ഗോത്രജനതയുടെ ഭക്ഷണം, ഭാവിയിലെ സൂപ്പർഫുഡ് – ഡോ. കെ പി നിതീഷ് കുമാർ

 2021 മാർച്ച് 3-ന് പൊതുസഭ അംഗീകരിച്ച പ്രമേയത്തിലൂടെ ഐക്യരാഷ്ട്രസഭ 2023 ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുകയാണ്. ചെറുധാന്യകൃഷിയുടെ പ്രാധാന്യത്തെ പറ്റിയുള്ള പ്രചരണം, ചെറുധാന്യങ്ങളുടെ സുസ്ഥിരമായ ഉത്‌പാദന വിതരണം എന്നിങ്ങനെ ആസൂത്രിത പദ്ധതികൾ ആവിഷ്കരിക്കുവാനാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.  ഇതിനായി ലോകരാജ്യങ്ങൾ സന്നദ്ധതയും താത്പര്യവും പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ പദ്ധതിക്കുവേണ്ടിയുള്ള തുടക്കം നല്കിയത് ഇന്ത്യയാണെന്നത് നമുക്ക് അഭിമാനിക്കാം. അവഗണിക്കപ്പെട്ട ചെറുധാന്യങ്ങളുടെ പ്രസക്തി വീണ്ടും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഇതുകൊണ്ട് സാധിച്ചത്.  ഇന്ത്യയിൽ പുരാതന നാഗരികതയുടെ കാലം മുതൽതന്നെ ചെറുധാന്യങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടിരുന്നു. സിന്ധുനദീതടസംസ്കാരകാലഘട്ടത്തിൽത്തന്നെ ചെറുധാന്യങ്ങളുടെ കൃഷി സവിശേഷമാണെന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. പുല്ല് വർഗത്തിൽപ്പെട്ട ധാന്യവിളകളായ മില്ലെറ്റുകൾ പുരാതനകാലങ്ങളിൽ പക്ഷികൾക്കും മൃഗങ്ങൾക്കുമുളള ഭക്ഷണമായിട്ടാണ് ഉപയോഗിച്ച് വന്നിരുന്നത്. പിന്നീടാണ് ഇവയുടെ പോഷക ഗുണം മനസ്സിലാക്കി മനുഷ്യന്റെ ആഹാരമാക്കാൻ തുടങ്ങിയത്.


ലോകജനതയുടെ ആരോഗ്യസംരക്ഷണം, കാലാവസ്ഥ പുനഃക്രമീകരണം തുടങ്ങിയവ ചെറുധാന്യ കൃഷിയിലൂടെ മെച്ചപ്പെടുത്താമെന്ന് വിലയിരുത്തപ്പെടുന്നു. നെല്ല്, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ, മില്ലെറ്റുകൾ പോഷകങ്ങളുടെ കലവറയാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കാലാവസ്ഥ മാറ്റം കൊണ്ടുണ്ടാകുന്ന രൂക്ഷമായ ജലദൗർലഭ്യത്തെ തരണംചെയ്യാൻ ചെറുധാന്യങ്ങൾക്കുള്ള ശേഷി ആഗോളപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ICAR-IIMR-ന്റെ പഠനമനുസരിച്ച് ചെറുധാന്യങ്ങൾക്ക് 46 ഡിഗ്രി സെൽഷ്യസ് വരെയുള്ള കഠിനമായ അന്തരീക്ഷ ഊഷ്മാവിനെയും ചെറുത്തുനില്ക്കാനുള്ള ശേഷി ഉണ്ടെന്നാണ്.  വർഷത്തിൽ 300-600 മില്ലി മീറ്റർ മഴ മാത്രം ലഭ്യമായ ഇടങ്ങളിലും  ചെറുധാന്യങ്ങൾ വളരുന്നു. രോഗ-കീടബാധ വളരെ കുറഞ്ഞ വിളകളാണ് ചെറുധാന്യങ്ങൾ എന്നതാണ് മറ്റൊരു മികവ്. ചെറുധാന്യങ്ങളുടെ ഈ കാലികപ്രസക്തി ഉൾക്കൊണ്ടുകൊണ്ടാണ് 2023 മില്ലറ്റ് ഇയറായി പ്രഖ്യാപിക്കാൻ ഭാരതസർക്കാർ  ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര ജനതയുടെ സുസ്ഥിര വികസനത്തിന് ഇതൊരു വലിയ മുതൽക്കൂട്ടായി  മാറും.   


ഗോത്രജനതയും മില്ലെറ്റുകളും


വൈവിധ്യമാർന്ന ചെറുധാന്യങ്ങളുടെ നാടാണ് ഇന്ത്യ. ഇന്ത്യയിൽ പല ഇനത്തിൽപ്പെട്ട മില്ലെറ്റുകൾ പരമ്പരാഗതമായി കൃഷി ചെയ്യുകയും തദ്ദേശീയ ധാന്യമായി ഉപയോഗിച്ചു വരികയും ചെയ്യുന്നു.  ഇന്ത്യയിൽ ചെറുധാന്യങ്ങൾ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം രാജസ്ഥാനാണ്. കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ തൊട്ടുപിന്നിൽ നില്ക്കുന്നു.  എന്നാൽ ചെറുധാന്യങ്ങൾ ഏറ്റവും കൂടുതൽ ഉപഭോഗം ചെയ്യുന്ന സംസ്ഥാനം ആസാമാണ്. ബജ്‌റ, ചോളം, റാഗി, ചാമ, തിന, പനിവരഗ് , കുതിരവാലി അല്ലെങ്കിൽ കവടപ്പുല്ല് എന്നിവ നമുക്ക് പരിചിതമായ ചെറുധാന്യങ്ങളാണ്.


ഇന്ത്യയിലെ പ്രബല വിഭാഗങ്ങളായ ഗോത്രജനതയ്ക്കിടയിൽ വലിയതോതിൽ ചെറുധാന്യങ്ങൾ കൃഷി ചെയ്തുവരുന്നു. ഇത് ഗോത്രസംസ്കൃതിയുടെയും പൈതൃകത്തെയും ഭാഗമായിട്ടാണ് കണക്കാക്കുന്നത്. പല ആചാരാനുഷ്ഠാനങ്ങളിലും ഇവയുടെ ഉപയോഗം കാണാം. ഇതിൽനിന്ന് വ്യക്തമാകുന്നത് ഗോത്രജനതയും മില്ലെറ്റുകളും തമ്മിലുള്ള ജൈവികബന്ധത്തെയാണ്.


കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ താമസിക്കുന്ന ഗോത്രജനത മില്ലറ്റ് കൃഷി വളരെ സജീവമായി ചെയ്തു വന്നിരുന്നു. ആധുനിക കൃഷിരീതിയും അന്തകൻവിത്തുകളുടെ വരവും ഗോത്രജനതയുടെ പാരമ്പര്യ കൃഷിസമ്പ്രദായത്തിൽ വലിയ രീതിയിൽ വിള്ളലുകൾ ഉണ്ടാക്കി. ചാമയും റാഗിയും തിനയും എല്ലാം കൃഷി ചെയ്ത് ജീവിച്ചിരുന്ന ഗോത്രജനത ആധുനിക നെൽവിത്തുകളിലേക്കും നാണ്യവിളയിലേക്കും മാറി. കുടിയേറ്റ ജനതയുടെ സ്വാധീനവും സ്ഥലപരിമിതിയുമെല്ലാം ഇതിനു ആക്കംകൂട്ടി. ആധുനിക കൃഷിസമ്പ്രദായം പൂർണമായും ഉത്‌പാദനബന്ധിതമാണ്. ഇവിടെ ഉത്പന്നത്തിന്റെ മൂല്യത്തിന് പ്രാധാന്യം കല്പിക്കാറില്ല. പലപ്പോഴും ഗുണത്തെക്കാൾ എണ്ണത്തിന് പ്രാധാന്യം നല്കുന്ന വ്യവസ്ഥിതി. ഈ വ്യവസ്ഥിതിയുടെ ഫലമായി പാരമ്പര്യരീതിയിലുള്ള കൃഷിസമ്പ്രദായത്തിനും വിളകൾക്കും മാറ്റം സംഭവിച്ചു. ഇതിലൂടെ തുടച്ചുനീക്കപ്പെട്ടതിൽ പ്രധാനമായും മില്ലെറ്റുകൾ ആയിരുന്നു. ഈ മാറ്റം ഗോത്രജനതയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതായി കാണാനിടയായി. അമിതമായ പോഷകാഹാരക്കുറവിനും മറ്റു വൈകല്യങ്ങൾക്കും ഇത് ഇടയാക്കി. ഇതിനുള്ള ഉത്തമമായ ഉദാഹരണം അട്ടപ്പാടിയിലെ ആദിവാസിസമൂഹത്തിന്റെ ജീവിതമാറ്റമാണ്. പൊതുസമൂഹത്തിന്റെ കടന്നുകയറ്റവും ആധുനിക ജീവിതശൈലിയും ഈ ജനതയ്ക്ക് വലിയ വിള്ളലുകൾ ഉണ്ടാക്കി. ഭക്ഷണക്രമണത്തിലും ജീവിതരീതികളിലും ഇവരിൽ വലിയ മാറ്റമുണ്ടാക്കി. ഇത് ഇവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.


അട്ടപ്പാടിയിൽ 2013-ൽ ഉണ്ടായ ശിശുമരണത്തെത്തുടർന്നാണ് ആരോഗ്യ പരിരക്ഷണത്തെപ്പറ്റിയുള്ള കൂടുതൽ ചർച്ചകളും നടപടികളും ഉണ്ടാകുന്നത്. 2013-വർഷത്തിൽ 1000-ത്തോളം പ്രസവം നടന്നപ്പോൾ 31 ഓളം ശിശുമരണം  സംഭവിച്ചിരുന്നു. ഇത്രയുമധികം ശിശുമരണം ഉണ്ടായപ്പോൾ അതിന്റെ കാര്യങ്ങൾ അന്വേഷിക്കുകയും സർക്കാർ ചില പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. എന്നാൽ ഗുരുതരമായ പോഷകാഹാരക്കുറവ് ഇന്നും അട്ടപ്പാടിയിലെ കുട്ടികളിലും കൗമാരക്കാരിലും  അമ്മമാരിലുമെല്ലാം കണ്ടുവരുന്നു. ആദിവാസി ജനതയ്ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ‘കമ്മ്യൂണിറ്റി കിച്ചൻ’ പദ്ധതിയെല്ലാം ഇത് പരിഹരിക്കുവാനായി ഉടലെടുത്തതാണ്. താത്കാലികമായി ഈ വിഷയം പരിഹരിക്കുന്നതിലുപരി സുസ്ഥിരമായ ഒരു പദ്ധതി ആവശ്യമാണ് എന്നതിന്റെ വെളിച്ചത്തിലാണ് പട്ടികവർഗ വികസന വകുപ്പും കൃഷി വകുപ്പും ചേർന്നുള്ള  ‘മില്ലറ്റ് ഗ്രാമം’ പദ്ധതി ഉണ്ടായത്.


തിരിച്ചുപിടിക്കല്‍


ആദിവാസി ഗോത്രജനവിഭാഗങ്ങൾക്ക് അവരുടെ തനതുഭക്ഷണം ലഭ്യമാക്കുന്നതിനായി തിന, ചാമ, റാഗി, കൂവരക്, സോർഗം, കുതിരവാലി, തുടങ്ങിയ ചെറുധാന്യകൃഷി ഉൾപ്പെടുത്തിയുള്ള ‘മില്ലെറ്റുഗ്രാമം’ പദ്ധതിയിലൂടെ  തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് ആദിവാസികളുടെ ആരോഗ്യത്തെയാണ്. അട്ടപ്പാടി മേഖല അതിരൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ്. ആയതിനാൽ, ഈ പ്രദേശത്ത് ചെറുധാന്യ കൃഷിയിലൂടെ മാത്രമേ കർഷകർക്ക് നിലനില്പ് ഉണ്ടാവുകയുള്ളൂ. ഭൂമിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ ചെറുധാന്യങ്ങൾ വൻതോതിൽ ഉത്പാദിപ്പിച്ച് ആ നാട്ടിലെ ജനതയ്ക്ക് കൈത്താങ്ങായി പ്രവർത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അട്ടപ്പാടിയിൽ മാത്രം കൃഷി ചെയ്യുന്ന ആട്ടുകൊമ്പൻ അവരയും തുവരയും ഇതിനോടൊപ്പം കൃഷി ചെയ്തുവരുന്നു. മില്ലെറ്റുഗ്രാമം പദ്ധതിയിലൂടെ ഇവയ്ക്ക് ഭൗമസൂചിക നിർണയ പദവിയും ലഭ്യമായിട്ടുണ്ട്.


ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും പ്രകൃതിയ്ക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ്. സമീകൃത ആഹാരത്തിന്റെ സമ്പന്നമായ ഉറവിടമാണ് ചെറുധാന്യങ്ങൾ. സൂപ്പർഫുഡ് എന്നറിയപ്പെടുന്ന ഇവ, മാംസ്യം, അവശ്യ വിറ്റാമിനുകൾ, കാത്സ്യം, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതു- ലവണങ്ങൾ, ഭക്ഷ്യയോഗ്യമായ നാരുകൾ എന്നിവയാൽ സമൃദ്ധം ആണ്. മികച്ച രോഗപ്രതിരോധശേഷിയും ജീവിതശൈലി രോഗങ്ങൾക്ക് അനുയോജ്യമായ ഭക്ഷണവും പ്രദാനം ചെയ്യുന്ന മില്ലെറ്റുകൾ ദിവസേനയുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഉചിതമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഉത്പാദനം കൂടിയതോടുകൂടി സ്വാഭാവികമായും ജനങ്ങൾക്കിടയിൽ ഉത്പന്നങ്ങൾ ലഭ്യമാവുകയും ആഹാരക്രമത്തിൽ ചേരുകയും ചെയ്തത് ആരോഗ്യമേഖലയിൽ മാറ്റം ഉണ്ടാക്കുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഭക്ഷ്യ വൈവിധ്യവും കാർഷിക വൈവിധ്യവും മെച്ചപ്പെടുത്താൻ ഇതുകൊണ്ട് സാധിക്കുന്നു.


കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആദിവാസി ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണണം ചെയ്യുന്ന മില്ലറ്റ്ഗ്രാമം പദ്ധതിയെപ്പറ്റി ശാസ്ത്രീയവിശകലനത്തിന് നാളിതുവരെ ആരും തയാറായിട്ടില്ല. ആയതിനാൽ, ഇതുമൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക-ആരോഗ്യ മാറ്റങ്ങളെപ്പറ്റി കൃത്യമായിട്ടുള്ള ഒരു അവലോകനം നടത്തുവാൻ കഴിഞ്ഞിട്ടില്ല. പട്ടികവര്‍ഗ വികസന വകുപ്പും കൃഷിവകുപ്പും ചേർന്ന് അത്തരത്തില്‍  ഒരു അവലോകനം നടത്തുകയാണെങ്കിൽ ഈ സംയോജിതപദ്ധതിയുടെ നിലവാരം മനസ്സിലാക്കുവാൻ കഴിയും. പദ്ധതി വിജയകരം ആണെങ്കിൽ കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്താവുന്നതാണ്.


ഉത്പന്നങ്ങൾ


മില്ലെറ്റുകൾ ഉപയോഗിച്ചുകൊണ്ടുള്ള പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നമുക്ക് ഇപ്പോള്‍ ലഭ്യമാണ്. ജുവാർ വെജിറ്റബിൾ ഉപ്പുമാവ്, റാഗി ലഡു, ബജറ കച്ചടി തുടങ്ങിയ അനേകം വിഭാഗങ്ങൾ വിപണിയിൽ മുന്നിൽ നില്ക്കുന്നു. ഇന്ത്യൻ പാർലമെന്റ് കാന്റീനിലടക്കം ഈ വിഭവങ്ങൾ ലഭ്യമാണ്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പലതരത്തിലുള്ള മൂല്യവർധിത വിഭവങ്ങളാക്കി മാറ്റി ഇതിനെ വിപണിയിൽ എത്തിക്കുന്നു. ബിസ്കറ്റ്, പാസ്ത, ബ്രേക്ഫാസ്റ്റ് സിറിയൽസ്, മൾട്ടി ഗ്രേയ്ൻ ആട്ട, കുക്കീസ്,  ഷുഗർഫ്രീ ഉത്പന്നങ്ങൾ എന്നീ രൂപങ്ങളിൽ ഇവ വിപണി  കൈയടക്കിക്കൊണ്ടിരിക്കുന്നു. ആരോഗ്യത്തിനും കാലാവസ്ഥ നിയന്ത്രണത്തിനും എല്ലാം അനുയോജ്യമായ ഈ വിഭവം ഏറെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പുതുതലമുറയെ ആരോഗ്യപ്രദമായ ഭക്ഷണരീതിയിലേക്ക് നയിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിനും മില്ലെറ്റുകളുടെ കൃഷിയും സംരക്ഷണവും അനിവാര്യം തന്നെ.  ഭാരത സർക്കാരിന്റെ ദീർഘവീക്ഷണവും സുസ്ഥിരവികസനത്തിൽ ഊന്നിയ കാഴ്ചപ്പാടുകളും ആണ് ‘ഇൻറർനാഷണൽ ഇയർ ഓഫ് മില്ലെറ്റ്സ്’ എന്ന കാഴ്ചപ്പാടിലേക്ക് എത്തിച്ചത്. ഈ പ്രഖ്യാപനത്തിലൂടെ വലിയ ഉത്തരവാദിത്വമാണ് ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ ഉള്ളത്. കാരണം, ഇന്ത്യ മുന്നോട്ടുവച്ച ആശയത്തെ വിജയിപ്പിച്ചെടുക്കേണ്ടത് നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആരോഗ്യമുള്ള ഒരു സമൂഹത്തെ സ്വപ്നം കാണുന്ന നമുക്ക് ഇതിലേക്കായി പങ്കുചേരാം. 


BOX


വിവിധയിനം മില്ലെറ്റുകൾ


റാഗി


റാഗി മഴയെ ആശ്രയിച്ച് വരണ്ട പ്രദേശത്ത് കൃഷി ചെയ്യുന്ന ചെറു ധാന്യമാണ്. ഇതിൽ വളരെ കൂടിയ അളവിൽ കാത്സ്യവും പ്രോട്ടീൻ, അമിനോ ആസിഡുകളും വിറ്റാമിൻ എ വിറ്റാമിൻ ബി എന്നിവയും അടങ്ങിയിരിക്കുന്നു. ഇതിൽ നല്ല അളവിൽ നാരുകൾ ഉൾപ്പെട്ടതിനാൽ മലബന്ധം, ഉയർന്ന രക്തസമ്മർദം, വയറിൽ വരുന്ന ക്യാൻസർ രോഗങ്ങൾ എന്നിവയ്ക്ക് ആശ്വാസകരമാണ്. ഗോതമ്പിലും അരിയിലും അടങ്ങിയതിനേക്കാൾ 10 ഇരട്ടി കാത്സ്യം റാഗിയിൽ ഉണ്ട്.


ചാമ


ചാമ അരിക്ക് ബദലായി ഉപയോഗിക്കുന്ന ചെറുധാന്യമാണ്. ഇതിൽ 37% മുതൽ 38% വരെ നാരുകൾ അടങ്ങിയിരിക്കുന്നു.


കമ്പം


വിളക്കുറവ് നേരിടുന്ന പ്രദേശങ്ങളിലും വളരെ ചൂടു കൂടി മേഖലകളിലും നല്ല രീതിയിൽ കൃഷി ചെയ്യാവുന്ന വിളയാണ് കമ്പം. ഇതിൽ വളരെ ഉയർന്ന അളവിൽ മഗ്നീഷ്യം, കോപ്പർ, വിറ്റാമിൻ ഇ, ബി കോംപ്ലക്സ് എന്നിവ അടങ്ങിയിരിക്കുന്നു. മറ്റു ചെറുധാന്യങ്ങളെക്കാൾ താരതമ്യേന ഉയർന്ന അളവിൽ ഊർജം കമ്പത്തിൽ അടങ്ങിയിട്ടുണ്ട്.


മണിച്ചോളം


പ്രതികൂല കാലാവസ്ഥയിലും കരുത്തോടെ വളരുന്നു എന്നതാണ് മണിച്ചോളത്തിന്റെ പ്രത്യേകത. മണിച്ചോളത്തിന്റെ ഉത്പാദനത്തിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്താണ്. ഉയർന്ന അളവിൽ പ്രോട്ടീൻ, ഫൈബർ  ഫോളിക് ആസിഡ്, കാത്സ്യം ഫോസ്ഫറസ്, അയൺ, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാകുന്നതിനും മണിച്ചോളം ഉത്തമമാണ്.


കുതിരവാലി


ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനും ദഹനവ്യവസ്ഥയെ സഹായിക്കുന്നതിനും, ഏറ്റവും സഹായകരമായ ധാന്യമാണ് കുതിരവാലി. ഹൃദയസംബന്ധമായ അസുഖങ്ങൾക്കും പ്രമേഹം ഉള്ളവർക്കും കുതിരവാലി ഉപയോഗിക്കാവുന്നതാണ്.