അങ്ങയുടെ സർഗാത്മക ജീവിതത്തെ കൗമാര-യൗവനകാലം  എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

സാഹിത്യപ്പെരുമ ഒട്ടും അവകാശപ്പെടാനില്ലാത്ത തൊടുപുഴയ്ക്കടുത്ത നെയ്യശ്ശേരിയെന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളര്‍ന്നത്. ധാരാളം വായിക്കുമായിരുന്നു. നാട്ടിലെ രണ്ട്  വായനശാലകളിലെയും യങ്ങ് കേരള ആര്‍ട്സ് ക്ലബ് എന്ന കലാസമിതിയുടെയും വാര്‍ഷികങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കുക  പതിവായിരുന്നു. സ്കൂളിലും കോളെജിലും നാടകങ്ങളിൽ പങ്കെടുത്തിരുന്നു.  ഒരു നടനാവണമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ല. കഥയെഴുതണം നോവലെഴുതണം എന്നതിലായിരുന്നു ആദ്യകാലത്തെ കമ്പം. വാരാന്തപ്പതിപ്പിലൊക്കെ കഥകൾ അച്ചടിച്ച് വന്നിട്ടുണ്ട്. എനിക്ക് വേണ്ട നിര്‍ദേശങ്ങളോ ഉപദേശങ്ങളോ തരാൻ ആ നാട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഞാൻ പഠിച്ച കോളെജിൽ വരെ!


നാടക രചനയിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണ്?


വളരെ യാദൃശ്ചികമായാണ് ഞാൻ നാടകരചനയിലേക്ക് വരുന്നത്. ധാരാളം നാടകങ്ങൾ വായിക്കുമായിരുന്നു. 1971-ൽ കോളെജ് ജീവിതം കഴിഞ്ഞ ഉടനെത്തന്നെ എനിക്ക് എഫ്.എ.സി.ടിയിൽ കെമിസ്റ്റ് ആയി ജോലി കിട്ടി. എം.എ ലിറ്ററേച്ചറിനു പോകാനായിയിരുന്നു എനിക്ക് താത്പര്യം. ജോലി കിട്ടിയപ്പോൾ അതുപേക്ഷിക്കാനും വയ്യ. കാരണം, തൊഴിലില്ലായ്മ രൂക്ഷമായിരുന്നു അന്ന്. പിന്നീട് അവിടെയുണ്ടായിരുന്ന ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലൊക്കെ ബന്ധപ്പെട്ടിരുന്നു. ഫാക്ട് ലളിതകലാ കേന്ദ്രത്തിന് എം.കെ.കെ നായരുടെ ഉത്സാഹത്തിൽ വന്ന തരക്കേടില്ലാത്ത നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നു. അവിടുന്നാണ് യുജിൻ ഓ നീലിന്റെ ഒമ്പത് നാടകങ്ങളുടെ ഒരു സമാഹാരം എന്റെ കൈയിൽ എത്തുന്നത്.  രാത്രി ഡ്യൂട്ടിയിൽ ഉറങ്ങാതിരിക്കാൻ വായന ശീലമാക്കിയിരുന്നു. അങ്ങനെ ഈ ഒമ്പത് നാടകങ്ങളും രണ്ടുമൂന്നു മാസം കൊണ്ട് ഞാൻ വായിച്ചു തീർത്തു.  ഇത് വായിച്ചപ്പോഴാണ് എനിക്ക് സാഹിത്യത്തിലെ മറ്റേതു ശാഖയെക്കാളും സര്‍ഗവൈഭവം ആവശ്യപ്പെടുന്നതും ജീവിതഗന്ധിയായതും നാടകമാണെന്ന തിരിച്ചറിവുണ്ടാകുന്നത്.


പിന്നീട് ഞാൻ ഗ്രീക്ക് നാടകങ്ങൾ, ക്ലാസിക്കുകൾ ഒക്കെ വായിക്കാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് കോറസ്സിനെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ഉറക്കംവരാത്ത ഒരു ഏകാന്തരാത്രിയിൽ പെട്ടെന്ന് എന്റെ മനസ്സിൽ മുളപൊട്ടിയ ഒരു പ്രമേയമാണ്  ഗ്രീക്ക് പുരാണത്തിലെ പ്രോമിത്യൂസിന്റെ കഥ.  കൂടുതലൊന്നും ആലോചിച്ചില്ല ഒറ്റയിരിപ്പിന് രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ എന്റെ ആദ്യത്തെ ഏകാങ്കനാടകമായി കണക്കാക്കപ്പെടുന്ന  ‘പ്രോമിത്യൂസ്’ എന്ന നാടകമെഴുതി തീർക്കുകയാണ്.  അവതരണ സാധ്യതയുള്ള ഒരു നാടകമാണെന്ന് വായിച്ചവർ പറഞ്ഞു.  


ആദ്യ നാടകത്തിന്റെ രംഗാവതരണ അനുഭവങ്ങൾ ?


നാടകരചനയെക്കാളും ബുദ്ധിമുട്ടുള്ള കാര്യമാണ് അത് അരങ്ങിലവതരിപ്പിക്കുക എന്നത്. അഭിനേതാക്കളടങ്ങുന്ന കലാകാരന്മാരെ സംഘടിപ്പിച്ചെടുക്കുന്നതിന്റെ പ്രയാസം നമ്മൾ വിചാരിക്കുന്നതിനുമപ്പുറമാണ്. എനിക്കന്ന്‌ നാടകം എഴുതിക്കഴിഞ്ഞിട്ട്‌ സംവിധാനം ചെയ്യപ്പെടേണ്ടതുണ്ടെന്ന്‌ അറിയില്ലായിരുന്നു.


1975 മുതൽ ഏകദേശം 1985 വരെയുള്ള  കാലമെന്നത് മലയാളത്തിലെ അമേച്വർ നാടകസംഘങ്ങളുടെ പുഷ്കല കാലമായിരുന്നു. നാടൊട്ടുക്കും വായനശാലകളും  നാടകസമിതികളും നാടകോത്സവങ്ങളും ഉണ്ടായിരുന്നു. കൂടാതെ, എല്ലാ വ്യവസായശാലകള്‍ക്കും സ്ഥാപനങ്ങള്‍ക്കും റിക്രിയേഷൻ ക്ലബ്ബുകളും. ഇവർ തമ്മിൽ നല്ല മത്സരവുമുണ്ടായിരുന്നു. കേരളത്തിൽ അറുനൂറിലേറെ കലാസമിതികൾ അന്നുണ്ടായിരുന്നു.ടിക്കറ്റ് വച്ച് പണം പിരിച്ച് എല്ലാ മാസവും നാടകം നടത്തിയിരുന്നു. പരസ്പരം മത്സരിച്ച് അഖിലകേരള ഏകാങ്ക നാടകമത്സരങ്ങൾ നടത്തിയിരുന്നു. 1976-ൽ ആലുവ മുനിസിപ്പൽ ലൈബ്രറിയുടെ ജൂബിലി പ്രമാണിച്ച് നടത്തിയ ഏകാങ്ക നാടകമത്സരത്തിൽ എനിക്ക് പരിചയമുള്ള ഒന്ന് രണ്ട് നടന്മാരെ വച്ച് ഒരുവിധത്തിൽ ഞാൻ തന്നെ സംവിധാനം ചെയ്താണ്  ‘പ്രൊമിത്യൂസ്’ ആദ്യമായി അരങ്ങേറുന്നത്. അന്ന് നാടകാവതരണത്തിന് രണ്ടാം സ്ഥാനവും നായകന് മികച്ച നടനുള്ള സമ്മാനവും ലഭിച്ചു. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടകരാളമായ ആ കാലഘട്ടത്തോടുള്ള എന്റെ പ്രതികരണമായി ‘പ്രോമിത്യൂസ്’ വിലയിരുത്തപ്പെട്ടു. 60-ഓളം നാടകമത്സരങ്ങളിൽ സമ്മാനം നേടിയ അത് സ്വന്തമായ മൂല്യം വിളംബരം ചെയ്യുകയുണ്ടായി. അതോടെ ഞാനൊരു നാടകൃത്തായി  അറിയപ്പെടാനും തുടങ്ങി.


അക്കൊല്ലംതന്നെ കേരള സംഗീത നാടക അക്കാദമി നാടകമത്സരം സംഘടിപ്പിച്ചിരുന്നു. മൂന്നു മേഖലാ മത്സരങ്ങളായിരുന്നു ആകെ. മധ്യമേഖലയില്‍നിന്ന്  ഏലൂർ ടി.സി.സിക്ക് വേണ്ടി എന്റെ ഏകാകികളുടെ താഴ്വര‘ എന്ന നാടകം അരങ്ങിലെത്തി. അതു പ്രേക്ഷകപ്രശംസ നേടിയെങ്കിലും നാടകത്തിനു മൂന്നാം സ്ഥാനവും രചനയ്ക്ക് രണ്ടാം സ്ഥാനവും മാത്രമേ കിട്ടിയുള്ളൂ. ആ നാടകം ഫൈനലിൽ കടന്നില്ല. രണ്ടേരണ്ട് കഥാപാത്രങ്ങൾ മാത്രം ഉള്ള ഇന്നത്തെ രീതിയിലും അന്നത്തെ രീതിയിലും വളരെ പുതുമയുള്ള അവതരണ രീതിയായിരുന്നു. യാഥാര്‍ഥ്യത്തിനുമപ്പുറമുള്ള ഒരു തലത്തിലായിരുന്നു രംഗാവതരണം. നാടകത്തിലെ ഭാഷ കാവ്യാത്മകവും ചടുലവുമായിരുന്നു.


നാടക പഠനക്കളരിയുടെ അനുഭവം വല്ലതുമുണ്ടോ?


കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ 1976-ൽ നാടകരചനയ്ക്കു മാത്രമായി ഒരു കളരി ആലുവ വൈ.എം.സി.എ ഹാളിൽ വച്ച് നടത്തിയതിൽ പങ്കെടുത്തിരുന്നു. അതിൽ സി.എൽ.ജോസ്, വയലാ വാസുദേവൻ പിള്ള, ശ്രീമൂലനഗരം മോഹനൻ തുടങ്ങിയവരും ഉണ്ടായിരുന്നു. ക്ലാസ്സുകൾ നയിച്ചിരുന്നത് സി.എൻ.ശ്രീകണ്ഠൻ നായർ, എൻ.എൻ.പിള്ള, കെ.ടി.മുഹമ്മദ് തുടങ്ങിയ മഹാരഥന്മാരായിരുന്നു. വ്യത്യസ്ത രചനാരീതികൾ അവിടെ നിന്നറിയാൻ സാധിച്ചു. നാടകവായനാവതരണരീതിയും പരിചയപ്പെട്ടു.