ഗവേഷണപ്രബന്ധങ്ങൾ: വിവാദങ്ങൾക്കിടയിൽ ചില വസ്തുതകൾ – വി.വിജയകുമാർ
കേരളത്തിലെ ഗവേഷണവിദ്യാഭ്യാസരംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യശോഷണത്തെക്കുറിച്ചുള്ള വാർത്തകളും വിമർശനങ്ങളും നിത്യേനയെന്നോണം പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ? സർവകലാശാലകളിലെ അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളോടനുബന്ധിച്ചാണ് ഈ പ്രശ്നം അടുത്തകാലത്ത് സജീവമായി മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കു വരുന്നത്. കേരളത്തിലെ സർവകലാശാലകളിൽ മലയാളഭാഷാസാഹിത്യഗവേഷണവുമായി ബന്ധപ്പെട്ടുനടക്കുന്ന ചില കാര്യങ്ങളെ വിമർശിച്ചുകൊണ്ടും ചില ഗവേഷണപ്രബന്ധങ്ങളെ വിശകലനത്തിനു വിധേയമാക്കിക്കൊണ്ടും രവിശങ്കർ എസ്. നായർ എഴുതിയ ലേഖനങ്ങൾ പ്രശ്നത്തിന്റെ ഗൗരവത്തെ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതായിരുന്നു. ഇപ്പോൾ, ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത രീതിയിലുള്ള പിശകുകൾ (പഴയ ലോവർ പ്രൈമറി ക്ലാസ് വിദ്യാർഥികൾ പഠിക്കുകയോ അറിഞ്ഞിരിക്കുകയോ ചെയ്തിരുന്ന ഒരു കാര്യം – വാഴക്കുല എന്ന കൃതി ആരാണ് എഴുതിയതെന്ന കാര്യം – ബോധി കോമൺസ് പോർട്ടലിൽ വന്ന ഒരു ലേഖനത്തെ അതേപടി കോപ്പിചെയ്ത ഗവേഷക അതിലെ തെറ്റ് ആവർത്തിച്ചതാണ് വലിയ വിവാദമായി വളർന്നത്.) ഒരു ഗവേഷണപ്രബന്ധത്തിൽ കണ്ടെത്തുകയും ഇത്തരം പ്രബന്ധങ്ങൾ അംഗീകരിക്കപ്പെട്ട് ഡോക്ടറേറ്റ് ബിരുദം നല്കുന്നതിൽ കക്ഷിരാഷ്ട്രീയ വിഭാഗീയതകൾ പ്രവർത്തിക്കുന്നുണ്ടെന്നുള്ള ആരോപണങ്ങൾ ഉയരുകയുംചെയ്ത പശ്ചാത്തലത്തിൽ വിമർശനങ്ങളും വിവാദങ്ങളും മൂർച്ഛിച്ചിരിക്കുന്നു. ഇപ്പോൾ, ഭാഷാവിഷയങ്ങളെയും സാമൂഹികശാസ്ത്രവിഷയങ്ങളെയും കേന്ദ്രീകരിച്ചാണ് ചർച്ചകളും വിവാദങ്ങളും നടക്കുന്നതെങ്കിലും ശാസ്ത്രവിഷയങ്ങളുടെ ഗവേഷണപഠനങ്ങളിലും വലിയ തോതിലുള്ള മൂല്യശോഷണം സംഭവിക്കുന്നുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. ഇതു കേരളത്തിലെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയിലെമ്പാടും ഏറിയും കുറഞ്ഞും ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും പറയണം. പ്രബന്ധങ്ങൾ എഴുതി നല്കുന്ന ഏജന്റുമാരും വിപണിയിൽ വിലയ്ക്കുവാങ്ങാൻ കിട്ടുന്ന പ്രബന്ധങ്ങളും ഒക്കെ ഇന്ത്യയിലെ പല സർവകലാശാലകളിലും സാധാരണമാണത്രേ! ഇവിടെ, ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ഗവേഷണപ്രബന്ധവിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണരംഗത്തെ ചില പ്രവണതകളെക്കുറിച്ചു പറയാൻ മാത്രമാണ് ഈ ലേഖനം ശ്രമിക്കുന്നത്.
ഏതു വിഷയത്തിലായാലും, ഒരു മാര്ഗദർശകന്റെകീഴിൽ ഗവേഷണം നടത്തി പ്രബന്ധമെഴുതി സമർപ്പിച്ച് അതിന് അംഗീകാരം നേടുന്ന വിദ്യാർഥിക്ക് സർവകലാശാല നല്കുന്ന ബിരുദത്തിന്റെ പേര് ഡോക്ടർ ഓഫ് ഫിലോസഫി എന്നാണ്. ഒരു വിദഗ്ദ്ധനിൽനിന്നോ കരകൗശലക്കാരനിൽനിന്നോ ഒരു യഥാർഥ സത്യാന്വേഷിയെ വ്യത്യസ്തനാക്കുന്നത് ദാർശനികമായ ഉൾക്കാഴ്ചനല്കുന്ന സ്വാതന്ത്ര്യമാണെന്നു താൻ കരുതുന്നതായി ഐൻസ്റ്റൈൻ പറയുന്നുണ്ട്. ഭൗതികശാസ്ത്രത്തിൽ ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം നേടുന്ന വിദ്യാർഥി ദാർശനികമായ ഉൾക്കാഴ്ചയോടെ ഭൗതികശാസ്ത്രത്തെ സമീപിക്കാൻ പ്രാപ്തി നേടിയിരിക്കുന്നുവെന്നാണ് കരുതേണ്ടത്. ഭൗതികശാസ്ത്രത്തിലെ അജ്ഞാതമായ മേഖലകളിലേക്ക് സവിശേഷമായ സമീപനങ്ങളുമായി കടന്നുകയറാനുള്ള കഴിവുകൾ വിദ്യാർഥി ആര്‍ജിച്ചിരിക്കുന്നു. ഡോക്ടറേറ്റ്നേടുന്ന ഏതു വിദ്യാർഥിയെ സംബന്ധിച്ചും, ഏതു വിഷയത്തിലായാലും, ഇതു പറയാൻ കഴിയേണ്ടതാണ്. മഹത്തും ആദർശാത്മകവുമായ ഈ സങ്കല്പനം നമ്മുടെ ഗവേഷണകേന്ദ്രങ്ങളിൽ വളരെ നേരിയ അളവിൽ മാത്രം പാലിക്കപ്പെടുന്നുണ്ടാകുമെന്നു ഞാൻ കരുതുന്നു. എന്നാൽ, ഇപ്പോൾ, പൊതുവിൽ ഗവേഷണപഠനരംഗം അങ്ങനെയല്ലെന്നു തീർച്ച!
ഏതെങ്കിലും പഠനമേഖലയിൽ സവിശേഷമായ താത്പര്യം കാണിക്കുകയും ആ മേഖലയിലെ ചില പ്രശ്നങ്ങളെ ചൂണ്ടി മൗലികമായി ചിലതു തനിക്കു ചെയ്യാനുണ്ടെന്നു കരുതുകയുംചെയ്യുന്ന ജിജ്ഞാസുവാണ് ഗവേഷണത്തിനായി ഇറങ്ങിത്തിരിക്കേണ്ടത്. ഗവേഷണത്തെക്കുറിച്ച് ഇങ്ങനെ കരുതിയിരുന്ന കാലം നമ്മുടെ വിദ്യാഭ്യാസരംഗത്തും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് കാലാകാലങ്ങളിൽ ഇടപെടുന്ന കമ്മീഷനുകൾ വരുത്തിയ ചില പരിഷ്ക്കാരങ്ങളാണ് ഇന്നത്തെ ശോച്യാവസ്ഥയ്ക്കു പ്രധാന കാരണം. ഗവേഷണബിരുദം ഉണ്ടെങ്കിലേ ശമ്പളവർധനവു ലഭിക്കൂവെന്നും ചില ഉയർന്ന തസ്തികകളിലേക്കു പ്രമോഷൻ ലഭിക്കുകയുള്ളൂവെന്നും വരുന്ന ഒരു സന്ദർഭത്തിൽ സർവകലാശാലകളിലെയും കോളെജുകളിലെയും അധ്യാപകരെല്ലാം ഡോക്ടർമാരാകാൻ ഇറങ്ങിപ്പുറപ്പെടുന്നു. പിന്നാലെ വരുന്ന വിദ്യാർഥികളും ഈ മാര്‍ഗത്തിൽ പരിശീലിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ അധ്യാപകരുടെ നിയമനത്തിനുള്ള അടിസ്ഥാനയോഗ്യതതന്നെ ഗവേഷണബിരുദമാക്കി മാറ്റുമെന്ന് യു.ജി.സിയും സർക്കാരും മുന്നേക്കൂട്ടി അറിയിക്കുന്നു. ഇത് ‘ഗവേഷണത്തിനുള്ള ആർത്തി’യെ വർധമാനമാക്കുന്നു. ഇൻക്രിമെന്റിനും ഉയർന്ന ശമ്പളത്തിനും പദവികൾക്കുംവേണ്ടി ഗവേഷണത്തിനു പോകുന്നവർ ഗവേഷണത്തിനു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അതേപടി പാലിക്കാൻ താത്പര്യമുള്ളവരായിരിക്കണമെന്നില്ല. മധ്യവര്‍ഗതാത്പര്യങ്ങൾ ഉയർന്നതോതിൽ പ്രവർത്തിക്കുന്ന മണ്ഡലവുമാണിത്. മാനദണ്ഡങ്ങളൊക്കെ ലഘൂകരിച്ചുകിട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടനാതലത്തിൽ, രാഷ്ട്രീയതലത്തിൽ, ഉദ്യോഗസ്ഥതലത്തിൽ അരങ്ങേറുന്നു. ഗവേഷണമെന്നത് ഗവേഷണത്തിന്റെ രീതിശാസ്ത്രം പഠിക്കാനുള്ള മാർഗം മാത്രമാണെന്നു നിര്വചിക്കുന്നവരുണ്ടാകുന്നു. മൂല്യരഹിതമായ ഒരു ഗവേഷണപഠനസംവിധാനം രൂപംകൊണ്ടത് ഇങ്ങനെയെല്ലാമാണ്. ഒന്നാമത്തെ പ്രതി ദീർഘവീക്ഷണമില്ലാത്ത സർക്കാരിന്റെ നയങ്ങളും വിദ്യാഭ്യാസക്കമ്മീഷനുകളും ശമ്പളക്കമ്മീഷനുകളുമാണ്.
എങ്കിലും, ഗവേഷണത്തിനായി കടന്നുവരുന്നതിനും അതു പൂർത്തീകരിച്ച് പ്രബന്ധം സമർപ്പിക്കുന്നതിനും ഡോക്ടർബിരുദം നേടുന്നതിനും കുറെയേറെ കടമ്പകൾ ഇപ്പോഴും കടക്കേണ്ടതുണ്ട്. ബിരുദാനന്തരബിരുദം, റിസേർച്ച് ഫെലോഷിപ്പ്, പ്രവേശനപ്പരീക്ഷ, മാര്‍ഗദർശകൻ, കോഴ്സ്വർക്ക്, പ്രബന്ധം പരിശോധിക്കുന്ന വിദഗ്ദ്ധസമിതി, ഓപ്പൺ ഡിഫൻസ്, സർവകലാശാല സിൻഡിക്കേറ്റ്… ഇവയെല്ലാം കഴിഞ്ഞാണ് ഡോക്ടർ ബിരുദം സമ്മാനിക്കപ്പെടുന്നത്. ഇവയെല്ലാറ്റിനെയും പ്രഹസനമാക്കാൻ കഴിയുന്നിടത്തോളം വിജ്ഞാനതാത്പര്യരാഹിത്യവും വിജ്ഞാനവിരുദ്ധതയും ഉന്നതവിദ്യാഭ്യാസത്തെ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. വിദ്യാർഥികളെ വിദ്യ അർഥിക്കുന്നവരാക്കാത്ത, ഗ്രേഡർഥികളോ മാർക്കർഥികളോ ധനാർഥികളോ ആക്കി മാറ്റിക്കഴിഞ്ഞ, അവരിൽ അന്വേഷണബുദ്ധി പ്രസരിപ്പിക്കാത്ത, പുതിയതിനെ തേടുന്നതിനുള്ള പ്രേരണയോ പ്രചോദനമോ നല്‍കാത്ത, പല തലമുറകളായി വിതരണം ചെയ്യപ്പെടുന്ന ക്ലാസ്സ് നോട്ടുകൾകൊണ്ട് പഠനത്തെ പൂർത്തിയാക്കുന്ന, നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ ദൂഷിതവലയങ്ങളെ ഉറപ്പിക്കുന്നതിനുള്ള ഒരു അവിശുദ്ധമാര്ഗമായി ഗവേഷണബിരുദം മാറിത്തീർന്നിരിക്കുന്നു.
ഗവേഷണത്തിനായി ഒരു വിദ്യാർഥി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങളിൽ എങ്ങനെയാണ് മായം ചേർക്കപ്പെടുന്നതെന്ന കാര്യം ചില ഉദാഹരണങ്ങളിലൂടെ പരിശോധിക്കാവുന്നതാണ്. തിരഞ്ഞെടുപ്പിനായി യു.ജി.സി നടത്തുന്ന പ്രവേശനപരീക്ഷയിൽ ഒന്നിലധികം ഉത്തരങ്ങൾ നല്കി ശരിയായ ഉത്തരങ്ങൾ കണ്ടെത്താൻ നിർദേശിക്കുന്ന രീതിശാസ്ത്രമാണ് ഉപയോഗിക്കുന്നത്. വിദ്യാർഥി സ്വായത്തമാക്കിയ വിവരങ്ങളെയോ നിർധാരണം ചെയ്യാനുള്ള ശേഷി നേടിയ ഗണിതപ്രശ്നങ്ങളെയോ പരിശോധിക്കുന്നതിന് ഉപയോഗിക്കാവുന്ന ഈ മാർഗം വിദ്യാർഥികളുടെ ഭാഷയിലുള്ള പ്രാവീണ്യമോ ശേഷിയോ മനസ്സിലാക്കാൻ ഒട്ടും ഉതകുന്നതല്ല. പക്ഷേ, ഭാഷാവിഷയങ്ങൾക്കും ഇതേ പരീക്ഷാരീതിതന്നെ അവലംബിക്കുന്നു. പ്രവേശനപരീക്ഷയിലൂടെ ഭാഷയിലുള്ള ശേഷി പരിശോധിക്കപ്പെടാത്ത വിദ്യാർഥികളാണ് ഭാഷാഗവേഷണത്തിനു തിരഞ്ഞെടുക്കപ്പെടുന്നത്. വിദ്യാർഥികളുടെ ഭാഷാശേഷിയുടെ സമകാലസ്ഥിതികൂടി ഇതോടൊപ്പം പരിഗണിക്കണം. നിരവധി അക്ഷരത്തെറ്റുകളോടെ എഴുതുന്നവരാണ് ഭാഷാഗവേഷണത്തിനായിപ്പോലും പ്രവേശിക്കപ്പെടുന്നതെന്ന സ്ഥിതിയുണ്ട്. ഒരു ബിരുദാനന്തരഭാഷാവിദ്യാർഥി എഴുതിനല്‍കിയ കുറിപ്പിൽ നിരവധി അക്ഷരത്തെറ്റുകൾ കണ്ട ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു സർവകലാശാലയുടെ സദസ്സിൽ പൊട്ടിത്തെറിച്ചത് ഓർക്കുക. നല്ല ശൈലിയിൽ കാര്യങ്ങൾ വിവരിക്കാനുള്ള ശേഷി വിദ്യാർഥി സ്വായത്തമാക്കിയിട്ടുണ്ടോ എന്ന കാര്യം പരിഗണിക്കേണ്ടതുപോലുമില്ലാത്ത സ്ഥിതിയുണ്ട്. ഇതിലേറെ വലിയ മായംചേർക്കൽ എവിടെയാണ് സംഭവിക്കുക? അത് പ്രവേശനപ്പരീക്ഷയിൽത്തന്നെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. (മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ ലഭിക്കുന്നതിന് വൈജ്ഞാനികശേഷി ആവശ്യമില്ലെന്നും അത് സവിശേഷമായി കൗശലപൂർവം കൈകാര്യംചെയ്താൽ മതിയെന്നും കരുതുന്ന വിദ്യാർഥികൾ പോലുമുണ്ട്)
തനിക്ക് ഗവേഷണം നടത്താനുള്ള മേഖലയെക്കുറിച്ച് ഉയർന്ന താത്പര്യവും ഉൾക്കാഴ്ചയുമായി മാര്‍ഗദർശകനെ സമീപിക്കുന്ന വിദ്യാർഥികൾ (അധ്യാപകർ പോലും) വളരെ വിരളമാണ്. വിദ്യാർഥികളുടെ സർഗാത്മകതയെ ഒട്ടുംതന്നെ പ്രചോദിപ്പിക്കാത്ത, ഒരേ രീതിശാസ്ത്രത്തെ നിരന്തരം ആവർത്തിക്കാൻ വിദ്യാർഥികൾക്കു നിർദേശംനല്കുന്ന മാര്ഗനിര്ദേശകരുമുണ്ട്. പദാർത്ഥശാസ്ത്രത്തിന്റെ മേഖലയിൽ ഭൗതികശാസ്ത്രത്തിൽ ചിലർ മാര്ഗനിര്ദേശംനല്കുന്ന ഗവേഷണങ്ങൾ ഇതിന്നുദാഹരണമാണ്. രാസവസ്തുക്കളുടെ വ്യത്യസ്ത ചേരുവകൾകൊണ്ട് സംയുക്തങ്ങളെ നിര്‍മിക്കുകയും ഇപ്പോൾ പരീക്ഷണശാലകളിൽ ലഭ്യമായ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് സ്വഭാവപഠനങ്ങൾ നടത്തുകയും ചെയ്യുന്ന ഏകമാനമായ ഒരു രീതിശാസ്ത്രമാണ് ചില മാര്‍ഗനിര്‍ദേശകർ വിദ്യാർഥികൾക്കു നിര്‍ദേശിക്കുന്നത്. ഇത്തരം സംയുക്തങ്ങളിൽ നൂറിലൊന്നെങ്കിലും ഉപകാരപ്രദമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോയെന്നു സംശയമാണ്. ചേരുവകൾ നിര്ദേശിക്കുന്നതിൽപ്പോലും പലപ്പോഴും ധൈഷണികമായ ഉൾക്കാഴ്ച പ്രവർത്തിക്കാറില്ല. വ്യത്യസ്തമായ ഒരു ചേരുവ എങ്ങനെ ഉപയോഗപ്രദമായ കാര്യങ്ങൾക്കായി നിര്‍മിക്കുകയും പരിശോധിക്കുകയും ചെയ്യാമെന്ന കാര്യത്തിൽപ്പോലും ഗവേഷകർ ഉൽക്കണ്ഠാകുലരുമല്ല. പലപ്പോഴും ഈച്ചക്കോപ്പികളായ ഗവേഷണപ്രബന്ധങ്ങളാണ് ഇവരുടെ വിദ്യാർഥികൾ നിര്‍മിച്ചെടുക്കുന്നത്. ഗവേഷണത്തെ മൗലികമായ ചോദ്യങ്ങൾ ഉയർത്തുന്നതിനുള്ള വേദിയായി മാറ്റിത്തീർക്കാനോ വിദ്യാർഥികളുടെ സർഗാത്മകതയെ പോഷിപ്പിക്കാനോ ശ്രമിക്കാത്ത ഇത്തരം വഴിപാടുഗവേഷണങ്ങൾ ഗവേഷണത്തിന്റെ ലക്ഷ്യം രീതിശാസ്ത്രം പഠിപ്പിക്കുകയാണെന്ന ന്യായം മുഴക്കുന്നവയാണ്. എന്തിനാണോ ഈ രീതിശാസ്ത്രം ഇങ്ങനെ പഠിക്കുന്നത്? ഒരേ രീതിശാസ്ത്രത്തെ സ്വീകരിക്കുന്ന മാര്‍ഗദർശകരുടെ നിരവധി തലമുറകളെ സൃഷ്ടിക്കുന്നതിനും ആ ദൂഷിതവലയത്തെ നിരന്തരം പുനരുത്പാദിപ്പിക്കുന്നതിനും സഹായകമാകുമെന്നല്ലാതെ വിജ്ഞാനസൃഷ്ടിയുടെ മണ്ഡലത്തിൽ എന്താണ് ഇത് സംഭാവന ചെയ്യുന്നത്?
ഭാഷാസാഹിത്യഗവേഷണരംഗത്തെ പ്രബന്ധങ്ങളുടെ സ്ഥിതിയെ കുറിച്ചറിയുന്നതിന് രവിശങ്കർ എസ്. നായർ നടത്തിയ ചില വിശകലനങ്ങൾ പരിശോധിച്ചാൽ മതി. ‘മറ്റുള്ളവർ എഴുതിയ ആശയങ്ങൾ ശേഖരിച്ചു നിരത്തുന്ന ഒരു ഗവേഷണ രീതിശാസ്ത്രം’ വ്യാപകമാകുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. മലയാളഭാഷാസാഹിത്യഗവേഷണരംഗത്ത് എഴുതപ്പെട്ട ചില പ്രബന്ധങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു ലേഖനത്തിൽനിന്നുള്ള ഭാഗങ്ങൾ അല്പം ദീർഘമായി ഉദ്ധരിക്കാം.’മലയാളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം മനസ്സിലാക്കാനായി തീസിസുകൾ വായിക്കണ്ട; തീസിസുകളുടെ നിഗമനങ്ങൾ മാത്രം ഒന്നു മറിച്ചുനോക്കിയാൽ മതി. … ഓണത്തിന്റെ സാംസ്കാരിക വിശകലനം നടത്തിയിട്ട് ‘വിനോദകലകൾ ആസ്വദിക്കുക, ചിരിക്കുക, തിന്നുക, കുടിക്കുക, വ്യാപാരംനടത്തുക, മത്സരങ്ങളിൽ പങ്കെടുക്കുക തുടങ്ങിയവയാണ് ഓണാഘോഷപരിപാടികളുടെ പൊതുസവിശേഷത’ എന്നു കണ്ടെത്തുന്നതിന്റെ ബുദ്ധിശൂന്യത ഞെട്ടിക്കുന്നതല്ലേ? വരിക്കച്ചക്കനിവേദ്യം, കണ്ണിമാങ്ങനിവേദ്യം എന്നിവ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സംസ്കാരസവിശേഷതകളാണ് എന്നു ഗവേഷണംചെയ്തു സ്ഥാപിക്കുന്ന പ്രബന്ധത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. ഇതൊന്നും ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ല; നമ്മുടെ ഗവേഷണപ്രബന്ധങ്ങളുടെ പൊതുനിലവാരം വ്യക്തമാക്കുന്ന അനവധി പ്രബന്ധങ്ങളിൽ ചിലതു മാത്രമാണ്. ഇനി ഒരു പ്രബന്ധത്തിലെ നോവൽ വിശകലനം കാണുക. ‘രൂപേഷ് എഴുതിയ വസന്തത്തിലെ പൂമരങ്ങൾ എന്ന നോവലിൽ എഴുപതുകളിലെ തീവ്രവാദപ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ സൂചിപ്പിക്കപ്പെടുന്നുണ്ട്. നക്സൽ അനുഭാവികളായ രണ്ടു കൂട്ടുകാരികളിൽ ഒരാൾ കളക്ടറാവുന്നതും മറ്റേയാൾ വിപ്ലവപ്രവർത്തനവുമായി മുന്നോട്ടുപോകുന്നതും ഇരുവരും തമ്മിലുള്ള ആത്മബന്ധങ്ങളാണ് നോവലിന്റെ പ്രമേയം. അതിസാധാരണവും കാല്പനികവുമായ പ്രമേയവും പരിചരണവുമാണ് നോവലിസ്റ്റ് ഈ നോവലിലൂടെ നിർവഹിക്കുന്നത്.’ ഇത്തരമൊരു ആസ്വാദനക്കുറിപ്പ് എഴുതാൻ കഴിയുന്നതിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുപോലും അഭിമാനം തോന്നില്ല. (വാക്യഘടനയിലെ തെറ്റുകൾ നോക്കൂ) ഇത്തരം നിരവധി മൂന്നുവരി വിശകലനങ്ങൾ ഒരു പ്രബന്ധത്തിൽ കാണുമ്പോൾ, രീതിശാസ്ത്രത്തെ കുറിച്ചോ ഗവേഷണസംസ്കാരത്തെക്കുറിച്ചോ ഒന്നുമല്ല നാം വ്യാകുലപ്പെടേണ്ടത്. നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്ന് സാമാന്യബോധം തന്നെ ഇല്ലാതായിരിക്കുന്നു എന്നു മാത്രമേ മനസ്സിലാക്കാൻ കഴിയൂ. ഇത്തരം മൂന്നുവരിക്കുറിപ്പുകൾ എഴുതിയാൽപ്പോലും നിങ്ങൾക്ക് ഡോക്ടറേറ്റ് കിട്ടും. എന്തിനാണ് ഈ പ്രഹസനത്തിനായി പൊതുപണം ഒഴുക്കുന്നത്?”. രവിശങ്കർ എസ്. നായർ നിരത്തുന്ന ഈ പ്രബന്ധങ്ങൾ ഭൂരിഭാഗത്തെ പ്രതിനിധീകരിക്കുന്നില്ലെന്നു കരുതിയാൽപ്പോലും (മറിച്ച്, ഏറെയും ഇങ്ങനെയാണെന്നാണ് രവിശങ്കർ ഉറപ്പിച്ചു പറയുന്നത്) എത്ര ഗുരുതരമായ നാശമാണ് ഗവേഷണരംഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ആലോചിക്കാവുന്നതേയുള്ളൂ.
ആരാണ് മാര്‍ഗദർശികൾ? മുകളിൽ സൂചിപ്പിച്ച രീതിയിലുള്ള പ്രബന്ധങ്ങൾ സമർപ്പിച്ചവരിൽ ചിലരെങ്കിലും സർവകലാശാലകളിലോ കോളെജുകളിലോ ഒക്കെ എത്തിച്ചേരുകയും മാര്‍ഗദർശികളായി മാറിത്തീരുകയും ചെയ്യുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. ഇവർ പരിശീലിച്ച രീതിശാസ്ത്രംതന്നെ അടുത്ത തലമുറയെയും പരിശീലിപ്പിക്കുന്നു. ഗവേഷണമേഖലയെത്തന്നെ ഒരു ദൂഷിതവലയത്തിലാക്കുന്നതിലേക്കാണല്ലോ ഇതു നയിക്കപ്പെടുക. സർവകലാശാലയ്ക്കു സമർപ്പിക്കുന്ന പ്രബന്ധം സർവകലാശാലയ്ക്കു പുറത്തുള്ള മൂന്നു വിദഗ്ദ്ധരെക്കൊണ്ടു പരിശോധിപ്പിക്കാറുണ്ട്. ഈ വിദഗ്ദ്ധരും മാര്‍ഗദർശിയും ആ മേഖലയിൽ വൈദഗ്ദ്ധ്യമുള്ള ക്ഷണിക്കപ്പെടുന്നവരും ഓപ്പൺ ഡിഫൻസിലും പങ്കെടുക്കും. ഇവിടെ ഗവേഷണപ്രബന്ധത്തെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ വിദ്യാർഥിക്കു കഴിയേണ്ടതാണ്. നാല് ഓപ്പൺ ഡിഫൻസുകളിൽ പുറത്തുനിന്നു പങ്കെടുത്ത ഒരാളെന്ന നിലയ്ക്ക് എന്റെ വ്യക്തിപരമായ അനുഭവം പറയട്ടെ, ഞാൻ പങ്കെടുത്ത ഓപ്പൺ ഡിഫൻസുകൾ സംതൃപ്തികരമായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. പല ചോദ്യങ്ങൾക്കും ഉത്തരം നല്കാൻ കഴിയാതെ കുഴങ്ങുന്ന വിദ്യാർഥികളെയാണ് ഞാൻ കണ്ടത്. ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ട ഒരു അനുഭവം വായിച്ചത് ഞാൻ ഓർക്കുന്നു. ഓപ്പൺ ഡിഫൻസിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കൊന്നും ഉത്തരം നല്കാൻ കഴിയാതിരുന്ന വിദ്യാർഥി കരയാൻ ആരംഭിക്കുകയും മാര്‍ഗദർശകൻ ഇടപെടുകയുംചെയ്ത സംഭവമാണത്. വിദ്യാർഥിയുടെ ജീവിതപ്രശ്നങ്ങൾ മൂലം ഡിഫൻസിനു വേണ്ടി കാര്യമായി തയാറാകാൻ കഴിഞ്ഞില്ലെന്നും ഓപ്പൺ ഡിഫൻസ് തൃപ്തികരമായി പൂർത്തിയാക്കിയതായി കരുതണമെന്നും വിദ്യാർഥിക്ക് ഗവേഷണത്തിൽ തുടരാൻ ബുദ്ധിമുട്ടുകളുണ്ടെന്നും പങ്കെടുത്തവരോട് അദ്ദേഹം അഭ്യർഥിക്കുന്നു. ഓപ്പൺ ഡിഫൻസിൽ പങ്കെടുത്തവരുടെ കാരുണ്യം ഗവേഷണഫലത്തിന്റെ ഉരകല്ലായി മാറുന്നു!
ഇതുവരെ പറഞ്ഞ വസ്തുതാപരമായ കാര്യങ്ങളൊക്കെ നമുക്കു മാറ്റിവയ്ക്കാം. നമ്മുടെ ഗവേഷണരംഗത്ത് ഇപ്പോഴുള്ള അവസ്ഥയിലെ ധനാത്മകവശങ്ങളെ മാത്രം നമുക്കു കാണാൻ ശ്രമിക്കാം. ഇപ്പോൾ ഗവേഷണത്തിനായി ചേരുന്നവർ മൂന്നു വർഷമെങ്കിലും തന്റെ വിഷയത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ മുഴുകേണ്ടതുണ്ട്. ഇത് അഞ്ചും ആറും വർഷത്തേക്കു ചിലപ്പോൾ നീണ്ടു പോകാറുണ്ട്. എല്ലാ പരിമിതികൾക്കിടയിലും, വ്യത്യസ്ത ലൈബ്രറികളിൽനിന്നുള്ള ഏറ്റവും പുതിയ പുസ്തകങ്ങളും പ്രബന്ധങ്ങളും ഓൺലൈനായി ലഭിക്കുന്നതിനുള്ള മാര്‍ഗങ്ങൾ സർവകലാശാലകൾ ഇപ്പോൾ ഒരുക്കി നല്‍കുന്നുണ്ട്. പ്രബന്ധങ്ങൾ സ്വയം പരിശോധനയ്ക്കു വിധേയമാക്കാനുള്ള മാര്‍ഗങ്ങളും ഇപ്പോൾ ലഭ്യമാണ്. അക്ഷരത്തെറ്റുകളും വാക്യഘടനയിലെ പിശകുകളും പ്ളേയ്ജറിസവും ഒക്കെ പരിശോധിക്കുന്നതിനുള്ള സോഫ്റ്റ്വെയറുകളുണ്ട്. ഗവേഷകർക്കുതന്നെ ഈ മാര്‍ഗങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രബന്ധങ്ങൾ പരിശോധിക്കാവുന്നതാണ്. പ്രബന്ധത്തിൽനിന്നുള്ള ഭാഗങ്ങൾ ലേഖനങ്ങളായി വിവിധ ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്ന രീതിയുണ്ട്. ജേർണൽ എഡിറ്റർമാരിൽനിന്നും വായനക്കാരിൽനിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളും വിമർശനങ്ങളും പ്രബന്ധത്തെ പുഷ്ടിപ്പെടുത്താൻ ഉപയോഗിക്കാവുന്നതാണ്. ഗവേഷണപ്രബന്ധം സർവകലാശാലയ്ക്കു സമർപ്പിക്കുന്നതിനു മുമ്പ് ഗവേഷണവിഷയവുമായി ബന്ധപ്പെട്ട ചില പേപ്പറുകൾ യു.ജി.സി അംഗീകാരമുള്ള ജേർണലുകളിൽ പ്രസിദ്ധീകരിക്കണമെന്നുണ്ട്. ഇവിടെനിന്നു ലഭിക്കുന്ന ഫീഡ്ബാക്ക് തങ്ങളുടെ ആശയങ്ങളെ മെച്ചപ്പെടുത്താൻ ഉപയോഗിക്കാം. ഗവേഷണംനടത്തുന്ന വകുപ്പിൽത്തന്നെയുള്ള മറ്റു ഗവേഷകരുമായി, സർവകലാശാലകളും കോളെജുകളും നടത്തുന്ന സെമിനാറുകളിൽ പങ്കെടുക്കാനെത്തുന്ന വിദഗ്ദ്ധരുമായി ഒക്കെ സംവദിക്കാനുള്ള അവസരങ്ങളുണ്ട്. ഇതോടൊപ്പമാണ് പൂര്‍ണമായി ഗവേഷണ വിദ്യാര്‍ഥിയുമായി സഹകരിക്കേണ്ടുന്ന മാര്ഗദർശിയുള്ളത്. എത്ര പരിമിതമായ സൗകര്യങ്ങളാണെങ്കിലും വൈജ്ഞാനികത്വരയും ഇച്ഛാശക്തിയുമുള്ളവർക്ക് പലതും ചെയ്യാൻ കഴിയും. ഈ രീതിയിലുള്ള പല പ്രക്രിയകൾക്കും അവസരങ്ങൾക്കും ശേഷവും, ഇവിടെ ഇതിനകം സൂചിപ്പിക്കപ്പെട്ട രീതിയിലുള്ള തെറ്റുകൾ ഗവേഷണപ്രബന്ധത്തിൽ ഉണ്ടാകുന്നുണ്ടെങ്കിൽ അവിടെ പ്രവർത്തിക്കുന്നത് വിജ്ഞാനവിരുദ്ധതയും അധികാരത്തിന്റെതണലിൽ നില്‍ക്കുന്നതിന്റെ അഹന്തയും ആയിരിക്കണം. ഗവേഷണരംഗത്ത് പാടില്ലാത്ത ‘ഗുണ’ങ്ങളാണത്. പെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു പ്രബന്ധം സമർപ്പിക്കാൻ പ്രേരിപ്പിക്കുന്നത് ഈ ഗുണങ്ങളാണ്. എഴുതിയതിനുശേഷം സ്വയം തന്നെയോ സുഹൃത്തുക്കളോ മാര്‍ഗദർശകനോ പോലും പ്രബന്ധം വായിച്ചിട്ടുണ്ടാകണമെന്നില്ല! ഇത്ര ബൃഹത്തായ ഒരു വ്യവസ്ഥയെ സൃഷ്ടിച്ചിട്ടും ചിലർക്കെങ്കിലും അതിൽനിന്നെല്ലാം വഴുതിമാറാനും എന്തെങ്കിലും എഴുതി സമർപ്പിച്ച് ഡോക്ടർബിരുദംനേടാനും കഴിയുന്ന സ്ഥിതിയുണ്ടെന്നാണല്ലോ നമുക്കു ബോധ്യമാകുന്നത്. രാഷ്ട്രീയകക്ഷികളുടെ നേതാക്കളും മറ്റും ഇത്തരം പ്രശ്നങ്ങളിൽ ഉൾപ്പെടുമ്പോഴാണ് ഇക്കാര്യങ്ങൾ വലിയ മാധ്യമശ്രദ്ധയിലേക്കു വരുന്നത് എന്നു മാത്രം.
ഈ മൂല്യശോഷണത്തിന്റെ പ്രധാന കാരണം അധികാരകേന്ദ്രങ്ങളും കക്ഷിരാഷ്ട്രീയനേതൃത്വങ്ങളും അതിന്റെ പിണിയാളുകൾ മാത്രം വസിക്കുന്ന സിൻഡിക്കേറ്റും ഉദ്യോഗസ്ഥവൃന്ദവും അധ്യാപകസംഘടനകളും എല്ലാം ഉൾപ്പെടുന്ന ഒട്ടുമേ ശുദ്ധമല്ലാത്ത കൂട്ടുകെട്ടുകളാണെന്നത് തർക്കമറ്റ സംഗതിയാണ്. സർവകലാശാലകളെയും മറ്റും സ്വയംഭരണസ്ഥാപനങ്ങളായി നിലനില്ക്കാൻ ഈ അവിശുദ്ധകൂട്ടുകെട്ടുകൾ അനുവദിക്കുന്നതേയില്ല. ഇക്കാര്യത്തിൽ, ഇടതോ വലതോ തീവ്രവലതോ തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല! (ഇടതായിരിക്കും അല്പമെങ്കിലും പേടി പുലർത്തുക!) നമ്മുടെ അധികാരകേന്ദ്രങ്ങളും വ്യവസ്ഥാപിതരാഷ്ട്രീയവും എത്രമാത്രം വിജ്ഞാനവിരുദ്ധതയും വിഭാഗീയതയും പുലർത്തുന്ന രീതിയിലാണ് ഇടപെടുന്നതെന്നും അത് സൃഷ്ടിക്കുന്ന ശേഷപ്രഭാവങ്ങൾ എത്രമാത്രം മാരകവും ദൂരവ്യാപകവുമാണെന്ന് ആലോചിക്കുക!
വിജ്ഞാനനിർമാണപ്രവർത്തനത്തോട് സ്വയംതന്നെ ആദരവു പുലർത്തുന്ന ഒരു അന്തരീക്ഷം അക്കാദമിക് സ്ഥാപനങ്ങളിൽ ഉണ്ടായിത്തീരണം. വിജ്ഞാനത്തോടുള്ള പ്രതിബദ്ധതകൊണ്ടുമാത്രം സംവാദങ്ങളിലൂടെ ബാഹ്യതാത്പര്യങ്ങളെയും വിഭാഗീയപ്രവർത്തനങ്ങളെയും തകർക്കുന്നതിനുള്ള ബൗദ്ധികാന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ഇതിന്, സർവകലാശാലകളിലേക്കും ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും മറ്റും നടക്കുന്ന അധ്യാപകനിയമനങ്ങളിൽ ബാഹ്യ ഇടപെടലുകൾ ഒഴിവാക്കാനും ഗ്രേഡിന്റെയും സംവരണത്തിന്റെയും മാനദണ്ഡങ്ങൾ ശരിയായി പാലിക്കാനും കഴിയണം. സമൂഹത്തിന്റെ എല്ലാ നിലയിൽനിന്നുമുള്ളവരുടെയും വിജ്ഞാനത്തോട് താത്പര്യമുള്ളവരുടെയും പ്രാതിനിധ്യം ഗവേഷണരംഗത്ത് ഉറപ്പുവരുത്തുന്നതിന് ഇത് ആവശ്യമാണ്. എല്ലാ മേഖലകളിലുമുള്ള ഗവേഷകരിൽ ഗവേഷണത്തിന്റെ ധാര്‍മികതയെ സൃഷ്ടിക്കുന്നതിന് അവർക്ക് സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സർവകലാശാലകളെയും കലാലയങ്ങളെയും അക്കാദമികളെയും സ്വയംഭരണസ്ഥാപനങ്ങളായി നിലനിറുത്തുന്നതിനും അവയെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും വിജ്ഞാനോത്പാദനത്തിനും വ്യാപനത്തിനും അനുവദിക്കുന്നതിനും അധികാരകേന്ദ്രങ്ങളുടെയും മത,കക്ഷിരാഷ്ട്രീയങ്ങളുടെയും അനാവശ്യമായ ഇടപെടലുകളിൽനിന്നു മുക്തമാക്കുന്നതിനും ആവശ്യമായ വിവേകമുണ്ടാകുകയെന്നതാണ് പ്രഥമവും പ്രധാനവുമായ കാര്യം.
വാൽക്കഷ്ണം:
ഈ ലേഖനമെഴുതിയിരിക്കുന്നയാൾ ഡോക്ടറേറ്റ് ബിരുദധാരിയല്ല. എങ്കിലും, പ്രഭാഷണങ്ങൾക്കും മറ്റും വിളിക്കുന്നവർ തയാറാക്കുന്ന നോട്ടീസുകളിലും മറ്റും ഡോ.എന്ന വിശേഷണം നല്കിയിരിക്കുന്നതുകണ്ട് അതു തിരുത്തി ഉപയോഗിക്കണമെന്ന് പല പ്രാവശ്യം പറയേണ്ടി വന്നിട്ടുണ്ട്. ഡോക്ടർമാർ അത്രമാത്രം സാധാരണമായിട്ടുണ്ട്. അധ്യാപനകാലത്തിന്റെ തുടക്കത്തിൽ ഗവേഷണത്തിനുള്ള ചില ശ്രമങ്ങൾ നടത്തിയിരുന്നു. ഭൗതികശാസ്ത്ര അധ്യാപകനായിരുന്ന ഞാൻ ശാസ്ത്രത്തിന്റെ തത്ത്വചിന്തയിൽ ഗവേഷണം നടത്താനാണ് ശ്രമിച്ചത്. പക്ഷേ, അത് അപ്പോൾ അത്ര എളുപ്പമായിരുന്നില്ല. വ്യവസ്ഥാപിതഗവേഷണം നടന്നില്ല. അതുകൊണ്ടു മാത്രം ശാസ്ത്രത്തിന്റെ ഫിലോസഫിയിലുള്ള താത്പര്യം തീർത്തും ശമിച്ചില്ല. ശാസ്ത്രത്തിന്റെ തത്ത്വചിന്തയുമായി ബന്ധപ്പെട്ട് മലയാളത്തിലെഴുതിയ എന്റെ മൂന്നു പുസ്തകങ്ങൾക്കു കാരണമായത് ഈ താത്പര്യങ്ങളാണ്. തീർച്ചയായും അവ ഗവേഷണസ്വഭാവമുള്ള പുസ്തകങ്ങളല്ല. കോളെജ് അധ്യാപനകാലത്ത് (ഇപ്പോൾ വിരമിച്ചു.) കണ്ടും കേട്ടും അറിഞ്ഞിട്ടുമുള്ള ചില കാര്യങ്ങൾ; അനുഭവപരിചയം, എന്നിവ മാത്രമാണ് ഈ ലേഖനത്തിനാധാരം. ഡോക്ടറേറ്റ് ഇല്ലാത്തവന്റെ അസൂയയിൽനിന്നുണ്ടായ ലേഖനമാണിതെന്ന് ദോഷൈകദൃക്കുകൾക്ക് ആരോപിക്കാനുള്ള പഴുതുകളുണ്ട്.