മരണമില്ലാത്തതുപോലെ – കെ.വി അഷ്ടമൂര്‍ത്തി

കടുത്ത ആരാധനയുണ്ടായിട്ടും എനിക്കു നേരിട്ടു കാണാന്‍ കഴിയാതെപോയ രണ്ട് വലിയ എഴുത്തുകാരാണ് ഒ. വി. വിജയനും മാധവിക്കുട്ടിയും. വിജയന്‍ ദില്ലിവാസിയായിരുന്നതുകൊണ്ട് കാണാനുള്ള അവസരം കുറവായിരുന്നു എന്നു പറയാമെങ്കിലും നാട്ടില്‍ സ്ഥിരതാമസമാക്കിയതിനു ശേഷവും ആ കണ്ടുമുട്ടല്‍ നടന്നില്ല. മാധവിക്കുട്ടിയാവട്ടെ ദീര്‍ഘകാലം ബോംബെയിലായിരുന്നു താമസം. അക്കാലത്തും പിന്നീട് കേരളത്തില്‍ താമസമാക്കിയപ്പോഴുമൊന്നും അതു സംഭവിച്ചില്ല.


മാധവിക്കുട്ടിയെ കണ്ടിട്ടില്ല എന്നു പറഞ്ഞാല്‍ അത് അസത്യമാവും. തൊണ്ണൂറുകളിലെന്നോ ഒരു പെണ്‍കൂട്ടായ്മയുടെ ഭാഗമായി തൃശ്ശൂരു വച്ചുനടന്ന ഒരു യോഗത്തില്‍ അവരെ അകലെനിന്നു കണ്ടിട്ടുണ്ട്. സദസ്സില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട്  സി.എസ്. ഗീതാലക്ഷ്മി (ഗീതാ സുരാജ്) പ്രസംഗിച്ചു തീര്‍ന്ന ഉടനെ കണ്ണീരോടെ അവരെ മുറുകെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചത് വലിയൊരു കാഴ്ചയായി ഇന്നും മനസ്സിലുണ്ട്.


എന്റെ കഥ


പ്രീ ഡിഗ്രിക്ക് പഠിയ്ക്കുന്ന കാലത്താണ് എന്റെ വായന മാധവിക്കുട്ടിയിലേക്കെത്തിയത്.  ലളിതവും സുഖപ്രദവുമായ പലേ വായനകളിലൂടെയും കടന്നേ മാധവിക്കുട്ടിയിലെത്താന്‍ പറ്റൂ.  വായന തുടങ്ങിയപ്പോഴാണ് അതുവരെ അനുഭവിക്കാത്ത ഒരു ലോകത്തേക്ക് എത്തിപ്പെട്ടത്.  ‘നുണക’ളും ‘നെയ്പ്പായസ’വും ‘കോലാ’ടും ‘കീറിപ്പൊളിഞ്ഞ ചകലാ’സ്സും ‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണ’വുമൊക്കെ പുതിയപുതിയ അനുഭവങ്ങളായി. ആ കഥകള്‍ കുറച്ചുകാലം അക്ഷരാര്‍ത്ഥത്തില്‍ കൂടെക്കൊണ്ടുനടന്നു.  ഒരു ദിവസം കോളേജില്‍നിന്നു മടങ്ങുമ്പോള്‍ ബസ്സിലിരുന്ന് ‘പക്ഷിയുടെ മണം’ നിവര്‍ത്തിയപ്പോള്‍ അടുത്തിരുന്ന മധ്യവയസ്‌ക്കന്‍ അതിലേക്ക് പാളിനോക്കി.  ”നീയെന്തിനാണ് ഇതൊക്കെ വായിക്കുന്നത്, ഈ കഥകള്‍ ലൈംഗിക അരാജകത്വത്തിന്റേതാണ്, നിന്നേപ്പോലുള്ള കുട്ടികളൊന്നും ഇത് ഒരിക്കലും വായിക്കാന്‍ പാടില്ല” എന്നൊക്കെ ഉച്ചത്തില്‍ പറഞ്ഞു.  അയാള്‍ ദേഷ്യംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.  അയാളുടെ ആരോഗ്യത്തെ കരുതി എനിക്കു പുസ്തകം അടച്ചുവയ്‌ക്കേണ്ടി വന്നു.  അന്നേക്ക് ‘എന്റെ കഥ’ വിവാദമുയര്‍ത്തിക്കഴിഞ്ഞിരുന്നു.


അദ്ദേഹം ഒരദ്ധ്യാപകനായിരുന്നു എന്ന് ഞാന്‍ പിന്നീടു മനസ്സിലാക്കി. ആ മനുഷ്യന്‍ പക്ഷേ,  ഒറ്റപ്പെട്ട ആളായിരുന്നില്ല എന്നും.  മാധവിക്കുട്ടിയെ പലര്‍ക്കും ദഹിച്ചിരുന്നില്ല.  ബോംബെയിലുള്ള കാലത്ത്  ഒരു കൂട്ടുകാരന്‍ പറഞ്ഞ കഥ ഇടയ്‌ക്കൊക്കെ ഓര്‍മിക്കാറുണ്ട്. അയാള്‍ രാവിലെ കൊളാബയിലെ ഒരു പെട്ടിക്കടയ്ക്കു മുമ്പില്‍ സിഗററ്റു വാങ്ങാന്‍ നില്‍ക്കുമ്പോള്‍ മാധവിക്കുട്ടി അവിടെ ബ്രെഡ് വാങ്ങാന്‍ ചെന്നുവത്രേ.  ആരാധനയോടെ അയാള്‍ അടുത്തുചെന്ന് മാധവിക്കുട്ടിയല്ലേ എന്നു ചോദിച്ചു.  പക്ഷേ, മറുപടി അയാളെ ഞെട്ടിച്ചുപോലും.  ”ഐ ഡോണ്‍ട് നോ യോര്‍ ബ്ലഡി ലാംഗ്വേജ്” എന്നായിരുന്നുവത്രേ മാധവിക്കുട്ടി പറഞ്ഞത്.  കൂട്ടുകാരനു ദേഷ്യം വന്നു. ”അതറിയാഞ്ഞിട്ടാണല്ലേ നിങ്ങള്‍ മലയാളത്തില്‍ത്തന്നെ ഈ തെറികളൊക്കെ എഴുതുന്നത്” എന്ന് തിരിച്ചടിച്ചുവത്രേ.  അയാളുടെ മനസ്സിലും ‘എന്റെ കഥ’യാവണം ഉണ്ടായിരുന്നത്. (നാലപ്പാട്ടെ കമലാദാസ് പെട്ടിക്കടയില്‍ ബ്രെഡ് വാങ്ങാന്‍ ചെല്ലുമോ എന്ന പ്രാഥമികമായ സംശയം എന്നില്‍ ഉദിച്ചുവെങ്കിലും ഞാനത് അയാളോടു ചോദിച്ചില്ല. ചിലപ്പോഴൊക്കെ കഥകളെഴുതുന്ന കൂട്ടത്തിലായിരുന്നു ആ കൂട്ടുകാരന്‍.)


മാധവിക്കുട്ടി എഴുതുന്നതെല്ലാം അശ്ലീലമാണെന്നു വിശ്വസിച്ച പലരും ഇവിടെ എന്നും ഉണ്ടായിരുന്നു.   അവരുടെ എഴുത്തിനേക്കാളും ആ വ്യക്തിയായിരുന്നു വിവാദത്തിനു നിദാനം.   ”ബാലാമണിയമ്മയ്ക്ക് ഇങ്ങനെയൊരു മകളോ” എന്ന് അത്ഭുതം കൊണ്ടിരുന്നവര്‍ അര്‍ത്ഥമാക്കിയത് മറ്റൊന്നുമായിരുന്നില്ല. കഥയിലെഴുതുന്നതെല്ലാം സ്വന്തം ജീവിതമാണെന്ന് വെറുതെ വിശ്വസിച്ച് അവരെ വെറുക്കാന്‍ കാരണമുണ്ടാക്കുകയായിരുന്നു അവര്‍. കഥ വായിക്കാത്തവരായിരുന്നു അവരില്‍ അധികവും.  മാധവിക്കുട്ടിയാണെങ്കില്‍ ആ വിവാദങ്ങളെല്ലാം ആസ്വദിച്ചിരുന്നുവെന്നു തോന്നുന്നു.  അതുകൊണ്ട് വാര്‍ത്തകളില്‍ അവര്‍ നിരന്തരം നിറഞ്ഞുനിന്നു.  ബോംബെയില്‍ താമസിക്കുന്ന കാലത്തും കേരളത്തിലേക്കു തിരിച്ചുവന്നപ്പോഴും തിരഞ്ഞെടുപ്പിനു മത്സരിച്ചപ്പോഴും മതം മാറിയപ്പോഴും പൂണെയിലേക്കു താമസം മാറ്റിയപ്പോഴും ഒക്കെ. മാധ്യമങ്ങള്‍ ഇഷ്ടമായിരുന്നു മാധവിക്കുട്ടിക്ക്.  തിരിച്ച് മാധവിക്കുട്ടിയെ പ്രിയമായിരുന്നു മാധ്യമങ്ങള്‍ക്കും. നിഷ്‌ക്കളങ്കമെന്നു തോന്നിക്കുന്ന അവരുടെ വാക്കുകളിലെ ചേര്‍ച്ചക്കേടുകളായിരുന്നു അവരെ എപ്പോഴും വിവാദങ്ങളിലേക്കു തള്ളിയിട്ടത്.  വീടും പുരയിടവും കേരളസാഹിത്യഅക്കാദമിക്കു സംഭാവന ചെയ്യാന്‍ തുനിഞ്ഞ സമയത്ത് അക്കാദമി അതിനു മുഖം തിരിഞ്ഞുനിന്നപ്പോഴും പിന്നീട് അത് ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോഴും ഒക്കെ അതു വാര്‍ത്തകളില്‍ നിറഞ്ഞു.


വിരുദ്ധഭാവങ്ങള്‍ മാധവിക്കുട്ടിയില്‍ സഹജമായിരുന്നു.  വേഷം കെട്ടിയിരിക്കുമ്പോഴും പുന്നയൂര്‍ക്കുളത്തു പൊന്തിവരുന്ന ബ്യൂട്ടി പാര്‍ലറുകളെ നിന്ദിക്കും. ഏറ്റുപോയ പരിപാടിക്ക് വിളിക്കാന്‍ ചെല്ലുമ്പോള്‍ നിര്‍ദയം തിരിച്ചയയ്ക്കും. കേട്ടകഥകള്‍ നിരവധിയാണ്. അടുത്ത നിമിഷം എന്തു പറയും എന്ന് അവര്‍ക്കുപോലും തിട്ടമില്ലാത്തതുപോലെ.  സര്‍ഗാത്മകതയുടെ ഔന്നത്യത്തിലുള്ള എഴുത്തുകാരിയുടെ സ്വാഭാവികമായ ദ്വന്ദ്വങ്ങളായിരുന്നു അതൊക്കെ.


ഒരെഴുത്തുകാരി എന്നതിനപ്പുറം ആരായിരുന്നു മാധവിക്കുട്ടി?  പലേ വിഷയങ്ങളിലും അവര്‍ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞിരുന്നുവെങ്കിലും ഒരു പൊതുപ്രശ്‌നത്തിലും അവര്‍ ഇടപെട്ടതായി അറിവില്ല.  ബോംബെയില്‍ എണ്‍പതുകളുടെ തുടക്കത്തില്‍ സൗന്ദര്യവല്‍ക്കരണമെന്ന പേരില്‍ ചേരിപ്രദേശമായ ധാരാവിയിലെ കുറേ കുടുംബങ്ങളെ കുടിയൊഴിക്കുകയുണ്ടായി. അപ്പോഴേക്കും കേരളത്തില്‍ താമസമാക്കിക്കഴിഞ്ഞിരുന്ന മാധവിക്കുട്ടി അതിനെതിരെ ബോംബെയിലെ ഒരിംഗ്ലീഷ് പത്രത്തില്‍ ലേഖനമെഴുതി.  താനിപ്പോഴും ബോംബെയിലുണ്ടായിരുന്നെങ്കില്‍ തന്റെ മക്കളുടെ ഹോക്കിസ്റ്റിക്കും ഓങ്ങിച്ചെന്ന് മുഖ്യമന്ത്രി ആന്തുലെയെ ആട്ടിയോടിക്കുമായിരുന്നു എന്നായിരുന്നു ആ ലേഖനം.  അത് ഒരിക്കലും ഒരു ആക്റ്റിവിസ്റ്റിന്റെ കുപ്പായമണിയാത്ത മാധവിക്കുട്ടിയുടെ വെറുമൊരു വീമ്പു പറച്ചിലായി തോന്നി എനിക്ക്.  പോരെങ്കില്‍ പത്രപ്രവര്‍ത്തനപരിശീലനത്തിന്റെ ലഹരിയിലായിരുന്നു ഞാന്‍ അക്കാലത്ത്. ആ പത്രത്തില്‍ത്തന്നെ വായനക്കാരുടെ കത്തുകളില്‍ ‘During her stay in Bombay for over two decades she had not come out against any atrocities even with a table tennis racket, much less than a hockey stick’ എന്ന് ചെറിയ ഒരു കുറിപ്പെഴുതി അരിശം തീര്‍ത്തു. അതു വേണ്ടിയിരുന്നില്ല എന്ന് പിന്നീടു തോന്നി.  ആന്തുലെയെ ആട്ടിയോടിക്കണമെന്ന് അവര്‍ ശരിക്കും ആഗ്രഹിച്ചിട്ടുണ്ടാവാം. ഉച്ചരിക്കുന്ന നിമിഷത്തിലെങ്കിലും അവരുടെ വാക്കുകള്‍ കപടമായിരുന്നില്ല.  എല്ലാ അഭിമുഖങ്ങളിലും അതു കാണാം.  അവരെഴുതിയ വാക്കുകളേപ്പോലെത്തന്നെ. അവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യേണ്ടിയിരുന്നില്ല.


ബോംബെയിലായിരിക്കുമ്പോള്‍ എം.പി. നാരായണപിള്ളയുടേയും മാനസിയുടേയും സൊറകളില്‍ എപ്പോഴും മാധവിക്കുട്ടിയുണ്ടായിരുന്നു.  നാട്ടിലെത്തിയപ്പോള്‍ സാറാട്ടീച്ചറുടേയും ഗ്രേസിയുടേയും പ്രിയ എ.എസ്സിന്റേയും വര്‍ത്തമാനങ്ങളില്‍ മാധവിക്കുട്ടി പലപ്പോഴും വിവിധ വര്‍ണങ്ങളില്‍ ഇടംപിടിച്ചു.  പക്ഷേ, മാധവിക്കുട്ടിയെ ഒരിക്കലും നേരിട്ടുകാണാന്‍ എനിക്ക് അവസരമുണ്ടായില്ല.  ബോംബെയില്‍ താമസിക്കുന്ന കാലത്ത് ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല ചെന്നുകാണാന്‍. സാംസ്‌കാരികരംഗത്ത് നിറഞ്ഞുനിന്നിരുന്ന എന്റെ കൂട്ടുകാരില്‍ പലരും മാധവിക്കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. അവര്‍ മാധവിക്കുട്ടിയുടെ കൊളാബയിലുള്ള ഫ്‌ളാറ്റില്‍ പോവാറുണ്ടായിരുന്നു. കൂടെപ്പോയാല്‍ മതിയായിരുന്നു. പിന്നീട് അവര്‍ കേരളത്തിലെത്തി.  കേരളത്തില്‍വച്ചും അതു സംഭവിച്ചില്ല. ആരാധനമൂത്തുനില്‍ക്കുന്ന എന്റെ മകള്‍ പലവട്ടം ചോദിച്ചിരുന്നു:  ”അച്ഛാ, നമുക്ക് മാധവിക്കുട്ടിയെ കാണാന്‍ പോണ്ടേ?”  വേണമെന്നുണ്ടായിരുന്നു.  ഒടുവില്‍ അവര്‍  പൂണെയ്ക്കു താമസം മാറ്റിയപ്പോള്‍ ആ മോഹം എന്നെന്നേക്കുമായി അവസാനിച്ചു.


നേരിട്ടു കാണാത്ത മാധവിക്കുട്ടിക്ക് പക്ഷേ, എന്റെ എഴുത്തുജീവിതത്തില്‍ ഒരു പ്രത്യേകസ്ഥാനമുണ്ട്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ഏറെക്കുറെ എന്റെ എഴുത്ത് നിലച്ചുപോയിരുന്നു. Writers’ block എന്നൊക്കെ വലിയ വായില്‍ പറയാമെന്നു മാത്രം. കഥ മനസ്സില്‍ വറ്റിപ്പോയ കാലമായിരുന്നു അത്. അതിന്റെ കാരണങ്ങളില്‍ പ്രധാനം എഴുത്തില്‍ ഞാന്‍ സ്വയം അനുകരിക്കാന്‍ തുടങ്ങിയോ എന്ന സംശയമായിരുന്നു.