അപരിചിതർ നിറഞ്ഞ ഒരു വീട്ടിൽ – ഡോ.നിഷ

അപരിചിതർ നിറഞ്ഞ ഒരു വീട്ടിൽ  – ഡോ.നിഷ

ജീവിതത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥിയാണ് മരണം. ഈ ലോകജീവിതത്തിലെ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഒപ്പം മരണത്തിന്റെ ആകസ്മികത്വവും അതിന്റെ ഭീകരതയും എല്ലാ മനുഷ്യരെയും ദീർഘായുസ്സിനായി ആഗ്രഹിക്കുന്നവരും പ്രാർത്ഥിക്കുന്നവരുമാക്കിത്തീർക്കുന്നു. എന്നാൽ ലോകത്തിൽ ജീവിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന സഹജാവബോധത്തിനും ആഗ്രഹത്തിനും വിരുദ്ധമായി ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യജീവിതത്തിലെ ഒരു കാലഘട്ടമായിട്ടാണ് വാർദ്ധക്യകാലത്തെ ആംഗലേയ സാഹിത്യകാരനായ സാമുവൽ ജോൺസൻ ചിത്രീകരിക്കുന്നത്. വാർദ്ധക്യം ശാരീരിക-മാനസിക ആരോഗ്യത്തിന്റെ  ശിഥിലീകരണത്തിന്റെയും സുഖ-സന്തോഷങ്ങൾ ആസ്വദിക്കാൻ സാധിക്കാത്തതിന്റെയും  വലിയ ഏകാന്തതയുടെയും കടുത്തനിരാശയുടെയും ഒരു കാലഘട്ടമായിട്ടാണ് അദ്ദേഹം വിവരിക്കുന്നത്. വലിയ അസ്വസ്ഥത നിറഞ്ഞ ഈ ജീവിതകാലഘട്ടത്തിൽ ഉറ്റവരുടെയും ഉടയവരുടെയും സാന്നിധ്യവും സാമീപ്യവും ഇല്ലാതെ വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ അനുഭവങ്ങൾ പങ്കിടുന്ന ലേഖനം.


പ്രിയപ്പെട്ടവർ ഉപേക്ഷിച്ചതിന്റെ ദുഃഖവും നഷ്ടപ്പെട്ടുപോയ സൗഭാഗ്യങ്ങളെ ഓർത്തുള്ള നിരാശയും ശാരീരികമായ തളർച്ചയും വൃദ്ധസദനങ്ങളിൽ ജീവിക്കുന്നവരുടെ വ്യക്തിപരമായ ജീവിതത്തിൽ കടുത്ത അതൃപ്തിക്ക് കാരണമാകുന്നുണ്ട്. ഇതിനുപുറമെ,സുരക്ഷയുടെ പേരിലുള്ള പരിശോധനയും നിയന്ത്രണങ്ങളും സ്വാതന്ത്ര്യവും സന്തോഷവും നിഷേധിക്കപ്പെട്ട് ആർക്കുംവേണ്ടാത്ത ആർക്കും ഒരു ഉപകാരവുമില്ലാത്ത പാർശ്വവത്കരിക്കപ്പെട്ട സമൂഹമാണെന്ന ചിന്ത നല്കിക്കൊണ്ട് വ്യക്തിത്വത്തെ നിഷേധിക്കുന്ന ഇടമായി വൃദ്ധസദനങ്ങൾ മാറ്റപ്പെടുന്നുണ്ടോ എന്നുള്ള സന്ദേഹവുമുണ്ട്.


വാർദ്ധക്യത്തെയും വാർദ്ധക്യത്തിലായിരിക്കുന്നവരെയും കുറിച്ചുള്ള പഠനം ആഗോളതലത്തിൽ നിരന്തരമായ പരിവർത്തനങ്ങൾക്കും വളർച്ചക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ശരാശരി ആയുർദൈർഘ്യം ഗണ്യമായി വർധിച്ചിരിക്കുന്ന ഈ പുതിയ സാഹചര്യത്തിൽ അതിൽ നിന്നുയർന്നുവരുന്ന ധാർമികമായ ആശങ്കകളും, ആരോഗ്യത്തോടും ജീവിതശൈലിയോടുമുള്ള സമീപനത്തിൽ വരുന്ന മാറ്റങ്ങളും എങ്ങനെയാണ് വാർദ്ധക്യത്തെ മനോഹരമാക്കുക എന്ന ചോദ്യം, സോഷ്യൽ ജെറോന്റോളജിയുടെ സങ്കീർണതകളെയും അതോടൊപ്പം അതിന്റെ പ്രാധാന്യത്തെയും കൂടുതൽ ഗൗരവകരമാക്കുന്നു. 


കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉണ്ടായിട്ടുള്ള ഗുരുതരമായ സാമൂഹികവും ജനസംഖ്യാപരവുമായ മാറ്റങ്ങൾ കുടുംബം, ബന്ധുത്വം തുടങ്ങിയ സാമൂഹികഘടനകളിൽ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആയുർദൈർഘ്യം വർധിക്കുന്നത് മറ്റൊരു തലമുറയെ സാമൂഹിക ചട്ടക്കൂടിലേക്ക് ചേർത്തുകൊണ്ടാണ്. സാമ്പത്തികമായി വികസിതമായ പല രാജ്യങ്ങളിലും 80 വയസ്സും അതിനു മുകളിലും പ്രായമുള്ളവരാണ് മൊത്തം ജനസംഖ്യയുടെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗം. വാർധക്യത്തിന്റെ സമകാലിക പ്രതിസന്ധികൾ ലോകമെമ്പാടുമുള്ള വൃദ്ധസദനങ്ങൾ സ്ഥാപിക്കുന്നതിൽ പലമടങ്ങു് വർദ്ധനവ് വരുത്തി. 2006-ലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തെ മൊത്തം ജനസംഖ്യയുടെ 11% ആയിരുന്ന മുതിര്‍ന്ന പൗരന്മാരുടെ എണ്ണം 2050 ഓടെ  22% ആകുമെന്നാണ് കണക്കാക്കുന്നത്.


യു.എന്‍. പോപ്പുലേഷൻ ഫണ്ട് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒന്‍പത് കോടിയാണ് ഇന്ന് ഇന്ത്യയിലെ വൃദ്ധജനസംഖ്യ. 2050-ല്‍ ഇത് മുപ്പത്തിയൊന്നര കോടിയായി ഉയരും. അതായത്, 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തില്‍ ഇന്നത്തേതിന്റെ 360 ശതമാനം വര്‍ധനവുണ്ടാവും! അതോടെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ നാം ചൈനയെ കടത്തിവെട്ടും.


ആരോഗ്യപരിപാലനരംഗത്ത് വികസിത രാജ്യങ്ങൾക്കൊപ്പമുള്ള കേരളത്തിലും വയോജനങ്ങളുടെ ജനസംഖ്യ വർദ്ധിക്കുന്നു. 2020-ലെ സാമ്പത്തിക സർവേ പ്രകാരം കേരളത്തിൽ 43 ലക്ഷം വയോജനങ്ങളുണ്ട്. ആയുർദൈർഘ്യം പുരുഷന്മാരുടേത് 74 വയസ്സും സ്ത്രീകളുടെത് 80 വയസ്സുമാണ്. 2036 ആകുമ്പോഴേക്കും കേരളത്തിൽ അഞ്ചിലൊരാൾ മുതിർന്ന പൗരനായിരിക്കും. വയോജനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അവര്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും കൂടുകയാണ്. വലിയൊരു വിഭാഗം വയോജനങ്ങളും സ്വന്തം കുടുംബത്തില്‍ അവഗണനയും ദുരിതവും അനുഭവിച്ച് ജീവിതം തള്ളിനീക്കുകയാണ്.


കൊച്ചുകുട്ടികള്‍ക്കെന്നപോലെ ഏറ്റവും കൂടിയ പരിചരണം ആവശ്യമായി വരുന്ന ജീവിതാവസ്ഥയാണ് വാര്‍ദ്ധക്യം. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലും ജീവിതശൈലീരോഗങ്ങളാലും ബഹുഭൂരിപക്ഷം വൃദ്ധജനങ്ങളും കഷ്ടതയനുഭവിക്കുന്നവരാണ്. മക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹവാത്സല്യങ്ങളും പരിചരണങ്ങളും ഏറെ ആഗ്രഹിക്കുന്ന ഒരു ഘട്ടമാണിത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഏറെ ശ്രദ്ധയര്‍ഹിക്കേണ്ട വൃദ്ധജനങ്ങൾ ഇന്ന് അനുഭവിക്കുന്ന പീഢനകഥകൾ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടത്. ഒരായുഷ്‌കാലത്തെ സമ്പാദ്യം മുഴുവൻ മക്കൾക്കുവേണ്ടി ചെലവഴിച്ച് അന്ത്യനാളുകളിൽ നിരാശ്രയരായി പെരുവഴിയിൽ എത്തിപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാവില്ലേ? ഇന്ത്യയിലെ ഭൂരിഭാഗം വയോധികരും മക്കളിൽനിന്ന്  പീഡനം നിശ്ശബ്ദം ഏറ്റുവാങ്ങുകയാണെന്ന് ഹെല്പ് ഏജ് ഇന്ത്യയുടെ  പഠനങ്ങൾ വെളിപ്പെടുത്തുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി  വൃദ്ധരുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ഹെല്പ് ഏജ് ഇന്ത്യ. ഔദ്യോഗികമായി പരാതി നല്കാൻ പലരും മടിക്കുന്നു. അതിക്രമങ്ങളില്‍ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നുമില്ല. 


വൃദ്ധസദനങ്ങൾ


മധ്യവർഗ കോസ്‌മോപോളിറ്റൻ കേന്ദ്രങ്ങളിൽ അതിവേഗം ഉയർന്നുവരുന്ന ശ്രദ്ധേയമായ ഒരു പുതിയ പ്രതിഭാസമായി വൃദ്ധസദനങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയപ്പെടുന്ന നമ്മുടെ കേരളം തന്നെയാണ് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ ഉയര്‍ന്നു നില്ക്കുന്ന സംസ്ഥാനം. പുരുഷന്മാരെ അപേഷിച്ച് സ്ത്രീകളാണ് വൃദ്ധജനസംഖ്യയിൽ കൂടുതലുള്ളത്. അണുകുടുംബവ്യവസ്ഥയെ സാധാരണവത്കരിക്കുന്ന ഒരു സംസ്‌കാരത്തിൽ, വൃദ്ധസദനങ്ങൾ വഹിക്കുന്നപങ്ക് കൂടുതൽ പ്രസക്തമാവുകയും അതോടൊപ്പം ഉയർന്നുവരുന്ന ചോദ്യങ്ങൾ വർദ്ധിക്കുകയുംചെയ്യുന്നു. കുടുംബബന്ധങ്ങളിൽനിന്ന്‍ പുറത്താക്കപ്പെട്ട വയോജനവിഭാഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഈ സ്ഥാപനങ്ങൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും ഫലപ്രാപ്തിയും പരിശോധിക്കേണ്ടതുണ്ട്. സാമൂഹികസ്ഥാപനങ്ങൾ എന്ന നിലയിൽ വൃദ്ധസദനങ്ങൾ വാർദ്ധക്യത്തിന്റെ സമകാലിക പ്രതിസന്ധികളെ എങ്ങനെ  കൈകാര്യം ചെയ്യുന്നു, നയങ്ങളിലൂടെയും ഇടപെടലുകളിലൂടെയും അവിടത്തെ അന്തേവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നുണ്ടോ?


ഇന്ത്യയില്‍ ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ളത്  കേരളത്തിലാണ്. സര്‍ക്കാർ വിവരമനുസരിച്ച് സംസ്ഥാനത്ത് 322 വൃദ്ധസദനങ്ങളാണുള്ളത്. സർക്കാറിന്റെ 14 വൃദ്ധസദനങ്ങളും പകൽ ശുശ്രൂഷാകേന്ദ്രവും കൂടാതെയാണിത്. 2006-ല്‍ 150-ല്‍ താഴെ വൃദ്ധസദനങ്ങൾ ഉണ്ടായിരുന്നിടത്താണിത്.


ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഒരു വൃദ്ധസദനത്തിൽ വയോജനങ്ങളുടെ പരിപാലനം സംബന്ധിച്ചായിരുന്നു  എന്റെ ഗവേഷണം. ഇതിനായി  വൃദ്ധസദനങ്ങളിലെ താമസക്കാരുമായി വളരെ ഗഹനമായ ആശയവിനിമയം നടത്തുകയുണ്ടായി. അവരുടെ ജീവിതത്തെക്കുറിച്ചും അവരെങ്ങനെ ഈ ചുറ്റുപാടിൽ  എത്തി എന്നതിനെക്കുറിച്ചുമായിരുന്നു  പ്രധാനമായും ഞാന്‍ സംസാരിച്ചത്. അത്തരം സംഭാഷണങ്ങളിൽ  പലരും അസ്വസ്ഥരായിരുന്നു.   മിക്ക വിവരങ്ങളും വളരെ വ്യക്തിപരവും കുടുംബപരവും വേദനാജനകവും വൃദ്ധസദനത്തിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളും  ഉള്ളതിനാൽ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിൽ മടിച്ചിരുന്നു. ആശയവിനിമയത്തിലുടനീളം എന്നെ സ്പർശിച്ച ഒരു കാര്യം, താമസക്കാർ ഏതാണ്ട് ഒരേ പ്രായത്തിലുള്ളവരാണെങ്കിലും, സമാനമായ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കേണ്ടിവരുന്നവരാണെങ്കിലും അവർ പരസ്പരം സാന്ത്വനിപ്പിക്കുന്നവർ ആയിരുന്നില്ല എന്നതാണ്. പകരം, അവരുടെ സ്വന്തം പ്രശ്‌നങ്ങളിലും ബുദ്ധിമുട്ടുകളിലും അവരവരിൽത്തന്നെ ഒതുക്കാൻ അവർ ഇഷ്ടപ്പെട്ടു. ജീവന്റെയോ ആഗ്രഹത്തിന്റെയോ ഏതെങ്കിലും ശക്തിയെക്കാളും, രോഗങ്ങളും മരണാഭിലാഷങ്ങളുമാണ്  അവരുടെ അസ്തിത്വത്തെ നയിച്ചത് എന്ന് തോന്നിച്ചു.