്തികൾ ലാഭകരമല്ലാതായിത്തീരുകയും ചെയ്തു. കൂടാതെ, അവിഭക്ത ബീഹാറിൽ മാറിമാറിവന്ന സർക്കാരുകൾ വടക്കേബീഹാറിൽനിന്ന് ജാർഖണ്ഡ് പ്രദേശത്തേക്കുള്ള ജനങ്ങളുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


ഈ കുടിയൊഴിപ്പിക്കൽ പ്രക്രിയയെയും ദാരിദ്രവത്കരണത്തെയും നിസ്വരക്കാലിനെയും ഭൂമിയുടെ അന്യാധീനപ്പെടുത്തലിനെയും ശക്തമായ എതിർക്കേണ്ടത് കാലഘട്ടത്തിന്റെ നിയോഗമായി ആദിവാസി നേതൃത്വം കണ്ടു. ആദിവാസികളുടെ ചരിത്രവും സാംസ്‌കാരികമൂല്യവും തിരിച്ചറിഞ്ഞവർക്ക് ഒരു കാര്യം വ്യക്തമായി. സ്വന്തം ഭൂമിയിൽനിന്ന് പിഴുതെറിയപ്പെട്ട നിരക്ഷരരായ ആദിവാസികൾ, ഇന്ത്യയിലെ പാവപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ആദിവാസികളെക്കാൾ ദുരിതം പേറുന്നവരായിരിക്കും. അതിനാൽ, കുടിയിറക്കിനെതിരെ പ്രക്ഷോഭം നടത്തുമ്പോഴും ദാരിദ്രവത്കരണത്തിനെതിരെ പോരാടുമ്പോഴും ആദിവാസികൾക്കു മാത്രമായി ഒരു സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. 2000-വരെ ഈ ആവശ്യം ആവർത്തിക്കുകയും ചെയ്തു.


1990-കളിലെ, ഉദാരവത്കരണം; സ്വകാര്യവത്കരണം;(LPG) ആഗോളീകരണം എന്ന നിയമമനുസരിച്ച് ജാർഖണ്ഡിലെ ചെറിയ വ്യവസായികൾക്കുപോലും അവരുടെ ഖനനവ്യവസായം വേഗത്തിൽ വികസിപ്പിക്കാൻ സാധിച്ചു. 2000-ൽ  ബിജെപി നയിച്ച കേന്ദ്രത്തിലെ കൂട്ടുമന്ത്രിസഭ, ബീഹാറിൽനിന്ന് ജാർഖണ്ഡിനെ അടർത്തിമാറ്റി മറ്റൊരു സംസ്ഥാനം രൂപവത്കരിക്കാൻ തീരുമാനിച്ചു. ഇതിനോടകം ഏറെ സാമ്പത്തികവളർച്ച നേടിയ വ്യവസായികളുടെയും വ്യാപാരി സമുദായത്തിന്റെയും സഹായത്തോടെ, ബി.ജെ.പി ജാർഖണ്ഡിലെ വിഭവങ്ങളുടെ മേലുള്ള സ്വാധീനവും നിയന്ത്രണവും ശക്തമാക്കുകയും ജാർഖണ്ഡ് സംസ്ഥാന രൂപവത്കരണം എന്ന ആശയം മുമ്പോട്ടുകൊണ്ടുപോവുകയും ചെയ്തു. തത്ഫലമായി ജാർഖണ്ഡ്കാരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. എന്നാൽ, അവരുടെ സ്വയംഭരണാവകാശവും, അവരെ ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാനാവുമെന്ന അഭിലാഷവും ഒരു ജലരേഖയായി മാറി. തുടർന്ന്, കുടിയിറക്കലും സംഘർഷങ്ങളും പതിവായി. ഈ പശ്ചാത്തലത്തിലാണ്, ഫാ. സ്റ്റാൻ സ്വാമിയും ഏതാനും ആദിവാസി സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും സാമൂഹിക പ്രേഷിതത്വം എന്ന ആശയം പ്രാവർത്തികമാക്കുന്ന ഏതാനും ഈശോസഭാ വൈദികരും ചേർന്ന് ‘ബഗെയ്ച’ എന്ന പ്രസ്ഥാനത്തിനു മൂർത്തമായ രൂപം നൽകിയത്. ജാതി-മത-ലിംഗഭേദമെന്യേ ഏവർക്കും ഒത്തുകൂടാനും ആദിവാസികളുടെയും ദലിതരുടെയും ചരിത്രപരമായി അവഗണിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും അവയ്ക്ക് പരിഹാരം തേടാനുമുള്ള ഒരു പ്രസ്ഥാനമാണിത്. 2000-നുമുമ്പും പിമ്പും ഫാ. സ്റ്റാൻ സ്വാമി ഈ മേഖലയിൽ അനുഷ്ഠിച്ച സേവനംവഴി. ആദിവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ തനതായ സംസ്‌കാരത്തെക്കുറിച്ചും അവരുടെ ന്യായമായ അവകാശങ്ങളെക്കുറിച്ചും ജനങ്ങളിൽ വലിയ അവബോധം സൃഷ്ടിക്കുന്നതിനു സാധിച്ചിട്ടുണ്ട്. രാഷ്ട്രീയമായും ഭരണഘടനാപരമായും അവർക്ക്. തങ്ങളുടെ ഭൂമിയുടെമേൽ സവിശേഷമായ അവകാശങ്ങളുണ്ട്. എന്നാൽ രാഷ്ട്രീയ, സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക കാരണങ്ങളാൽ ഇന്നത്തെ സാഹചര്യം ഒരാളുടെ സാധാരണ ഭാവനയ്ക്കും കണക്കുകൂട്ടലുകൾക്കും അതീതമാണ്. മോശമായിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയരംഗം.


2000 മുതൽ ബി.ജെ.പിയും ജാർഖണ്ഡ് മുക്തിമോർച്ചയുമായിരുന്നു രാഷ്ട്രീയാധികാരത്തിനുവേണ്ടി പരസ്പരം മത്സരിച്ചുവരുന്ന മുഖ്യകക്ഷികൾ. ഉദ്യോഗവൃന്ദം, ആദിവാസികളില്ലാത്ത ജനവിഭാഗമാണ് ഏതാണ്ട് മുഴുവനുമെന്നു പറയാം. ആദിവാസി ക്ഷേമകാര്യങ്ങളിൽ താത്പര്യമില്ലാത്ത അക്കൂട്ടരുടെ വിധേയത്വം കോർപറേറ്റ് – ഹിന്ദുത്വ താത്പര്യങ്ങളോടാണെന്നു വ്യക്തം. ബിജിപിയുടെ മോദി വർഷം മുതൽ സംഘപരിവാർ ഘടകങ്ങൾക്ക് അമിതാവേശത്തോടെ ആദിവാസിഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനവസരം ലഭിച്ചു. അവരുടെ താത്പര്യങ്ങളും അജണ്ടകളും മുമ്പോട്ടുകൊണ്ടുപോകാനുള്ള ആഖ്യാനങ്ങളും ചമയ്ക്കുകയുണ്ടായി. ബജ്‌റംഗ്ബലിയുടെ കാവിപ്പതാകകൾ നാട്ടിക്കൊണ്ട് ഭൂമി കൈയേറുകയും ഓരോ ചെറുഗ്രാമത്തിലും തെരുവുകളുടെ മുക്കിലും മൂലയിലും ചെറുക്ഷേത്രങ്ങൾ സ്ഥാപിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ജനങ്ങളിൽ വിഭാഗീയതയും വെറുപ്പും ഉണ്ടാക്കുകയെന്നതായിരുന്നു, ലക്ഷ്യം. ക്രിസ്ത്യൻ സ്ഥാപനങ്ങളെയും പ്രവർത്തനങ്ങളെയും പൈശാചികമെന്നാണവർ വിളിക്കുന്നത്. കാവുകളെ വിശുദ്ധമായിക്കരുതി അവിടെ അനുഷ്ഠാനങ്ങൾ നടത്തുന്ന വിഭാഗം (സർന) അതുപോലെ ക്രിസ്തുമതം സ്വീകരിച്ച ആദിവാസികൾ എന്നിവരിൽ ഭിന്നിപ്പുണ്ടാക്കുകയെന്നതായിരുന്നു മറ്റൊരു തന്ത്രം. ക്രിസ്തുമതം സ്വീകരിച്ചാൽപ്പിന്നെ ആദിവാസികൾക്കു ലഭിക്കുന്ന യാതൊരു ആനുകൂല്യവും അവർക്ക് നല്കരുത് എന്നതായിരുന്നു, പിന്തുടർന്ന നയം.


ഹിന്ദുത്വത്തിന്റെ ഒരു വിഭാഗമായ കോർപ്പറേറ്റ് – വികസനക്കാർ ജില്ലാ ഭരണാധികാരികളുമായിച്ചേർന്ന് ഗ്രാമാന്തരങ്ങളിലേക്ക് വീതിയേറിയ റോഡുകൾ നിർമിക്കുകയാണ്. ഖനനലോബിയെ സഹായിക്കുകയാണിതുവഴി അധികാരികൾ ലക്ഷ്യം വയ്ക്കുന്നത്. യഥാർഥത്തിൽ ആദിവാസികൾക്കായി, റിസർവ് ചെയ്തിട്ടുള്ള ഭൂമേഖലയാണത്. ആദിവാസികളല്ലാത്തവർക്കായി, ഖനനലോബിക്കായി ഇന്ന് ആ മേഖല തുറന്നുകൊടുത്തിരിക്കുകയാണ്. കൂടാതെ, ഹൈന്ദവവത്കരണം എല്ലാ മേഖലയിലും പ്രകടനമാണ്. സർക്കാരിന്റെയും സർക്കാരേതര ഏജൻസികളുടെയും, സ്‌കൂളുകളിലെ സിലബസിന്റെയും അധ്യാപന ശാസ്ത്രത്തിന്റെയും രാഷ്ട്രീയപാർട്ടികളുടെയും കാര്യമെടുത്താൽ ഇക്കാര്യം വ്യക്തമാണ്. എന്നിരുന്നാലും, ജാർഖണ്ഡിലെ ഭൂരിഭാഗമാളുകളും തിരഞ്ഞെടുപ്പുവരുമ്പോൾ, കുറഞ്ഞ തിന്മയെന്ന നിലയിൽ ജെ.എം.എമ്മിനു തന്നെയാണ് മുൻഗണ നല്കുന്നത്. എന്നാലും, ഒരു ബദൽ ദർശനം മുന്നോട്ടുവയ്ക്കാനോ, ജാർഖണ്ഡുകാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനോ ഉള്ള ശ്രമങ്ങൾ കാണുന്നില്ല.


ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ‘വികസന സങ്കല്പം’ ആദിവാസികളെ യുഗങ്ങളായി സംരക്ഷിച്ചു സുസ്ഥിരമാക്കി നിലനിറുത്തുക്കൊണ്ടിരുന്ന വനവും, ജീവജാലങ്ങളും ആവാസവ്യവസ്ഥയും അവരുടെ തനതായ പ്രകൃതിക്കിണങ്ങിയ ലളിതമായ അത്യാഗ്രഹമേതുമില്ലാത്ത ജീവിതശൈലിയും സാമൂഹിക-സാംസ്‌കാരിക മൂല്യങ്ങളും തകിടംമറിച്ചുകൊണ്ടുള്ള വളർച്ചയാണോ? ആദിവാസി സാംസ്‌കാരിക ഭൂമികയിൽ ചൂഷണവും പൂഴ്ത്തിവയ്പും ഇടംപിടിക്കുന്നില്ല. സ്‌നേഹത്തിന്റെയും കരുതലിന്റെയും സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാരസ്പര്യം അവരുടെ മാനുഷികബന്ധങ്ങളിൽ പ്രകടമാണ്. പ്രകൃതിയുമായുള്ള അവരുടെ ബന്ധം സഹജീവനത്തിന്റേതത്രേ. പ്രകൃതിയുടെ അവിഭാജ്യഘടകമാണ് ആദിവാസികൾ. ക്രമേണ, ഈ ചിന്തകളെല്ലാം മാറ്റിമറിച്ച് ഉച്ചനീചത്വങ്ങളുടെ ബ്രാഹ്മണ പ്രത്യയശാസ്ത്രം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. നവ-ലിബറൽ ആഗോളമുതലാളിത്തത്തിന്റെ അത്യാഗ്രഹം നെഞ്ചിലേറ്റിയ കോർപ്പറേറ്റു താത്പര്യങ്ങളും ഈ മാറ്റത്തിനു സഹായകമായി വർത്തിച്ചു. ആഗോളതാപന വർധനവിനു വഴിവച്ചത് ഇങ്ങനെയാണ്. അങ്ങനെ കാലാവസ്ഥ വ്യതിയാനം എന്ന സങ്കീർണമായ പ്രശ്‌നം മാനവരാശി നേരിടുകയാണിന്ന്. ഗ്രാമീണജനങ്ങളാകെ പട്ടിണിയിലും പരിവട്ടത്തിലുമാണ്. സർക്കാർ നല്കുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ ബലത്തിലാണ് പട്ടിണിമരണം കുറഞ്ഞുനില്ക്കുന്നത്. ജാർഖണ്ഡുകാരെ സംബന്ധിച്ച് മറ്റൊരു സാധ്യത, മെച്ചപ്പെട്ട ജീവനോപാധി തേടി രാജ്യത്തിന്റെ ഇതരഭാഗങ്ങളിലേക്കു കുടിയേറുകയെന്നതാണ്.


നൂറ്റാണ്ടുകളായിട്ടുള്ള വിവേചനം, അഴിമതി, കവർച്ച, ചൂഷണം, ഗ്രാമീണജനതയുടെ മേലുള്ള ആധിപത്യം, അവഗണന, സത്യസന്ധമായ കർഷകരുടെ പരാതികൾ ഫണ്ടുകളുടെ ദുരുപയോഗം, ചെറുതും വലുതുമായ ജലസേചനപദ്ധതികൾമൂലം ഉണ്ടായിട്ടുള്ള കുടിയൊഴിപ്പിക്കൽ പഞ്ചായത്ത് ഭവൻ, ആരോഗ്യകേന്ദ്രം, സ്‌കൂൾ, ജില്ലാ ബ്ലോക്ക് തല ഓഫീസുകൾ, പാലങ്ങൾ, റോഡുകൾ എന്നിവയുടെയെല്ലാം നിർമാണത്തിലെ വൻ അഴിമതികൾമൂലം മിക്കവയും ഉപയോഗശൂന്യമായിത്തീർന്നിട്ടുണ്ട്. മിക്കവയും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന അവസ്ഥയിലാണുള്ളത്. മധ്യ-കിഴക്കൻ ഇന്ത്യയിലെ ആദിവാസികേന്ദ്രങ്ങളുടെ മൊത്തമായ അവസ്ഥയാണിത്. ആദിവാസികളുടെ സാഹചര്യങ്ങൾക്ക് ഒട്ടും ഇണങ്ങാത്ത വിദ്യാഭ്യാസ സമ്പ്രദായമാണവിടെ ഉള്ളത്. കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരും പക്ഷപാതം വച്ചുപുലർത്തുന്നവരുമത്രേ. മാതൃഭാഷയിലല്ലാതെ വിദ്യാഭ്യാസം, പിഞ്ചുമനസ്സുകളിൽ ഭയാശങ്കകളും, വെറുപ്പും അലസതയുമാണ് ഉണ്ടാക്കുന്നത്.


കലാപം നടത്തുന്ന സംഘടനകളിൽനിന്നും വിഘടിച്ചുപോയ പല ഗണങ്ങളും കൂടുതൽ രാഷ്ട്രീയപ്രബുദ്ധരായുള്ളവരെ ചൂഷണം ചെയ്യുകയും കർഷകരുടെ ആവശ്യങ്ങളും യുവജനങ്ങളുടെ ആശയാഭിലാഷങ്ങളും സഫലമാകാതിരിക്കുകയും ചെയ്യുന്നു. സർക്കാർ യുവജനങ്ങളെ സി.ആർ.പി.എഫിലേക്കും ജാർഖണ്ഡ് പോലീസ് ഫോഴ്‌സിലേക്കും റിക്രൂട്ട് ചെയ്യുന്നത്, ഇടതുപക്ഷ കലാപകാരികളെ പ്രതിരോധിക്കാനാണ്. ഖുന്തി ജില്ലയിലെ പതൽഖഡി പ്രസ്ഥാനം ആദിവാസികളുടെ സ്വയംഭരണം എന്ന ആശയം ഗ്രാമങ്ങളിൽ ശക്തിപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. ഭൂമിയുടെ യഥാർഥ ഉടമസ്ഥരെ കുടിയിറിക്കാനുള്ള സാധ്യത അവർ മുൻകൂട്ടി കണ്ടിരുന്നു. 1908-ലെ ഛോട്ടാ നാഗ്പൂർ കുടികിടപ്പ് നിയമപ്രകാരം, അവർക്ക് എല്ലാ സംരക്ഷണത്തിനും അർഹതയുണ്ടായിരുന്നതാണ്. എന്നാൽ, 2014-19 കാലത്തെ ബി.ജെ.പി സർക്കാർ അർധ-സൈനിക വിഭാഗത്തെ ഉപയോഗിച്ച് ആ നിയമം തകർക്കുകയായിരുന്നു. ഇവിടത്തെ അനേകം സ്‌കൂൾ കെട്ടിടങ്ങൾ സി.ആർ.പി.എഫ് ക്യാമ്പുകളായാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. ഫാ. സ്റ്റാൻ സ്വാമിയുടെ പേരിൽ വ്യാജക്കേസു ചാർജ് ചെയ്ത് കേസിൽ കുടുക്കുകയാണുണ്ടായത്. തന്റെ ഫേസ്ബുക്ക് പേജിൽ പതൽഗഡി പ്രസ്ഥാനത്തെക്കുറിച്ച് ആരോ ഇട്ട പോസ്റ്റിൽ കമന്റിട്ടുവെന്നായിരുന്നു, ആരോപണം.


ബഗെയ്ച ഇന്ന്


ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്, ജയിൽ ജീവിതകാലത്തെ സഹനം, പിന്നീടുണ്ടായ മരണം എല്ലാം ബഗെയ്ചയുടെ നിലനില്പിനെയും തുടർച്ചയെയും കുറിച്ച് ഏറെ ആശങ്കകൾക്ക് ഇടയാക്കി. എന്നാലും, ഈ അനിശ്ചിതത്വങ്ങൾക്കിടയിൽ ബഗെയ്ചയിൽ സേവനം ചെയ്യാൻ ഏതാനും ഈശോസഭാ വൈദികർ സന്നദ്ധത അറിയിച്ചു. ഇവിടെ, ഇപ്പോൾ ഞങ്ങൾ ഈശോസഭാ വൈദികർ നാലുപേരുണ്ട്. സെൻട്രൽ സോൺ പ്രോവിൻസുകളിലെ വൈദികരാണെല്ലാവരും. സെബാസ്റ്റ്യൻ ലാക്ര, പീറ്റർ മാർട്ടിൻ,ടോം കവലക്കാട്ട്, ആന്റണി പുതുമറ്റത്തിൽ എന്നിവർ. മൈഗ്രന്റ്‌സ് അസിസ്റ്റൻസ് ഇൻഫർമേഷൻ നെറ്റ്‌വർക്ക് (MAIN) എന്ന സ്ഥാപനത്തിന്റെ കോ-ഓർഡിനേറ്ററാണദ്ദേഹം. ഇന്ത്യയിലെ കുടിയേറ്റക്കാർക്ക് പലതരത്തിലുള്ള സേവനം ഇവിടെനിന്നു ലഭ്യമാണ്. പ്രത്യേകിച്ചും വിഷാദം അനുഭവിക്കുന്നവർക്ക് ഒരത്താണിയാണിത്. ചാർജൊന്നും കൂടാതെ സൗജന്യമായി ലഭിക്കുന്ന ഫോൺ നമ്പർ (18008912995) ജസ്വിറ്റ് കോൺഫറൻസ് ഓഫ് സൗത്ത് ഏഷ്യ(JCSA)യാണ് ഇത് സാധ്യമാക്കിയത്. പീറ്റർ മാർട്ടിൻ തൊഴിലുനോക്കിയാൽ, അഡ്വക്കേറ്റാണ്. ജാർഖണ്ഡ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. അദ്ദേഹം, പീറ്റർ മഹേന്ദ്ര ടിഗ്ഗയോടൊപ്പം ഹോഫ്മൻ ലോ അസോസിയേറ്റ്‌സ് എന്ന സ്ഥാപനം നടത്തുന്നു. ജസ്വിറ്റ് സെൻട്രൽ സോൺ പ്രോവിൻസിന്റെ ലീഗൽ സെൽ കൂടിയാണിത്.


ടോം കവലക്കാട്ട് പരിണതപ്രജ്ഞനായ ഒരു സാമൂഹികപ്രവർത്തകനത്രേ. സോഷ്യൽ ആക്ഷൻ സെക്രട്ടേറിയറ്റിന്റെ ആദ്യ കോൺഫറൻസിന്റെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. പിന്നീട്, അദ്ദേഹം പഹാഡികൾ, സന്താൾ എന്നീ വിഭാഗക്കാരോടൊപ്പം രണ്ടു ദശാബ്ദക്കാലം സേവനം ചെയ്തു. ബഗെയ്ചയിലേക്ക് ഇദ്ദേഹത്തെ പ്രത്യേകം ക്ഷണിച്ചുവരുത്തിയത് ഫാ. സ്റ്റാൻ സ്വാമിയുടെ പിൻഗാമികളായി പ്രസ്ഥാനത്തെ മുമ്പോട്ടുകൊണ്ടുപോകാൻ തയാറായി വന്ന മൂന്നംഗ ടീമിനുവേണ്ട പരിശീലനം നല്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഫാ. ടോണി (ആന്റണി)യാണ് ബഗെയ്ചയുടെ ഇപ്പോഴത്തെ ഡയറക്ടർ. ടോമിയും ടോണിയും മറ്റു സാമൂഹിക പ്രവർത്തകരോടൊപ്പം ഒരു ശൃംഖലയായി, ഗ്രാമങ്ങളിലും നഗരങ്ങളിലും സേവനം ലഭ്യമാക്കുന്നു. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും ദലിതരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കുവേണ്ടിയും അവർ കരുത്തോടെ നേതൃത്വം നല്കുന്നുണ്ട്.


സാമൂഹിക-സാംസ്‌കാരിക വിശകലനം ( Socio-cultural Analysis) എന്ന വിഷയത്തിൽ ബഗെയ്ച ഹ്രസ്വകാല കോഴ്‌സുകൾ നടത്താറുണ്ട്. യുവാക്കളായ അല്മായർക്കും സന്ന്യസ്തർക്കും ഇതിൽ ചേരാവുന്നതാണ്. ആദിവാസികളുടെ പരമ്പരാഗതമായ പ്രാദേശിക സ്വയംഭരണ സംവിധാനങ്ങളെ ബലവത്താക്കുകയെന്നതാണ് ബഗെയ്ചയുടെ കാതലായ ദൗത്യം. 1996-ലെ PESA നിയമത്തിൽ ഇതിനു വ്യവസ്ഥയുണ്ട്. മേൽസൂചിപ്പിക്കപ്പെട്ട വെല്ലുവിളികളെല്ലാമുണ്ടായിട്ടും പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ആദിവാസി നേതാക്കളും അവരുടെ അഭ്യുദയകാംക്ഷികളും ഏതാനും പ്രതിബദ്ധതയുള്ള സർക്കാരേതര സംഘടനകളും വിശ്വസിക്കുന്നത്. PESA നിയമമനുസരിച്ച് ഗ്രാമസഭകളെ ശക്തമാക്കുകയെന്നത് ഏറെ പ്രസക്തമാണെന്നുതന്നെയാണ്. ആദിവാസികളുടെ മൂല്യങ്ങളും സാംസ്‌കാരിക ശൈലികളും, സുസ്ഥിരമായ നിലനിറുത്തേണ്ടത്, രാഷ്ട്രീയ ബ്രാഹ്മണിസത്തെയും നിയോ-ലിബറൽ മുതലാളിത്തത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാൻ പോന്നതാണത്. ആദിവാസികളുടെ  വരണ്ടഭൂമിയിൽ, ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് ആ പ്രദേശമാകെ ഹരിതാഭമാക്കി ഗ്രാമീണരെ ബോധ്യപ്പെടുത്തുകയെന്നത് ബഗെയ്ചയുടെ സ്വപ്നമാണ്.


ബഗെയ്ച ചെയ്യുന്ന ശ്രദ്ധേയമായ രണ്ടു കാര്യങ്ങൾ കൂടി ഇവിടെ പ്രതിപാദിക്കട്ടെ.


ജസ്റ്റീസ് ഇൻ മൈനിംഗ് നെറ്റ്‌വർക്ക് ഈശോസഭയുടെ ആഗോള Advocacy Network-ന്റെ ഭാഗമാണിത്. കോൺഫറൻസ് തലങ്ങളിലും ഏകീകരണം നിർവഹിക്കുന്നത് ബഗെയ്ചയിലാണ്.


സാമൂഹിക സുരക്ഷ ഉറപ്പാക്കൽ (Ensuring Social Protection) ഇത് ഒരു ദേശീയ പദ്ധതിയാണ്. സൗത്ത് ഏഷ്യയിലെ ഈശോസഭയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയനുസരിച്ച്, ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ ചരിത്രപരമായി അവഗണന നേരിട്ട സമുദായങ്ങളിൽ നേതൃത്വം വളർത്തിയെടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന മുഖ്യലക്ഷ്യമാണുള്ളത്. ഇതിന്റെ സംസ്ഥാനതലത്തിലുള്ള ഏകീകരണം നടക്കുന്നതും ബഗെയ്ചയിലാണ്.


ബഗെയ്ചയിൽ ഒരു ഗവേഷണ ഡോക്കുമെന്റേഷൻ കേന്ദ്രവും പ്രവർത്തിക്കുന്നു. സമാനമനസ്‌ക്കരായ ഗവേഷകരോടൊപ്പം ചേർന്ന് ബഗെയ്ച നിർണായക വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. ബഗെയ്ചയുടെ പരിശീലനകേന്ദ്രം റെസിഡൻഷ്യൽ ട്രെയിനിംഗിനുള്ള അവസരമൊരുക്കുന്നുണ്ട്. NGO-കള്‍ക്കും മറ്റു  സഹകാരികൾക്കും അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കോവിഡ് ലോക്ക്ഡൗണിനും ഫാ.  സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിനും ശേഷം ബഗെയ്ച പ്രത്യാശയോടെ മുന്നോട്ടു ഗമിക്കുകയാണ്.


എന്നാൽ, ജാർഖണ്ഡിലെ ആദിവാസികൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. പല പ്രശ്‌നങ്ങളും സങ്കീർണമാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് അവ പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളൊന്നും കാണാനില്ല. ചൂഷണവും അനീതിയും നിറഞ്ഞ സംവിധാനങ്ങളെയും ഘടനകളെയും വെല്ലുവിളിച്ചുകൊണ്ട് അവയെ കൂടുതൽ മാനുഷികവും നീതിയുക്തവുമാക്കാൻ ഫാ. സ്റ്റാൻ സ്വാമി കാണിച്ച വിരോചിതമായ ധീരത ഞങ്ങൾക്ക് എന്നും ഒരു പ്രചോദനമാണ്. സത്യമേവ ജയതേ എന്ന മുദ്രാവാക്യം നിത്യനൂതനമായി ഫാ. സ്റ്റാൻ സ്വാമി കരുതി. മനുഷ്യരെന്ന നിലയിൽ ഞങ്ങളുടെ ദൈവവിളിയിൽ ഉറച്ചുനിന്ന് ഉത്സാഹത്തോടെ ദൈനംദിന ശുശ്രൂഷകൾ ഞങ്ങൾ നിർവഹിച്ചുവരുന്നു.


(മൊഴിമാറ്റം: മാത്യു കുരിശുംമൂട്ടിൽ)