ശാസ്ത്രവുമായി ഒളിച്ചുകളി – കെ. ബാബു ജോസഫ്

ശാസ്ത്രവുമായി ഒളിച്ചുകളി   – കെ. ബാബു ജോസഫ്

സ്വാതന്ത്ര്യപ്രാപ്തിയുടെ വജ്രജൂബിലി സമ്മാനിച്ച ‘ആലസ്യ’ത്തിൽനിന്ന് നമ്മൾ മുക്തരായിട്ടില്ലല്ലോ. നാട്ടുകാരുടെ കരങ്ങളിലേക്ക്, 1947-ൽ, ഭരണാധികാരം കൈമാറിയെങ്കിലും, പാശ്ചാത്യചിന്തയിൽനിന്നോ, ശാസ്ത്രത്തിൽനിന്നോ വിടുതൽ നേടണമെന്ന് സാമാന്യബോധമുള്ളവരാരും കരുതിയിട്ടുണ്ടാവില്ല. ആഗോളതലത്തിൽ തത്ത്വചിന്തയും ശാസ്ത്രവും, എന്നുവേണ്ട സാഹിത്യവും മനുഷ്യരാശിയുടെ പൊതുസ്വത്തായിത്തീർന്നിരിക്കുകയാണ്. പൗരാണിക ഇന്ത്യൻസമൂഹം ഗണിതം, ജ്യോതിശ്ശാസ്ത്രം, ഭാഷാശാസ്ത്രം, രസതന്ത്രം. ലോഹതന്ത്രം, ആയുർവേദം തുടങ്ങിയ മേഖലകളിൽ ഇതര സമകാലീനജനതകളെ അപേക്ഷിച്ച്, ഉന്നതനിലവാരമുള്ള സംഭാവനകൾ നടത്തിയിട്ടുണ്ട്. ഇതിൽനിന്ന് സ്പഷ്ടമാകുന്നത്, നമുക്ക് പണ്ട് മികച്ച രീതിയിലുള്ള ഒരു ശാസ്ത്രബോധം ഉണ്ടായിരുന്നുവെന്നാണ്. ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിലുള്ള വിശ്വാസത്തെയാണ് ശാസ്ത്രാവബോധം, ശാസ്ത്രീയബോധം, ശാസ്ത്രബോധം എന്നൊക്കെ പറയുന്നത്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് ശാസ്ത്രത്തിന്റെ വഴി. പരീക്ഷണാധിഷ്ഠിത രീതി എന്ന് ഈ സമീപനത്തെ വിശേഷിപ്പിക്കാം. എന്നാൽ പിൽക്കാലത്ത് പല കാരണങ്ങൾകൊണ്ട്, നമ്മൾ ഇത്തരത്തിലുള്ള ശാസ്ത്രപാരമ്പര്യം കളഞ്ഞുകുളിച്ചു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സദ്ഫലങ്ങൾ എല്ലാവർക്കും വേണം. എന്നാൽ ശാസ്ത്രബോധത്തിന്റെ കാര്യത്തിൽ നമ്മൾ ഏറെ പിന്നാക്കം പോയിരിക്കുകയാണ്. ശാസ്ത്രവുമായി നമ്മളൊരൊളിച്ചുകളിയല്ലെ നടത്തുന്നതെന്ന് സംശയിച്ചുപോകും. എല്ലാവർക്കും ശാസ്ത്രം വേണം; പക്ഷേ, ആർക്കും ശാസ്ത്രബോധം വേണ്ട!


ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ, ഒരു സങ്കല്പനം പരീക്ഷണപരമായോ (ഉദാ: രസതന്ത്രം), നിരീക്ഷണപരമായോ (ഉദാ: പ്രപഞ്ചശാസ്ത്രം) ശരിയാണെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ടെങ്കിൽത്തന്നെ, അത് ശാസ്ത്രീയമാണെന്ന് വിധിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള സത്യാപന (verification) ത്തിനു പുറമേ, പുതിയ ഫലങ്ങളോ പ്രതിഭാസങ്ങളോ പ്രവചിക്കുന്നതിനുള്ള കഴിവും കൂടി ഉണ്ടെങ്കിൽ മാത്രമേ, അതിനെ ശാസ്ത്രവിജ്ഞാനമായി പരിഗണിക്കാനാവൂ. അറിയപ്പെടുന്ന പ്രതിഭാസങ്ങളെ വിശദീകരിക്കുകമാത്രം ചെയ്യുന്ന സങ്കല്പനങ്ങളെ അല്ലെങ്കിൽ സിദ്ധാന്തങ്ങളെ പോസിറ്റീവിസ്റ്റ് തത്ത്വചിന്തയുടെ അല്ലെങ്കിൽ ഫിക്ഷന്റെ ഭാഗമായേ കരുതൂ. ശാസ്ത്രവിഷയങ്ങളിൽ മൗലികസംഭാവനകൾ നടത്തിയ പാരമ്പര്യം നമുക്കുണ്ടായിട്ടും, ശാസ്ത്രബോധം വികസിപ്പിക്കുന്നതിൽ നമ്മൾ പിന്നാക്കം പോയതെന്തുകൊണ്ടാണ്?


1946-ൽ പ്രസിദ്ധീകരിച്ച ‘ദി ഡിസ്‌കവറി ഓഫ് ഇന്ത്യ’ എന്ന പ്രശസ്ത ഗ്രന്ഥത്തിൽ ശാസ്ത്രബോധത്തിന്റെ ആവശ്യകതയെപ്പറ്റി ജവഹർലാൽ നെഹ്രു ഊന്നിപ്പറയുന്നുണ്ട്. ശാസ്ത്രബോധം പരിപോഷിപ്പിക്കേണ്ടത് പൗരരുടെ ഒരു ചുമതലയായി ഭരണഘടനയിൽ പിന്നീടെഴുതിച്ചേർത്തു. എന്നാൽ ഇത് പ്രചരിപ്പിക്കുന്നതിന് സഹായകമായ ഒരു നടപടിയും ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മാത്രമല്ല, വ്യാജശാസ്ത്രങ്ങളും അന്ധവിശ്വാസങ്ങളും അരങ്ങുതകർക്കുകയുമാണ്. എന്തും വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ വാസ്തവത്തിൽ ദുരുപയോഗം ചെയ്യപ്പെടുകയാണ്. സ്വയം ദൈവമാണെന്നു പ്രഖ്യാപിക്കുന്നതിനോ പുതിയൊരു മതം സ്ഥാപിക്കുന്നതിനോ ഇവിടെ യാതൊരു വിലക്കുമില്ല. എന്നാൽ മറ്റുള്ളവരുടെ വിശ്വാസങ്ങളെയോ, സർക്കാരിന്റെ നയങ്ങളെയോ വിമർശിക്കാൻ പാടില്ല. വിമർശനത്തെ ഭയക്കുന്ന സമൂഹം ശാസ്ത്രത്തിന്റെ പാതയിൽനിന്നകന്നുപോകുന്നു. ശുദ്ധശാസ്ത്രത്തെയും പ്രയുക്തശാസ്ത്രത്തെയും വിമർശിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടല്ലോ എന്ന് ചിലർ വാദിച്ചേക്കും. എന്നാൽ, വ്യാജശാസ്ത്രങ്ങളെ അല്ലെങ്കിൽ ആഭിചാരക്രിയകളെ വിമർശിക്കുന്നതിന് എത്ര പേർക്ക് ധൈര്യമുണ്ട്? അന്ധവിശ്വാസങ്ങൾക്കെതിരെ പൊരുതി കൊല്ലപ്പെട്ട ഗോവിന്ദ് പൻസാരെ, ഗൗരിലങ്കേഷ് തുടങ്ങിയവരുടെ അനുഭവങ്ങൾ മറന്നിട്ടില്ല!


ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യത്തെക്കുറിച്ച് തെറ്റായ ചില ധാരണകൾ പരത്താൻ ചിലർ യത്‌നിക്കുന്നുണ്ട്. വിമാനശാസ്ത്രം, സ്‌പേസ് സയൻസ്, ഗോളാന്തരസഞ്ചാരം, ബയോടെക്‌നോളജി, പ്ലാസ്റ്റിക് സർജറി തുടങ്ങിയ മേഖലകളിൽ അയ്യായിരം വർഷം മുൻപുപോലും ഇന്ത്യക്കാർക്ക് വൈദഗ്ധ്യമുണ്ടായിരുന്നുവെന്ന് വാദിക്കുന്ന പ്രബന്ധങ്ങളും മറ്റും ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പോലുള്ള ശാസ്ത്രസമ്മേളനങ്ങളിൽ അവതരിപ്പിക്കാറുണ്ട്. ശാസ്ത്രബോധത്തിന്റെ കുറവാണ് ഇത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർ ചെയ്യുന്നത്.


പൊതുബോധത്തിൽ ശാസ്ത്രമില്ല


പൊതുബോധമെന്നു പറഞ്ഞാൽ രാഷ്ട്രീയബോധം മാത്രമാണെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ പടർന്നിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ പോരായ്മയാണോ ഇതെന്ന കാര്യത്തിൽ പഠനം ആവശ്യമാണ്. ശാസ്ത്രീയപഠനങ്ങളുടെ വെളിച്ചത്തിൽ മുന്നോട്ടുവയ്ക്കുന്ന പല നിർദേശങ്ങളെയും നമ്മൾ നിസ്സാരമായി കാണുന്നതിന്റെ തിക്തഫലങ്ങളാണ് ബസ്സപകടങ്ങളിലും ബോട്ടപകടങ്ങളിലും മറ്റും കാണുന്നത്. താനൂർ ബോട്ടപകടത്തിന്റെ ഒരു മുഖ്യകാരണം ഓവർലോഡിംഗാണെന്നു തെളിഞ്ഞു. അനുവദിക്കപ്പെട്ടതിന്റെ ഇരട്ടിപ്പേരായിരുന്നു ആ ബോട്ടിൽ യാത്ര ചെയ്തത്. ആവശ്യമുള്ളിടത്തോളം ലൈഫ് ജാക്കറ്റുകളില്ലാതിരുന്നത് മറ്റൊരു കാരണം. ഓവർലോഡിംഗ് പോലെതന്നെ അപകടകരമാണല്ലോ ഓവർസ്പീഡിംഗും. ഓരോ അപകടത്തിനുശേഷവും നടത്തുന്ന ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടുകൾ പഠിച്ച് നിർദേശങ്ങൾ നടപ്പിലാക്കാത്ത സർക്കാരുകൾ ശാസ്ത്രബോധമില്ലായ്മയ്ക്ക് ചൂട്ടുപിടിക്കുകയാണ്.


മാലിന്യനിർമാർജനത്തിന് പ്രായോഗികമായ ഒരു നിർദേശവും നടപ്പിൽ വന്നിട്ടില്ല. തദ്ദേശസ്വയംഭരണക്കാരുടെ ചുമതലയാണതെന്ന് പറഞ്ഞൊഴിയാൻ സര്‍ക്കാരിന് എളുപ്പമാണ്. റോഡുകൾ, ജലാശയങ്ങൾ, മറ്റു പൊതുസ്ഥലങ്ങൾ തുടങ്ങിയവയിൽ കുമിഞ്ഞുകൂടുന്ന മാലിന്യം എത്ര വലിയ ആരോഗ്യപ്രശ്‌നമാണ് സൃഷ്ടിക്കുന്നത്! മാലിന്യമുക്തമാക്കാതെ ടൂറിസവികസനത്തെപ്പറ്റി പറയുന്നതുപോലും ശരിയല്ല.


ഏറ്റവും കൂടുതലാളുകൾക്ക് പങ്കാളിത്തവും സന്തുഷ്ടിയും നല്കുന്ന ഭരണ സംവിധാനമെന്ന നിലയിൽ ജനാധിപത്യം ശാസ്ത്രീയമാണ്; സ്വേച്ഛാധിപത്യം, വർഗാധിപത്യം, ഏകാധിപത്യം തുടങ്ങിയ ഇതര സമ്പ്രദായങ്ങൾ അശാസ്ത്രീയമാണ്. എ.ഐ. ക്യാമറകളുടെ നോട്ടത്തിൽനിന്ന് വി.ഐ.പി.കൾക്ക് പിഴ ഒടുക്കാതെ പോകാമെന്ന് പറയുന്നു. രോഗികളെ വഹിക്കുന്ന വാഹനങ്ങൾക്കല്ലാതെ മറ്റാർക്കും ഇത്തരത്തിലുള്ള സൗജന്യം നല്കുന്നത് ശരിയല്ല. ജനാധിപത്യത്തിൽ സാക്ഷാൽ വി.ഐ.പി.കൾ ജനങ്ങളായിരിക്കണം. എന്നുവച്ചാൽ വി.ഐ.പി.യെന്ന മുദ്രയുള്ളവരെ മാത്രം പിഴയൊടുക്കുന്നതിൽ നിന്നൊഴിവാക്കരുതെന്ന് സാരം. പിഴ ഒടുക്കേണ്ടിവരില്ലെന്ന് തീർച്ചയുള്ളവർ ട്രാഫിക്നിയമങ്ങൾ ലംഘിക്കുന്നതിനുള്ള സാധ്യതയും വർദ്ധിക്കും.  റോഡപകടങ്ങളുടെ മൊത്തം സംഖ്യ പെരുകുന്നതിനും ഇതിടയാക്കും. സംഘടനാ ബലമുള്ളവർക്കെതിരെ പഞ്ചിംഗ് പോലുള്ള ഒരു നടപടിയും സാധ്യമല്ലെന്ന ഈ നാട്ടിലെ ചിട്ട ജനാധിപത്യപരമല്ലാത്തതിനാൽ ശാസ്ത്രീയവുമല്ല.


ശാസ്ത്രവും യുക്തിവാദവും


ശാസ്ത്രവും യുക്തിയും തമ്മിൽ വ്യത്യാസമില്ല; രണ്ടും ഒന്നുതന്നെയാണെന്ന മിഥ്യാബോധം പ്രചാരത്തിലുണ്ട്. കാര്യകാരണബന്ധം വിശദീകരിക്കുന്ന വാദമുഖങ്ങളും സിദ്ധാന്തങ്ങളും യുക്തിപരമാവാം. പക്ഷേ, ശാസ്ത്രീയമാകണമെന്നില്ല. ശാസ്ത്രത്തിൽത്തന്നെ ഈ അന്തരം സ്പഷ്ടമാക്കുന്ന നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. ഭൗതികശാസ്ത്രത്തിൽനിന്നൊരു ഉദാഹണം പറയാം: ന്യൂട്ടോണിയൻഭൗതികം തികച്ചും യുക്തിപരമാണെങ്കിലും, ചില പ്രതിഭാസങ്ങളെ വിശദീകരിക്കാൻ അതിന് കഴിവില്ല. ഐൻസ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തമെന്ന യുക്തിപരതയുള്ള മറ്റൊരു സിദ്ധാന്തം ഇതിനുവേണ്ടിവരുന്നു. എല്ലാത്തരത്തിലുള്ള തത്ത്വചിന്തയും യുക്തിപരമാണെങ്കിലും അതിന് പ്രവചനീയത ഇല്ലാത്തതിനാലാണ് ശാസ്ത്രമായി പരിഗണിക്കപ്പെടാത്തത്. ശാസ്ത്രത്തിന്റെ തത്ത്വചിന്ത (Philosophy of Science) ശാസ്ത്രസിദ്ധാന്തങ്ങളുടെ തത്ത്വചിന്താപരമായ വ്യാഖ്യാനം മാത്രമാണ്. അതിന് തനിച്ചൊരു പ്രവചനവും നടത്താൻ കഴിവില്ല.


പരീക്ഷണം അല്ലെങ്കിൽ നിരീക്ഷണം ആണ് അടിത്തറയെന്നതിനാൽ, ശാസ്ത്രം എപ്പോഴും പരിവർത്തനവിധേയമാണ്. പുതിയ തെളിവുകളുടെ വെളിച്ചത്തിൽ മുൻധാരണകളെ തിരുത്തേണ്ടിവന്നാൽ അതിനുള്ള സന്നദ്ധത ഉണ്ടാവുക ശാസ്ത്രബോധത്തിന്റെ ഫലമാണ്. ഒരധികാരവും കേവല(absolute)മല്ലെന്നത് ജനാധിപത്യബോധത്തെയെന്നപോലെ, ഒരു സിദ്ധാന്തവും കേവലമല്ലെന്നത് ശാസ്ത്രബോധത്തെയും അടയാളപ്പെടുത്തുന്നു. മാറ്റങ്ങളുണ്ടാകുന്നത് പുരോഗതിയുടെ അടയാളമാണ്. വിമർശനങ്ങളാണ് മാറ്റത്തിന്റെ പ്രേരകഘടകം. അവയോട് സഹിഷ്ണുത കാട്ടാത്ത സമൂഹങ്ങൾ ശാസ്ത്രം വിരൽത്തുമ്പിലുണ്ടെന്ന് നടിച്ചാലും, നിശ്ചലമാവുകയോ, അധഃപതനത്തിലേക്ക് പിൻവാങ്ങുകയോ ചെയ്യും.


എൻ.സി.ഇ.ആർ.ടി. തുറന്നുവിട്ട കുടത്തിലെ ഭൂതം


ഹൈസ്‌കൂൾ – ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാഭ്യാസത്തെപ്പറ്റി ചൂടേറിയ ചർച്ചകൾ നടക്കുന്ന കാലമാണല്ലോ ഇത്. പ്രസക്തമായ ഒരു വിഷയം ശാസ്ത്രസിലബസാണ്. 10-ാം ക്ലാസ്സിലും 12-ാം ക്ലാസ്സിലും ഏറെ മാറ്റങ്ങളോടെയാണ് ഫിസിക്‌സ്,കെമിസ്ട്രി,ബയോളജി,മാത്തമാറ്റിക്‌സ് തുടങ്ങിയ സിലബസുകൾ പ്രസിദ്ധീകരിച്ചിരിക്കുക. കോവിഡ്-19മൂലം കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നുവെന്ന വിശദീകരണമാണ് എൻ.സി.ഇ.ആർ.ടി. എന്ന കേന്ദ്രസമിതി നല്കുന്നത്. ഉദ്ദേശ്യം നല്ലതാണല്ലോ എന്നു തോന്നുമെങ്കിലും ഇത്തരം നടപടികൾ വേണ്ടത്ര ആലോചന കൂടാതെ നടത്തുന്നതിന്റെ ഇര കുട്ടികളുടെ ശാസ്ത്രബോധമാണെന്ന് പറയാതെവയ്യ. രണ്ടോ മൂന്നോ ഉദാഹരണങ്ങൾ പറയാം. 10, 11, 12 ക്ലാസുകളിലെ ഫിസിക്‌സ് സിലബസിൽനിന്ന് വാർത്താവിനിമയം (Communication) എന്ന വിഷയത്തെ പൂര്‍ണമായും വെട്ടിമാറ്റി. സമകാലികജീവിതത്തിൽ ഇതിനുള്ള പ്രാധാന്യം എത്രമാത്രമുണ്ടെന്ന് അറിയാത്തവരില്ല. 10-ാം ക്ലാസ്സിൽ പരിണാമസിദ്ധാന്തമില്ല. ജനിതകത്തെപ്പറ്റി ഒരധ്യായം ബയോളജി സിലബസിൽ കൊടുക്കുന്നുണ്ട്. വൈറസുകളുടെ പരിണാമത്തെപ്പറ്റി സാധാരണക്കാർപോലും ജിജ്ഞാസുക്കളാകുന്ന ഇക്കാലത്ത് ഈ നടപടി ഒരു പാതകമായിപ്പോയി. 12-ാം ക്ലാസ്സിൽ പരിണാമത്തെപ്പറ്റി ചർച്ചയുണ്ടല്ലോ എന്ന് പറഞ്ഞേക്കും. പക്ഷേ, 10-ാം ക്ലാസ്സിൽ പഠിത്തം നിറുത്തിപ്പോകുന്നവർക്ക് ജീവോല്പത്തിയെപ്പറ്റി എന്തെങ്കിലും ശാസ്ത്രീയബോധം ഉണ്ടായിരിക്കണ്ടേ? കെമിസ്ട്രി സിലബസിൽനിന്ന് നീക്കംചെയ്തത് ഏറ്റവും മൗലികമായ ആവർത്തനപ്പട്ടിക (Periodic Table) എന്ന വിഷയമാണത്രേ.


പഠനഭാര ലഘൂകരണത്തിന് പ്രേരകമായ കോവിഡ്പേമാരി ഇപ്പോൾ ഒരു വലിയ പ്രശ്‌നമല്ലാതായിരിക്കുകയാണല്ലോ. ഓൺലൈനിനു പകരം പഴയ ഓഫ്‌ലൈൻ ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതുപോലുള്ള സിലബസ് പരിഷ്‌കരണം സ്റ്റേറ്റ് സിലബസിൽ വരുത്തുന്നില്ലെങ്കിൽ, അതനുസരിച്ച് പഠിക്കുന്ന അധ്യേതാക്കള്‍ക്ക് അഖിലേന്ത്യാ മത്സരപ്പരീക്ഷകളിലും മറ്റും സി.ബി.എസ്.ഇക്കാരെ അപേക്ഷിച്ച് കൂടുതൽ ഗുണം ഉണ്ടായിരിക്കും. ചരിത്രത്തിലെന്നപോലെ ശാസ്ത്രത്തിലും വിഷയപരമായ ഒരു സ്വാഭാവിക തുടർച്ച(Continuity)യും പാരസ്പര്യ(Consistency)വും  ഉണ്ടെന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് എൻ.സി.ഇ.ആർ.ടി. വെട്ടിനിരത്തിനിറങ്ങിയതെന്ന് തോന്നുന്നു.


ആമുഖത്തിൽ നിരീക്ഷിച്ചതുപോലെ സ്‌കൂൾ വിദ്യാഭ്യാസതലത്തിൽ ഇപ്പോൾ നടക്കുന്നത് ഒരൊളിച്ചുകളിയാണ്. ഏതൊക്കെയോ ക്ലാസ്സുകളിൽ, എന്തൊക്കെയോ പഠിപ്പിക്കുന്ന ഒരു രീതിയിലേക്ക് ശാസ്ത്രവിദ്യാഭ്യാസത്തെ പുനഃസംവിധാനം ചെയ്യുന്നത് ശാസ്ത്രബോധത്തെ നിർമൂലനം ചെയ്യുന്നതിന് സമമാണ്. നമ്മുടെ കുട്ടികൾ ഭാവിയിൽ ‘ചക്ര’ (wheel) ത്തെ വീണ്ടും കണ്ടുപിടിക്കേണ്ടിവരുമോ?