ഉടലിന്റെ അപരിചിതരൂപകം – ഉദയശങ്കർ
ഉദയശങ്കർ നാട്യശരീരത്തിൽ യുദ്ധത്തിന്റെ നാശാവശിഷ്ടങ്ങൾ. ശൂന്യതയുടെ താളക്രമം. കറുത്ത ചരിത്രത്തിന്റെ ഉല്ഖനനങ്ങൾ. നാടകം സങ്കീര്‍ണമാകുന്നു. നിഗൂഢമാകുന്നു. പീഡിതമാകുന്നു. ദുര്ഗ്രഹമാകുന്നു. മുറിവാക്കുന്നു. അപരിചിതവസ്തു പ്രേക്ഷകന്റെ അക ഉടലിൽ ചൂഴുന്നു. അധികാരത്തിന്റെ വൈറസ് പ്രാണനെ ഉന്മൂലനം ചെയ്യുന്നു. പലായനങ്ങളുടെ കൂട്ടനിലവിളികൾ ഒടുങ്ങുന്നില്ല. നാടകങ്ങളുടെ അരങ്ങ് ഒരു ഉത്സവമല്ല. അതിജീവനത്തിന്റെ സമരമുഖമാണ്. ചെറുത്തുനില്പാണ്. അരങ്ങ് റഫ്യൂജിയുടെ രാജ്യമെന്ന അവബോധം ഉയിർക്കുന്നു. കുരുതികളുടെ ഉടൽവചനം നിശ്ശബ്ദതയെ മൊഴിമാറ്റുന്നു. രംഗകാഴ്ചയുടെ പാരായണത്തിലൂടെ ഭിന്നപാഠങ്ങളുടെ സത്യത്തെ ആവിഷ്കരിക്കുന്നു. കാഴ്ചയുടെ രീതിക്കൊപ്പം കാഴ്ചയും മാറുന്നു. അപരിചിതരൂപകം അപരിചിതമല്ലാതാകുന്നു. ITFOK-2023-ൽ അവതരിപ്പിച്ച ചില നാടകങ്ങളെക്കുറിച്ചുള്ള ഒരു രംഗഭാഷാ പഠനം.
തേനീച്ചകളുടെ കാപ്പിരി ഓപ്പറേ
Drama : Samson (South Africa) Director : Brett Baily Time : 1 Hr40 Min
ജ്ഞാപകസ്തംഭത്തിനരികെയുള്ള കരുവേലകത്തിങ്കൽ വച്ച് അവനെ രാജാവാക്കി. ഇതിനെക്കുറിച്ച് അറിവുകിട്ടിയ കാപ്പിരികൾ തേനീച്ചകളായി. കൊടുംകാടിന്റെ ഉത്തമാംഗത്തിലെ ഗെരിസ്സീം മലമുടിയിൽച്ചെന്ന് ഉച്ചത്തിൽ ഉരുക്കഴിച്ചു. “ദൈവം നിങ്ങളുടെ സങ്കടം കേള്‍ക്കേണ്ടതിനു നിങ്ങൾ എന്റെ സങ്കടം കേള്‍പ്പിൻ. മന്വന്തരങ്ങള്ക്കുമുമ്പ്, (പ്രാചീനകാലത്ത്, കാട് തേനീച്ചകളാൽ ഒരു രാജാവിനെ അഭിഷേകംചെയ്യാൻ പോയി. അവ ഒലിവു മരത്തിനോടു നീ ഞങ്ങള്‍ക്ക് രാജാവായിരിക്ക എന്നു പറഞ്ഞു. അതിന് ഒലിവു മരം: ദൈവവും മനുഷ്യനും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടിക്കൽ ഉപേക്ഷിച്ച് കാടുകളുടെ മേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു. പിന്നെ കാട് അത്തിയോട് : നീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്കൂ എന്നു പറഞ്ഞു. അതിനു അത്തിമരം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാൻ ഉപേക്ഷിച്ച് കാടായി ആടുവാൻ പോരുമോ എന്നു പറഞ്ഞു. പിന്നെ കാട് മുന്തിരിവള്ളിയോട്: നീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്കൂ എന്നു പറഞ്ഞു. മുന്തിരിവള്ളി കാടിനോട് ആത്മഗതം കൊണ്ടു: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഉപേക്ഷിച്ചു കാടുമായി ആടുവാൻ പോകുമോ എന്നു പറഞ്ഞു. പിന്നെ കാട് മുള്‍പ്പടര്‍പ്പിനോട്: നീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്കൂ എന്നു പറഞ്ഞു. മുള്‍പ്പടര്‍പ്പ് കാടിനോട് മര്‍മരം കൊണ്ടു : നിങ്ങൾ യഥാർഥമായി എന്നെ രാജാവായി അഭിഷേകംചെയ്യുന്നുവെങ്കിൽ വന്ന് എന്റെ നിഴലിൽ ആശ്രയിപ്പിൻ. അല്ലെങ്കിൽ മുള്‍പ്പടര്‍പ്പിൽനിന്നു തീ പുറപ്പെട്ടു നിങ്ങളുടെ വിശുദ്ധയിടങ്ങൾ ദഹിക്കപ്പെടട്ടെ എന്നു പറഞ്ഞു.” കത്തുന്ന മുള്‍ക്കാട് കാപ്പിരികളുടെ അകമായ ആരണൃകത്തെ ദഹിപ്പിക്കുകയാണോ. ദെലീല എന്ന ഫെലിസ്ത്യൻ സര്പ്പകന്യകയുടെ ഒറ്റ് നരകത്തിന്റെ അഗ്നിയെ മാരിയാക്കുകയാണോ. വേട്ടക്കാരുടെ ചൂതുകളിൽ കാപ്പിരികളുടെ ആത്മാവായ സാംസൻ കുലം മുടിക്കുന്നവനാകുകയാണോ. എവിടെയോ ചെന്നായ്ക്കൾ പതിയിരിക്കുന്നു. സാംസൻ ഒരു ഉടമ്പടിയിൽ ഏര്‍പ്പെടുന്നു. “നീ വാഴ്ത്തപ്പെട്ട രാജാവ്. ഉന്മൂലനങ്ങള്‍ക്ക്, കൊടുംകുരുതികള്ക്ക് വിടുതിയായി.” വേട്ടക്കാർ കരഘോഷം മുഴക്കി. മാറാട്ടുകളുടെ, ഒറ്റുകളുടെ മായാവലയത്തിൽ തുരുമ്പിച്ചു പോയിരുന്നു സാംസൻ. വേട്ടക്കാരുടെ രാഷ്ട്രമീമാംസ വിധ്വംസകതയുടെ ചൂതുകളിയാണ്. വംശീയതയുടെ രക്തക്കറപുരണ്ട മഹാമാരി പടര്‍ത്തുന്നു. കുടിയേറ്റങ്ങളുടെ മരുക്കാറ്റ് ആഞ്ഞടിക്കുന്നു. പ്രാക്തനതയുടെ സ്വത്വം കളങ്കിതമാക്കുന്നു. ദേശീയതയുടെ വൈറസുകളെ രക്തത്തിൽ കലര്‍ത്തുന്നു. മതം നരഭോജനത്തിന്റെ അത്താഴമൊരുക്കുന്നു. കോളനിവാഴ്ചകളുടെ കുരുക്ക് മുറുകുന്നു. സൈനികപ്രമാണങ്ങളിലൂടെ കലാപങ്ങളെ അടക്കംചെയ്യുന്നു. കൂട്ട ബലാത്സംഗത്തിന്റെ പേമാരികൾ അണപൊട്ടുന്നു. മോന്തായം കത്തുന്ന വീടുകൾ. വെട്ടിവീഴ്ത്തിയ യുവാക്കളുടെ ഗാത്രം. ജീവനോടെ ട്രഞ്ചിൽ അടക്കംചെയ്ത ഉന്മുലനങ്ങൾ. ഫെലിസ്ത്യരിൽനിന്ന് ഒരു ഗോത്രത്തെ മോചിപ്പിക്കുവാൻ എബ്രായ ദൈവം അഭിഷേകംചെയ്തയച്ച സാംസൻ വഞ്ചകന്റെ ശിരോവസ്ത്രമണിയുന്നു. അധികാരത്തിന്റെ നികൃഷ്ടതകളിൽ അവൻ അഭിരമിക്കുന്നു; പുളയുന്നു. സ്വന്തം രക്തത്തെ തിരിച്ചറിയാനാവാതെ സാംസൻ അന്ധനാകുന്നു. വിധ്വംസകരുടെ ഒരു ഉപകരണമാകുന്നു. രംഗതറയിൽ ബലിതാളങ്ങളുടെ പ്രാചീനചുവടുകൾ. പ്രാകൃതചേഷ്ടകൾ. ഗോത്രതോറ്റങ്ങളുടെ വായ്ത്താരികൾ. രംഗത്തിനുള്ളിലെ രംഗമായ ഓപ്പറേകളുടെ മൊഴിയാട്ടം. മനോരഥങ്ങളുടെ ഗ്രാഫിക്സ് കാണിയെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ആരാണ് യെഹൂദാ അമിച്ചിയായുടെ വാക്കുകൾ ഓര്‍മിപ്പിക്കുന്നത്. ചിതറിക്കിടക്കുന്ന കബന്ധങ്ങള്‍ക്കിടയിൽ വച്ചാണോ. കാപ്പിരികളുടെ അക ഉടലിലെ തേൻനിറച്ച കൂട് കത്തിച്ചാമ്പലായപ്പോഴാണോ. അവരുടെ സ്വപ്നങ്ങൾ, അവരുടെ പെണ്ണുങ്ങൾ, അവരുടെ സ്വര്‍ണഖനികൾ, അവരുടെ ഫലങ്ങൾ, അവരുടെ മണ്ണ്, അവരുടെ വായു, അവരുടെ ജീവിതം, അവരുടെ സമ്പത്ത്, കേവലം ഉടമ്പടിയാൽ കൊയ്ത് എടുക്കുന്ന വേളയിലാണോ. എപ്പോഴാണ് യെഹുദാ അമിച്ചിയായുടെ വാക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്? “ചിലപ്പോൾ ചലം. ചിലപ്പോൾ ഒരു കവിത എന്തെങ്കിലും എപ്പോഴും പൊട്ടിയൊലിക്കുന്നു. എപ്പോഴും വേദനയും. പരുക്കൻ പച്ചപ്പഞ്ഞി മൂടിയ പിതാക്കന്മാരുടെ കാട്ടിലെ മരങ്ങളിലൊന്നായിരുന്നു എന്റെ പിതാവ്. ഹാ മാംസത്തിന്റെ വിധവകളേ. രക്തത്തിന്റെ അനാഥ സന്തതികളേ, നാം എങ്ങനെ രക്ഷപ്പെടും. ടിൻ ഓപ്പണറുകളെപ്പോലെ മുനകൂര്‍ത്ത കണ്ണുകൾ കനത്ത നിഗൂഢതകൾ തുറന്നു. എങ്കിലും നമ്മുടെ നെഞ്ചിലെ മുറിവിലൂടെ ദൈവം ലോകത്തെ അഭിസംബോധനചെയ്യും. രക്ഷകൻ രക്തത്തിൽനിന്ന് ഉയിര്‍ക്കും.” ഓരോ കാപ്പിരിയുടെയും ഹൃദയം തേനീച്ചകൾ അടയിരിക്കുന്ന കൂടുകൾ, റാണികൾ വസിക്കുന്ന അറകൾ, തൃഷ്ണയുടെ സൗരഭ്യം, പ്രണയത്തിന്റെ മധുരം, കാമത്തിന്റെ വന്യമായ അമൃത് ഇതെല്ലാം ഈ തേനീച്ചകളിലുണ്ട്. തേനീച്ചകളുടെ കുറുങ്കുഴൽ ആരണൃകത്തിലെ കാഹളം. അസ്തമയത്തിന്റെ തിളക്ക മേല്ക്കുന്ന കടല്കക്കകളുടെ യോനി നാടയും മുലക്കച്ചയും. കാപ്പിരിപ്പെണ്ണുങ്ങളുടെ തുടിക്കുന്ന യൗവനം. പക്ഷിത്തുവലുകൾ കൊണ്ടുള്ള തൂവാലയാൽ അനുരാഗത്തിന്റെ ഒരു വരിയെഴുതി ഇണകള്‍ക്ക് നല്കി.
“ചുംബനങ്ങളിൽ മധു പുരളട്ടെ.” ഫോസിലുകളിൽ ചായംപുശിയ ഒരഗ്നിപര്‍വതം സാഹ്ലാദം പുകയുന്നുണ്ടോ. ലാവകൊണ്ടുണ്ടാക്കിയ കണ്ണൂനീർ ആഫ്രിക്കയുടെ മണ്ണിൽ ഒട്ടിപ്പിടിച്ചിട്ടുണ്ടോ. അതിവിശാലവും പരാഗമാര്ന്നതുമായ ജീവിതം ഉടമ്പടികളാൽ അക്രമിക്കപ്പെട്ടു. കറുത്ത ഉടലുകളെ ചുട്ടുകൊന്നു. ചൂളകളിൽ കാപ്പിരികളുടെ കനവുകൾ ചാരമാക്കി. സുവ്യക്തമായ എല്ലാ ജീവിതങ്ങളും അനന്തമായ ശുന്യതയാൽ പുതഞ്ഞു പോയിരിക്കുന്നു. ബിംബങ്ങളുടെ ചുഴിയിൽ, ബലിയുടെ തിരുമുറിവുകളിൽ ഭൂതകാലത്തിന്റെ ഒരംശം. നിന്റെ ഒരു തിളക്കം. വികലവും നിഗൂഢവും ദുർഗ്രഹവും എങ്കിലും അതിൽ പറ്റിപ്പിടിച്ചിരുന്നു. അപ്പാര്ത്തിയുടെ ചരിത്രത്തിൽ എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നുവെന്ന ആത്മഗതം ലോകത്തെ കരണ്ടിട്ടുണ്ട്. വെപ്പാട്ടികളാക്കി സങ്കരയിനം ചോരയെ വാര്‍ത്തെടുത്തത് ബോധപൂര്‍വമായിരുന്നു. കാപ്പിരിയുടെ സ്വത്വബോധത്തെ ഗളഛേദം ചെയ്യുക എന്നത് ഗൂഢലക്ഷ്യമായിരുന്നു. അന്തകവിത്തിന്റെ മുള സാംസന്റെ വെട്ടാത്ത നീണ്ട കുടുമയിൽ ഉണ്ട്. അതിനുള്ളിലെ നിഗൂഢതയുടെ മാണിക്യം എന്തെന്ന് അറിയാൻ ഫെലിസ്ത്യൻ നാഗ കന്യക ദെലീല അവനെ വശീകരിച്ചു. പരമ്പരാഗതമായ അക ഉടലിന്റെ ജ്വാല അവൻ വെളിവാക്കിയില്ല, ഒറ്റി കൊടുക്കപ്പെട്ട പ്രാണനുകളുടെ ചരിതം ആഫ്രിക്കയുടേതാണ്. കുരുടായിപ്പോയ കാരാഗ്രഹത്തിൽനിന്ന് സാംസൻ പരേതാത്മാവുള്ള കുറുങ്കുഴലിൽ ഉണര്‍ന്നിരുന്നു. അവൻ മണ്ണിനോട് ചെവി പാര്‍ത്തു. മനസ്സ് പിതൃമണ്ണിലാഴ്ത്തി. ചുണ്ടുകൾ ശവങ്ങളടക്കിയ മണ്ണിൽ പൂഴ്ത്തി, ചോദിച്ചു. ഞാൻ എവിടെയാണ്? എന്നിൽ തീണ്ടിയ വിഷം ഉരുക്കി തിളച്ചു കളഞ്ഞിരുന്നുവെങ്കിൽ. സൂര്യന്റെ പുത്രന് കനലിന്റെ കിരീടം തരു, വിനാശകരമാംവിധം സ്വയം ദഹിപ്പിച്ചുകൊണ്ട് അഗ്നിയെ അണിഞ്ഞവനാകാൻ ഉയിര്‍ത്ത് സടകുടയാതെയെങ്കിൽ. മരുഭൂമിയിൽ അനാഥമാക്കപ്പെട്ട സിംഹത്തിന്റെ ശവം. അതിന്റെ നെഞ്ചിൻകൂട്ടിൽ തേനിച്ചുകളുടെ അറകൾ. ലവണംകൊണ്ട് സ്വപ്നഭംഗംവന്ന മണ്ണ് പുന്തോപ്പാവണം. സൂര്യകാന്തിയുടെ അനുരാഗം നിലാവിന്റെ നീലകണ്ണാടിയിലേക്ക് തിരിച്ചുവയ്ക്കണം. രാവണയുവോളം പ്രേമം മർമരം കൊള്ളണം. ഈ ഇരുൾവെളിച്ചത്തിന്റെ ഉറവ പൗരാണികമായിരുന്നു. സംഗീതത്തിലേക്കൊഴുകുന്ന ഒരു നിറക്കുട്ടുകളുടെ പ്രവാഹത്തിൽ അലിഞ്ഞുതീരുന്നു. പൂര്‍ണതയിലേക്കുള്ള എരിഞ്ഞമരൽ. അതേ, സ്വന്തം സത്തയിലേക്കുള്ള ജ്വലിക്കലാണ് സാംസന്റെ പുരാവൃത്തം. അന്തിമവും സുതാര്യവുമായ അഗ്നിയെ ഇതളാക്കുന്ന പൂവുകളെ അവൻ കൊണ്ടുവരും. സൂര്യനോട് വന്യതൃഷ്ണയുള്ള ആ പൂവ്.
തേനീച്ചകളുടെ കുറുങ്കുഴൽ ഒരു മാട്ടാണ്. മണ്ണടിഞ്ഞ പരേതാത്മാക്കൾ ശവക്കുഴിയിൽനിന്ന് എഴുന്നേറ്റ് വരുന്നു. ജീവിച്ചിരിക്കുന്ന കാപ്പിരികള്‍ക്ക് ഉടലിൽ തീകൊടുക്കുന്നു. അവന്റെ രക്തം പാനം ചെയ്തവരെ. അവന്റെ വംശത്തെ അടക്കം ചെയ്തവരെ, അവന്റെ സ്വപ്നങ്ങളെ ചുളയിൽ വച്ചവരെ. കാപ്പിരികൾ തുടല് പൊട്ടിച്ചു. കൊടുങ്കാറ്റിന്റെ പ്രാകൃതമായ താണ്ഡവം. ഉടലുകളിൽ കൊടുങ്കാറ്റിന്റെ സിംഫണി. തുറുങ്കുകൾ ഭേദിച്ച് ക്ഷോഭത്തിന്റെ ലാവയൊഴുകി. സൂര്യന്റെ മകൻ അവതാരമായി ഉയിര്‍ക്കുന്നു. പുരാവൃത്തങ്ങളുടെ കടങ്കഥയിൽനിന്ന് തേനീച്ചകൾ മനോരഥങ്ങളുടെ സൗഗന്ധികങ്ങളെ വിടര്‍ത്തുന്നു. സാംസൻ പ്രണയിനിയോട് നിദ്രാടനത്തിലെന്നോണം ആത്മഗതം കൊണ്ടു. “എന്റെ സിരകളിലെ എന്റെ പ്രാണൻ.”
1001 ദൈവനാമങ്ങൾ എഴുതപ്പെട്ട ശവക്കച്ച
Drama : Told by My Mother (Lebanon) Director Ali Ehahrour Time : 1 Hr 10 Min
രക്തം വമിക്കുന്ന ഓര്‍മകളുടെ ലെബനൻ രാവുകൾ. ബലി തീണ്ടിയവരുടെ നിഴലാട്ടത്തിന് തിരിതെളിയുന്നു. മുഴുമിക്കാത്ത ജീവിതങ്ങളുടെ കൈയെഴുത്തു പ്രതികൾ ചോരയായി അണപൊട്ടുന്നു. ആത്മഹത്യയ്ക്കും കൊല്ലപ്പെടുന്നതിനുമിടയ്ക്കുള്ള യൗവനം എന്തിനാണ് ഒരേ തീ വഹിക്കുന്നത്. അമാവാസിയുടെ പുക്കൾവിടര്ന്ന പീച്ചുമരങ്ങളുടെ ഹേമന്തത്താൽ ഫാത്തിമ വിശുദ്ധ വചനങ്ങളാൽ ആത്മഗതം കൊണ്ടു. “തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് ദൈവം ചങ്ങലകളും വിലങ്ങുകളും കത്തി ജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കിവച്ചിരിക്കുന്നു. കൊല്ലപ്പെട്ട എന്റെ മകൾ സ്വര്‍ഗത്തിലെ തണലിൽ അടുത്ത് നില്ക്കും. അതിലെ പഴങ്ങൾ പറിച്ചെടുക്കാൻ സൗകര്യമുള്ളതാക്കപ്പെടേണമേ അള്ളാ. ആപത്ത് പടര്‍ന്നുപിടിക്കുന്ന ഒരു ദിവസത്തെ ഭയപ്പെടുന്നു. അതിനാൽ, ആ ദിവസത്തിന്റെ തിന്മയിൽനിന്ന് അല്ലാഹു അവനെ കാത്തുരക്ഷിക്കുകയും പ്രസന്നതയും സന്തോഷവും അവര്‍ക്കു അവൻ നല്‍കുകയും ചെയ്യുന്നതാണ്. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ഉയിര്ത്തെഴുന്നേല്പിന്റെ നാമംകൊണ്ട് ഞാനിതിൽ സത്യംചെയ്യുന്നു. പറയുക : അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് ഒരാളും എനിക്ക് അഭയം നല്കുകയില്ല, തീര്‍ച്ച. അവൻ പുറമേ ഒരു അഭയസ്ഥാനവും ഞാൻ ഒരിക്കലും കണ്ടെത്തുകയില്ല, നബിയേ പറയുക നിങ്ങള്‍ക്ക് താക്കീത് നല്കപ്പെടുന്ന കാര്യം അടുത്തുതന്നെയാണോ അല്ലേ? എന്റെ രക്ഷിതാവ് അതിന് അവധി വച്ചേക്കുമോ എന്ന് എനിക്കറിയില്ല,” “അവനൊരു ചീത്ത ശവമാണ്.” “ആരാണത് പറഞ്ഞത്?” “ഇരുട്ട്. ഇരുട്ടാണ് പറഞ്ഞ്” ഫാത്തിമയുടെ മകൻ കൊല്ലപ്പെട്ടിരിക്കുന്നു. അവൻ രക്തസാക്ഷിത്വം സ്വീകരിക്കാനായി ഉമ്മയെ ഉപേക്ഷിച്ച് പറന്ന് പോയിരിക്കുന്നു. അവന്റെ മണം എനിക്കു വേണം. അവന്റെ സാന്നിധ്യം എനിക്ക് വേണം. അവൻ സിറിയയിലേക്ക് പോയത് ബലി കൊടുക്കുവാനാണോ. തിരിച്ചു വരില്ലെന്ന് ഒരിക്കലും ഒരു സൂചന നല്‍കിയിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രേ. തന്റെ അനുഗ്രഹത്താൽ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തിൽ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു. അവൻ യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുകയില്ല, തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലേക്കും ഭൂമിയിലേക്കും അദൃശ്യകാര്യങ്ങൾ അറിയുന്നവനാകുന്നു. തീര്‍ച്ചയായും അവൻ ഹൃദയങ്ങളിലുള്ളവ അറിയുന്നവനാകുന്നു. ദൈവമേ, എന്റെ മകൻ ഹസ്സൻ കൊല്ലപ്പെട്ടിരിക്കുന്നു. ദൈവമേ, നിന്നെ അവിശ്വസിച്ചവനല്ല ഞാൻ. അവിശ്വസിച്ചവരാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേലാണ് മരണം വിധിക്കപ്പെട്ടത്. സിറിയയിലേക്ക് പോകുന്നതിന്റെ തലേരാത്രി അവൻ എന്തിനാണ് കണ്ണീർവാര്‍ത്ത് പൂണര്ന്നത്. തിരിച്ചുവരില്ലെന്ന് അവന് ഉറപ്പുണ്ടായിരുന്നുവോ. പെറ്റമ്മയോട് മറച്ചുവച്ച് സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് എടുത്തവനാണവൻ. തങ്ങളുടെ അടുത്ത് ഒരു താക്കീതുകാരൻ വരുന്നപക്ഷം തങ്ങൾ ഏതൊരു സമുദായത്തെക്കാളും സന്മാർഗം സ്വീകരിക്കുന്നവരാകാമെന്ന് അവരെക്കൊണ്ട് സത്യംചെയ്തു പറഞ്ഞു. എന്നാൽ ഒരു താക്കീതുകാരൻ എന്റെ മകനെ കൊണ്ടുപോയോ. സിറിയ മകന്റെ രക്തം ആവശ്യപ്പെട്ടുവോ. ജിഹാദിൽ എരിഞ്ഞുതീര്‍ന്നത് സ്വപ്നമായിരുന്നു. എന്റെ ഗര്‍ഭത്തിലെ തുടിപ്പായിരുന്നു. ഫാത്തിമ മകൻ ഹസ്സനെ തിരഞ്ഞ് ഗല്ലികളായ ഗല്ലികൾ അലഞ്ഞു. സര്‍ക്കാർ സ്ഥാപനങ്ങളിൽ അലഞ്ഞു. തെരുവുകളായ തെരുവുകളിൽ, ആശുപത്രികളിൽ, തീയേറ്റർ കൊട്ടകകളിൽ, സംഗീതവിരുന്നുകളിൽ, അനാഥാലായങ്ങളിൽ, സുഫികളുടെ കബർ മേടുകളിൽ, പള്ളികളിൽ, പൊലീസ് സ്റ്റേഷനുകളിൽ, സർവകലാശാലകളിൽ, അവന്റെ അധ്യാപകരുടെ അടുത്ത്, സുഹൃത്തുക്കളുടെ വീട്ടിൽ, മദ്യശാലകളിൽ, ചേരികളിൽ എവിടെയും മകനെ കണ്ടുകിട്ടിയില്ല. എന്നാൽ അവിടെയെല്ലാം ഒരു നിഴൽപോലെ ഹസ്സന്റെ സാന്നിധ്യമുണ്ട്. ഓര്‍മകളിൽ അവൻ പാടിയ പാട്ട് അവൾ ഓര്‍മിച്ചെടുത്തു.