യഥാർത്ഥ ആത്മീയതയും യഥാർത്ഥ രാഷ്ട്രീയവും വീണ്ടെടുക്കുക. – എം. വി. ബെന്നി
ഭാഷാശാസ്ത്രം പഠിക്കാൻ ശ്രമിച്ചിട്ടുള്ളവർക്കറിയാം, തിന്മയെ കുറിക്കുന്ന പദങ്ങൾ ഒരു ഭാഷയിൽ ഇല്ലെങ്കിൽ ആ ഭാഷാസമൂഹത്തിന് തിന്മനിറഞ്ഞ അനുഭവങ്ങളും ഇല്ല എന്നാണർത്ഥം. തിന്മകളെ കുറിക്കുന്ന വാക്കുകൾ ഭാഷയിൽ കൂടുതൽ ഉണ്ടെങ്കിൽ ആ ഭാഷാസമൂഹത്തിന് തിന്മനിറഞ്ഞ അനുഭവങ്ങളും കൂടുതലാണ്. സമൂഹത്തിൽ നിറയുന്ന നന്മകളും തിന്മകളും തന്നെയാണ് അവർ സംസാരിക്കുന്ന ഭാഷയിലും രൂപപ്പെടുന്നത്. നന്മ തിന്മകൾ നിറയാത്ത ഒരുഭാഷയും ഇന്നു ലോകത്തൊരിടത്തും ഇല്ല. നമ്മൾ സംസാരിക്കുന്ന മലയാളഭാഷയുടെ സ്ഥിതിയും വിഭിന്നമല്ല. പാടിപ്പഴകിയ തിന്മകൾ തന്നെയാണ് നന്മകൾപോലെ ഇപ്പോഴും നമ്മുടെ ഭാഷയിലും ഉള്ളത്. കൊല, ബലാത്സംഗം, മോഷണം, പിടിച്ചുപറി, ദുരഭിമാനക്കൊല, നരബലി തുടങ്ങി തിന്മകളുടെ ഘോഷയാത്രയുമായി വരുന്ന എത്രയോ വാക്കുകൾ നമുക്കുണ്ട്. എങ്കിലും അങ്ങനെയൊരു പ്രശ്നം നമുക്കോ നമ്മുടെ ഭാഷയ്ക്കോ ഉണ്ടെന്ന് നമ്മൾ ഭാവിക്കില്ല. ഭാഷയ്ക്ക് പ്രശ്നമുണ്ടെങ്കിൽ നമുക്കും പ്രശ്നമുണ്ടല്ലോ. അതുകൊണ്ട്, എല്ലാം ഇതാ ഇപ്പോൾ തുടങ്ങിയതാണ് എന്ന മട്ടിൽ മലയാളി സ്വയം പോസ് ചെയ്യും. അവർക്ക് എല്ലാറ്റിലും ‘നമ്പർ ഫസ്റ്റ് ‘ആകണമല്ലോ!
മാധ്യമ പഠനത്തിന് പുറപ്പെടുന്ന കുട്ടികൾ കേൾക്കുന്ന ചില നല്ല ഫലിതങ്ങളുണ്ട്. അതിലൊന്ന് പഴയൊരു പത്രാധിപരുടെ കഥയാണ്. അതിനുമുമ്പ് മലയാളപത്രങ്ങളിൽ ബാലാൽസംഗം എന്നൊരു വാക്കുണ്ടായിരുന്നില്ല. ആ കലാപരിപാടി നാട്ടിൽ ഇല്ലാത്തതുകൊണ്ട് ആയിരിക്കില്ല, നന്നായി പോളിഷ് ചെയ്ത ഒരു സംസ്കൃതപദം ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് മാത്രം ആയിരിക്കാം. പക്ഷേ, പത്രമോഫീസിലെ ആരൊക്കയോ ചേർന്ന് അങ്ങനെയൊരു വാക്ക് കോയിൻ ചെയ്തെടുത്തു, ബലാത്സംഗം! പക്ഷേ, തന്റെ പത്രത്തിൽ അങ്ങനെയൊരു വാക്ക് ആദ്യമായി അച്ചടിച്ചതുകണ്ട പത്രാധിപർ സ്വാഭാവികമായും തകർന്നുപോയി. തന്റെ പത്രത്തിൽ ഇങ്ങനെയൊരു മുഴുനീള അശ്ലീലപദമോ, അതും സംസ്കൃതത്തിൽ! എങ്കിലും ഇപ്പോൾ നമുക്കറിയാം, അങ്ങനെയൊരു വാക്ക് അച്ചടിക്കാതെ ഇക്കാലത്ത് ഒരു പത്രാധിപർക്കും പത്രം പുറത്തിറക്കാൻ കഴിയില്ലെന്ന്. ഏതെങ്കിലും ഒരു പ്രധാനപത്രത്തിന്റെ മുഴുവൻ എഡീഷനുകളും അരിച്ചുപെറുക്കി വായിച്ചാൽ നിങ്ങൾക്കും മനസ്സിലാകും ആ വർഷം എത്ര ബലാത്സംഗം കേരളത്തിൽ എവിടെയൊക്കെ നടന്നൂ എന്ന്. മിക്കവാറും കണക്കിൽ കാണുന്നതിനെക്കാൾ കൂടുതലായിരിക്കും യാഥാർത്ഥത്തിൽ നടന്ന ബലാത്സംഗങ്ങൾ. ഭാഷാശാസ്ത്രംകൂടി മനസ്സിലാക്കി പത്രം വായിച്ചാൽ, വായിച്ചതിനെക്കാൾകൂടിയ അളവിൽ വസ്തുതകൾ തെളിയും. നന്മകൾ പോലെ തിന്മകൾകൊണ്ടും സമൃദ്ധമാണ് നമ്മുടെ ഭാഷാസ്വരൂപം.
വിശ്രുത ഭാഷാപണ്ഡിതനായ നോം ചോംസ്കിക്ക് പല്ലുവേദന വന്ന പഴയൊരു കഥയുണ്ടല്ലോ. ഭാര്യ, ചോംസ്കിയെയും കൂട്ടി ദന്ത ഡോക്റ്ററെ കാണാൻ പോയി. ഡോക്റ്റർ, ചോംസ്കിയുടെ പല്ലുവേദനയുടെ കാരണം കണ്ടെത്തി. ഇടക്കൊക്കെ ചോംസ്കി പല്ലിറുമ്മുന്നുണ്ട്. അതാണ് പല്ലുവേദന. ചോംസ്കി എപ്പോഴൊക്കെയാണ് പല്ലിറുമ്മുന്നത് എന്നറിയാൻ ഡോക്റ്റർ, ചോംസ്കിയുടെ ഭാര്യയെ വിസ്തരിച്ചു. ഭാര്യ പറഞ്ഞു, പത്രം വായിക്കുമ്പോഴാണ് ചോംസ്കി മിക്കവാറും പല്ലിറുമ്മുന്നത്. സത്യം മുഴുവൻ പറയാനല്ല ഇക്കാലത്ത് പത്രങ്ങൾ, സത്യം മറച്ചു പിടിക്കാൻകൂടിയാണ് ഭാഷ. ലോകപ്രശസ്ത ലിൻഗ്വിസ്റ്റ് ആയതുകൊണ്ട് പത്രങ്ങളിൽ ഒളിച്ചവച്ച സത്യവും ചോംസ്കി തിരിച്ചറിയും. അപ്പോൾ അദ്ദേഹം പല്ലിറുമ്മും, പല്ലുവേദനയും വരും!
കേരളത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ ഒരു മലയാളിപോലും അതു സമ്മതിക്കുമെന്ന് തോന്നുന്നില്ല. പത്രംവായിച്ച് പല്ലുവേദന വന്നവർ ഉണ്ടെങ്കിൽ അവർ സംസാരിക്കുകയുമില്ല! പത്രങ്ങളും നമ്മുടെ രാഷ്ട്രീയ നേതൃത്വവും ചേർന്ന് നിർമിച്ച ഒരു വ്യാജലോകത്ത് തടവിലായിപ്പോയ ജനതയാണ് മലയാളി. പരോൾപോലും കിട്ടാത്ത ജനത.
ശുദ്ധിയില്ലാത്ത വാക്കുകള്‍
ഓരോ കാലത്തും സമൂഹത്തിന് പലതരം വിചിത്രമായ അനുഭവങ്ങൾ ഉണ്ടാകുന്നു. അതിനുമുമ്പ് സമൂഹം അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധികളാണ് അവയെല്ലാം. ആ അനുഭവങ്ങൾ ഭാഷയിലൂടെ ആവിഷ്കരിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെ ആ ഭാഷാരൂപങ്ങൾ ജനമധ്യത്തിൽ എത്തുന്നു. പിന്നീടത് മനുഷ്യരുടെ സാമാന്യ വ്യവഹാരഭാഷയായി പരിണമിക്കുന്നു. അങ്ങനെ ഭാഷയിൽ അടിഞ്ഞുകൂടിയ തിന്മനിറഞ്ഞ ഓരോ വാക്കും ഭാഷയിൽ വളർന്ന് തിടം വയ്ക്കുന്നു. മലിനമായ അർത്ഥം വഹിക്കുന്ന വാക്കുകൾ സമൂഹത്തിൽ സ്വാഭാവികപദങ്ങളായി മാറുന്നു. സ്വഭാവശുദ്ധിയില്ലാത്ത മനുഷ്യർ രാഷ്ട്രീയനേതൃത്വത്തിലൂടെ അധികാരത്തിലെത്തുമ്പോൾ അവർ വിഐപികളായി മാറുന്നതുപോലെ മോശം ആശയങ്ങൾ വഹിക്കുന്ന വാക്കുകളും കാലക്രമത്തിൽ സ്വീകാര്യമായി മാറുന്നു. ഹിംസയുടെ ചിഹ്നങ്ങൾനിറഞ്ഞ വാക്കുകൾ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ടാൽ പത്രം കൂടുതൽ കോപ്പി വില്ക്കുമെങ്കിൽ വായനക്കാരും / വ്യൂവേഴ്സും പ്രതിസ്ഥാനത്തുണ്ടെന്ന് അർത്ഥം. അതാണ് ലോകം.
പണ്ട്, ദ്രാവിഡ രാഷ്ട്രീയത്തിന് ഊർജം പകർന്ന തമിഴ്നാട്ടിലെ ഭാഷായോദ്ധാവ് ആയിരുന്നു ഇ. വി. രാമസ്വാമി നായ്ക്കർ. തമിഴ്ഭാഷയിലേക്ക് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ട പല വാക്കുകളും അദ്ദേഹം കണ്ടെത്തി സമൂഹമദ്ധ്യത്തിൽ ചർച്ചയാക്കി. സ്ത്രീധനം എന്ന വാക്ക് തമിഴർക്ക് ഉണ്ടായിരുന്നില്ല. എന്നുപറഞ്ഞാൽ, സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു സമൂഹമായിരുന്നില്ല അവർ എന്ന് സൂചന. മന്ത്രവാദം എന്ന വാക്കും തമിഴിൽ ഉണ്ടായിരുന്നില്ല. അതായത്, തമിഴർക്ക് സ്ത്രീധനം പോലെ മന്ത്രവാദവും അപരിചിതമായിരുന്നു. സ്ത്രീധനവും മന്ത്രവാദവും തമിഴ് വാക്കുകളേയല്ല, സംസ്കൃത പദങ്ങളാണ്. അതുകൊണ്ട്, സാമൂഹ്യ തിന്മകളെ അടയാളപ്പെടുത്തുന്ന സ്ത്രീധനവും മന്ത്രവാദവും സംസ്കൃതഭാഷയുടെ ഭാഗമാണെന്നും സംസ്കൃതഭാഷ പ്രചരിപ്പിച്ചത് ബ്രാഹ്മണർ ആയിരുന്നെന്നും ഇ.വി.ആർ വാദിച്ചു. സ്വാഭാവികമായും തമിഴ് ദ്രാവിഡ രാഷ്ട്രത്തെ മലിനമാക്കിയ ബ്രാഹ്മണർക്കും സംസ്കൃതത്തിനുമെതിരെ തമിഴന്റെ കലാപക്കൊടി ഉയർന്നു. ദേവഭാഷയെന്ന് സംസ്കൃത പ്രേമികൾ വിശേഷിപ്പിക്കുന്ന സംസ്കൃതത്തിനെതിരെ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും കടുത്ത ആക്രമണം തമിഴ് നാട്ടിൽ ഇ.വി.രാമസ്വാമി നായ്ക്കരാണ് നയിച്ചത്. ആ ഭാഷാകലാപത്തിന്റെ പച്ചയിലാണ് ഇപ്പോഴും തമിഴ് നാട്ടിലെ ദ്രാവിഡരാഷ്ട്രീയം. കാലക്രമതിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ ബ്രാഹ്മണശക്തികൾ ദുർബലരായപ്പോൾ ശത്രുപക്ഷത്ത് അവർ ഹിന്ദിയെ പ്രതിഷ്ഠിച്ചെന്നു മാത്രം.
സംസ്കൃതഭാഷ മുഴുവൻ മോശമാണെന്നോ തമിഴ്ഭാഷ മുഴുവൻ മഹത്തരമാണെന്നോ നമ്മൾ കരുതേണ്ടതില്ല, തിരിച്ചും. ഓരോകാലത്തും ഭാഷയിൽ വാക്കുകൾ മാറും, അർത്ഥവും മാറും. നന്മ തിന്മകളുടെ പേറ്റന്റ് ആർക്കും ദൈവം പ്രത്യേകമായി കൊടുത്തില്ലാത്തതുകൊണ്ട് ഭാഷാഭിമാനം ആകാമെങ്കിലും ഭാഷാഭ്രാന്ത് ആവശ്യമില്ല.
ഭാഷകളെ ശരിയാംവണ്ണം അപഗ്രഥിച്ചാൽ ഏത് ഭാഷാസമൂഹത്തിനും സാംസ്ക്കാരികമായ ഒരു ഉദ്ഗ്രഥനഘട്ടവും സാംസ്ക്കാരികമായ ഒരു പതനഘട്ടങ്ങളും ഉള്ളത് നമുക്ക് കാണാൻ കഴിയും. സമ്പൂർണമായ നന്മയോ സമ്പൂർണമായ തിന്മയോ നിറഞ്ഞ ഒരു ഭാഷാസമൂഹവും ലോകത്തൊരിടത്തുമില്ല. കേറിയും ഇറങ്ങിയും പലകാലത്ത് പലതായിരിക്കും ഭാഷയുടെ സംസ്ക്കാരം. മഹാന്മാരായ തത്ത്വചിന്തകർ സംസാരിച്ച ജർമൻ ഭാഷയിൽത്തന്നെയാണ് ഹിറ്റ്ലറും സംസാരിച്ചത്. ശ്രീബുദ്ധൻ സംസാരിച്ച പാലിഭാഷ ഇന്നു മിക്കവാറും ഒരു മൃതഭാഷ. സ്ഥിതിവിവര കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വിശ്വസിക്കുന്നത് ക്രിസ്തുമതത്തിലാണ്. പക്ഷേ, യേശുദേവൻ പ്രബോധനം ചെയ്ത ഭാഷകേട്ടാൽ മനസ്സിലാകുന്ന എത്ര ക്രിസ്ത്യാനികൾ ഇന്നു ലോകത്ത് ഉണ്ടാകും! അതെ, പല ഘട്ടങ്ങളിൽ ഭാഷയും പലതാണ്.
മന്ത്രവാദികളുടെ അരികിലേക്ക്
ഭൂമിയിൽ മനുഷ്യർ ചെറുതായെങ്കിലും ചിന്തിക്കാൻ തുടങ്ങിയ കാലംമുതൽ ഭൂമിയിൽ ദൈവവുമുണ്ട്, പിശാചുമുണ്ട്. ദൈവത്തെപോലെ പിശാചുക്കൾക്കും പല പേരുകളുണ്ട്. സാത്താൻ, പിശാച്, ജിന്ന്, ഇബിലീസ്, അസുരൻ, അറുകൊല തുടങ്ങി അനേകം പേരുകളിൽ പിശാചുക്കളും ഭൂമിയിൽ ഇറങ്ങിനടന്നു. ദൈവത്തിനും അസംഖ്യം പര്യായ പദങ്ങളുണ്ട്. ദൈവത്തിന്റെ പര്യായ പദങ്ങൾ മുഴുവൻ എഴുതാൻ തുടങ്ങിയാലുള്ള അവസ്ഥ നിങ്ങൾക്ക് ഊഹിക്കാമല്ലോ. എല്ലാ കഥകളിലും ദൈവത്തിന്റെ അപരമായി പ്രവർത്തിക്കുന്ന ശക്തിയാണ് സാത്താൻ, നീചൻ.
ഈശ്വരനുവേണ്ടി പൗരോഹിത്യം പ്രവർത്തിക്കുന്നതുപോലെ സാത്താനുവേണ്ടി മന്ത്രവാദികളും പ്രവർത്തിക്കുന്നു. ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ കഥകളും, ദൈവത്തിന്റെ അന്തിമവിജയവും പ്രഖ്യാപിക്കുന്ന കഥകൾ കേൾക്കാതെ ലോകത്ത് ഒരിടത്തും ഒരാൾക്കും അയാളുടെ കുട്ടിക്കാലം പൂർത്തിയാക്കാൻ കഴിയില്ല. കുട്ടിക്കാലത്തെ നിറംപിടിപ്പിച്ച ഇത്തരം കഥകൾ ചിലരെ ജീവിതകാലം മുഴുവൻ സ്വാധീനിക്കും. അപൂർവം ചിലരെ സാത്താൻ തന്ത്രങ്ങളും സ്വാധീനിക്കാം. അത്തരം മനുഷ്യരുടെ മനസ്സുകളാണ് മന്ത്രവാദികളുടെ യഥാർത്ഥ പണിപ്പുര. ജീവിതനേട്ടങ്ങൾക്കുവേണ്ടി വിശ്വാസികൾ പുരോഹിതനെ സമീപിക്കുന്നതുപോലെ സാത്താൻസേവകർ മന്ത്രവാദികളെയും സമീപിക്കുന്നു. ദൈവത്തിന്റെ സാത്വികഭാവമല്ല, ദൈവത്തിന്റെ അപരമായ സാത്താൻപക്ഷപാതികൾക്ക്. ഇതൊക്കെ നാട്ടിൽ പഴയകാലംമുതൽ പ്രചാരത്തിലുള്ള കഥകളാണ്. നാട്ടിൽ ഇലക്ട്രിസിറ്റി വരുന്നതിന്നുമുമ്പ് എന്തെല്ലാം തരം ദുർദേവതകളായിരുന്നു രാത്രികളിൽ ഇറങ്ങി നടന്നിരുന്നത്!