ESZ വിധി കാര്യക്ഷമതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ..? – സി.ആർ. നീലകണ്ഠൻ
ദേശീയോദ്യാനങ്ങളുടെയും വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളുടെയും (സംരക്ഷിതവനങ്ങളുടെ) ചുറ്റും വേണ്ട പരിസ്ഥിതി സംവേദകമേഖല (ESZ) സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ വിധി പതിനായിരക്കണക്കിന് കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമെന്ന നിലയ്ക്ക് അതിനുള്ള പരിഹാരങ്ങൾ അന്വേഷിക്കുമ്പോൾ ചില മർമപ്രധാന വിഷയങ്ങൾ പരിഗണിക്കേണ്ടത് അനിവാര്യമാണ്. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നതിനാൽ കേവലം സമരങ്ങളോ ഹർത്താലുകളോ നേതാക്കളുടെയും മന്ത്രിമാരുടെയും പൊള്ളയായ പ്രസ്താവനകളോകൊണ്ട് ഒരു കാര്യവുമില്ല. ഇത് രണ്ടുനൂറ്റാണ്ടിലേറെക്കാലമായി നടന്നുവരുന്ന ഒരു നിയമവ്യവഹാരത്തിന്റെ ഏറ്റവും പുതിയ ഘട്ടമാണ്. ഇത്രയുംകാലം നമ്മുടെ ഭരണകർത്താക്കൾ ഇക്കാര്യത്തിൽ ഒരുതരത്തിലും (അഥവാ വേണ്ട രീതിയിൽ) ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം കേവലം കക്ഷി രാഷ്ട്രീയ അടിസ്ഥാനത്തിൽ തർക്കിക്കാൻ മാത്രമുള്ള വിഷയമല്ല. അടിസ്ഥാനസമീപനത്തിലെ തകരാറുണ്ട് അതിൽ എന്നാണു ആദ്യം മനസ്സിലാക്കേണ്ടത്.
ഒന്നാമതായി ഇത് വനത്തെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല, മറിച്ച് അതിനു പുറത്തുള്ള റവന്യൂഭൂമിയെയും അതിൽ ജീവിക്കുന്ന മനുഷ്യരെയും അവരുടെ വീടുകളെയും കൃഷിയെയും മറ്റു ജീവനോപാധികളെയും ജീവിത സൗകര്യങ്ങളെയും ബാധിക്കുന്ന ഒന്നാണ് എന്നതിനാൽത്തന്നെ പരിഹാരം തേടുമ്പോൾ റവന്യു, തദ്ദേശഭരണം തുടങ്ങിയ പല വകുപ്പുകൾക്കും അവസരങ്ങൾ ഉണ്ടാകണം. സംരക്ഷിതവനങ്ങളുടെ ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ESZ വേണമെന്ന വിധിയിൽ എല്ലാ ഇടങ്ങളിലും അത് സാധ്യമല്ലെന്നു കോടതി തന്നെ പറയുന്നുണ്ട്. എവിടെയൊക്കെ എത്രയൊക്കെ ഈ മേഖല ആകാം എന്ന് ശാസ്ത്രീയമായിട്ടും നിയമപരമായിട്ടും കണ്ടെത്താനുള്ള ചുമതല സംസ്ഥാന സർക്കാരുകൾക്കാണ് എന്നും അത് മൂന്നു മാസത്തിനകം നിർണയിച്ചു പരിസ്ഥിതി സംരക്ഷണത്തിനായി 2003-ൽ കോടതി തന്നെ നിയോഗിച്ച കേന്ദ്രസമിതിയെയും വനം,പരിസ്ഥിതി വകുപ്പിനെയും അവർ വഴി സുപ്രീംകോടതിയെയും അറിയിച്ചു അംഗീകാരം നേടണം എന്നും ആ വിധിയിൽ ഉണ്ട്.
ഗാഡ്‌ഗിൽ റിപ്പോർട്ട് വന്നപ്പോൾ ഉണ്ടാക്കിയതുപോലെ കുറെ ബഹളമുണ്ടാക്കി പ്രശ്നം പരിഹരിക്കാമെന്നോ രാഷ്ട്രീയലാഭം ഉണ്ടാക്കാമെന്നോ പലരും കരുതുന്നതുപോലെ തോന്നി. ഇത് കോടതി വിധിയാണ്, നാട്ടിലെ നിയമമാണ്, വെറും റിപ്പോർട്ടല്ല. എന്നാൽ ഈ വിധി വന്നശേഷംപോലും അതിന്റെതായ ഗൗരവത്തിൽ സർക്കാരോ പ്രതിപക്ഷം തന്നെയോ പരിഗണിച്ചുവോ എന്ന് സംശയിക്കുന്നു. വിധിയിൽ നിർദേശിച്ചതുപോലെ മേഖല കൃത്യമായി അടയാളപ്പെടുത്തി നല്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആരെങ്കിലും അറിയുന്നുണ്ടോ? മരട് ഫ്ളാറ്റുകളുടെയും കാപിക്കോ റിസോർട്ടിന്റെയും അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. എല്ലാ കക്ഷികളും പിന്തുണ നല്കിയിട്ടും ആ ഫ്ലാറ്റുകൾ പൊളിച്ചു കളഞ്ഞു. അത് കൊണ്ട് തന്നെ കേവലം ചില പ്രസ്താവനകൾകൊണ്ട് ഇത് മറികടക്കാൻ കഴിയില്ല. സർക്കാർ 2020-21-ൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന് ഇത് സംബന്ധിച്ച് നല്കിയ ഒരു ഭൂപടം ഉണ്ട്. അത് തന്നെ ഒരു തലവേദനയാണ്. അത് കൂടാതെ വിധി വന്ന ശേഷം ഒരു ഉപഗ്രഹ സർവേ നടത്തി. ആഗസ്റ്റിൽ അത് ലഭിച്ചിട്ടും സർക്കാർ അത് പുറത്തു വിട്ടില്ല. വനം വകുപ്പ് മാത്രമാണ് അതെല്ലാം കൈകാര്യം ചെയ്തത് എന്നും ഓർക്കുക. മറ്റൊരു വകുപ്പും ജനങ്ങളും പഞ്ചായത്തുകളും ഗ്രാമസഭകളും കാണാതെ ഇക്കാലമത്രയും അത് മറച്ചു വച്ചതെന്തിന്? പിന്നീട് കേൾക്കുന്നത് ഒരു റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഒരു സമിതി ഉണ്ടാക്കി എന്നാണ്. അതിനകം തന്നെ കോടതി നല്കിയ മൂന്നു മാസത്തിലേറെ കടന്നു പോയിരുന്നു. ഒന്നും അറിയാതെ ഊഹാപോഹങ്ങൾ മാത്രം കേട്ട് ഭയചകിതരായി ജനങ്ങൾ എന്നതിൽ അത്ഭുതമില്ല. ഇത്തരം ഏതവസരവും പ്രതിപക്ഷം മുതലെടുക്കുമെന്നതിലും സംശയമില്ല. ഗാഡ്‌ഗിൽ റിപ്പോർട്ടിലെ ബഹളം കൊണ്ട് ഒരു ലോകസഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്‍തവരാണല്ലോ ഇപ്പോൾ ഭരണത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഇതൊരു കാവ്യനീതി കൂടിയാണ്.
പരിഹരിക്കാൻ കഴിയാത്ത ഒരു വിഷയമൊന്നും അല്ല ഇത്. ESZ പ്രദേശത്തു നിരോധിക്കപ്പെട്ട പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ കർഷകരെ കാര്യമായി ബാധിക്കുന്നവയല്ല. എന്നാൽ നിയന്ത്രിക്കപ്പെടുന്ന പ്രവർത്തനങ്ങൾ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒരിടത്തും ഇത്തരം മേഖലകൾ വേണ്ട തുടങ്ങിയ നിലപാടുകൾ നിയമപരമായി സ്വീകാര്യമാകില്ല. അതുകൊണ്ടുതന്നെ സർക്കാരിന്റെ എല്ലാ വകുപ്പുകളും ഭരണ,പ്രതിപക്ഷങ്ങളും ജനങ്ങളും ഒരുമിച്ചുനിന്നുകൊണ്ട് ശാസ്ത്രീയമായ അന്വേഷണം നടത്തി കൃത്യമായ ഭൂപടം നിർമിച്ച് കോടതിയുടെ അംഗീകാരം ലഭിക്കാൻ ശ്രമിക്കണം.