Toggle Menu

4/29/2025, 7:17:55 AM

എന്തൊരു സ്പീഡ് ! ഒച്ചുകാലവും മനുഷ്യഭാവിയും – ഫാ.ഡോ.കെ.എം.ജോര്‍ജ്

അടൂരിന്റെ ‘കൊടിയേറ്റം’ സിനിമയിൽ (1978) അവിസ്മരണീയ കഥാപാത്രമാണല്ലോ ശങ്കരൻകുട്ടി (ഭരത് ഗോപി). ലോകവ്യവഹാരത്തിലും അതിന്റെ അനുഷ്ഠാനക്രമങ്ങളിലും താത്പര്യമില്ലാത്ത സ്വപ്നജീവിയായ ശങ്കരൻകുട്ടി അലസനും കാര്യപ്രാപ്തിയില്ലാത്തവനുമാണെന്ന് എല്ലാവരും വിധിയെഴുതി. ഒരുദിവസം അയാളെ നിർബന്ധിച്ച് പുതിയ ഷർട്ടും മുണ്ടും ധരിപ്പിച്ച്, ബന്ധുവീട്ടിൽ കല്യാണസദ്യക്ക് ഭാര്യ കൂട്ടിക്കൊണ്ടുപോകുന്നു. ചെളിയും വെള്ളവുമുള്ള മൺറോഡിലൂടെ നടക്കുമ്പോൾ ഒരു ലോറി പാഞ്ഞുവന്ന്, അയാളുടെ പുതിയ ഉടുപ്പും മുണ്ടും നിറയെ ചെളി തെറിപ്പിച്ച് കടന്നുപോയി. കഠിനമായ ദേഷ്യത്തോടെ ഭാര്യ നോക്കുമ്പോൾ അയാൾ അത്ഭുതംവിടർത്തിയ കണ്ണുകളോടെ, പാഞ്ഞുപോകുന്ന ലോറിയെ നോക്കി ആനന്ദപൂര്‍വം പറയുകയാണ്: “എന്തൊരു സ്പീഡ്!”


പുരോഗതി, വികസനം, ആധുനികവത്കരണം-നമ്മെയെല്ലാം ത്രസിപ്പിക്കുന്ന മൂന്നു വാക്കുകളാണിവ. “ആധുനിക ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാൻ” ആഗ്രഹിക്കുന്ന എല്ലാ ജനകീയസർക്കാരുകളും അധികാരത്തിലെത്താൻ വോട്ടു തേടുന്ന എല്ലാ രാഷ്ട്രീയക്കാരും നമുക്ക് വാഗ്ദാനം ചെയ്യുന്നത് പുരോഗതിയും വികസനവുമാണ്. ശാസ്ത്രീയ-സാങ്കേതികവിദ്യയുടെ ബഹുമുഖ മേഖലകളിലും ബിസിനസ്സിലും വിദ്യാഭ്യാസ-സാംസ്കാരിക വേദികളിലും മനുഷ്യരുടെ മറ്റെല്ലാ പ്രവർത്തനരംഗങ്ങളിലും ഇതേ വാക്കുകളാണ് നിരന്തരം മുഴങ്ങുന്നത്. ഈ വാക്കുകൾക്കും അവയുടെ പുറകിലുള്ള എല്ലാ സങ്കല്പനങ്ങൾക്കും അടിവരയിടുന്നത് ഒറ്റ വാക്കാണ് – ഇപ്പോൾ ‘പച്ചമലയാള’ത്തിൽ നാം പറയുന്ന ‘സ്പീഡ്’.


അഞ്ചാംതലമുറയിൽ(5G) എത്തിയ ഇന്റർനെറ്റ് ഡിജിറ്റൽ സംസ്കാരത്തിന്റെ ചാലകശക്തി സ്പീഡാണ്. വികസനത്തിന്റെയും ആധുനിക വത്കരണത്തിന്റെയും കൊടിയടയാളമായി അവതരിപ്പിക്കപ്പെട്ട കെ-റെയിൽ പദ്ധതിയുടെ ഏക ന്യായീകരണം അതു നല്കുന്ന യാത്രാ സ്പീഡാണ്.  


കൂടുതൽ കൂടുതൽ ചലനവേഗത ആർജിക്കാനുള്ള ബോധപൂര്‍വവും അദമ്യവുമായ അഭിനിവേശം ഒട്ടും പുതിയതല്ല. മനുഷ്യരെ മറ്റു ജീവജാലങ്ങളിൽനിന്ന് വേർതിരിക്കുന്ന നിരവധി സ്വഭാവവിശേഷങ്ങളിൽ ഒന്നാണിത്. മിക്ക ജീവികളും ഒരുപക്ഷേ, ഏറ്റവും വലിയ ചലനവേഗത കൈവരിക്കുന്നത് ശത്രുവിൽ നിന്ന് രക്ഷപ്പെടാനുള്ള സഹജമായ ശ്രമത്തിലാണ്. ഓടിയും ഇഴഞ്ഞും പറന്നും പക്ഷിമൃഗാദികൾ രക്ഷപ്പെടുന്നു. ഒരുകാലത്ത് മനുഷ്യർക്കും ഇതായിരുന്നു അവസ്ഥ. എന്നാൽ, ആയുധങ്ങൾ മനുഷ്യർ വികസിപ്പിച്ചതോടുകൂടി, ഓടിപ്പോകാതെ ശത്രുവിനെ നേരിടാനുള്ള സന്നാഹങ്ങൾ ഒരുങ്ങി. അതിന്റെ തുടർച്ചയാണ് ആധുനിക രാഷ്ട്രങ്ങൾ നടത്തുന്ന സൈനിക-ആയുധവത്കരണവും അതിനുവേണ്ടി ചെലവാക്കുന്ന അതിഭീമമായ സമ്പത്തും. മറ്റു ജീവികളെല്ലാം ഇപ്പോഴും പഴയരീതിയിൽ സഹജമായ ശാരീരിക പ്രത്യാക്രമണമോ ഓടിപ്പോക്കോ തുടരുന്നു.


കാത്തിരിക്കാന്‍ ആളില്ല


സ്പീഡിന്റെ സ്പീഡ് കൂടുന്തോറും സമാന്തരമായി നമ്മിൽ വർദ്ധിക്കുന്നത് അക്ഷമയാണ്. കാത്തിരിക്കാൻ നമുക്കു മഹാവിഷമം. അതു നമ്മെ ബോറടിപ്പിക്കുക മാത്രമല്ല, ചിലപ്പോൾ ഭ്രാന്തു പിടിപ്പിക്കുകയും ചെയ്യും.


ട്രാഫിക് ജാമിൽ പെട്ട് കിടക്കുന്നവർ നിർത്താതെ ഹോണടിക്കുകയും സർക്കാരും പൊലീസും ഉൾപ്പെടെ സകലരെയും ചീത്തപറയുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നത്  നമ്മുടെ റോഡുകളിലെ സ്ഥിരം കാഴ്ചയാണ്. തൊട്ടാൽ ഉടൻ തുറക്കാത്ത ഇന്റർനെറ്റും , സ്വിച്ചിട്ടാൽ കത്താൻ താമസംവരുന്ന ട്യൂബ് ലൈറ്റും


നമ്മുടെ സിരകളിലേക്ക് അരിശവും അക്ഷമയും പമ്പു ചെയ്യുന്നു. ടെലികോം കമ്പനികളും സർക്കാരുകളും എപ്പോഴും എവിടെയും നല്കേണ്ടത് കണക്ടിവിറ്റിയാണ്. ആധുനികതയുടെയും പുരോഗതിയുടെയും മുഖമുദ്രയാണത്. റേഞ്ചില്ലാത്ത, കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലം സ്വർഗം ആണെങ്കിലും അവിടെ കഴിയുവാൻ ആർക്കും താത്പര്യമില്ല. അത് വേണ്ടത്ര കിട്ടാതെ വന്നാൽ ആത്മഹത്യ ചെയ്യുന്ന ചെറുപ്പക്കാരുമുണ്ടല്ലോ നമ്മുടെ ലോകത്തിൽ. സകല മനുഷ്യബന്ധങ്ങളെയും വേഴ്ചകളെയും വിശ്വാസങ്ങളെയും എല്ലാം മൊബൈൽ സ്ക്രീനിൽ ഒതുക്കുന്ന നമ്മുടെ ഡിജിറ്റൽ സംസ്കാരത്തിൽ സ്പീഡ് ഇല്ലാത്ത അവസ്ഥ നരകമാണ്.


ചെറിയൊരു ഫ്ലാഷ് ബാക്ക് നല്ലതാണ്. നമ്മുടെ നാട്ടിൻപുറങ്ങളിൽ വൈദ്യുതിയും ഫോണും എത്തിയിട്ട് എത്രനാളായി? എണ്ണത്തിരി കത്തിക്കാൻ ഒരു തീപ്പെട്ടിപോലുമില്ലാതിരുന്ന കാലം ഓർക്കുന്ന വയോധികര്‍ നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും കാണും. രാവിലെ ഇരുട്ടോടെ എഴുന്നേറ്റാൽ, തലേദിവസം അടുപ്പിൽ


ഉമിയിട്ടു മൂടിയ കനലുകൾ ഊതി കത്തിച്ച് വീട്ടമ്മമാർ എല്ലാവർക്കും വെട്ടവും കട്ടനും ഒരുക്കിയിരുന്ന കാലം അത്ര വിദൂരമല്ലല്ലോ. ഇപ്പോൾ നാം എഴുന്നേറ്റാൽ സ്വിച്ച് പോലും തപ്പേണ്ട; ഒരു വാക്കു പറഞ്ഞാൽ വിളക്ക് തെളിയുന്നത്ര വിധം സ്മാർട്ടായി തുടങ്ങി നാം. കാലിഫോർണിയയിൽ ഇരുന്നുകൊണ്ട് കോട്ടയത്തെ വീട്ടിൽ വളർത്തുന്ന പട്ടിക്ക് തീറ്റ കൊടുക്കാനും അതിനോട് കിന്നരിക്കാനും കഴിയുന്നത് അത്ര നിസ്സാര കാര്യമൊന്നുമല്ല എന്ന് തോന്നാം പക്ഷേ, അത്തരം കാര്യങ്ങൾ അതിനിസ്സാരവുംഅനുദിന ചര്യയുമായിക്കഴിഞ്ഞു.


സ്ഥലകാലങ്ങളെ കുറിച്ചുള്ള അവബോധം സാധാരണക്കാരിൽ മാറ്റിയെടുത്തത് ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തമല്ല ഡിജിറ്റൽ യുഗത്തിന്റെ സ്പീഡാണ്. പ്രകാശത്തിന് കേവലവേഗത ഒരു സെക്കൻഡിൽ മൂന്നുലക്ഷം കിലോമീറ്റർ(1,86000 മൈല്‍) ആണെന്നും അതിനപ്പുറം വേഗതയാര്‍ജിക്കാൻ നമ്മുടെ ഭൗതികലോകത്തില്‍ മറ്റൊന്നിനും സാധ്യമല്ലെന്നും ഐൻസ്റ്റൈന്‍ പറഞ്ഞത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. കോട്ടയംകാരൻ ഇ.സി. ജോർജ്  (സുദര്‍ശന്‍) ടാക്കിയോൺ(Tachyon) എന്ന സൈദ്ധാന്തിക കണിക പ്രകാശത്തിന്റെ വേഗതയെ മറികടക്കുമെന്ന് കണക്കുകൂട്ടി പ്രവചിച്ചു. നൊബേൽ സമ്മാനത്തിന്റെ വക്കുവരെയെത്തി. വിദഗ്ധരായ വെള്ളക്കാർ അദ്ദേഹത്തിന്റെ ഭൗതികശാസ്ത്ര പരികല്പനകൾ ചുരണ്ടിയെടുത്ത്  കൊണ്ടുപോയി സമ്മാനം വാങ്ങിച്ചു. ആധുനികശാസ്ത്രത്തിന്റെ പരിണാമയുക്തി വെച്ചുനോക്കിയാൽ ഐൻസ്റ്റൈന്‍ന്റെ കേവലാധികാരത്തെ മറികടക്കുന്ന സിദ്ധാന്തങ്ങളും പ്രതിഭാസങ്ങളും നമ്മുടെ ലോകത്തിൽ ഉണ്ടാകാനുള്ള സംഭാവ്യതയെ ആർക്കും തള്ളിക്കളയാനാവില്ലല്ലോ. ഇവിടെയും സ്പീഡ് ആണ് താരം.