മണ്ണിനെയും മനുഷ്യനെയും സ്‌നേഹിച്ച കലാകാരനായ കർമയോഗി – റോയ് എം. തോട്ടം
ഭൂമിയിൽ ഉറച്ചുനിന്നുകൊണ്ട് മണ്ണിന്റെയും മനുഷ്യന്റെയും പക്ഷം ചേർന്ന്‍ ക്രിയാത്മകമായി തന്റെ ജീവിതത്തെ കർമനിരതമാക്കിയ പുരോഹിതനും കലാകാരനുമായിരുന്നു മനോജ് ഒറ്റപ്ലാക്കൽ. കർമസാന്ദ്രമായ ജീവിതത്തിന്റെ നിറുകയിൽ നില്ക്കുമ്പോൾ എത്ര ധൃതിയിലാണ് ഈ ഭൂജീവിതം അവസാനിപ്പിച്ച്, സ്വതസിദ്ധമായ ആ ചിരിയും നർമവും ചുണ്ടിലൊളിപ്പിച്ച് അയാൾ കടന്നുപോയത്. മനോജച്ചൻ അവസാനമായി വരച്ച ചിത്രത്തിലെന്നപോലെ സ്വച്ഛവും സ്വർഗീയവും വിശാലവുമായ ആകാശത്തേക്ക് പെട്ടെന്ന് അപ്രത്യക്ഷനായത് വിശ്വസിക്കാനാവുന്നില്ല. കാരണം, അദ്ദേഹത്തിന്റെ ചിരിയും തമാശകളും സജീവസാന്നിദ്ധ്യവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെയിടയിൽ തങ്ങിനില്പുണ്ട്.
കമ്പനി ഓഫ് ആർട്ടിസ്റ്റ് ഫോർ റേഡിയൻസ് ഓഫ് പീസ് (CARP) എന്ന കലാകൂട്ടായ്മയുടെ ഈ വർഷത്തെ കലാ ക്യാമ്പ് മാനോജച്ചന്റെ കർമമണ്ഡലമായ തലശ്ശേരിയിൽ വച്ചാകാമെന്ന് മുൻകൂട്ടി നിശ്ചയിച്ചതിൻ പ്രകാരമാണ് കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് സെമിനാരിയിൽവച്ച് മെയ് മാസം 20,21,22 തീയതികളിൽ നടത്തപ്പട്ടത്. ‘വരയോളം’ എന്ന് ക്യാമ്പിന് പേരു നല്കിയത് മനോജച്ചൻ തന്നെയായിരുന്നു. കടപ്പുറത്തെ പാറക്കെട്ടുകളിലിരുന്ന് സൗഹൃദത്തിന്റെ കുശലങ്ങൾ പറഞ്ഞാണ് ക്യാമ്പിന് തുടക്കമിട്ടത്. ”ജീവിതത്തിൽ ആദ്യം കടൽ കണ്ടതെപ്പോഴാണ്” എന്ന മനോജച്ചന്റെ ചോദ്യം കുട്ടിക്കാലത്തിന്റെ ഓർമകളിലേക്കും കൗതുകങ്ങളിലേക്കും ഞങ്ങളെ കൊണ്ടുപോയി. അങ്ങനെ ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും പെയിന്റിംഗുകൾ ‘കടൽ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതായി തീർന്നു.
പാറക്കെട്ടിൽ തട്ടി വെൺചിരിയുതിർക്കുന്ന തിരമാലകൾപോലെയായിരുന്നു മനോജച്ചന്റെ പ്രസന്നമായ വാക്കും സൗഹൃദവും ക്യാമ്പിനുടനീളം അലയടിച്ചുകൊണ്ടിരുന്നത്. സൗഹൃദത്തിന്റെയും കലയുടെയും സമ്പന്നമായ അനുഭവങ്ങളുടെ നിറവോടെ ഞങ്ങൾ ക്യാമ്പ് കഴിഞ്ഞ് പിരിഞ്ഞു. കൃത്യം ഒരാഴ്ചയ്ക്കുശേഷമാണ് മനോജച്ചന്റെ അപകടമരണ വാർത്ത ഏവരേയും അഗാധദുഃഖത്തിലാഴ്ത്തിയത്. കാർപ്പ് കലാകൂട്ടായ്മയിലെ സജീവാംഗമായിരുന്ന മനോജച്ചന്റെ അകാലവേർപാട് വല്ലാത്തൊരു നഷ്ടബോധവും ശൂന്യതയുമാണ് ഉണ്ടാക്കിയത്. ‘വരയോളം’ ക്യാമ്പിൽ എല്ലാവരുടെയും വരകൾ നോക്കി, ക്യാമ്പിനുവേണ്ട സൗകര്യങ്ങളൊരുക്കി നടന്ന്, അവസാന നിമിഷമാണ് ക്യാൻവാസ് എടുക്കുന്നതും. ”എന്നാൽ അവറാനും അങ്ങ് വരച്ചുകളയാം” എന്നു പറഞ്ഞ് വളരെ പെട്ടെന്നുതന്നെ വിശാലമായ ആകാശത്തിന്റെ സ്വച്ഛസുന്ദരമായ ഒരു ചിത്രം വരച്ചുതീർത്തത്. ഒരു സായാഹ്നം ധർമടം കടൽത്തീരത്ത് ഞങ്ങൾ പോയിരുന്നു. കടലും ആകാശവും പാറക്കെട്ടുകളും തുരുത്തും ഉൾപ്പെടെ പ്രകൃതിതീർത്ത മനോഹരമായ ക്യാൻവാസിലെ സൗന്ദര്യം ആവോളം ആസ്വദിച്ചാണ് ഞങ്ങൾ മടങ്ങിയത്. കടലിൽ, നിശ്ചലമായി തകർന്നുകിടക്കുന്ന ഒരു കപ്പലിന്റെ പശ്ചാത്തലത്തിൽ ആകാശത്തിന്റെ വർണമേളനത്തിലേക്ക് മിഴിനട്ടു നില്ക്കുന്ന മനോജച്ചന്റെ ചിത്രം ഒരാൾ പകർത്തിയിരുന്നു. ആ ദൃശ്യം പെയിന്റിംഗിന്റെ ഭാഗമാക്കിയ അദ്ദേഹത്തോട്, ചിത്രവ്യാഖ്യാനവുമായി ബന്ധപ്പെട്ട്, മരണത്തിന്റെ സൂചനകൾ ആ ചിത്രത്തിലുണ്ട് എന്ന് മനോജച്ചൻ പറയുകയുണ്ടായി. ആഴമായ ഉൾജ്ഞാനം മനോജച്ചനുണ്ടായിരുന്നു. കാർപ്പിന്റെ കലാക്യാമ്പുകളിൽ അദ്ദേഹത്തിന്റെ ‘ചിത്രവായന’, ഓരോ കലാസൃഷ്ടിയെക്കുറിച്ചും മറ്റുള്ളവർ കാണാത്ത, വ്യതിരിക്തവും ഉൾക്കാഴ്ചകൾ നിറഞ്ഞതുമായ വ്യാഖ്യാനങ്ങളായിരുന്നു.
2020-ലാണ് കാർപ്പ് കലാകൂട്ടായ്മയുടെ ഭാഗമായി മനോജച്ചൻ എത്തുന്നത്. എന്നാൽ കാലങ്ങളോളം ഉണ്ടായിരുന്ന സൗഹൃദത്തിന്റെ തുടർച്ചയെന്നോളമാണ്, നവീനവും ക്രിയാത്മകവുമായ ആശയങ്ങൾകൊണ്ടും സൗഹൃദംകൊണ്ടും ഗ്രൂപ്പിന്റെ സജീവാംഗമായി തീർന്നത്. ”സ്‌നേഹംകൊണ്ടും അലിവുകൊണ്ടും അത്ഭുതമായിത്തീർന്ന ഒരു മനുഷ്യനായിരുന്നു” മനോജച്ചൻ എന്ന് അദ്ദേഹത്തിന്റെ വിപുലമായ സുഹൃത്‌ലോകം സാക്ഷ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി ഫേസ്ബുക്ക് കുറിപ്പുകളും യൂട്യൂബ് വീഡിയോകളും. സഹപാഠികളും വിദ്യാർത്ഥികളും പുരോഹിതരും കലാകൃത്തുക്കളും എഴുത്തുകാരും കൃഷിക്കാരും സാധാരണക്കാരുമുൾപ്പെടെ വിശാലമായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്‌ലോകം. എന്നാൽ ഓരോരുത്തർക്കും മനോജച്ചൻ ആത്മമിത്രമായിരുന്നു.
”ഒരുറുമ്പിനെപ്പോലും നുള്ളിനോവിക്കാതെ 38 വർഷങ്ങൾ ഭൂമിയിലെ തന്റെ ജീവിതത്തെ താനിടപെട്ട ഓരോ മനുഷ്യനിലും മനുഷ്യത്വപരമായ സമീപനങ്ങളാൽ, പ്രവൃത്തികളാൽ അടയാളപ്പെടുത്തി കടന്നുപോയ എന്റെ പരിചയത്തിലെ ഏക മനുഷ്യൻ നീയാണ്” എന്നാണ് മനോജച്ചന്റെ ആത്മസുഹൃത്തും സഹപാഠിയുമായ ഒരാളുടെ കുറിപ്പ്. സുഹൃത്തും കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ. ജോസഫ് ഇപ്രകാരം എഴുതി: ”കലയിൽ വ്യഥയുടെ കൂട്ടിരുപ്പുകാരനായിരുന്നു ഫാ. മനോജ്. പക്ഷെ, ലോകത്തോട് സർവഥാ പ്രസാദാത്മകവും പുരോഗമനപരവുമായി പ്രതികരിച്ചു ഒപ്പം സഹകരിക്കുന്നവരുടെ കാര്യങ്ങൾക്ക് കൂടുതൽ പരിഗണനയും കരുതലും അദ്ദേഹത്തിന്റെ സഹജസ്വഭാവമായിരുന്നു. ചിത്രകലാ ക്യാമ്പുകളിൽ എപ്പോഴും ചിരിക്കുന്ന ഒരു മുഖം ഫാ. മനോജിന്റെ വേർപാടിലൂടെ ഞങ്ങൾക്കു നഷ്ടമായി. അത് അപരന്റെ ദുഃഖം സ്വദുഃഖമായി ഏറ്റെടുക്കുന്ന അസാധാരണനായ ഒരുവന്റെ മടക്കമില്ലാത്ത യാത്രയുമായിരുന്നു.”
കഠിനമായ വേദനയുള്ള രോഗപീഡകൾ ഉണ്ടായിരുന്നുവെങ്കിലും അത് അധികമാരോടും പറയാതെ വേദനകളെ സന്തോഷമാക്കി മാറ്റുന്ന ഒരപൂർവസിദ്ധി മനോജച്ചനുണ്ടായിരുന്നു, എന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. തന്റെ രോഗങ്ങളോടും സൗഹൃദത്തിലായിരുന്നുവെന്ന് തോന്നുമാറ് അത്രയ്ക്ക് ഊർജവും സ്‌നേഹവും സൗമ്യതയും അദ്ദേഹത്തിൽ എപ്പോഴും സമ്മേളിച്ചിരുന്നു. കലയും സാഹിത്യവും ഉൾച്ചേർന്ന ഒരു വൈദികസഭാ ചട്ടക്കൂടിൽ നിന്നുകൊണ്ടുതന്നെ ജീവിതത്തോട് ഏറ്റവും സത്യസന്ധത പുലർത്തിയ വ്യക്തി. എല്ലാറ്റിനെയും എല്ലാവരെയും നിസ്വാർത്ഥമായി സ്‌നേഹിച്ച സുഹൃത്ത്. പൊയ്മുഖങ്ങളും നാട്യങ്ങളുമില്ലാതെ തനിമയും ആർജവത്വവുമുള്ളവൻ. ഇങ്ങനെ എത്രയോ ഹൃദയങ്ങളിലാണ് അവന്റെ സ്ഥാനം. അവസാനം ദൈവത്തിന്റെ ഹൃദയത്തിലും സ്ഥാനം പിടിച്ചവൻ.
”കല നിത്യതയുടെ തുണ്ടാണെന്ന്… കലാകാരന്മാർ ദൈവത്തിന്റെതന്നെ നിഴൽ ആണെന്ന്… അനശ്വരന്മാർ ആണെന്ന്… സ്വർഗത്തിന്റെ തുണ്ടുകൾ ഞങ്ങൾക്കിട്ടു എന്നിട്ട് നീ അനശ്വരനാകുക. നിത്യമായ ക്യാൻവാസിൽ മാന്ത്രികവിരലിനാൽ സ്വർഗജ്ഞരെ ഞെട്ടിക്കുക…” മനോജച്ചന്റെ സുഹൃത്തായ ഒരു പുരോഹിതന്റെ വാക്കുകൾ.
കല മനോജച്ചന് വെറുമൊരു ഹോബിയായിരുന്നില്ല, ആത്മീയതയുടെയും നിലപാടിന്റെയും പ്രതിബദ്ധതയുടെയും ഭാഗമായിരുന്നു. മണ്ണ് അദ്ദേഹത്തിന്റെ ചിത്രരചനയുടെ ഒരു പ്രധാന മാധ്യമമായിരുന്നു. ”വിയർപ്പുവീണ, വിശന്നപ്പോൾ അന്നം തന്നെ മണ്ണാണ്. അതുകൊണ്ടാണ്, നമ്മൾ ചവുട്ടിനില്ക്കുന്ന നിലപാടുകളുടെ മണ്ണാണ്,” ചിത്രരചനയ്ക്കായി ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മണ്ണിനോടും കർഷകരോടുമുള്ള ഐക്യദാർഢ്യത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമാണ് മനോജച്ചന്റെ മൺചിത്രങ്ങൾ. വിവിധ ഇടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് വരച്ച ചിത്രങ്ങൾ മണ്ണിനോടും കർഷകരോടുമുള്ള നിലപാടുകളായിരുന്നു. ‘മണ്ണിര’ ചിത്രപരമ്പര വളരെ പ്രസിദ്ധമായിരുന്നു. മറ്റ് ഏതു നിറങ്ങളെക്കാളും മനുഷ്യനോട് ചേർന്നുനില്ക്കുന്ന ജൈവപരമായ ദിവ്യത മണ്ണിനുണ്ട്. കർഷകസമ്മേളനങ്ങളിലും കർഷകരുടെ പ്രതിസന്ധികളിലും ശക്തമായ നീതിയുടെ പക്ഷവും കാർഷികപ്രതിസന്ധികളെ വിളിച്ചുപറയുന്നതുമായിരുന്നു അദ്ദേഹത്തിന്റെ മൺചിത്രങ്ങൾ. ‘റബർശയ്യ’ എന്ന മൺചിത്രം, ഭീഷ്മർ ശരശയ്യയിൽ മരണം പ്രതീക്ഷിച്ചുകിടക്കുന്നതുപോലെ റബർകുറ്റികളിൽ കിടക്കുന്ന കർഷകനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മാറിവരുന്ന സർക്കാരുകൾ കർഷകന്റെ പ്രശ്‌നങ്ങൾക്ക് ചെവിയോർക്കുന്നില്ല. എന്നാൽ, അവരുടെ സിംഹാസനങ്ങൾ കർഷകന്റെ മുതുകത്താണ് ഉറപ്പിച്ചിരിക്കുന്നത്. ശക്തമായ മറ്റൊരു മൺചിത്രമാണിത്. ഒരു കർഷകകുടുംബാംഗമെന്ന നിലയിലും കുടിയേറ്റമേഖലയിൽ ജോലിചെയ്തിരുന്നു എന്നതിനാലും കർഷകർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അന്നമൂട്ടുന്ന കര്‍ഷകരെയും മണ്ണിനെയും വിസ്മരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാമൂഹിക നയങ്ങള്‍ക്കെതിരെ നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തുനില്ക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ തന്റെ കലാസൃഷ്ടികൾ മനോജച്ചൻ നന്നായി ഉപയോഗിച്ചു.
“ഇത് ഞങ്ങളുടെ വിയർപ്പു വീണ മണ്ണ്,
വിശപ്പകറ്റിയ മണ്ണ്…
അലിഞ്ഞുചേരുന്ന മണ്ണ്,
ഞങ്ങൾ ചവിട്ടിനില്ക്കുന്ന
നിലപാടുകളുടെ മണ്ണ്.”
കേരള കർഷക ജാഥയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വരച്ച ചിത്രത്തോടൊപ്പം ഇങ്ങനെ എഴുതിയിരുന്നു. ഡൽഹിയിൽ നടന്ന കർഷകസമരത്തോട് ഐക്യദാർഢ്യമായി കാർപ്പ് നടത്തിയ ‘ജയ് കിസാൻ’ ചിത്രകലാ പരമ്പരയിൽ വരച്ച ചിത്രത്തിന് മനോജച്ചൻ അടിക്കുറിപ്പ് എഴുതിയത് ഇങ്ങനെയാണ് : ‘നിണമൊഴുക്കിയും നിലമൊരുക്കിയോർ.’
‘ദി റൂം’ എന്ന ചിത്രം സ്റ്റാൻ സാമി താമസിച്ച മുറിയുടെ ചിത്രീകരണമാണ്. അന്യായമായി കുറ്റമാരോപിക്കപ്പെട്ട് സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് തടവിലിടുമ്പോൾ, അദ്ദേഹം താമസിച്ചിരുന്ന മുറി പരിശോധിക്കാനെത്തിയ പോലീസുകാർക്ക് കാര്യമായി ഒന്നും കണ്ടെത്താനായില്ല, ഒരു കട്ടിലും, ഒരു മേശയും ഒരു സ്റ്റീൽ അലമാരയും മൂന്നു കസാരകളുമൊഴിച്ച്. മണ്ണുകൊണ്ടും ജലച്ഛായംകൊണ്ടും തീർത്ത ‘ദിറൂം’ എന്ന ചിത്രത്തിൽ മേശയ്ക്കും കസേരകൾക്കും കട്ടിലിനുമൊക്കെ വേരുകൾ ഉണ്ടായി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ചുമരുകളും മേൽത്തട്ടുമില്ലാതെ വിശാലമായ ആകാശമാണ് മുകളിൽ. ഫാ. സ്റ്റാൻസ്വാമിയുടെ മുറി വെറുമൊരു മുറിയല്ലായിരുന്നു. ആകാശംപോലെ വിശാലമായിരുന്നു ആ ജീവിതം. ഒപ്പം, മണ്ണിന്റെമക്കളായ ആദിവാസികളോടൊപ്പമായിരുന്നുകൊണ്ട് നീതിയുടെ നിലപാടുകളിലേക്ക് വേരൂന്നിയതായിരുന്നു സ്റ്റാൻസ്വാമിയുടെ ജീവിതമെന്ന് ശക്തമായി പ്രതിപാദിക്കുന്ന ഒരു പെയിന്റിംഗാണിത്.
നിരന്തരം കലയിൽ പരീക്ഷണങ്ങൾ നടത്തുക മനോജച്ചന് താത്പര്യമായിരുന്നു. പുതുമ കണ്ടെത്താനുള്ള ശ്രമങ്ങൾ സന്തോഷം തരുന്നതാണ് എന്നദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നിശ്ചിതവും പരിചിതവുമായ രീതികളിൽനിന്ന് എപ്പോഴും എന്തെങ്കിലും പുതുമ തേടിയുള്ള യാത്രകളും പരീക്ഷണങ്ങളും മനോജച്ചൻ ഇഷ്ടപ്പെട്ടിരുന്നു, അതു ജീവിതത്തിലായാലും കലയിലായാലും. താൻ പഠിച്ച ആലുവ മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി, രണ്ടുമിനിറ്റുകൊണ്ട് വരച്ച നൂറുചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. സെമിനാരിയും പരിസരവുമായി ബന്ധപ്പെട്ട നൂറുചിത്രങ്ങളാണ് വരച്ചത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ആകാശത്തേക്ക് പറക്കുന്ന പട്ടങ്ങൾ കാണാം. കുട്ടിത്തത്തിന്റെ കൗതുകവും നൈർമല്യവും ചിരിയും കളിയും കൂടിക്കലർന്നതായിരുന്നു മനോജച്ചന്റെ കലയും ജീവിതവും. അതിന്റെ സൂചനയായിരിക്കാം പട്ടം. കല മറ്റുള്ളവരുമായുള്ള സൗഹൃദത്തിന്റെ ഒരു മാർഗമായും അദ്ദേഹം കണക്കാക്കിയിരുന്നു. ”കല മനസ്സിൽ ഉള്ളതുകൊണ്ടാണ് പുഴയെ ചങ്ങാതിയായി കാണാൻ കഴിയുന്നത്” എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ജീവിതത്തിലും മറ്റുള്ളവരിലും എപ്പോഴും നന്മകാണുക എന്നതായിരുന്നു മനോജച്ചന്റെ രീതി. ഏതെങ്കിലും തരത്തിലുള്ള കാലുഷ്യമോ കലഹമോ അദ്ദേഹത്തിൽനിന്നുണ്ടായിട്ടില്ല. എല്ലാ നിറങ്ങളോടും വൈവിധ്യങ്ങളോടും സ്‌നേഹം തോന്നിയിരുന്നു. ‘ഞാനാണ് ശരിയെന്നതാണ് ഏറ്റവും വലിയ ശരികേട്’ എന്നതായിരുന്നു മനോജച്ചന്റെ നിലപാട്.
നീലിമയാർന്ന വിശാലമായ ആകാശം ദിവ്യമായ അതിരുകളില്ലാത്ത, വേർതിരിവുകളില്ലാത്ത, ആരേയും മാറ്റിനിർത്താത്ത മനോജച്ചന്റെ കാഴ്ചപ്പാടിന്റെയം മനസ്സിന്റെയും വിശാലതയെയാണ് കുറിക്കുന്നതാണെന്ന് തോന്നുന്നു. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ജീവിതത്തെ ഒരു കളിയായി ചിരിച്ചും സ്‌നേഹിച്ചും കളിപറഞ്ഞും വിശാലമായ വിഹായസുപോലെയായിരുന്നു സർഗാത്മകമായിരുന്ന ആ ജീവിതം.
”ഒരുമിച്ച് തുഴയാം കരകയറുകതന്നെ ചെയ്യും’ എന്ന് ഒരു ചിത്രത്തിനു കൊടുത്ത അടിക്കുറിപ്പുപോലെ കൂട്ടായ്മയിലും സംഘശക്തിയിലുമാണ് മനോജച്ചൻ വിശ്വസിച്ചിരുന്നത്. വലിയൊരു വഞ്ചിയിൽ തിങ്ങിനിറഞ്ഞ ആൾക്കാർ. വഞ്ചി ആയത്തിൽ മുന്നോട്ടുനീങ്ങുന്നതായി തോന്നും. താൻ ജോലി ചെയ്തിരുന്ന സ്‌കൂളിലും ഇടവകകളിലുമൊക്കെ, അവിടെയുള്ളവരെ കൂട്ടി ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ അത് എല്ലാവർക്കും ആനന്ദം നല്കുന്നുവെന്നും ആ കൂട്ടായ്മയിലൂടെ പുതിയ ഉണർവും ആത്മവിശ്വാസവും ഉണ്ടാകുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായ പേരിനോ നേട്ടങ്ങൾക്കോ വേണ്ടിയല്ലാതെ കൂട്ടായ യത്‌നങ്ങളിൽ തന്റെ കർമശേഷിയും ക്രിയാത്മകതയും അദ്ദേഹം ശരിയായി ഉപയോഗിച്ചു. ഒറ്റയാൾ പോരാട്ടം നടത്താതെ എല്ലാവരേയും ചേർത്തുപിടിച്ച് അവരെ ആത്മാഭിമാനമുള്ളവരാക്കിതീർത്ത് കൂട്ടായി മുന്നോട്ടുപോകാനാണ്, ഏതു സ്ഥലത്തായിരുന്നപ്പോഴും, അദ്ദേഹം ശ്രമിച്ചത്. കൂട്ടായ്മയും സൗഹൃദവുമാണ് തന്റെ ജീവിതസ്വസ്ഥതയുടെയും കർമശേഷിയുടെയും കലാഭാവനയുടെയും ശക്തിയായി അദ്ദേഹം കണ്ടത്. ബൈബിളിൽ പറയുന്ന പീഠത്തിൻമേൽ വച്ച ഒരു വിളക്കായിരുന്നു ആ ജീവിതം. അനേകർക്ക് സൗഹൃദത്തിന്റെയും അനുകമ്പയുടെയും ജ്ഞാനത്തിന്റെയും വെളിച്ചം പകർന്നവൻ നിത്യതയിൽ ഒരു നക്ഷത്രവിളക്കായി, അനേകർക്ക് സൗഹൃദത്തിന്റെ ഓർമവെളിച്ചമായി ജ്വലിച്ചുകൊണ്ടിരിക്കും.