കേരളം വികസന മുരടിപ്പിലേക്കോ? – ഡോ. മേരി ജോർജ്
കേരളം വികസന മുരടിപ്പിന്റെയും കടക്കെണിയുടെയും പുതിയ മോഡൽ സൃഷ്ടിക്കുകയാണോ എന്ന ആശങ്കയിൽ ആണ് ഇന്നത്തെ ദിശതെറ്റിയ കുതിപ്പു കാണുന്നവർ. ആഗോളതലത്തിൽ മനുഷ്യവികസന സൂചിക തയാറാക്കാൻ തുടങ്ങിയ കാലംമുതൽ ഇന്ത്യയുടെ റാങ്ക് 130-ന് മുകളിൽ ആണ് (196- രാജ്യപട്ടികയിൽ). 2021-22-ൽ സൂചിക 132-ആണ്. എന്നാൽ, ഇതിൽത്തന്നെ ഇന്ത്യൻ സംസ്ഥാനങ്ങളെ തരംതിരിക്കുമ്പോൾ എന്നും കേരളം ഒന്നാം സ്ഥാനത്താണ്. തന്നെയുമല്ല വികസിതരാജ്യങ്ങളോടു കിടപിടിക്കുന്ന രീതിയിലുമാണ്. 1998-ലെ സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാന ജേതാവും ഇന്ത്യക്കാരനുമായ അമർത്യസെൻ കേരളത്തിന്റെ ഈ നേട്ടം എന്നും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം മറ്റ് വികസന വിദഗ്ധരോടൊപ്പം പങ്കിടുന്ന കാതലായ ചില ആശങ്കകളുണ്ട്. കേരളം മനുഷ്യ വികസനസൂചികയിൽ ഒന്നാം സ്ഥാനത്തുനില്ക്കുമ്പോഴും എന്തുകൊണ്ടാണ് കേരളത്തിന്റെ ഉത്പാദനമേഖലകൾ – കൃഷിയും – വ്യവസായവും – മുരടിപ്പിലായിരിക്കുന്നത്. ഇന്ത്യൻസമ്പദ്ഘടനയുടെ സാധാരണ വളർച്ചാഘട്ടങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് രണ്ടോ മൂന്നോ ശതമാനത്തിനകത്തു നില്ക്കുമ്പോഴും കേരളത്തിൽ ഏഴ് ശതാനത്തിനു മുകളിലായിരിക്കുന്നതെന്തുകൊണ്ട്. ഇത്തരം നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്നവരാണ് അന്താരാഷ്ട്രതലത്തിൽ കേരളമോഡലിന് അടിവരയിടുന്നവരൊക്കെയും.
മുകളിൽ സൂചിപ്പിച്ച ആശങ്കകളുടെ അടിസ്ഥാനകാരണങ്ങൾ കേരളസമ്പദ്ഘടനയുടെ ഗതിവിഗതികൾ മനസ്സിലാക്കിയവർക്ക് ചൂണ്ടിക്കാട്ടാനാവും. അടുത്തകാല നിരീക്ഷണങ്ങളിൽ ഒതുങ്ങാം. കോവിഡ് മഹാമാരി ഇന്ത്യയെ പിടിമുറുക്കിയതിനെത്തുടർന്ന് 2020,മാർച്ച് 24-ന് രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺ പ്രഖ്യാപിച്ചത്. അധികം വൈകാതെ 2020,ഏപ്രിൽ 24-ന് അന്താരാഷ്ട്ര നാണയനിധി ആഗോള കുടിയേറ്റ കണക്കുകൾ പുറത്തുവിട്ടു. അതനുസരിച്ച് ആഗോള കുടിയേറ്റത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയിൽനിന്നാണ് 22 ശതമാനം കുടിയേറ്റക്കാർ. തീർന്നില്ല, മഹാമാരിയുടെ ആഗോളവ്യാപനംമൂലം ഇന്ത്യയിലേക്കുള്ള റമിറ്റൻസിൽ 23 ശതമാനം കുറവുണ്ടാവുമെന്നും ചുണ്ടിക്കാട്ടി. ഇവിടെ നമ്മെ സംബന്ധിച്ച് പ്രസക്തമായത് ഇന്ത്യയിൽനിന്നുള്ള ആഗോള കുടിയേറ്റത്തിൽ ഒന്നാം സ്ഥാനത്തുനില്ക്കുന്ന സംസ്ഥാനം കേരളമാണെന്നതാണ്. 19 ശതമാനം. മഹാരാഷ്ട്ര 17.6 ശതമാനത്തോടെ രണ്ടാം സ്ഥാനത്തും. എന്നുവച്ചാൽ ആഗോളതലത്തിൽ കോവിഡ് ആഘാതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം എന്നർത്ഥം. കോവിഡ് കാലത്ത് 17 ലക്ഷത്തിലധികം പ്രവാസികൾ കേരളത്തിൽ തിരിച്ചെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡാനന്തരം തിരിച്ചുപോവാനാവാതെ മൂന്നര ലക്ഷത്തിലധികം പേരുണ്ടെന്ന് നോർക്ക റൂട്‌സ് ചൂണ്ടിക്കാണിക്കുന്നു.
എന്തുകൊണ്ടാണ് കേരളം പ്രവാസികളുടെ നാടായത്. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ ഒന്നാം സ്ഥാനത്തുനില്ക്കുന്ന കേരളത്തിൽ എന്തേ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടില്ല? ഓർമിക്കേണ്ടത് ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലെ മുതൽമുടക്കിന്റെ കാര്യത്തിൽ ഗവൺമെന്റ് ഊറ്റംകൊള്ളേണ്ട കാര്യമില്ല. ഉദാഹരണത്തിന് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ 21 ശതമാനം മാത്രമാണ് പൊതുമേഖലയിലുള്ളത്. എന്നാൽ, എയ്ഡഡ് സെക്ടർ ഗവൺമെന്റ് പരിപാലനത്തിലാണെന്നത് മറന്നുകൂടതാനും. എന്തുകൊണ്ടാണ് സാമൂഹികനവോത്ഥാനത്തിനൊപ്പം കൃഷിയും വ്യവസായവും അതുവഴി തൊഴിൽലഭ്യതയും വളർന്നില്ല എന്നതാണ് വിശകലനം ചെയ്യപ്പെടേണ്ടത്. സംസ്ഥാനം രൂപവത്കരിക്കപ്പെടുന്നതിനു മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട് തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും അവരെ സംഘടിപ്പിക്കുന്നതിൽ മുന്നേറുകയും ചെയ്തിരുന്നു. മൂലധന/ഭൂവുടമ, മേൽക്കോയ്മയുടെ തൊഴിലാളികളോടുള്ള അടിമത്തവീക്ഷണത്തിന്റെ ചിറകരിയാൻ ആ മുന്നേറ്റം സഹായിച്ചു. എന്നാൽ, തൊഴിലാളികൾക്ക് പഠിപ്പിച്ചുകൊടുത്ത മുദ്രാവാക്യങ്ങളിലും ആശയങ്ങളിലും അവരുടെ അവകാശങ്ങൾമാത്രം ചിരിതൂകി നിന്നു. അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളാണെന്നത് തമസ്‌കരിക്കപ്പെട്ടു. മൂലധനശക്തികളെ നിതാന്ത ശത്രുക്കളായി കണ്ടുകൊണ്ടുള്ള മുന്നേറ്റങ്ങൾ, കേരളത്തിൽ ജ്വലിച്ചുനിന്നിരുന്ന പരമ്പരാഗതവ്യവസായങ്ങൾപോലും അയൽ സംസ്ഥാനങ്ങളിലേക്ക് ചേക്കേറാൻ അവസരം പാർത്തു. അങ്ങനെ കേരളം മറ്റൊരു ദശാസന്ധിയിലേക്ക് കടന്നു.
1970-കളുടെ മധ്യത്തോടെ തൊഴിൽതേടിയുള്ള മലയാളികളുടെ ഗൾഫ്കുടിയേറ്റം തുടങ്ങി. ഗൾഫ്പണം വന്നുതുടങ്ങിയതോടെ നിർമാണമേഖല ഉണർവ് പ്രാപിച്ചു. ഗൾഫ്പണത്തിന്റെ പുതുമോടിയിൽ കൂലി മറ്റു രംഗങ്ങളിലുള്ളതിലും പലമടങ്ങു വർധിച്ചു. കാർഷിക, കാർഷികേതരമേഖലയിലെ തൊഴിലാളികളും നിർമാണമേഖലയിലേക്ക് ചേക്കേറാൻ തുടങ്ങിയതോടെ സമസ്തമേഖലകളിലും കൂലികൂടി. കൃഷി നഷ്ടം മാത്രം കൊയ്യാൻ തുടങ്ങിയതോടെ നെൽവയലേലകൾ തരിശിടാനും മണ്ണിട്ടുനികത്തി പൊന്നിൻവിലയ്ക്കു വില്ക്കാനും തുടങ്ങി. 1970-കളിൽ എട്ട് ലക്ഷം ഹെക്ടറിലധികം നെൽകൃഷി ചെയ്തിരുന്നു. കേരളത്തിലെ ഏറ്റവും ഉയർന്ന നെല്ലുത്പാദനം 1973-ൽ ആയിരുന്നു; 13 ലക്ഷം ടൺ. 2022-ൽ അത് രണ്ടു ലക്ഷത്തി ആറായിരം ടണ്ണായി താഴ്ന്നുവെന്നോർക്കണം.
കൃഷിയെക്കാൾ പ്രഹരം ഏറ്റുവാങ്ങിയത് വ്യാവസായികമേഖലയാണ്. ”കേരളം വ്യവസായ സൗഹൃദമാവാൻ തടസ്സം നോക്കുകൂലി” എന്നു പറഞ്ഞു തുടങ്ങിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടർന്നു ”ചുമുട്ടുതൊഴിലാളികൾക്ക് അർഹതപ്പെട്ട തൊഴിൽ നിഷേധിക്കപ്പെട്ടാൽ കൈയൂക്കുകാട്ടുകയല്ല, നിയമപ്രകാരം പരിഹാരം തേടുകയാണു വേണ്ടത്” എന്ന് കൂട്ടിച്ചേർത്തു. (13.9.21, മലയാള മനോരമ). യൂണിയനുകൾ നിയമം കൈയിലെടുക്കരുതെന്ന് സർക്കാർ പറയാത്തിടത്തോളംകാലം, ഒരു വ്യവസായിയും കേരളത്തിൽ വരാൻ ധൈര്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായമേഖലയുടെ കിതപ്പ്, ഗവൺമെന്റിന്റെ കെടുകാര്യസ്ഥത, അഴിമതി, മെല്ലെപ്പോക്ക് എന്നിവയുമായൊക്കെ ചേർത്തുവായിക്കണം. അറിയാനുള്ള അവകാശപ്രകാരം നിയമസഭയിൽ ഈ അടുത്ത ദിവസം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ നല്കിയ കണക്കിൽ പറയുന്നത് 2017 ജനുവരിക്കും 2022 ജൂലൈക്കും ഇടയിൽ 151 ഉദ്യോഗസ്ഥരുടെ പേരിൽ അഴിമതിക്ക് കേസെടുത്തെന്നാണ്. ഇത് മഞ്ഞുമലയുടെ ഒരരികുമാത്രമാണ്. അടുത്തതായി, അടിസ്ഥാനസൗകര്യം എടുക്കാം. അടിസ്ഥാനസൗകര്യം ലോകനിലവാരത്തിലേക്കുയർന്ന്, റോഡ്-റെയിൽ-പോർട്ട്-എയർപോർട്ട് ഇവയെ ഒന്നിപ്പിക്കുമ്പോഴാണ് ലോജിസ്റ്റിക് കോസ്റ്റുകൾ കുറഞ്ഞ് ഉത്പാദനവും വിപണനവും സുഗമവും കുറഞ്ഞ ചെലവിലുമാകുകയുള്ളൂ. 2016-17ലെ ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ പ്രഖ്യാപനമാണ് കൊച്ചി-കോയമ്പത്തൂർ – ബംഗ്ലൂരു വ്യവസായ ഇടനാഴി. ഭൂമി ഏറ്റെടുക്കൽപോലും എങ്ങുമെത്തിയിട്ടില്ല. ഉയർന്ന ജനസാന്ദ്രത (860 per sq.km)യും പരിസ്ഥിതിലോലവുമായ കേരളത്തിൽ വ്യവസായവികസനം വെല്ലുവിളിയാണ്. എന്നാൽ കൊച്ചി-കോയമ്പത്തൂർ- ബംഗ്ലൂരു ഇടനാഴി വന്നാൽ കേരളത്തിലെ വ്യവസായ ഭൂപടത്തിന്റെ രൂപംതന്നെ മാറും. അതുകൊണ്ടുതന്നെ 10,000 കോടിയുടെ മുതൽമുടക്കും 10000 പേർക്ക് തൊഴിലും ഓടിയെത്തുന്നൊരു പദ്ധതി. 2000 മുതൽ 5000 ഏക്കർ വരെ ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന പദ്ധതിക്ക് കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് 1800 ഏക്കർ ആയി കുറയ്ക്കാൻ കേന്ദ്രം സഹായിച്ചതും മറന്നുകൂടാ. ചെന്നൈ- ബംഗ്ലൂരു ഇടനാഴിയാണ് കോയമ്പത്തൂരിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കും നീട്ടാൻ ധാരണയായത്. 870 കോടി മുതൽമുടക്കാനും കേന്ദ്രം തയാറായി. അതിജീവന പോരാട്ടത്തിന്റെ ഭാഗമായി ആവുന്നത്ര വേഗത്തിൽ നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതിയുടെ നടത്തിപ്പുകാർ ദീർഘമായ ഉറക്കത്തിലാണ്. ഇനിയിപ്പോൾ ലോക്‌സഭാ ഇലക്ഷൻ വരുന്നുവെന്നതിനാൽ പതുക്കെ ഉണരും. ഇലക്ഷൻ കഴിഞ്ഞ് വീണ്ടും ഉറക്കത്തിലേയ്ക്ക് ചായാൻ. ജനം ഉണർന്നിരിക്കാത്തതാണ് കാതലായ പ്രശ്‌നം. ”നൈതികതയാണ് സംരംഭവിജയത്തിന്റെ കാതൽ” (സ്വാമി വിവേകാനന്ദൻ). അതിന്റെ അഭാവമാണ് ഇതുവരെ ക്വാറി/ഭൂമി മാഫിയകൾ പ്രകൃതിക്കേല്പിച്ച ആഘാതത്തെക്കാൾ ഒക്കെ മാരകവും പ്രഹരമേല്പിക്കുന്ന കേരളത്തെ കടക്കെണിയിലേക്ക് എടുത്തെറിയുന്ന, ആയിരക്കണക്കിന് കുടുംബങ്ങൾക്ക് മഞ്ഞക്കല്ലുകൊണ്ട് താഢനം നല്കി വീഴ്ത്തിയ സിൽവർലൈൻ രംഗപ്രവേശനം ചെയ്യുന്നത്. ഇതു കാണിക്കുന്നത് മുൻഗണനകൾക്ക് മനുഷ്യമുഖം നഷ്ടപ്പെടുന്നു എന്നതാണ്. ഒരു ഗവൺമെന്റും ഒരിക്കലും അനുവർത്തിക്കാൻ പാടില്ലാത്ത മഹാപരാധം.
വിനോദസഞ്ചാര വികസനത്തിന് അനന്തസാധ്യതകളുള്ള നാടാണ് കേരളം. എന്നാൽ, വിളിക്കാതെ വരുന്ന അതിഥിയെപ്പോലെ കടന്നവരുന്ന ബന്ദ്, ഹർത്താൽ എന്നിവ വിനോദസഞ്ചാരികളെ വേട്ടക്കാർക്ക് വിട്ടുകൊടുക്കുന്നു. തീർന്നില്ല, ഇപ്പോൾ കർഷകർ റബർമരങ്ങൾ വെട്ടി നശിപ്പിക്കുന്നു. റബർ കർഷകരെ സമുദ്ധരിക്കാനായി ‘സിയാൽ’ മോഡൽ കമ്പനി വരുമെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചതും 2016-17 ബജറ്റിൽത്തന്നെ. വാഗ്ദാനപ്പെരുമഴ മാത്രം. ഇലക്ഷൻ വരുന്നതിന് വളരെ മുമ്പുതന്നെ പച്ചക്കള്ളങ്ങൾ കൊണ്ടു സൃഷ്ടിച്ചെടുത്ത പരസ്യത്തൊഴിൽ. എല്ലാ മാധ്യമങ്ങളും പണം വാങ്ങിക്കൊണ്ട് ആ കള്ളത്തരങ്ങൾ പെരുക്കിപ്പറഞ്ഞ് ആവർത്തിച്ച് വോട്ടുബാങ്ക് സുരക്ഷിതമാക്കും. അങ്ങനെ ഗവൺമെന്റുകൾ മാറിമാറി വരും. അടിസ്ഥാന പ്രശ്‌നങ്ങൾ എന്താണെന്നോ എങ്ങനെ പരിഹരിക്കാമെന്നോ, പരിഹരിച്ചില്ലെങ്കിൽ അനന്തരഫലമെന്തെന്നോ ആലോചിക്കുന്നില്ല. മിടുമിടുക്കരായ ഉദ്യോഗസ്ഥർ എടുക്കുന്ന ശരിയായ, ശക്തമായ തീരുമാനങ്ങളെ അട്ടിമറിക്കാൻ രാഷ്ട്രീയ മേലാളന്മാർ സ്ഥിരം ചെയ്യുന്ന കർമമാണ് അത്തരക്കാരെ സ്ഥലംമാറ്റുക, തരംതാഴ്ത്തുക, അനുസരണ പഠിപ്പിക്കുക എന്നതൊക്കെ. ഇലക്ട്രിസിറ്റി ബോർഡിനെ നേരെയാക്കാൻ തുനിഞ്ഞിറങ്ങിയ ഒരുദ്യോഗസ്ഥൻ (ബി. അശോക്) ഇത്തരത്തിലുള്ള എല്ലാ ദ്രോഹങ്ങളും ഏറ്റുവാങ്ങിയതാണ്. കോവിഡ്കാലത്ത് നാല് ഉപാധികളോടെ ജി.എസ്.ഡി.പി.യുടെ ഒന്നര ശതമാനം കൂടുതൽ കടംകൊള്ളാൻ കേന്ദ്രം അനുവദിച്ചിരുന്നു. ഒരുപാധി കേരളത്തിലെ വൈദ്യുതിമേഖലയുടെ പരിഷ്‌കരണമായിരുന്നു. അത് യുക്തിസഹമായും സമർത്ഥമായും നടപ്പാക്കിയ ആ ഉദ്യോഗസ്ഥനെ യൂണിയനുകളുടെ സമ്മർദ്ദത്തെ തുടർന്ന് ലാവണം മാറ്റി. എന്നാൽ അദ്ദേഹം ഏറ്റെടുത്തു നടത്തിയ വൈദ്യുതിമേഖലയുടെ പരിഷ്‌കരണം കേന്ദ്രം അംഗീകരിച്ചു. ഇന്നത്തെ ദുർഘടസന്ധിയിൽ അതിന്റെ പേരിൽ 400 കോടിയിലധികം സംസ്ഥാനത്തിനു കേന്ദ്രം കൈമാറി. ആദരിക്കേണ്ടിയിരുന്ന ഓഫീസറെ സർക്കാർ കഠിനമായി ശിക്ഷിച്ച് മൂലയ്ക്കിരുത്തിയതിനുശേഷമാണ് ഫണ്ട് എത്തിയത്!
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2022-ലെ വ്യാവസായിക അവലോകന റിപ്പോർട്ടിൽ ദക്ഷിണേന്ത്യയിൽ വ്യാവസായികമായി ഏറ്റവും പിന്നിൽ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന തമിഴ്‌നാട്ടിൽ 38837 യൂണിറ്റുകളും, ഗുജറാത്തിൽ 28,479 (2), മഹാരാഷ്ട്ര 25610 (3) എന്നിങ്ങനെ പോകുന്നു. ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ് 16924 യൂണിറ്റുകളോടെ, ഇന്ത്യയിൽ ഒന്നാംസ്ഥാനത്തായ തമിഴ്‌നാടിനു പുറകിൽ നില്ക്കുമ്പോൾ, തെലുങ്കാനയിൽ 15271 യൂണിറ്റുകളും കർണാടകയിൽ 14169 യൂണിറ്റുകളാണുള്ളത്. ഏറ്റവും പുറകിൽ നില്ക്കുന്ന കേരളത്തിലുള്ള വ്യവസായ യൂണിറ്റുകളുടെ എണ്ണം 7796 ആണ്.
ചെറുകിട വ്യവസായ യൂണിറ്റുകൾ കണക്കിലെടുക്കുമ്പോൾ എണ്ണത്തിൽ മുന്നിൽ ഉത്തർപ്രദേശ് ആണെങ്കിലും (കേരളത്തിന്റെ നാലിരട്ടി എം.പിമാരുള്ള വലിയ സംസ്ഥാനമാണെന്നത് മറക്കുന്നില്ല) മുതൽമുടക്ക് 56161 കോടിയാണ്. എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിൽ മുതൽമുടക്ക് 1,66,753 കോടിയാണ്. കേരളം ചെറുകിടസംരംഭങ്ങളുടെ നാടായിട്ടും ആ മേഖലയിൽ മുതൽമുടക്ക് 44353 കോടി മാത്രമാണ്.
മൂലധന നിക്ഷേപം (ലക്ഷം കോടിയിൽ)
തമിഴ്‌നാട് – 4.5
മഹാരാഷ്ട്ര – 6.2
കർണാടക – 3.1
ആന്ധ്രപ്രദേശ് – 2.7
തെലുങ്കാന – 1.43
കേരളം 0.76
ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകളുള്ള തമിഴ്‌നാടിനെയും കടത്തിവെട്ടുന്ന തരത്തിലാണ് മൂലധന നിക്ഷേപത്തിൽ വമ്പൻ കോർപ്പറേറ്റുകളുടെ സാന്നിധ്യവും ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുമുള്ള മഹാരാഷ്ട്ര.
സാമൂഹികആഘാതം
വ്യാവസായിക, കാർഷിക മുരടിപ്പിനേക്കാൾ ഗൗരവതരവും ആശങ്കാജനകവുമാണ് സാമൂഹിക ആഘാതം. അന്താരാഷ്ട്ര പാസ്‌പോർട്ട് ഇൻഡക്‌സ് ഏജൻസിയായ Arton Capital കണക്കനുസരിച്ച് പാസ്‌പോർട്ട് നേടുന്ന ഇന്ത്യക്കാരുടെ ഇൻഡക്‌സ് 2021-ലെ 73-ൽനിന്ന് 2022-ൽ 69 ആയി ഉയർന്നു. എന്നാൽ, സംസ്ഥാന കണക്കെടുപ്പിൽ കേരളം, മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. കേരളത്തിൽനിന്ന് 1.13 കോടി അപേക്ഷകരാണ് പാസ്‌പോർട്ട് നേടിയത് (ഇത് സംസ്ഥാന ജനസംഖ്യയുടെ 31.6% വരും). ഇത്രയധികം പാസ്‌പോർട്ട് നേടുന്നതിനു പിന്നിലുള്ള ചരിത്രമാണല്ലോ ഇതുവരെ ചുരുക്കത്തിൽ വിശകലനം ചെയ്തത്. അതിന്റെ അനന്തരഫലമായി കേരളത്തിലെ കുടുംബങ്ങളിലും എല്ലാ പ്രായത്തിലുമുള്ളവരുടെ ജീവിതത്തിലും അശാന്തി വളരുകയാണ്. കുടുംബത്തിലെ ചില പ്രധാനകണ്ണികൾ വിദേശത്തായിരിക്കുക. അവർ അയയ്ക്കുന്ന പണം, അതുനേടിയതിനു പിന്നിലെ നഷ്ടങ്ങൾ (കുടുംബത്തിലെ അനിവാര്യ അംഗങ്ങളിൽനിന്ന് ഒറ്റപ്പെട്ട്, ജോലിചെയ്തും ആഹാരം കഴിച്ചെന്നു വരുത്തിയും ഉറങ്ങാൻ ശ്രമിച്ചു പരാജയപ്പെട്ടും കഴിയുന്നവർ) ഒന്നും ഓർക്കാതെ ചെലവഴിച്ചു കഴിയുന്നവർ. ഇവിടെ ഒരുപാടുപേരുടെ ജീവിതമാണ് നേർരേഖ വിട്ടുചരിക്കുന്നത്. അതുകൊണ്ടെന്തുപറ്റി ദേശീയ കുടുംബാരോഗ്യ സർവേ (2020-21) റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ജീവിതശൈലി രോഗ ശതമാനം കേരളത്തിലാണ്. ആളോഹരി അലോപ്പതി മരുന്നുപയോഗം കേരളത്തിൽ, ഇന്ത്യൻ ശരാശരിയുടെ പല മടങ്ങാണ്. 35 വയസ്സിനകം ഹൃദ്രോഗ ബാധയുണ്ടാവുന്നവരുടെ എണ്ണം കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ആത്മഹത്യകൾ കേരളത്തിൽ വർധിച്ചുവരികയാണ്. ഡോ. പി.എൻ. സുരേഷ്‌കുമാർ (മാതൃഭൂമി,10.09.21) എഴുതിയത് ശ്രദ്ധിക്കാം. ”മറ്റു സംസ്ഥാനങ്ങളിൽ ആത്മഹത്യ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ വർധിക്കുന്നു. പ്രത്യേകിച്ച് കോവിഡ്കാലത്ത്. 2018-ലും 2019-ലും കേരളത്തിലെ ആത്മഹത്യാനിരക്ക് ലക്ഷത്തിൽ 23.6-ഉം 23.7-ഉം ആണ്. ദേശീയ ശരാശരി 12-ൽ താഴെ മാത്രം.” അദ്ദേഹം കൂട്ടി ചേർക്കുന്നു. ”ഉയർന്ന ജീവിതനിലവാരം എത്തിപ്പിടിക്കാൻവേണ്ടി ചുരുങ്ങിയ സമയത്തിനുള്ളിൽ പണം ഉണ്ടാക്കാനുള്ള നെട്ടോട്ടമായി. അതിനുവേണ്ടി എന്തു ഹീനകൃത്യത്തിനും തയാറായി.” ആൽക്കഹോൾ ആന്റ് ഡ്രഗ് ഇൻഫർമേഷൻ സെന്ററിന്റെ കണക്കുപ്രകാരം കേരളത്തിലെ പ്രതിശീർഷ (പ്രതിവർഷ) മദ്യഉപയോഗം 8.3 ലിറ്ററാണ്. ഇതിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ഇവരിൽ 100-ൽ 15 പേരെങ്കിലും ആത്മഹത്യയിലെത്തുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രാജ്യത്തും സംസ്ഥാനത്തും പോക്‌സോ കേസും വർധിക്കുകയാണ്. അച്ഛനമ്മമാരുടെ തൊഴിലില്ലായ്മ, വരുമാനമില്ലായ്മ ഇവയൊക്കെയാണ് പീഡിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളിൽ കുട്ടികളെ എത്തിക്കുന്നത്. ഇന്ത്യയിൽ ഒരു പോക്‌സോ കേസ് തീർപ്പാകാൻ 509 ദിവസങ്ങളെടുക്കും. കഴിഞ്ഞവർഷം ജൂലൈ 30-ന് ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയോട് ഡീൻ കുര്യാക്കോസ് എം.പി. ഒരു ചോദ്യം ചോദിച്ചു. ”കേരളത്തിലെ പോക്‌സോ കേസുകളിൽ ശിക്ഷാനിരക്ക് എത്ര?” മന്ത്രിയുടെ മറുപടി ”2015-നും 2019-നും ഇടയിലുള്ള ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ പോക്‌സോ കേസിലെ ശിക്ഷാനിരക്ക് 4.4 ശതമാനം മാത്രം. ദേശീയതലത്തിലുള്ള പോക്‌സോ ശിക്ഷാനിരക്ക് 11.87 ശതമാനമാണ്.”
ഇനിയുമെത്രയോ കൂട്ടിച്ചേർക്കാനുണ്ട്. ഇത്തരം കണക്കുകൾ കാണിക്കുന്നത് നാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് നാം ആഗ്രഹിക്കാത്ത ഇരുണ്ടകേരളമാണ്. അതിന്റെ കാരണങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ ഇതൊന്നും കണക്കിൽ ഉൾക്കൊള്ളാത്ത വെറുമൊരു മനുഷ്യവികസന സൂചിക ചൂണ്ടിക്കാണിച്ച് ”എന്റുപ്പൂപ്പായ്‌ക്കൊരാനേണ്ടാർന്ന്” എന്ന് പുരമുകളിൽ പ്രസംഗിച്ചുകൊണ്ടേ ഇരിക്കുന്നു.
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് (2006) ശുപാർശ ചെയ്തിട്ടുള്ള 23 ഉത്പന്നങ്ങളിൽ ഏതും കേന്ദ്രം നിശ്ചയിച്ച നിരക്കിൽ സംഭരിച്ചാൽ ആ പണം മുഴുവൻ കേന്ദ്രം നല്കും. എന്നിട്ടും ആലപ്പുഴയിലും തൃശൂരും പാലക്കാടും നെൽക്കർഷകർ കണ്ണീരിലാണ്. നാളികേര കർഷകരും വിലത്തകർച്ചയുടെ നെരിപ്പോടിലാണ്. റബർകർഷകർ റബർമരങ്ങൾ വെട്ടിക്കളയുന്നു. അപ്പോഴും ഇന്നോവ ക്രിസ്റ്റയിൽ മാത്രം സഞ്ചരിക്കുന്ന നമ്മുടെ തിരഞ്ഞെടുക്കപ്പെട്ടവർ. കഴിഞ്ഞ ബജറ്റിൽ കേന്ദ്രം കൊണ്ടുവന്ന വണ്ടിപൊളിക്കൽ നയം ഇവരാരും അറിഞ്ഞില്ലേ? 20 വർഷം കഴിഞ്ഞ് ഫിറ്റ്‌നസ് ഇല്ലെന്നു തെളിഞ്ഞാലാണ് വ്യക്തിഗത ഉപഭോക്തൃ വാഹനങ്ങൾ പൊളിക്കാനിടേണ്ടത്. 10 വർഷം മാത്രമായ ഇന്നോവ മാറ്റി പുതിയ ഇന്നോവക്രിസ്റ്റ! തിരഞ്ഞെടുത്തുവിട്ട ജനങ്ങളെ ഭയന്ന് നിരനിരയായ സുരക്ഷാവാഹനകവചം. കൈയിലിരുപ്പ് നന്നായില്ലെങ്കിൽ ഭയക്കണം. തെളിവു നശിപ്പിക്കാനായി സെക്രട്ടേറിയറ്റിൽ പബ്ലിക് റിലേഷൻസ് വകുപ്പിന് തീയിടാൻ മടിക്കാത്തവർ എങ്ങനെ പേടിക്കാതിരിക്കും?
അഴിമതിയും ധൂർത്തും അതായിത്തീർന്നിരിക്കുന്നു തിരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റുകളുടെ മുഖമുദ്ര. നടപ്പിലാക്കാൻ വയ്യാത്ത വാഗ്ദാനങ്ങൾ പരസ്യംചെയ്ത് ഭരണത്തിലേറുന്നവർ തിരഞ്ഞെടുത്തയച്ച ജനങ്ങളോടു മുണ്ടുമുറുക്കി ഉടുക്കാൻ കല്പിച്ചിട്ട് ധൂർത്തിലേക്ക് ഊളിയിട്ടിറങ്ങും. ആവശ്യമില്ലാത്ത തസ്തികകൾ സൃഷ്ടിച്ച് വലിയ ആനുകൂല്യത്തിൽ സ്വന്തക്കാരെ തിരുകുന്നു, അർഹതയില്ലാത്തവർക്ക് പാർട്ടിക്കാരും ചെരുപ്പുനക്കികളുമാണെങ്കിൽ പ്രൊമോഷൻ, ഡെപ്യൂട്ടേഷൻ എന്നിവ കൊടുക്കും. കേൾക്കാത്തത് തൊഴിലന്വേഷകരുടെ ന്യായമായ ദീനരോദനം മാത്രം. വേണ്ടപ്പെട്ടവരെ ചേർത്തുനിർത്താനാണ് സിൽവർലൈനും കിഫ്ബിയും, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ഫണ്ടും ഒക്കെ ദൂർത്തുമാവുന്നത്. അങ്ങനെ സംഭരിക്കുന്ന ഫണ്ടും വകമാറ്റുന്നതുകൊണ്ടാണല്ലോ കഴിഞ്ഞ രണ്ടുമാസമായി സാമൂഹ്യക്ഷേമ പെൻഷൻ കുടിശികയായിരിക്കുന്നത്. ഇങ്ങനെ കടത്തിൽ മുങ്ങിയും പൊങ്ങിയും മുന്നേറുന്ന ഈ സംസ്ഥാനം എങ്ങോട്ടാണ്? ഒരു ആമുഖം ആവശ്യമുണ്ട്.
ഫിസ്‌കൽ റെസ്‌പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്‌മെന്റ് ആക്ട് (FRBMA)
1997-ലെ കേന്ദ്ര ശമ്പളപരിഷ്‌കരണവും അതേത്തുടർന്നുണ്ടായ സംസ്ഥാനങ്ങളുടെ ശമ്പളപരിഷ്‌കരണവും വലിയ റവന്യു/ധനകമ്മിയാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വരുത്തിവച്ചത്. 1990-91-ലെ സാഹചര്യം ആവർത്തിക്കപ്പെടാതിരിക്കാൻ ഫിസ്‌കൽ റസ്‌പോൺസിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ് ആക്ട് (2002) പാർലമെന്റിലും തുടർന്നു. 2003-ൽ കൺഫർമേഷൻ ആക്ടുകൾ സംസ്ഥാനങ്ങളിലും പാസാക്കി. 12-ാം ധനകാര്യകമ്മീഷൻ ഇതിന്റെ അനുബന്ധമായി സംസ്ഥാനങ്ങളോട് 2007-08 ആവുമ്പോഴേയ്ക്ക് റവന്യുകമ്മി ഇല്ലാതാക്കണമെന്നും ധനകമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ (Gross State Domestic Product) മൂന്നു ശതമാനത്തിൽ നിജപ്പെടുത്തണമെന്നും നിർദേശിച്ചു. കേരളം, വെസ്റ്റ്ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഒഴിച്ചുള്ളവ ലക്ഷ്യം കണ്ടു. 13-ാം ധനകാര്യ കമ്മീഷൻ ഈ ലക്ഷ്യം 2014-15-ൽ എത്തിച്ചേരണമെന്ന് അനുശാസിച്ചു. അപ്പോഴും ലക്ഷ്യം കണ്ടില്ല. അപ്പോഴേയ്ക്കും ആ പട്ടികയിൽ കേരളമടക്കം 10 സംസ്ഥാനങ്ങൾ ഇടംപിടിച്ചു. 14-ാം ധനകാര്യകമ്മീഷൻ ലക്ഷ്യം നേടേണ്ട വർഷം 2018-19 ആക്കി പുനർനിശ്ചയിക്കുകയും ഈ 10 സംസ്ഥാനങ്ങൾക്കും റവന്യു ഗ്രാന്റ് അനുവദിക്കുകയും ചെയ്തു. ലക്ഷ്യത്തിലെത്താൻ അപ്പോഴും കേരളത്തിന് കഴിഞ്ഞില്ല. പകരം പുതിയ കടംവാങ്ങൽ മാർഗങ്ങൾ ആരായുകയായിരുന്നു. അങ്ങനെയാണ് 2012-ൽ ‘പ്രത്യേക വായ്പാമാർഗ’ (Special Purpose Vehicle) മായി രജിസ്റ്റർചെയ്ത കിഫ്ബി (KIIFB) നിയമത്തിൽ 2013-ൽ സിഎജിയുടെ സമഗ്ര ഓഡിറ്റിംഗ് എന്ന ഭാഗം ഒഴിവാക്കി രജിസ്റ്റർ ചെയ്തത്. അതിലേക്ക് പോകുന്നതിനുമുമ്പ് എഫ്.ആർ.ബി.എം. അനുവദിക്കുന്ന കടം എവിടെ എത്തിനില്ക്കുന്നു എന്നു നോക്കാം.
റിസർവ് ബാങ്ക് ഒക്‌ടോബറിൽ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സഞ്ചിതകടം (സംസ്ഥാനം രൂപീകരിച്ച വർഷം മുതൽ കടത്തോടുകൂട്ടിച്ചേർക്കപ്പെട്ടത് അഥവാ Outstanding Debt) ജി.എസ്.ഡി.പിയുടെ 35% കവിഞ്ഞ നാല് സംസ്ഥാനങ്ങൾ കേരളം, പഞ്ചാബ്, രാജസ്ഥാൻ, ബീഹാർ എന്നിവ മാത്രമാണ്. സഞ്ചിതകടം ജി,എസ്.ഡി.പിയുടെ 29 ശതമാനത്തിൽ കൂടരുതെന്ന എഫ്.ആർ.ബി.എം. പരിധിയാണ് ഈ സംസ്ഥാനങ്ങൾ ലംഘിച്ചിരിക്കുന്നത്. തന്നെയുമല്ല നിലവിലിരിക്കുന്ന കേന്ദ്ര എഫ്.ആർ.ബി.എം. കമ്മറ്റി (എൻ.കെ.സിംഗ്, ചെയർമാൻ) അത് 20 ശതമാനത്തിൽ നിജപ്പെടുത്താനാണ് അനുശാസിക്കുന്നത് എന്നത് ശ്രദ്ധേയം.
സംസ്ഥാനത്തിന്റെ മൊത്തം കടവും, ജി.എസ്.ഡി.പി. റേഷ്യോയും പട്ടികയിൽ
പട്ടിക
സംസ്ഥാനത്തിന്റെ മൊത്തം കടം (കോടിയിൽ) ജി.എസ്.ഡി.പി. %
വർഷം 2012-13 2016-17 2017-18 2018-19 2019-20 2020-21 2021-22 2022-23
കടം 89497 186454 210762 235631 296900 333592 371692
ജി.എസ്.ഡി.പി.% 29.64 30.25 30.04 29.82 31.58 37.13 36.98 37.18
ആധാരം – ബജറ്റ് ഇൻബ്രീഫ് (പല വർഷങ്ങൾ)
RE ബജറ്റ് റി-എസ്റ്റിമേറ്റ്
BE ബജറ്റ് എസ്റ്റിമേറ്റ്
NB: ഒരു ബജറ്റിൽ പറയുന്ന കണക്കുകൾ (BE) അടുത്തവർഷം മാറ്റം വരാം. അതാണ് RE കാണിക്കുന്നത്. മൂന്നാംവർഷം യഥാർത്ഥ തുക വരും. അപ്പോൾ BE, RE എന്നിവയെക്കാളൊക്കെ മാറ്റമുണ്ടാവാം.
പട്ടികയനുസരിച്ചുള്ള കടത്തിന്റെ വളർച്ച ഒന്നു പരിശോധിക്കാം. പട്ടികയിൽ കാണിച്ചിട്ടുള്ള എല്ലാ വർഷങ്ങളിലും സഞ്ചിതകടം എഫ്.ആർബി.എം. ആക്ടിന്റെ പരിധി ലംഘിച്ചിരിക്കുകയാണ്. 2019-20ൽ കോവിഡ് മാന്ദ്യം മറികടക്കാനായി വാർഷികവായ്പ 2% വർധിപ്പിച്ച് ജി.എസ്.ഡി.പിയുടെ 5% ആക്കിയിരുന്നു. ഓരോ 5% വർധനയും ഓരോ ഉപാധികൾ വച്ചായിരുന്നു. (1. One India One Ration Card, 2. Ease of Doing Business Improvement, 3. നഗരവികസനം, 4. വൈദ്യുതമേഖല നവീകരണം). ഏതെങ്കിലും മൂന്നുപാധികൾ നിറവേറ്റിയാൽ മുഴുവൻ വർധനവും ലഭ്യമാക്കുമെന്ന ഉപാധിയുമുണ്ടായിരുന്നു. ഒന്നും മൂന്നും ഉപാധികൾ ബോധ്യമാവുംവിധം പാലിച്ചു. രണ്ടും മൂന്നും വിൻഡോ ഡ്രസിംഗിലൂടെയും. ഏതായാലും കോവിഡിന് ശേഷമുള്ള വർഷങ്ങളാണ് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയതുപോലെ അപകടമേഖലയിലുള്ളത്.