വളളത്തോൾവഴികൾ – ഇ.പി.രാജഗോപാലൻ
ചെറുപ്പത്തിലേ കേൾക്കുന്ന വാക്കാണ് വള്ളത്തോൾ എന്നത്. വീട്ടുവർത്തമാനങ്ങളിൽ ആവർത്തിച്ച് കേൾക്കാറുണ്ടായിരുന്നു. 1949-ൽ കവിയും സംഘവും അയൽഗ്രാമമായ ഉദിനൂരിലെ സ്കൂൾ വാർഷികത്തിന് വന്നിരുന്നു. കലാമണ്ഡലത്തിന്റെ കഥകളി സ്കൂളങ്കണത്തിൽ അവതരിപ്പിച്ചിരുന്നു. ഇങ്ങനെയൊക്കെ കേമപ്പെട്ട സാംസ്കാരികോത്സവമായിട്ടാണ് വാർഷികാഘോഷം സംഘടിപ്പിക്കപ്പെട്ടത് എന്ന് രണ്ട് വലിയമ്മമാരുടെ ഓര്‍മപറച്ചിലിൽ നിന്ന് മനസ്സിലാക്കാമായിരുന്നു സവര്‍ണമദ്ധ്യവര്‍ഗ കുടുംബങ്ങളുടെ രുചിശീലങ്ങൾക്കൊത്ത് വള്ളത്തോൾക്കവിതകളെ പാകംചെയ്ത് കഴിക്കുന്ന ശീലം നിലവിലുണ്ട് എന്ന കാര്യം പിന്നീട് തിരിച്ചറിയാൻ കഴിഞ്ഞു.
‘ഭക്തിയും വിഭക്തി’യും പത്താം ക്ലാസിൽ പഠിക്കാനുണ്ടായിരുന്നു. ഞങ്ങളുടെ അദ്ധ്യാപകന് അതിൽ സൗന്ദര്യം വായിക്കാനുള്ള ശ്രദ്ധയും താത്പര്യവും കണ്ടില്ല. അദ്ദേഹം കവിത എന്നുപോലും പറയാൻ ശ്രദ്ധിച്ചില്ല. പദ്യം എന്നായിരുന്നു പറയാറ്. കൊളെജിൽ രണ്ടാംഭാഷാ പുസ്തകങ്ങളിൽ വള്ളത്തോൾ ഉണ്ടായിരുന്നില്ല. ഇതുകൊണ്ടെല്ലാം ഒരു മെച്ചം ഉണ്ടായി. സ്വന്തമായി വള്ളത്തോളിനെ വായിക്കാൻ കഴിഞ്ഞു. പല സന്ദർഭങ്ങളിൽ, പലയാവശ്യങ്ങൾക്കായി, ചിലപ്പോൾ ഒന്നിനുമായിട്ടല്ലാതെ വള്ളത്തോളിനെ വായിച്ചു. സി.കെ. മൂസത് എഴുതിയ ജീവചരിത്രം വസ്തുതാനിബിഡമാണ്. ആ രണ്ട് വാല്യങ്ങൾ രസംപിടിച്ച് വായിച്ചു. വള്ളത്തോളിനെപ്പറ്റിയുള്ള പല പല നാട്ടുവൃത്താന്തങ്ങൾ വേറെയുണ്ട്. അവയും രസകരമാണ്. ഇതൊക്കെ മനസ്സിലുള്ള ഒരു വായനക്കാരന്റെ പ്രതീതികൾ രണ്ട് കുറിപ്പുകളായി ഇവിടെ പങ്കിടുകയാണ്. ഒന്നാമത്തെ കുറിപ്പ് വള്ളത്തോളിന്റെ സാംസ്കാരികവ്യക്തിത്വത്തെപ്പറ്റിയാണ്. രണ്ടാമത്തേത് പ്രശസ്തമായ ഒരു കാവ്യ സന്ദർഭത്തെ മുൻനിർത്തിയുള്ളതും.
<ഒന്ന് >
1.കൊളോണിയൽ ആധുനികതയോടുള്ള പ്രതികരണമെന്ന നിലയിൽ തദ്ദേശീയാധുനികതയുടെ ശ്രമമാണ് ദീർഘകാലം വള്ളത്തോൾ നടത്തിയത്.
2.കേരളത്തിന്റെ ജ്ഞാനത്തെ തള്ളിക്കളയുക എന്നതാണ് കൊളോണിയൽ ആധുനികത ചെയ്തത്. കേരളത്തിന്റെ അറിവുലകത്തെ പല വഴിക്ക് കണ്ടെത്തുകയും കൊണ്ടാടുകയുമാണ് വള്ളത്തോൾ എന്ന കര്‍മയോഗി. ഇതിന് വിമോചനമൂല്യമുണ്ട്. ഇന്നും. ഇത് പ്രദേശത്തിന്റെ മൗലികവാദമല്ല. ലോകത്തെ തളളിക്കളയലല്ല. മലയാളത്തിന്റെ കാര്യവാഹകശേഷി തെളിയിക്കുക എന്ന വിമോചനപരമായ സാംസ്കാരികദൗത്യമാണ് വള്ളത്തോളിന്റെ സംസ്കൃത വിവർത്തനങ്ങൾ നിർവഹിക്കുന്ന ന്നത്. ആന്റി-ബ്രാഹ്മണിക്കൽ നീക്കം.
3.മറികടക്കുക [transcend] എന്ന ആധുനികതയുടെ വഴി വള്ളത്തോൾ വ്യക്തിതലത്തിലും നടപ്പാക്കി. എത്രയോ സന്ദർഭങ്ങളുണ്ട്. കേൾക്കായ്മയെ മറികടന്നാണ് അരനൂറ്റാണ്ട് വള്ളത്തോൾ ആഘോഷിച്ചത്. വിദേശയാത്രകളിലെ പല അനുഭവങ്ങളും ഈ നിലയിൽ വിലയിരുത്താം. ഗാന്ധിജിയോടും മൊറാർജിയോടും മറ്റൊരു പാട് പേരോടും കലഹിച്ച വള്ളത്തോളിനെ കേരളീയർ അത്ര പരിചയിച്ചിട്ടില്ല. അത് നമ്മുടെ അനുസരണശീലത്തിന്റെ തകരാറ്.
4.ആളായ്മയുടെ ആളായ വള്ളത്തോളിന്റെ വ്യക്തിത്വത്തിന്റെ വേറൊരു തലത്തിലുള്ള പ്രകാശനം തന്റെ കഥകളിക്കമ്പത്തിൽ കാണാം. ആളായ്മയുടെ അരങ്ങാണ് കഥകളി.
5.ആശാനെപ്പോലെ അഗാധമായ ,ആന്തരികാനുഭവങ്ങളുടെ കവിയല്ല വള്ളത്തോൾ. ഒരു activist/performer / narrator / enthusiast അദ്ദേഹത്തിൽ സദാ പാർത്തുപോന്നു. ബധിരൻ ഏറെ കേട്ടു, എപ്പോഴും മിണ്ടി.
6.കേരളകലയെ തകർക്കുന്ന അധിവേശയുക്തിക്കെതിരെയാണ് കഥകളിയുടെ നവോത്ഥാനം. അത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയാണ്. അടിമത്തത്തിന്റെ, അനുസരണയുടെ, പ്രജാജീവിതത്തിന്റെ ഏകരസമല്ല, ജീവിതത്തിന്റെ (നവ) ബഹുരസങ്ങളാണ് കഥകളി എന്ന് ഏതോ തലത്തിൽ വള്ളത്തോൾ തിരിച്ചറിഞ്ഞിരുന്നു.
Dance and Dance, otherwise we are lost എന്ന് ജര്‍മൻ നർത്തകിയായ Pina Bausch.
7.പുരാണകഥകളെ വള്ളത്തോൾ രാഷ്ടീയകവിതകളായി വിവർത്തനം ചെയ്തു. അവയെ ഒരുനിലയിൽ മതേതരമാക്കാൻ ശ്രമിച്ചു. കഥകളിപോലൊരു രൂപത്തിൽ സൂക്ഷ്മതലത്തിൽ കാലികമായ പുതുക്കം സാധ്യമാണെന്ന് തെളിയിച്ചു. പുതിയകഥകൾ കഥകളിയായി അവതരിപ്പിച്ചു.
< രണ്ട് >
“ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാൽ–/ ക്കൃഷ്ണനാം ഭഗവാന്റെ ധര്‍മരക്ഷോപായവും,/ ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ / ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും,/ ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും, മുഹമ്മദിൻ / സ്ഥൈര്യവുമൊരാളിൽച്ചേർന്നൊത്തു കാണണമെങ്കിൽ / ചെല്ലുവിൻ ഭവാന്മാരെൻ ഗുരുവിൻ നികടത്തി –/ലല്ലായ്കി ലവിടുത്തെച്ചരിത്രം വായിക്കുവിൻ!”
വള്ളത്തോൾ ഗാന്ധിജിയെ മതിമറന്ന് ആരാധിക്കുകയാണ് എന്നാണ് ഈ ഖണ്ഡം നോക്കുമ്പോൾ പലർക്കും തോന്നിയിരുന്നത്. ‘എന്റെ ഗുരുനാഥ’നെ ഒരു സ്തുതികാവ്യമായി (മധ്യവര്‍ഗകുടുംബ പ്രത്യയശാസ്ത്രത്തിനൊത്ത്) കണക്കാക്കുന്ന രീതി ഇന്നും തുടരുന്നുണ്ടാകാം.
“ലോകത്തിൽ ഇതേവരെയുള്ള പുണ്യശ്ലോകന്മാരുടെയെല്ലാം ഗുണങ്ങൾ തികഞ്ഞയാളാണ് എന്റെ ഗുരു ” എന്ന (കവിഞ്ഞ) വ്യാഖ്യാനം കുട്ടികൃഷ്ണമാരാരുടെതാണ്. അത് ശരിവെക്കുന്നവർ, പക്ഷേ, ഗാന്ധിഭക്തന്മാരാണ്, ഗാന്ധിജിയുടെ നല്ല വായനക്കാരല്ല. അവർക്ക് ഗാന്ധിയൻ ആക്റ്റിവിസവുമായി ബന്ധമില്ല.
1.ഈ കവിതാവരികൾ ഗാന്ധിജിയെ ചരിത്രവത്ക്കരിക്കുകയാണ്. (ചരിത്രം എന്ന വാക്ക് പ്രബന്ധസൂചകമായിട്ടാണെങ്കിലും ഈ ഇവിടെ വരുന്നത് യാദൃച്ഛികമല്ല.) ഗാന്ധിജി ഒരു ഏകാന്തപ്രതിഭാസമല്ല എന്ന് ധ്വനിപ്പിക്കുകയാണ്; ഗാന്ധിജിയെ ഒരു ആശയരൂപമായി സമകാലികതയിൽ സ്ഥാപിക്കുകയാണ്. “…. സ്ഥൈര്യവുമൊരാളിൽചേർന്നൊത്തു കാണണമെങ്കിൽ” – ചേർച്ചയെക്കുറിച്ച് പറയുന്ന ഈ വരി ഒറ്റവാക്കുപോലെയാണ് വിന്യസിച്ചിരിക്കുന്നത്. ചേർച്ചയെ ഇതിലും നന്നായി എങ്ങനെ ദൃശ്യവത്ക്കരിക്കാനാണ് !
2.പല കാലങ്ങളിൽനിന്നുള്ള, ദേശങ്ങളിൽനിന്നുള്ള, നാഗരികതകളിൽനിന്നുള്ള ആശയങ്ങളിൽനിന്നുള്ള തിരഞ്ഞെടുപ്പാണ് ഗാന്ധിചിന്തയായി ഇന്നു കാണുന്നത് എന്ന് ഇവിടെ വെളിവാകുന്നു. Every text is a mosaic of quotations എന്ന് പറയുന്നതുപോലുള്ള ആശയാവസ്ഥയാണ് ഇത്. വേറൊരു തരത്തിൽ പറഞ്ഞാൽ, ചില ചരിത്രപുരുഷന്മാരെക്കുറിച്ച് താനുൾപ്പെട്ട സ്വാതന്ത്ര്യസമരകാലം ഉണ്ടാക്കിയ പാഠങ്ങളാണ് ഗാന്ധിജിയുടെ ആശയാടിത്തറ.
“വൈഷ്ണവജനതോ ” എന്നു തുടങ്ങുന്ന പ്രാർത്ഥനാഗീതം ചില ദിവസങ്ങളിൽ “ക്രൈസ്തവജനതോ” എന്ന് മാറ്റിച്ചൊല്ലാൻ ഗാന്ധിജി പറയുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതും ഓര്‍മ വരുന്നു.
3.ഗാന്ധി മൗലികാശയനല്ല എന്ന് സ്ഥാപിക്കുന്നതിലൂടെ, കവിതയിൽ മറ്റെങ്ങുമുള്ള ആരാധനയുടെ അന്തരീക്ഷം ഇവിടെ വലിയൊരളവിൽ മാറിപ്പോകുന്നു. എഴുത്തുകാരന്റെ ഉദ്ദേശ്യത്തെ (authorial intent) മറികടക്കുന്ന സന്ദർഭമാണ് ഇത് എന്നും വാദിക്കാം.
4.ഗാന്ധിചരിത്രം പഠിക്കുന്നയാളാണെന്നും, ആശയങ്ങളുടെ ചരിത്രം ശ്രദ്ധിക്കുന്നയാളാണെന്നും ഈ ഭാഗം നോക്കിയാലറിയാൻ കഴിയും. ഗാന്ധിജിയുടെ ലോകത്വത്തിന്റെ (worldliness) നല്ല തെളിവാണത്. ആധുനികമായൊരു സ്വീകരിണി (receptacle)യാണ് ഗാന്ധിജി.
5.ഗാന്ധി തന്നെ താൻ പുതിയ, മൗലികമായ ആശയക്കാരനല്ല എന്ന് അസാധാരണമായ വിനയത്തോടെ പറയുന്നുണ്ട് : “എനിക്ക് ലോകത്തെ പുതുതായൊന്നും പഠിപ്പിക്കാനില്ല, അഹിംസയും സത്യവും കുന്നുകളോളം പഴക്കമുള്ളവയാണ് “. ലോകത്താൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ടയാളാണ് താൻ എന്ന തിരിച്ചറിവാണിത്. ജന്മി- നാടുവാഴിത്തത്തിന്റെയും മുതലാളിത്തത്തിന്റെയും കാതലായ സ്വകാര്യസ്വത്തുവാദത്തെ ആശയങ്ങളുടെ ഉടമസ്ഥാവകാശത്തെ തള്ളിപ്പറഞ്ഞുകൊണ്ട് സാംസ്കാരികമായി എതിർക്കുകയാണ് ഗാന്ധിജി.
6.ഈ കാവ്യഭാഗം രൂപംകൊണ്ട് അടഞ്ഞതാണെന്ന് തോന്നാമെങ്കിലും അത് തുറന്ന ഒന്നായിട്ടാണ് പ്രവർത്തിക്കുന്നത്. ജോൺ റസ്കിൻ,ലിയോ ടോൾസ്റ്റോയ്, ആർ.ഡബ്ള്യൂ.എമേഴ്സൻ തുടങ്ങിയവരുടെ ആശയസ്വാധീനം ഗാന്ധിചിന്തയിൽ ഉണ്ട്. അവർ മിത്തുകളായി മാറിയിട്ടില്ലാത്ത സമീപസ്ഥവ്യക്തിത്വങ്ങളായതുകൊണ്ടാവണം കവിതയിൽ നേരിൽവരാതെ പോയത്. കവിതയുടെ രൂപധ്വനി ഗാന്ധിജിയെ മിത്തുവത്ക്കരിക്കലാണെന്ന് എന്നിരിക്കെ ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. എങ്കിലും ആ ആധുനികജ്ഞാനികളിലേക്കുകൂടി ശ്രദ്ധ പായിക്കാൻ കവിത നിശ്ശബ്ദമായി നിർദേശിക്കുന്നുണ്ട്. അതാണിവിടത്തെ തുറസ്സ്.
7.ഒരു സ്ത്രീയിൽ നിന്നും ഗാന്ധിജി പഠിച്ചിട്ടില്ല എന്നും ഈ പട്ടികയിൽ നിന്നറിയാം. ചരിത്രത്തിന്റെതന്നെ പ്രശ്നമാണത് എന്നുമറിയണം. സ്ത്രീകളുടെ ജ്ഞാനത്തെയും അറിവുണർവിനെയും ഒഴിവാക്കുന്ന പ്രക്രിയയാണ് സാമ്പ്രദായിക ചരിത്രനിർമ്മാണം. ഗാന്ധിജി ഈ തകരാറ് കണ്ടറിഞ്ഞയാളാണ്. അദ്ദേഹം സ്ത്രീമുക്തിചിന്തകൾ ഏറെ അവതരിപ്പിക്കുകയും സ്ത്രീകളുമായി ചേർന്ന് രാഷ്ട്രീയം ജീവിക്കുകയും ചെയ്തു.