ഈ സമരം ഇവിടെ അവസാനിക്കുന്നില്ല … – ദയാബായി
2018 ജനുവരി 30-ന് സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ഉദ്ഘാടനം ചെയ്യാൻ എന്‍ഡോസള്‍ഫാൻ പീഡിത ജനകീയ മുന്നണി എന്നെ ക്ഷണിച്ചപ്പോളാണ് ഞാൻ ഈ സമരത്തിന്റെ ഭാഗമാകുന്നത്. അതുവരെ വായിച്ചുമാത്രം അറിഞ്ഞ ദുരിതം നേരിട്ടറിയാൻ വേണ്ടി എന്തോ ഉള്‍പ്രേരണയാൽ സമരത്തിനു മുന്‍പേ കാസര്‍ഗോട്ടെത്തി. അവിടെ കണ്ടകാഴ്ചകൾ എന്റെ മനസ് പൊള്ളിച്ചു. രോഗബാധിതരുടെ ജീവിതവും വേദനയും എന്നെ വല്ലാതെ സ്പര്‍ശിച്ചു. കുട്ടികളെപ്പോലെ പെരുമാറുന്ന മുതിര്‍ന്നവരെ പരിചരിക്കുന്ന അവരുടെ അമ്മമാരുടെ സങ്കടങ്ങൾ എന്നെ വികാരധീനയാക്കി. ഓരോ കുട്ടിയേയും കണ്ടപ്പോൾ ഞാൻ വിങ്ങിപ്പൊട്ടിപ്പോയി. ഇതൊന്നുമല്ല, ഇനിയും ധാരാളംപേർ ഇങ്ങനെയുണ്ട് എന്ന അറിവ് എന്നെ തളര്‍ത്തി. എന്റെ ആദ്യസന്ദര്‍ശനത്തില്‍ത്തന്നെ എന്റെ ഉള്ളില്‍നിന്നു ഞാനറിയാതെ ഒരു പാട്ട് പിറവിയെടുത്തു.”കരയൂ കരയൂ കേരളമേ” എന്ന പാട്ട്. കാലങ്ങളായി മലയാളത്തിൽ ഒരുവരിപോലും എഴുതാതാത്ത എനിക്ക് ഹൃദയത്തില്‍നിന്നു പേനയിലേക്കു വെറുതെ ഒഴുകിയെത്തിയ വാക്കുകളാണവ.
ഈ സന്ദര്‍ശനംകൊണ്ട് അവരെ കണ്ടു മനസ്സിലാക്കാനും കേള്‍ക്കാനും മാത്രമല്ല, അവർ പറയാത്തവ കേള്‍ക്കാനും അങ്ങനെ ഈ പ്രശ്‌നത്തെ ആഴത്തിൽ മനസ്സിലാക്കാനുമായി. അതോടൊപ്പംതന്നെ ഒരുപാടു ചോദ്യങ്ങളും എന്റെ ഉള്ളിൽ ഉയര്‍ന്നുതുടങ്ങി. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും നിർഭാഗ്യകരമായ ആളുകളെ ഞാൻ കണ്ടിട്ടില്ല. കേരളം അവരെ ലജ്ജയില്ലാതെ അവഗണിച്ചു എന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. നമ്മുടെ മൗലികാവകാശമായ ‘അന്തസ്സോടെയുള്ള ജീവിതം’ നിഷേധിക്കപ്പെട്ട ഇവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിക്കുന്നത് അതോടുകൂടിയാണ്.
സുപ്രീംകോടതി വിധി പലതുണ്ടായിട്ടും നടപ്പാക്കാതെ മൗലികമായ സഹായം കിട്ടാതെ കഴിഞ്ഞുകൂടുകയും മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ഇവിടത്തെ ഉത്തരവാദപ്പെട്ടവർ വാദങ്ങളും ന്യായീകരണങ്ങളുമായി മുന്നോട്ടുപോകുന്നു. ആളുകൾ ഒരുവശത്ത് മരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ നശിക്കുന്ന ഓരോ ജീവിതത്തിനും ഉത്തരം പറയേണ്ടത് സര്‍ക്കാരല്ലേ? ഇവിടെ പീഡിപ്പിക്കപ്പെടുന്നവര്‍ക്കും പ്രശ്‌നം നേരിടുന്നവര്‍ക്കും സഹായഹസ്തം നീട്ടുന്നതിനു പകരം ഇരകളേയും അവരുടെ കൂടെ നില്ക്കുന്നവരേയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് കലക്ടർ പോലുള്ള ഉത്തരവാദിത്തപ്പെട്ടവർ ചെയ്യുന്നത്. കൂടെ സത്യത്തെ അമര്‍ത്തിവയ്ക്കുകയും അവാസ്തവ പ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതെന്തേ ഇത്ര മനസ്സാക്ഷിയില്ലാത്തവരാകുന്നു മനുഷ്യർ?
കേരളത്തിലെ ജില്ലകളിൽ കാസർഗോഡാണ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ കാര്യത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നത്. നിരന്തരം ചികിത്സ ആവശ്യമുള്ളവരാണ് മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഇവർ. പരാശ്രയമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്തവരാണ് ദുരിതബാധിതരിലധികവും. വിദഗ്ദചികിത്സക്ക് മംഗലാപുരം, തിരുവനന്തപുരം, കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ മെഡിക്കൽ കോളേജുകളാണ് ആശ്രയം. മതിയായ ചികിത്സ കിട്ടാത്തതു കൊണ്ട് മാത്രം ഈ കോവിഡ് കാലത്ത് ഇരുപതോളം കുഞ്ഞുങ്ങൾ മരിക്കേണ്ടി വന്നത് ജില്ലയിൽ അതിനുള്ള സൗകര്യം ഇല്ലാഞ്ഞിട്ട് തന്നെയാണ്. 2013-ൽ കല്ലിട്ട കാസർഗോഡ് മെഡിക്കൽ കോളേജിന്റെ പണി പൂർത്തിയായിട്ടില്ല. ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം ജില്ലയിൽ ഉറപ്പാക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. ഒരു ന്യൂറോളജിസ്റ്റിനെ കാസർഗോട് നിയമിക്കാൻ എന്തുകൊണ്ടാണ് സർക്കാർ മടിക്കുന്നത്? മതിയായ ചികിത്സാസൗകര്യം ജില്ലയിൽത്തന്നെ ഉറപ്പാക്കണമെന്നതാണ് നാട്ടുകാരുടെ പ്രാധാന ആവശ്യം. മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ച ധനസഹായം കിട്ടാൻതന്നെ നിരവധി സമരങ്ങൾ നടത്തേണ്ടിവന്നു. പിന്നീട് ഇതിനായി 2017-ൽ സുപ്രീകോടതിക്കും ഇടപെടേണ്ടി വന്നു. മുഴുവൻ ആളുകൾക്കും ആജീവനാന്ത ചികിത്സയും ധനസഹായവും നല്കണമെന്ന് കോടതി ഉത്തരവിട്ടു. ഇവരുടെ ദൈന്യത പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഞാന്‍ ഡൽഹിയിൽ നടപടികൾ സ്വീകരിച്ചുവരുന്നതിനിടയിലാണ് കോവിഡ് മഹാമാരി പടർന്നതും രാജ്യം ലോക്‌ഡൗൺ ആയതും.
2019 ഫെബ്രുവരി മൂന്നിന് ഞാനും അംബികാസുതൻ മാങ്ങാടും ക്ലിഫ് ഹൌസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ഒത്തുതീര്‍പ്പു വ്യവസ്ഥയനുസരിച്ച് ദുരിതബാധിതരെ കണ്ടെത്തുന്നതിനുവേണ്ടി പ്രത്യേക മെഡിക്കല്‍ക്യാമ്പ് നടത്തുമെന്ന് തീരുമാനിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി നല്കിയ ഉറപ്പിനെയും റവന്യൂ വകുപ്പുമന്ത്രി നടത്തിയ പ്രഖ്യാപനത്തയും തള്ളിക്കളയുകയാണ് പിന്നീട് ജില്ലാ ഭരണകൂടവും കേരള സോഷ്യൽ സെക്യുരിറ്റി മിഷനും ചെയ്തത്. പുതിയ എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള പരിശോധന കേരളസർക്കാർ നിറുത്തി. 2017-ലാണ് സ്‌ക്രീനിങ്ങിനായി അവസാനമായി മെഡിക്കൽ ക്യാമ്പ് നടന്നത്. എല്ലാ വർഷവും സ്‌ക്രീനിംഗ് നടത്തുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഞങ്ങൾ പ്രതിഷേധിക്കുമ്പോഴെല്ലാം മാറിമാറിവന്ന സർക്കാരുകൾ വ്യാജവാഗ്ദാനങ്ങളാണ് നല്കുന്നത്. എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് അധികാരത്തിലേറിയവർ ഒന്നും ചെയ്യാതെ കബളിപ്പിക്കുകയായിരുന്നു. ജീവിതം നഷ്ടപ്പെട്ടവർ ഉത്തരവാദപ്പെട്ടവരോട് നിരന്തരം കലഹിക്കുമ്പോൾ ചിലതൊക്കെ ചെയ്ത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സൂത്രപ്പണികളാണ് ബന്ധപ്പെട്ടവര്‍ അനുവർത്തിക്കുന്നത്. ഇതില്‍ ക്ഷമ നഷ്‌ടപ്പെട്ടതുകൊണ്ടാണ് ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിൽ ഞാൻ നിരാഹാരം ആരംഭിച്ചത്. പ്രതിപക്ഷ നേതാക്കളും പൊതുസമൂഹ പ്രതിനിധികളും വിദ്യാര്‍ഥികളും മതനേതാക്കളും മാധ്യമസുഹൃത്തുക്കളും ഒട്ടേറെ മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരും ഐക്യദാർഢ്യം പ്രകടിപ്പിച്ച് എന്റെ കൂടെ ഉണ്ടായിരുന്നു എന്നത് എനിക്ക് വലിയ ഊർജമായി. പക്ഷേ, ഭരണത്തിലിരിക്കുന്നവരുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. സത്യത്തില്‍ കേരളത്തിലെ ജനാധിപത്യം മരിച്ചിരിക്കുന്നു. “ഞാനാധിപത്യം” ആണിവിടെ. മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ലാതെ ഇവിടെ ഒരു കാര്യവും നടക്കില്ല എന്നതാണ് സ്ഥിതി.. ഇത്രയുംനാൾ മധ്യപ്രദേശിൽ ജീവിച്ച എനിക്ക് എന്തെങ്കിലും കാര്യസാധ്യത്തിനുവേണ്ടി ഒരു രാഷ്ട്രീയക്കാരെയും കാണേണ്ടിവന്നിട്ടില്ല. ഉദ്യോഗസ്ഥതലത്തിൽ എല്ലാം തീരുമാനങ്ങളും എടുത്തിരുന്നു. എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാക്യാമ്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരം മുന്നോട്ട് വച്ചത്. ഈ ആവശ്യങ്ങളൊക്കെയും നടപ്പിലാക്കാൻ സർക്കാരിന് തടസ്സങ്ങളൊന്നുമില്ല എന്നതാണ് വസ്തുത. വിദേശത്തു നിന്ന് മടങ്ങിയെത്തിയ മന്ത്രിമാരുമായി നടന്ന കൂടിക്കാഴ്ചയിൽ തീരുമാനമായ കാര്യങ്ങൾക്ക് വിരുദ്ധമായാണ് എനിക്ക് ലഭിച്ച ആദ്യ കത്ത്. അതുകൊണ്ടുതന്നെ അതെനിക്ക് നിരസിക്കേണ്ടിവന്നു. മുന്നോട്ട് വച്ച ആവശ്യങ്ങള്‍ക്ക് രേഖാമൂലമുള്ള ഉറപ്പുകിട്ടാതെ സമരംപിന്‍വലിക്കില്ല എന്ന് ഞാൻ നേരത്തേ ഉറപ്പിച്ചിരുന്നു. അധികാരികളുടെ നിസ്സംഗത ആശ്ചര്യകരമാണ്. രേഖയില്‍ വേണ്ട തിരുത്തലുകൾ വരുത്തിയതിനു ശേഷമാണ് പതിനെട്ടുദിവസം സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ഉപവാസം അവസാനിപ്പിച്ചത്. സമരം താത്കാലികമായി മാത്രമെ നിര്‍ത്തിയിട്ടുള്ളൂ. എന്‍ഡോസള്‍ഫാൻ ദുരിതബാധിതര്‍ക്ക് സമഗ്രചികിത്സാ സൗകര്യം ലഭ്യമാക്കുന്നതുവരെ സമരം തുടരും.
ഭരണകൂടമുണ്ടാക്കിയ ദുരന്തത്തിന്റെ മാരകമായ മുറിവുണക്കാൻ ജനാധിപത്യ സംവിധാനത്തിന് ധാർമികമായ ഉത്തരവാദിത്വമുണ്ട്. അവരത് ചെയ്യുന്നില്ലെങ്കിൽ നീതിബോധമുള്ള പൊതുസമൂഹം ക്രിയാത്മകമായ ഇടപെടലുകൾ ഏറ്റെടുക്കേണ്ടതാണ്. ഇരകള്‍ക്കൊപ്പം ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് അവരുടെ അവകാശങ്ങള്‍ക്കായുള്ള പൊതു സമൂഹത്തിന്റെ പോരാട്ടം ജാഗ്രതയോടെ ഇനിയും ഉണ്ടാകണം. ഒപ്പം ഡല്‍ഹിയിൽ നടന്ന കർഷക സമരത്തിന്റെ മാതൃകയിൽ കേരളത്തില്‍ നടക്കുന്ന എല്ലാ മനുഷ്യാവകാശ ലംഘനത്തിനുമെതിരെ പ്രതികരിക്കാനും സംഘംചേരാനും ഒരു പൊതു ഇടം കണ്ടെത്തേണ്ടിയിരിക്കുന്നു. ജീവിക്കാനുള്ള അവകാശത്തിന്‍മേൽ ഭരണകൂടം നീതികേട് കാണിക്കുമ്പോൾ അത് തിരുത്താൻ ഇച്ഛാശക്തിയോടെ പോരാടിയാൽ ജനങ്ങൾ വിജയിക്കുമെന്നാണ് എന്റെ വിശ്വാസം.