ഇടിമുഴങ്ങുന്ന ജോൺവഴികൾ – ഡോ.  ആർ. സുരേഷ്

ഇടിമുഴങ്ങുന്ന ജോൺവഴികൾ   – ഡോ.  ആർ. സുരേഷ്

വാക്കുകളിലും വാക്യവിന്യാസക്രമങ്ങളിലും മിഴാവിന്റെ മുഴക്കമുള്ള തനിമലയാളകാവ്യഭാവനാലോകമാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റേത്.  മലയാളഭാഷയെ അനന്തരൂപമുള്ള അലകടലെന്നപോലെ നിർന്നിമേഷം നോക്കിനിന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയിൽനിന്ന്‍ പൂർണസ്വാതന്ത്ര്യം കിട്ടാത്തമട്ടിൽ തന്നെയായിരുന്നു ഈ കവിയുടെ രംഗപ്രവേശം. അപ്പോഴും കടൽത്തീരത്ത് വഴിതെറ്റിപാഞ്ഞുപോകുന്ന ആഴമേറുമൊരു അഗ്നിരൂപന്റെ ഭാവനാസ്വാതന്ത്ര്യങ്ങളായി ബാലചന്ദ്രന്റെ കവിതകൾ ജ്വലിച്ചുനില്ക്കുന്നുമുണ്ട്. സൂക്ഷ്മജീവിതത്തിന്റെ അഗാധമായ അടിവേരുകളിലേക്ക് കുതറിത്തെറിക്കാനും വഴുതിവീഴാനും പാകമായ കാവ്യബിംബങ്ങളുടെ കലാവിരുതിൽ കിടന്നത് തിളയ്ക്കുന്നു. ഒരു കാലത്തിന്റെ വിഹ്വലതകളിൽനിന്നും അവിരാമമായ ആത്മക്ഷോഭങ്ങളിൽനിന്നും അസാധാരണഭാഷാസംഭരണശാലയിലേക്കത് വിവർത്തനം ചെയ്യപ്പെടുന്നു. ആരെന്ന് ചോദിക്കാനും ആനന്ദമയമായ അസ്വസ്ഥതകൾ എവിടെയെന്ന് ആരായാനും നിരന്തരം പരിശീലിപ്പിക്കുന്ന ഒരു തുറന്ന പള്ളിക്കൂടവാതിലായതുമാറുന്നു.   അരികിൽ ഉണ്ടായിരുന്നവർ മാഞ്ഞുപോകുമ്പോൾ മറഞ്ഞതിന്റെ നഷ്ടം ആവിഷ്കരിക്കുന്ന കവിതകൾ ബാലചന്ദ്രന്റേതായി ഇല്ലയെന്നുതന്നെ പറയാം. ഇതിനൊരു അപവാദമായി നിലകൊള്ളുന്നത് “എവിടെ ജോൺ?” എന്ന കവിതയാണ്. അഗ്രഹാരത്തിലെ കഴുതയും ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും അമ്മ അറിയാനുമെല്ലാം സംവിധാനംചെയ്ത ജോൺ എബ്രഹാം എന്ന ജീനിയസിന്റെ വീണുപോവലാണ് കവിതാരചനയ്ക്ക് ആസ്പദം. ഈ കവിതയാകട്ടെ ഒരു ഡെസ്റ്റയോവിസ്കിയൻവിസ്ഫോടനംപോലെ വായിക്കാൻ ചെല്ലുമ്പോഴെല്ലാം നമ്മെ ആക്രമിക്കാനായി ഒരുങ്ങിനില്ക്കുന്നു.


ഭൂതഭാവിവർത്തമാനങ്ങളാകുന്ന നിശ്ചിതകാലഭേദപരിഗണനകൾക്ക് വഴങ്ങാത്ത ക്രിയാരൂപമാണല്ലോ നടുവിനയെച്ചം. ‘വരിക’ എന്ന  നടുവിനയെച്ചരൂപത്തിൽനിന്ന് ജോൺകാവ്യം ആരംഭിക്കുന്നുവെന്നത് കേവലം വ്യാകരണപരമായ അപഗ്രഥനം മാത്രമാകുന്നില്ല. കാവ്യഭാവത്തിന്റെ സമസ്തശരീരത്തിലേക്കും പടർന്നുകയറാൻ വെമ്പൽ പൂണ്ടുനില്ക്കുന്ന ഒരു ഭാഷാകരുവിന്റെ കേളികൊട്ടാണ് ഇവിടെയുള്ളത്. നാഗരികതയുടേതായ വൈദ്യുതാലിംഗനത്തിൽപ്പെട്ട് മരവിപ്പിന്റെ പടവുകൾ കയറുവാൻ ആഖ്യാതാവായ കവി ഈ നടുവിനയെച്ചരൂപത്തിലൂടെ അഭ്യർത്ഥനയുടെ സ്വരം സ്വീകരിക്കുകയാണ്.  കവിയുടെ പാദസ്പന്ദങ്ങളേറ്റുനില്ക്കുന്ന സായന്തനം പീതവർണാഭമാവുന്നു. മൂവന്തിയുടെ അരുണിമ പാനംചെയ്ത് രംഗവേദി കൈയടക്കിയ ഭീതിദമായ പീതവർണ്ണം വായനക്കാരിൽ ചില സവിശേഷസൗന്ദര്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. സന്ധ്യാനേരത്ത് നഗരത്തിൽ കത്തുന്ന സോഡിയംവേപ്പർലാമ്പിന്റെ രാസവിദ്യയിൽനിന്നുമാണ്  സായംകാലത്തിന് മഞ്ഞയുടെ കൃത്രിമത്വം ലഭിക്കുന്നത്. അതായത് പകലിന്റെ വർണബോധത്തിൽനിന്ന്‍ യാതൊരു വ്യതിരിക്തതകളുമില്ലാതെ ഈ കവിതയ്ക്കുള്ളിലെ  രാത്രി തിരനോട്ടം നടത്തുന്നു.  ഇത് പ്രകൃതിയുടെ നൈസർഗികതയായ പകൽരാത്രിഭേദത്തെ ഇല്ലായ്മചെയ്യലാവുന്നു. മനുഷ്യജീവനത്തിനും പാരിസ്ഥിതികമായ സന്തുലിതത്വങ്ങൾക്കും സംഭവിച്ചിട്ടുള്ള ക്രമഭംഗങ്ങളുടെ നെഞ്ചിടിപ്പുകൾ കാവ്യാരംഭത്തിൽത്തന്നെ കേൾക്കാവുന്നതാണ്.


പല നഗരങ്ങളിലൂടെയും പ്രവഹിച്ചുപോയിട്ടുണ്ടെങ്കിലും എറണാകുളംനഗരം ബാലചന്ദ്രന് ഏറെ പരിചിതവും സമീപസ്ഥവുമായ ദേശാനുഭവകേന്ദ്രങ്ങളിലൊന്നാണ്. മുഖത്ത് വിദ്യുച്ഛക്തിവെളിച്ചം വാരിപ്പൂശി, കൊച്ചിക്കായൽപ്പരപ്പിലേക്ക് നോക്കിനില്ക്കുന്ന, അഴിമുഖത്തുകൂടി പടിഞ്ഞാറുനിന്നുവരുന്ന പുതിയ വിരുന്നുകാരെ കാത്തുനില്ക്കുന്ന ഈ നഗരത്തെ ‘കവിയുടെ കാൽപ്പാടുകളിൽ’ പി.കുഞ്ഞിരാമൻനായർ അനുസ്മരിക്കുന്നുണ്ട്. കൊച്ചിതുറമുഖത്ത് എത്തിച്ചേരുന്ന ഒരു കപ്പൽ ജോൺകാവ്യത്തിന്റെ ധ്വനിമര്യാദകളിലേക്ക് പതുക്കനെ  കുടിയേറിപ്പാർക്കുന്നുണ്ട്. ‘പതാകയേന്താത്ത ലോഹനൗക’ എന്ന പ്രയോഗം പ്രത്യയശാസ്ത്രഭാരങ്ങളിറക്കിവച്ച കവിസ്വത്വത്തിന്റെ സമകാലാവസ്ഥയെയാണ് ആവിഷ്കരിക്കുന്നത്. നിയോൺവാതകം നിറച്ച നഗരബൾബുകളുടെ കൃത്രിമവെളിച്ചങ്ങളും പൊള്ളിക്കുന്ന അനുഭവലോകങ്ങളും ചേർന്ന് പുതുകൗമാരത്തിന്റെ നൃത്തരാത്രികളിലേക്ക് ഇനിയും തന്നെ വലിച്ചിഴക്കരുതേയെന്ന പ്രാർഥനയുമായാണ് കവിയുടെ നില്പ്. ‘അരുത്’ എന്ന നിഷേധരൂപത്തിന്റെയും ‘വിളിച്ചുണർത്താം’ എന്ന അനുജ്ഞായകവിധിയുടെ നിഷേധാവിഷ്കൃതിയുടെയും പാദാന്ത്യങ്ങളിലുള്ള പ്രത്യക്ഷപ്പെടൽ ശ്രദ്ധേയമാണ്.  കവി ഇതിനുമുൻപ് കടന്നുപോയ സ്ഥലകാലങ്ങളിൽനിന്നുമുള്ള പരിപൂർണമായ വിടുതലിനെ ലക്ഷ്യംവയ്ക്കുന്നുണ്ടിത്. കവിസ്വത്വത്തിന്റെ അഭദ്രതകളിലേക്ക് തരിശുനിലവും ഈർച്ചപ്പൊടിയും നിറഞ്ഞുകവിയുന്നു. പൊള്ളയും ശൂന്യവുമായ നാഗരികസംത്രാസങ്ങളാൽ താണ്ടിനീക്കിയ ദുഃഖദീർഘയാനങ്ങളുടെ തിരുശേഷിപ്പാണ് ഈ തരിശും ഈർച്ചപ്പൊടിയും. തരിശെന്നത് മരവിപ്പിന്റെയും മരണത്തിന്റെയും സാന്നിധ്യത്തെ പ്രത്യക്ഷവത്കരിക്കുന്നു.  നീറിനീറിക്കത്തുന്ന ഈർച്ചപ്പൊടി നീറ്റലിന്റെയും വരൾച്ചയുടെയും ഇരുണ്ട ഭൂഖണ്ഡാനുഭവം പകുത്തുതരുന്നു. അറക്കവാളുകൊണ്ടുള്ള മരത്തടിയുടെ വേർപെടുത്തലിൽനിന്നാണ് ഈർച്ചപ്പൊടിയുടെ നിർമാണം.  ഹിംസാത്മകമായ ഒരു ഭീകരകർമത്തിന്റെ ബാക്കിപത്രമെന്നവണ്ണം ഈർച്ചപ്പൊടിയെ നമുക്ക് വീക്ഷിക്കാനാവും. നാഗരികത മനുഷ്യാസ്തിത്വത്തിലേല്പിക്കുന്ന മരവിച്ച സ്ഥലകാലബോധങ്ങളെ കാവ്യാത്മകമാക്കിമാറ്റാൻ ബാലചന്ദ്രന്റെ ജ്വാലാമുഖിയായ ഭാവനയ്ക്ക് സാധ്യമായിരിക്കുന്നു. ‘ദുഃഖദീർഘങ്ങൾ ‘എന്ന പ്രയോഗത്തിൽ ദുഃഖം സ്ഥലത്തെയും ദീർഘം കാലത്തെയും ഉൾക്കൊള്ളുന്നുണ്ട്. ഈ ദുരന്തവൃത്തത്തെ അതിജീവിക്കുവാനുള്ള കവിയുടെ വഴിത്തുണ അയാൾക്ക് മുന്നിലുള്ള സൗന്ദര്യാത്മകവും സാന്ദ്രവുമായ കാവ്യഭാഷയാകുന്നു. ഉപസർപ്പിണിയെന്ന ഭാഷാവൃത്തത്തെ ഉടച്ചുവാർത്ത് ഉത്പാദിപ്പിച്ചെടുത്ത ധ്വനിപരമായ നേർമയുള്ള ഈ കവിതയുടെ ഭാഷാസ്വരൂപം മേൽചൊന്ന പ്രമേയകലാപത്തിനു  സമർത്ഥമാണ്.  ഗ്രാമസ്വപ്നങ്ങളുടെ പ്രഭാകേന്ദ്രങ്ങളിലേക്ക് കാവ്യഭാഷയെ ചലിപ്പിച്ചിരുന്ന കക്കാടിൽനിന്നും കടമ്മനിട്ടയിൽനിന്നും ബാലചന്ദ്രൻ വ്യത്യസ്തനാകുന്നു. നഗരത്തെ അഭിമുഖീകരിക്കുകയും നഗരത്തോട് നേർക്കുനേർ സമരപ്രഖ്യാപനം നടത്തി നഗരത്തിൽനിന്നുതന്നെ ബദൽഭാഷയും ആഖ്യാനവും രൂപപ്പെടുത്തുകയാണിവിടെ.


വ്യാകുലസഞ്ചാരപഥങ്ങളുടെ അന്ത്യത്തിൽ നിഷ്പന്ദധ്യാനത്തിനുള്ള സാധ്യത തെളിഞ്ഞുവരികയാണ്. മനനവും നിരീക്ഷണവും അന്വേഷണവും അക്ഷരാർത്ഥത്തിൽ പ്രസക്തി കൈവരിക്കുന്ന സന്ദർഭമാണിത്. ‘ഒരുവനെ തേടുന്നത്’ സ്വാനുഭവമാക്കിമാറ്റുന്ന കവി ജീവിതത്തിന്റെ സർവാശ്ലേഷിയായ സർഗസൗന്ദര്യധാരയെത്തന്നെയാണ് തിരയുന്നത്. വിശ്ലഥമാവുന്ന ഉപസർപ്പിണി വൃത്തത്തിനുള്ളിലെവിടെയോ കവിതയുടെ രക്തവും മാംസവുമായ ‘ജോൺ’ ചിതറിത്തെറിച്ചുനിറയുന്നു.  ശീർഷകത്തിനു കീഴിലുള്ള സമർപ്പണത്തിൽനിന്ന്‍ അന്വേഷണരഥ്യയുടെ അന്തിമബിന്ദു ചലച്ചിത്രകാരനായ ജോൺ എബ്രഹാമാണെന്ന് വ്യക്തമായിരുന്നുവല്ലോ. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിതത്തിന്റെ നഗ്നതയായി മലയാളക്കരയിൽ ആർത്തിരമ്പിനടന്ന ഒരു അതിസൂക്ഷ്മജ്വാലയായിരുന്നു ജോൺ എബ്രഹാം.  ഇയാളുടെ നാമധേയം കവിതയിൽ ആദ്യം അനുഭവവേദ്യമാകുന്നത് വേദപുസ്തകങ്ങളുടെ പ്രാചീനശിഖരങ്ങളിലായിട്ടാണ്. കാലാതിശായിയായ അനുഭവമുദ്രണങ്ങളുടെ പർണശാലയാണ് വേദങ്ങൾ. മനുഷ്യപ്രകൃതീലയത്തിന്റെ അക്ഷയഖനികളാണവ. ജോൺ എന്ന മഹാവിസ്മയരൂപത്തിന് യോഗാത്മകതയുടെ കിരാതചന്ദനം തൊടുവിക്കുകയാണിവിടെ.  പ്രാചീനസ്മൃതിസ്ഥാനങ്ങളിലെവിടെയോ ആണ് ജോൺ എന്ന അവധൂതന്റെ പിറവി എന്ന സൂചനയുമിവിടെയുണ്ട്.


ജോൺ എന്ന അകൃത്രിമമധുരമായ കടങ്കഥയുടെ ഉൾപ്പൊരുളുകളിലേക്ക് കവിത പാഞ്ഞുപോവുന്നു. മേൽവിലാസവും നിഴലും വിശപ്പുമില്ലാത്ത ജോൺ എബ്രഹാം പ്രത്യക്ഷപ്പെടുന്നു. സവിശേഷദേശകാലങ്ങളിൽ സ്വയം തളച്ചിടാനാവാത്തവർക്ക് മേൽവിലാസം എന്ന വിലങ്ങ് ഉണ്ടാവുകയില്ലല്ലോ. അവർ പ്രായോഗികജീവിതത്തിന്റെ സ്വാർത്ഥശീലങ്ങളിൽനിന്ന്‍ പരിപൂർണമുക്തി നേടിയവരായിരിക്കും. പാറിപ്പറന്നുപോകുന്ന പറവകളുടെ വിശേഷശോഭ ആർജിക്കുവാൻ ഈ സുമനസ്സുകൾക്ക് കഴിയുന്നു. നിഴലില്ലാതാവുക എന്നത് മനുഷ്യരൂപത്തിന്റെ പ്രകൃതിയുമായുള്ള ഗാഢലയത്തെയാണ് ദ്യോതിപ്പിക്കുന്നത്.  ഭൂമിയിൽ നിഴൽസാന്നിധ്യം ഇല്ലാതാവുമ്പോൾ അവിടം ഇരുട്ടിന്റെ ശ്യാമം അകന്ന് പ്രകാശമയമായിത്തീരും. ജോൺ വെളിച്ചത്തിന്റെ കാവൽക്കാരനാണെന്ന മഹാസത്യത്തിന്റെ  ജ്വലനമാണിവിടെയുള്ളത്. നിഴലില്ലാത്തത് ദൈവങ്ങൾക്കാണ്. ഇവിടെ ദൈവികത പ്രതിഭയുടെ മിന്നൽവെളിച്ചം തന്നെയാവുന്നു. സ്വന്തം ജീവിതത്തിന്റെ സമസ്തവും ലോകത്തിനുമുന്നിൽ നിവർത്തിയിട്ട ജോൺ എബ്രഹാമിന്റെ പ്രാണസ്പന്ദങ്ങളിലെ സുതാര്യത ഇവിടെ ഓർമിക്കേണ്ടതുണ്ട്. ബാലചന്ദ്രന്റെ കവിതകളിൽ പൊതുവേ കാണുന്ന ബിംബപ്രയോഗങ്ങളുടെ വാചാലസംഘനൃത്തം ഈ കവിതയിൽ കാണുന്നില്ല. ഒരുതരം നാടകീയാഖ്യാനസ്വരത്തിലൂടെയാണ് കവിതയുടെ ധ്വനനവിദ്യ ഉരുവംകൊള്ളുന്നത്. നിഴൽരഹിതനായ ജോണെന്ന വ്യക്തി സ്വാഭാവികമായും ബിംബരഹിതനുമാവുന്നു. നിഴലോ ബിംബങ്ങളോ ഇല്ലാത്ത ഈ അവധൂതന്റെ അവതരണത്തിന് ബിംബഭാഷ അപര്യാപ്തമാവുമെന്ന് ബാലചന്ദ്രന്റെ ജീനിയസ് തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ഭൗതികകാമനകളെ അതിജീവിക്കുന്നതിന്റെ പടവുകളിലൊന്നാണ് വിശപ്പ് അസ്തമിക്കുക എന്നത്. ശരീരത്തെ അപ്രസക്തമാക്കിക്കളയുന്ന ധ്യാനനിർഭരമായ അവസ്ഥാന്തരമാണിത്. ആഹരിക്കാതിരിക്കുന്നവന് ചരാചരങ്ങളെ സംഹരിക്കേണ്ടതായും വരുന്നില്ല. അയാൾ അഹിംസയുടെ കാവൽക്കാരനാവുന്നു. മുഖ്യധാരാജീവിതാവേഗങ്ങളിൽനിന്ന്‍ വഴിമാറി നടന്ന ജോൺ എബ്രഹാമിന്റെ നൈസർഗികഭദ്രതയുള്ള ജീവിതഭാവങ്ങളാണ് മിന്നിത്തെളിഞ്ഞുവരുന്നത്.


രോഗഗ്രസ്തനിമിഷങ്ങളിൽ നമ്മിൽനിന്ന്‍ ഉറക്കം ഒഴിഞ്ഞുപോവുകയെന്നത് സ്വാഭാവികമാണ്. നാഗരികമായ മനഃശരീരങ്ങൾക്കേറ്റ ആഴമുള്ള രോഗങ്ങളിലൊന്നായി സോഡിയംപ്രകാശത്തെ കവി തിരിച്ചറിയുന്നുണ്ട്. പകലിന്റെ തനിപ്പകർപ്പായിമാറുന്ന നഗരനിശാവേളകളിൽ മനുഷ്യർ രൂപങ്ങളുടെ നദിയായി പ്രവഹിക്കുന്നു. ഭാവപരമായ ശൂന്യതയിലേക്ക് മുതലക്കൂപ്പുകുത്തുന്ന പൊള്ളമനുഷ്യരുടെ ദുരന്തചിത്രണമാണിത്. ഒഴുക്കിൽപ്പെട്ടുപോകുന്ന മനുഷ്യക്കോലങ്ങൾക്ക് പരപ്പാണുള്ളത്.  നിരന്തരം പഞ്ചഭൂതങ്ങളെ ആക്രമിക്കുന്ന വിഷവാഹിയായ ഒരു ഖരനഗരത്തിന്റെ പാരിസ്ഥിതികപ്രതിസന്ധികളും ഇവിടെ സൂചിപ്പിക്കുന്നുണ്ട്. നഗരജീവിതം ഗതാഗതക്കുരുക്കുകളുടെ ആശങ്കകളും ഉത്കണ്ഠകളുമായി പ്രത്യക്ഷപ്പെടുന്നു. വാഹനപ്പുകയ്ക്കുള്ളിൽ പെട്ടുപോകുന്ന നഗരത്തിന്റെ  ബീഭത്സത വിവൃതമാകുന്ന സന്ദർഭമാണിത്.  സിങ്കും ചെമ്പും സമന്വയിക്കുന്ന കൃത്രിമലോഹസങ്കരമാണ് പിച്ചള.  മരവിച്ച മഞ്ഞപ്പിന്റെ അടയാളമാകുന്നു പിച്ചളക്കണ്ണുകൾ. മഞ്ഞപ്പിത്തം ബാധിച്ചതും നിർജീവവുമായ കൺകോണുകളുമായി ആഖ്യാതാവായ കവി ജോണിനെ തിരയുന്നു. പൊടുന്നനെ  കരഗതമാകുന്ന ഒരു ലാഘവപ്രതിഭാസമല്ല ജോൺ. മഞ്ഞക്കണ്ണുകൾക്ക് എത്തിപ്പിടിക്കാനുള്ളത് ചിന്നിച്ചിതറിനില്ക്കുന്ന ഒരു നാറാണത്തുഭ്രാന്തനെയാണെന്നും ഓർക്കണം. നഗരത്തിന്റെ സമകാലാവസ്ഥയിൽ മാത്രമല്ല വംശപാരമ്പര്യത്തിന്റെ കൽപ്പടവുകളിലാകമാനം ഭൗതികവും ആത്മീയവുമായ ഊഷരാനുഭവങ്ങളാണുള്ളത്.


ജീവകോശങ്ങളിൽ സ്ഥിതിചെയ്യുന്ന നീണ്ട തന്തുക്കൾ പോലെയുള്ള ക്രോമസോമുകളിലെ ഡി.എൻ.എ.യിലാണ് മനുഷ്യവംശപാരമ്പര്യം കുടികൊള്ളുന്നത്. ഇതിലടങ്ങിയിട്ടുള്ള രാസസൂചകങ്ങളുടെ സന്ദേശം അനുസരിച്ചാണ് കോശം വളർച്ച പ്രാപിക്കുക. പിരിയൻഗോവണിയുടെ ആകൃതി ഡി.എൻ.എ.ക്കുണ്ട്. ‘ജനിതക ഗോവണിപ്പടി ‘എന്ന പ്രയോഗത്തിൽ നവപദരചനയുടെ സുഗന്ധം തങ്ങിനില്ക്കുന്നു. പാരമ്പര്യവാഹകരായ ഈ ഗോവണിപ്പടികളിൽ കരിപിടിക്കുകയാണ്. കാവ്യശരീരത്തിൽനിന്ന് കാല്പനികാലങ്കാരികതയുടെ ആടയാഭരണങ്ങൾ പരിപൂർണമായി വിടപറയുകയും പാരുഷ്യമേറുന്ന ഒരു പദകോശം വികസ്വരമാവുകയും ചെയ്യുന്നു. ഉപസർപ്പിണി എന്ന വൃത്തസ്വരൂപം ഭേദിക്കപ്പെടുകയും കാവ്യപാദങ്ങൾ സങ്കലനവ്യവകലനങ്ങൾക്ക് വിധേയമാവുകയുംചെയ്യുന്നു.

സ്വച്ഛന്ദചാരിയായ ജോണിനെ അന്വേഷിച്ച് ചില മേൽവിലാസങ്ങളിലണയുന്നുണ്ട്. ഇരുപതാംനമ്പർ വീട് എന്നു പറഞ്ഞു തന്നെയാണ് ലൈംഗികത്തൊഴിലാളിയുടെ ഇടത്തെ പരിചയപ്പെടുത്തുന്നത്. സ്വയം എരിഞ്ഞുതീരുന്ന അവളെപ്പോലെ ഒരു മെഴുകുതിരിവെളിച്ചം മുറിയിൽ നിറയുന്നു.  ദേഹീദേഹങ്ങളിൽ അഗാധമായ മുറിവുകളുണ്ടാവുകയും അവളുടെ ശയ്യ തീക്കനൽ നിറഞ്ഞ് രക്തവർണാഭമാവുകയുംചെയ്യുന്നു. അന്ധമായ കാമാസക്തിയുടെ കടൽത്തിരയേറ്റങ്ങൾ നടക്കുന്ന കട്ടിലിൽ കവി തേടുന്നത് അവളുടെ പ്രണയാർദ്രമിഴികളെയാണ്. അതായത് മാംസനിരപേക്ഷമായ കാല്പനികനയനത്തിന്റെ വശീകരണത്തിലാണ് താല്പര്യം. കാല്പനികഭാവനിവേദനസന്ദർഭത്തിലുണ്ടാവേണ്ട ഭാഷയുമായി പുലബന്ധമില്ലാത്ത ശാസ്ത്രജ്ഞാനഘടിതമായ ഒരുതരം കാവ്യഭാഷയാണ് ഇവിടെയുള്ളത്. ‘എവിടെ ജോൺ?’ എന്ന ചോദ്യം കവിതയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യസന്ദർഭമാണിത്. ദൈവവിചാരണയുടെ പ്രതിസന്ധിഘട്ടത്തിൽ സഹോദരഘാതകനായ കായേൻ ദൈവത്തോട് സംവദിച്ച ബൈബിൾവാക്യവും കവിതയിൽ കടന്നുവരുന്നത് ഇപ്പോഴാണ്. ജോൺ എന്ന മേൽവിലാസമില്ലാത്ത പറവയുടെ അറിവുകളൊന്നുംതന്നെ തന്നിൽ അവശേഷിക്കുന്നില്ലെന്ന്  ലൈംഗികത്തൊഴിലാളി പറഞ്ഞൊഴിയുന്നു. അവളുടെ ഉള്ളിൽ കായേന്റെ ആസക്തി തളംകെട്ടിക്കിടക്കുന്നുണ്ട്. വ്യവസ്ഥയുടെ നിയന്ത്രണങ്ങൾക്ക് അടിമപ്പെടലാണിത്. ആത്മീയശൂന്യതയെ അതിജീവിക്കാൻ മദ്യത്തിനാവില്ലയെന്ന വെളിപാടും കവിചിത്തത്തിൽ അന്തർലീനമാണ്. ചാരായം ചെകുത്താന്റെ രക്തവും നരകതീർത്ഥവും ആകുന്നത് ഈയൊരു പരിപ്രേക്ഷ്യത്തിലാണ്. ചാരായശാലയിലെ നാടകീയരംഗാഖ്യാനവും ബൈബിൾമിത്തിലേക്കാണ് സഞ്ചരിച്ചെത്തുന്നത്. ക്രമരഹിതനായ ശീലാവലംബിക്ക്‌ ഞങ്ങൾ സൂക്ഷിപ്പുകാരല്ലെന്ന് ചാരായക്കട ഒന്നടങ്കം വെളിവാക്കുന്നു.  വ്യവസ്ഥാപിതത്വത്തിന്റെ ഭാഗമായ മേൽവിലാസം ചാരായശാലയ്ക്കുമുണ്ടല്ലോ.  മേൽവിലാസമുള്ളവർ ജോണിനെ മറക്കുന്നത് തികച്ചും സ്വാഭാവികംതന്നെ.  അന്വേഷണമധ്യത്തിൽ കിട്ടിയ പ്രഹരങ്ങൾ ആഖ്യാതാവിനെ ജലരഹിതമായ ചാരായത്തിലാഴ്ത്തുന്നു. ദ്രാവകരൂപത്തിലുള്ള ലോഹമാണ് മെർക്കുറി. ആഖ്യാതാവിലേക്ക് പടർന്നിറങ്ങുന്ന മെർക്കുറിയുടെ വിഷാംശം കവിതയിൽ നിറയുകവഴി ജോൺജീവിതത്തിന്റെ സൂക്ഷ്മതകളും പ്രത്യക്ഷപ്പെടുകയാണ്.


ജോൺതിരയലിന്റെ അടുത്ത കേന്ദ്രം കരിയറിസ്റ്റായി പരിവർത്തിക്കപ്പെട്ട പഴയ വിപ്ലവകാരിയുടെ താവളമാകുന്നു. ഒരുകാലത്ത് കലാപതീവ്രതയോടെ ജോണിന്റെ ഹൃദയത്തിന്റെ തോളിൽ കൈയിട്ടുനടന്ന സുഹൃത്ത് പാർക്കുന്ന ലോഡ്ജ്മുറിയാണത്. അയാളിലേക്ക് അതിക്രമിച്ചുകയറിവന്ന കരിയറിസത്തിന്റെ കായേൻഘടകത്തെ നാമിവിടെ കണ്ടുമുട്ടുന്നു. ‘കൊതുകു വലയ്ക്കുള്ളിൽ കിടക്കുന്നു’ എന്ന പ്രയോഗം ഒരു ശുദ്ധകരിയറിസ്റ്റിന്റെ സങ്കുചിതത്വത്തെക്കുറിച്ച് സൂചനകൾ നല്കുന്നുണ്ട്. പ്രതിഭാധനൻമാരുടെ സർപ്പസാന്നിധ്യം പഴയ സുഹൃത്തിന് അസഹ്യം തന്നെ. ഒരു വ്യവസ്ഥയോടും സന്ധിചെയ്യാതെ സ്വതന്ത്രമായി ഇഴഞ്ഞുനീങ്ങിയതായിരുന്നുവല്ലോ അലഞ്ഞുതിരിയലിന്റേതായ ജോൺജന്മം. മധ്യവർഗസാമൂഹിക പരിചരണങ്ങളേറ്റുവാങ്ങിക്കഴിഞ്ഞ പഴയ സുഹൃത്ത് അനുസരണ ശീലിച്ച കുട്ടിയെപ്പോലെ ബൈബിൾവചനം ആവർത്തിക്കുന്നത് കവിതയിൽ കാണാം. ഇതു കേൾക്കവെ ആഖ്യാതാവിന്റെ ശരീരത്തിലെ ഏറ്റവും സാന്ദ്രവും ആന്തരികവുമായ അവയവങ്ങൾ വരെ നീറിപ്പുകയുന്നു. അന്വേഷണപര്യടനങ്ങളുടെ പരിസമാപ്തിയിൽ ഏകാന്തമായി നിലകൊണ്ട പാതയോരത്തെ കണ്ടുമുട്ടും. സഹനരൂപനായ ക്രിസ്തുവിന്റെ ദാരുണസ്മരണപോലെ ഒരു മണിമുഴക്കം അപ്പോൾ കേൾക്കാം. ശവം ഏറ്റുവാങ്ങുന്നതിനുമുൻപുള്ള സെമിത്തേരിയിലെ മണിനാദവുമാവാമത്. ഇവിടെ ജോൺമരണത്തിന്റെ സൂചനകൾ പതിയിരിപ്പുണ്ട്. മനുഷ്യന് കേൾക്കാവുന്ന ഏറ്റവും വലിയ പ്രകൃതിജന്യശബ്ദമായ ഇടിമുഴക്കം മണിനാദത്തിന് അകമ്പടി സേവിക്കുന്നു. ‘എവിടെ ജോൺ?’ എന്ന ചോദ്യം കാവ്യശരീരത്തിൽ വീണ്ടും കയറിക്കൂടുന്നു. ഇടിമുഴക്കം ദൈവവും ജോൺ ആബേലും കവി കായേനുമായി മാറുന്ന ഒരു സവിശേഷമിത്തിക്കൽദൃശ്യം സൃഷ്ടിക്കപ്പെടുന്നു. മണ്ണിന്റെ അന്തരാളങ്ങളിൽനിന്ന് ജോൺരക്തത്തിന്റെ നിലവിളി ഉയർന്നുപൊങ്ങുകയാണ്.  ബൈബിളിലെ കായേനിൽനിന്ന്‍ കവിസ്വത്വം ഇവിടെ വ്യത്യസ്തമാവുന്നത് പശ്ചാത്താപസ്പർശമുള്ള വിലാപസ്വരത്തിലൂടെയാണ്.   കാവ്യാന്ത്യത്തിൽ കോൺക്രീറ്റ്കുരിശിൻ ചുവട്ടിൽ കാർബണികാംശം കലർന്ന മഞ്ഞുതുള്ളികൾ വേതാളനൃത്തം ചവിട്ടുന്നു. സ്വത്വനഷ്ടത്തിന്റെതായ ഒരുതരം മരവിപ്പാണിവിടെയുള്ളത്.


‘എവിടെ ജോൺ?’ എന്ന കവിത നിറയെ രസതന്ത്രശാസ്ത്രശാഖയിൽനിന്ന്‍ സ്വീകരിച്ച പദകോശം കാണ്മാനാവും. പ്രകൃതിയുടെ സ്വാഭാവികതകളെവേദനിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾകൂടി രസതന്ത്രത്തിന്റെ  ഭാഗമായി സംഭവിക്കാറുണ്ട്. ജോൺ പ്രകൃതിയിൽ പടർന്നിറങ്ങി     പ്രകൃതിയായിത്തീർന്നവനായിരുന്നു. ഈ ‘അമ്മയെ അറിഞ്ഞവന്റെ’ ആവിഷ്കാരത്തിനു  പലപ്പോഴും പ്രകൃതിയെ ഹനിക്കുന്ന രസതന്ത്രത്തിന്റെ വിഷമയപരിസരത്തിൽ നിന്ന്‍ കാവ്യഭാഷ വികസിപ്പിച്ചെടുത്തുവെന്നതാണ് ഈ കവിതയെ വേറിട്ടുനിറുത്തുന്നത്. പോസിറ്റീവായ ഏകരസതന്ത്രപദം ഗന്ധകാമ്ലം ആകുന്നു. തുളച്ചുകയറുന്ന സ്വഭാവമുള്ള സൾഫ്യൂരിക്ആസിഡ് എല്ലാ വ്യവസ്ഥാപിതത്ത്വങ്ങളെയും ക്ഷയിപ്പിച്ചുകൊണ്ട് ജോൺഹൃദയത്തിൽ നിറഞ്ഞുതൂവുന്നു. അതായത് വ്യവസ്ഥയുടെ കൂച്ചുവിലങ്ങും ഏച്ചുകെട്ടും തകരുകയും വ്യക്തിയുടെ ജന്മവാസനകൾ ചിതറിത്തെറിച്ചുനീങ്ങുകയും ചെയ്യുമ്പോഴാണ് ജോണിന്റെ തിരുപ്പിറവി. കവിത തീരുമ്പോൾ കല്ലറ ശൂന്യമാണ്. കല്ലറയിൽ ജോണില്ല. ജോണിന് മരണമില്ല. മരണമില്ലാത്തവൻ ഉയിർത്തെഴുന്നേല്ക്കുന്നവനാണ്. ജോണിനുള്ളിൽ ഒരഗാധമന്ത്രജപംപോലെ ക്രിസ്തുവിന്റെ  നിഴലാട്ടങ്ങളുണ്ട്. യാതൊരു മറയുമില്ലാതെ ആളിപ്പടരുന്ന സൗഹൃദത്തിന്റെ നഗ്നനൃത്തമായി ജോൺ സർവകാലദേശങ്ങളിലും വീണ്ടെടുക്കപ്പെടുകയാണ്.  അഭ്യർത്ഥനയിലും അപേക്ഷയിലും ആരംഭിച്ച്‌ ചോദ്യചിഹ്നത്തിലും നിർവൃതിയിലും അഭയംതേടിയ ജോൺകാവ്യം ജീവിതത്തിലെ വിചിത്രാനുഭവസമസ്യകളിലും ഒപ്പം പ്രതിസന്ധിബോധങ്ങളിലും നഗ്നവും സുതാര്യവുമായി തൊട്ടുനോക്കുന്നു.