കലാസ്വാദനത്തിന്റെ മർമം
ഒരിക്കൽ വലിയൊരു ഗ്യാലറിയിൽ ചിത്രപ്രദർശനം നടത്തിക്കൊണ്ടിരുന്ന പിക്കാസോയുടെ അടുത്തേക്ക് ഒരാൾ ചെന്നു. അദ്ദേഹത്തിന് ഗ്യാലറിയിൽക്കണ്ട ചിത്രങ്ങളൊന്നും ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. പിക്കാസോ ക്യാൻവാസിൽ കോറിയിട്ട വരകളും വർണങ്ങളും വെറും കുസൃതികളായാണ് അയാൾക്കനുഭവപ്പെട്ടത്. അല്പം ദേഷ്യത്തോടെ അയാൾ പിക്കാസോയുടെ അടുത്തുചെന്ന് ഇങ്ങനെ ചോദിച്ചു:
“മിസ്റ്റർ പിക്കാസോ, താങ്കൾ എന്താണ് വരച്ചു വച്ചിരിക്കുന്നത് ? ഇത് ചിത്രകലയാണോ ?”
ഈ ചോദ്യം കേട്ട് പിക്കാസോയ്ക്ക് ഒട്ടും പരിഭ്രമം തോന്നിയില്ല. വളരെ സമാധാനത്തോടെയും ചെറിയൊരു ചിരിയോടെയും അദ്ദേഹം ആ ആസ്വാദകനോട് തിരിച്ചൊരു ചോദ്യമുന്നയിച്ചു.
” ഞാനൊന്നു ചോദിച്ചോട്ടെ? താങ്കൾക്ക് ചൈനീസ് ഭാഷ മനസ്സിലാകുമോ? “
“ഇല്ല ” എന്നയാൾ മറുപടി പറഞ്ഞു. പിക്കാസോ തുടർന്ന് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു:
“സാരമില്ല, പക്ഷേ, ഒന്നറിയുക. ആ ഭാഷ അറിയുന്ന, മനസ്സിലാകുന്ന ലക്ഷക്കണക്കിനാളുകൾ ലോകത്തുണ്ട്.”
മഹാനായ ആ കലാകാരൻ പറഞ്ഞതിന്റെ അർത്ഥം വായനക്കാർക്ക് മനസ്സിലായിക്കാണുമെന്ന് കരുതുന്നു. തന്റെ വരകൾ, അഥവാ കലാസൃഷ്ടികൾ ചില സവിശേഷ അനുഭൂതികളെയാണ് ആവിഷ്ക്കരിക്കുന്നത്. അത് എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നു വരില്ല. അതുകൊണ്ട് അത് കലയല്ലാതാവുന്നില്ല. അത് ആസ്വദിക്കാൻ കഴിയുന്ന സഹൃദയർ കുറച്ചുണ്ട്. അവർക്കുവേണ്ടിയാണ് കല നിലകൊള്ളുന്നത്. ഒരു വേള എണ്ണത്തിൽ കുറവാണെങ്കിലും അവരുടെ അനുഭൂതി പ്രധാനമാണ്. സർഗാത്മകതയുടെ അടിസ്ഥാനതത്ത്വം വിശദീകരിക്കുകയാണ് പിക്കാസോ ചെയ്തത്. മുമ്പെങ്ങോ വായിച്ച ഈ സംഭവം ഇപ്പോൾ ഓർക്കാനിടയായത്, നോവലിലെ ചില പരീക്ഷണങ്ങൾ കണ്ടതുകൊണ്ടാണ്. യൂറോപ്പിൽനിന്നുള്ള പുതിയ നോവലുകൾ പലതും ഇത്തരം സർഗാത്മക പരീക്ഷണങ്ങളാണ്. അതെല്ലാം എല്ലാ വായനക്കാരെയും തൃപ്തരാക്കിയെന്നു വരില്ല.
നമുക്ക് രുചിച്ചില്ല എന്നതുകൊണ്ട് അവയ്ക്ക് രുചിയില്ല എന്ന നിലപാടിൽ നമ്മളെത്തരുത്. നോവലുകൾ പുതിയ സഞ്ചാരപഥങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. എഴുത്തുകാർ അവരുടെ ആത്മപ്രകാശനത്തിന് പുതിയ ശൈലിയും ഭാഷയും കണ്ടെത്തുന്നു. സർഗാത്മക ഊർജം കാലത്തിന്റെ അമ്പരപ്പിൽനിന്നുണ്ടാവുന്നുണ്ട്. ആ അമ്പരപ്പ് തീർത്തും ആപേക്ഷികമാണ്. അതുകൊണ്ടുതന്നെ അതിൽനിന്നുണ്ടാവുന്ന കലയും വേറിട്ട അനുഭവങ്ങൾ പകർന്നുതരും. അതെല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊള്ളണമെന്നില്ല. എന്നാലും അവയിൽ പൊതുവിൽ ചില സ്വഭാവസവിശേഷതകൾ ഉണ്ടായാൽ നന്നായിരിക്കും. സൃഷ്ടിവൈഭവം, നൂതനത, അനന്യത ഇവയൊക്കെയാണ് മൗലികകലാകാരന്മാരിൽനിന്നും എഴുത്തുകാരിൽനിന്നും നിർബന്ധമായും പ്രതീക്ഷിക്കുന്നത്. അതോടൊപ്പം അഭിരുചി നവീകരണം നിരന്തരം സംഭവിക്കുകയും വേണം. നവീകരണം എന്നത് എപ്പോഴും പുതിയ തലമുറയെ ആണ് തൃപ്തിപ്പെടുത്തേണ്ടത്.
ഫ്രാൻസിസ്നൊറോണയുടെ മാസ്റ്റർപീസ്
തൊഴിൽപരമായ ചില വിവാദങ്ങളിലൂടെ ഫ്രാൻസിസ് നൊറോണയുടെ ‘മാസ്റ്റർപീസ്’ എന്ന കൃതി ഈയിടെ ചർച്ചയാവുകയുണ്ടായല്ലോ. വിവാദങ്ങളെ മാറ്റിവച്ച് ആ പുസ്തകത്തെ വിലയിരുത്തുമ്പോൾ മുന്നിലേക്കു വരുന്ന ചോദ്യം അതൊരു സർഗാത്മക രചനയാണോ എന്നതാണ്. സാഹിത്യസ്വഭാവം കുറഞ്ഞ ഒരാഖ്യാനമായാണ് എനിക്കനുഭവപ്പെട്ടത്. എഴുത്തുകാരനെന്ന നിലയിലനുഭവിക്കേണ്ടിവന്ന ഏതോ ചില നിരാശകളിൽനിന്നുണ്ടായ വെറുമൊരു ശുഷ്കരചന. സാഹിത്യരംഗത്ത് നിലനില്ക്കുന്ന ചില ദുഷ്‌പ്രവണതകളെ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെ മാത്രം രചിച്ചത്. ആ ലക്ഷ്യബോധം കൃതിയുടെ ദൗർബല്യമായി മുഴുനീളെ മുഴച്ചുനില്ക്കുന്നതായാണ് തോന്നിയത്. അതിനെ മറികടക്കുവാൻ എഴുത്തുകാരൻ ശ്രമിച്ചു കാണുന്നില്ല. നോവലിലെ കഥാപാത്രത്തിന്റെ മാനസിക നിലയിൽനിന്നുകൊണ്ടാണോ നോവലിസ്റ്റും പ്രവർത്തിക്കുന്നത് എന്ന തോന്നലുമുണ്ടാക്കുന്നു. ജീർണതയാണോ പ്രശ്നം അതോ അതിന്റെ ഇരയായതോ? ഇരയായവന്റെ വേദന മാത്രമാണ് എഴുത്തിൽ തുടിച്ചുനില്ക്കുന്നത്. കേവലമായൊരസന്തുഷ്ടി സാഹിത്യത്തെ സൃഷ്ടിക്കണമെന്നില്ല;സർഗാത്മകതയെ ഉണർത്തണമെന്നില്ല.
ഞാനിതിൽ കാണുന്നത്, എഴുത്തിൽ ആഗ്രഹിച്ചത്ര വളരാൻ കഴിയാതെപോയ ഒരു യുവ സാഹിത്യകാരനെയാണ്. മറ്റു കഥാപാത്രങ്ങളും അയാളുടെ സഹ-എഴുത്തുകാരാവാനാണ് സാധ്യത. അയാളുടെ പരാധീനതകൾ സാഹിത്യലോകത്തിന്റെ സ്വഭാവം കൊണ്ടുണ്ടായതാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഇതിലെ പ്രധാനകഥാപാത്രം. അയാളും അങ്ങനെയൊരു ബോധ്യപ്പെടൽ ആഗ്രഹിക്കുന്നുണ്ടാവാം.
കൃതിയിൽ വിവരിക്കുന്ന സംഭവങ്ങളെല്ലാം നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്നെയാവാം. വായിച്ചു മുന്നേറുമ്പോൾ നമ്മുടെ പരിസരത്തു കണ്ടും കേട്ടും പരിചയപ്പെട്ട ചില മുഖങ്ങളൊക്കെ വായനക്കാരുടെ മനസ്സിൽ കടന്നു വന്നേക്കാം. നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്ന രൂപകങ്ങൾ അർത്ഥവത്താണെന്നും വരാം. അപ്പോഴും ഈ രചന വായനക്കാരുടെ അനുഭൂതിമണ്ഡലത്തിന്റെയോ ചിന്താമണ്ഡലത്തിന്റെയോ ഉള്ളിൽ ചലനങ്ങളുണ്ടാക്കുന്നില്ല. പുസ്തകം വായിച്ചു കഴിയുമ്പോൾ ഞാനിത് വായിക്കേണ്ടതില്ലായിരുന്നു എന്ന തോന്നലാണ് നല്ലൊരു വായനക്കാരനുണ്ടാവുക. കാരണം, പ്രമേയത്തിന് ഒട്ടും ആർജവമില്ല. എഴുത്തിൽ ആധികാരികതയുണ്ടാക്കാൻ നൊറോണയ്ക്ക് സാധിച്ചിട്ടുമില്ല. ബാഹ്യമായ തലത്തിലുള്ള ഒരു അറിയിക്കൽ സ്വഭാവത്തിലേക്ക് എഴുത്ത് ചുരുങ്ങിപ്പോവുന്നു. അതിലപ്പുറം സൗന്ദര്യബോധപരമായ ഒന്നും ഈ കൃതിയിൽ എനിക്ക് കാണാൻ സാധിച്ചില്ല.
വസ്തുതാപരമായി പുസ്തക പ്രസാധക – വിതരണ രംഗത്തെക്കുറിച്ചുള്ള വിമർശനമായി നോവലിലെ ചില ഭാഗങ്ങളെ വായിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ അവിടെയും നോവലിസ്റ്റിന് തെറ്റുപറ്റിയിരിക്കുന്നു എന്നു കാണാം. എഴുത്തുകാരൻ വ്യാപരിക്കുന്ന ഭാഷയിലെത്ര വായനക്കാരുണ്ട്? ആ ഭാഷ ഉപയോഗിക്കുന്നവരെത്ര? അവരിലെത്ര വായനക്കാർ? പണം ചെലവഴിച്ച് പുസ്തകം വാങ്ങുന്നവരെത്ര? ഇതൊക്കെ കണക്കിലെടുത്താൽ മാത്രമേ എഴുത്തുകാരന് എഴുത്തിൽനിന്നുള്ള വരുമാനം കണ്ടെത്താൻ കഴിയൂ. എഴുത്തുകൊണ്ട് മാത്രം ജീവിക്കാൻ പറ്റുന്നില്ല എന്ന പരിദേവനം നമുക്ക് ചുറ്റും കുറെക്കാലമായി കേൾക്കുന്നുണ്ട്. ചെറിയൊരു ഭാഷയിൽ പ്രവർത്തിക്കുന്നവരാണ് എന്ന് ഇവിടെയുള്ളവർ ആദ്യം മനസ്സിലാക്കണം. കണക്കുകൾ പരിശോധിക്കാതെ ആഗ്രഹാനുസരണം വൈകാരികമായി പ്രതികരിക്കുന്നത് തെറ്റുദ്ധാരണകൾക്ക് വഴിവയ്ക്കുകയേയുള്ളൂ. (മാസ്റ്റർപീസ്- ഫ്രാൻസിസ് നൊറോണ – മാതൃഭൂമി ബുക്സ്.)
മാർസൽ പ്രൂസ്തിന്റെ വിസ്മയലോകം
ലോകസാഹിത്യത്തിലെ ഏറ്റവും മഹത്തായ നോവലെന്ന് കരുതപ്പെടുന്ന ഫ്രഞ്ച് കൃതിയാണ് മാർസൽ പ്രുസ്ത് എഴുതിയ ‘In Search of Lost Time’. ‘Remembrance of Things Past’എന്നൊരു പേരിലും ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1908 ലാണ് പ്രൂസ്ത് ഇതെഴുതി തുടങ്ങുന്നത്. 1919-വരെ അദ്ദേഹമത് തുടർന്നു. 1913-ലാണ് ഫ്രഞ്ചിൽ ഇതിന്റെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചത്. 1927-ൽ 13 വാല്യങ്ങളിലായി പ്രസിദ്ധീകരണം പൂർത്തിയാക്കുമ്പോഴേക്കും പ്രൂസ്ത് അന്തരിച്ചിരുന്നു. 1922-ൽ അൻപത്തിയൊന്നാമത്തെ വയസ്സിലാണ് പ്രൂസ്ത് വിടവാങ്ങിയത്.
അതേവർഷംതന്നെയാണ് ആദ്യഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നതും. ഓര്‍മയുടെ ഇതിഹാസം എന്നാണ് ഈ നോവൽ പൊതുവിൽ അറിയപ്പെടുന്നത്. നഷ്ടപ്പെട്ട ഭൂതകാലത്തിന്നു വേണ്ടിയുള്ള അന്വേഷണമാണ് ജീവിതം എന്നൊരു ധാരണയാണ് ഈ നോവൽ മുന്നോട്ടുവയ്ക്കുന്നത്. ആധുനികനോവലിന്റെ തുടക്കം ഇതിലൂടെയാണെന്ന് പല സാഹിത്യപണ്ഡിതന്മാരും എഴുതിയിട്ടുണ്ട്. നൂറുവർഷം പിന്നിട്ടിട്ടും സാഹിത്യലോകത്ത് ഇതുണ്ടാക്കിയ ആവേശം കെട്ടടങ്ങിയിട്ടില്ല.
ഇപ്പോൾ പ്രൂസ്തിന്റെ ആ മാസ്റ്റർപീസിനെ ഓർക്കാൻ കാരണം അടുത്തു വായിച്ച മറ്റൊരു പുസ്തകമാണ്. പോളിഷ് ചിത്രകാരനും കലാനിരൂപകനുമായിരുന്ന ജോസഫ് ചാപ്സ്കി (Jozef Czapski) എഴുതിയ ‘Lost Time- Lectures on Proust in a Soviet Prison Camp’ (NYRB Books) എന്ന രചനയാണ് അത്. ചാപ്സ്കി പോളിഷ് സൈനികനായും ജോലി ചെയ്തിരുന്നു. ജര്‍മൻകാരുമായുള്ള യുദ്ധത്തിൽ അദ്ദേഹം പിടിക്കപ്പെട്ടു. അപ്രതീക്ഷിതമായി, പിടിക്കപ്പെട്ട ആ പോളിഷ് റെജിമെന്റിനെ അപ്പാടെ ജര്‍മൻ സൈന്യം സോവിയറ്റ് യൂണിയന്റെ റെഡ്ആർമിക്ക് കൈമാറി. അങ്ങനെ അദ്ദേഹം സോവിയറ്റ് ജയിലിലായി. യുദ്ധത്തടവുകാരനായി സോവിയറ്റ് തടവറയിൽ കഴിഞ്ഞിരുന്നകാലത്ത് അദ്ദേഹം ജയിലിൽവച്ച് ധാരാളം പ്രഭാഷണങ്ങൾ നടത്തിയിരുന്നു. അന്ന് നടത്തിയ പ്രഭാഷണങ്ങളാണ് മുകളിൽ പറഞ്ഞ പുസ്തകത്തിലുള്ളത്. ജയിലിലെ ദുരനുഭവങ്ങൾ മറക്കാനും അതോടൊപ്പം ജീവിച്ചിരിക്കാനുള്ള ആഗ്രഹം നിലനിറുത്താനുമായി അന്നവിടെയുണ്ടായിരുന്ന തടവുപുള്ളികളെല്ലാം അവർക്കറിയുന്ന വിഷയങ്ങളെപ്പറ്റി വൈകുന്നേരങ്ങളിൽ ഗൗരവമായി സംസാരിക്കുവാൻ തീരുമാനിച്ചു. പലരും പല വിഷയങ്ങൾ തിരഞ്ഞെടുത്തു. അവരുടെ ഓര്‍മയിൽ നിറഞ്ഞുനിന്നിരുന്ന വിഷയങ്ങൾ എന്നു പറയുന്നതാവും കൂടുതൽ ശരി. അങ്ങനെയാണ് ചാപ്സ്കി പ്രൂസ്തിന്റെ നോവലിനെപ്പറ്റി സംസാരിച്ചു തുടങ്ങിയത്. വിഷയസംബന്ധമായ ഒന്നും കൈയിലില്ലാതെ 1940-41 കാലത്ത് അദ്ദേഹം ജയിലിൽവച്ച് എഴുതി തയാറാക്കിയ പ്രഭാഷണങ്ങളാണ് ഇങ്ങനെയൊരു പുസ്തകമായി പുറത്തുവന്നത്.
“എന്നിൽ പ്രൂസ്തിന്റെ അംശങ്ങളുണ്ട്. അതിലൂടെയാണ് ഞാനെന്നിലെ സാധ്യതകളെപ്പറ്റി ബോധവാനായത് ” എന്നദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്. ഓര്‍മയെക്കുറിച്ചുള്ള പ്രൂസ്തിന്റെ പുസ്തകത്തെ ആദരവോടെ കൃത്യമായി ഓർമിച്ചെടുക്കുകയായിരുന്നു, ചാപ്സ്കിയെന്ന ആ തടവുപുള്ളി. അങ്ങനെ അതൊരു ഓര്‍മകളുടെ ആഘോഷമായി മാറി. അതിനെ ഓർമിക്കലെന്നാണോ വിശേഷിപ്പിക്കേണ്ടത് അതോ മറക്കാതിരിക്കലെന്നോ? വായനക്കാർ തീർച്ചയായും ഇങ്ങനെയൊരു സന്ദേഹത്തിലെത്തിപ്പെടും. ഇതിന്റെ പരിഭാഷകയായ എറിക് കാർപെലെസ് പുസ്തകത്തിന് എഴുതിയ ആമുഖത്തിൽ സാമുവൽ ബെക്കറ്റിന്റെ ഒരു വാചകം കൊടുത്തിട്ടുണ്ട്. “The man with a good memory does not remember anything because he does not forget anything.” എന്തൊരു സത്യസന്ധമായ നിരീക്ഷണമാണിത് എന്നാലോചിച്ചു നോക്കുക. ചാപ്സ്കിയുടെ മറവിയില്ലായ്മയും വിമർശനബുദ്ധിയും ഈ പ്രഭാഷണങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. 1987-ലാണ് ഇത് ഫ്രഞ്ചിൽ പുറത്തുവന്നത്. 2018-ൽ ഇംഗ്ലീഷിലും. പ്രൂസ്തിന്റെ ജീവിതത്തെയും ഭാവനാലോകത്തെയും അടുത്തറിയുന്നതിന് ഈ ചെറിയ പുസ്തകം സഹായിക്കും.
പ്രൂസ്തിനെ അറിയണമെന്നുള്ളവർ നിശ്ചയമായും വായിച്ചിരിക്കേണ്ട മറ്റൊരു പുസ്തകമാണ് സെലസ്റ്റ് ആൽബറേ രചിച്ച ‘മെസ്യൂ പ്രൂസ്ത്’ (Monsieur Proust – Celeste Albert-NYRB Publications). പ്രൂസ്തിന്റെ ഡ്രൈവറുടെ ഭാര്യയായിരുന്നു സെലസ്റ്റ് ആൽബറേ. അവളെ പ്രൂസ്ത് തന്റെ വീട്ടിലെ സഹായിയായി നിയമിച്ചു. അവസാനകാലത്ത് സെലസ്റ്റ് മാത്രമായി അദ്ദേഹത്തിന്റെ കൂട്ട്. സെലസ്റ്റ് പ്രൂസ്തിനെ പരിചയപ്പെടുമ്പോഴേക്കും അദ്ദേഹം ‘റിമെംബ്രൻസ് ഓഫ് തിങ്ങ്സ് പാസ്റ്റ് ‘ എന്ന കൃതിയുടെ ആദ്യഭാഗം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള എഴുത്തുജീവിതവും മരണംവരെയുണ്ടായ മറ്റു വ്യക്തിപരമായ സംഭവങ്ങളുമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. പ്രൂസ്ത് എന്ന കലാകാരന്റെ മനസ്സിനെ വായിച്ചെടുക്കുകയാണ് ഈ പരിചാരിക. അവർ തമ്മിലുണ്ടായ സംഭാഷണങ്ങളൊക്കെ ഓർത്തെടുത്ത് മനോഹരമായി എഴുതിയിരിക്കുകയാണ് അവർ. ഒരു മഹാജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ പുസ്തകം സാധ്യമാക്കുന്നത്.
സർഗാത്മകതയും കാലവും
ഏതൊരു കൃതിക്കും അത് സൃഷ്ടിക്കപ്പെട്ട കാലവുമായി അഭേദ്യമായ ബന്ധമുണ്ടാകും. എഴുത്തുകാരന്റെ ഭാഷയെയും ശില്പചാരുതയെയും സൗന്ദര്യബോധത്തെയും അയാളുടെ ജീവിതകാലമോ, ഒരുവേള അയാൾ സൃഷ്ടിക്കായി തിരഞ്ഞെടുത്ത കാലമോ വലിയതോതിൽ സ്വാധീനിച്ചിരിക്കും. ഈ സത്യം മറന്നുകൊണ്ടാണ് ചില പ്രസാധകർ പ്രസിദ്ധരായ എഴുത്തുകാരുടെ മുൻകാല രചനകളിൽ ഇപ്പോൾ ചില ഒഴിവാക്കലുകൾ നടത്തുന്നത്. സത്യത്തിൽ ഇതൊരു ക്രൈം തന്നെയാണ്. ആദ്യം കേട്ടത് പ്രസിദ്ധ ബാലസാഹിത്യ എഴുത്തുകാരനായ റോൾഡ് ഡാലിന്റെ (Roald Dahl) ‘ചാർളി ആൻഡ് ദ ചോക്ലെറ്റ് ഫാക്ടറി’ എന്ന പ്രശസ്തകൃതിയിൽ ചില മാറ്റങ്ങൾ വരുത്തി പ്രസിദ്ധപ്പെടുത്തുന്നു എന്നാണ്. മനുഷ്യരുടെ നിറത്തെയും ശരീരഘടനയെയും പരിഹസിക്കുന്നു എന്ന തോന്നലുളവാക്കുന്ന ചില ഭാഗങ്ങൾ പുതിയകാല വായനക്കാർക്കുവേണ്ടി തിരുത്തിയെഴുതുകയാണ് എന്നാണ് വാദിക്കുന്നത്! പുതിയകാലത്തെ വായനക്കാരുടെ സെൻസിറ്റിവിറ്റിയെ തൃപ്തിപ്പെടുത്താനാണത്രേ ഈ സെൻസറിങ്ങ് നടത്തുന്നത്. പ്രസിദ്ധമായ ക്ലാസിക്കുകളിൽ അധിക്ഷേപത്തിന്റെയും വംശവെറിയുടെയും സ്വഭാവമുള്ള സംഭവങ്ങളും വാക്കുകളും തിരുത്തിയെഴുതാനാണ് ഇതുവഴി പ്രസാധകർ ശ്രമിക്കുന്നത്. എഴുത്തുകാരന്റെ അനുവാദമില്ലാതെ ഒരു കൃതിയിലും എഡിറ്റിങ്ങ് നടത്തുവാൻ പാടില്ല എന്നാണ് ഞാൻ കരുതുന്നത്. അയാളുടെ ഭാഷയും ശൈലിയും അയാളുടെ സാഹിത്യാവബോധത്തിന്റെ ഭാഗം തന്നെയാണ്. അത് കാലാനുസൃതമായി തിരുത്തുവാനുള്ളതല്ല. എഴുത്തുകാരുടെ സർഗാത്മക സ്വാതന്ത്ര്യത്തിലുള്ള ഇടപെടൽ കൂടിയാണത്. അതും മരണാനന്തരം!
മഹാഭാരതത്തിൽ ദ്രൗപതി അഞ്ചുപേരെ ഭർത്താക്കന്മാരായി സ്വീകരിക്കുന്നത് പുതിയകാല സെൻസിബിലിറ്റിക്ക് നിരക്കാത്തതാണ് എന്ന വാദത്തിന് കീഴടങ്ങിയാൽ എന്തു സംഭവിക്കും? ഒരുദാഹരണം പറഞ്ഞുവെന്നു മാത്രം. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.
കൃതിയെ അറിയുമ്പോൾ കൃതിയുടെ കാലത്തെയും അത് സാധ്യമാക്കിയ സാംസ്കാരിക പശ്ചാത്തലത്തെയുംകൂടിയാണ് വായനക്കാർ അറിയുന്നത്. നമ്മുടെ ഇന്നലെകളിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകകൾകൂടിയാണ് സാഹിത്യം. അത് എഴുത്തുകാരന്റെ സമ്മതമില്ലാതെ തിരുത്തിക്കൂടാത്തതാണ്. ഭാഷയുടെ പ്രയോഗമാണ് സാഹിത്യത്തിന്റെ മർമം. റോൾഡ് ഡാലിനെക്കൂടാതെ, അഗതാ ക്രിസ്തിയും ആർതർ കോനൻ ഡോയലും പി.ജി. വുഡ്ഹൌസുമൊക്കെ തിരുത്തപ്പെടുക എന്ന പുതിയ ഭീഷണി നേരിടുന്നുണ്ട്. സാഹിത്യസമൂഹം ഈ പ്രവണതയെ എന്തു വില കൊടുത്തും എതിർത്തു തോല്പിക്കേണ്ടതുണ്ട്.