മൊഴിയാഴം – എൻ.ഇ.സുധീർ

ടോൾസ്റ്റോയിയെ സ്വാധീനിച്ച പുസ്തകം


ടോൾസ്റ്റോയ്  രചിച്ച ‘യുദ്ധവും സമാധാനവും’ എന്ന നോവലിനെപ്പറ്റി കേൾക്കാത്തവർ കുറവായിരിക്കും. എന്നാൽ ആ നോവലെഴുതാൻ  ടോൾസ്റ്റോയിയെ പ്രേരിപ്പിച്ച മറ്റൊരു കൃതിയുണ്ട്. അതേപ്പറ്റി അധികമാരും കേട്ടിരിക്കാനിടയില്ല. അടുത്ത ദിവസമാണ് ഞാനും ഇതേപ്പറ്റി അറിയാനിടയായത്.  ഫിലിപ്പേ പോൾ ദേ സെഗൂർ എഴുതിയ ‘Defeat – Napoleon’s Russian Campaign’ എന്ന ഡയറിയാണ് ടോൾസ്റ്റോയിയെ യുദ്ധവും സമാധാനവും എന്ന മഹത്തായ നോവലെഴുതാൻ പ്രേരിപ്പിച്ചതത്രേ. നപ്പോളിയന്റെ സഹായിയായിരുന്നു ഫിലിപ്പേ പോൾ ദേ സെഗൂർ എന്ന യുവാവ്. റഷ്യയെ കീഴടക്കാൻ പുറപ്പെട്ട നെപ്പോളിയന്റെ സംഘത്തിലെ ഒരംഗം. 1812-ൽ സർ ചക്രവർത്തിയെ അക്രമിച്ച് കീഴ്പ്പെടുത്തുവാൻ പുറപ്പെട്ട നെപ്പോളിയന് അനുകൂല സാഹചര്യങ്ങൾ ഒത്തുവരാത്തതിനാൽ ലക്ഷ്യം പൂത്തിയാക്കാതെ മടങ്ങേണ്ടി വന്നു. പരാജയപ്പെട്ട ഈ ശ്രമത്തിന്റെ വിവരണങ്ങളാണ്  സെഗൂർ തന്റെ  ഡയറിയിൽ എഴുതിവച്ചത്. 1824-ലാണ് ഡയറി ആദ്യമായി പുറത്തുവന്നത്. 1958-ൽ ഈ കൃതി  ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. 


1780-ൽ ജനിച്ച സെഗൂർ പാരീസിലെ ഒരു  ആഭിജാതകുടുംബാംഗമായിരുന്നു.  1800-ൽ ഫ്രഞ്ച് സൈന്യത്തിൽ ചേർന്ന സെഗൂർ  വൈകാതെ നെപ്പോളിയന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാഗമായി ഉയർത്തപ്പെടുകയും ചെയ്തു. പിന്നീടുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്ത ഇയാൾ വാട്ടർലൂ യുദ്ധത്തിൽവരെ നെപ്പോളിയന്റെ വിശ്വസ്തനായി നിലകൊണ്ടു. സൈനിക ചരിത്രമെഴുത്തിലും നയതന്ത്രകാര്യങ്ങളിലും ഏറെ പേരെടുത്തു. ഈ ഡയറി കൂടാതെ ‘റഷ്യയുടെ ചരിത്രം ‘  ‘പീറ്റർ ദ ഗ്രേറ്റ്’ എന്നീ പുസ്തകങ്ങളും  അദ്ദേഹം രചിച്ചിട്ടുണ്ട്. 2008-ൽ ന്യൂയോർക്ക് റിവ്യു ഓഫ് ബുക്സ് എന്ന പ്രസാധകർ ‘സെഗൂർ ഡയറി’യുടെ പുതിയ പരിഭാഷ പ്രസിദ്ധീകരിച്ചു. ‘യുദ്ധവും സമാധാനവും’ എന്ന മഹത്തായ രചനയ്ക്ക് കാരണമായിത്തീർന്ന ഈ സൈനിക ഡയറി വായിക്കണം എന്നൊരാഗ്രഹം ഇതറിഞ്ഞ നിമിഷം തൊട്ട് എന്നിലുണ്ടായി. വായിച്ചതിനു ശേഷം വിശദമായെഴുതാമെന്നു കരുതുന്നു. (Defeat- Napoleon’s Russian Campaign- Philippe-Paul de Ségur, NYRB Classics)


എം.കൃഷ്ണൻ നായരുടെ പ്രിയ പുസ്തകങ്ങൾ 


ലോകത്ത് ഇന്നേവരെ എഴുതപ്പെട്ടതിൽവച്ച്  ഏറ്റവും മഹനീയമായ നോവൽ ‘യുദ്ധവും സമാധാനവു’മാണെന്ന് പ്രശസ്ത സാഹിത്യനിരൂപകനായിരുന്ന എം.കൃഷ്ണൻ നായർ എഴുതിയിട്ടുണ്ട്.  മനുഷ്യനും ഈശ്വരനും തമ്മിലുള്ള ബന്ധം നവീന ജീവിതമണ്ഡലത്തിൽ പ്രതിഷ്ഠിച്ച ഈ നോവൽ അന്യാദൃശമാണ് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനിഷ്ടപ്പെട്ട പത്തുപുസ്തകങ്ങളിൽ ഒന്നായി അതിനെ ഉൾപ്പെടുത്തുകയും ചെയ്തു. സാഹിത്യവായനയിലെ വിസ്മയമായ അദ്ദേഹത്തെ അതിശയിപ്പിച്ച പത്തു പുസ്തകങ്ങൾ ഇതൊക്കെയാണ്:


മാർക്കസ് ഒറേലിയസിന്റെ മെഡിറ്റേഷൻസ്, 2. സെനഗലയുടെ ലറ്റേഴ്സ്, 3. വ്യാസന്റെ മഹാഭാരതം, 4. വിക്ടോർ യൂഗോയുടെ പാവങ്ങൾ, 5. ദസ്തയേവ്സ്കിയുടെ കരമസോവ് സഹോദരന്മാർ, 6.ഷേക്സ്പിയറിന്റെ കിംഗ് ലിയർ, 7. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, 8.ശ്രീരാമകൃഷ്ണപരമഹംസന്റെ ഗോസ്പൽ, 9. ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും 10. ടോൾസ്റ്റോയിയുടെ അന്നാകരേനിന.


നിരന്തരം വിശ്വസാഹിത്യ സഞ്ചാരത്തിൽ മുഴുകിയ കൃഷ്ണൻ നായരെപ്പോലുള്ള  ഒരു വലിയ വായനക്കാരന്റെ ചിന്തയിൽ മാറ്റങ്ങളുണ്ടാക്കിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ  മൂന്ന് ഇന്ത്യൻ രചനകളുൾപ്പെട്ടു എന്നത് എന്നിലേറെ സന്തോഷമുളവാക്കുന്നു.  വിശ്വസാഹിത്യത്തിലെ ആധുനികകൃതികളുടെ കൂട്ടത്തിൽ ഒരൊറ്റ ഇന്ത്യൻ രചനയും അദ്ദേഹം ഉൾപ്പെടുത്തിക്കണ്ടിട്ടില്ല.  


ആനന്ദും മഹാശ്വേതാദേവിയും


“ആനന്ദ്,


ദീദി എപ്പോഴും നിങ്ങളുടെ കത്ത് കാത്തിരിക്കുന്നു. ഏറ്റവും മികച്ച കതികൾക്കായും ഏറ്റവും നന്നായി വിറ്റുപോകുന്ന കൃതികൾക്കായും കാത്തിരിക്കുന്നു. എന്തിനാണ് അസ്വസ്ഥത? കേരളത്തിലെ ജനങ്ങൾക്ക് ഭീമന്മാരുടെ പുസ്തകങ്ങൾ മടുത്തിരിക്കുന്നു. ഒരു കണ്ണാടിയിലെന്ന പോലെ തങ്ങളെ കാണുന്ന പുസ്തകങ്ങൾ വായിക്കാനാണ് അവർക്കിഷ്ടം. നിങ്ങളുടെ എഴുത്തുശൈലിയുമായി പുതിയ വായനക്കാർക്ക് വളരെ വേഗം താദാത്മ്യം പ്രാപിക്കാനാവും. നിങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ, നിങ്ങൾ വെല്ലുവിളിക്കുന്ന മൂല്യങ്ങൾ. അഞ്ചുവർഷത്തിനകം നിങ്ങൾക്ക് ഒരു സാഹിത്യ അക്കാദമി പുരസ്കാരവും പിന്നാലെ ജ്ഞാനപീഠവും കിട്ടും, നോക്കിക്കോളൂ. ഈ രണ്ടും വാങ്ങുന്നത് കാണാൻ ഞാനുമുണ്ടാവും. പതിവുപോലെ, എന്റെ എഴുത്തിനെക്കുറിച്ച് നിങ്ങളൊന്നും മിണ്ടാറില്ല. പക്ഷേ, സാഹിത്യ അക്കാദമിയിൽ നിങ്ങൾ അവതരിപ്പിച്ച പ്രബന്ധത്തിൽ മുഴുവൻ ഞാനാണല്ലോ. പരസ്പരം നമ്മൾ എന്താണു ചെയ്യുന്നതെന്ന് എനിക്കൊരു നിശ്ചയവുമില്ല…. 


…അല്ല, ഇടയ്ക്കിടയ്ക്ക് ഞാൻ ദൽഹിയിലേക്ക് പോകണമെന്നു പറയാൻ നിങ്ങളാരാണ്? എനിക്ക് അവിടെ മാത്രം പൊയ്ക്കൊണ്ടിരുന്നാൽ മതിയോ? കല്ലുകൾ ? ചോര ? മരണം? എഴുത്തുകളിലൂടെ ജീവനുള്ള ശരീരങ്ങളുടെ ക്ലിനിക്കൽ പോസ്റ്റുമാർട്ടം നടത്തേണ്ടവരാണ് നമ്മൾ….


…പച്ചിലക്കറികളും പരിപ്പും ഒരു ടേബിൾ സ്പൂൺ ചോറും അല്പം തൈരുമാണ് എനിക്ക് ഉച്ചഭക്ഷണത്തിനായി വേണ്ടത്. രാത്രി ഇലക്കറികളും പരിപ്പും ഈ വലിപ്പത്തിൽ രണ്ടു ചപ്പാത്തിയും. പകൽ സമയം ചവയ്ക്കാൻ കുറച്ചു പഴങ്ങളും. നോൺ വെജ് ഭക്ഷണവും എനിക്കിഷ്ടമാണ്. പിന്നെ ഉറങ്ങാൻ ഒരു കട്ടിയുള്ള കിടക്ക. ഒരു ബെഡ് ലാംപ്.


ദീദി “


ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവി മലയാള സാഹിത്യകാരൻ ആനന്ദിനെഴുതിയ ഒരു കത്തിൽനിന്നുള്ള ചില ഭാഗങ്ങളാണ് മുകളിൽ കൊടുത്തത്. ‘മഹാശ്വേതാദേവിയും ആനന്ദും-ചെറിയ വലിയ കാര്യങ്ങൾ’ എന്ന പുസ്തകത്തിലാണ് ഞാൻ ദീദിയുടെ കത്തുകൾ വായിച്ചത്. പതിനഞ്ചോളം കത്തുകൾ ഇതിലുണ്ട്. ഈ  കത്തുകളിലൂടെ വായനക്കാർ കാണുന്നത് ഇന്ത്യയിലെ പ്രതിഭാശാലികളായ രണ്ടു വലിയ എഴുത്തുകാരുടെ  ആന്തരികജീവിതമാണ്. മനുഷ്യരുടെ ആന്തരികജീവിതമറിയാൻ ഏറ്റവും സഹായിക്കുന്നത് അവരെഴുതുന്ന കത്തുകളാണ്. ഈ കത്തുകൾ വായിക്കുമ്പോൾ അറിയാതെ നമ്മൾ ഈ എഴുത്തുകാരെ നമിച്ചു പോവും. അവരുടെ മനസ്സിന്റെ ആഴം നമ്മൾ കാണും. ആ നീതിബോധത്തെ അറിഞ്ഞ് നമ്മൾ വിസ്മയത്തോടെ അന്തംവിട്ടിരിക്കും. മനുഷ്യദുരന്തങ്ങളുടെ തീക്ഷ്ണമായ മുഖങ്ങൾകണ്ട് ദുഃഖിതരായ രണ്ടു മനുഷ്യർ തമ്മിൽ പങ്കിടുന്ന വേദന നിറഞ്ഞ സംവാദങ്ങളാണ് ഇത്. പുസ്തകത്തിൽ കത്തുകൾ കൂടാതെ ആനന്ദും ദീദിയും തമ്മിലുള്ള സംവാദവും ആനന്ദുമായി അമൃത് ലാൽ നടത്തിയ ഒരഭിമുഖവുമുണ്ട്. (മഹാശ്വേതാദേവിയും ആനന്ദും – ചെറിയ വലിയ കാര്യങ്ങൾ, ആനന്ദ്, കറന്റ് ബുക്സ്, തൃശൂർ) 


കത്തുകൾ സാഹിത്യത്തിന്റെ ഭാഗമായിരുന്ന കാലം അവസാനിച്ചിരിക്കുന്നു. സാഹിത്യകത്തുകൾ വായിച്ച് എഴുത്തുകാരുടെ മനസ്സറിഞ്ഞ ഒരു കാലം എന്റെ ഓർമയിലുണ്ട്. സാങ്കേതികവിദ്യയുടെ വരവിലൂടെയാണ് കത്തെഴുത്ത് എന്ന മഹാസാധ്യതയെ നമ്മൾ ഇല്ലാതാക്കിയത്.  അതിനുശേഷം വന്ന ഒരു കത്തുപുസ്തകം അമേരിക്കൻ എഴുത്തുകാരനായ പോൾ ആസ്റ്ററും സൗത്ത് ആഫ്രിക്കൻ നോവലിസ്റ്റായ ജെ.എം.ക്വറ്റ്സിയും ചേർന്നെഴുതിയതാണ്. 2013-ൽ പ്രസിദ്ധീകരിച്ച  ‘Here and Now’ എന്ന പുസ്തകത്തിലുള്ളത് ഇവർ തമ്മിലെഴുതിയ കത്തുകൾ മാത്രമാണ്.  2008-ൽ ആദ്യമായി കണ്ടപ്പോൾ പരസ്പരം കത്തുകളിലൂടെ ബന്ധപ്പെടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ക്വറ്റ്സിയാണ് ഇങ്ങനെയൊരാശയം പോൾ ആസ്റ്ററിന്റെ മുന്നിൽ വച്ചത്. ആസ്റ്റർ ഇ-മെയിൽ ഉപയോഗിക്കാത്തയാളായിരുന്നു. പിന്നീടുള്ള  മൂന്നുവർഷം അവർ കത്തുകളിലൂടെ നിരന്തരം ആശയസംവാദം നടത്തി.  ആനന്ദിന്റെ പുസ്തകത്തിലൂടെ കടന്നുപോയപ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് വായിച്ച ‘Here and Now’ എന്ന പുസ്തകം ഓർമയിലെത്തിയത്. 


കെ.ജി.എസ് ഓർമയെപ്പറ്റി.


” പോയ്പ്പോയവ വീണ്ടെടുക്കാനുള്ള പരാജിത ശ്രമമാണെനിക്ക് ഓർമ; കഥയും ചരിത്രവും കവിതയും ജ്ഞാനവും അജ്ഞാനവും ആജ്ഞേയതയും മറ്റ് പലതുമായി അനേകം അവതാരങ്ങളുള്ള ഓർമ. തോറ്റാലും തുടരുന്നത്. വേദനിച്ചാലും തോൽക്കാതിരിക്കാൻ മുറിവുകൾ കൂട്ടിച്ചേർക്കുന്ന ജീവന്റെ തുന്നൽ വിദ്യ.”  


‘മരിച്ചവരുടെ വീട് ‘ എന്ന പുസ്തകത്തിന്റെ മുഖവുരയിലാണ് ഈ വരികൾ കവി കെ.ജി.ശങ്കരപ്പിള്ള കുറിച്ചിരിക്കുന്നത്. ഓർമയെപ്പറ്റിയുള്ള നല്ലൊരു നിർവചനമായാണ് ഞാനതിലെ ആദ്യവരി വായിച്ചത്. പോയ്പ്പോയവ വീണ്ടെടുക്കാനുള്ള ശ്രമം. അതിൽ ചിലപ്പോൾ ചിലർ വിജയിക്കും. ചിലർ പരാജയപ്പെടും. എന്തായാലും ഈ ശ്രമത്തിന്റെ ആകത്തുകയാണ് നമ്മുടെയൊക്കെ ജീവിതം. 


കെ.ജി.എസ് എഴുതിയ ഓർമക്കുറിപ്പുകൾ, കവിതകൾ, ഓർത്തെടുക്കലുകൾ, പരിഭാഷകൾ അങ്ങനെ പലതും ചേർന്ന ഒരു കൗതുകകരമായ പുസ്തകമാണ് ‘മരിച്ചവരുടെ വീട്’.  ചൈനീസ് കവി ലിയു ഷ്യാബോയുടെ ചില കവിതകൾ കെ.ജി.എസ്  പരിഭാഷപ്പെടുത്തി ഇതിൽ ചേർത്തിട്ടുണ്ട്. അതിലൊന്നാണ് ‘ഒഴിഞ്ഞ കസേരകൾ’ എന്ന കവിത. അതിലെ ചില വരികൾ എന്നെ വല്ലാതെ ആകർഷിച്ചു. 


” ഒഴിഞ്ഞ ഒഴിഞ്ഞ ഒഴിഞ്ഞ


കസേരകൾ, എത്രയെത്ര


ഒഴിഞ്ഞ കസേരകൾ,


എവിടെയും


മോഹിപ്പിക്കുന്നവ.


ഞാനവയിൽ വെറുതെ ഇരുന്നു


ആടിനോക്കി


അനങ്ങുന്നില്ല


മരവിച്ചിരിക്കുന്നു


അവയ്ക്കുള്ളിൽ ശ്വസിച്ചിരുന്ന


എന്തോ ഒന്നിനാൽ.” 


ചുറ്റിനും നോക്കുമ്പോൾ നമ്മൾ കാണുന്ന ഒഴിഞ്ഞ കസേരകളെ, മഹത്തായ സാന്നിധ്യങ്ങൾ ഒഴിച്ചിട്ടുപോയ കസേരകളെ ഓർമിപ്പിക്കുന്ന വരികൾ. ല്യു ഷ്യാ എന്ന കവിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ഒരു കുറിപ്പും കെ.ജി.എസ് എഴുതിയിട്ടുണ്ട്. നിഗൂഢമൗനമായി അവസാനിച്ചുപോയ ആ കവയിത്രി ഈ പേജുകളിൽ ജീവൻവച്ചു നില്ക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. (മരിച്ചവരുടെ മേട് – ഓർമയും കവിതയും, കെ.ജി.എസ്, പുസ്തക പ്രസാധക സംഘം, കോഴിക്കോട്)  


അവരവരിൽനിന്നുതന്നെ അകന്നുപോകുന്ന മനുഷ്യർ 


“ഏതാനും മണിക്കൂറുകൾ എന്നു വേണ്ട, ഏതാനും നിമിഷങ്ങളെങ്കിലും ആർക്കും ആരെയും ശ്രദ്ധിക്കാൻ നേരമില്ല.” ഇത് എം.നന്ദകുമാർ എഴുതിയ ‘അവസാനത്തെ അനുയായി ‘ (മലയാളം വാരിക – ജനുവരി ലക്കം)  എന്ന കഥയിലെ ഒരു വാചകമാണ്. വർത്തമാനകാല ജീവിതത്തിലെ അസുഖകരമായ ഒരു യാഥാർത്ഥ്യമാണത്. ഇത്തരം യാഥാർത്ഥ്യങ്ങളെ സർഗാത്മകമായി നോക്കിക്കാണുന്ന  കഥാകൃത്താണ് എം.നന്ദകുമാർ. ചുറ്റുമുള്ള ലോകത്തെ കാണാൻ നന്ദകുമാർ വേറിട്ടൊരു കണ്ണാടി കണ്ടെത്തിയിട്ടുണ്ട്. ആ കണ്ണാടിയാണ് അയാളുടെ കഥാലോകം. എന്തിനെയും നവീനമായി നോക്കിക്കാണാനുള്ള കരുത്ത് ഈ കഥാകൃത്തിനുണ്ട്. 


ഭാഷയുടെ പ്രഹരശേഷികൊണ്ട് വേറിട്ടുനില്ക്കുന്ന ഇത്തരം ചില കഥകളുടെ ഒരു സമാഹാരമാണ് ‘നഷ്ടക്കണക്കുകാർക്ക് ഒരു ജീവിതസഹായി’. പലപ്പോഴായി അദ്ദേഹമെഴുതിയ ഏഴു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. നന്ദകുമാറിന്റെ എഴുത്തുലോകത്തെ പ്രതിനിധാനം ചെയ്യുന്നവയാണ് ഇതിലെ മിക്ക കഥകളും. അവയുടെ സൗന്ദര്യത്തെപ്പറ്റി എനിക്കത്ര നല്ല അഭിപ്രായമില്ല. എന്നാൽ അവയുടെ പ്രഹരശേഷി എന്നെ അത്ഭുതപ്പെടുത്തുന്നു. പല കഥകളും വായനക്കാരെ ചിന്താക്കുഴപ്പത്തിലാക്കും. ഒരുതരം മരവിപ്പ്. അത് കാലത്തിനോടുള്ള ഒരു പ്രതിക്രിയപോലെ കഥാകൃത്ത് സൃഷ്ടിക്കുന്നതാവാനേ തരമുള്ളൂ. ഭാവനയിലൂടെ കാലത്തെ തകർക്കാനുള്ള ഒരു ശ്രമം. കാലത്തെ തകർത്താൽ ലഭിക്കുന്ന അനാദിയായ ഒരു ഓർമ – അതാണ് നന്ദകുമാർ തന്റെ എഴുത്തിലൂടെ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. 


പ്രമേയത്തിനു ചേർന്ന ഭാഷയും ശൈലിയും സൃഷ്ടിക്കുന്നതിൽ ഈ കഥാകൃത്ത് കാണിക്കുന്ന മിടുക്ക് ഈ സമാഹാരത്തിലെ കഥകളിലെല്ലാം കാണാനുണ്ട്. ആദ്യകഥയായ ‘നഷ്ടക്കണക്കുകാർക്ക് ഒരു ജീവിതസഹായി ‘ എന്ന കഥയിലെ മുഖ്യകഥാപാത്രത്തിന്റെ നിസ്സംഗ മനോഭാവം ആ കഥയിലെ ഭാഷയിലുമുണ്ട്. ആ കഥയിലൊരിടത്ത്  എം.സുധാകരൻ എന്ന കഥാപാത്രം പറയുന്നത് നോക്കുക: “എനിക്കിനി ജീവിതത്തിൽ യാതൊരു പുതുമയുമില്ല. യാതൊന്നും എന്നെ ആശ്ചര്യപ്പെടുത്തുകയുമില്ല.” ഈ മനോഭാവമാണ് ആ കഥയ്ക്കും. പരിഹാരമില്ലാത്ത വിഹ്വലതകളെപ്പറ്റിയാണ് പൊതുവിൽ നന്ദകുമാർ എഴുതുന്നത്. ആ കഥകളിൽ തികച്ചും സാധാരണമായ ഒരു തലവും അതുപോലെ  അസാധാരണമായ മറ്റൊരു തലവും മേളിച്ചു നില്ക്കുന്നതായി കാണാം. 


  

ഹരിയും രമണിയും ആർട്ട് മ്യൂസിയം കാണാൻ പോയത് വിവരിക്കുന്ന കഥയാണ്  ‘യാത്രയുടെ അന്ത്യം’. വലിയ അനുഭവതലമൊന്നും ഇതിലില്ല. എന്നാൽ കലയുണ്ട്. കലയെപ്പറ്റിയുള്ള വിചാരങ്ങളും.  ഉളളഴിഞ്ഞ നോട്ടത്തിലാണ് ഓരോ സൃഷ്ടിയും മഹത്തരമാകുന്നത്  എന്ന് ഈ കഥയിലൊരിടത്ത് പറയുന്നുണ്ട്. ഉളളഴിഞ്ഞ നോട്ടം ആവശ്യപ്പെടുന്നവയാണ് നന്ദകുമാറിന്റെ കഥകളും. നന്ദകുമാറിന്റെ കഥകൾക്ക് ഇതിനകം അത്തരം സൂക്ഷ്മവായനകൾ ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല. പരിചിതമല്ലാത്ത ആഖ്യാനഭേദങ്ങൾ അദ്ദേഹത്തിന്റെ രചനാ ലോകത്തുണ്ട്.  അവ സൂക്ഷ്മവായനക്കാരിൽ ആന്തരികമായ പ്രഹരം സൃഷ്ടിക്കുകയും ചെയ്യും. ഈ സമാഹാരത്തിലെ ‘സമയം’ എന്ന കഥ കഥാകൃത്തിന്റെ സാഹിത്യബോധ്യങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന ഒന്നാണ്; നല്ലൊരു കഥയല്ലെങ്കിലും. കഥയുടേതായ ഒരു സ്വതന്ത്രലോകം ഈ സമാഹാരത്തിലുണ്ട്. ജീവിതത്തിന്റെ യാന്ത്രികയുക്തികളെയും വേഗതയെയും ചോദ്യം ചെയ്യുന്ന ഒരാൾ ഈ കഥകളുടെ പിന്നിൽ പ്രവർത്തിക്കുന്നുമുണ്ട്. 


എന്താണ് എഴുത്തുകാരൻ ചെയ്തുകൊണ്ടാരിക്കുന്നത് എന്ന ചോദ്യത്തിന് വെർജിനിയ വൂൾഫ് പറഞ്ഞ ഉത്തരം  കഥകൾ വായിക്കുമ്പോൾ ഞാനെപ്പോഴും ഓർക്കാറുണ്ട്. അവർ പറഞ്ഞു: “മാനസിക പ്രവർത്തനത്തിന്റെ അപഗ്രഥനമാണ് എഴുത്തുകാരൻ നടത്തിക്കൊണ്ടിരിക്കുന്നത്”. അതു തന്നെയാണ് എം.നന്ദകുമാർ എന്ന കഥാകൃത്തും ചെയ്യുന്നത്. (നഷ്ടക്കണക്കുകാർക്ക് ഒരു ജീവിതസഹായി – എം.നന്ദകുമാർ,ഡി.സി.ബുക്സ്, കോട്ടയം) 


ഭാവനയുടെ ഭാവിയെന്ത്? 


ഭാവനയുടെ ഭാവിയെപ്പറ്റി ആശങ്കപ്പെടേണ്ടതുണ്ടോ? മുമ്പൊന്നും ചോദിക്കാത്ത ഒരു ചോദ്യം ഇന്ന് മനുഷ്യകുലത്തിന്റെ മുന്നിൽ വന്നിരിക്കുന്നു.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരുക്കിയ സാധ്യതകൾ ഉപയോഗിച്ച് ചാറ്റ് ജി.പി.ടി പോലുള്ള പുതിയ സംവിധാനങ്ങൾ വന്നതോടെയാണ് ഇത്തരമൊരു ചോദ്യം  പ്രസക്തമായത്. ഭാഷ കൈകാര്യംചെയ്യുവാനുള്ള ശേഷി റോബോട്ടുകൾ ഇതിനകം നേടിക്കഴിഞ്ഞു. അവ സാഹിത്യം നിർമിച്ചുതുടങ്ങി. ലോകം ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത് അതിനെപ്പറ്റിയൊക്കെയാണ്. ആൽബെർട്ട് റീഡ് എഴുതിയ ‘The  Imagination Machine’ എന്ന പുസ്തകം ഭാവനയുടെ വിശാലമായ ലോകത്തെപ്പറ്റിയുള്ളതാണ്. റീഡിന്റെ പുസ്തകത്തിലെ ആമുഖവാക്യങ്ങൾ കാണുക:


“What is imagination? A swarm of living things. What is the task of the imagination? To stare at things it does not fully understand.  What is the miracle of the imagination? To see what is not already there.”


ഇവിടെ നിലവിലില്ലാത്തത് കാണിച്ചു തരികയാണ് ഭാവന എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ഇവിടെ നിലനില്ക്കുന്ന യാഥാർത്ഥ്യത്തെ പൂർത്തിയാക്കുന്ന ഒന്നുകൂടിയാണ്  ഭാവന എന്നാണ് ഞാൻ കരുതുന്നത്. ഇന്നിപ്പോൾ യാഥാർത്ഥ്യത്തെ മറ്റൊരു തലത്തിൽ സാങ്കേതികവിദ്യ  പൂർത്തിയാക്കുന്നുണ്ട്. അതുകൊണ്ടാണ് ഭാവനയുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കാകുലമായ ചിന്തകൾ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.  റീഡിന്റെ പുസ്തകത്തിലെ നിഗമനങ്ങളെ മുൻനിർത്തി ഭാവനയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഒരു ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിക്കാൻ കഴിഞ്ഞു.  ജെ.പ്രഭാഷ് എഴുതിയ ‘കാലാനുവർത്തിയോ മനുഷ്യഭാവന?’ എന്ന ഈ ലേഖനം  ശുഭാപ്തിവിശ്വാസത്തോടെയാണ് അവസാനിക്കുന്നത്. മനുഷ്യന് തന്റേതായൊരു സ്വത്വമുണ്ടെന്നതും, കമ്പ്യൂട്ടറിന്  അതില്ലെന്നതുമാണ് ശുഭാപ്തിവിശ്വാസത്തിനുള്ള കാരണമായി അദ്ദേഹം എടുത്തു പറയുന്നത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്,ജൂൺ-25)  എന്തായാലും മനുഷ്യചരിത്രത്തിലെ അനിശ്ചിതത്വം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോവുന്നത് .