നിർമിതബുദ്ധിയുടെ കാലത്തെ മനുഷ്യൻ – ഡോ.അഷ്‌റഫ്‌ എസ്

യന്ത്രവത്കരണം മനുഷ്യന്റെ കായികാധ്വാനത്തെ കുറച്ചുകൊണ്ടുവന്ന ഇന്നലെകളിൽനിന്ന് നാം ഇന്ന് എത്തി നില്ക്കുന്നത് മനുഷ്യമനസ്സിന്റെ ഉദാത്തമായ കഴിവുകൾ എന്ന് നാം വിശ്വസിച്ചുപോരുന്ന ചിന്താശക്തിയും വകതിരിവുമൊക്കെ യന്ത്രങ്ങളുടെ കഴിവുകളാകുന്ന നിർമിതബുദ്ധിയുടെ കാലഘട്ടത്തിലാണ്. പരസ്പര ബന്ധിതമായി ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ജീവി/ മനുഷ്യസമൂഹത്തെ കണ്ടുവളർന്ന നാം അത്തരം കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന ‘ഇന്റലിജന്റ് ഇന്റർനെറ്റ് ഓഫ് തിങ്‌സ്’ എന്ന സാങ്കേതികവിദ്യയുടെ വളർച്ചയെ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. പരസ്പരവിശ്വാസത്തിന്റെ, അതിൽ അധിഷ്ഠിതമായ ക്രയവിക്രയങ്ങളുടെ അടിസ്ഥാനമായി മനുഷ്യമനസ്സുകളെയും ഗവൺമെന്റ്, ബാങ്കുകൾ പോലെയുള്ള സാമൂഹികസ്ഥാപനങ്ങളെയും വിശ്വസിച്ച് ജീവിച്ച് നാം, ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോകറൻസി മുതലായ സങ്കേതങ്ങളിലും വിശ്വാസത്തെ അതിലധിഷ്ഠിതമായ ക്രയവിക്രയങ്ങളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ നിർവചിക്കാൻ കഴിയുന്ന ഒരു കാലഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു.


മേൽപ്പറഞ്ഞ തരത്തിലുള്ള സാങ്കേതികവിദ്യയുടെ വളർച്ചയെയും ഉപയോഗത്തെയും നാം പ്രകീർത്തിക്കുമ്പോഴും ഉത്തരവാദിത്വബോധത്തോടെയുള്ള അവയുടെ ഉപയോഗം മനുഷ്യന്റെ മാത്രം കടമയായി നിലകൊള്ളുന്നു. റോബോട്ടുകളുടെ സഹായികൾ എന്ന നിലയിലേക്ക് നമ്മുടെ പല തൊഴിലുകളും മാറ്റപ്പെടും എന്നറിയുമ്പോൾ ആ രംഗത്ത് പ്രവർത്തിക്കുന്ന മനുഷ്യരുടെ ജീവിതോപാധികൾ എന്തായിരിക്കും എന്നത് നമ്മുടെ ആശങ്കയായി മാറും. പരസ്പരബന്ധിതമായ യന്ത്രങ്ങളുടെയും റോബോട്ടുകളുടെയും സമൂഹങ്ങൾ മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കിക്കളയുമോ എന്ന ചിന്തകൾ നമ്മെ അലട്ടുന്നു.


വാണിജ്യ-വ്യവസായങ്ങളുടെ അടിസ്ഥാന മൂല്യവിനിമയങ്ങൾ ക്രിപ്റ്റോകറൻസിപോലെയുള്ള സങ്കേതങ്ങളിലേക്ക് മാറിയാൽ അത് ഉണ്ടാക്കിയേക്കാവുന്ന അസമത്വവും കുറ്റകൃത്യങ്ങളുടെ വലിയൊരു ലോകവും നമ്മെ ആശങ്കയിലാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, നമ്മെ പുരോഗതിയിലേക്ക് നയിക്കുന്നുവെന്ന്‍ നാം കരുതുന്ന ഈ സങ്കേതങ്ങളുടെ ഉത്തരവാദിത്വബോധത്തോടെയുള്ള ഉപയോഗം നമ്മുടെ ഏറ്റവും വലിയ കടമയായി, അതിലേറെ നിലനില്പിനെത്തന്നെ ബാധിക്കാവുന്ന ഒരു വെല്ലുവിളിയായി മുൻപിൽ നില്ക്കുന്നു.


ഈ അവസരത്തിൽ മനുഷ്യൻ എന്ന സാമൂഹികജീവിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉദാത്തമായ കർത്തവ്യം അവനിലെ മനുഷ്യത്വത്തെ, സാമൂഹികബോധത്തെ, കാരുണ്യത്തെ മുൻനിർത്തി പുതിയകാലത്തെ സാങ്കേതികവിദ്യകളെ സ്വായത്തമാക്കുകയും സമൂഹത്തിന്റെ, മനുഷ്യകുലത്തിന്റെ ഉന്നതിക്കുവേണ്ടി അവയെ ഉപയോഗിക്കുകയും ചെയ്യുക എന്നുള്ളതാണ്. അതിനുവേണ്ടി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യനാവാവുക എന്നതാണ്.


(ഡീൻ (ഡെവലപ്മെന്റ്), പ്രഫസർ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി)