പുതു കവിത, പുതുകാഴ്ചകൾ മലയാളത്തിൽ ശ്രദ്ധേയരായിക്കൊണ്ടിരിക്കുന്ന ആറു കവികളെ ഒരുമിച്ചു വായിക്കാം ഈ ലക്കം എഴുത്തിൽ.

പെണ്‍കവിതകൾ


ബാലാമണിയമ്മയിൽനിന്ന് ആരംഭിക്കുന്ന മലയാളകവിതയിലെ സ്ത്രീശബ്ദങ്ങളിൽ ശക്തമായ ഒരു അടര് ആത്മാവിഷ്കാരവും പ്രതിരോധവുമായി ബന്ധപ്പെട്ടതാണ്.  ഭാഷാസാധ്യതകളായും സ്ത്രൈണതയുടെ  വിസ്ഫോടകരമായ കണ്ടെടുക്കലുകളായും സമൂഹവിമർശനമായും ഈ കവിതകൾ നിലനില്ക്കുകയും ചെയ്യുന്നു.


രേഷ്മ സി.യുടെ നാടകാന്തം എന്ന കവിതയിൽ ചലനത്തിന്റെ ഭാഷാസാധ്യതകൾ നേരിട്ടും അല്ലാതെയും വെളിപ്പെടുന്നു. ഉള്ളം കൈയിൽ വെയിലിനെ മുറുകെപ്പിടിച്ച് വീട്ടിലേക്കുള്ള മടക്കത്തിൽ കവിതയുടെ കണ്ണ് കൂടെ കൂടുന്നുണ്ട്.  ഒരുപക്ഷേ, ഡീകൺസ്ട്രക്ഷൻ എന്ന സങ്കല്പനത്തിൽ ഊന്നിനിന്നുകൊണ്ട് രേഷ്മ പ്രയോഗിക്കുന്ന വ്യവഹാരങ്ങളെ കണ്ടെടുക്കാൻ ഈ കവിത ഒട്ടൊക്കെ സഹായകമാകും. ആരാലെങ്കിലും രക്ഷപ്പെടണമെന്ന ആഗ്രഹമാണ് കവിതയ്ക്കുമൊപ്പം  സഞ്ചരിക്കുന്നത്.  


സംഗീത ചേനംപുല്ലിയുടെ കഥയൊന്നു അധ്യായം പലത് എന്ന കവിതയിൽ ഒരു ധ്യാനം ഉണ്ട്. പക്ഷിയുടെയും വെളിച്ചത്തിയും നിറം തിരയുന്ന ഏകാഗ്രതയും ഉണ്ട്. ഉണ്ടായിരിക്കലിന്റെ പ്രാധാന്യമാണ് ഈ കവിത തിരയുന്നത്.


രാഗില സജിയുടെ മോഷണം എന്ന കവിതയിൽ  ചലനത്തിന്റെ കെട്ടുപാടുകളിൽനിന്ന് ഉടലിന് രേഖപ്പെടുത്തുന്ന, വേർപെടുത്തുന്ന മനുഷ്യന്റെ കുതിപ്പുമുണ്ട്.  ആഖ്യാനത്തിൽ പാലിച്ച വ്യത്യസ്തതയാണ് ‘മോഷണ’ത്തിന്റെ പ്രത്യേകത. ‘രാവിലെ  സൂര്യവെളിച്ചം  വീടിനെ നനച്ചെടുത്തു’ എന്ന പ്രയോഗം കവിതയെ ചിത്ര സമാനമാക്കുന്നു. കവിതയെ കാണാൻ പ്രേരിപ്പിക്കുന്നു.


പുതിയ രീതികളിൽ അല്ല രേഷ്മ പ്രസന്നയുടെ എഴുത്തു വഴി. ‘കയർ ‘എന്ന കവിതയ്ക്ക് ഒരു ഈണമുണ്ട്. ആഴങ്ങൾ തിരഞ്ഞു പോകുന്ന കയറുന്ന രൂപകമാണ് കവിതയെ പ്രസക്തമാകുന്നത്.


ഉദയ പയ്യന്നൂരിന്റെ ‘മുഴുപ്പ്’ ഭാഷയിൽ ചെറിയ ഊറലുകൾ സൃഷ്ടിക്കുന്നുണ്ട്. അനുഭവത്തിന്റെ നടുക്കവും സ്പർശവും ഉണ്ട് ഈ കവിതയിൽ.


വിദ്യാ പൂവഞ്ചേരിയുടെ കവിതകളും പുതിയ കാലത്തിന്റെ പ്രതീക്ഷകളെ സൂക്ഷിക്കുന്നവയാണ്. ശബ്‌ദത്തെയും അനക്കത്തെയും കാലത്തിന്റെ പരപ്പിൽനിന്ന് നോക്കുന്നു അവസ്ഥ എന്ന കവിത.


പലതരത്തിലാണ് ഈ കവികൾ അധികാര വികേന്ദ്രീകരണം നടത്തുന്നത്. ഇവരിൽ സ്ത്രീലോകത്തിന്റേതു മാത്രം എന്നു പറയാവുന്ന അടയാളങ്ങളെക്കാൾ കവി,സ്വത്വം,മാനുഷികത എന്നീ വ്യാവഹാരികതകൾ ആവിഷ്കരിക്കാനും മറികടക്കാനുമുള്ള കുതിപ്പുകൾ ആണുള്ളത്. അത് അവരുടെ പ്രതിരോധസാക്ഷ്യങ്ങളായി നിലനില്ക്കുകയും ചെയ്യും.