തൊഴിൽതേടി, വിദ്യ തേടി പലായനങ്ങൾ – ഡോ. കെ. ബാബു ജോസഫ്

തൊഴിൽതേടി, വിദ്യ തേടി പലായനങ്ങൾ   – ഡോ. കെ. ബാബു ജോസഫ്

തൊഴിലിന്, വിദ്യയ്ക്ക്, അല്ലെങ്കിൽ രണ്ടിനുമായി അന്യനാടുകളിലേക്ക് പോകുന്ന  കേരളീയരുടെ സംഖ്യ അടിക്കടി വർദ്ധിച്ചുവരുന്നതിൽ ഉത്കണ്ഠപ്പെടുന്നവരുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ മറിച്ചുള്ള ഒരു പരിഹാരം ചിന്തനീയമല്ലെന്ന് ചൂണ്ടിക്കാട്ടുകയാണീ ലേഖനത്തിന്റെ ലക്ഷ്യം. ആഗോളവത്കരണം ഒരു യാഥാർത്ഥ്യമാകുന്നതിന് എത്രയോ മുമ്പ് ഇത്തരമൊരു പ്രതിഭാസത്തിന് ആരംഭം കുറിച്ചവരാണ് നമ്മൾ! ആദ്യമൊക്കെ, വിദ്യാഭ്യാസത്തേക്കാൾ തൊഴിലിനാണ് സംസ്ഥാനം വിട്ടവർ പ്രാമുഖ്യം നൽകിയത്. അസമർത്ഥതൊഴിൽ (unskilled labour) അല്ലെങ്കിൽ ചില്ലറ കച്ചവടം ഇതായിരുന്നു കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരിൽ ഒരു നല്ല പങ്കിന്റെയും ഉദ്ദേശ്യം. വേറൊരു തരത്തിൽ പറഞ്ഞാൽ ഈ പൂർവികർ അതിഥിതൊഴിലാളികളായിരുന്നു. വേറൊരു കൂട്ടർ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം ടൈപ്പ്‌റൈറ്റിംഗും ഷോർട്ട്ഹാന്റും പഠിച്ച് യോഗ്യതാ രേഖകളുമായി ചെന്നൈ, മുംബൈ, ദൽഹി, കൊൽക്കൊത്ത തുടങ്ങിയ ഇന്ത്യൻ മഹാനഗരങ്ങളിലേക്ക് വണ്ടികയറി. അവരെ അവിടെ സ്വാഗതം ചെയ്തത് ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ, പേഴ്‌സണൽ അസിസ്റ്റന്റ്, ക്ലർക്ക്, സെക്രട്ടറി തുടങ്ങിയ ജോലികളാണ്. ഡിഗ്രികളും മറ്റും സമ്പാദിച്ചിരുന്ന, ആനന്ദ് വിശേഷിപ്പിക്കുന്ന ഈ ‘ആൾക്കൂട്ട’ത്തിൽപ്പെട്ട ചിലർ, കഠിന പ്രയത്‌നത്തിലൂടെ, വിവിധ സ്ഥാപനങ്ങളുടെ ഭരണതലംവരെയെത്തി. സ്വന്തമായി സ്ഥാപനങ്ങൾ അല്ലെങ്കിൽ സംരംഭങ്ങൾ ആരംഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്. വേറൊരുപറ്റം തൊഴിൽ തേടിപ്പോയത് വിദേശത്തേക്കാണ്. ഗൾഫ് രാജ്യങ്ങൾ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ചുരുക്കം ചില ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയാണ് അവർക്കാശ്രയം നൽകിയത്. അമേരിക്കയിലും യൂറോപ്പിലും ഒക്കെ നമ്മുടെ ആളുകൾ ജോലിക്കായി പോയിത്തുടങ്ങിയത് ഒരു പിൽക്കാല കഥയാണ്. വൈവിധ്യമാർന്ന തൊഴിൽമേഖല ഇങ്ങനെ തുറന്നുകിട്ടിയതോടെ, വമ്പിച്ച വ്യാപാര സാധ്യതകളും മലയാളികളുടെ മുൻപിൽ തെളിഞ്ഞു. പ്രവാസി മലയാളികൾ എന്ന പൊതുസംജ്ഞയിൽ അറിയപ്പെടുന്ന ഇവർ കേരളത്തിൽ ഒരു പുത്തൻ സാമ്പത്തിക ഉണർവ് ഉണ്ടാക്കുകയും, മണിയോർഡർ സമ്പദ്‌വ്യവസ്ഥയെന്ന കളിപ്പേരിൽ വിശേഷിപ്പിക്കപ്പെട്ട ഒരു ക്രമത്തിന്റെ പ്രയോക്താക്കളാവുകയും ചെയ്തു. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന, വികസനത്തിന്റെ ‘കേരളമാതൃക’യുടെ ഉൽപ്പത്തി ഇങ്ങനെ ആയിരുന്നു.


കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകളിലാണ് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ കേരളത്തിൽ പുഷ്ടിപ്പെട്ടത്. അതിനുമുമ്പ്, ഒരു സാധാരണ ഡിഗ്രി സമ്പാദിക്കുന്നതിനുപോലും കുട്ടികൾ കേരളത്തിനു വെളിയിൽ പോയിരുന്നു. പ്രഫഷണൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, ഈ കുത്തൊഴുക്ക് ദീർഘകാലമായി തുടരുന്നു. ജോലിസാധ്യത കൂടുതലുള്ള കോഴ്‌സുകൾ എവിടെ ആരംഭിച്ചാലും അവിടെയെല്ലാം ചെല്ലും കേരളീയ വിദ്യാർത്ഥികൾ. ഉന്നതവിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യംതന്നെ ഒരു പ്രഫഷണൽ ബിരുദം നേടുക എന്നതാണെന്ന സമൂഹത്തിന്റെ ഇന്നത്തെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിന്, കൂണുപോലെ പൊട്ടിമുളച്ച കോച്ചിംഗ് സ്ഥാപനങ്ങളും ഒപ്പമുണ്ട്. പ്രവേശനപരീക്ഷകൾക്ക് കുട്ടികളെ തയാറാക്കുക എന്ന ജോലിയാണ് ഇവർ നിർവഹിക്കുക. സ്‌കൂൾ വിദ്യാഭ്യാസകാലം വിജ്ഞാനസമ്പാദനത്തിന് പൂർണമായി സമർപ്പിക്കാൻ അവരും രക്ഷിതാക്കളും തയ്യാറല്ല. അതിനാൽ പ്രഫഷണൽ കോഴ്‌സുകൾക്കുപോലും ചേരുന്ന കുട്ടികളുടെ ആശയവിനിമയ സാമർത്ഥ്യം, സാമാന്യ ഗണിതപരിജ്ഞാനം തുടങ്ങിയവയൊക്കെ കമ്മിയാണ്. പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരും ഇവരുടെ കൂട്ടത്തിൽ കുറവാണ്. കേരളത്തിൽ എല്ലാ തലങ്ങളിലും ലഭ്യമാകുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ സന്ദേഹമുണ്ട്. ശാസ്ത്രസാങ്കേതികം മാത്രമല്ല, മാനവികവിഷയങ്ങളുടെയും അഭ്യസനത്തിന്റെ ഗുണമേന്മ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ ഉയർച്ച ആഗ്രഹിക്കുന്നവർ, കുറഞ്ഞപക്ഷം സംസ്ഥാനത്തിന് വെളിയിലെങ്കിലും പോകുന്ന സ്ഥിതിവിശേഷമാണിവിടെ. മെരിറ്റിൽ പ്രവേശനം ലഭിക്കാതെ നാടുവിടുന്നവരാണ് ഈ കുടിയേറ്റക്കാരിൽ നല്ല പങ്കും എന്നാക്ഷേപമുണ്ടെങ്കിലും ഇവർ കേരളത്തിലേക്ക് മടങ്ങിവരുന്നത്, ഇവിടെ തങ്ങിയ സതീർത്ഥ്യരെ അപേക്ഷിച്ച് കൂടുതൽ സിദ്ധികളോടെയാവും.


കേരളത്തിന്റെ ചില സവിശേഷതകൾ


ഇന്ത്യയുടെ മൊത്തം വിസ്തീർണത്തിന്റെ 1.18 ശതമാനവും, ജനസംഖ്യയുടെ 2.76 ശതമാനവും ഉള്ള കേരളത്തിലെ ജനസാന്ദ്രത ഒരു സ്‌ക്വയർ കിലോമീറ്ററിൽ 859 പേരാണ്. 47.71 ശതമാനം പേർ നഗരങ്ങളിൽ പാർക്കുന്ന കേരളത്തിന് നഗരവത്കരണത്തിൽ, 2011-ലെ സെൻസസ് പ്രകാരം, രണ്ടാം സ്ഥാനമാണുള്ളത്. എന്നാൽ, പുതിയ സ്ഥിതിവിവരകണക്കുകളും പ്രവചനങ്ങളും സൂചിപ്പിക്കുന്നത്, പത്ത് വർഷത്തിനുള്ളിൽ കേരളീയരിൽ 95 ശതമാനവും നഗരവാസികളായിത്തീരുമെന്നാണ്. ഇവിടത്തെ പട്ടണങ്ങളിലെ പ്രതിവർഷ ജനപ്പെരുപ്പം 4.58 ശതമാനമാണ്. ഇന്ത്യയിലെ ഇതര നഗരങ്ങളിലെ ഈ നിരക്ക് 2.98 ശതമാനവും, ആഗോളതല നിരക്ക് 2.97 ശതമാനവും ആണെന്നോർക്കുക (ടൈംസ് ഓഫ് ഇന്ത്യ, കൊച്ചി പതിപ്പ്, ഒക്‌ടോബർ 10, 2022). കേരളം അഭിമുഖീകരിക്കാൻ പോകുന്ന സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും, സാംസ്‌കാരികവുമായ പടുകൂറ്റൻ പ്രശ്‌നങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണീ വിവരം. എന്നാൽ ഇതിനകം സാമൂഹിക വികസനരംഗത്ത് സംസ്ഥാനം അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടുതാനും.


മുഖ്യമായും, സേവനങ്ങളെ ആശ്രയിച്ചാണ് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മുന്നേറിക്കൊണ്ടിരിക്കുന്നത്. 2019-20 ലെ കണക്കുകളനുസരിച്ച് നമ്മുടെ വരുമാന സ്രോതസ്സുകളുടെ വിഭജനം ഇങ്ങനെ: സേവനവിഭാഗം 63 ശതമാനം, വ്യവസായങ്ങൾ 28 ശതമാനം, കൃഷി എട്ടു ശതമാനം. ദേശീയ ശരാശരിയെ അപേക്ഷിച്ച് കൂടുതലാണ് ഇവിടത്തെ പ്രതിശീർഷ വരുമാനം. ഈ അന്തരം അന്യസംസ്ഥാനതൊഴിലാളികളുടെ ഇരച്ചുകയറ്റത്തിന് കാരണമാകുന്നു. പ്രവാസി മലയാളികൾ അയയ്ക്കുന്ന അല്ലെങ്കിൽ മുടക്കുന്ന പണമാണ് കേരളത്തിന്റെ ഇപ്പോഴത്തെ ഐശ്വര്യത്തിന്റെ ആധാരം. 2012-ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിച്ച സ്റ്റേറ്റാണ് നമ്മുടേത് – 49,965 കോടി രൂപ! സ്റ്റേറ്റ് ജി.ഡി.പിയുടെ 31.2 ശതമാനമായിരുന്നു ഇത്. കേരളം നല്കുന്ന  സേവനങ്ങളിൽപ്പെട്ടവയാണ് ടൂറിസം, ആയുർവേദമുൾപ്പെടെയുള്ള വൈദ്യസേവനങ്ങൾ, വിദ്യാഭ്യാസം, ഐടി തുടങ്ങിയവ. ഇന്ത്യയുടെ ജി.ഡി.പി.യുടെ ഏകദേശം നാലു ശതമാനമാണ് കേരളത്തിന്റെ സംഭാവന.


കേരളത്തിന്റെ കണക്കിൽ, നെഗറ്റീവായ ചില വസ്തുതകളെ ഇനി പരിശോധിക്കാം. അഭ്യസ്തവിദ്യരുടെ ഇടയിലെ തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം. നേടിയ വിദ്യാഭ്യാസയോഗ്യത അനുസരിച്ചുള്ള തൊഴിൽ ഇന്നാട്ടിൽ കണ്ടെത്താൻ കഴിയുന്നില്ല. യുവാക്കളെക്കാൾ കൂടുതൽ യുവതികളാണ് തൊഴിലന്വേഷണരംഗത്ത് ഉള്ളത്. തൊഴിൽരഹിതരായ മലയാളികളിൽ 60 ശതമാനവും അഭ്യസ്തവിദ്യരായ വനിതകളാണ്. ഗ്രാജുവേറ്റുകളുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാൾ വളരെ കൂടുതലാണ്. പോസ്റ്റ് ഗ്രാജുവേറ്റുകളിൽ 25 ശതമാനവും, സാങ്കേതികവിദ്യാഭ്യാസ യോഗ്യത (എഞ്ചിനീയറിംഗ് അല്ലെങ്കിൽ പോളിടെക്നിക്) നേടിയവരിൽ 17 ശതമാനവും ഉദ്യോഗാർത്ഥികളാണ്.


സർക്കാർ ഉദ്യോഗങ്ങളിൽ ഭൂരിപക്ഷവും സ്ഥിരനിയമനങ്ങളാണ്. ഇവയ്ക്കുപുറമേ, താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി നടത്തുന്നു. 2010-നുശേഷം ഇത്തരം നിയമനങ്ങളുടെ എണ്ണത്തിൽ സാരമായ കുറവുണ്ടായിട്ടുണ്ട്. 2010-ൽ ഇത്തരം നിയമനങ്ങളുടെ സംഖ്യ 12,643 ആയിരുന്നത് 2013 ആയപ്പോൾ 8,841 ആയി കുറഞ്ഞു. 2019-നും അതിനുശേഷവും ഈ സംഖ്യകുറഞ്ഞുകൊണ്ടേയിരിക്കുന്നു. തൊഴിൽരംഗത്ത് ഒഴിവുകളും പുതിയ അവസരങ്ങളും ഉണ്ടാകുന്നില്ലെന്നാണിതിന്റെ പൊരുൾ. പോസിറ്റീവെന്ന കരുതാവുന്ന ഒരു വിവരം കൂടി ഇവിടെ രേഖപ്പെടുത്താം: ഇപ്പോഴത്തെ സർക്കാർ വന്നതിനുശേഷം 1.55 ലക്ഷം നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷൻ വഴി നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി 2021 ഫെബ്രുവരി 11-ലെ മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.