ഗാന്ധി, അംബേദ്കർ വിമോചനമൂല്യങ്ങളുടെ വീണ്ടെടുപ്പ് – അഗസ്റ്റിന്‍ കുട്ടനെല്ലൂർ
ജീവിതത്തെ സൗന്ദര്യമാക്കിയ ഗാന്ധി
ചരിത്രത്തിലെ രണ്ടുമഹാശക്തികളെ അവയുടെ പ്രാരംഭകാലത്തെ സവിശേഷമായ സാഹചര്യങ്ങളെ മാത്രം മുൻനിർത്തി എക്കാലത്തേക്കുമായി വിരുദ്ധചേരികളിൽ പ്രതിഷ്ഠിച്ചുറപ്പിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച്, വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ ഭരണകൂട അധീശത്വശക്തി നടത്തിവരുന്ന ഹിംസാത്മകമായ കടന്നുകയറ്റത്തെയും, ചൂഷണത്തെയും, സാമൂഹികമായും, രാഷ്ട്രീയമായും ചെറുക്കാൻ ഗാന്ധിയിലും, അംബേദ്കറിലുമുള്ള യോജിക്കാവുന്ന തലങ്ങളെ കണ്ടെത്തുക എന്നതാണ് ഈ പഠനത്തിന്റെ മൗലീകമായ താല്പ്പര്യം. അത് ചരിത്രപരമായ ഒരു കടമയായി ഇന്ന് മാറിയിരിക്കുന്നു. എങ്കിലും ഗാന്ധിക്കും, അംബേദ്കറിനുമിടയിലെ വൈരുധ്യങ്ങളെ വിശകലനം ചെയ്യാതെ യോജിപ്പുകളുടെ തലങ്ങളെ മാത്രം അന്വേഷിക്കുന്നത് നീതിയുക്തമല്ല.
ഗാന്ധിയുടെ രാഷ്ട്രീയം എന്നത്, സവിശേഷമായ ജീവിതമൂല്യങ്ങളുടെ പ്രയോഗവത്ക്കരണത്തിലൂടെ പാശ്ചാത്യ ആധുനികതാസങ്കല്പങ്ങളെ സൗന്ദര്യാത്മകമായി വിമർശിക്കന്ന ഒരു ആത്മനിഷ്ഠ ജീവിതചര്യയാണ്. മതാത്മകമായ ഒരു അത്മസത്തയിലാണ് ഗാന്ധി തന്റെ ചിന്താധാരകളെ കോർത്തിണക്കിയത്. വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ അഹങ്കാര നിരാകരണതത്ത്വത്തെ യൂറോപ്യൻ ആധുനിക നാഗരികതയുടെ അക്രമോത്സുകമായ അധിനിവേശത്തിനെതിരെ തിരിച്ചുവിടുകയായിരുന്നു ഗാന്ധി ചെയ്തുകൊണ്ടിരുന്നത്. സഹനത്തിലൂടെയും പരീക്ഷണപഠനങ്ങളിലൂടെയും സ്വയം ശുദ്ധീകരണത്തിലൂടെയും വ്യക്തി കൈവരിക്കുന്ന ആന്തരികമായ അച്ചടക്കത്തിലൂടെ ഓരോ മനുഷ്യനും തന്റെ ഭാവനയെയും, ചിന്തയെയും സാമൂഹികസാഹചര്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കണമെന്ന് അദ്ദേഹം തന്റെ ജീവിതചര്യയിലൂടെ നിശ്ശബ്ദം പറഞ്ഞുകൊണ്ടിരുന്നു. അഹിംസ, ലളിതജീവിതം എന്നീ ഉദാത്ത ചിന്തകളുടെ ആചാര്യന്മാരായി ഗാന്ധി കണ്ടിരുന്നത് ബുദ്ധനെയും ടേൾസ്റ്റോയിയെയും തോറോയെയും മഹാവീരനെയുമൊക്കെയാണ്. മൂല്യങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ട് കേവലം ആചാരനിഷ്ഠവും ബലിഷ്ഠവും ഹിംസാത്മകവുമായി മാറിത്തീർന്ന ഹൈന്ദവ മതസങ്കല്പങ്ങളെ നിരാകരിച്ച ഗാന്ധി, സത്യത്തെ മതത്തിന്റെ അടിസ്ഥാന ജീവിത മൂല്യമായി ഉയർത്തിക്കൊണ്ടുവന്നു. ”ഈശ്വരൻ സത്യമാണ്” എന്നതിൽനിന്ന് ”സത്യമാണ് ഈശ്വരൻ” എന്നുവരുന്നതോടെ ദൈവസങ്കല്പത്തെ തത്ത്വചിന്താപരമായ ഒരു ഉന്നതിയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ഗാന്ധി ചെയ്തത്. അതായത് ജീവിതത്തിന്റെ ഏതു മഹാസംഘർഷങ്ങൾക്കിടയിലും സത്യത്തെ കൈവെടിയാത്ത ഔന്നിത്യത്തിലേക്ക് ഉയരുന്ന മനുഷ്യൻ വാസ്തവത്തിൽ ഈശ്വരനോളം ഉയരുകയും ഈശ്വരനു തുല്യനാകുകയും ചെയ്യുന്നു എന്ന ഉദാത്തമായ ഒരു ചിന്ത തന്റെ മതസങ്കല്പമായി ഗാന്ധി രൂപപ്പെടുത്തിയെടുത്തു. ഹൈന്ദവ മതത്തിന്റ സവർണപ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന വ്യക്തിമോക്ഷ സങ്കല്പത്തിലോ, ഈശ്വരന്റെ അഭൗമമായ നിഗൂഢ പരിവേഷത്തിലോ യാതൊരു താത്‌പര്യവും ഗാന്ധിക്കുണ്ടായിരുന്നില്ല. അദ്ദേഹം ഒരു ദൈവത്തേയും പൂജിച്ചില്ല. ഒരു ക്ഷേത്രത്തിലും പോയില്ല. നിഷ്‌കാമകർമത്തിലൂന്നിയ ഒരു ജീവിതചര്യക്കുവേണ്ടി മതത്തിന്റെ ധർമപ്രബോധനങ്ങളെപ്പോലും ഗാന്ധി സ്വയം വ്യാഖ്യാനിച്ചു.
ഗാന്ധിയിലുള്ള സാമൂഹികമോ രാഷ്ട്രീയമോ ആയ തലങ്ങളെക്കാൾ വ്യക്തിഗുണമാണ് പ്രധാനമായും ഉള്ളത് എന്നുള്ള ചില ”ഗാന്ധിയൻ പഠിതാക്ക”ളുടെ വിമർശനങ്ങൾ കേവലം ഉപരിപ്ലവമാണ്. മനുഷ്യരുടെ സ്ഥൂലപ്രകടനങ്ങൾ മാത്രമാണ് രാഷ്ട്രീയ ഇടപെടൽ എന്ന ധാരണ അർഥശൂന്യമായ ഒന്നാണ്. ജീവിതത്തിലെ സൂക്ഷ്മമായ പ്രവർത്തനങ്ങൾപോലും അഗാധമായ രാഷ്ട്രീയബോധം ഉളവാക്കാൻ പോന്നതായിരിക്കും. ഗാന്ധിയുടെ വ്യക്തിഗുണത്തിന്റെ രാഷ്ട്രീയമാനത്തെക്കുറിച്ച് ആചാര്യ കൃപലാനി പറയുന്നത് പി. പവിത്രൻ തന്റെ പഠനത്തിൽ രേഖപ്പെടുത്തിയത് നോക്കൂ, ”ഗാന്ധിജിയെ വെറും ധാർമിക പരിഷ്‌കർത്താവ് എന്നോ മഹാപുരുഷനെന്നോ മഹാത്മാവെന്നോ മാത്രം കരുതുന്നവർ അദ്ദേഹത്തിന്റെ പാഠങ്ങളും ജീവിതമൂല്യങ്ങളും മനസ്സിലാക്കാത്തവരാണ്. ലോകചരിത്രത്തിൽ സത്യവും അഹിംസയും ഒരു പുതിയ സൃഷ്ടിയൊന്നുമല്ല. യേശുക്രിസ്തു,ബുദ്ധൻ മുതലായ പഴയവരും, പുതിയവരുമായ അനേകമനേകം മഹാത്മക്കൾ സത്യത്തെയും, അഹിംസയെയും പ്രചരിപ്പിച്ചീട്ടുണ്ട്. ഈ ഗുണങ്ങൾ – തത്ത്വങ്ങൾ സമുദായജിവിതത്തിലും, രാഷ്ട്രീയജീവിതത്തിലും പരീക്ഷിച്ചുനോക്കിയത് ഗാന്ധിജി മാത്രമാണ്. ഗാന്ധിജിയെസംബന്ധിച്ച ഈ മൗലീകതത്ത്വം വിസ്മരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളും വിസ്മരിക്കുകയാണ് എന്നാണർത്ഥം”, ആചാര്യ കൃപലാനി : 76 (മാർക്‌സ് , ഗാന്ധി, അംബേദ്കർ : പി. പവിത്രൻ.)
അക്കാലത്തെ കൊളോണിയൽ ചൂഷണത്തിന്റെ ഏറ്റവും നിർദയവും, ഹിംസാപരവുമായ ബ്രിട്ടന്റെ ചരക്കുവത്‌കരണത്തിന്റെയും വിപണനതന്ത്രത്തിന്റെയും മുന്നിൽ ഇന്ത്യൻ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പിടിച്ചുനിൽക്കാനും അതിനോടു ചെറുക്കാനുമുള്ള ശേഷിക്കുവേണ്ടിയാണ് ചർക്കയെ ഗാന്ധി ഒരു സമരായുധമാക്കിയത്. ഇന്ത്യൻ പരുത്തിക്കർഷകർ അനുഭവിച്ചിരുന്ന ചൂഷണത്തിന്റെ ഇരട്ടമുഖം തിരിച്ചറിഞ്ഞ ഗാന്ധി, ഇന്ത്യയിലെ തന്റെ ആദ്യത്തെ ബ്രിട്ടീഷ്‌വിരുദ്ധസമരം തുടങ്ങിയത് പരുത്തിക്കർഷകർക്കു വേണ്ടിയായിരുന്നല്ലോ. നിർബന്ധിതമായി ഇന്ത്യൻ ഗ്രാമീണകർഷകരെക്കൊണ്ട് കൃഷിചെയ്യിച്ചെടുക്കുന്ന പരുത്തി ഏറ്റവും കുറഞ്ഞവിലയ്ക്ക് കൊള്ളയടിച്ചുകൊണ്ടുപോയി, ബ്രിട്ടീഷ് നിർമിത വസ്ത്രങ്ങളായി ഇന്ത്യൻ കമ്പോളങ്ങളിൽ തിരിച്ചെത്തിച്ച്, കൂടിയവിലയ്ക്ക് വിറ്റഴിക്കുന്ന ബ്രിട്ടന്റെ ഇരട്ടചൂഷണത്തിനെതിരെ ഗാന്ധിനയിച്ച സമരം ഒരേസമയം സാമ്പത്തികവും, രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ മാനങ്ങൾ ഉൾക്കൊള്ളുന്നു. ഒരു ജനത സ്വന്തം അദ്ധ്വാനമൂല്യംകൊണ്ട് ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയും അവരുടെ രാജ്യം സ്വയം പര്യാപ്തമായ ഒരു രാഷ്ട്രപദവിയിലേക്ക് ഉയരുകയും ചെയ്യുന്ന ദീർഘവീക്ഷണത്തോടെയുള്ള ഒരു രാഷ്ട്രീയപ്രവർത്തനമായിരുന്നു ആ സമരം. മാത്രമല്ല, അതിന് അഗാധമായ ഒരു സൗന്ദര്യാത്മകതലം കൂടിയുണ്ട്. രാഷ്ട്രഭാവനയെ ഒരു കുടുംബസങ്കല്പത്തിലേക്ക് പരിവർത്തനപ്പെടുത്തിയാൽ, സ്വന്തം മണ്ണിൽ സ്വയം വിയർപ്പൊഴുക്കി വിളയിച്ചെടുക്കുന്ന ഉല്പന്നങ്ങളുടെ ഉപയോഗം ജീവിതത്തിന്റെ പൂർത്തീകരണത്തിന് അർഥപൂർണമായി പ്രയോജനപ്പെടുത്താൻ കഴിയുമ്പോഴുണ്ടാകുന്ന ആത്മസംതൃപ്തിയുടെയും സ്വാഭിമാനത്തിന്റെയും ഒരു ഉയർന്നതലംകൂടി അതിലുണ്ട്. ആ സ്വാഭിമാനം, വിദേശ ഉല്പന്നങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ അഭിമാനംകൊള്ളുന്ന ഒരു കൊളോണിയൽ അടിബോധം പേറുന്നവർക്ക് തിരിച്ചറിയാൻ കഴിയില്ല. മറിച്ച്, സ്വന്തം ജനതയോടും, രാഷ്ട്രത്തോടുമുള്ള ഒരുവന്റെ അഗാധമായ സ്‌നേഹത്തിൽനിന്ന് ഉടലെടുത്ത അഭിമാനമാണത്. ആ അഭിമാനബോധത്തെ ഉണർത്തുകകൂടിയാണ് ഗാന്ധിചെയ്തത്. ആ നിലയിൽ ഗാന്ധിയൻ സമരങ്ങൾക്ക് സൗന്ദര്യാത്മകമായ ഒരു തലംകൂടിയുണ്ട്.
കൊളോണിയൽ ശക്തികളുടെ രാഷ്ട്രീയ-സാംസ്‌കാരിക അധിനിവേശത്തെയും, ചൂഷണത്തെയും അഹിംസാത്മകമായ ഒരു രീതിശാസ്ത്രത്തിലൂടെ ചെറുക്കാനാണ് ഗാന്ധി ശ്രമിച്ചുകൊണ്ടിരുന്നത്. സത്യാഗ്രഹത്തെയും (സത്യഗ്രഹം) നിസ്സഹകരണത്തെയും അതേരീതിയിൽത്തന്നെ ഗാന്ധി ചിട്ടപ്പെടുത്തി. ലോകയുദ്ധങ്ങളുടെയും, വെട്ടിപ്പിടുത്തത്തിന്റെയും രക്തരൂക്ഷിതമായ സ്വാതന്ത്ര്യപോരാട്ടങ്ങളുടെയും ഒരു ആഗോളപശ്ചാത്തലം നിലനിന്ന ഒരു കാലത്താണ് ഇത്തരമൊരു സമരമുറ ഗാന്ധി ആവിഷ്‌ക്കരിച്ചത് എന്നോർക്കണം. ഹിംസ എന്നത് ദുർബലന്റെ മാർഗമാണെന്നും അഹിംസയും, സഹനവും ധീരരുടെ വേറിട്ട ഒരു സമരമാർഗമാണെന്നും ഒരുപക്ഷേ, ഇന്ത്യയെ മാത്രമല്ല ലോകത്തെയും ഗാന്ധി ബോധ്യപ്പെടുത്തി. ചരിത്രത്തിലെ അപൂർവം ചില സ്വാധീനശക്തികളിൽ ഒന്നാകാൻ ഗാന്ധിക്ക് കഴിഞ്ഞത് ഈ രീതിശാസ്ത്രത്തിലൂടെയാണ്. സഹനസമരത്തിന്റെ പ്രയോഗപാഠങ്ങൾ താൻ ഗാന്ധിയിൽനിന്നാണ് പഠിച്ചതെന്ന് മാർട്ടിൻലൂഥർ കിംഗ് പറയുന്നുണ്ട്. പ്രമുഖ ഇറ്റാലിയൻ മാർക്‌സിസ്റ്റ് ചിന്തകനായ ആന്റോണിയോ ഗ്രാംഷിയും വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പോരാളിയായ ഹോച്ച്മിനും ഗാന്ധിയുടെ സഹനസമരമാതൃകയെ പ്രശംസനീയമായി പരാമർശിക്കുന്നുണ്ട്. ഇന്ത്യയിലെ നിരക്ഷരരായ ഗ്രാമീണകർഷകർ മുതൽ ലോകോത്തര ചിന്തകർവരെ ആ സവിശേഷമായ ജീവിതചര്യയുടെയും പ്രയോഗശാസ്ത്രത്തിന്റെയും സ്വാധീനത്തിൽപെട്ടിരുന്നത് എന്തുകൊണ്ടാണ്? ഗാന്ധിയൻ ജീവിതത്തെ സൗന്ദര്യശാസ്ത്രപരമായി വിലയിരുത്തിയാലേ അതിന്റെ കാരണങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയൂ. പലരും നിസ്സാരവത്കരിച്ച് അവഗണിച്ചുമാറ്റുന്ന ആ മനുഷ്യന്റെ ദൈനംദിന ജീവിതപ്രവർത്തനങ്ങൾ മുതൽ ലോകത്തിന് മാതൃകയാക്കാവുന്ന അഗാധമായ മൂല്യബോധമുള്ള രാഷ്ട്രീയപ്രവർത്തനങ്ങൾവരെ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.
അഹിംസയെന്നത് ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഒരു ജീവിയേയും കൊല്ലാതിരിക്കുന്ന ഒരു സത്കർമം മാത്രമല്ല. മനുഷ്യനെ മാത്രം കേന്ദ്രമാക്കുകയും ഭൂമിയിലെ മറ്റെല്ലാറ്റിനേയും ഉപഭോഗവസ്തുക്കൾ മാത്രമാക്കി മാറ്റുകയും ചെയ്യുന്ന ആധുനിക യൂറോപ്യൻ കൊളോണിയൽഭാവനയെ സൗന്ദര്യാത്മകമായി പുതുക്കിപ്പണിയുന്ന ഒരു നവചിന്തയായിരുന്നു ഗാന്ധിക്ക് അഹിംസ. ”മറ്റുള്ളവരിൽ അസൂയാവഹമായ ചിന്തയുണർത്തുന്ന ഒരു ജീവിതം നിങ്ങൾ ജീവിക്കുന്നുണ്ടെങ്കിൽ അത് ഹിംസയാണ്” എന്ന് ഗാന്ധി പറയുന്നതിലൂടെ ”ഹിംസ” എന്നവാക്കിന് കൈവരിക്കാൻ കഴിയുന്ന അർഥത്തിന്റെ ആഴത്തിലേക്ക് നമ്മൾ എത്തിച്ചേരുന്നു. കാരണം ഗാന്ധിയുടെ ഈ ”ഹിംസാ” പ്രയോഗം എന്നത്, ഭൂമിയിലെ സർവ്വതിനെയും മനുഷ്യന്റെ ഭൗതിക ഉന്നതിക്കുവേണ്ടി നീതിരഹിതമായി യഥേഷ്ടം ഉപയോഗിക്കാം എന്ന മുതലാളിത്ത ആധുനികതയുടെ അന്ധമായ വികസനയുക്തിയെയാണ് അർഥമാക്കുന്നത്. കൊളോണിയൽ ആധുനികതയും, ശാസ്ത്ര സാങ്കേതിക വളർച്ചയും മുന്നോട്ടുകൊണ്ടുവന്ന അധീശത്വ മനുഷ്യവർഗത്തിന്റെ നീതിരഹിതമായ ജീവിതബോധമാണത്. അതിനെയാണ് ഗാന്ധി തന്റെ അഹിംസാപ്രയോഗശാസ്ത്രം കൊണ്ട് നേരിട്ടത്. ആശ്രമത്തിലെ കാലൊടിഞ്ഞ ഒരാട്ടിൻകുട്ടി, മരുന്നുവച്ചുകെട്ടിക്കൊടുക്കാൻ സമ്മതിക്കുന്നില്ല എന്ന് അവിടത്തെ ഒരു അന്തേവാസി വന്നുപറഞ്ഞപ്പോൾ ഗൗരവപ്പെട്ട ചർച്ച നിർത്തിവച്ചിട്ട്, ആട്ടിൻകുട്ടിയെ മരുന്നുവച്ചുകെട്ടി ശുശ്രൂഷിക്കുന്നതിലൂടെ ഗാന്ധിയൻ എന്ത് വികാരമാണ് പ്രവർത്തിച്ചിരുന്നത്? കോടിക്കണക്കായ ഇന്ത്യൻ മനുഷ്യരുടെ വേദനപോലെത്തന്നെയാണ് ഒരാട്ടിൻകുട്ടിയുടെ വേദനയെന്ന് ഗാന്ധിക്ക് തിരിച്ചറിയാമായിരുന്നു. മനുഷ്യരുടെ സങ്കീർണമായ പ്രശ്‌നങ്ങൾക്കുനടുവിൽ ഒരു മൃഗത്തിന്റെ വേദനപോലും അവഗണിക്കപ്പെട്ടുകൂടാ. മറ്റൊരുസന്ദർഭത്തിൽ ഭക്ഷണംകഴിഞ്ഞ് കൈയും മുഖവും കഴുകാൻ സബർമതിയിൽനിന്ന് ഗാന്ധി ഒരുമൊന്ത വെള്ളമെടുത്തിട്ട് അതിൽ പാതി നദിയിലേക്കുതന്നെ ഒഴിക്കുന്നതുകണ്ടപ്പോൾ, അനുയായികളിൽ ഒരാൾ, ”എന്തിനാണ് ബാപ്പു വെള്ളം കുറച്ച് അതിലേക്കുതന്നെ ഒഴിച്ചത്”? എന്നു ചോദിച്ചു. ഗാന്ധി അതിനുപറഞ്ഞ മറുപടി, ”അനേകം ചെറുജീവികൾക്ക് ജീവിക്കാനുള്ള വെള്ളമാണ് നമ്മൾ അനാവശ്യമായി പാഴാക്കിക്കളയുന്നത്” എന്നായിരുന്നു. തനിക്കുചുറ്റുമുള്ള എല്ലാ ജീവജാലങ്ങളോടുമുള്ള ഈ കരുതലിന്റെ പേരുകൂടിയാണ് ഗാന്ധിക്ക് അഹിംസ. അത് അത്യന്തം സൗന്ദര്യാത്മകമായ ഒരു ജീവിതബോധം കൂടിയാണ്.
ദാർശനികരും, ആചാര്യന്മാരും എഴുത്തുകാരുമായ തോറോയുടെയും ബുദ്ധന്റെയും മഹാവീരന്റെയും ടോൾസ്റ്റോയിയുടെയും സ്വാധീനമെന്നപോലെ, മതങ്ങളും ഗാന്ധിയെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. മതങ്ങളുടെ ആചാരനിഷ്ഠകളെയല്ല, ധാർമികമൂല്യങ്ങളെയാണ് ഗാന്ധി തന്റെ യുക്തിക്കനുസരിച്ച് വ്യാഖ്യാനിച്ച് വികസിപ്പിച്ചെടുത്തത്. ഇങ്ങനെയൊക്കെ ആണെങ്കിലും അക്കാലത്തെ ഇന്ത്യയുടെ മത -സാമൂഹിക – സാംസ്‌കാരിക മണ്ഡലങ്ങളിലെ ആന്തരികവൈരുധ്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതിൽ ഗാന്ധി പരാജയപ്പെടുകയാണുണ്ടായത്. അവിടെയാണ് അംബേദ്കറുമായുള്ള ആശയപരമായ ഏറ്റുമുട്ടലിന്റെ സാഹചര്യങ്ങൾ ഉയർന്നുവന്നത്. താൻ മുന്നോട്ടുവച്ച രീതിശാസ്ത്രത്തിലൂടെ വ്യക്തി കൈവരിക്കുന്ന മൂല്യങ്ങളെ സാമൂഹികമൂല്യങ്ങളാക്കി മാറ്റാമെന്നും അങ്ങനെയൊരു സനാതനസമൂഹം സൃഷ്ടിക്കാമെന്നും ഗാന്ധി വിഭാവനംചെയ്തിരുന്നു. അതുപോലെത്തന്നെ സാമൂഹികമായ മൂല്യങ്ങളെ വ്യക്തിപരമായ സ്‌നേഹമൂല്യങ്ങളാക്കി മാറ്റാമെന്നും ഗാന്ധി ചിന്തിച്ചു. മതത്തിന്റെ അടിസ്ഥാന ദാർശനിക നിലപാടുകൾക്ക് വിഘ്‌നം വരുത്താതെ വ്യക്തിയുടെ സ്വയം നവീകരണത്തിലൂടെ സമൂഹത്തിൽ നിലനില്ക്കുന്ന ജാതീയ അസമത്വങ്ങൾക്ക് അറുതിവരുത്താൻ കഴിയും എന്നായിരുന്നു ഗാന്ധിയുടെ നിഷ്‌കളങ്കമായ ഒരാലോചന. എന്നാൽ നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിന്നിരുന്ന ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രമായ ചാതുർവർണ്യത്താൽ അടിച്ചമർത്തപ്പെട്ടവരും, ആട്ടിയോടിക്കപ്പെട്ടവരും അടിമകളും, മൂകരുമായ ലക്ഷക്കണക്കിന് മനുഷ്യരുടെ സഹനങ്ങളിലേക്ക് കണ്ണോടിക്കാൻ ഗാന്ധിക്ക് കഴിഞ്ഞില്ല. ജാതീയമായ അസമത്വങ്ങളും ഹീനമായ ജീവിതസാഹചര്യങ്ങളുംകൊണ്ട് ചുറ്റിവരിയപ്പെട്ട ഇന്ത്യയിലെ കീഴാളമനുഷ്യരുടെ തകർന്ന ജീവിതാന്തസ്സ് ഗാന്ധിയുടെ സനാതന ജീവിതബോധ്യങ്ങളെ ഉലച്ചതേയില്ല. അതുകൊണ്ടാണ് അംബേദ്കർക്ക് ആ മഹാത്മാവിനോട് വിട്ടുവീഴ്ചയില്ലാതെ ഏറ്റുമുട്ടേണ്ടിവന്നത്.
അംബേദ്കർ ഉയർത്തിയ കീഴാള വിമർശനം
ഇന്ത്യകണ്ടെത്തിയ ധൈഷണികപ്രതിഭകളിൽ അഗ്രഗണ്യനായ ഡോ. അംബേദ്കർ സാമൂഹിക നീതിയിലും, രാഷ്ട്രീയ-സാംസ്‌കാരിക വിമോചനത്തിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തിന്റെ പതാകവാഹകനായിരുന്നു. വാസ്തവത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തെ സവർണ നേതൃത്വമോ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരോ ആ മനീഷിയെ വേണ്ടത്ര അന്ന് മനസ്സിലാക്കിയിരുന്നില്ല. ആരാണ് അംബേദ്കർ എന്ന് ഇന്ത്യൻ ജനതയ്ക്കുവേണ്ടി ലോകത്തിനുമുന്നിൽ അർഥവത്തായി ആദ്യം വെളിപ്പെടുത്തിയത് വിദേശവനിതയായ എലീനർ സില്യോഡ് ആണ്. അംബേദ്കറെയും അദ്ദേഹത്തിന്റെ സംഭാവനകളെയും ആഴത്തിൽ പഠിച്ച അവർ, ”അംബേദ്കറുടെ അർത്ഥം” എന്ന തന്റെ പ്രബന്ധത്തിലൂടെ, ഇന്ത്യൻ ജനതയ്ക്ക് ”സാമൂഹിക ഉടമ്പടികളുടെ നൈതികരേഖയായ ഭരണഘടന” വിഭാവനംചെയ്ത ആ മഹാവ്യക്തിത്വത്തെ കൃത്യമായി അടയാളപ്പെടുത്തി. നൂറ്റാണ്ടുകളുടെ അടിമകളായ ഒരുകൂട്ടം ജനതയ്ക്കുവേണ്ടി വൈജ്ഞാനിക മണ്ഡലത്തിലും രാഷ്ട്രീയ-സാമൂഹിക തലങ്ങളിലും ഒരുപോലെ ശോഭിക്കാൻ കഴിയുന്ന ഒരു നേതാവിനെ വീണ്ടെടുക്കുകയായിരുന്നു എലീനർ. പാശ്ചത്യ ആധുനികതയുടെ ജ്ഞാനോദയ വിമോചക മൂല്യങ്ങളാലും, സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം എന്ന, ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങളാലും പ്രചോദിതമായിരുന്നു അംബേദ്കറുടെ മനസ്സ്. മനുഷ്യാന്തസ്സും സ്വാതന്ത്ര്യവും ഒരിക്കലും വിരുന്നുവരില്ലെന്നും അവ പോരടിച്ചുകൊണ്ടുതന്നെ നേടണമെന്നും അദ്ദേഹം അടിയുറച്ചു വിശ്വസിച്ചിരുന്നു. ഉപരിവർഗത്തിന്റെ ദയാവായ്പിന് ഇരന്നുകൊണ്ടല്ല മനുഷ്യവിമോചനം സാധ്യമാകേണ്ടത് എന്ന ബോധ്യത്തിലാണ്, ‘ഞങ്ങൾ സ്വാശ്രയത്തിലും, സ്വാഭിമാനത്തിലും വിശ്വസിക്കുന്നു, എന്നാൽ മഹാത്മാക്കളിലും ഉന്നത നേതാക്കളിലും വിശ്വസിക്കുന്നില്ല” എന്ന് അംബേദ്കർ അന്നത്തെ ദേശീയനേതൃത്വത്തോട് ശക്തമായി പറഞ്ഞത്.
ജാതി-ലിംഗ അസമത്വങ്ങളുടെ വിളനിലമായിരുന്ന ഇന്ത്യൻഗ്രാമങ്ങളെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും, വർണാശ്രമ വ്യവസ്ഥയെയും ആദർശവത്കരിക്കുന്ന ഗാന്ധിയുടെ സമീപനത്തോട് അംബേദ്കർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. സവർണരാൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നവരുടെയും, ജാതീയമായ അസമത്വങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെയും മനുഷ്യവ്യവഹാരങ്ങളുടെ എല്ലാ തലങ്ങളിൽനിന്നും ബഹിഷ്‌കൃതരായവരുടെയും ഇരുണ്ട ജീവിതഭൂമികയായിരുന്നു യഥാർഥത്തിൽ അക്കാലത്തെ ഇന്ത്യൻഗ്രാമങ്ങൾ. ഗാന്ധി വിഭാവനംചെയ്തിരുന്നതുപോലെ, ”ഇന്ത്യയുടെ ആത്മാവ് കൂടികൊണ്ടിരുന്ന” ഇടങ്ങളായിരുന്നില്ല അവ. തൊട്ടുകൂടായ്മ എന്ന മനുഷ്യത്വവിരുദ്ധ പ്രശ്‌നത്തെ മനുഷ്യാവകാശ പ്രശ്‌നമായും ആധുനിക സമൂഹത്തിലെ ഒരു പൗരാവകാശ പ്രശ്‌നമായും അംബേദ്കർ പ്രശ്‌നവത്കരിച്ചു. ലോകത്തിനുമുന്നിൽ ഈ പ്രശ്‌നത്തെ അദ്ദേഹം അവതരിപ്പിച്ചത് ചിന്തനീയമാണ്. യൂറോപ്പിലെ കറുത്തവർഗക്കാരായ അടിമകൾ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട ”ഒറ്റവർഗ”മാണ്. അടിമകളായ അവർക്കിടയിൽ ഉച്ചനീചത്വങ്ങളില്ല. എന്നാൽ ഇന്ത്യൻ ദലിത് വർഗങ്ങൾ ശ്രേണീകൃതമായി വ്യത്യസ്ത അളവിലും തോതിലും അടിമത്തം അനുഭവിക്കുന്നു. മുകളിലേക്കുപോകുംതോറും ദിവ്യത്വവും, താഴേക്കുവരുംതോറും നീചത്വവും കല്പിക്കുന്ന ഈ അടിമവ്യവസ്ഥ ലോകത്തുള്ളതിൽ വച്ച് ഏറ്റവും ഹീനമാണെന്ന് അംബേദ്കർ ബോധ്യപ്പെടുത്തി. രണ്ടാം വട്ടമേശ സമ്മേളനത്തിലെ ഒരു വിരുന്നുസൽക്കാരത്തിനിടയിൽ, ഇന്ത്യൻ ഗ്രാമീണജനത ജാതിപീഡനംകൊണ്ട് അനുഭവിക്കുന്ന യാതനകളെ എണ്ണിയെണ്ണി അംബേദ്കർ നിരത്തിയപ്പോൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അക്ഷരാർഥത്തിൽ അമ്പരന്നുപോയി. ഇന്ത്യൻ കീഴാളജനത അനുഭവിച്ചിരുന്ന ഈ മൂർത്തമായ സാമൂഹിക പ്രശ്‌നത്തെ ഗാന്ധി ഹിന്ദുക്കൾക്കുള്ളിലെ ഒരു ആഭ്യന്തര പ്രശ്‌നമായി മാത്രം കണ്ട്, സവർണരുടെ മനംമാറ്റത്തിലൂടെ അതു പരിഹരിക്കാമെന്നു വ്യാമോഹിച്ചു. എന്നാൽ ജാതീയ അസമത്വത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ വർണാശ്രമധർമത്തെ അദ്ദേഹം ആദർശവത്കരിക്കുകയും കാല്പനികമായി അതിനെ പുനരാവിഷ്‌ക്കരിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ജാതീയമായ അസ്‌പൃശ്യതയുടെയും അസമത്വത്തിന്റെയും പ്രശ്‌നങ്ങൾ ഒരു രാഷ്ട്രീയ-സാമൂഹിക വിഷയമായി ഉയർത്തിക്കൊണ്ടുവരുന്നത്, ഹിന്ദുമതത്തിന്റെ കെട്ടുറപ്പിനെ തകർക്കും എന്ന ചിന്തയാണ് ഗാന്ധിയെ നയിച്ചിരുന്നത്. അതുകൊണ്ടാണ് ദലിതരായ തങ്ങളുടെ പ്രത്യേക രാഷ്ട്രീയ-ജനാധിപത്യ അവകാശങ്ങളെ ഗാന്ധി തള്ളിക്കളഞ്ഞതെന്ന് അംബേദ്കർ വിമർശിക്കുന്നു. ദലിതരുടെ ചരിത്രപരമായ വ്യതിരക്തതയെയും വേറിട്ട സ്വത്വബോധത്തെയും ഗാന്ധി ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും, ഹിന്ദമതവും അതിന്റെ സവർണ പരിവേഷമുള്ള സനാതനമൂല്യങ്ങളുമായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതെന്നും അംബേദ്കർ പറയുന്നു. 1931-ൽ ഗാന്ധിയും, അംബേദ്കറും തമ്മിൽ നടന്ന ആദ്യത്തെ കൂടിക്കാഴ്ചയിൽത്തന്നെ രണ്ടുപേരും പരസ്പരമുള്ള വിമർശനങ്ങൾ യാതൊരു മടിയും കൂടാതെ ആരോപിക്കുന്നുണ്ട്. ആ സംഗമത്തിൽ ഗാന്ധിപറയുന്നു: ”എനിക്കും കോൺഗ്രസ്സിനും എതിരായി താങ്കൾക്ക് ചില പരാതികൾ ഉണ്ടെന്നു കേൾക്കുന്നുണ്ട്. എന്റെ കുട്ടിക്കാലം തൊട്ടേ അയിത്തക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ നാഷണൽകോൺഗ്രസിന്റെ പരിപാടിയിൽ ദലിതരുടെ പ്രശ്‌നങ്ങൾ ഉൾപ്പെടുത്തുകയും അത് കോൺഗ്രസിന്റെ നയത്തിന്റെ ഒരു ഭാഗമാക്കുകയും ചെയ്യാൻ ഞാൻ ഏറെ ശ്രമങ്ങൾ നടത്തി. ഇത് ഒരു മതപരമായ പ്രശ്‌നമാണ്. അതിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത്.”
ഗാന്ധിയുടെ ഈ സമീപനത്തോട് അംബേദ്കർ പ്രതികരിച്ചത് ഇങ്ങനെയാണ്: ”മഹാത്മജീ, കോൺഗ്രസിന് സ്വന്തം പ്രഖ്യാപനത്തെക്കുറിച്ച് ആത്മാർഥയുണ്ടെങ്കിൽ ഖദർധാരണം നിർബന്ധമാക്കിയതുപോലെ തൊട്ടുകൂടായ്മയുടെ ഉച്ചാടനവും നിർബന്ധമാക്കാമായിരുന്നു. അയിത്തജാതിയിൽപ്പെട്ട ഒരു സ്ത്രീയെയോ ഒരു പുരുഷനേയോ സ്വന്തം വീട്ടിൽ ജോലിക്കുനിർത്തുകയോ, ഒരു വിദ്യാർത്ഥിയെ പോറ്റുകയോ, അയിത്തജാതിക്കാർക്കൊപ്പമിരുന്ന് വല്ലപ്പോഴുമൊന്ന് ആഹാരം കഴിക്കുകയോ ചെയ്യാത്ത ഒരാളെയും കോൺഗ്രസ്സിൽ അംഗമാക്കില്ല എന്നുതീരുമാനിക്കാമായിരുന്നില്ലേ?” ഈ വിമർശനങ്ങൾ ഗാന്ധിയെ നടുക്കി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചുവർഷം പിന്നിട്ടശേഷവും ജാതീയ അസമത്വങ്ങൾ എത്രകണ്ട് ആഴത്തിൽ ഇന്ത്യയിൽ വേരുപിടിച്ചുനില്ക്കുന്നു എന്നറിയുമ്പോഴാണ് അംബേദ്കർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്നു നമ്മൾ തിരിച്ചറിയുന്നത്.
വർണാശ്രമവ്യവസ്ഥയെക്കുറിച്ച് ഗാന്ധി പുലർത്തിപ്പോന്നിരുന്ന ധാരണ ഒരു ആധുനിക പൗരസമൂഹത്തിലെ ജനാധിപത്യത്തെക്കുറിച്ച് ബോധമുള്ള ഏതൊരു പൗരനെയും അമ്പരിപ്പിക്കുന്നതായിരുന്നു. ഗാന്ധി വർണാശ്രമത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, ”ജാതിക്ക് മതവുമായി യാതൊരു ബന്ധവുമില്ല. വർണാശ്രമനിയമം നമ്മെ പഠിപ്പിക്കുന്നത്, നാം ഓരോരുത്തരും പാരമ്പര്യമായി കൈമാറിക്കിട്ടിയ തൊഴിൽചെയ്ത് ഉപജീവനം കഴിക്കണമെന്നാണ്. അത് നമ്മുടെ അവകാശമല്ല. മറിച്ച് ചുമതലയാണ്. മാനവരാശിയുടെ പുരോഗതിക്ക് ഉതകുന്ന തൊഴിലുകളെപ്പെറ്റിയുള്ള പരാമർശങ്ങൾ അനിവാര്യമായും അതിലുണ്ട്. വർണാശ്രമത്തിലെ ഓരോ തൊഴിലും പദവിയിൽ തുല്യമാണ്. ഒരു ബ്രാഹ്മണന്റെയും ഒരു തൂപ്പുകാരന്റെയും തൊഴിലുകൾ തുല്യവും, ഈശ്വരനുമുന്നിൽ അവർ തുല്യരുമാണ്.”
തത്ത്വചിന്താപരമായി ഗാന്ധിയുടെ ഈ വിശകലനം ഉദാത്തമാണെന്നു തോന്നാം. പക്ഷേ, മനുഷ്യർ പാർക്കുന്ന ഭൂമിയിൽ ഈ ഉദാത്തവത്കൃത ചിന്തയ്ക്ക് യഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലെന്ന് അംബേദ്കർക്ക് അറിയാമായിരുന്നു. ഗാന്ധിയുടെ ഈ വാദങ്ങൾക്ക് അംബേദ്കർ നല്കിയ മറുപടിയിൽ, മനുഷ്യജീവിതത്തിന്റെ മൂർത്തമായ യഥാർത്ഥ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ച തെളിഞ്ഞുകാണാം. അംബേദ്കർ ഗാന്ധിക്കുനല്കിയ മറുപടി ഇങ്ങനെയാണ്: ”ദൈവവും, മനുഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റിമാത്രമാണ് നിങ്ങൾക്ക് താത്‌പര്യം. എല്ലാവരും ദൈവത്തിനുമുന്നിൽ തുല്യരാണെന്നാണ് നിങ്ങൾ പറയുന്നത്. എന്നാൽ സമൂഹത്തിൽ മനുഷ്യർ തമ്മിൽ തമ്മിൽ ഈ തുല്യത നിലനില്ക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം.” ഹൈന്ദവമതത്തിന്റെ ആന്തരികസത്തയായി ബ്രാഹ്മണ പണ്ഡിതന്മാരും ദേശീയനേതാക്കളും തെറ്റിധരിപ്പിച്ചുകൊണ്ടിരുന്ന ചാതുർവർണ്യം പോലുള്ള ഇത്തരം ധർമശാസനകൾ ഒരു ജനത പിൻതുടർന്നാൽ അത് മനുഷ്യാന്തസ്സും തുല്യതയും വിഭാവനംചെയ്യപ്പെടുന്ന ഒരു ധാർമികജീവിതം മനുഷ്യർക്ക് സാധ്യമല്ലാതായിവരുമെന്ന് അംബേദ്കർ ഓർമിപ്പിച്ചുകൊണ്ടിരുന്നു. മാത്രമല്ല, അടിമകളെപ്പോലെ ആജ്ഞകൾ അനുസരിക്കുകയല്ലാതെ ആത്മപ്രചോദനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആദർശങ്ങളോട് കൂറുപുലർത്താൻ ഒരു മതാത്മകലോകത്ത് കഴിയില്ലെന്ന് അദ്ദേഹം ധീരമായ് പറഞ്ഞു. ഈ ചിന്തയുടെ വെളിച്ചത്തിലാണ് അംബേദ്കർ ”ജാതി ഉന്മൂലനം” എന്ന ആശയത്തിലെത്തിച്ചേരുന്നത്.
ജാതിഉന്മൂലനം എന്ന വിപ്ലവകരമായ ആശയത്തെ പിൻപറ്റിയ അംബേദ്കർ, പന്തിഭോജനം എന്ന് ഇന്നു നാം വിഭാവനം ചെയ്യുന്ന ഒന്നിച്ചിരുന്നുള്ള ഊണിന് എതിരായിരുന്നു. സമൂഹത്തിൽ അടിസ്ഥാനപരമായി ഒരു മാറ്റവും അതുകൊണ്ട് ഉണ്ടാകുന്നില്ലെന്നും അത് താൽക്കാലികമായി ചില ഭ്രമങ്ങളിൽ നമ്മെ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നതെന്നും പന്തിഭോജനത്തെ അദ്ദേഹം വിമർശിച്ചു. യഥാർഥത്തിൽ ജാതിയെ ഇല്ലാതാക്കാനുള്ള പോരാട്ടമെന്നത് മിശ്രവിവാഹമാണെന്ന് അംബേദ്കർ തറപ്പിച്ചുപറഞ്ഞു. പരസ്പരം കൂടിച്ചേരാതെ, കള്ളികളായി വേർതിരിക്കപ്പെട്ട് ശ്രേണീകൃതമായ അസമത്വങ്ങൾക്ക് അടിമപ്പെട്ടുപോയ അടഞ്ഞസമൂഹങ്ങളായി നിലനില്ക്കുന്ന ജാതികളുടെ അതിരുകൾ മനുഷ്യർ ഭേദിച്ച് മിശ്രവിവാഹതിരായി ജീവിക്കണം. അതിലൂടെ മാത്രമേ ജതിരഹിതമായ ഒരു തലമുറ ഉയർന്നുവരികയുള്ളൂ എന്നായിരുന്ന അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട്, ഭിന്നിച്ചുനില്ക്കുന്ന ഒരു സമുദായത്തിലെ ‘മനുഷ്യർ’ക്കിടയിൽ ഒരു ജൈവബന്ധനശക്തിയെന്ന രീതിയിൽ മിശ്രവിവാഹത്തിന് അങ്ങേയറ്റം പ്രധാന്യമുണ്ടെന്നു അംബേദ്കർ ഉറച്ചുവിശ്വസിച്ചിരുന്നു. ദയാനന്ദസരസ്വതിയുടെ പേരിലുള്ള ലാഹോറിലെ സംഘടനയായിരുന്ന ”ജാത്പത് തോഡക് മണ്ഡൽ” (ജാതിനശീകരണ മണ്ഡലം) എന്ന സംഘടന അതിന്റെ വാർഷികസമ്മേളനത്തിൽ അംബേദ്കറെ പ്രസംഗിക്കാൻ ക്ഷണിക്കുകയും പ്രസംഗം മുൻകൂട്ടി അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. അയച്ചുകൊടുക്കപ്പെട്ട അംബേദ്കറുടെ പ്രസംഗം സംഘടാകർ നിഷ്‌കരുണം തള്ളിക്കളഞ്ഞു. ഒരു ജാതിനശീകരണ സംഘടനയ്ക്കുപോലും ഉൾക്കൊള്ളാൻ കഴിയാത്തത്ര വിപ്ലവകരമായിരുന്നു അദ്ദേഹത്തിന്റെ ജാതിയോടുള്ള സമീപനം. നിരസിക്കപ്പെട്ട തന്റെ പ്രസംഗം സ്വന്തം ചെലവിൽ അച്ചടിച്ച് അംബേദ്കർ അത് എട്ടണയ്ക്ക് വിറ്റു. ഗാന്ധി അതിനോട് തികച്ചും അവഹേളനപരമായ ഒരു സമീപനമാണ് കൈക്കൊണ്ട്. അദ്ദേഹം അതേക്കുറിച്ച് പറഞ്ഞത്: ”ആ പുസ്തകത്തിന്റെ വിലയായ എട്ടണ വളരെ കൂടുതലാണ്. അത് ആറണയായി കുറയ്ക്കണം. അതിനുള്ള മൂല്യമേ ആ പുസ്തകത്തിനുള്ളൂ” എന്നാണ്.
ദേശീയപ്രസ്ഥാനമായ ഇന്ത്യൻ നാഷണല്‍ കോൺഗ്രസ് മുൻകൈ എടുത്തു നടത്തുന്ന ഹരിജനങ്ങളുടെ ഉന്നമനപ്രവർത്തനങ്ങളല്ലാതെ മറ്റാരിൽനിന്നും ഇന്ത്യൻ കീഴാളജനതയുടെ വിമോചനപ്രവർത്തനങ്ങൾ ഉയിർകൊള്ളുന്നത് ഗാന്ധിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ദേശീയ സ്വാതന്ത്ര്യസമരകാലത്ത് ”ഹരിജൻ സേവാസംഘ്” എന്നൊരു സംഘടനയ്ക്ക് ഗാന്ധി രൂപംനല്കി. ഹരിജനങ്ങളുടെ ഉന്നമനം അത്തരമൊരു സംഘടനാപ്രവർത്തനത്തിലൂടെ സാധ്യമാക്കാമെന്നും ജാതീയമായ പ്രശ്‌നങ്ങളെ അത്തരത്തിൽ നേരിടാമെന്നും ഗാന്ധി കരുതി. കീഴ്ജാതിക്കാരായി അടിച്ചമർത്തപ്പെട്ട ജനതയെ അഭിസംബോധനചെയ്യാൻ അദ്ദേഹം ”ഹരിജൻ” (ദൈവത്തിന്റെ ജനത) എന്ന വാക്ക് സ്വീകരിച്ചത് ഗുജാറത്തിലെ വൈഷ്ണവമതത്തിൽനിന്നാണെന്നു പറയുന്നുണ്ട്. പക്ഷേ, അംബേദ്കർ അതിശക്തമായാണ് ആ അഭിസംബോധനയെ എതിർത്തത്. വൈഷ്ണവക്ഷേത്രങ്ങളിലെ ദേവദാസികളുടെ മക്കളെയാണ് ഗുജാറത്തിൽ ആ കാലത്ത് ‘ഹരിജൻ’ എന്ന പദംകൊണ്ട് വിളിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആത്മാഭിമാനമുള്ള ഒരു സാമൂഹിക വിഭാഗത്തിനും ”തന്തയില്ലാത്ത മക്കളായി” അറിയപ്പെടാൻ കഴിയില്ലെന്ന് അംബേദ്കർ നിശിതമായി ഗാന്ധിയെ വിമർശിച്ചു. എന്തുകൊണ്ടാണ് ഗാന്ധിയുടെ ജാതിയോടുള്ള സമീപനത്തെയും അദ്ദേഹത്തിന്റെ ബോധ്യങ്ങളെയും അംബേദ്കർ വിട്ടുവീഴ്ച്ചയില്ലാതെ എതിർത്തത്?
”ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങ”ളിലെ മനുഷ്യർ വളരെ സ്വസ്ഥമായിട്ടും സന്തോഷമായിട്ടുമാണ് ജീവിക്കുന്നതെന്നുള്ള ഒരു തെറ്റുധാരണ ഗാന്ധിക്കുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ഗ്രാമങ്ങളിലെ അജ്ഞതയും, കൊടിയ ജാതിവ്യവസ്ഥയും ശ്രേണീകൃതമായ അസമത്വങ്ങളും, മൃഗങ്ങൾക്കൊപ്പം വിൽക്കുകയും, വാങ്ങുകയും അടിമകളാക്കി വയ്ക്കുകയും ക്രൂരമായ ശിക്ഷാവിധികൾക്കൊണ്ട് കൊന്നുതള്ളുകയും ചെയ്യപ്പെട്ടിരുന്ന കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം ഗാന്ധി വേണ്ടത്ര കണ്ടിരുന്നില്ല. എന്നാൽ അംബേദ്കറാകട്ടെ അത്തരം മനുഷ്യരുടെ ഭീകരമായ ജീവിത യാഥാർത്ഥ്യങ്ങൾക്കുനടുവിലാണ് ജീവിച്ചിരുന്നത്. അക്കാലത്ത് ഗാന്ധിയുടെ ഏറ്റവും വലിയ സ്‌പോൺസർ ബിർളയായിരുന്നു. ഗാന്ധിക്കുവേണ്ടി ബിർള തന്റെ വീടായ ”ബിർളാ ഹൗസ്”തന്നെ വിട്ടുകൊടുത്തിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ സമരോത്സുക കാലഘട്ടത്തിൽ ആ കൊട്ടാരത്തിലാണ് ഗാന്ധി ജീവിച്ചിരുന്നത്. ഗാന്ധിയെക്കുറിച്ചുള്ള ഗ്രാമീണരുടെ കാഴ്ചപ്പാട് എന്നായിരുന്നു എന്ന് അംബേദ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു യോഗിയുടെയോ ഒരു പ്രബോധകന്റെയോ പരിവേഷമായിരുന്നു ജനങ്ങൾക്കിടയിൽ ഗാന്ധിക്കുണ്ടായിരുന്നത്. തന്റെ യാത്രയ്ക്കിടയിൽ ഏതെങ്കിലും ഒരു ഗ്രാമത്തിൽ അദ്ദേഹം തീവണ്ടിയിറങ്ങുമ്പോൾ ഈ ”പ്രഭാവലയ”മുള്ള മനുഷ്യനുചുറ്റും ജനങ്ങൾ തടിച്ചുകൂടുകയും തത്കാലത്തേക്ക് തങ്ങളുടെ ജാതിബോധം അവർ മറക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ അപ്പോഴത്തെ നിഷ്‌കളങ്കമായ രീതിമര്യാദകളെ വച്ചുകൊണ്ടാണ് ഗാന്ധി ഗ്രാമീണമനുഷ്യരുടെ ജീവിതത്തെ അളന്നിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ഗ്രാമീണജീവിതത്തിൽ ജാതീയ അസമത്വങ്ങൾ ഉണ്ടാക്കിയ ആന്തരിക വൈരുധ്യങ്ങളെ അദ്ദേഹത്തിന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഗാന്ധിയെ സംബന്ധിച്ചിടത്തോളം, മതത്തിന്റെ നൂറ്റാണ്ടുകൾക്കുമുൻപുള്ള ധാർമിക പ്രബോധനങ്ങളെ, അതിൽ ആരോപിക്കപ്പെട്ട പവിത്രതയോടുകൂടിത്തന്നെ കളങ്കമില്ലാതെ പിൻതുടരുക എന്നതായിരുന്നു കാര്യം. എന്നാൽ അംബേദ്കറുടെ സമീപനം അതായിരുന്നില്ല. നീതിയും, സമത്വവും ധാർമികതയുമായിരിക്കണം മതത്തിന്റെ ആധാരശിലയായിരിക്കേണ്ടത് എന്നും, ധാർമികജീവിതം സാധ്യമാക്കുന്ന ഒരു ആത്മീയ ദർശനം എന്ന നിലയിലാണ് മതം മനുഷ്യജീവിതത്തിൽ വർത്തിക്കേണ്ടത് എന്നുമാണ് അംബേദ്കർ പറഞ്ഞുകൊണ്ടിരുന്നത്.
സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിലെ ദലിത് ജനവിഭാഗങ്ങൾക്കുവേണ്ടി തയ്യാറാക്കിയ കമ്മ്യൂണൽ അവാർഡ് (തിരുത്തലുകൾക്കുശേഷം പൂനാകരാർ എന്ന് അറിയപ്പെടുന്നത്.) എന്ന സംവരണനിയമം പ്രാബല്യത്തിൽ വരുന്ന ഘട്ടത്തിലാണ് ഗാന്ധിക്കും, അംബേദ്കറിനും ഇടയിലുള്ള അഭിപ്രായഭിന്നതകൾ അതിന്റെ ഉച്ചസ്ഥായിൽ എത്തിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞ കാര്യമാണത്. എങ്കിലും ഇന്നു തിരിഞ്ഞുനോക്കുമ്പോൾ ഗാന്ധി പൂനാകരാറിനെ എതിർത്തതിൽ കാര്യമുണ്ടെന്നു കാണാം. രാഷ്ട്രത്തിന്റെ വിഭവങ്ങളും, സമ്പത്തും, വിജ്ഞാനത്തിനും മേലുള്ള അധികാരവും, തുല്യമായി വിന്ന്യസിക്കപ്പെടാതിരുന്ന ഒരു രാജ്യത്ത് ഭീതിതമായ രീതിയിൽ അസമത്വം നിലനില്ക്കുമ്പോൾ, നൂറ്റാണ്ടുകളായി അടിമകളെപ്പോലെ കഴിഞ്ഞിരുന്ന ജനതയെ മറ്റുള്ളവർക്കൊപ്പം എത്തിക്കാൻവേണ്ടിയാണ് സംവരണം അനിവാര്യമായി വരുന്നത്. അന്നത്തെ സവിശേഷമായ സാഹചര്യത്തിലാണ് അംബേദ്കർ കമ്മ്യൂണൽ അവാർഡ് എന്ന, ദലിതർക്കുള്ള സംവരണത്തെ ഉയർത്തിപ്പിടിച്ചത്. മനുഷ്യർക്കിടയിൽ സാമ്പത്തികവും, സാമൂഹികവുമായ സമത്വം ഇന്നും കൈവരിക്കാനാകാത്ത ഇന്ത്യൻ സാഹചര്യത്തിൽ സംവരണം എന്ന തത്ത്വം ഇക്കാലത്തും പ്രസക്തം തന്നെ. പക്ഷേ, പൂനാകരാറിൽ ഗാന്ധികണ്ട അപകടം എന്തായിരുന്നു എന്നു പരിശോധിക്കേണ്ടതുണ്ട്.
മുറിവേറ്റ രണ്ടുപേരുടെ തുല്യബഹുമാനം
കമ്മ്യൂണൽ അവാർഡിൽ (സമുദായിക സമ്മാനം) ഒരു മണ്ഡലത്തിലെ ദലിത് സമൂഹത്തിന്റെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ആ സമൂഹത്തിലെ ദലിതർക്കുമാത്രമായിരുന്നു. മറ്റാർക്കുമുണ്ടായിരുന്നില്ല. അതേമണ്ഡലത്തിലെ മറ്റുസമുദായങ്ങളിൽപ്പെടുന്നവർക്ക് വോട്ടവകാശം നിഷേധിക്കപ്പെടുകയോ അല്ലെങ്കിൽ അവർ മറ്റുമണ്ഡലങ്ങളിൽപ്പോയി വോട്ടുരേഖപ്പെടുത്തുകയോ ചെയ്യേണ്ടിവരുന്ന തീർത്തും അപകടകരവും അപ്രായോഗികവുമായ ഒരുവശം ഗാന്ധി ഇതിൽ കണ്ടിരുന്നു. ആ നിയമം പ്രാബല്യത്തിൽ വന്നാൽ, അക്കാലത്ത് ബ്രിട്ടീഷ് ഗവൺമെന്റ് ദലിതർക്കായി നീക്കിവെച്ച 71 മണ്ഡലങ്ങളാകെ, അസംഘടിതരും അജ്ഞരും, ദരിദ്രരും അധഃസ്ഥിതരുമായ കീഴാള ജനവിഭാഗങ്ങൾ മാത്രം ജീവിക്കുന്ന, തീർത്തും ഒറ്റപ്പെട്ട, മറ്റുജാതിസമൂഹങ്ങളാൽ അയിത്തവും ഊരുവിലക്കും കല്പിക്കപ്പെട്ട അടഞ്ഞ സമൂഹങ്ങളായി എക്കാലത്തേക്കുമായി നിലനിന്നേക്കുമെന്ന് ഗാന്ധി ഭയപ്പെട്ടിരുന്നു. ഭാവിയിൽ ജാതീയമായ കലാപങ്ങൾക്കോ വംശഹത്യക്കോ, പലായനത്തിനോ ഈ വേർതിരിവ് വഴിവച്ചേക്കാം. സമൂഹത്തിന്റെ പൊതുധാരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട്, മറ്റു ജാതിസമൂഹങ്ങളിൽനിന്ന് തീർത്തും ഒറ്റപ്പെട്ട് അധോഗതിയിൽ കഴിയേണ്ടിവരുന്ന ദയനീയജീവിതങ്ങളുടെ ഇരുണ്ടലോകമായി അത്തരം മണ്ഡലങ്ങൾ മാറിത്തീർന്നേക്കുമെന്ന ദീർഘവീക്ഷണമായിരുന്നു കമ്മ്യൂണൽ അവാർഡിനോടുള്ള ഗാന്ധിയുടെ എതിർപ്പിനുകാരണം. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും, ഇന്ത്യയിലെ ദലിത് വിഭാഗങ്ങൾ മറ്റുമനുഷ്യരോടൊപ്പം ഇടകലർന്നു ജീവിച്ചിട്ടും കൊടിയ ജാതീയമായ അസമത്വങ്ങൾക്കും ഭീകരമായ ആക്രമണങ്ങൾക്കും വിലക്കുകൾക്കും അവർ ഇരയായിക്കൊണ്ടിരുന്നു എന്ന യാഥാർത്ഥ്യം നമുക്കു മുന്നിലുണ്ട്. അപ്പോൾപ്പിന്നെ കമ്മ്യൂണൽ അവാർഡിലെ കരാർ അനുസരിച്ച് ആ ജനത അതേ അടഞ്ഞലോകത്ത് തളച്ചിടപ്പെട്ടിരുന്നെങ്കിൽ അവരുടെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
സനാതനമായ ഒരു മതാത്മകബോധത്താൽ തന്റെ സാമൂഹിക-രാഷ്ട്രീയ ചിന്താധാരകൾ നിർണയിക്കപ്പെട്ടിരുന്ന ഗാന്ധിക്ക് ദലിതരിൽ വർണാശ്രമവ്യവസ്ഥ സൃഷ്ടിച്ചിരുന്ന ആഴമേറിയ മുറിവുകൾ വേണ്ടത്ര മനസ്സിലാക്കാൻ കഴിയാതെപ്പോയിട്ടുണ്ട് എന്നത് പൂർണമായും ശരിതന്നെയാണ്. അംബേദ്കറോട് വ്യക്തിപരമായ സ്പർദ ഒട്ടുമേ അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, ലോകരാഷ്ട്രങ്ങളോട് കിടപിടിക്കുന്ന രീതിയിൽ, ഒരു ആധുനിക ജനാധിപത്യ പൗരസമൂഹത്തിന് ഇണങ്ങുന്ന ഒരു ഭരണഘടന നിർമിച്ചെടുക്കാൻ ആരെയാണ് അതിന്റെ പ്രധാന ചുമതല ഏല്പിക്കേണ്ടത് എന്ന ചർച്ച ഉയർന്നുവന്നു. അതിന് അനുയോജ്യനായ ഒരു വ്യക്തിയുടെ അഭാവം നെഹ്‌റുവിന് അനുഭവപ്പെട്ടപ്പോൾ അദ്ദേഹം സരോജിനി നായിഡുവുമൊത്ത് ഗാന്ധിയെ സന്ദർശിച്ച് കാര്യം ധരിപ്പിച്ചു. എന്നിട്ട്, ഭരണഘടനയുടെ നിർമാണത്തിന്റെ കാര്യത്തിൽ വിദഗ്ദ്ധനായ ഐവർജന്നിംഗ്‌സിനെയോ മറ്റോ കൊണ്ടുവരുന്നതാണ് ഉചിതമെന്ന് സൂചിപ്പിച്ചപ്പോൾ ഗാന്ധിപറഞ്ഞ മറുപടി, ”എന്തിന് വിദേശത്തുനിന്ന് ആളെ വരുത്തുന്നു. നമുക്ക് ഡോ.അംബേദ്കർ ഉണ്ടല്ലോ” എന്നാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മന്ത്രിസഭയിൽ ഡോ.അംബേദ്കറെ ഉൾപ്പെടുത്താൻ നെഹ്‌റുവിന് തീരെ താത്‌പര്യമുണ്ടായിരുന്നില്ല. ആശയപരമായി കോൺഗ്രസ് നേതൃത്വത്തോട് ഏറ്റുമുട്ടിയതുകൊണ്ടുമാത്രമല്ല, ഇത്രയേറെ വിദ്യാഭ്യാസവും ബൗദ്ധിക ഔന്നിത്യവുമെല്ലാം ഉണ്ടായിരുന്നിട്ടുപോലും സ്വാതന്ത്ര്യത്തിനുവേണ്ടി അംബേദ്കർ തന്റേതായ സംഭാവനയൊന്നും ചെയ്തിട്ടില്ല എന്നതുകൊണ്ടാണ് നെഹ്‌റു അംബേദ്കറോട് നീരസം പ്രകടിപ്പിച്ചത്. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം ഇക്കാര്യത്തിൽ ഗാന്ധിയെടുത്ത നിലപാട് ആദരണീയമായിരുന്നു. അദ്ദേഹം നെഹ്‌റുവിനോട് ഇങ്ങനെയാണ് പറഞ്ഞത്, ”വിയോജിപ്പിന്റെ കാര്യമെല്ലാം സ്വാതന്ത്ര്യത്തിനുമുമ്പുള്ളകാര്യം. ഇപ്പോൾ ഇന്ത്യ സ്വതന്ത്രമായി. സ്വതന്ത്ര്യം ലഭിച്ചത് എനിക്കോ, താങ്കൾക്കോ അല്ല. ഇന്ത്യയ്ക്കാണ്. അതിനാൽ കഴിഞ്ഞതെല്ലാം മറന്ന് നമ്മുടെ നാട്ടിലെ പ്രതിഭകൾക്ക് രാജ്യസേവനത്തിനുള്ള അവസരം നല്കണം.”
ഗാന്ധിയുടെ മരണശേഷം, ഡോ.അംബേദ്കർ ഗാന്ധിയോട് തനിക്കുണ്ടായിരുന്ന അങ്ങേയറ്റത്തെ ആദരവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദലിത് ജനവിഭാഗത്തിന്റെ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും വിശേഷിച്ച് ഗാന്ധിയോടും ആശയപരമായി അതിരൂക്ഷമായി ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഗാന്ധിയെ വ്യക്തിപരമായി താൻ ഏറെ ബഹുമാനിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചെന്നും അംബേദ്കർ തുറന്നുപറഞ്ഞിട്ടുണ്ട്. വിയോജിപ്പുകൾക്കിടയിലും, പരസ്പര ബഹുമാനവും ആദരവും വച്ചുപുലർത്തിയിരുന്ന ഇന്ത്യാചരിത്രത്തിലെ ഈ രണ്ടു മഹാശക്തികളുടെ ദർശനങ്ങളെ സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പ്രയോജനപ്പെടുത്താൻ ജനാധിപത്യപ്രസ്ഥാനങ്ങൾക്ക് ചരിത്രപരമായ കടമയുണ്ട്. അധികാരരാഷ്ട്രീയത്തിന്റെ മൂല്യച്യുതി തിരിച്ചറിഞ്ഞ് ആ രണ്ടുപേരും എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിച്ചവരാണ്. വിഭജനത്തിന്റെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ആഴമേറിയ ഹൃദയവ്യഥ അനുഭവിച്ച ഗാന്ധി എല്ലാ അധികാരകേന്ദ്രങ്ങളിൽനിന്നും ഒഴിഞ്ഞുനിന്ന്, കലാപം തകർത്തെറിഞ്ഞ മനുഷ്യർക്കിടയിൽ പ്രവർത്തിച്ചു. സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അംബേദ്കർ ഭരണഘടനയിൽ താൻ വിഭാവനംചെയ്ത രീതിയിലൊന്നും ഈ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാവില്ല എന്നു തിരിച്ചറിഞ്ഞപ്പോൾ മന്ത്രിസ്ഥാനം രാജിവച്ചു. തന്നെ അതിലേക്കുനയിച്ച ഒരു സന്ദർഭത്തിലാണ് 1951-ൽ രാജ്യസഭയിൽ അംബേദ്കർ ഇങ്ങനെ പ്രസംഗിച്ചത്: ”ദേവതകളെ പ്രതിഷ്ഠിക്കുന്ന ശ്രീകോവിൽ എന്ന നിലയ്ക്കാണ് നമ്മൾ ഇതെല്ലാം വിഭാവനം ചെയ്തത്. എന്നാൽ ആ ദേവതകൾക്കു മുൻപു തന്നെ ചെകുത്താൻമാർ അവിടം കൈയടക്കിക്കളഞ്ഞു.” മറ്റൊരു സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞത്: ”അത് (ഭരണഘടന) കത്തിക്കേണ്ട ഒരു സന്ദർഭം വരികയാണെങ്കിൽ ആദ്യം കത്തിക്കുന്നത് ഞാനായിരിക്കും” എന്നാണ്. ഒരു രാഷ്ട്രം പിച്ചവച്ചുതുടങ്ങും മുൻപേ ഭരണഘടനയും ഭരണവും തമ്മിൽ പുലബന്ധംപോലും ഇല്ലാതായിത്തീർന്നു എന്ന് അംബേദ്കർ മനസ്സിലാക്കിയിരുന്നു.
ഓരോ മനുഷനും വ്യക്തിജീവിതത്തിൽ തങ്ങളുടെതായ ഒരു പ്രത്യയശാസ്ത്രം പിൻതുടരുന്നുണ്ട്. പ്രകൃതിയോടും, ഇതര ജീവജാലങ്ങളോടും സത്യസന്ധമായും അഹിംസാത്മകമായും അനാസക്തിയോടെയും സമീപിക്കുന്ന ഒരു രീതിശാസ്ത്രമാണ് ഗാന്ധികൈക്കൊണ്ടിരിക്കുന്നത്. സാമൂഹികാസ്തിത്വത്തിലേക്ക് ഉയർന്നുവരുന്ന ഏതൊരുവ്യക്തിക്കും ഏറ്റവും സ്വീകാര്യമായത് ഈ ഗാന്ധിയൻ ജീവിതചര്യയാണ്. വ്യക്തിയും, കുടുംബവും, സമൂഹവും ആ സൗന്ദര്യാത്മക ജീവിതചര്യയിലൂടെയാണ് കടന്നുവരുന്നതെങ്കിൽ ഒരു രാഷ്ട്രത്തിൽ സംഭവിക്കാവുന്ന അത്ഭുതം അവിശ്വസനീയമായിരിക്കും. മനുഷ്യജീവിതത്തിന്റെ സർവതലസ്പർശിയായ രാഷ്ട്രീയത്തെ മറ്റൊരു കോണിലൂടെ കാണാൻ മനുഷ്യർ പഠിക്കും. ആഗോള കോർപ്പറേറ്റ് മുതലാളിത്തം മൂലധന സമാഹരണത്തിലൂടെ അവരുടെ ദല്ലാളഭരണകൂടങ്ങളുടെ സഹായത്താൽ ലോകത്തെയാകെ വിഴുങ്ങുമ്പോൾ ഗാന്ധി നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലും ഒന്നു സ്പർശിക്കുന്നുണ്ടെങ്കിൽ ഉപഭോഗാസക്തിയില്ലാതെ, നീതിയോടും, സത്യത്തോടും ചേർന്നു ജീവിക്കാൻ നമുക്കു പ്രേരണയാകും.
മതന്യൂനപക്ഷങ്ങളെയും, ദലിത് കീഴാളവർഗങ്ങളെയും വംശഹത്യക്കിരയാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസ്റ്റിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയോടും വിളയാട്ടത്തോടും പ്രതികരിക്കാൻ അംബേദ്കർ ഉയർത്തിപ്പിടിച്ച ആദർശങ്ങളെയും ആത്മാഭിമാനപോരാട്ടങ്ങളെയും പുനരായിക്കേണ്ടതുണ്ട്. ആ ചെറുത്തുനില്പ് ദേശ-പ്രാദേശിക ഭേദമന്യേ ഇന്ന് കൂടുതൽ ശക്തമാക്കേണ്ടിയിരിക്കുന്നു. കാരണം അധഃസ്ഥിതരെയും, ദുർബലരെയും വേട്ടയാടുന്നതിലും, ചൂഷണംചെയ്യുന്നതിലും ഒരു ഭരണകൂടത്തിനും ദയയില്ലാതായിരിക്കുന്നു. പോരാട്ടങ്ങളിലും, വ്യക്തിജീവിതത്തിലും ഗാന്ധിയുടെയും, അംബേദ്കറിന്റെയും ദർശനങ്ങൾ ഉൾക്കൊള്ളുന്നതിൽ ജനാധിപത്യ-മതനിരപേക്ഷബോധമുള്ളവർക്ക് ഇനിയും മടിച്ചു നില്ക്കാനാകില്ല.