ഗവേഷണത്തിന്റെ നിലവാരം – ശിവ് വിശ്വനാഥൻ
നമ്മുടെ ഗവേഷണനിലവാരക്കുറവ് മോശമായ സാമ്പത്തികചിന്തയുടേതെന്നതിനെക്കാൾ നമ്മുടെതന്നെ ഗവേഷണശൈലിയിലുള്ള വിശ്വാസക്കുറവിന്റെ പ്രശ്‌നമാണ്. നാം പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു റിപ്പോർട്ട് സിവിൽ സൊസൈറ്റി തയാറാക്കണം. സ്‌കൂൾവിദ്യാഭ്യാസരംഗം എങ്ങനെ താറുമാറായിരിക്കുന്നുവെന്നതിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ടും അതുപോലെ, മരുഭൂമിവത്കരിക്കപ്പെട്ട സർവകലാശാലകളെക്കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടും ആകാം.
നയപരമായ സമസ്യകൾക്ക്, പ്രത്യേകിച്ച് അവ ശാസ്ത്രഗവേഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ളതാണെങ്കിൽ, സമാധാനം നല്കാൻ പര്യാപ്തമായിട്ടുള്ളത്, അമൂർത്തമായ സർവെയും സ്ഥിതിവിവരക്കണക്കുകളുമല്ല, പ്രത്യുത, ഏതാനും കഥകൾ തന്നെയത്രേ. ഒരു പ്രശ്‌നത്തിന്റെ ഘടനയും സൂക്ഷ്മമായ അർത്ഥഭേദങ്ങളും വ്യക്തമാക്കാൻ കഥകൾക്ക് സാധിക്കും. മൂന്നു കഥകളുമായി ഞാൻ ആരംഭിക്കട്ടെ.
പ്രഗത്ഭനായ ഒരു ജ്യോതിശാസ്ത്രജ്ഞൻ ഒരിക്കൽ എന്നോടു പറഞ്ഞു: ”ഇന്ത്യക്കാർ ശാസ്ത്രരംഗത്ത് മൗലികതയുള്ളവരല്ല.” എന്നാൽ, ഒരു കാര്യം അദ്ദേഹം സമ്മതിച്ചു. ”ലോകത്തിലെ ഏറ്റവും സമർഥരായ ചുരുക്കെഴുത്തുകാരാണ് നാം; മൗലികതയെ നാം അനുകരിക്കാറുണ്ട്. പക്ഷേ, മൗലികതയുള്ളവരായിരിക്കാനുള്ള ധൈര്യം നമുക്കില്ല.”
സി.വി.രാമന്റെ കഥ പറഞ്ഞുകൊണ്ടാണ്, ഇതിനോട് എന്റെ ഒരു സുഹൃത്ത് പ്രതികരിച്ചത്. തന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് തികഞ്ഞ ബോധ്യവും ആത്മവിശ്വാസവും ഉണ്ടായിരുന്ന അദ്ദേഹം നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് ആറുമാസം മുൻപുതന്നെ നൊബേൽ സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തുവത്രേ. ആരെയും അത്ഭുപ്പെടുത്തുന്ന ആത്മവിശ്വാസമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കെ.എസ്.കൃഷ്ണൻ, കെ.രാമനാഥൻ,ജി.എൽ.രാമചന്ദ്രൻ എന്നീ മികച്ച ശാസ്ത്രജ്ഞരുടെ സഹകരണവും അദ്ദേഹത്തിനു ലഭിച്ചു.
ഈ രണ്ടു കഥകളും താരതമ്യം ചെയ്താൽ ഇന്നത്തെ ഗവേഷണത്തിന്റെ സാരസംഗ്രഹം നമുക്കു ലഭിക്കും. ഇന്ന്, സംഘടനാപരമായി നാം ശക്തരാണെങ്കിലും, ശാസ്ത്രഗവേഷണത്തെ ആഘോഷിക്കാനുള്ള സാംസ്‌കാരികമായ ആത്മവിശ്വാസം നമുക്കില്ലാതായിരിക്കുന്നു. മധ്യനിരപണ്ഡിതരായി നാം തൃപ്തിയടയുന്നു. ശാസ്ത്രലോകത്ത് ഒരു സെക്രട്ടേറിയറ്റ് നമുക്കുണ്ടെങ്കിലും അവിടെ നാം ഒരു അധ്വാനവർഗമല്ല. ഐ.ടി.മേഖല ഇതിന്റെ പ്രകടമായ ഒരു ഉദാഹരണമത്രേ. മൗലികതയും പരാജയസാധ്യതയും നാം മറ്റുള്ളവരുടെ തലയിൽവയ്ക്കുന്നു. നമ്മുടെ ഗവേഷണനിലവാരക്കുറവ് മോശമായ സാമ്പത്തികചിന്തയുടേതെന്നതിനെക്കാൾ നമ്മുടെതന്നെ ഗവേഷണശൈലിയിലുള്ള വിശ്വാസക്കുറവിന്റെ പ്രശ്‌നമാണ്.
രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ പ്രഭാതഭക്ഷണം കഴിക്കുന്ന രംഗം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഫ്രാൻസിൽനിന്നുള്ള ഒരു ശാസ്ത്രജ്ഞൻ എന്റെ അടുത്തുവന്നിരുന്നു. ശാസ്ത്രത്തെക്കുറിച്ചുള്ള ഞങ്ങളുടെ സംഭാഷണത്തിനിടയിൽ അദ്ദേഹം ചോദിച്ചു: ”ഇന്ത്യക്കാരുടെ ലീലാപരത (playfulness) നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? നിങ്ങൾ ശാസ്ത്രത്തെ സ്വപ്നം കാണുന്നു. ചൈനക്കാർ ചിതലുകളെപ്പോലെ സംഘടിച്ചു പ്രവർത്തിക്കുന്നു. അവരെ നിങ്ങൾ അനുകരിക്കേണ്ട ആവശ്യമെന്താണ്? ഈ ലീലാപരത ഇന്ത്യൻ ശാസ്ത്രം വീണ്ടെടുക്കേണ്ടതുണ്ട്.
ശാസ്ത്രഗവേഷണരംഗത്തെ പ്രശ്‌നം മനസ്സിലാക്കാൻ ഉപകരിക്കുന്നതാണ്, ഈ കഥകൾ. അനുകരണത്തിന് അടിവരയിടുന്ന നയങ്ങളുടെ സാന്നിധ്യത്തിൽ മൗലികഗവേഷണം അസാധ്യമാണ്. മൗലികത സമയം എടുക്കുന്നതോടൊപ്പം വ്യത്യസ്തമായ സാമൂഹികചിന്തയും കൂട്ടായ്മയും ആവശ്യപ്പെടുന്നുണ്ട്. ബ്യൂറോക്രാറ്റിക്ക് ഗവേഷണം നാം കൂടുതലായി പിന്തുടരുമ്പോൾ, നാം ഊന്നൽ നല്കുക സർഗാത്മകതയെക്കാൾ ബിരുദോന്മുഖമായ, ഔപചാരികമായ എഴുത്തിനാകും. ഈ വലിയ തകർച്ചയുടെ ഉദാഹരണമാണ്, ഗവേഷണത്തിനുവേണ്ടിയുള്ള ‘SCOPUS’ പ്രോഗ്രാം. അടിസ്ഥാന ഗവേഷണം (Pure Science Research) നടത്തുന്നതിന് ധൈഷണികമായ ആത്മവിശ്വാസം അത്യാന്താപേക്ഷിതമാണ്; ഒപ്പം, ലീലാപരതയിലും ഭാവിയിലും ഉള്ള വിശ്വാസവും. സർവകലാശാലകളിൽ ഇന്ന് ലീലാപരത ശോഷിച്ചില്ലാതായിരിക്കുന്നു. ഡോക്ടർബിരുദപഠനത്തെ പൊള്ളയാക്കിയിരിക്കുന്നു. അതിന്റെ ഉൾക്കാമ്പ്, ആത്മാവ് നഷ്ടമായിരിക്കുന്നു. യഥാർഥത്തിൽ, ഡോക്ടർ ബിരുദപഠനം ഗവേഷണത്തിന്റെ ഉൾക്കാമ്പാണ്. പ്രഗത്ഭരായ ഏതാനും ശാസ്ത്രജ്ഞർ ഒരിക്കൽ ഇന്ത്യൻ പ്രസിഡന്റ് പ്രണബ്കുമാർ മുക്കർജിയെ സന്ദർശിച്ച്, പി.എച്ച്ഡി ഗവേഷണത്തിന്റെ മൂല്യം തകർക്കുന്ന നയത്തിനെതിരെ പ്രതിഷേധം അറിയിക്കുകയുണ്ടായി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാൽ, ഒന്നും സംഭവിച്ചില്ല. നമ്മുടെ ഭരണസംവിധാനം ഗുണനിലവാരത്തിനും സ്വയംഭരണത്തിനും വേണ്ടിയുള്ള നിലവിളി കേൾക്കുന്നില്ല. ശാസ്ത്രമെന്നാൽ സാങ്കേതികവിദ്യയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.
ശരാശരി അല്ലെങ്കിൽ മധ്യമനിലവാരത്തെ കൂടുതൽ ഇഷ്ടപ്പെടുകയും പരമ്പരാഗത ചിന്താശൈലിയെ ആശ്ലേഷിക്കുകയും ചെയ്യുന്ന സർവകലാശാലകളുടെ മനഃശാസ്ത്രം നാം പരിശോധിക്കേണ്ടതുണ്ട്. മൂന്നാം ലോകരാജ്യത്ത്, പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ലബോറട്ടറിയിൽ ഗവേഷണം നടത്താനും ഏറെ അവഗണനകൾ നേരിടാനും വിധിക്കപ്പെടുന്ന ഗവേഷകരുടെ ഇല്ലായ്മയുടെ പ്രശ്‌നം മാത്രമല്ല, ഇത്. പണത്തിന്റെ സിംഹഭാഗവും കൈവശപ്പെടുത്തുന്നത് സർക്കാർസ്ഥാപനങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളുമാണ്. സർവകലാശാലകൾക്ക് ലഭിക്കുന്നത് ‘റിസേർച്ച് ഗ്രാന്റ്’ എന്ന പേരിലുള്ള ഭിക്ഷാപാത്രമാണ്. ഗവേഷണനിലവാരം മെച്ചപ്പെടണമെങ്കിൽ ധിഷണാപരമായ ഒരവകാശം എന്ന നിലയിൽ ഗവേഷണം അംഗീകരിക്കപ്പെടണം, ആദരിക്കപ്പെടണം. ഈ കഥ മനസ്സിലാക്കുന്നതിന് ഈയൊരു ഉപകഥയും ഉപകരിക്കുമെന്ന് ഞാൻ കരുതുന്നു. അമേരിക്കയിൽനിന്നു ഞാൻ മടങ്ങിയെത്തിയപ്പോൾ ഡൽഹിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയുടെ ഭാഗമായി എന്നോടു ചോദിച്ചു: ”എന്താണ് പ്രഫഷൻ?” അക്കാദമിക് രംഗത്താണ് പ്രവർത്തിക്കുന്നതെന്നു പറഞ്ഞ എന്നെ നോക്കി കസ്റ്റംസ് ഓഫീസർ ഒരു പരിഹാസച്ചിരി പൊഴിച്ചുകൊണ്ട് പറഞ്ഞു: ലക്ചററാണ് അല്ലേ? പോകാം. എന്തെങ്കിലും സാധനം വാങ്ങിക്കൊണ്ടുവരാനുള്ള സാമ്പത്തികശേഷി ഉണ്ടാവില്ലായെന്നാണ് അദ്ദേഹം കരുതിയത്.
വിദേശസർവകലാശാലകളുടെ കാമ്പസുകൾ ഇന്ത്യയിൽ സ്ഥാപിക്കാനുള്ള അനുവാദം നല്കിയിട്ടുള്ള ഭരണകൂടം പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് അതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഈ മേഖലയിൽ മൂലധനമിറക്കി വിദേശസർവകലാശാലകൾ സ്ഥാപിക്കുമ്പോൾ അവയ്ക്ക് പൂർണമായ സ്വയംഭരണാവകാശം ഉണ്ടാവും. ഇന്ത്യൻസർവകലാശാലകൾക്ക് സ്വപ്നംകാണാൻപോലും സാധിക്കാത്ത ഒന്നാണത്. ജൈവികഗുണത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചുമുള്ള യാതൊരു ചിന്തയുമില്ലാതെയാണ് വിദേശസർവകലാശാലകൾ ഇവിടെ നട്ടുപിടിപ്പിക്കാനും വളർത്താനും ഉദ്യമിക്കുന്നത്. ഏറ്റവും വലിയ പ്രതീക്ഷ സഫലമായാൽപ്പോലും അവയെല്ലാം വെറും രണ്ടാംകിട ബൗദ്ധിക പ്ലാന്റേഷനുകളായി മാറും. മധ്യവയസ്‌ക്കരായ വിദേശ അക്കാദമിക്കുകളുടെ ഓൾഡ് ഏജ് ഹോമുകളായിത്തീരും. (Old-age home for middle aged foreign academics) കൊളോണിയലിസത്തിന്റെ പുതിയ പതിപ്പ് അല്ലെങ്കിൽ, പുനരാവിഷ്‌കരണമാണിത്. വിദേശത്തുനിന്നുള്ള പ്രഫസർമാർ തങ്ങൾ ബൗദ്ധികലോകത്തെ വൈസ്‌റോയ്മാരാണെന്നു സങ്കല്പിക്കാൻ അത് ഇടയാക്കും. സർവകലാശാലകളിലെ മാധ്യമനിലവാരത്തിനെതിരെ സംഘടിതമായ പ്രതിഷേധമില്ലായെന്നതാണ് ഏറെ ദുഃഖകരം. ഇത്തരം സർവകലാശാലകളെക്കുറിച്ച് ഭരണകൂടം വച്ചുപുലർത്തുന്ന ലിബറൽ സങ്കല്പം സാക്ഷാത്കരിക്കാൻ പോകുന്നില്ല. പാശ്ചാത്യസർവകലാശാല എന്ന ‘ഉട്ടോപ്യ’ സാക്ഷാത്കരിക്കാൻ ഉദ്യമിക്കുമ്പോൾ, അത് ദശാബ്ദങ്ങൾക്കുമുൻപുതന്നെ മാഞ്ഞുമറഞ്ഞതാണെന്ന സത്യം നാം സൗകര്യപൂർവം മറക്കുകയാണ്.
ഈ ‘പരിഷ്‌ക്കാരങ്ങൾ’ക്ക് നല്കുന്ന വ്യാപകമായ പ്രചാരണം ആരെയും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലെ സർവകലാശാലകൾ നേരിടുന്ന തികഞ്ഞ അവഗണനയുമായി ഇതിനെ താരതമ്യം ചെയ്യണം. ലൈബ്രറികൾ ഫണ്ടില്ലാതെയും, ഗവേഷണവിദ്യാർഥികൾ അന്തസ്സായുള്ള സ്റ്റൈപ്പന്റ് ലഭിക്കാതെയും വിഷമിക്കുകയാണ്. ഇന്ത്യൻസർവകലാശാലകളുടെ നിലവാരത്തകർച്ച പൂർത്തിയാക്കാൻ ഈ പരിഷ്കാരം വഴിവയ്ക്കും.
ഇന്ത്യൻ സർവകലാശാലകൾ 1960 കളിലും 70 കളിലും എതിരഭിപ്രായം പറയുന്ന വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും ബദൽസങ്കല്പങ്ങൾ അവതരിപ്പിക്കുന്ന പണ്ഡിതരുടെയും ചെലവുകുറഞ്ഞ വിദ്യാഭ്യാസ-ഗവേഷണ സംരംഭങ്ങളുടെയും സംവിധാനങ്ങളുടെയും പ്രണേതാക്കളുടെയും ഇടങ്ങളായിരുന്നു. സി.വി. ശേഷഗിരി, അമൂല്യ റെഡ്ഢി, അനിൽ സദ്‌ഗോപാൽ എന്നീ ധിഷണാശാലികൾ ബദൽശാസ്ത്രത്തിന്റെ പ്രചാരകനായിരുന്നു. ഇന്ന് എതിരഭിപ്രായവും ബദൽ സംസ്കാരശൈലിയും രണ്ടാംഘട്ടമായി പരിഗണിക്കപ്പെടുകയാണ്. തികഞ്ഞ പാണ്ഡിത്യമുള്ളവർക്കേ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ സാധിക്കൂ എന്ന കാര്യം മറന്നുപോകുന്നു. സമാധാനപ്രസ്ഥാനം, ഗാന്ധിയൻ ദർശനം കാർഷിക-സാംസ്കാരിക വൈവിധ്യത്തിന്റെ സുസ്ഥിരമായ നിലനില്പ്, ശാസ്ത്രജ്ഞരുടെ അന്തർദേശീയ സമ്മേളനം (പഗ്‌വാഷ് ഗണം) എന്നിവയ്ക്കായി ഗവേഷണം നടത്തുകയെന്നത് വലിയൊരു യജ്ഞമാണ്, ആവശ്യപ്പെടുന്നത്. ബദല്‍ അഭിപ്രായത്തിലും ഗവേഷണത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട് നിലവിലെ ഭരണകൂടം. ഇത് രണ്ടും ചേർത്തു പ്രവർത്തിക്കുന്നവരെ ‘അർബൻ നക്സൽ’ എന്നു വിളിക്കാനും മടിയില്ലാതായിരിക്കുന്നു.
കൂടാതെ ദൈനംദിന സാധാരണ ഗവേഷണപ്രവർത്തനങ്ങൾ കൂടുതൽ കൂടുതൽ അധികാരികളുടെ അനാവശ്യ നിയന്ത്രണങ്ങളുടെ കീഴിലാവുന്നത് സ്ഥിതിയുമുണ്ട്. ബയോമെട്രിക്സിന്റെ വരവോടെ എല്ലാം ഇന്ന് നിരീക്ഷണത്തിലാണ്. ഇതാണ് ‘അക്കൗണ്ടബിലിറ്റി’യെന്ന് കോർപ്പറേറ്റുകൾ അതിനെ തെറ്റിദ്ധരിച്ചിരിക്കുന്നു. സാന്നിധ്യത്തിന്റെ തെളിവായി അറ്റൻഡൻസ് മാറിയിരിക്കുന്നു. രാവിലെ ഒന്‍പതുമണിക്ക് ഹാജരാവുകയെന്നതും വൈകുന്നേരം ആറുമണിക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നതായി ഉറപ്പുനല്കാൻ ബയോമെട്രിക്ക് പഞ്ചിംഗിനു സാധിക്കുമോ? നഗരത്തിന്റെ തിക്കും തിരക്കും യാത്രാക്ലേശങ്ങളും മനസ്സിലാക്കുന്നതിൽ യു.ജി.സി പരാജയപ്പെട്ടിരിക്കുന്നു.
ഗവേഷണത്തിലെ നിലവാരത്തകർച്ചയെന്നത് ഒരു വിലാപമതിലായിക്കരുതിയിരുന്ന് കണ്ണീരൊഴുക്കിയാൽ മാത്രം പോരാ. നാം പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒന്നാമത്തെ ശ്രമം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു റിപ്പോർട്ട് സിവിൽ സൊസൈറ്റി തയാറാക്കുകയെന്നതാണ്. വിദ്യാഭ്യാസ വിചക്ഷണന്മാർ നിഷ്പക്ഷമായി അഭിപ്രായം പറയട്ടെ; അവരുടെ നിർദേശങ്ങൾ രേഖപ്പെടുത്തട്ടെ. സ്‌കൂൾവിദ്യാഭ്യാസരംഗം എങ്ങനെ താറുമാറായിരിക്കുന്നുവെന്നതിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ടും അതുപോലെ, മരുഭൂമിവത്കരിക്കപ്പെട്ട സർവകലാശാലകളെക്കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടും ആകാം. ഈ പദ്ധതിമൂലം നഷ്ടപ്പെട്ട അന്തസ്സും ദർശനവും സർവകലാശാലകൾക്കു വീണ്ടെടുക്കാനാവും. വിജ്ഞാനത്തെക്കുറിച്ചും ജ്ഞാനസമ്പാദന-വിതരണ സംവിധാനങ്ങളെക്കുറിച്ചും ഒരു ദർശനം ഇതുമൂലം നമുക്കു ലഭിക്കും. പുതിയൊരു ‘ശാന്തിനികേതൻ’ നാം സ്വപ്നം കാണേണ്ടിയിരിക്കുന്നു. അവിടെ ശാസ്ത്രവും മാനവികവിഷയങ്ങളും കലയും സമഞ്ജസമായി യോജിച്ച് ബദൽദർശനവും സാധ്യതകളും സിദ്ധികളാക്കി മാറ്റുകയും ചെയ്യും.
(മൊഴിമാറ്റം: മാത്യു കുരിശുംമൂട്ടിൽ)