ത്രിശങ്കുവിൽനിന്ന് പറയുന്ന കഥ – സുനീത ബാലകൃഷ്ണന്‍
2022-ലെ ബുക്കർ സമ്മാനാർഹമായ ‘ദ് സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ’ എന്ന ശ്രീലങ്കൻ നോവൽ, അവിടത്തെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, 1989-90 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ്. ഷെഹാൻ കരുണതിലകയുടെ ആദ്യത്തെ നോവലായ ‘ചൈനാമാൻ’ ശ്രീലങ്കൻ രാഷ്ട്രീയത്തെക്കുറിച്ച് എഴുതാൻ വിസ്മൃതിയിലാണ്ട ഒരു ക്രിക്കറ്ററെ തിരയുന്ന ഒരു പത്രപ്രവർത്തകന്റെ ശബ്ദമാണ് ഉപയോഗിച്ചത്. ‘സെവൻ മൂൺസി’ലെ ശബ്ദം മാലി അൽമെയ്ദ എന്ന ചൂതാട്ടക്കാരനും വൃത്തികെട്ടവനും സ്വവർഗാനുരാഗിയുമായ യുദ്ധഫോട്ടോഗ്രാഫറുടേതാണ്.
മാർക്വിസിന്റെ കേണൽ കഥ പറഞ്ഞുതുടങ്ങിയത് മരണത്തെ മുഖാമുഖം കാണുന്ന നിമിഷത്തെ തൊട്ടുകൊണ്ടാണെങ്കിൽ കരുണതിലകയുടെ മാലി ഒരു പ്രേതമാണ്. അതും വായനക്കാരന്റെ കൈപിടിച്ച്, സംഘർഷഭരിതമായ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, നൈതിക വെല്ലുവിളികളുടെ നേരെ കൈചൂണ്ടിനിന്നുകൊണ്ട്, ‘നിങ്ങൾ അതു കാണുന്നുണ്ടോ’ എന്ന ശൈലിയിൽ, റുഷ്ദി, ഗൊഗോൽ തുടങ്ങിയ മഹാരഥന്മാരെ ഓർമിപ്പിക്കുന്ന രസികത്വവും അയഥാർത്ഥവാദവും തുളുമ്പുന്ന, ശരവേഗത്തിലുള്ള ആഖ്യാനം.
സാമ്പ്രദായികരീതിയിൽ പറഞ്ഞുപോയെങ്കിൽ, വിശാലമായ കാൻവാസിൽ കോറിയിട്ട കഥകളെമ്പാടും കഥാപാത്രങ്ങൾ അനേകവും പരിചിതർക്കു മാത്രം ആസ്വാദ്യം എന്ന് തിരിച്ചറിയുന്ന എഴുത്തുകാരനാണ് കരുണതിലക. ‘ചൈനാമാൻ’ അതിന് തെളിവാണ്. സമകാലിക ശ്രീലങ്കൻചരിത്രം പറയുവാനായി ഈ പുസ്തകത്തിൽ ആശ്രയിച്ചത് വിസ്മൃതിയിലാണ്ട ഒരു ശ്രീലങ്കൻ ക്രിക്കറ്ററെക്കുറിച്ചുള്ള അന്വേഷണവഴികളാണ്. എന്നാൽ, ഇവിടെ മാലി അന്വേഷിക്കുന്നത് സ്വന്തം ഘാതകരെയാണ്. അയാളൊരു പ്രേതമാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ആദ്യഖണ്ഡികയിൽത്തന്നെ മാലി വായനക്കാരന്റെ കൈപിടിക്കുന്നത്. അയാൾ എങ്ങനെ മരിച്ചു, എന്തിനു കൊന്നു എന്ന അന്വേഷണമാണ് പിന്നെ നടക്കുന്നത് പുസ്തകം ഉടനീളം കഥാപാത്രങ്ങൾ ഒട്ടുമിക്കവാറും മരിച്ച് പ്രേതാവസ്ഥയിൽ നില്ക്കുന്നവർ. ഒരു ത്രിശങ്കുവിലെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നവർ.
അങ്ങേലോകത്തേക്ക് പോകുംമുമ്പ് ശ്രീലങ്കൻ വിശ്വാസപ്രകാരം മരിച്ച ആത്മാക്കൾ എത്തിനില്ക്കുന്ന രണ്ടാമിടമാണ് ഈ ത്രിശങ്കു. ഇവിടെ നിന്നു അടുത്തയിടത്തേക്ക് പോകും മുൻപ് അനുവദിച്ചിട്ടുള്ളത് ഏഴു ചാന്ദ്രദിനങ്ങൾമാത്രം. അതിനിടയിൽ അലഞ്ഞുനടന്ന് കഴിഞ്ഞ ജന്മങ്ങളെ ഓർത്തെടുക്കാനും പിന്നെയതു മറന്നു കളയാനും പ്രേതങ്ങൾക്ക് അനുവാദമുണ്ട്.
മാലി ആദ്യ കരുതുന്നത് അയാളൊരു മയക്കുഗുളിക കഴിച്ചതിന്റെ വിഭ്രാന്തിയിലാണ് എന്നാണ്. വൈകാതെ അയാൾ നില്ക്കുന്ന ക്യൂവിലെ മറ്റുള്ളവരും പ്രേതങ്ങളാണെന്ന് മാലി മനസ്സിലാക്കുന്നു. ലങ്കയുടെ സമകാലിക യാഥാർത്ഥ്യങ്ങളോട് അടുത്തുനില്ക്കുന്ന തിരക്കുള്ള, അടുക്കും ചിട്ടയുമില്ലാത്ത ഒരു ബ്യൂറോക്രാറ്റിക് മറുലോകമാണത്. മാലിക്ക് ചെയ്യാൻ ബാക്കിയുള്ള ഒരുപാട് ജോലികളുണ്ട്. സമയമോ കുറച്ചും. അവിടത്തെ നിയമം അനുസരിച്ച് ജീവനുള്ള കാലം ആ ശരീരം പോയിട്ടുള്ള ഇടങ്ങളിലെല്ലാം പോകുവാൻ മാത്രമേ ആത്മാവിന് അനുവാദമുള്ളൂ.
മാലിയുടെ ലക്ഷ്യം കൃത്യമാണ്. യുദ്ധഫൊട്ടോഗ്രാഫറായിരുന്നകാലത്ത് അയാൾ എടുത്തിട്ടുള്ള സുപ്രധാനമായ ചില ഫൊട്ടോഗ്രാഫുകളുടെ നെഗറ്റീവുകൾ അയാൾ വീട്ടിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ലങ്കയിലെ ആഭ്യന്തരയുദ്ധത്തിൽ ഭാഗഭാക്കായിരുന്ന വിഭാഗങ്ങളിലെ വിവിധ തത്പരസംഘങ്ങളുടെ അന്യായങ്ങളുടെയും കൊടുക്രൂരതകളുടെയും തെളിവാണിവ. അത് ലോകത്തിനു മുന്നിലെത്തിക്കാൻ അയാൾ കാണുന്നത് രണ്ടു പേരെയാണ്. മാലിയുടെ ചങ്ങാതിയും ലൈംഗിക പങ്കാളിയുമായ ഡിഡിയാണ് അതിലൊന്ന്. മറ്റേത് ഡിഡിയുടെ ബന്ധുവും പൊതുജീവിതത്തിൽ മാലിയുടെ കാമുകിയായി നടിക്കുന്ന ജാകിയാണ്.
ജാകിയും ഡിഡിയും ഇതേപോലെ മാലിയെ തിരഞ്ഞു നടപ്പാണ്. അവർക്ക് മാലിയുടെ ചിത്രശേഖരത്തെക്കുറിച്ച് ധാരണയുമുണ്ട്. ഈ ചിത്രശേഖരത്തിനു പിന്നാലെ ലങ്കയിലെ ശക്തികേന്ദ്രങ്ങളുമുണ്ട്.
ശ്രീലങ്കൻ ജീവിതത്തിന്റെ സാധാരണമെന്നു തോന്നുന്ന അസാധാരണത്വങ്ങൾ വരച്ചുചേർത്ത് കഥയുടെ കാലഘട്ടം നമ്മൾ വായിക്കുന്ന പേജിന്റെ പശ്ചാത്തലമായി നിവർത്തിയിടുന്നുണ്ട് എഴുത്തുകാരൻ. ജിം റീവ്‌സിന്റെ റെക്കോർഡുകളും ബിസ്‌ക്കറ്റ് പുഡിങ്ങുകളും തുടങ്ങിയ ചില പ്രതീകങ്ങൾ സമർത്ഥമായി ഇതിന് ഉപയോഗിച്ചിരിക്കുന്നു.
ദുരന്തങ്ങളുടെ തീച്ചൂളയിൽനിന്നു കറങ്ങുന്ന ഹതഭാഗ്യരായ മനുഷ്യരെയും അവരുടെ അവസ്ഥകളെയുംപറ്റി പറഞ്ഞു കേൾപ്പിക്കുമ്പോൾ അതുവരെ ശ്രീലങ്കൻകഥകൾ ലോകത്തോട് പറഞ്ഞ ഘനശബ്ദങ്ങളായ ഒണ്ടാച്ചോ, ഗുണശേഖര, അറുദുപ്രകാശം തുടങ്ങിയവരുടെ അടക്കമുള്ള കവിത്വമാർന്ന രീതിയല്ല കരുണതിലകയ്ക്ക്. സമകാലിക ലങ്കയുടെ അനുഭവങ്ങൾ വായനക്കാരന് വിളമ്പുവാൻ കുരണതിലക ഉപയോഗിക്കുന്നത് ഒരു അധികപ്രസംഗിയുടെ നിലപാടുള്ള ശബ്ദമാണ്. ആക്ഷേപഹാസ്യത്തിന്റെ മുനയുള്ള ശ്രീലങ്കൻ ഇംഗ്ലീഷാണ്. എഴുത്തുകാരന്റെ വജ്രായുധം ഇവിടെ ഭാഷതന്നെയാണ്. ഒപ്പം രചനാഘടനയും ഈ നോവലിനെ വിശ്വസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ ഗണ്യമായ പങ്കുവഹിച്ചിരിക്കുന്നു. രക്തത്തിന്റെ നിറവും ഭയപ്പാടിന്റെ ഉറക്കെയുള്ള നിലവിളികളും, നഷ്ടങ്ങളുടെ തീവ്രവേദനയും, മരണത്തിന്റെ നിശ്ശബ്ദതയുംകൊണ്ട് കുറേ ശവശരീരങ്ങളുടെ കഥയ്ക്ക് കളമൊരുക്കുമ്പോഴും ആണ്ടുകളായി തുടരുന്ന ആഭ്യന്തരയുദ്ധം ഇനിയും മുഴുവൻ കെടുത്തിയിട്ടില്ലാത്ത, ആത്മവീര്യം തിളയ്ക്കുന്ന, വ്യവസ്ഥിതിയോട് തികഞ്ഞ അനാദരവ് ധ്വനിക്കുന്ന ഭാവമാണ് ഈ കഥനത്തിന്. ഒന്നിനു മുന്നിലും പതറാത്തവന്റെ ശബ്ദമാണ് എഴുത്തിന്. പക്ഷേ, കഥകളൊന്നും തുടങ്ങുന്നതും തീരുന്നതും ശുഭമായല്ലതാനും.
2020-ൽ, Chats with the Dead എന്ന പേരിൽ ഇന്ത്യയിൽ പ്രസിദ്ധീകരിച്ച അതേ നോവലാണ് ‘ദ് സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ’ എന്ന പേരിലുള്ള ഈ എഡിഷൻ. എന്നാൽ, ഇത് ലോകവായനയ്ക്കായി നവീകരിക്കുവാൻ രണ്ടുകൊല്ലം ചെലവഴിച്ചിട്ടുണ്ട് കരുണതിലക. ശ്രീലങ്ക എന്ന കുഞ്ഞുദ്വീപുരാജ്യത്തിന്റെ ഇതിഹാസ വിശ്വാസങ്ങളും ആകുലതകളും, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളും മനസ്സിലാകാത്ത ലോകവായനക്കാരനും നെഞ്ചേറ്റുന്ന പുസ്തകമായി ഇന്ന് ‘ദ സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ”