ആത്മഹത്യയുടെ ഭൗതികവത്കരണം – ഡോ. ലാൻസി ലോബൊ

ആത്മഹത്യയ്ക്ക് ഒരു മതനിരപേക്ഷ-ഭൗതിക സ്വഭാവം കൈവന്നിരിക്കുന്ന ആധുനിക കാലത്ത്, മതപരവും ആധ്യാത്മികവുമായ ചിന്തകൾക്ക് ഇടിവ് സംഭവിച്ചിരിക്കുന്ന ഇക്കാലത്ത്, ഭൂരിഭാഗം സമൂഹങ്ങളിലും ആത്മഹത്യയുടെ സംഖ്യ വർധിച്ചിട്ടുണ്ട്. നിരാശയ്ക്കു പുറമേ, മനുഷ്യന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും ഏറെ വർധിച്ചിട്ടുണ്ട്, ഒപ്പം വ്യക്തിസ്വഭാവവും.


‘ആത്മഹത്യ’ എന്ന് പരക്കെ അറിയപ്പെടുന്ന സ്വന്തം ജീവൻ നശിപ്പിക്കുക അഥവാ സ്വയം ജീവിതത്തിൽ നിന്ന് മാഞ്ഞുമറയുക എന്ന യാഥാർഥ്യം ഏതാണ്ട് എല്ലാ സമൂഹങ്ങളിലും വ്യത്യസ്തമായ സാംസ്‌കാരിക അർഥധ്വനികളോടെ നിലനിന്നിരുന്നതായി കാണാനാവും. യൂറോപ്യൻ ക്രൈസ്തവലോകത്തെ ആത്മഹത്യയുടെ ആദ്യമാതൃക യൂദാസ് സ്‌കറിയോത്തയുടേതാണ്. യേശുവിന്റെ ശിഷ്യനായിരുന്ന യൂദാസ് ഗുരുവിനെ ഒറ്റിക്കൊടുത്തശേഷം കുറ്റബോധത്താൽ തൂങ്ങിച്ചാവുകയായിരുന്നു. അതുവഴി, ആത്മഹത്യ എന്നത് കുറ്റബോധത്തെയും ശിക്ഷയെയും അനുഗമിക്കുന്ന പാപമായി മുദ്രകുത്തപ്പെടുകയായി. യൂറോപ്പിലെ ആദ്യകാലപാഠങ്ങൾ ആത്മഹത്യയെക്കുറിച്ച് പരാമർശിക്കുന്നത്, ധാർമിക സ്ഥിതിവിവരക്കണക്ക് (Moral Statistics)  എന്നാണ്. എന്നാൽ ഭൗതികവത്കരണം  (Secularisation) മൂലവും മതവും വ്യക്തികളുടെ സ്വകാര്യമേഖലയിലേക്കു തരംതാഴുകയും ചെയ്തതിന്റെയും ഫലമായി, ആത്മഹത്യയുമായി ബന്ധപ്പെട്ട പാപബോധം, കുറ്റം, ശിക്ഷ എന്നിവയുടെ സാന്ദ്രതയുടെ അളവിനെ സംബന്ധിച്ച് കുറവ് ഉണ്ടായിട്ടുണ്ട്. കൂടാതെ മതനിരപേക്ഷമായ സമൂഹങ്ങളിൽ യൂദാസിന്റെ നിരാശയ്ക്കപ്പുറമുള്ള മറ്റനേകം കാരണങ്ങളും ഇന്ന് പ്രകടമാണ്.


ഭൂരിഭാഗം സംസ്‌കാരങ്ങളിലും ആത്മഹത്യ പാപമാണെങ്കിലും അവിടങ്ങളിലെ പാപസങ്കല്പം വ്യത്യസ്തമാണ്. കൃത്യമായി പറഞ്ഞാൽ തെക്കെ ഏഷ്യയിലെ സമൂഹങ്ങളിൽ വിവിധ മാർഗങ്ങളിലൂടെ ജീവിതം തുടച്ചുനീക്കുന്നവരുണ്ട്. ഉദാഹരണത്തിന് വ്യക്തിപരമായ, സാമൂഹികമായ, അല്ലെങ്കിൽ മതനിരപേക്ഷമായ കാരണങ്ങളാൽ സ്വമനസ്സോടെ ശരീരത്യാഗം ചെയ്യുന്നവരുണ്ട്. യഥാർത്ഥത്തിൽ, അത്തരം ജീവത്യാഗങ്ങളെ സമൂഹം അഭിനന്ദിക്കുകയും ആദരവോടെ കാണുകയും ചെയ്യുന്നു. പ്രശാന്തമായ ധീരത, മരണത്തെ നേരിടാനുള്ള കഴിവ് ശരീരത്തിന്റെയും മനസ്സിന്റെയും മേലുള്ള സമ്പൂർണമായ നിയന്ത്രണം, നല്ല ജീവിതം അവസാനിക്കേണ്ടത് നല്ല മരണത്തോടെയായിരിക്കണം എന്ന ചിന്ത എന്നിവയെല്ലാം ഈ അഭിനന്ദനത്തിന്റെ പിറകിലുള്ള കാരണങ്ങളാണ്. ജൈനമതക്കാർക്കിടയിലെ സന്ന്യാസ-മരണം (സന്താര) ഒരു സൈനികന്റെ ആത്മബലി, ഹിന്ദുക്കൾക്കിടയിലെ ആത്മാഹുതി എന്നിവ ഉദാഹരണങ്ങളാണ്. ഭർത്താവിന്റെ ചിതയിൽ വിധവയായ ഭാര്യ ചാടിമരിക്കുകയെന്ന രീതിക്ക് മതത്തിന്റെ അനുഷ്ഠാനപരതയുടെ അനുവാദമുണ്ടായിരുന്നു. ഗാന്ധിജിയുടെ സത്യഗ്രഹത്തെ കാണേണ്ടത് ഉന്നതമായ ലക്ഷ്യങ്ങൾക്കുവേണ്ടി വീരോചിതമായി ജീവത്യാഗം ചെയ്യാനുള്ള സന്നദ്ധതയായിട്ടാണ്. മനുഷ്യബോംബായി മാറി ആത്മഹത്യ ചെയ്യുന്ന പ്രവണതയ്ക്ക് ഇന്ന് പല രാജ്യങ്ങളിലും പ്രചാരം ലഭിച്ചിട്ടുണ്ട്. ഇതിന് മതപരമായ അർഥതലങ്ങളും നീതിമത്കരണവും കൈവരുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് ആധുനിക ഗവേഷകർ നടത്തുന്നതുപോലെ വിശദമായി ആത്മഹത്യയുടെ വിവിധങ്ങളായ കാരണങ്ങളെക്കുറിച്ച് ഈ സ്ഥിതിവിവരക്കണക്കുകൾ പ്രതിപാദിച്ചിട്ടില്ലായെന്നത് ഒരു ന്യൂനതയായി ചൂണ്ടിക്കാണിക്കാം.


എന്നിരുന്നാലും, തെക്കെ ഏഷ്യയിൽ ആത്മഹത്യ എന്ന സങ്കല്പം മതനിരപേക്ഷമായ ഒരു വ്യതിയാനത്തിന് വിധേയമായിട്ടുണ്ട്. സഹിക്കാനാവാത്ത കഷ്ടപ്പാടുകൾ, വിവേചനം, നിരാശ എന്നിവയോടുള്ള പ്രതികരണമായി ആത്മഹത്യ പരിണമിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നവരുടെ ഇടയിൽ മാനഭംഗത്തിനു വിധേയരായവർ, പരീക്ഷയിൽ തോറ്റവർ, ദാമ്പത്യജീവിതത്തിൽ തകർച്ച നേരിട്ടവർ, കൊടിയ ഏകാന്തത അനുഭവിച്ചവർ, മാറാവ്യാധികൾക്ക് ഇരയായവർ, വിഷാദരോഗത്തിന് അടിമപ്പെട്ടവർ എന്നിവർ ഉൾപ്പെടുന്നു. നിരാശയ്ക്ക് അടിമപ്പെടുന്നവരുടെ മേഖല വർധിച്ചുകൊണ്ടിരിക്കുന്നു. കർഷകരുടെ ആത്മഹത്യ മാധ്യമങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട, സജീവമായ രാഷ്ട്രീയ വിഷയമത്രേ. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ദിവസവേതനക്കാരുടെ ആത്മഹത്യയിൽ ഏറെ വർധനവുണ്ടായിട്ടുണ്ട്. കോവിഡ്-19 എന്ന മഹാമാരി അവരിൽ വിതച്ചത് വലിയൊരു ദുരന്തമാണ്. സാമ്പത്തികമായി അവർ പാപ്പരായിത്തീർന്നു. തങ്ങള്‍ തൊഴിലെടുത്തിരുന്ന നഗരത്തിൽനിന്ന് ജന്മനാട്ടിലേക്കുള്ള അവരുടെ കാൽനടയാത്ര മൈലുകൾ താണ്ടിയുള്ളതായിരുന്നു.


ഫിൻലന്റാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം. അതിന്റെ സവിശേഷ ഘടകങ്ങളാണ്, ആഭ്യന്തര വളർച്ചാനിരക്ക് (ജിഡിപി) ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്യം, അഴിമതി ഇല്ലായ്മ, ജനാധിപത്യം, നീതിന്യായ വ്യവസ്ഥ, വികാരങ്ങൾ, വരുമാനം, ക്ഷേമം, വ്യക്തിഗത സ്വയംഭരണം, സുരക്ഷിതത്വം, സദ്ഭരണം, സാമൂഹിക പുരോഗതി ലക്ഷ്യംവച്ചുള്ള ആശയങ്ങൾ, മാതൃകാപരമായ തൊഴിൽസംസ്‌കാരം, ഉപഭോക്തൃത്വം, ആനന്ദം എന്നിവ. ഇവിടത്തെ ജനങ്ങളുടെ പെരുമാറ്റത്തിന്റെ മൗലികചോദന ഇവയുടെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. എന്നിരുന്നാലും യൂറോപ്പിലെ ഏറ്റവും അധികം മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ഒരു രാജ്യമാണ് ഫിൻലന്റ്. ഭൗതികമായ ഐശ്വര്യം ഏറെയുള്ള വ്യക്തികളും രാജ്യങ്ങളും പുറമേനിന്നു നോക്കുമ്പോൾ സന്തുഷ്ടമാണെന്നു തോന്നാം. എന്നാൽ,മാനസികവും സാമൂഹികവുമായ പിന്തുണ നല്കുന്ന സംവിധാനങ്ങളുടെ അഭാവം ഇവിടെ പ്രകടമാണ്.


ഇന്ത്യയിലെ നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (NCRB) ഈയിടെ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കനുസരിച്ച് 2010-ൽ ആത്മഹത്യമൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,64,033 ആണ്. 2020-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 7.2 ശതമാനം അധികമാണിത്. ഇതനുസരിച്ച്, ഇന്ത്യയിൽ പ്രതിദിനം ആത്മഹത്യ ചെയ്യുന്നവരുടെ സംഖ്യ 450 ആണെന്നു കണക്കാക്കാം.


ആധുനിക സാങ്കേതികവിദ്യ, ആത്മഹത്യ ചെയ്യുന്നതിന് പുതിയ സങ്കേതങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. തൂങ്ങിമരിക്കൽ, മുങ്ങിമരിക്കൽ, വിഷം കഴിച്ചു മരിക്കൽ, കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടി മരിക്കൽ എന്നിവ കൂടാതെ, മയക്കുമരുന്നു കൂടുതൽ കഴിച്ചുള്ള മരണം, കീടനാശിനി കഴിച്ചുള്ള മരണം, വാഹനങ്ങളിടുന്ന സ്ഥലത്തുള്ള ആത്മഹത്യ എന്നിവ അവയിൽപെടുന്നു. ഫ്രാൻസിൽ ഏറെ പ്രചാരമുള്ള ഒരു പുസ്തകമാണ് ആത്മഹത്യ (Suicide). എഡുവേർഡ് ലീവ് (Edouard Leve) ആണ് ഇതിന്റെ രചയിതാവ്. അദ്ദേഹം ആത്മഹത്യ ചെയ്തത് 42-ാം വയസ്സിലാണ്.


മതനിരപേക്ഷമായ ആധുനികസമൂഹത്തിലെ നിരാശയാണ് വർധിച്ചുവരുന്ന ആത്മഹത്യകളുടെ പ്രധാന കാരണം. ആധുനികസമൂഹത്തിലെ ആത്മഹത്യകളെ ഇങ്ങനെ തരംതിരിക്കാം: സഹതാപം ലക്ഷ്യമാക്കിയുള്ള ആത്മഹത്യ; പ്രശ്‌നങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ആത്മഹത്യ; പശ്ചാത്താപംകൊണ്ടുള്ള ആത്മഹത്യ. (Sympathy Suicide; Revenge Suicide; Escape Suicide & Repentance Suicide) സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽനിന്നു രക്ഷപ്പെടാൻ ആത്മഹത്യയെ ശരണംപ്രാപിക്കുന്നവരും, തെറ്റുചെയ്തതിൽ പശ്ചാത്താപംമൂലം ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.


1931-ൽ ക്രിക്ക്റ്റൻ – മില്ലർ ആത്മഹത്യയുടെ കാരണങ്ങളെ ഇപ്രകാരം തരംതിരിച്ചു:ശാരീരികമായ വേദനയും നിരാശയും വിഷാദരോഗം സാമൂഹികമായ സഹനവും ഭീതിയും, തെറ്റു ചെയ്തതിലുള്ള പശ്ചാത്താപവും, സാമൂഹികമായ അപമാനത്തിൽ നിന്നുള്ള രക്ഷപ്പെടലും.മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠയും സംത്രാസവും ആത്മഹത്യയുടെ ബഹുമുഖമായ സ്വഭാവം കാണിക്കുന്നത്, അതിനെ ഒരു മനശ്ശാസ്ത്രപ്രതിഭാസമായോ മനോരോഗ പ്രശ്‌നമായോ മാത്രം  പഠിക്കാനാവില്ലയെന്നത്രേ.


മനോവിശ്ലേഷണം, (psycho-analysis) മനോരോഗ ചികിത്സ, (psychiatry) കൗൺസലിംഗ് എന്നിവകൊണ്ടുമാത്രം ആത്മഹത്യയെ തടയാനാവില്ല. മാനസിക-സാമൂഹിക-ശവപരിശോധന (psycho-social autopsy)  നടത്തേണ്ടതാവശ്യമാണ്. ഓറ്റാപ്‌സി അഥവാ ശവപരിശോധനയെന്നത് രോഗത്തെക്കുറിച്ചും മരണകാരണങ്ങളെക്കുറിച്ചും നമുക്ക് അറിവു നല്കുന്നതാണ്. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ നിയമപരമായ നടപടിക്രമങ്ങൾക്ക് അത് വഴിയൊരുക്കും. ശവപരിശോധന, പൊതുവേ കൊലപാതകവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ആത്മഹത്യയെ പഠിക്കുന്നതിനും ഇത് ഉപയുക്തമാക്കണം. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും കുടുംബാംഗങ്ങളുടെ മനശ്ശാന്തി ഉറപ്പാക്കുന്നതിനും ശവപരിശോധനാ ഫലങ്ങൾ ഉപകരിക്കും.


മനശ്ശാസ്ത്രപരമായ ഓറ്റാപ്‌സി ഇന്ന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. എന്നാൽ മാനസിക-സാമൂഹിക ശവപരിശോധ അത്ര പ്രചാരം നേടിയിട്ടില്ല. (ഭാരതി,ലോബൊ & ഷാ, 2021) ആത്മഹത്യയെ സ്വാധീനിക്കുന്ന മാനസികവും സാമൂഹികവുമായ നിർണായകഘടകങ്ങൾ എന്തൊക്കെയാണ്? ഒരു വ്യക്തിയെ ആത്മഹത്യയിലേക്കു നയിക്കുന്ന സാമൂഹിക സാഹചര്യങ്ങൾ നാം കണ്ടെത്തേണ്ടതുണ്ട്. ഒരേ സാഹചര്യം നേരിടുന്ന വ്യക്തികളിൽ ചിലർ ആത്മഹത്യ ചെയ്യുന്നു. ചിലർ ജീവിക്കുന്നു. എന്താണ് ഇതിനു കാരണം? ആത്മഹത്യ ചെയ്യാൻ കൂടുതൽ സാധ്യതയുള്ളവരെ നമുക്ക് എങ്ങനെ തിരിച്ചറിയാനാവും? ഇതിൽ വ്യക്തികൾ മാത്രമല്ല, ഗണങ്ങളും ഉൾപ്പെടുന്നുണ്ട്. വ്യക്തിയുടെ സ്വഭാവസവിശേഷതകളും സാമൂഹിക സാഹചര്യങ്ങളും ആത്മഹത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹികശക്തികളും സാമൂഹികപ്രക്രിയകളും മൂലമുണ്ടാകുന്ന ജീവിതത്തിലെ പ്രതിസന്ധികൾ ഒരു വ്യക്തിയിലുണ്ടാക്കുന്ന മാനസികസമ്മർദം ഏറെ വലുതാണ്. ഈ പ്രതിസന്ധിയിൽനിന്നു രക്ഷനേടാൻ വേണ്ടി ആത്മഹത്യയെ ശരണം പ്രാപിക്കാൻ ഈ വ്യക്തി സ്വയം പ്രേരിതനാകാം. ആത്മഹത്യ പൂർത്തിയാക്കിയവർക്കും, ആത്മഹത്യാശ്രമത്തിൽ പരാജയമടഞ്ഞവർക്കും, മാനസികാരോഗ്യത്തെക്കുറിച്ച് നമുക്ക് ചില പാഠങ്ങൾ നല്കാനുണ്ടാവും.


ആത്മഹത്യയ്ക്ക് ഒരു മതനിരപേക്ഷ-ഭൗതിക സ്വഭാവം കൈവന്നിരിക്കുന്ന ആധുനിക കാലത്ത്,- മതപരവും ആധ്യാത്മികവുമായ ചിന്തകൾക്ക് ഇടിവ് സംഭവിച്ചിരിക്കുന്ന ഇക്കാലത്ത്,-ഭൂരിഭാഗം സമൂഹങ്ങളിലും ആത്മഹത്യയുടെ സംഖ്യ വർധിച്ചിട്ടുണ്ട്. നിരാശയ്ക്കു പുറമേ, മനുഷ്യന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും ഏറെ വർധിച്ചിട്ടുണ്ട്, ഒപ്പം വ്യക്തിസ്വഭാവവും.


മാനസികപ്രശ്‌നങ്ങൾ കൈകാര്യംചെയ്യുന്നതിനായി നാം കൂടുതലായി ആശ്രയിക്കുന്നത് മനോരോഗചികിത്സകരെയാണ്. എന്നാൽ, എല്ലാ സാമൂഹികശാസ്ത്രജ്ഞരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ മാനസികരോഗങ്ങളുടെയും ആത്മഹത്യയുടെയും യഥാർഥ കാരണങ്ങൾ മനസ്സിലാക്കാനും അവ കഴിയുന്നത്ര തടയാനും ദൂരീകരിക്കാനും സാധിക്കൂ.


റഫറൻസ്:


ഫ്രഞ്ചുഭാഷയിൽ ആത്മഹത്യയെക്കുറിച്ച് 1897-ൽ എമിൽ ഡുർഖൈയും (Emile Durkheim) പ്രസിദ്ധീകരിച്ച പഠനം ക്ലാസ്സിക്ക് സ്വഭാവമുള്ളതാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ 1951-ൽ പ്രസിദ്ധപ്പെടുത്തി. യൂറോപ്പിലെ സ്ഥിതിവിവരക്കണക്കുകളാണ്, ഇതിനായി ഉപയോഗിച്ചത്. ഈ സ്ഥിതിവിവരക്കണക്കുകളുടെ വിഭജനം ശ്രദ്ധേയമത്രേ. പരക്ഷേമകാംക്ഷയുള്ളത് അഹന്ത നിറഞ്ഞത് സാമൂഹിക വിഭ്രാന്തിയുള്ളത് വിധികല്പിതമായത് കോളനിവത്കരണം വ്യവസായവത്കരണം നഗരവത്കരണം എന്നിവയെ തുടർന്ന് യൂറോപ്യൻ സമൂഹത്തിലുണ്ടായ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഇത്തരം ആത്മഹത്യകളുടെ എണ്ണം വളരെയധികം വർധിക്കുന്നതിനിടയാക്കി.


ബോംബെ നഗരത്തിലെ ആത്മഹത്യകളുടെ കണക്ക് ശേഖരിക്കാൻ തുടങ്ങിയത് ഹംഗറിക്കാരനായ റീറ്റ്‌സെക്ക് (Rheatsek) അത്രേ. അദ്ദേഹം ബോംബെയിൽ താമസിച്ചുകൊണ്ടാണ് ഈ സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചത്. മറ്റുള്ളവരും പിന്നീട് ഈ സംരംഭത്തിൽ പങ്കാളികളായി. അങ്ങനെ 1886 മുതൽ 1907 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കുകയുണ്ടായി. ഈ കണക്കുകൾ സമുദായം, വയസ്സ്, ലിംഗം, കാലാവസ്ഥ, സമയം, തൊഴിൽ, ആത്മഹത്യയ്ക്ക് സ്വീകിച്ച മാർഗം എന്നിവയുടെ അടിസ്ഥാനത്തിലാണ്. (ഷാ ആന്റ് ലോബൊ, 2018)


(ലേഖകൻ,ഡൽഹി, ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് സ്കോളറാണ്.)


മൊഴിമാറ്റം : ഡോ.മാത്യു കുരിശുംമൂട്ടില്‍