നീതിബോധം ആവേശിക്കാത്ത സമൂഹവും വ്യര്ത്ഥകാലവും – ആനന്ദ്- കെ. അരവിന്ദാക്ഷന്
കെ.അരവിന്ദാക്ഷന്: 1969-ലാണ് ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഇറങ്ങുന്നത്. പിറ്റെക്കൊല്ലം മാര്‍ച്ചില്‍ ആനന്ദിന്റെ ‘ആള്‍ക്കൂട്ട’വും. ഖസാക്കിന്റെ ഇതിഹാസം താമസിയാതെ ആധുനികതയുടെ പ്രതീകമായി മാറി. ആള്‍ക്കൂട്ടത്തെ ആധുനികതയിലും, ഉത്തരാധുനികതയിലും ഉള്‍പ്പെടുത്തിയതായി കാണാറില്ല. ആനന്ദിന്റെ രചനകളെ ഏതെങ്കിലും കള്ളികളില്‍ ഒതുക്കാനാവില്ല; സൈദ്ധാന്തികര്‍ക്ക്. അവ ഇവയുടെയെല്ലാം ഷെല്‍ഫുകളില്‍നിന്ന് വേറിട്ട് മറ്റെവിടെയോ ആണെന്ന് തോന്നുന്നു. ഖസാക്കിന്റെ ഇതിഹാസത്തിന്റെയും മറ്റു ‘ആധുനിക’ രചനകളുടെയും ഭാഷാ ലോകമല്ല ആനന്ദിന്റേത്. അത് ലാവണ്യത്തിന്റെയോ സൗകുമാര്യത്തിന്റെയോ ഭാഷയല്ല. അതുവരെ മലയാളസാഹിത്യം കണ്ടുപരിചയിക്കാത്ത ഭാഷ. ഒറ്റയിരുപ്പിന് വായിച്ച് പോകാവുന്നവയല്ല അവ. ഭാഷയില്‍ ഏതെങ്കിലും തരത്തിലുള്ള ശാഠ്യം ആനന്ദ് കാണിക്കുന്നില്ല. സംഭാഷണങ്ങള്‍പോലും ഗ്രാമ്യഭാഷയുടെ ഏണുകോണുകള് സ്വീകരിക്കുന്നില്ല. തന്റെ കൃതികളിലൂടെ ഒരു ഭാഷാലോകം ആനന്ദ് രൂപപ്പെടുത്തിയിട്ടുണ്ട്. അത് മനഃപൂര്‍വമല്ല. തന്റെ ഉള്ളിലുള്ളത് പറയാന്‍ ആവശ്യമായ ഭാഷ ആനന്ദില്‍ വന്നു ചേരുന്നു. പല കൃതികള്‍ കഴിയുന്നതോടെ അത് ആനന്ദിന്റെ ഭാഷയായി മാറുന്നു. ആനന്ദിന്റെ ഭാഷയുടെ മൗലികസ്വഭാവമായിത്തീരുന്നു.
നോവല്‍, ചെറുകഥ, ലേഖനം, പഠനം എന്നിവയുടെ രചനകളെ ആനന്ദ് വ്യത്യസ്തമായി കാണുന്നില്ലെന്ന് വായനയില്‍ അനുഭവപ്പെടാറുണ്ട്. നോവലിലെയോ ചെറുകഥയിലെയോ കേന്ദ്രവിഷയം ലേഖനത്തിലും പഠനത്തിലും കണ്ടുമുട്ടാറുണ്ട്.
ചിലര്‍ ആനന്ദിനെ നോവലിസ്റ്റോ ചെറുകഥാകൃത്തോ ആയി കാണുവാന്‍ വിസമ്മതിക്കുന്നു. അവരുടെ വീക്ഷണത്തില്‍ ആനന്ദ് തത്ത്വചിന്തകനോ ദാര്‍ശനികനോ ആണ്. നോവലിനും ചെറുകഥയ്ക്കും വേണ്ടതായ വൈകാരിക പിരിമുറുക്കങ്ങളും നാടകീയതകളും അവയ്ക്കില്ലെന്നാണ് അത്തരക്കാരുടെ വിമര്‍ശനങ്ങള്‍. ആനന്ദില്‍ ഒരു ശില്പിയും കവിയും നാടകകൃത്തും ഉണ്ട്. ഒന്നില്‍നിന്ന് മറ്റൊന്നിനെ എന്തിന് വേര്പെടുത്തിക്കാണണം എന്ന ബോധ്യമുള്ള വ്യക്തി…
ആനന്ദ്: കൃതിയല്ലേ ആദ്യം ഉണ്ടാകുന്നത്? എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. കൃതിയുടെ പിന്നിലുള്ളതാകട്ടെ വിഷയവും; അതിന് ബീജം നല്‍കുന്നത്, ഊര്‍ജം പകരുന്നത്, കര്‍ത്താവിന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. ബാക്കിയെല്ലാം ശൈലി, പ്രസ്ഥാനം, ലാവണ്യം, എന്തിന് രൂപം തന്നെ – നോവലോ, കഥയോ, നാടകമോ, ലേഖനമോ, കവിതയോ ഒക്കെ – അനുവാചകനും പിന്നീട് നിശ്ചയിക്കാം, നിശ്ചയിക്കണമെങ്കില്ത്തന്നെ.
ഒരു ഉദാഹരണം പറയാം. രണ്ട് മഹായുദ്ധങ്ങള്‍, അണുബോംബ്, ഒരു മഹാവിപ്ലവം, മഹാമാരികള്‍ ഇങ്ങനെ ആഴത്തില്‍ ആഘാതമേല്പിക്കുന്ന പലതിലൂടെയും കടന്നുപോയി ലോകം കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍. വിഭ്രാന്തമായ ഒരു അവസ്ഥയിലെത്തിച്ചു ഇവ മനുഷ്യ മനസ്സിനെ. ബൗദ്ധികവും സംസ്കാരികവുമായ നീണ്ട അഭിയാനങ്ങള്, ശാസ്ത്രം എല്ലാം എവിടെയാണ് എത്തിച്ചത്? എല്ലാത്തിനോടും വൈമുഖ്യവും, ജീവിതം നിരര്‍ത്ഥകമാണെന്ന ചിന്തയും കൊണ്ടുചെന്നെത്തിച്ച നിഷ്ക്രിയത്വം പ്രതിഫലിപ്പിക്കുന്ന കൃതികള്‍ പലതും അന്നുണ്ടായി. പക്ഷേ, അതൊരു പ്രസ്ഥാനമായിരുന്നില്ല, ഒരു അവസ്ഥ മാത്രമായിരുന്നു. മെഷീന് നിഷ്ക്രിയമാകുമ്പോള്‍ മോണിട്ടറില്‍ സ്ക്രീന്‍ സേവര്‍ പോലെ. താമസിയാതെ ബൗദ്ധികലോകം സക്രിയമായി. സൈദ്ധാന്തികര്‍ പുതിയ പ്രസ്ഥാനപ്പേരുകള് അന്വേഷിച്ചു.
കൃതിയുടെ ഭാഷ അതിന്റെ രചനയോടൊപ്പം വികസിക്കുന്ന അനുഭവമാണ് എനിക്കുള്ളത്. ഒരു കൃതിയുടെ രചന ഒരു ലഃുഹീൃമശേീി ആണ്. നോവലാണെങ്കില്‍ കഥാപാത്രങ്ങള്‍ അയാളുടെകൂടെ ചേരുന്നു. അല്ലെങ്കില്‍ അയാളുടെ ഒപ്പം ഉള്ളവരോ മുമ്പുണ്ടായിരുന്നവരോ, പതുക്കെപ്പതുക്കെ കാണാമറയത്തു നില്ക്കുന്ന വായനക്കാരന് എന്ന് നാം വിശേഷിപ്പിക്കുന്ന, വാസ്തവത്തില്‍ അയാളെ ചോദ്യം ചെയ്യുന്ന അദൃശ്യസമൂഹം കടന്നുവരുന്നു. ഒടുവില്‍ മുഴുമിക്കാത്ത കൃതിയെ (എല്ലാ കൃതികളും മുഴുമിക്കാത്തവയാണ്) അവര്‍ക്ക് കൈമാറി അയാള്‍ വിരമിക്കുന്നു. ഇങ്ങനെയുളള ഒരു ക്രമത്തെ ആലോചിച്ചുനോക്കൂ…എനിക്ക് അതാണ് ഉണ്ടാകുന്നത്.
അരവിന്ദാക്ഷന്: ‘ആള്‍ക്കൂട്ട’മാണ് ആനന്ദിന്റെ രചനാലോകത്തിന്റെ പ്രഭവകേന്ദ്രമെന്ന് തോന്നാറുണ്ട്. അതില്‍ ചേര്‍ന്നിട്ടുള്ള ഇഴകളില്നിന്നാണ് പിന്നീടുണ്ടായ കൃതികള്‍ രചിക്കപ്പെടുന്നതെന്നും. മലയാളം അതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രമേയവും ലോകവും മനുഷ്യരുമാണ് ‘ആള്‍ക്കൂട്ട’ത്തിലുള്ളത്. ഏതെങ്കിലും വിധത്തില്‍ വിദൂരമായ അടുപ്പം ‘ആള്‍ക്കൂട്ട’ത്തിനുള്ളത് ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവലിനോടാണ്. അതിലെ വിശ്വന് വളര്‍ന്ന് നഗരത്തിലെത്തിയതായിത്തോന്നും ‘ആള്‍ക്കൂട്ട’ത്തിലെ സുനിലിലെത്തുമ്പോള്. അതുപോലത്തന്നെ ‘സുന്ദരി’കളിലെ രാധയ്ക്ക് ‘ആള്‍ക്കൂട്ട’ ത്തിലെ രാധയുടെ ഛായ തോന്നാം. ഒരു പാന്‍-ഇന്ത്യന്‍ പരിസരത്തിന്റെ താഴ്ന്ന സ്ഥായി ഭാവം ‘സുന്ദരികള്‍ക്കും സുന്ദരന്മാര്ക്കു’ണ്ടെങ്കിലും ‘ആള്‍ക്കൂട്ടം’ ഒരു പാന്‍ ഇന്ത്യന്‍ നോവലാണ്. മലയാളത്തില്‍ ആദ്യത്തേത്. അതില്‍ നാം അനുഭവിക്കുന്ന വിചാരങ്ങളെല്ലാം യൂണിവേഴ്സലാണ്. മലയാള നോവല്‍ അതുവരെ സംവദിക്കാത്ത പുതിയ ഒരു ഇടമാണ് ‘ആള്‍ക്കൂട്ടം’ തുറന്നിടുന്നത്.
ആനന്ദ്: 1960 ലാണ് ഞാന്‍ ആള്‍ക്കൂട്ടം എഴുതിത്തുടങ്ങിയത്. എന്റെ കൈയില്‍ ഒരു കഥയോ, രൂപമോ ഇല്ലായിരുന്നു. ഉണ്ടായിരുന്നത് കുറെ ആളുകളും. 1957 ല്‍ തുടങ്ങുന്ന സമയക്രമവും. കൊല്ലങ്ങള്‍ക്ക് മുമ്പ് അവരില്‍നിന്ന് ഞാന്‍ വേര്പിരിഞ്ഞപ്പോള് സമയം 1963 ല്‍ നിന്നു. വിഷയം കാലമനുസരിച്ച് നീങ്ങിക്കൊണ്ടിരുന്നു. ഞാന്‍ നിര്‍ത്തിയപ്പോഴും അത് നിന്നില്ല, ുൗയഹശര റീാമശി ലേയ്ക്ക് മാറ്റപ്പെട്ടു എന്നു മാത്രം.
ആധുനിക ശാസ്ത്രംതന്നെ ചിലപ്പോള്‍ ഫാന്റസിയുടെ ലോകത്തിലേക്ക് കയറുന്നുവോ എന്ന് സംശയം തോന്നും. എന്നുവച്ചാല്‍ അത് അവാസ്തവമോ നുണയോ ആണെന്നല്ല. അതിനെ മനസ്സിലാക്കുവാന്‍ ഭാവനയുടെ ആവശ്യം വേണ്ടിവരുന്നു. ചരിത്രത്തിന്റെ കാര്യം പറയേണ്ടതില്ല. നമ്മുടെ മുന്നിലുള്ളത് ഫാക്റ്റ് തൊട്ട് ഫാന്റസി വരെയുള്ള ഒരു അരങ്ങാണ്. അതിനിടയില്‍ ഫിക്ഷന്‍ എവിടെയോ കടന്നുവരുന്നു. സത്യം എന്നതിന് വിപരീതമായി നാം നുണ എന്നു പറയുന്നു. എന്നാല്‍ ഫിക്ഷന്‍ സത്യത്തിന്റെ വിപരീതമല്ലതാനും. അത് വേറൊരു രൂപത്തിലുള്ള സത്യമാണ്. നോവല്‍ എന്ന വാക്കില്‍ത്തന്നെ പുതുമ അടങ്ങുന്നു. പുതുമ എന്നതാകട്ടെ അനന്തതയിലേക്ക് നീളുന്ന ഒന്നാണ്. ”ഓര്മ-യാത്ര- അവലോകനം- കഥ” എന്ന രൂപം എനിക്ക് പറയാനുള്ളത് പറയുവാന്‍ സൗകര്യമുള്ള ഒന്നായിത്തോന്നി. എനിക്ക് മുമ്പ് പലരും ഇത് ഉപയോഗിച്ചിട്ടുണ്ട്.
അരവിന്ദാക്ഷന്: ശരിയാണ്, ഞാന്‍ ഓര്‍ക്കുന്നു: ‘വിഭജനങ്ങ’ളുടെ പുറംചട്ടയിലെ ബ്ലര്‍ബ്: ”നോവല്‍ എന്ന് വിശേഷിപ്പിക്കുന്നുവെങ്കിലും ‘വിഭജനങ്ങള്‍’ ഓര്‍മകളുടെയും അവലോകനങ്ങളുടെയും യാത്രകളുടെയും ഫിക്ഷന്റെയും സങ്കലനമാണ്.” അതിലെ യാത്ര ഭൂതത്തിലേക്കും ഭാവിയിലേക്കും രാഷ്ട്രീയം, ചരിത്രം, കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, വാസ്തുശാസ്ത്രം, ഭൂമിശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം ഇങ്ങനെ പല തലങ്ങളിലൂടെയും നീങ്ങുന്നു. മറ്റ് നോവലുകളുടെയും സ്ഥിതി ഇതില്‍നിന്ന് വ്യത്യസ്തമല്ലെന്ന് തോന്നാറുണ്ട്. ഫ്രാന്‍സ് കാഫ്കയുടെ കാസില്‍, പീനല്‍ കോളനി എന്നിവയിലും ജര്‍മന്‍ എഴുത്തുകാരനായ ണ.ആ. ടലയമഹറ ന്റെ അൗേെലൃഹശ്വേ ലും ഇത്തരം അനുഭവങ്ങള്‍ വായിക്കാനിടയായിട്ടുണ്ട്.
നമുക്ക് ‘ആള്‍ക്കൂട്ടത്തി’ലേക്ക് വരാം. ബോംബെയിലെ വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്ഫോമുകളിലൊന്നില്‍ വന്നുനില്ക്കുന്ന വണ്ടി ദിവസങ്ങളോളം കുതിച്ചോടി പല ഭാഷ സംസാരിക്കുന്നവരെ, പല ദേശക്കാരെ, പല ഭാവിക്കാരെ പുറത്തുവിടുകയാണ്. ”ആ വണ്ടി ബഹിഷ്ക്കരിച്ച മനുഷ്യരെല്ലാം ഏതേത് വഴികളില്‍ക്കൂടി പോയി? ഏത് വാതില്ക്കല് മുട്ടി? എങ്ങെങ്ങ് ഒളിച്ചു? ആര്‍ക്കും അറിഞ്ഞു കൂടാ. കെട്ടിടങ്ങളും വാഹനങ്ങളും മനുഷ്യരുംകൊണ്ട് നിറഞ്ഞതെങ്കിലും, നഗരത്തിന്റെ ഇടുങ്ങിയ ഇടപ്പഴുതുകള് അവരെയെല്ലാം ഊര്‍ന്നിറങ്ങുവാന്‍ അനുവദിച്ചു. അവര്‍ നഗരത്തോട് ചേര്‍ന്നില്ലാതായി. പേരും മേല്‍വിലാസവും മായ്ച്ച്, മുഖമില്ലാത്ത ആള്‍ക്കൂട്ടം അവരെ അതിന്റെ വലയത്തിലും ലയത്തിലും അടക്കി.” ‘ആള്‍ക്കൂട്ട’ത്തിന്റെ തുടക്കം ഇങ്ങനെയാണെങ്കില്‍ ഒടുക്കം ഇങ്ങനെയാണ്: ”അയാള്‍ (സുനില്‍) കസേരയില്‍ നിന്ന് എണീറ്റു. മുറിക്ക് പുറത്തുകടന്നു. വാതില്‍ പുറകില്‍ ചാരി നടന്നു. കോണിപ്പടികള്‍ ഇറങ്ങിയപ്പോള്‍ അടികള്‍ക്കു വേഗംകൂടി. കബൂര്ഖാനയുടെ മുമ്പില്‍ വച്ച് അയാള്‍ ചെറിയ ആള്‍ക്കൂട്ടത്തില്‍ എത്തിച്ചേര്‍ന്ന് അതില്‍ മാഞ്ഞുപോയി.” സുനിലും രാധയും ലളിതയും പ്രേമും കുറുപ്പും കവിതയും ജോസഫും സുന്ദറും ആ ആള്ക്കൂട്ടത്തിലുണ്ടാകാം. ആള്‍ക്കൂട്ടം ഫാക്ടാകുമ്പോള് തന്നെ ഫാന്റസിയുമായിത്തീരുന്നു.
ആനന്ദ്: ആള്‍ക്കൂട്ടം- തുടങ്ങുന്നതും അവസാനിക്കുന്നതും. ദൃശ്യമായും അദൃശ്യമായും അത് എപ്പോഴും പിന്നില്‍ വര്‍ത്തിക്കുന്നുവെന്ന് പറയാം. എതിരാളിയായി, ഭയപ്പെടുത്തുന്നവനായി, അല്ലെങ്കില്‍ അഭയമായിത്തന്നെ. അതില്‍ നിന്നുള്ള സ്ഫുരണങ്ങളാണ് വ്യക്തികള്‍, വിജയിക്കുകയോ പരാജയപ്പെടുകയോ ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്യുന്നവര്‍. മുമ്പൊരിക്കല്‍ ഞാന്‍ പരാമര്‍ശിച്ചിട്ടുള്ള ”ഡൊംബിവിലി ഫാസ്റ്റ്” എന്ന നിശികാന്ത് കാമത്തിന്റെ മറാഠി സിനിമ ഓര്മ വരുന്നു. വൈകുന്നേരം വീട്ടിലെത്തുക എന്ന ലക്ഷ്യംവച്ച് എന്നും രാവിലെ പുറപ്പെടുകയും, രാവിലെ പുറപ്പെടാന്വേണ്ടി വൈകുന്നേരം വീട്ടിലെത്തുകയും ചെയ്യുന്ന ഡൊംബിവിലിക്കാരന് ബാങ്ക് ക്ലാര്‍ക്ക് മാധവ് ആപ്തെ ഒരുനാള്‍ പെട്ടെന്ന് പ്രതികരിക്കുവാന്‍ തുടങ്ങുന്നു. കുട്ടിയുടെ അഡ്മിഷന് പണം ചോദിച്ച സ്കൂള്‍ അധികാരികളോട് കയര്‍ത്തുകൊണ്ട് അയാളുടെ ദിവസം തുടങ്ങുന്നു. അതു കൊടുക്കുവാന്‍ ഉപദേശിച്ച ഭാര്യയോടും, പിന്നെ കൂള്ഡ്രിങ്ക്സിന് ഒരുരൂപ കൂടുതലെടുത്ത വില്‍പ്പനക്കാരനോടും പിന്നെ പോലീസുകാരനും രാഷ്ട്രീയക്കാരനുമടക്കം വഴിയില്‍ കണ്ട തെറ്റുചെയ്യുന്ന എല്ലാവരോടും വഴക്കിട്ടുകൊണ്ട് അയാള്‍ വഴിയിലൂടെ അലയുന്നു, വീട്ടില്‍ തിരിച്ചെത്താതെ, ദിവസങ്ങളോളം. മാധ്യമങ്ങളില്‍ അയാള്‍ വാര്‍ത്തയാകുന്നു. അസ്വാഭാവികമെങ്കിലും സ്വാഭാവികമായിരിക്കേണ്ടവിധം പെരുമാറിയ അയാളെ അവസാനം പോലീസ് ഒരു ലോക്കല്‍ വണ്ടിയില്‍ വച്ച് വളയുന്നു. പോലീസ് ഉദ്യോഗസ്ഥന് അറിഞ്ഞുകൂടാ, അയാളെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന്. എങ്കിലും അയാള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം പാലിക്കണം. അയാളും പോലീസ് ഉദ്യോഗസ്ഥനുമൊഴികെ എല്ലാവരും മുറിയില്‍നിന്ന് ഒഴിഞ്ഞുപോകുന്നു. ഒടുവില്‍ ഇരുവരും ഒരു സാധാരണ ബാങ്ക് ക്ലാര്‍ക്കും സാധാരണ പോലീസുകാരനും ആയിത്തീരുന്നു. ആപ്തെയുടെ അഭ്യര്‍ത്ഥന ഇത്രമാത്രമാണ്: മൂന്ന് ആള്‍ക്കുള്ള സീറ്റില്‍ നാലാമനായി ആണ് താനെന്നും യാത്ര ചെയ്തിരുന്നത്. ഇപ്പോള്‍ തന്നെ വിന്‍ഡോ സീറ്റിലിരിക്കാന്‍ അനുവദിക്കൂ!
അതിമനോഹരമായ ഒരു വാസ്തുശില്പമാണ് വി.ടി. സ്റ്റേഷന്. ദിവസേന അതിലൂടെ കടന്നുപോകുന്ന മുപ്പതുലക്ഷം മനുഷ്യര്‍ക്ക് അത് ഒരുപക്ഷേ, ഒരു വാതില്‍ മാത്രമാണ്. അവരിലൊരാളായിരുന്ന ഞാന്‍ അവരെ വേറെ വേറെയായി തിരിച്ചറിയുവാന്‍ ശ്രമിക്കുകയായിരുന്നു, അത്രമാത്രം.
അരവിന്ദാക്ഷന്: എഴുത്തുകാരനില്‍ പലതരത്തിലുള്ള സെന്‍സറിങ്ങുകള്‍ അയാള്‍/അവള് എഴുതാനിരിക്കുമ്പോള്‍ നടക്കുന്നുണ്ട്. ഒന്ന്, അബോധമായി അയാളുടെ ഉള്ളിലുള്ളതാണ്. മറ്റൊന്ന്, അയാള്‍ അറിഞ്ഞുകൊണ്ട് തന്നെ ഏര്‍പ്പെടുത്തുന്നതാണ്. സ്റ്റേറ്റ്, മതം, ജാതി, ലിംഗം, ദേശം എന്നീ സങ്കുചിതത്ത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സെന്‍സറിങ്ങും സ്വാധീനിച്ചേക്കാം. കുറെക്കൂടി സ്പഷ്ടമാക്കിയാല്‍ പലതരത്തിലുള്ള ഭയങ്ങള്‍… ഈ ഭയങ്ങള്‍ അനുഭവങ്ങളെ തുറന്നെഴുതുന്നതില്‍ എഴുത്തുകാരന് തടസ്സമാകാറുണ്ട്. മനുഷ്യാവസ്ഥകള്‍, അതെത്ര ഭയങ്കരമായാലും ക്രൂരമായാലും അപകടം പിടിച്ചതായാലും എഴുതുന്നതല്ലേ എഴുത്ത്. തന്റെ സ്വാതന്ത്ര്യത്തെ (ഭൗതികമായതും ബൗദ്ധികമായതും, ധാര്‍മികമായതും) ഹനിക്കുന്ന ഒന്നിനോടും അയാള്‍ക്ക് സമരസപ്പെടാന്‍ ആവില്ലല്ലോ. ആ സ്വാതന്ത്ര്യം തുറന്നിടുകയല്ലേ എഴുത്തുകാര്‍ ചെയ്യുന്നത്? ജീവിതാനുഭവങ്ങളുടെ നേരും വായനാനുഭവങ്ങളുടെ ഉണ്മയും സമന്വയിച്ചു വികസിക്കുന്നതല്ലേ എഴുത്ത്? എത്രത്തോളം അനുഭവങ്ങളെ നഗ്നമാക്കാനാകുമോ അത്രയും ഊര്‍ജം എഴുത്തില്‍ തെളിയില്ലേ? യാതൊരു തരത്തിലുള്ള സെന്‍സറിങ്ങും തീണ്ടാത്ത എഴുത്ത്…
ആനന്ദ്: വി.ടി. സ്റ്റേഷനെപ്പറ്റി പറഞ്ഞു നമ്മള്. ആളുകള്‍ തിങ്ങിത്തിരക്കുന്ന അതിന്റെ ചിത്രത്തിനുമേല്‍ ഞാന്‍ ചിലപ്പോള്‍ 2008 നവംബറിലെ ഒരു ദിവസത്തെ ചിത്രം ൗെുലൃ ശാുീലെ ചെയ്യാറുണ്ട്. ഭീകരവാദികളുടെ മെഷീന്‍ഗണ്ണിന്റെ തിരകളേറ്റ് തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന ശവശരീരങ്ങളുടേത്. അനുഭവങ്ങള്‍… സെന്‍സറിങ്ങുകള്‍… സിനിമയിലെ ആര്‍ട്ട് ഡയറക്ടര്‍ സൃഷ്ടിക്കുന്നതുപോലെ മാറി മാറി വരുന്ന സെറ്റുകള്‍. വര്‍ത്തമാനകാലത്തുതന്നെ, പശ്ചിമ-ഉത്തര ഏഷ്യയില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ ഒരുവന് വാച്ചിലെ സമയം റീ-സെറ്റ് ചെയ്യേണ്ടിവരുന്നു, ആയിരത്തിനാനൂറ് കൊല്ലം മുമ്പോട്ട്. രാജ്യം 75-ാം സ്വാതന്ത്ര്യദിനത്തിലെത്തി നില്‍ക്കുകയാണ്.