അടിമുടി വൈരുദ്ധ്യം നിറഞ്ഞ പദ്ധതി – എസ്. രാജീവന്‍, സമരസമിതി കണ്‍വീനര്‍
തുടര്‍ച്ചയായ മഴമൂലം ഉരുള്‍പൊട്ടലും പ്രളയക്കെടുതികളുമായി ദുരിത ജീവിതം നയിക്കുകയാണ് നമ്മുടെ നാട്. അടിക്കടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട് പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലും സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് ജനങ്ങളെ സഹായിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍, ലക്ഷക്കണക്കിന് കോടി രൂപ വായ്പയെടുത്ത് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കഠിനശ്രമത്തിലാണ്. വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ടവരും പ്രകൃതിക്ഷോഭങ്ങള്‍ അനാഥരാക്കിയവരും പുനരധിവാസം കാത്തിരിക്കുമ്പോഴാണ് ഒരു ലക്ഷത്തിലേറെ ജനങ്ങളെ കുടിയിറക്കിയും ജീവനോപാധികള്‍ ഇല്ലാതാക്കിയും വികസനം കൊണ്ടുവരുമെന്ന് പറയുന്നത്.
എല്ലാവര്‍ഷവും കരകവിഞ്ഞൊഴുകുന്ന നദികളുള്ള കേരളത്തിന്റെ മദ്ധ്യത്തിലൂടെ 293 കിലോമീറ്റര്‍ നീളത്തില്‍ 12.5 മീറ്റര്‍ വരെ ഉയരത്തില്‍ 25 മീറ്റര്‍ വീതിയില്‍ ചിറ കെട്ടുകവഴി ജനങ്ങള്‍ക്ക് സഞ്ചാരത്തിനായി നിര്‍മിക്കുന്ന അടിപ്പാതകള്‍ കുത്തൊഴുക്കുള്ള തോടുകളായി മാറുകയും റെയിലിനു കിഴക്ക് ഭാഗത്ത് ദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാതെ വരുകയും ചെയ്യും.
126 കിലോമീറ്റര്‍ നീളത്തില്‍ 25 മീറ്റര്‍ വീതിയില്‍ മലകള്‍ മണ്ണുമാറ്റി പാതകള്‍ പണിയുന്നത് ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ക്കിടയാക്കും. 135 കിലോമീറ്റര്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കപ്പെടും. ഇതിന്റെ നിര്‍മിതിക്കായി പശ്ചിമഘട്ടമാകെ തകര്‍ക്കേണ്ടിവരും.
64,000 കോടി രൂപ എന്ന സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയ പദ്ധതിച്ചെലവ് 2018ല്‍ തന്നെ തിരുത്തി 1,26,000 കോടി രൂപ എന്ന് നീതി ആയോഗ് പറഞ്ഞിരുന്നു. മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ നീതി ആയോഗിന്റെ പുതുക്കിയ കണക്കനുസരിച്ച് 2,10,000 കോടിയായി വര്‍ധിച്ചിരിക്കുന്നു.