അക്കാദമികരചനയെ ആർക്കാണ് പേടി? – ഡോ. അശോക് ഡിക്രൂസ്
“എന്റെ മുറിയിൽ ആർക്കും കാണാൻ കഴിയാത്തതും ഒച്ചയുണ്ടാക്കാത്തതും ചൂടില്ലാത്ത തീ തുപ്പുന്നതുമായ ഒരു വ്യാളിയുണ്ടെന്ന് ഞാൻ അവകാശപ്പെട്ടു എന്നു കരുതുക. നിങ്ങൾക്ക് അത് തെറ്റാണെന്ന് തെളിയിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പ്രസ്തുത വാദം ശരിയാണോ തെറ്റാണോ എന്നു പരിശോധിക്കാനും കഴിയില്ല.”
ഏതൊരു വാദത്തെയും അന്ധമായി വിശ്വസിക്കുന്നവർ പടച്ചുവിടുന്ന ലോജിക്കൽ ഫാലസി (Logical fallacy) യെക്കുറിച്ചുള്ള കാൾ സാഗന്റെ നിരീക്ഷണമാണ് മുകളിൽ നൽകിയിരിക്കുന്നത്. ഗവേഷണപ്രബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ ഇരുപക്ഷവും വാദപ്രതിവാദങ്ങൾക്ക് തിരഞ്ഞെടുക്കുന്നതും ലോജിക്കൽ ഫാലസിയുടെ രീതിശാസ്ത്രം തന്നെയായിരിക്കും.
വാസ്തവത്തിൽ, അക്കാദമികരചന അക്കാദമികമായി വിലയിരുത്തപ്പെടുന്നില്ല എന്നതാണ് അക്കാദമികരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഭാഷയും അക്കാദമികരചനയും
ആശയവിനിമയോപാധി മാത്രമല്ല വികാരവിനിമയോപാധികൂടിയാണ് ഭാഷ. വികാരവിനിമയവേളയിലാണ് ഭാഷ അതിന്റെ സൗന്ദര്യം മുഴുവൻ പ്രകടിപ്പിക്കുന്നത്. ആശയവിനിമയം, വികാരവിനിമയം എന്നിവ രണ്ടും ഭാഷയുടെ രണ്ടു വ്യത്യസ്ത ധർമ്മങ്ങളാണ്. വ്യവഹാരഭാഷയിലും സാഹിത്യകൃതികളിലുമാണ് സാധാരണഗതിയിൽ ഭാഷ വികാരവിനിമയോപാധിയാകുന്നത്. അതേസമയം, പാഠപുസ്തകങ്ങളിലും അക്കാദമിക് പുസ്തകങ്ങളിലുമെത്തുമ്പോൾ ഭാഷ ആശയവിനിയോപാധിയായി മാറുകയും ചെയ്യും. വൈകാരികവിനിമയത്തിന് ഉപയോഗിക്കുന്നത് സ്വാഭാവികമായും വൈകാരികഭാഷയായിരിക്കും. (അത് ഹൃദയത്തിൽ നിന്നുണ്ടാവുന്നതാണ് എന്നാണ് സങ്കല്പം). അതുകൊണ്ടുതന്നെ, വൈകാരികഭാഷയിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും ഏറെക്കുറെ വ്യക്തിപരവും സ്വകാര്യവുമായിരിക്കും. അതേസമയം, വിചാരവിനിമയത്തിന് (ആശയവിനിമയത്തിന്) ഉപയോഗിക്കുന്ന ഭാഷ വിചാരഭാഷയായിരിക്കും. പൊതുവായ ഉപയോഗത്തിന് ഉചിതമായ പദങ്ങളും വാക്യഘടനയുമാണ് അത്തരം ഭാഷയുടെ ഏറ്റവും വലിയ സവിശേഷത. ഈ വിചാരഭാഷ (പൊതുഭാഷ) യാണ് അക്കാദമിക് രചനയ്ക്ക് ഉപയോഗിക്കുന്നത്.
സർവകലാശാലകളിലും അക്കാദമിക പ്രസിദ്ധീകരണങ്ങളിലും ഉപയോഗിക്കുന്ന ഔപചാരിക രചനാശൈലിയാണ് അക്കാദമികരചന (Academic Writing). ഗവേഷണവിഷയങ്ങൾ മുൻനിർത്തിയുള്ള ജേണൽ ലേഖനങ്ങളിലും ഗവേഷണഗ്രന്ഥങ്ങളിലുമാണ് പ്രധാനമായും ഈ രചനാശൈലി കണ്ടുവരുന്നത്. ഗവേഷണപ്രബന്ധങ്ങളും ഗവേഷണലേഖനങ്ങളും മാത്രമല്ല, ഉപന്യാസരചന നടത്തുമ്പോഴും അക്കാദമികരചനാശൈലി പിന്തുടരാൻ രചയിതാക്കൾ ബാധ്യസ്ഥരാണ്. പഠനഗ്രന്ഥങ്ങളുടെ രചനാപ്രക്രിയയാണ് അക്കാദമികരചനയും പിന്തുടരുന്നത്. എങ്കിലും, ഉള്ളടക്കം, ഘടന, ശൈലി എന്നിവ വ്യത്യസ്തമായിരിക്കും.
അക്കാദമികരചനകളുടെ പ്രസിദ്ധീകരണചരിത്രം
പതിനേഴാം നൂറ്റാണ്ടിലാണ് അക്കാദമികരചനകൾ പ്രസിദ്ധീകരിക്കാൻ ചില ജേണലുകൾ മുൻകൈ എടുക്കുന്നത്. ഡെനിസ് ഡി സല്ലോ സ്ഥാപിച്ച ജേണൽ ഡെസ് സാവൻസ് (പിന്നീട് ജേർണൽ ഡെസ് സാവന്റ്സ് എന്നറിയപ്പെട്ടു) ആയിരുന്നു യൂറോപ്പിൽ പ്രസിദ്ധീകരിച്ച ആദ്യകാല അക്കാദമിക് ജേണൽ. പ്രശസ്തരുടെ (പ്രത്യേകിച്ചും പുരുഷന്മാരുടെ) ചരമവാർത്തകൾ, സഭാചരിത്രം, നിയമസംബന്ധിയായ റിപ്പോർട്ടുകൾ എന്നിവയായിരുന്നു അതിന്റെ ഉള്ളടക്കം. പിന്നീടാണ് 1665 മാർച്ച് 6 ന് റോയൽ സൊസൈറ്റിയുടെ ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ് ആദ്യമായി പ്രസിദ്ധീകൃതമാകുന്നത്. അക്കാദമിക് ജേണലുകളുടെ പ്രസിദ്ധീകരണം പതിനേഴാം നൂറ്റാണ്ടിൽ ആരംഭിച്ചുവെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലാണ് വളരെയധികം വികാസം പ്രാപിച്ചത്. പിന്നീട്, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് പിയർ റിവ്യൂ ഒരു മാനദണ്ഡമായി മാറിയത്.
ആദ്യകാലത്ത് അക്കാദമിക് പ്രസിദ്ധീകരണങ്ങളിൽ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് പരിഹാസ്യമായിട്ടായിരുന്നു സമൂഹം വിലയിരുത്തിയിരുന്നത്. ഗവേഷണഫലത്തേക്കാൾ അതു കണ്ടെത്തിയ ആൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ആക്ഷേപം. ഐസക്ക് ന്യൂട്ടൻ ഉൾപ്പെടെയുള്ളവർ അത്തരം ആക്ഷേപത്തിനു പാത്രമായിട്ടുണ്ട്.
ഗവേഷണഫലങ്ങളും പുതിയ കണ്ടെത്തലുകളും തർക്കത്തിലും വിവാദത്തിലും അവസാനിക്കുകയെന്നതും അക്കാലത്തെ ഒരു പതിവായിരുന്നു. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും ഇത്തരം വിവാദങ്ങൾ വളരെ കൂടുതലായിരുന്നു. എന്നാൽ, പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് എത്തിയപ്പോഴേക്കും ഗവേഷണഫലങ്ങളും കണ്ടുപിടിത്തങ്ങളും സംബന്ധിച്ച വിവാദങ്ങളും അവകാശവാദങ്ങളും ഗണ്യമായി കുറയാൻ തുടങ്ങി. അക്കാദമിക് ജേണലുകളിൽ ഗവേഷണഫലങ്ങൾ വ്യാപകമായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയാണ് അത്തരമൊരു മാറ്റമുണ്ടായത്.
ശാസ്ത്രസംബന്ധിയായ കണ്ടുപിടിത്തങ്ങളും ഗവേഷണഫലങ്ങളും ഏറ്റവുമാദ്യം ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെടുന്നത് പിയർ റിവ്യൂവ്ഡ് ജേണലുകളിലൂടെയാണ്.
1960 കളിലും 1970 കളിലും വാണിജ്യലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധകർ, ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചുവന്ന അക്കാദമിക് സൊസൈറ്റികൾ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ‘മികച്ച നിലവാരമുള്ള’ ജേണലുകൾ തിരഞ്ഞെടുത്ത് സ്വന്തമാക്കാൻ തുടങ്ങി. തുടർന്ന്, അവർ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ ഗണ്യമായി ഉയർത്തി. പ്രസ്തുത ജേണലുകൾക്ക് അക്കാദമിക് സമൂഹത്തിലുണ്ടായിരുന്ന വമ്പിച്ച ഡിമാൻഡ് കാരണം വിപണിയിൽ കാര്യമായ ഇടിവുണ്ടായതുമില്ല. രണ്ടായിരത്തിലധികം ശ്രദ്ധേയമായ അക്കാദമിക് ജേണലുകൾ ഉണ്ടെങ്കിലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അഞ്ച് പ്രസാധകരാണ് മൊത്തം പ്രസിദ്ധീകരണത്തിന്റെ ഏതാണ്ട് പകുതിയോളം പ്രസിദ്ധപ്പെടുത്തുന്നത്. (റീഡ് എൽസേവിയർ, സ്പ്രിംഗർ സയൻസ്+ബിസിനസ് മീഡിയ, വൈലി-ബ്ലാക്ക്വെൽ, ടെയ്‌ലർ & ഫ്രാൻസിസ്, സേജ് എന്നിവയാണ് പ്രസ്തുത പ്രസിദ്ധീകരണങ്ങൾ).
കോവിഡ് ലോകം മുഴുവൻ കീഴടക്കിയ കാലത്ത് ശാസ്ത്രസംബന്ധിയായ അക്കാദമിക് ജേണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളുടെ എണ്ണവും വളരെ കൂടുതലായിരുന്നു. റോയൽ സൊസൈറ്റിയുടെ ഒരു പഠനമനുസരിച്ച് 2021 ഓഗസ്റ്റ് ആയപ്പോഴേക്കും കോവിഡ്-19 നെക്കുറിച്ച് ചുരുങ്ങിയത് 2,10,000 പുതിയ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചുവെന്നാണ് കണക്ക്.
അക്കാദമികരചനയ്ക്കുള്ള മുന്നൊരുക്കങ്ങൾ
കഴിയുന്നത്ര അക്കാദമികരചനകൾ വായിക്കുക. അക്കാദമികരചനകളിൽ ഉൾപ്പെടുത്തിയ വിശദാംശങ്ങൾ ശ്രദ്ധിക്കുക.
പദാവലി മെച്ചപ്പെടുത്തുക.
അക്കാദമികരചനകളിലെ റഫറൻസിംഗ് ശൈലികളെയും അപ്‌ഡേറ്റുകളെയും കുറിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകൾ പിന്തുടരുക.
നിശ്ചിത ഇടവേളകളിൽ ഒരു റഫറൻസ് ചേർക്കുന്നത് ശീലമാക്കുക. കഴിയുന്നത്ര റഫറൻസുകൾ ചേർത്ത് ഉള്ളടക്കത്തെ ബലപ്പെടുത്തുക.
ഉപയോഗിക്കുന്ന റഫറൻസുകൾ 10 വർഷത്തിലേറെ പഴക്കമുള്ളതാകാതിരിക്കാൻ ജാഗ്രത പുലർത്തുക.
പ്രബന്ധരചനയ്ക്കുമുമ്പ് ഗവേഷണകേന്ദ്രമോ സർവകലാശാലയോ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കുക.
വാക്കുകളുടെ എണ്ണം വിവേകപൂർവം വിനിയോഗിക്കുക. (മിക്കവാറും ജേണലുകൾ ഗവേഷണലേഖനങ്ങളിൽ ഉപയോഗിക്കാവുന്ന പരമാവധി വാക്കുകളുടെ എണ്ണം മുൻകൂട്ടി നൽകാറുണ്ട്)
എഴുതാൻ തുടങ്ങുന്നതിനുമുമ്പ് സാധ്യമായ തലക്കെട്ടുകൾ ഉപയോഗിച്ച് കരട് രൂപരേഖ തയ്യാറാക്കുക. ഓരോ ഭാഗത്തിലും ഏകദേശം എത്ര വാക്കുകൾ വീതം ഉപയോഗിക്കാമെന്ന ധാരണ രൂപപ്പെടുത്തുക.
രചനയുടെ ഉൾക്കരുത്ത് കൂട്ടുന്നതിന്, നൽകുന്ന വിവരങ്ങൾക്കൊപ്പം ഡയഗ്രമുകളും ചിത്രീകരണങ്ങളും ചേർക്കുക.
അക്കാദമികരചനയിൽ ഒഴിവാക്കേണ്ടത്
സംഭാഷണങ്ങളിലോ അനൗപചാരിക രചനകളിലോ സ്വീകാര്യമായ പല വാക്കുകളും ശൈലികളും അക്കാദമികരചനയിൽ അനുചിതമായി കണക്കാക്കപ്പെടുന്നു. തികച്ചും അനൗപചാരികം, അപരിഷ്കൃതമോ അവ്യക്തമോ ആയ ശൈലി, അതിശയോക്തിപരമോ ആലങ്കാരികമോ ആത്മനിഷ്ഠമോ ആയ പദപ്രയോഗങ്ങൾ, അനാവശ്യമോ തെറ്റായതോ ആയ പദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രമിക്കണം. എങ്കിലും, ഏതെങ്കിലും സ്രോതസ്സുകളിൽനിന്ന് (അഭിമുഖങ്ങൾ ഉൾപ്പെടെ) നേരിട്ട് ഉദ്ധരിക്കുന്ന വാചകത്തിന് ഈ നിർദ്ദേശങ്ങൾ ബാധകമല്ല.
അനൗപചാരികഭാഷയും ശൈലിയും
അനൗപചാരികഭാഷ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് സർഗാത്മകരചനകളിലാണ്. വ്യവഹാരഭാഷയോട് ചേർന്നുനിൽക്കുന്ന കഥാസന്ദർഭങ്ങൾ മികവോടെ അവതരിപ്പിക്കാൻ രചയിതാക്കൾ അത്തരമൊരു രീതി ബോധപൂർവ്വം പിന്തുടരാറുണ്ട്. അതേസമയം, അക്കാദമികേതര രചനകളിൽ (വെബ്സൈറ്റുകളിൽ എഴുതുന്ന രീതിയും ബ്ലോഗെഴുത്ത് ശൈലിയും ഉൾപ്പെടെ) കാണുന്ന എഴുത്തുകളേക്കാൾ ഔപചാരികമാണ് അക്കാദമികരചന. വസ്തുനിഷ്ഠമായി, യുക്തിഭദ്രതയോടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിനു പകരം, പ്രഭാഷണരീതിയിൽ ആവശ്യമില്ലാതെ പരത്തിപ്പറയാനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അക്കാദമികരചനയ്ക്ക് ഉണ്ടാവേണ്ട യുക്തിഭദ്രമായ ഭാഷയും ശൈലിയും നഷ്ടപ്പെടുന്നു.
ഉദാ:
നൂറു പേജ് തികച്ചിട്ടില്ലാത്ത അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇതൊരു സമുദായത്തെയാകെ അനാചാരങ്ങളുടെ അന്ധതമസ്സിൽനിന്ന് മനുഷ്യത്വത്തിന്റെ മഹോന്നത പ്രകാശത്തിലേക്ക് നയിക്കാൻ വഴികാട്ടിയ കൃതിയാണ് എന്നു പറഞ്ഞാൽ പുതിയ തലമുറയ്ക്ക് അത്ഭുതം തോന്നാം.
അവ്യക്തതയും ദുർഗ്രഹതയും
അക്കാദമികരചന ദുർഗ്രഹമായിരിക്കണം എന്നു കരുതുന്നവരുണ്ട്. അത് ശരിയല്ല. ചിലപ്പോഴൊക്കെ ഇംഗ്ലീഷ് വായിച്ച് അർത്ഥം മനസ്സിലാക്കാതെ പരിഭാഷപ്പെടുത്തുന്നതും ഭാഷയിൽ ആശയഭംഗത്തിന് കാരണമാകാറുണ്ട്.
ഉദാ:
വചനീയതയും പഠനപടുത്വവും തമ്മിലുള്ള ഭേദങ്ങളെ സംബന്ധിച്ച ഈ അന്വേഷണവും ലിഖിതരേഖകളുടെ സ്ഥിരതയെ സംബന്ധിച്ച കാര്യങ്ങളെ വിഗണിക്കുവാൻ ചില കാലങ്ങളിൽ വചനാത്മതയ്ക്ക് സാധിച്ചത് ആഖ്യാനത്തിന്റെ ലക്ഷ്യങ്ങളോടാണ് ബന്ധപ്പെട്ടിരിക്കുന്നത്.
മറ്റൊരു ഉദാഹരണം:
ടൈപ്പോളജിയുടെയോ ഉറച്ച ഘടനകളുടെയോ വിഷയമല്ലത്. കാലികമായ പിൻതുടർച്ചയിലൂടെ വികസിതമാകുന്ന സന്ദേശങ്ങളിലുള്ള ഘടന തീർക്കലിന്റേതായ ഒരു ആവർത്തനമാണിത്. ഒരു സവിശേഷരീതിയിലുള്ള മനുഷ്യാവധാരണത്തിന്റെ പ്രയോജനപരമായ യുക്തിയാണത്. പീറ്റർ ബ്രൂക്സിന്റെ ഈ അഭിപ്രായം ഉദ്ധരിച്ച ശേഷം പ്രബന്ധകാരൻ എഴുതുന്നു: ഇതനുസരിച്ച് ആഖ്യാനം എന്ന പദത്തിന് അതിഭൗതികപരവും ജ്ഞാനാത്മക വുമായ പ്രക്രിയയെന്ന അർത്ഥം ലഭിച്ചിരിക്കുന്നു. ആഖ്യാനത്തിൽ വിഷയി അർത്ഥപൂർണ്ണമായ യാഥാർത്ഥ്യങ്ങൾ നിർമ്മിക്കുകയാണെന്ന് ഇവിടെ തിരിച്ചറിയാം.
കേരളസർവകലാശാലയിൽ സമർപ്പിച്ച ഒരു പിഎച്ച്. ഡി. പ്രബന്ധത്തിൽ നിന്നുള്ള വാചകങ്ങളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. ഉദ്ധരണി വായിച്ചാൽ, ആഖ്യാനം എന്ന പദത്തിനു പ്രബന്ധകാരൻ പറയുന്ന അതിഭൗതികപരവും ജ്ഞാനാത്മകവുമായ പ്രക്രിയ എന്ന അർത്ഥം കിട്ടുന്നില്ല. അർത്ഥപൂർണ്ണമായ യാഥാർത്ഥ്യങ്ങൾ നിർമ്മിക്കുന്ന വിഷയി എന്താണെന്നും വ്യക്തമാവുകയില്ല.