വൃദ്ധർ വരിഷ്ഠ പൗരർ ആകുന്നത് എതിരൻ കതിരവൻ

വൃദ്ധർ വരിഷ്ഠ പൗരർ ആകുന്നത് എതിരൻ കതിരവൻ

ഇന്ത്യക്കാർ പൊതുവേ വൃദ്ധജീവിതം അന്യരെ ആശ്രയിച്ചു കഴിയാനുള്ള വേളയെന്ന് ധരിച്ചു വശായവരാണ്. സാംസ്കാരികമായ പൊതുബോധം അതിശക്തമായിട്ടാണ് ഇത് തെര്യപ്പെടുത്തിയിരിക്കുന്നത്. ചരിത്രപരമായും ധാർമികബോധത്തിൽപ്പെട്ടുപോയതാണ് ഈ ധാരണയും അതിലുള്ള ബലമായ വിശ്വാസവും. ആധുനിക അവസ്ഥയിൽ ആഗോളീകരണത്തിന്റെ ബാക്കിപത്രങ്ങൾ സമൂഹത്തിൽ ഏല്പിക്കുന്ന ഇടപെടലുകൾ ഈ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവയാണ്. അത് ഒരു സ്വാഭാവികസംഗതിയായി ഉരുത്തിരിഞ്ഞതാണ്, സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളും മാറ്റങ്ങളും സംഭാവന ചെയ്തതുമാണ്. ഇന്നത്തെ വൃദ്ധർ പകച്ചുനില്ക്കുന്നെങ്കിൽ അത് സ്വാഭാവികമാണ്, അവർ അതിന്റെ കുറ്റം ഏറ്റെടുക്കേണ്ടതുമില്ല. നമ്മുടെ പാരമ്പര്യം ഏല്പിച്ചതാണ് ആ ആഘാതം.


അധികാരം നിർണയിക്കുന്ന അവകാശം അമ്മയും അച്ഛനും എന്നും കുടുംബനാഥർ ആയിരിക്കേണ്ടതുണ്ട് എന്ന വിശ്വാസമാണ് ഇതിൽ പ്രാഥമികമായിട്ടുള്ളത്. ഇന്റർനെറ്റ്/കമ്പ്യൂട്ടർ യുഗത്തിൽ കുടുംബം എന്നത് പുനർനിർവചിച്ചു കഴിഞ്ഞിരിക്കുന്നു. കുടുംബത്തിന്റെ ഘടനയിൽ മാറ്റം വന്നതുമാത്രല്ല മക്കളുടെ സാമീപ്യമെന്നതും ഇന്ന് ആപേക്ഷികമായിത്തീർന്നിട്ടുണ്ട്. ദൂരെയുള്ള മക്കളെ കണ്ടുകൊണ്ട് സംസാരിക്കാം. എന്നാൽ ഇത് പ്രശ്നങ്ങളുടെ പരിഹാരമാകുന്നില്ല. ജോലിയുണ്ടായിരുന്നവർ ആയിരുന്നെങ്കിൽ റിട്ടയർ ചെയ്തു കഴിയുമ്പോൾ, തൊഴിൽ ചെയ്തിരുന്നവർക്ക് അത് വയ്യാണ്ടാകുമ്പോൾ, മക്കൾ ജോലിയ്ക്കായി വീട് വിട്ട് പോയിക്കഴിയുമ്പോഴാണ് വാർദ്ധക്യം എന്നത് ഒരു ബാധയായി പിടികൂടിക്കഴിഞ്ഞിരിക്കുന്നു എന്ന ബോധം ഉണ്ടാകുന്നത്. നഷ്ടപ്പെട്ടുപോയ അധികാരത്തിന്റെ അംശങ്ങൾ തിരിച്ചുപിടിയ്ക്കാൻ വ്യഗ്രതയായി പിന്നെ. ഇത് നേരത്തെ തിരിച്ചറിയാതെ പോയവർക്കാണ് വാർദ്ധക്യം ഒരു ഷോക്ക് ആയിത്തീരുന്നത്. വൃദ്ധസദനം എന്ന ആശയത്തോട് വെറുപ്പോ പകയോ തോന്നിത്തുടങ്ങുന്നതും ആവലാതികളാൽ സ്വയം സാധൂകരണവിദ്യകൾ കണ്ടു പിടിയ്ക്കുന്നതും. ഈ കുടുംബാധികാര അവകാശം ഫ്യൂഡൽ വ്യവസ്ഥയുടെ ബാക്കിപത്രമായിട്ടാണ് ഇന്നും ഇന്ത്യയിൽ നിലനില്ക്കുന്നത്. കാർഷിക-ഭൂസമ്പദ് വ്യവസ്ഥയാണതിന്റെ അടിസ്ഥാനം. കാലം മാറിയിട്ടും ഇന്ത്യയിൽ ഇത് ഇന്നും ആഴത്തിൽ പണ്ട് പാകിയ വേരുകളുടെ ബലത്തിൽ പിടിച്ചു നില്ക്കുന്നു. വ്യവസായിക വിപ്ലവത്തോടെ പാശ്ചാത്യരാജ്യങ്ങളിൽ വന്ന മാറ്റങ്ങൾ ഇവിടെ അധികം അനുരണനങ്ങൾ സൃഷ്ടിച്ചില്ല. പൊടുന്നനവെയാണ്. ആഗോളവത്കരണം ഫ്യൂഡൽ വ്യവസ്ഥകളെയും സാമൂഹ്യ/കുടുംബനീതികളെയും വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയിൽ മുന്നറിയിപ്പില്ലാതെ, താനെ വീശിയടിച്ചത്. മക്കൾ അന്യദേശങ്ങളിലോ അന്യരാജ്യങ്ങളിലോ ചേക്കേറുന്ന പ്രവണത മാതാപിതാക്കൾ പ്രതീക്ഷിച്ച പരിണതി അല്ലാ എന്ന് വരുമ്പോൾ അതിനെ നേരിടാനുള്ള ആന്തരിക മനഃസ്ഥിതി വളർന്നു വന്നിട്ടില്ലാത്തതിനാൽ തരിച്ചു നില്‌ക്കേണ്ടി വരികയാണ്. മക്കളുടെ ഉടമസ്ഥാവകാശം തങ്ങളിലാണെന്ന സമൂഹനീതി ആഴത്തിൽ വേരോടിയ ഇന്ത്യൻ കുടുംബനീതിവ്യവസ്ഥയിൽനിന്ന് രക്ഷപെടാൻ എളുപ്പം ആവതില്ല മാതപിതാക്കൾക്ക്. ഇത് മാറിച്ചിന്തിക്കാനും അശക്തരാണ് അവർ. പേരന്റ്സ്-പുത്രർ ബന്ധങ്ങളിലെ അപാകം- ഉടമസ്ഥാവകാശം, അധീശത്വം എന്നിവയൊക്കെ- വിപരീതഫലവും ഉളവാക്കുന്നുണ്ട്. മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടെന്ന് ധരിക്കുകയോ അവരുടെ സ്വത്ത് കൈക്കലാക്കുന്നതിൽ ധാർമികത കണ്ടുപിടിയ്ക്കുകയോ മക്കളുടെ സമ്പദ് ദർശനങ്ങളിൽ പെട്ടതാകാനോ മതി. ഇത് സംഘർഷങ്ങളിലേക്ക് നയിക്കാൻ ഇടവരുത്തുകയും ചെയ്യുന്നു. മക്കളെ അന്യസംസ്ഥാനങ്ങളിലേക്കോ അന്യരാജ്യങ്ങളിലേക്കോ വിദ്യാഭ്യാസത്തിനുവേണ്ടി അയയ്ക്കാൻ യത്നിച്ചവർ തന്നെയാണ് അവർ ഒറ്റയ്ക്കാകുമ്പോൾ കണ്ണീരു പൊഴിയ്ക്കുന്നത്. ഉടമസ്ഥാവകാശം ചോർന്നു പോയതിലുള്ള കുണ്ഠിതവുമായിരിക്കണം ഇത്. മക്കളിൽനിന്നുള്ള മോചനം ഇന്ത്യൻ മാതാപിതാക്കൾക്ക് അത്യവശ്യമായി വന്നു ചേരേണ്ടിയിരിക്കുന്നു. പക്ഷേ, ഇതിനു സ്വന്തമായി നിലനില്പിനുള്ള തയാറെടുപ്പുകൾ ആവശ്യമാണ്. ആവുന്ന കാലത്ത് വാർദ്ധക്യകാലത്തെക്കുറിച്ച് ചില തീരുമാനങ്ങളെടുത്ത് അതിനുവേണ്ടിയുള്ള വിഭവങ്ങൾ സമാഹരിക്കണമെന്നുള്ള ബോധം തെളിയേണ്ടിയിരിക്കുന്നു. മക്കൾക്കുവേണ്ടി എല്ലാം ത്യജിക്കുന്ന മനോഭാവത്തിന്റെ മറുവശം വാർദ്ധക്യകാലത്ത് അവർ തങ്ങളെ പരിപാലിക്കാനുള്ളവരാണെന്നുള്ള വാശിയുടെ ഭാഗമാണ്. മക്കൾക്കുവേണ്ടി എത്ര സ്വത്ത് ചെലവാക്കണം എന്നുള്ളത് ശ്രദ്ധയോടെ ചിന്തിച്ചുറപ്പിക്കേണ്ടതുണ്ട്. വാർദ്ധക്യത്തിലെ ജീവിത വൈശിഷ്ട്യം (quality of life) എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ബോധം പ്രാഥമികാവശ്യങ്ങളിൽപ്പെടുന്നതായിരിക്കണം. പാശ്ചാത്യരാജ്യങ്ങളിലെ വരിഷ്ഠ പൗരർ വ്യാവസായിക വിപ്ലവത്തോടെ സമൂഹനീതികൾ മാറിമറിഞ്ഞതാണ് പാശ്ചാത്യരാജ്യങ്ങളിൽ വ്യക്തിനിഷ്ഠമായ ആലോചനകൾ ദൃഢതരമാക്കിയത്. വ്യക്തിയുടെ സ്വാസ്ഥ്യം എന്നത് ജനാധിപത്യത്തിന്റെ ഒന്നാം പരിഗണനയാണ് അവിടങ്ങളിൽ പണ്ടേ തന്നെ. ‘വൃദ്ധർ’ എന്ന വാക്ക് നിഷിദ്ധമാണ്, വരിഷ്ഠ പൗരർ (senior citizens) ആണവർ. ഈ മാറ്റത്തിനു വേണ്ടിയുള്ള നിയമനിർമാണങ്ങൾ ഒരൊറ്റദിവസംകൊണ്ട് രൂപവത്കരിച്ചെടുത്തതല്ല, പ്രത്യുത പലേ സാമൂഹ്യ/സാമ്പത്തിക ഘട്ടങ്ങളിൽക്കൂടെ കടന്നുപോയപ്പോൾ ആവശ്യാനുസരണം മാറ്റിയെടുക്കപ്പെട്ടതും പുനർമൂല്യാങ്കനം ചെയ്യപ്പെട്ടതും നവീകരിക്കപ്പെട്ടതും ആണ്. വാർദ്ധക്യത്തിലേക്ക് കടക്കുന്നവരുടെ പരിപാലന രീതിവ്യവസ്ഥകൾ പലേ ആശയങ്ങളിൽ നിന്ന് കടംകൊള്ളാനും പാശ്ചാത്യരാജ്യ ഭരണകൂടങ്ങൾ തയാറായിട്ടുണ്ട്. അമേരിക്കയിലെ ‘സോഷ്യൽ സെക്യൂരിറ്റി’, 'മെഡികെയർ' (Medicare) ആശയങ്ങൾ കാൾ മാക്സിന്റെ ‘ദാസ് ക്യാപിറ്റലി'ൽനിന്ന് കടം കൊണ്ടതാണെന്നുള്ള സത്യം തെല്ല് വിസ്മയിപ്പിച്ചേക്കും നമ്മളെ. ഇത്തരം നയങ്ങൾ പൊതുബോധത്തിൽ എത്തിച്ചേരുകയും സാവധാനം സ്വന്തം വാർദ്ധക്യത്തെക്കുറിച്ചും ആ വേളയിലെ സ്വാസ്ഥ്യപാലനത്തെക്കുറിച്ചും കൂടുതൽ അറിവ് ഉൾച്ചേർക്കാൻ പാകമാകുകയും ചെയ്തു. ഇത് സാവധാനം നടന്ന ഒരു പരിണാമമാണ്. ഇന്ത്യയിൽ ഇങ്ങനെ ഒരു നയം ഭരണകൂടം ഇന്നുവരെ ചിന്തിച്ചിട്ടില്ല എന്നുമാത്രമല്ല, അധികാരികളുടെ മനസ്സിൽ അത്തരം തോന്നുലുകൾ വന്നു ചേർന്നിട്ടുമില്ല. രാഷ്ട്രീയക്കാർക്ക് ഇത്തരം കാര്യങ്ങളിൽ അവബോധം തെല്ലുമില്ലെങ്കിൽ അത് നമ്മൾതന്നെ സൃഷ്ടിച്ചെടുത്ത വ്യവസ്ഥയുടെ ഭാഗമാണെന്ന് സമ്മതിച്ച് പിൻവാങ്ങുകയാണ് ഭേദം, അതിനുള്ള സാദ്ധ്യത ഉടനെയെങ്ങും ഉദയം ചെയ്യുമെന്ന് കരുതാനും വയ്യ. ക്രൂരതയുടെ പര്യായങ്ങളായ അച്ഛൻ, അമ്മ ഇന്ത്യയിൽ പൊതുവേ പുരാണപ്രോക്തവും പഴഞ്ചരക്കുമായ സൂക്തങ്ങൾ കുട്ടികളിൽ കള്ളത്തരങ്ങൾ അടിച്ചേല്പിക്കാൻ ഉപയുക്തമാകാറുണ്ട്. മാതാപിതാക്കളെ വന്ദിക്കണമെന്ന് സ്കൂളുകളിലും ഉപദേശങ്ങൾ നല്കപ്പെടുകയാണ്. പലപ്പോഴും ഇത് സത്യമല്ലെന്നും ഒരു വൻ മറ സൃഷ്ടിക്കലാണെന്നും കുട്ടികൾക്ക് തന്നെ മനസ്സിലാകാറുണ്ട് എന്നത് സമൂഹം അംഗീകരിക്കുന്നില്ല. കുട്ടികളെ ദേഹോപദ്രവമേൽപ്പിക്കുന്നത് കഠിനമായ കുറ്റമാണ്, പല രാജ്യങ്ങളിലും. അടികൊടുക്കുന്നതുകൊണ്ട്, അതുകൊണ്ട് മാത്രം, അച്ചടക്കം (discipline) കൈവരുത്താമെന്ന് ദൃഢമായി വിശ്വസിച്ച് അത് നടപ്പാക്കുന്നവരുടെ ലോകമാണ് ഇന്ത്യ. അതുകൊണ്ട് സ്വജീവിതം മെച്ചപ്പെട്ടെന്നും സ്വഭാവരൂപീകരണത്തിനു സഹായിച്ചെന്നും വിശ്വസിക്കുന്ന മക്കൾ ധാരാളമായുണ്ട് എന്ന സത്യം എങ്ങനെ ക്രൂരത പൊതു സൈക്കിൽ വെളുപ്പിച്ചെടുക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ്. ഉടമസ്ഥാവകാശം എന്ന തെറ്റിദ്ധാരണ കല്പിച്ചു നൽകിയ അധീശത്വം മാത്രമാണിത്. മക്കൾ അവഗണിക്കുന്നതായി വിലപിക്കുന്ന മാതാപിതാക്കൾ അവർ ചെയ്ത ക്രൂരതകൾ മറന്നേ പോകുന്നു. കഠിനമായ നിയമനിർമാണങ്ങൾകൊണ്ടേ ഈ മാനസികസ്ഥിതി മാറ്റിയെടുക്കാൻ സാധിക്കൂ. ഗുരുവായൂരിൽ നടതള്ളപ്പെടുന്ന വൃദ്ധജനങ്ങളിൽ ചിലർ, ഓണത്തിനു വീട്ടിലെത്താത്ത മക്കളെക്കുറിച്ച് വിലപിക്കുന്നവരിൽ ചിലർ, സ്വയം ആലോചിക്കേണ്ടതാണ് അവരുടെ പണ്ടത്തെ മക്കൾ സമീപനം. വൃദ്ധസദനങ്ങൾ, ക്ഷമിക്കണം, വരിഷ്ഠ പൗരസദനങ്ങൾ അത്യാവശ്യം ആയുർദൈർഘ്യം കൂടി വരുന്നത് ആഗോളപ്രതിഭാസമാണ്. 1900-ൽ ആയുർദൈർഘ്യം 50 വയസ്സ് ആയിരുന്നെങ്കിൽ 1930-കളായപ്പോഴേയ്ക്കും അത് 60 ആയിത്തീർന്നു. പോഷകാഹരലഭ്യത കൂടി, മെച്ചപ്പെട്ട ശുചിത്വരീതികൾ പലരോഗങ്ങളെയും അകറ്റി, മെഡിക്കൽ പരിപാലനത്തിനു വൻ ആക്കം കൂടി, ഇന്ന് ഇന്ത്യയിൽ 70 ആണത്. ജപ്പാനിൽ 84 ഉം അമേരിക്കയിൽ 79ഉം. റിട്ടയർ ചെയതവരുടെ എണ്ണം കൂടുകയാണ്, വാർദ്ധക്യത്തിന്റെ പ്രശ്നങ്ങൾ സമൂഹത്തിന്റെ മൊത്തം ബാദ്ധ്യതയായിരിക്കയാണ്. 55 വയസ്സിലോ 60 വയസ്സിലോ റിട്ടയർ ചെയ്യിപ്പിച്ച് വീട്ടിലിരുത്തുന്ന രീതിയാണ് നമുക്കുള്ളത്. അവരിൽ നിന്ന് സമൂഹത്തിനു എന്തെങ്കിലും ലഭിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുണ്ടെങ്കിൽ അവരെ ചെറിയ ഉത്തരവാദിത്തങ്ങളുള്ള ജോലികൾ ഏല്പിക്കേണ്ടതാണ്. പരസഹായം ആവശ്യമുള്ളവർക്ക് ആധുനിക സൗകര്യങ്ങളും വിനോദങ്ങൾക്കും കൂട്ടായ പ്രവർത്തികൾക്കും സൗകര്യങ്ങളും പ്രയോഗോപകരണങ്ങളും ഉള്ള വൃദ്ധസദനങ്ങൾ വേണ്ടിയിരിക്കുന്നു. മുൻചൊന്നതുപോലെ പാശ്ചാത്യരാജ്യങ്ങളിൽ ‘വരിഷ്ഠ പൗരസദന'ങ്ങളാണ്, 'വൃദ്ധസദന'ങ്ങൾ അല്ല. പക്ഷേ ഇന്ന് “വൃദ്ധസദനം” എന്ന പേരു കേട്ടാൽ ഞെട്ടിത്തെറിയ്ക്കുന്ന സമൂഹമാണുള്ളത്. മക്കൾതന്നെ മാതാപിതാക്കളെ പരിപാലിക്കണം എന്ന അപ്രായോഗികമായ നിർബന്ധബുദ്ധിയിൽ കുടുങ്ങിക്കിടക്കുകയാണ് നമ്മൾ. വയ്യാതായ അച്ഛനെ പരിപാലിക്കാൻ പ്രാപ്തിയുള്ള റോബോട് ഏർപ്പാടാക്കിയ മകനെ കുറ്റബോധത്തിലാക്കി അവൻതന്നെ റഷ്യയിലെ ജോലി കളഞ്ഞ് കേരളത്തിലെ ഗ്രാമത്തിൽവന്ന് താമസിക്കണം എന്ന് തെര്യപ്പെടുത്തുന്ന സിനിമകൾ (ആൻഡ്രോയിഡ് കുഞ്ഞപ്പൻ) നമ്മുടെ പൊതുബോധത്തിൽ പിന്തിരിപ്പൻ ആശയങ്ങൾ ആഞ്ഞു തറപ്പിച്ചിട്ടുണ്ട്. അച്ഛന്റെ അടുത്തില്ലാത്ത മകനെ പ്രതിക്കൂട്ടിലാക്കി മാത്രമാണ് കഥ മുന്നേറുന്നത്. പക്ഷേ ഫ്യൂഡൽ ചിന്തകളും പിന്തിരിപ്പൻ മതബോധങ്ങളും പഴകിദ്രവിച്ച കാർഷികവ്യവസ്ഥ (Agrarian) യെ പുണരുന്ന സമൂഹബോധവും വരിഷ്ഠ പൗരരെ നിർമിച്ചെടുക്കുന്നത് ദുഷ്ക്കരമാക്കുന്നു. പാശ്ചാത്യരീതികളുമായുള്ള സാംസ്കാരികവ്യത്യാസം അവിടത്തെപ്പോലെ ‘സീനിയർ സിറ്റിസൻസി'നെ ബഹുമാനിക്കാനും അവർക്ക് ഉചിത ഇടം മാനസികമായും ഭൗതികമായും സ്വരൂപിച്ചെടുക്കാനും തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. “വന്ദിപ്പിൻ മാതാവിനെ..’ എന്നൊക്കെയുള്ള കവിതകൾ കാല്പനികത സൃഷ്ടിക്കുന്ന ചമൽക്കാരങ്ങൾ മാത്രമായിത്തീരുകയാണുണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞ് അവർക്ക് സ്വാതന്ത്ര്യവും സ്വന്തം ഇടവും സൃഷ്ടിച്ചു കൊടുത്ത് ശരിക്കും ബഹുമാനിക്കാൻ പുതിയ തലമുറ പരിശീലിക്കേണ്ടിരിക്കുന്നു, പരിശീലിപ്പിച്ചെടുക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്, മാറിയ സമൂഹത്തിന്റെ ഉത്തരവാദിത്തവുമാണ്‌. മക്കളുടെ ഉടമസ്ഥരല്ല തങ്ങൾ എന്ന് മാതാപിതാക്കൾ സ്വയം ബോദ്ധ്യപ്പെടേണ്ടതുമാണ്.. ഭരണകൂടം നിയമങ്ങൾ നിർമിച്ചെടുക്കുകയും അവബോധം ആഴത്തിൽ വേരോടാനുള്ള വാതാവരണം സൃഷ്ടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പക്ഷേ, ഇത് ഒരു ചെറിയ കാലയളവുകൊണ്ട് സാധിച്ചെടുക്കാവുന്നതല്ല. ഭരണകൂടത്തിന്റെ ചക്രം തിരിക്കാൻ കയറുന്ന രാഷ്ട്രീയക്കാർ വിവേകജന്യമായ വിദ്യാഭ്യാസം ലഭിച്ചവരോ ദീർഘവീക്ഷണം ഉള്ളവരോ അല്ല എന്നത് വൻ പ്രതിബന്ധമാണ് സൃഷ്ടിക്കുന്നത്.