സമാധാനംകെടുത്തുന്ന വികസനപദ്ധതികൾ – ഡോ. റ്റിറ്റോ ഡിക്രൂസ്
കേരളത്തിന്റെ വികസനപ്രക്രിയകളിൽനിന്നു പുറംതള്ളപ്പെട്ടവരാണ് തീരത്തെ മത്സ്യത്തൊഴിലാളികളും മലയോരത്തെ ആദിവാസികളും. സാമൂഹിക-സാമ്പത്തിക സൂചികയിൽ പിന്നാക്കം നില്ക്കുന്ന ഇവരെ കേരളത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാനുതകുന്ന കർമപരിപാടികൾക്കു പകരം വികസന-തിമിരം ബാധിച്ച കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾ രാഷ്ട്രീയഭേദമെന്യേ കൂടുതൽ പാർശ്വവത്കരിക്കുന്ന മെഗാ-പദ്ധതികളുമായിട്ടാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.
സുസ്ഥിരവികസനത്തിന്റെ പേരിൽ തയാറാക്കിയ ഇന്ത്യുടെ ബ്ലൂ-ഇക്കോണമി നയം രാജ്യത്തിന്റെ ഉത്പാദനത്തിൽ സമുദ്രവിഭവങ്ങളുടെ പങ്ക് നിലവിലെ 1.1 ൽ നിന്ന് 4.1 ശതമാനമായി വർധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം ഉന്നം വച്ചുകൊണ്ടുള്ളതാണ്. ഈ പദ്ധതികളുടെ നടത്തിപ്പിലൂടെ, സമുദ്രജൈവവൈവിധ്യവും മത്സ്യസമ്പത്തും കൂടുതൽ നശീകരണത്തിന് വിധേയമാവുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം കൂടുതൽ പ്രധിസന്ധിയിലാവുകയും ചെയ്യും. നിലവിൽ അശാസ്ത്രീയമായി നിർമിച്ച തുറമുഖങ്ങൾക്കും മറ്റു നിർമാണങ്ങൾക്കും പുറമേ, ഈ നയം ശുപാർശചെയ്യുന്ന പുതിയ തുറമുഖ-ശൃംഘലകളുടെ നിർമാണവും നടത്തിപ്പും കൂടിച്ചേരുമ്പോൾ ഇപ്പോഴത്തെ വർധിച്ച തീരശോഷണവും കടൽകയറ്റവും അതിരൂക്ഷമാകും.
തിരുവനന്തപുരം തീരത്തെ സംരക്ഷിച്ചിരുന്നത് ഇവിടത്തെ വിശാലമണൽപ്പുറങ്ങളായിരുന്നു. പ്രകൃത്യായുള്ള ഈ തീരനിർമിതിയിൽ വർദ്ധിച്ചതോതിൽ തീരരേഖാ മാറ്റങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി അമിതതോതിൽ കണ്ടുതുടങ്ങിയതെന്തുകൊണ്ട്? 2015-ലെ വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യതുറമുഖ നിർമാണശേഷം ആദ്യമായി ശംഖുമുഖം ബീച്ചും എയർപോർട്ട് റോഡും വലിയതുറ കടൽപ്പാലവും കോവളം ബീച്ചും വേളി ടൂറിസം നിർമാണവും തകർന്നതെന്തുകൊണ്ട്? തുറമുഖ നിർമാണ-തീരശോഷണ ഫലമായി ക്യാമ്പുകളിലും മറ്റും വർഷങ്ങളായി നരകയാതന അനുഭവിച്ചു സെക്രട്ടറിയേറ്റിന്റെ മൂക്കിനുതാഴെ കഴിഞ്ഞുകൂടുന്ന തീരവാസികളെ സർക്കാർ കണ്ടില്ലെന്നുനടിക്കുന്നതെന്തുകൊണ്ട്? വികസനം എന്ത്? എങ്ങനെ? ആർക്ക്? എന്നീ അടിസ്ഥാനചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്.
വലിയതോതിൽ കടൽ നികത്തിയും അതിനുകുറുകെ വൻപുലിമുട്ട് ഒരുക്കിയുമാണ് വിഴിഞ്ഞം വാണിജ്യതുറമുഖനിർമാണം പുരോഗമിക്കുന്നത്. നാളിതുവരെ ഏകദേശം മൂന്നിലൊന്ന് മാത്രം പുലിമുട്ടു നിർമാണവും മണൽവാരലും (dredging) പിന്നിട്ടപ്പോൾത്തന്നെ പോർട്ടിന്റെ വടക്ക് 20 കിലോമീറ്റർ വ്യാപ്തിയിൽ 12 തീരഗ്രാമങ്ങൾ കടലിൽ താഴ്ന്നുതുടങ്ങി. കൂടാതെ, നിലവിലെ വിഴിഞ്ഞം ഫിഷിംഗ്ഹാർബറിനുള്ളിൽ പതിവില്ലാതെ തിരയിളക്കമുണ്ടാവുകയും കടലിൽനിന്നുള്ള ഹാർബറിന്റെ പ്രവേശനകവാടത്തിൽ മണ്ണടിഞ്ഞ് മണൽതിട്ട രൂപപ്പെടുകയും മൂലം കഴിഞ്ഞ മൺസൂൺകാലത്ത് മൂന്ന് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടു. തുറമുഖനിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് കപ്പൽചാനൽ (Shipping channel), നോ-ഫിഷിങ് സോൺ (No-fishing zone), സ്പെഷ്യൽ ഇക്കണോമിക് സോൺ (Special Economic Zone) തുടങ്ങി ഭാവിയിൽ വരാൻപോകുന്ന നിയന്ത്രണങ്ങൾ ഈ തീരത്തെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഭീഷണിയുമുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യതുറമുഖത്തിന്റെ കടന്നുവരവിനുശേഷം “കരവയ്ക്കൽ കരഎടുക്കൽ” (accretion and erosion) പ്രക്രിയകൾക്ക് ആക്കം കൂട്ടിയതിനാൽ കഴിഞ്ഞ മൺസൂൺ കാലയളവിൽ, നൂറോളം വീടുകളും നിരവധിറോഡുകളും കടൽകയറ്റത്താൽ നഷ്ടമായി. അടിയന്തിരമായി ഈ തുറമുഖനിർമാണം നിർത്തിവച്ച് ഒരു ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിൽ നിർമാണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കണമെന്ന ആവശ്യമാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്. കൂടാതെ ബീച്ച്-ലാൻഡിംഗ് മത്സ്യബന്ധനം പുനഃസ്ഥാപിക്കുന്നതിന് നഷ്ടപെട്ട ബീച്ച് പുനഃസൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കുക, വീടുനഷ്ടപെട്ടവർക്ക് ആനുപാതിക നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മത്സ്യത്തൊഴിലാളി-കർഷക സംയുക്തസമരസമിതിയും തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയും ഈ തുറമുഖനിർമാണത്തിനെതിരെ കഴിഞ്ഞ ഏതാനും മാസങ്ങളായി സമരം ചെയ്തുവരുന്നത്.
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS)നെക്കൊണ്ട് “ഇത് ശോഷണതീരം അല്ല” എന്ന് കോടതിയിൽ കള്ളം പറയിച്ചിട്ടാണ് പാരിസ്ഥിതിക അനുമതി നേടിയത്. ലക്ഷക്കണക്കിന് ടൺ പാറകളാണ് സഹ്യപർവത നിരകളിൽനിന്ന് ഇതിനായി ഖനനംചെയ്യുന്നത്. മോഹനവാഗ്ദാനങ്ങൾ നല്കിയും ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രം (divide & rule) പയറ്റിയുമാണ് ആരംഭകാലത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ സർക്കാർ നേരിട്ടത്. ലാഭകരമല്ലാത്തതും ഖജനാവിന് നഷ്ടംവരുത്തുന്നതും കോർപ്പറേറ്റുകൾക്ക് കടലും കരയും തീരവും ആകാശവും തീറെഴുതികൊടുക്കുന്നതും സഹ്യപർവത-കടൽത്തീര-കടൽപരിസ്ഥിതികളെ തകിടം മറിക്കുന്നതും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നതുമായ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖ പദ്ധതിയെ പൊതുസമൂഹത്തിന്റെയും സാമൂഹികസംഘടനകളുടെയും പിന്തുണയോടെ എതിർത്തുതോല്പിക്കേണ്ടത് അനിവാര്യമാണ്.
നീതിക്കുവേണ്ടിയുള്ള തീരദേശജനതയുടെ പോരാട്ടത്തെ വര്‍ഗീയവത്കരിച്ച് അവരുടെ ജീവത്പ്രശ്നത്തിന്റെ ഗൗരവത്തെ കണ്ടില്ലെന്നു നടിക്കുന്ന സർക്കാർ – കോർപ്പറേറ്റ് കൂട്ടുകെട്ടിനെക്കുറിച്ച് കേരളീയ സമൂഹം ജാഗരൂകരാകേണ്ടിയിരിക്കുന്നു.