കാതലുള്ള ധിക്കാരി – എ.ജയശങ്കര്‍
അടപ്പൂർ എന്ന പേര് ആദ്യമായി കാണുന്നത് 1970-കളുടെ രണ്ടാംപകുതിയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. അന്ന് ക്രിസ്തീയവിഷയങ്ങളെക്കുറിച്ചു ഗഹനമായ ലേഖനങ്ങൾ അദ്ദേഹം എഴുതിയിരുന്നു. ലേഖകൻ ഒരു വലിയൊരു വൈദികനാണെന്നും കത്തോലിക്കാസഭയിലെ ബുദ്ധിജീവിയാണെന്നും അറിഞ്ഞത് പിന്നീടാണ്. ഫാ.അടപ്പൂർ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്ന് തോന്നിയിരുന്നു. അന്നേ ഇടതുപക്ഷ ആശയങ്ങളോട് വലിയ ചായ്‌വുണ്ടായിരുന്ന എനിക്ക് അടപ്പൂരച്ചൻ ഒരു പരമ പിന്തിരിപ്പനായിട്ടാണ് തോന്നിയത്. എൺപതുകളുടെ തുടക്കത്തിൽ അദ്ദേഹം പോളണ്ട് സന്ദർശിക്കുകയും കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനം ആസന്നമാണെന്ന് പ്രവചിക്കുകയും ചെയ്തു. അത് ലേഖകന്റെ ആഗ്രഹചിന്ത മാത്രമാണെന്ന് ഞാനടക്കമുള്ളവർ വിശ്വസിച്ചു. എന്നാൽ, അച്ചനായിരുന്നു ശരിയെന്ന് ഏതാണ്ട് പത്തുവർഷത്തിനകം തെളിഞ്ഞു. സോവ്യറ്റ് യൂണിയൻ ഇല്ലാതായി, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നൊന്നായി കമ്മ്യൂണിസത്തോട് വിടപറഞ്ഞു, ബെർലിൻ മതിൽ തകർന്നു.
1982- ൽ ആയിരിക്കണം അടപ്പുരച്ചനെ ആദ്യം കാണുന്നത്. അന്ന് ഞാൻ ബി.എ വിദ്യാർത്ഥിയായിരുന്ന ആലുവ, യൂണിയൻ ക്രിസ്ത്യൻ കോളെജിൽ എന്തോ പരിപാടിയിൽ പങ്കെടുക്കാൻ വന്ന അദ്ദേഹം പോളണ്ടിലെ മാറ്റങ്ങളെക്കുറിച്ചു ആവേശപൂർവം പ്രസംഗിച്ചതോർക്കുന്നു.
അച്ചനെ പരിചയപ്പെടുന്നതും അടുത്തറിയുന്നതും 2007-ൽ എന്റെ വക്കീലോഫീസ് കലൂർ പോണോത്ത് റോഡിലേക്ക് മാറ്റിയശേഷമാണ്. ല്യൂമെൻ ജ്യോതിസ് എന്ന ജെസ്യൂട്ട് ഭവനിൽനിന്ന് കേവലം 100 മീറ്റർ മാത്രം അകലെയായിരുന്നു എന്റെ ഓഫീസ്. അധികം വൈകാതെ ഞങ്ങൾ അടുത്ത പരിചയക്കാരും ഉറ്റ സുഹൃത്തുക്കളുമായി മാറി. ചിലപ്പോഴൊക്കെ ഞാൻ ജ്യോതിസിൽചെന്ന് മുകൾനിലയിലുള്ള അച്ചന്റെ മുറിയുടെ വരാന്തയിലിരുന്ന് വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ടായിരുന്നു. ചരിത്രം,രാഷ്ട്രീയം,തത്ത്വചിന്ത എന്നിവയിലൊക്കെ അദ്ദേഹത്തിനുള്ള അഗാധമായ ജ്ഞാനവും അപാരമായ ഉൾക്കാഴ്ചയും എന്നെ അത്ഭുതപ്പെടുത്തി. എല്ലാമാസവും അവസാന വ്യാഴാഴ്ച ജ്യോതിസിൽ നടക്കുന്ന ചർച്ചാപരിപാടിയിലേക്ക് അദ്ദേഹം എന്നെയും ക്ഷണിച്ചു. പലതവണ അവിടെ വിഷയം അവതരിപ്പിക്കാനും അവസരം തന്നു.
അക്കാലത്തു ദീപിക പത്രം ഫാരിസ് അബൂബക്കർ എന്നൊരു സാഹസികൻ കൈവശപ്പെടുത്തി മാർക്സിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യുകയായിരുന്നു. സഭാനേതൃത്വം ഒട്ടകപക്ഷിയെപ്പോലെ തല മണലിൽ പൂഴ്ത്തി നില്ക്കുകയല്ലാതെ പത്രം തിരിച്ചുപിടിക്കാൻ യാതൊരു ശ്രമവും നടത്തിയില്ല. അടപ്പുരച്ചൻ സത്യദീപത്തിൽ ദീപികയുടെ ദുഃസ്ഥിതിയെപ്പറ്റി യാതൊരു മാർദവവുമില്ലാതെ ഒരു ലേഖനം എഴുതി. തൊട്ടടുത്ത ദിവസം മാതൃഭൂമി പത്രം അത് പുനഃപ്രസിദ്ധീകരിച്ചു. മനോരമ ന്യൂസ് ചാനലിലെ അന്തിചർച്ചയിലും അച്ചൻ ശക്തമായി പ്രതികരിച്ചു. ദീപിക പ്രശ്നം പരവതാനിക്കടിയിൽ തള്ളാൻ കഴിയില്ലെന്ന് സഭാ നേതൃത്വം തിരിച്ചറിഞ്ഞു. ഒടുവിൽ ഫാരിസിന് പണം കൊടുത്തു പത്രവും പ്രസ്സും തിരികെ വാങ്ങി.
ഒരു വ്യാഴാഴ്ച ജ്യോതിസിലെ ചർച്ചാവിഷയവും ദീപിക തന്നെയായിരുന്നു. പത്രത്തിന്റെ അന്നത്തെ മാനേജിംഗ് ഡയറക്ടർ ഫാ.റോബിൻ വടക്കുംചേരിയും ഞാനുമായിരുന്നു മുഖ്യ പ്രാസംഗികർ. ഫാരിസിന്റെ അധിനിവേശത്തെ ന്യായീകരിച്ചുകൊണ്ട് ഫാ.റോബിൻ കാടുകയറിയപ്പോൾ അടപ്പൂരച്ചൻ പൊട്ടിത്തെറിച്ചു. അദ്ദേഹത്തെ അത്രയും കോപാകുലനായി അതിനുമുൻപോ ശേഷമോ കണ്ടിട്ടില്ല. ദീപികയുടെ 126-ാം വാർഷികം ഒരു വിവാദ വ്യവസായി സ്പോൺസർ ചെയ്തപ്പോഴും അച്ചൻ കുപിതനായി. അങ്ങനെ ആ ചടങ്ങിൽനിന്ന് വിട്ടുനില്ക്കാൻ അത്യുന്നത കർദിനാൾ നിർബന്ധിതനായി.
അടപ്പൂരച്ചനെ വളരെ വേദനിപ്പിച്ച സംഭവമാണ് മതതീവ്രവാദികൾ പ്രഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയതും അതിനുപിന്നാലെ കോതമംഗലം ബിഷപ്പ് അദ്ദേഹത്തെ ന്യൂമാൻ കോളെജിൽനിന്ന് പിരിച്ചുവിട്ടതും. തീവ്രവാദികൾ ചെയ്തതിനെക്കാൾ വലിയ തെറ്റാണ് ബിഷപ്പും സിൽബന്തികളും ചെയ്തതെന്ന് അച്ചൻ ഉറച്ചുവിശ്വസിച്ചു; ഉറക്കെ പറയാനും മടിച്ചില്ല. ആ വിഷയത്തിൽ അദ്ദേഹം മംഗളം പത്രത്തിൽ ഒന്നിലധികം ലേഖനങ്ങൾ എഴുതുകയുണ്ടായി.
അർണോസ് പാതിരിയുടെ സാഹിത്യ സംഭാവനകളെക്കുറിച്ചു വലിയ മതിപ്പുള്ള ആളായിരുന്നു അടപ്പൂരച്ചൻ. ജ്യോതിസിനോടനുബന്ധിച്ചു ഒരു പഠന ഗവേഷണ കേന്ദ്രത്തിനു തുടക്കം കുറിച്ചു. മംഗലാപുരം സെന്റ്. അലോഷ്യസ് കോളെജിൽ സുകുമാർ അഴീക്കോട് തന്റെ അദ്ധ്യാപകനായിരുന്നു എന്നകാര്യവും അഭിമാനപൂർവ്വം അനുസ്മരിച്ചിരുന്നു.
തീർത്തും ലളിതമായിരുന്നു, അദ്ദേഹത്തിന്റെ ജീവിതരീതി. വൈദികരും മത മേലധ്യക്ഷന്മാരും ആർഭാടജീവിതം നയിക്കുന്നതിനോട് വലിയ എതിർപ്പുള്ള ആളുമായിരുന്നു. തന്റെ വിയോജിപ്പും വിപരീത അഭിപ്രായവും ആരുടെയും മുഖത്തുനോക്കി പറയാൻ മടിയും ഉണ്ടായിരുന്നില്ല. കാതലുള്ള ധിക്കാരി അതായിരുന്നു ഞാനറിയുന്ന ഫാ.എ.അടപ്പൂർ.